മുഹമ്മദലി: ഇതിഹാസ ജീവിതത്തിന്റെ സഞ്ചാരപഥങ്ങള്‍
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അമേരിക്കന്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ആത്മകഥ 'പൂമ്പാറ്റയുടെ ആത്മാവ്' രചനാ ശൈലി കൊണ്ടും ബഷീര്‍ മിസ്അബിന്റെ വിവര്‍ത്തനമികവ് കൊണ്ടും ശ്രദ്ധേയമാണ്. ആത്മകഥ തുടങ്ങുന്നതുതന്നെ അപരനെക്കുറിച്ചും അപരനോടുള്ള ബന്ധത്തില്‍ നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ്. അപരനെക്കുറിച്ച് പറഞ്ഞശേഷം സ്വന്തത്തിലേക്ക് വരുന്നതിനു മുമ്പ് ഇടയില്‍ ദൈവത്തെ പ്രതിഷ്ഠിക്കുന്നതു കാണാം. ഇസ്‌ലാമിലെ സാമൂഹിക തത്ത്വശാസ്ത്രത്തിന്റെ ആധാരമാണത്. സ്വന്തത്തില്‍നിന്നും മറ്റുള്ളവരിലേക്ക് എന്തെങ്കിലും കൈമാറ്റം ചെയ്യുന്നുവെങ്കില്‍ അത് ദൈവത്തിലൂടെ കടന്നുപോയാലേ പരിപൂര്‍ണമാകൂവെന്ന് മുഹമ്മദലി വിശ്വസിച്ചു. ഈ പ്രക്രിയയിലൂടെയാണ് മുഹമ്മദലി ആത്മീയതയെ കണ്ടെത്തുന്നത്. ഹൃദയത്തിന്റെ ഉണര്‍വായി സ്വയം പ്രത്യക്ഷപ്പെടുന്നതാണ് ആത്മീയതയെന്ന് മുഹമ്മദലി പറയുമ്പോള്‍, അതിന്റെ യാഥാര്‍ഥ്യം പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം നമുക്ക് ബോധ്യപ്പെടുത്തിത്തരും. ആത്മീയത എന്നാല്‍ ഉള്ളില്‍ കിടന്ന് സ്വന്തത്തിന് ആനന്ദം നല്‍കുന്നതല്ലെന്നും, മറിച്ച് അപരനിലേക്ക് മൂല്യങ്ങള്‍ പ്രസരിപ്പിക്കുമ്പോള്‍ അനുഭവപ്പെടുന്ന അനുഭൂതിയാണെന്നും കര്‍മങ്ങളിലൂടെ അദ്ദേഹം കാണിച്ചുതന്നു.
അതിരുകടന്ന വംശീയവെറിയുടെ നാടാണ് അമേരിക്കയെങ്കിലും സ്വന്തം രാജ്യത്തോടുള്ള ആഭിമുഖ്യം അലിയുടെ എഴുത്തില്‍ നമുക്ക് കാണാന്‍ കഴിയും. വിവേചനങ്ങള്‍ക്കു മധ്യേ ജീവിതമാരംഭിച്ചതു കൊണ്ടാവാം, അതിജീവനം സാധ്യമായാല്‍ താന്‍ കഠിനഹൃദയനാവില്ലെന്ന ഉറച്ച തീരുമാനം ജീവിതാവസാനം വരെ അലി മാറ്റമില്ലാതെ കൊണ്ടുനടന്നത്.
ഞാന്‍ സുന്ദരനാണെന്നുള്ള അലിയുടെ തുടരെത്തുടരെയുള്ള പ്രഖ്യാപനവും, അമേരിക്കയില്‍ പരിവര്‍ത്തനം സൃഷ്ടിച്ചവരുടെ കൂട്ടത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും മാല്‍ക്കമിന്റെയും കൂടെ സ്വന്തം പേരു ചേര്‍ത്തതും അലിയുടെ അപാരമായ ആത്മവിശ്വാസത്തെയാണ് അടയാളപ്പെടുത്തുന്നത്.
ഓരോ ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകുമെന്നും അതെല്ലാം തരണംചെയ്താലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂവെന്നും തെരുവിന്റെ രാജാവായ കോര്‍ക്കിയെക്കുറിച്ചുള്ള സൂചനകളിലൂടെ അലി പറയുന്നു. സ്വജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയാത്തവയല്ല എന്ന പാഠമുള്‍ക്കൊള്ളാന്‍ ഉറുമ്പുകളുടെ സഞ്ചാരപഥത്തെയും, പ്രതിസന്ധികളെ അവ തരണം ചെയ്യുന്ന രീതിയെയും സസൂക്ഷ്മം മുഹമ്മദലി നിരീക്ഷിക്കുന്നുണ്ട്.
പ്രഫഷണല്‍ ബോക്‌സിങ്ങിലെ മുഹമ്മദ് അലിയുടെ ആദ്യത്തെ തോല്‍വി ജോഫ്രയ്സിയോടായിരുന്നു. റിംഗിനുള്ളിലെ അലിയുടെ ഓരോ ഇടിയും വിവേചനത്തിനെതിരെ ആയിരുന്നുവെങ്കിലും, എതിരാളിയുടെ മഹത്വത്തെ അലി ബഹുമാനിച്ചു. റിംഗില്‍ അഹങ്കാരിയായിരുന്നപ്പോള്‍ ജീവിതത്തില്‍ വിനയം കാണിച്ചു, റിംഗില്‍ പരുക്കനായിരുന്നപ്പോള്‍ ജീവിതത്തില്‍ സഹാനുഭൂതി കാണിച്ചു, റിംഗില്‍ ദൃഢചിത്തനായിരുന്നപ്പോള്‍ ജീവിതത്തില്‍ വിട്ടുവീഴ്ച ചെയ്തു. ഇതിനെല്ലാം പിറകില്‍ ദൈവമാണെന്ന വലിയ ഉത്തരം അദ്ദേഹം നല്‍കുന്നുണ്ട്.
