Prabodhanm Weekly

Pages

Search

2020 ജനുവരി 17

3135

1441 ജമാദുല്‍ അവ്വല്‍ 21

സമരമുഖത്തെ മുസ്‌ലിം സ്ത്രീ പാഠവും പ്രതീക്ഷയും

ബാസിമ മുഹമ്മദ്

സംഘ് പരിവാര്‍ നിര്‍മിച്ചു വെച്ചിട്ടുള്ള ഭയത്തിന്റെ മതിലുകള്‍ ഭേദിച്ച് എന്‍.ആര്‍.സി- സി.എ.എ വിരുദ്ധ സമരങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ കത്തിപ്പടരുകയാണ്. ഒരു ജനാധിപത്യ പ്രക്ഷോഭം എങ്ങനെയായിരിക്കണമെന്ന സാമ്പ്രദായിക ബോധ്യങ്ങളെ തകിടം മറിച്ചുകൊണ്ടാണ് ഈ സമരങ്ങള്‍ മുന്നോട്ടു പോവുന്നത്. മുന്‍കാല ചരിത്രത്തില്‍നിന്ന് ഭിന്നമായി കേവല പ്രാതിനിധ്യത്തിനപ്പുറം സമരത്തിന്റെ നായകത്വം ഹിജാബ്ധാരികളായ മുസ്‌ലിം സ്ത്രീകള്‍ ഏറ്റെടുക്കുന്നതും കാണാനുണ്ടായിരുന്നു. 
അലീഗഢില്‍നിന്ന് തുടങ്ങി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥിനി പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തെ ഒന്നാകെ സമരച്ചൂളയിലേക്കെടുത്തെറിഞ്ഞ ഈ സമരത്തിന്റെ കേന്ദ്രം ഇപ്പോള്‍ ദക്ഷിണ ദല്‍ഹിയില്‍ ജാമിഅക്കടുത്ത ശാഹിന്‍ബാഗെന്ന മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. അപരിഷ്‌കൃതരായ, നിരക്ഷരരായ, ആധുനികതയോട് പുറം തിരിഞ്ഞുനില്‍ക്കുന്നവരായ, പുരോഗമന-ജനാധിപത്യ ആശയങ്ങളിലേക്ക് മെരുക്കപ്പെടേണ്ട ഒരു വിഭാഗമായാണ് മുഖ്യധാരാ അക്കാദമിക-സിനിമാ-സാഹിത്യ വ്യവഹാരങ്ങളില്‍ നിരന്തരം മുസ്‌ലിം ഗെറ്റോകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. മതഭ്രാന്ത്, അതിവൈകാരികത, മിനി പാകിസ്താന്‍, ബിലാല്‍ കോളനി, മലപ്പുറം കത്തി തുടങ്ങിയ 'റെട്ടറിക്കു'കളിലൂടെ നിയന്ത്രണ വിധേയമല്ലാത്ത ജനസമൂഹമായി മുദ്രകുത്തപ്പെട്ടവരാണ് ജനാധിപത്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. കൊടും ശൈത്യത്തെ പോലും അവഗണിച്ച് 90 വയസ്സിനു മുകളില്‍ പ്രായമുള്ള അസ്മ ഖാത്തൂന്‍ മുതല്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുവരെ സമരപ്പന്തലിലാണ്. അവിടത്തെ സമരം നയിച്ചുകൊണ്ടിരിക്കുന്നത് സാധാരണക്കാരായ വീട്ടമ്മമാരാണ്. അവര്‍ സ്വപ്‌നം കാണുന്നതാവട്ടെ തങ്ങളുടെ കുഞ്ഞുങ്ങള്‍ ആസാദിയുടെയും ഇങ്ക്വിലാബിന്റെയും വക്താക്കളാവുന്നതും.
ശാഹിന്‍ ബാഗിലെ സമരപ്പന്തലിലെ ഉമ്മൂമ്മമാര്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമങ്ങള്‍ പറഞ്ഞുതരും. അവരെ സമരത്തിലേക്കിറക്കിയത് ഈ സംഭവങ്ങളാണ്. ശാഹിന്‍ ബാഗിനെ മാത്രമല്ല, രാജ്യത്തെയൊട്ടാകെ സമര രംഗത്തേക്കിറക്കിയത് ജാമിഅ ഗേള്‍സ് ഹോസ്റ്റലില്‍നിന്ന് ഡിസംബര്‍ 12-ന് ആരംഭിച്ച പ്രതിഷേധ പരിപാടികളായിരുന്നു. അതിനു നേതൃപരമായ പങ്കുവഹിച്ചത് ചന്ദ യാദവ്, മലയാളികളായ ലദീദ ഫര്‍സാന, ആഇശ റെന്ന, സി.എ ഫാഇസ തുടങ്ങിയവരായിരുന്നു. റാനിയ സുലൈഖ, കൈക്കുഞ്ഞുമായി പ്രക്ഷോഭത്തിനിറങ്ങിയ ജാമിഅയിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി സുഹ്‌റ ഹസകന്‍ തുടങ്ങിയവരും പിന്നീട് സമരത്തിന്റെ മുഖങ്ങളായി മാറി. ഉപാധികളില്ലാതെ മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ കര്‍തൃത്വത്തോട് ഐക്യപ്പെട്ട് ലദീദയെയും റെന്നയെയും പുതിയ ഇന്ത്യയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അനിഷേധ്യമായ പങ്കുവഹിച്ചത് അസദുദ്ദീന്‍ ഉവൈസിയും ചന്ദ്രശേഖര്‍ ആസാദും ജിഗ്‌നേഷ് മേവാനിയുമാണ്.
അദൃശ്യമാക്കാന്‍ കഴിയാത്ത വിധം തങ്ങളുടെ വിശ്വാസപരവും രാഷ്ട്രീയപരവുമായ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതുകൊണ്ടു തന്നെ ഈ പെണ്‍കുട്ടികള്‍ക്ക് ഒരേസമയം ഭരണകൂട ഹിംസക്കും മതേതര ലിബറല്‍ വിചാരണകള്‍ക്കും വിധേയമാവേണ്ടിവന്നു.

വസ്ത്രത്താല്‍ തിരിച്ചറിയപ്പെടുന്ന പോരാളി

സമാധാനപരമായി, ജനാധിപത്യപരമായി നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് അതിക്രമ പരിവേഷം നല്‍കി അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. യൂനിവേഴ്‌സിറ്റിക്കുള്ളില്‍ കടന്ന് റീഡിംഗ് റൂമിലും ഹോസ്റ്റലുകളില്‍ പോലും യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ് ചെയ്തത്. പ്രക്ഷോഭകാരികളെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിറക്കി. ജാമിഅയില്‍ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടികളെ കശ്മീരിലെ സൈന്യത്തിനു നേരെ കല്ലെറിയുന്ന പെണ്‍കുട്ടിയോടുപമിച്ചും രാജ്യമൊട്ടാകെ അലയടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ വെള്ളിയാഴ്ച സമരമാക്കി ചിത്രീകരിച്ചും ഇതൊക്കെ കേവല പ്രകടനങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എളുപ്പത്തില്‍ തീവ്രവാദവത്കരിക്കാന്‍ കഴിയുംവിധം പാകപ്പെടുത്തി വെച്ചിരിക്കുന്ന മുസ്‌ലിം സ്വത്വത്തെ അതിനേക്കാള്‍ എളുപ്പം ആക്രമിച്ചു കീഴൊതുക്കാവുന്ന കശ്മീര്‍ സ്വത്വവുമായി ചേര്‍ത്തുകെട്ടി മുസ്‌ലിംകള്‍ ദേശവിരുദ്ധരാണെന്ന സ്ഥിരം ആയുധമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ സമരത്തിന്റെ ഐക്കണുകളായി മാറിയ ലദീദയെയും റെന്നയെയും അവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് തെറ്റായ വ്യാഖ്യാനം പടച്ചുവിട്ട് സൈബര്‍ ലിഞ്ചിംഗ് നടത്തുകയായിരുന്നല്ലോ സംഘ് പരിവാര്‍ ഐ.ടി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മുമ്പത്തേക്കാള്‍ ഭരണകൂടത്തിനെതിരിലുള്ള പോരാട്ടങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. കൂട്ട ബലാത്സംഗങ്ങളും കാണാതാവലുകളും രാഷ്ട്രീയ ആയുധമായി സ്ഥാപനവത്കരിക്കപ്പെട്ടുകഴിഞ്ഞ കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് ഏറ്റവും വലിയ വില നല്‍കിയതും അവിടത്തെ സ്ത്രീകളാണ്. എന്നിരിക്കിലും ആ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ത്രീകളും പറയുന്നത് ഭരണകൂട ഹിംസകളെ തങ്ങള്‍ ഭയക്കുന്നില്ല എന്നാണ്. സുഡാനിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ മുഖമായി മാറിയ നുബിയന്‍ ജീനിനേക്കാളും അറബ് വസന്തത്തിനു നേതൃപരമായ പങ്കുവഹിച്ച സ്ത്രീകളേക്കാളും ജാമിഅയിലെ വിദ്യാര്‍ഥികളെ സാദൃശ്യപ്പെടുത്തേണ്ടത് കശ്മീരിലെ പെണ്‍പോരാളികളുമായാണ്.