ഒരു ഘട്ടം വരെ 'നാഷന്‍ ഓഫ് ഇസ്‌ലാമി'ന്റെ ഭാഗമായിരുന്ന മുഹമ്മദലി, വെള്ളക്കാരെല്ലാം ചെകുത്താന്മാരാണെന്ന അവരുടെ വിശ്വാസത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടിരുന്നില്ല. അവിടെ നിന്നൊരു ഘട്ടത്തില്‍ പിന്തിരിഞ്ഞെങ്കിലും അതെല്ലാം തന്റെ പരിവര്‍ത്തന പാതയിലെ അധ്യായങ്ങളാണ് എന്നതിനാല്‍ 'നാഷന്‍ ഓഫ് ഇസ്‌ലാമി'ന്റെ നിലപാടുകളോടും അതിന്റെ വക്താക്കളോടും അദ്ദേഹം മനസ്സറിഞ്ഞ് നന്ദി പറയുന്നുണ്ട്. 'നാഷന്‍ ഓഫ് ഇസ്‌ലാമി'ന്റെ പോരായ്മകള്‍ മുമ്പേ മനസ്സിലാക്കിയ മാല്‍ക്കവുമായുള്ള ബന്ധത്തിലെ വിടവുകള്‍ മാല്‍ക്കം മരിക്കുന്നതിനു മുമ്പ് നികത്താനുള്ള അവസരം കിട്ടാതിരുന്നതില്‍ അലി അതിയായി ഖേദിക്കുന്നുണ്ട്. 'നാഷന്‍ ഓഫ് ഇസ്‌ലാമി'ലല്ല, മുഖ്യധാരാ ഇസ്‌ലാമിലാണ് ഞാന്‍ ആത്മീയതയെ കണ്ടെത്തിയതെന്നു വരെ പറയുന്ന അലി, പരിവര്‍ത്തനത്തെ ഈ തരത്തില്‍ നോക്കിക്കാണുന്നതുകൊണ്ടാണ് കാഷ്യസ് ക്ലേ എന്ന തന്റെ പഴയ സ്വത്വത്തെയും അലി ബഹുമാനിക്കുന്നത്.
പള്ളിയിലേക്ക് ആദ്യമായി നടന്നുകയറിയപ്പോള്‍ ഇസ്‌ലാമിനെ കണ്ടെത്തുകയല്ല, മറിച്ച് ഇസ്‌ലാം തന്നെ കണ്ടെത്തുകയായിരുന്നുവെന്ന അലിയുടെ പ്രഖ്യാപനത്തില്‍ വിശ്വാസത്തിനപ്പുറത്തുള്ള ഇസ്‌ലാമിക ധാര്‍മികമൂല്യങ്ങള്‍ തന്നില്‍ ആദ്യമേ ഉണ്ടായിരുന്നു എന്ന ധ്വനിയുണ്ട്. ജീവിതത്തില്‍ ശരിക്കും വിലപ്പെട്ടതെന്താണെന്ന് എങ്ങനെ തിരിച്ചറിയും എന്നതായിരുന്നു ഇസ്‌ലാം തന്നെ പഠിപ്പിച്ച വലിയ പാഠമെന്ന് അദ്ദേഹം പറയുന്നു.
സംഭവബഹുലമായ തന്റെ ജീവിതത്തെ മൂന്ന് വാചകങ്ങളിലേക്ക് ചുരുക്കുകയാണ് മുഹമ്മദലി: 'റിംഗില്‍ ഞാന്‍ പൊരുതിയത് ഉപജീവനത്തിനു വേണ്ടിയാണ്, ഭരണകൂടത്തോട് പോരാടിയത് മത വിശ്വാസത്തിനു വേണ്ടിയാണ്, ലോകത്തിനു മുന്നില്‍ ഞാന്‍ പോരാടിയത് നീതിക്കും ആദരവിനും വേണ്ടിയാണ്.' ഈ മൂന്നു വാചകങ്ങളെ മൂന്നക്ഷരങ്ങളിലേക്ക് ചുരുക്കിയപ്പോള്‍ അത് 'പോരാട്ടം' ആയി. അത് കൈയിലും മനസ്സിലും ചുരുട്ടിപ്പിടിച്ചാണ് അലി അഫ്ഗാനിലേക്ക് സമാധാനവാഹകനായി പോയത്, ദലൈലാമയെ കാണാന്‍ പോയത്, ലോകം മുഴുവന്‍ സഞ്ചരിച്ചത്, വിയറ്റ്‌നാമിലേക്ക് പോകാതിരുന്നത്.
അപരനെ കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ആത്മകഥ അവസാനിപ്പിക്കുന്നതും അപരനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. 'മറ്റുള്ളവര്‍ ആവശ്യപ്പെടാതെത്തന്നെ അവര്‍ക്ക് നന്മ ചെയ്യാന്‍ നീ തയാറാണോ എന്ന് മകള്‍ ഹനയോട് ചോദിക്കുന്ന അലിയോട് 'അതേ ഞാനത് ചെയ്യും' എന്ന അവളുടെ മറുപടി കേട്ട് ഇതുതന്നെയാണ് ജീവിതത്തിലെ വലിയ നേട്ടമെന്ന പോലെയാണ് അദ്ദേഹം സന്തോഷാശ്രു പൊഴിക്കുന്നത്. പ്രസാധനം: ഐ.പി.എച്ച്. വില: 199
Comments