മുസ്‌ലിം ദൃശ്യതയും ഇടത് മതേതര ലിബറല്‍ പ്രതിസന്ധികളും

ഇസ്‌ലാമിന്റെ അടിസ്ഥാന ഭാവം ഹിംസയാണെന്നാണ് ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങള്‍. 9/11-നു ശേഷമുണ്ടായ പാശ്ചാത്യ ആഖ്യാനങ്ങള്‍ നിലവിലുള്ള ഓറിയന്റലിസ്റ്റ് വാദങ്ങളെ പുതുക്കി ഇസ്‌ലാമിനെ രണ്ടായി തിരിക്കുന്നുണ്ടെന്ന് മഹ്മൂദ് മംദാനി തന്റെ Good Muslim Bad Muslim എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന, ഹിംസയുടെ വക്താക്കളായിട്ടുള്ള 'വഹാബി' ഇസ്‌ലാമും രാഷ്ട്രീയേതര ഇസ്‌ലാമിനെ പിന്‍പറ്റുന്ന 'യഥാര്‍ഥ' ഇസ്‌ലാമും. ഒന്നാമത്തെ കൂട്ടരെ  'ചീത്ത മുസ്‌ലിംകള്‍' ആയും രണ്ടാമത്തെ കൂട്ടരെ 'നല്ല മുസ്‌ലിംകള്‍' ആയും കാണുന്നു. ഈ പാശ്ചാത്യ വിഭാവനകള്‍ക്കൊത്താണ് ഇടത് മതേതര ചേരി എന്‍.ആര്‍.സി-സി.എ.എ പ്രക്ഷോഭകാരികളെ വിഭജിക്കുന്നത്. ആദ്യത്തേത് സമരങ്ങളില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' മുദ്രാവാക്യം വിളിക്കുന്ന, 'സെക്യുലര്‍ ഫാബ്രിക്കി'ന് വിഘാതം സൃഷ്ടിക്കുന്ന ചീത്ത പ്രക്ഷോഭകാരികളും രണ്ടാമത്തേത് ലാ ഇലാഹ ഇല്ലല്ലാഹ് വിളിക്കാത്ത മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന നല്ല പ്രക്ഷോഭകാരികളും!
സംഘ് പരിവാറിനു സമാനമായി, ഒന്നാമത്തെ വിഭാഗത്തെ ഭീകരവാദികളാകാന്‍ സാധ്യതയുള്ളവരുടെ ഗണത്തില്‍ പെടുത്തി മാറ്റിനിര്‍ത്തുകയും രണ്ടാമത്തെ വിഭാഗത്തെ മാത്രമേ തങ്ങള്‍ സമരം ചെയ്യാന്‍ കൂടെ കൂട്ടുകയുള്ളൂ എന്ന് വ്യവസ്ഥ വെക്കുകയുമാണ് ഇടതുപക്ഷം ഈ വിഷയത്തിലും ചെയ്തത്.
മുസ്‌ലിം സ്ത്രീയെ ബാനര്‍ പിടിക്കാനും നിസ്‌കാരക്കുപ്പായം സമ്മാനിക്കാനും അണിനിരത്താം എന്നതില്‍ കവിഞ്ഞ്, സ്വന്തമായി രാഷ്ട്രീയ നിലപാടുകളുള്ള മുസ്‌ലിം സ്ത്രീകള്‍ ഇടതുപക്ഷത്തിനിപ്പോഴും 'വിഷജന്തുക്കള്‍' മാത്രമാണ്. മുസ്‌ലിം സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൈയേറ്റം ചെയ്ത് ആള്‍ക്കൂട്ട വിചാരണ നടത്തിയതിനെ നാട്ടുഭാഷാ പ്രയോഗമാക്കി ചുരുക്കുന്നതിലെ ഇടതുപക്ഷ ഫെമിനിസ്റ്റുകളുടെ ഇരട്ടത്താപ്പും വിമര്‍ശിക്കപ്പെടേണ്ടതാണ്. മുസ്‌ലിം സ്ത്രീ ഇസ്‌ലാമിനെതിരിലോ അല്ലെങ്കില്‍ മുസ്‌ലിം പുരുഷനെതിരിലോ സംസാരിക്കുന്നില്ലെങ്കില്‍ അവളുടെ കര്‍തൃത്വത്തെ വരെ അംഗീകരിക്കാത്ത ലിബറല്‍ ഫെമിനിസ്റ്റ് നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് സബാ മഹ്മൂദ് തന്റെ Politics of Piety എന്ന ഗ്രന്ഥത്തില്‍. മത സഹിതരായ സ്ത്രീകളുടെ വിശ്വാസത്തെയും രാഷ്ട്രീയത്തെയും 'തെറ്റിയ ബോധ' (False Consciousenss) മായാണ് ലിബറല്‍ ഫെമിനിസം പരിഗണിച്ചിട്ടുള്ളത്. സ്ത്രീകളുടെ കര്‍തൃത്വത്തെ പ്രതിരോധ (Resistance) വുമായി ബന്ധിപ്പിച്ചു കാണുന്നതിനാലാണ് വിശ്വാസിനികളുടെ തെരഞ്ഞെടുപ്പുകള്‍ സൈദ്ധാന്തികവത്കരിക്കുന്നതില്‍ ലിബറല്‍ ഫെമിനിസം പരാജയപ്പെടുന്നത് എന്നാണ് സബാ വാദിക്കുന്നത്.
മുസ്‌ലിം സ്ത്രീകളെ പുരുഷാധിപത്യ ഇസ്‌ലാമില്‍നിന്ന് വിമോചിപ്പിക്കേണ്ട രക്ഷക ദൗത്യം സ്വയം ഏറ്റെടുത്തിട്ടുള്ള സെക്യുലര്‍ ലിബറലുകള്‍ക്ക് ഹിജാബ്ധാരികളായ മുസ്‌ലിം സ്ത്രീകള്‍ ജനാധിപത്യ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അസഹനീയമാവുന്നതും ഇതുകൊണ്ടാണ്. മാത്രവുമല്ല വിദ്യാര്‍ഥി നേതാക്കളുടെ രാഷ്ട്രീയവും പ്രഫഷനും ചികഞ്ഞ്, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ത്രീ വാര്‍പ്പുമാതൃകകളില്‍ കുടുങ്ങി മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായി കണ്ട് വിലകുറച്ചു കാണിക്കാന്‍ പോലും മതേതര ലിബറലുകള്‍ മടി കാണിച്ചില്ല.
ജാമിഅയിലെയും അലീഗഢിലെയും വിദ്യാര്‍ഥികള്‍ക്കെതിരിലുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന ജന്തര്‍ മന്തര്‍ സമരം, ഹിജാബ്ധാരികളായ പ്രക്ഷോഭകാരികളെയും അവരുടെ മുദ്രാവാക്യങ്ങളെയും ഹൈജാക്ക് ചെയ്യുക എന്നതു കൂടി ലക്ഷ്യം വെച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ്, 'ഞാന്‍ ചരിത്രം രചിക്കുകയാണ്' എന്ന പ്ലക്കാര്‍ഡ് പിടിച്ച, അക്രമികളായ പോലീസിന് റോസാപ്പൂ നല്‍കി പ്രതിഷേധിക്കുന്ന, പ്രത്യക്ഷത്തില്‍ 'സെക്യുലര്‍ മോഡേണ്‍' ആയ ആ പെണ്‍കുട്ടി അന്നത്തെ 'ജന്തര്‍ മന്തര്‍ സര്‍ക്കസി'നു (കടപ്പാട്: പ്രഫ. ജന്നി റൊവിന) ശേഷം പോസ്റ്റര്‍ ഗേള്‍ ആയി മാറിയതും.
പോലീസ് പൈശാചികത അനുഭവിക്കേണ്ടിവന്ന, പോലീസിനു നേരെ വിരല്‍ ചൂണ്ടി ഗോ ബാക്ക് വിളിച്ച റെന്നക്കും ലദീദക്കും ഒപ്പമായോ അതുമല്ലെങ്കില്‍ അവര്‍ക്കും മുകളിലായോ ഒറ്റ ദിവസത്തെ റോസാപ്പൂ പ്രക്ഷോഭകാരി ആഘോഷിക്കപ്പെടുന്നതിന്റെ പിറകിലും തങ്ങളുടെ വിപ്ലവ കാല്‍പനികതകള്‍ ഒളിച്ചു കടത്തുക എന്ന ലിബറല്‍ തന്ത്രമുണ്ട്. അടക്കവും ഒതുക്കവുമുള്ള മൃദുഭാഷികളായാണ് സ്ത്രീകള്‍ സമരരംഗത്തു പോലും ഇറങ്ങേണ്ടതെന്ന ആണ്‍ബോധവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോട്ടെ ലോംഗ് മാര്‍ച്ചിന്റെ സംഘാടകരില്‍ ചിലര്‍ക്ക് പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നതും മുസ്‌ലിം സ്ത്രീയെ മതേതരത്വം പഠിപ്പിക്കാനിറങ്ങിയ പുരോഗമന ലിബറല്‍ ധാര്‍ഷ്ട്യങ്ങള്‍ തന്നെയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടേണ്ടത് ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ല എന്നതാണ് ലിബറലുകളടക്കമുള്ളവര്‍ വാദിക്കുന്നത്. മുസ്‌ലിംകളുടെ ജൈവിക മുദ്രാവാക്യങ്ങള്‍ വര്‍ഗീയമാണെന്ന് ആരോപിക്കുന്നത് ഇസ്‌ലാമോഫോബിയയാണെന്ന് ലദീദയും റെന്നയും റാനിയയുമടക്കമുള്ളവര്‍ വീണ്ടും വീണ്ടും തിരുത്തുമ്പോഴും ഇത്തരം മുദ്രാവാക്യങ്ങള്‍ മതേതര ചേരിയെ ദുര്‍ബലമാക്കുമെന്ന പതിവ് ന്യായമാണ് ഉന്നയിക്കപ്പെട്ടത്. മുസ്‌ലിമിന് സ്വന്തം മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത മതേതരത്വത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന വിമര്‍ശനത്തെ മതേതര വിരുദ്ധതയായി പ്രചരിപ്പിക്കുന്നതില്‍ സംഘ് പരിവാറിനോട് കടുത്ത മത്സരം കാഴ്ചവെക്കാനും ഇടതു മതേതര ലിബറല്‍ പക്ഷത്തിനായി.
എന്നാല്‍ ഈ നിര്‍ണായക ഘട്ടത്തില്‍ പോലും, ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന യഥാര്‍ഥ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ തയാറില്ലാത്ത ഈ പക്ഷത്തോടുള്ള കൃത്യമായി വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെ സമര വേദികള്‍ പങ്കിടുന്ന പക്വമായ നിലപാടാണ് മുസ്‌ലിം വിദ്യാര്‍ഥിനി നേതാക്കള്‍ സ്വീകരിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ടതാണ്.

 

ഇസ്‌ലാം, മുസ്‌ലിം സ്ത്രീ, പോരാട്ടങ്ങള്‍

വിശ്വാസത്താല്‍ പ്രചോദിതമായി പോരാട്ടങ്ങളില്‍ സജീവമാകുന്ന മുസ്‌ലിം സ്ത്രീകളെ ഇസ്‌ലാമിക ചരിത്ര ആഖ്യാനങ്ങളിലെന്ന പോലെ സമീപകാല സമരങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ തങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളിലെ ജീര്‍ണിച്ച ആണ്‍കോയ്മാബോധങ്ങള്‍ക്കാണ്, സ്ത്രീകളെക്കുറിച്ച് വിപ്ലവകരമായ ഇസ്‌ലാമിക പരികല്‍പനകളേക്കാള്‍ മുസ്‌ലിം സമൂഹങ്ങള്‍ മിക്കപ്പോഴും പ്രാധാന്യം കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ക്കു പോലും ശക്തമായ രീതിയില്‍ ഇതിനെ ചെറുക്കാനാവുന്നില്ല എന്നതാണ് ദുഃഖകരം.
മനസ്സാന്നിധ്യം കൊണ്ട്, ബുദ്ധി വൈഭവം കൊണ്ട്, സമ്പത്ത് കൊണ്ട്, പോരാട്ടങ്ങള്‍ കൊണ്ട് ഇസ്‌ലാമിനു കരുത്തായി മാറിയ ഒട്ടേറെ സ്ത്രീ രത്‌നങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിത്വം കുറിച്ചുകൊണ്ട് പെണ്‍പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത് സുമയ്യ(റ)യാണ്.
ഉഹുദ് യുദ്ധത്തില്‍ പ്രവാചകന് ഒരു പോറലുമേല്‍ക്കാതിരിക്കാന്‍ പ്രവാചകനു ചുറ്റും പ്രതിരോധം തീര്‍ത്തുകൊണ്ടാണ് ഉമ്മു അമീറ എന്ന നുസൈബ (റ) ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഉമ്മു അമീറയുടെ യഥാര്‍ഥ പേരായ നുസൈബയില്‍നിന്ന് പ്രചോദിതമായാണ് തനിക്ക് പിതാവ് സൈനബ് എന്നു പേരു നല്‍കുന്നതെന്ന് സൈനബുല്‍ ഗസ്സാലി തന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്. ഖാലിദുബ്‌നു വലീദാണോ യുദ്ധം ചെയ്യുന്നതെന്ന് ആളുകള്‍ സംശയിച്ചുപോയ ഖൗല ബിന്‍ത് അസ്മറിന്റെ പേരില്‍ യു.എ.ഇ ഭരണകൂടം സ്ത്രീകള്‍ക്കായി സൈനിക സ്‌കൂള്‍ തുടങ്ങാന്‍ പോവുന്നു എന്ന സന്തോഷം കൂടി എടുത്തുപറയേണ്ടതാണ്.
യുദ്ധരംഗത്തെ ആദ്യത്തെ നഴ്‌സിംഗ് പരിചരണത്തിന് വിഖ്യാതമായ ഫ്‌ളോറന്‍സ് നേറ്റിംഗ്‌ലിനേക്കാള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ യുദ്ധരംഗത്തെ ശുശ്രൂഷക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കിയിരുന്നു. ഖന്ദഖ് യുദ്ധത്തില്‍ പ്രവാചകന്‍ തന്നെയാണ് യുദ്ധത്തില്‍ മുറിവേറ്റവരെ പരിചരിക്കാന്‍ റുഫൈദ(റ)ക്ക് ടെന്റ് കെട്ടിക്കൊടുത്തത്.
ജമല്‍ യുദ്ധം നയിച്ച, ഉഹുദ് യുദ്ധഭൂമിയില്‍ പരിക്കേറ്റവരെ പരിചരിക്കുന്നതില്‍ മഹനീയ മാതൃക നല്‍കിയ ആഇശ (റ) ലോകത്താകെയുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് പോരാട്ടങ്ങളിലേക്കിറങ്ങാന്‍ പ്രചോദനമാണ്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മുസ്‌ലിം സ്ത്രീകളുടെ പോരാട്ടങ്ങളുടെ ചരിത്രം സ്വാതന്ത്ര്യസമരകാലത്തെ, പ്രത്യേകിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിന് പല രീതിയില്‍ സംഭാവനകളര്‍പ്പിച്ച സ്ത്രീകളെ അടയാളപ്പെടുത്താതെ മുന്നോട്ടു പോവാന്‍ കഴിയില്ല.
തന്റെ മകനെവിടെ എന്നു ചോദിച്ചുകൊണ്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരില്‍ പ്രക്ഷോഭം നയിക്കുന്ന ഫാത്വിമ നഫീസിന്റെ, 2002-ലെ ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായിരിക്കെ കൂട്ട ബലാത്സംഗത്തിനിരയായി, കുറ്റവാളികളായ സംഘ് പരിവാറുകാര്‍ക്കെതിരില്‍ നിയമപോരാട്ടം നയിച്ച് വിജയിച്ച ബില്‍കീസ് ബാനുവിന്റെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നടത്തുന്ന മറ്റനേകം സ്ത്രീകളുടെ തുടര്‍ച്ചയാണ് ലദീദയും റെന്നയും. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആവേശമായി മാറുന്ന സ്ത്രീകളെ അച്ചടക്കം പഠിപ്പിക്കാന്‍ മുതിരുന്ന ഒരു വിഭാഗം മതനേതൃത്വം തങ്ങളുടെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടു കൊണ്ടെങ്കിലും തിരുത്താന്‍ തയാറാവേണ്ടതാണ്. 

(ലേഖിക ചെന്നൈ ക്യൂന്‍ മേരീസ് കോളേജില്‍ സോഷ്യോളജിയില്‍ പി.എച്ച്.ഡി ചെയ്യുന്നു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (64-69)
ടി.കെ ഉബൈദ്‌