'മകന് അശ്ലീല ദൃശ്യങ്ങള്‍ കാണുന്നു'
അയാള്‍ വേവലാതിയുമായാണ് എന്റെ മുന്നിലെത്തിയത്. 'എന്റെ മകന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞാനെന്താണ് ചെയ്യേണ്ടത്?'
ഞാന്‍: 'മകനെത്ര വയസ്സ്?'
അയാള്‍: 'പതിമൂന്ന് വയസ്സ്. അവനേക്കാള്‍ രണ്ട് വയസ്സിന് മൂത്ത മാതൃസഹോദരിയുടെ മകനാണ് മൊബൈല്‍ ഫോണില്‍ അരുതാത്ത ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തതും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാനുള്ള വിദ്യ പറഞ്ഞുകൊടുത്തതും.'
ഞാന്‍: 'മകനെ നല്ലവനായി വളര്‍ത്താന്‍ നിങ്ങള്‍ ആദ്യം വേണ്ടത് മകനെ പ്രശംസിക്കുകയാണ്. അവന്‍ മറച്ചുവെക്കാതെ കാര്യങ്ങള്‍ സത്യസന്ധമായി നിങ്ങളോട് പറഞ്ഞല്ലോ. അവന്‍ പറഞ്ഞാണല്ലോ നിങ്ങള്‍ ഈ വിഷയം അറിഞ്ഞത്. അതിനാല്‍ ഈ സത്യസന്ധതക്ക് അവനെ അഭിനന്ദിച്ചുകൊണ്ടാവട്ടെ ആദ്യത്തെ ചുവടുവെപ്പ്.''
അയാള്‍: 'അവന്‍ ഇനി അവ കാണാതിരിക്കാന്‍ ഞാനെന്തു വേണം?'
ഞാന്‍: 'അവന്‍ ദൃശ്യങ്ങള്‍ കണ്ടതിനല്ല അഭിനന്ദിക്കാന്‍ ഞാന്‍ പറഞ്ഞത്. അവന്റെ ഈ പ്രായത്തില്‍ വളച്ചുകെട്ടില്ലാതെ നിങ്ങളുടെ മുന്നില്‍ ഹൃദയം തുറന്നുവല്ലോ. അതാണ് അഭിനന്ദനാര്‍ഹമായ കാര്യം.'
അയാള്‍: 'സദാചാരബോധത്തിന് നിരക്കാത്ത ദൃശ്യങ്ങള്‍ അവന്‍ കണ്ടതിലാണ് എന്റെ ദുഃഖം. അവന്റെ സത്യസന്ധതയെ ഞാന്‍ മാനിക്കുന്നു.'
ഞാന്‍: 'മകന്‍ ചെയ്ത തെറ്റിന് ദുഃഖം പരിഹാരമല്ല. ഈ കാര്യം അവനെ നേരായ ദിശയില്‍ വളര്‍ത്താനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും.'
അയാള്‍: 'എങ്ങനെ?'
ഞാന്‍: 'ഒന്നാമതായി സ്ത്രീയും പുരുഷനും തമ്മിലെ വൈകാരിക ബന്ധത്തെക്കുറിച്ച് അവന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. അനുവദനീയമായ സ്‌നേഹവും അനുവദനീയമല്ലാത്ത സ്‌നേഹവും തമ്മിലെ വ്യത്യാസം വ്യക്തമാക്കി കൊടുക്കുക. ഇത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നും കുട്ടികള്‍ക്കല്ലെന്നും പറഞ്ഞുകൊടുക്കുക. ദമ്പതികള്‍ക്കിടയിലാണ് ഈ ബന്ധം വേണ്ടതെന്നും ഏതെങ്കിലും പുരുഷന്നും സ്ത്രീക്കുമിടയില്‍ നടക്കേണ്ടതല്ലെന്നും ബോധ്യപ്പെടുത്തുക. സമ്പത്ത്, സ്ത്രീകള്‍, മക്കള്‍ തുടങ്ങി പലതിനോടും മനുഷ്യന് തീവ്ര വികാരങ്ങളും കാമനകളും ഉണ്ടാവാമെന്നും വികാരങ്ങളെ നിയന്ത്രിച്ച് വിധേയമാക്കാന്‍ എന്തു വേണമെന്നും അവനെ പഠിപ്പിക്കുക. വികാരങ്ങള്‍ നമ്മെയല്ല, നാം വികാരത്തെയാണ് ഭരിക്കേണ്ടതെന്ന തിരിച്ചറിവ് അവന് ഉണ്ടാക്കിക്കൊടുക്കുക. മാതൃസഹോദരീ പുത്രനായാലും ആരായാലും ഇത്തരം ചീത്ത കാര്യങ്ങളിലേക്ക് തെളിച്ചുകൊണ്ടുപോകുമ്പോള്‍ അവരോട് അനുവര്‍ത്തിക്കേണ്ട നയമെന്തെന്ന് അവനെ പഠിപ്പിച്ചുകൊടുക്കുക. പുരുഷന്നും സ്ത്രീക്കുമിടയിലെ അനുരാഗ വായ്പ് ദൈവികാനുഗ്രഹമാണെന്നും പക്ഷേ ഇതിനെല്ലാം ചില ചിട്ടകളും നിയന്ത്രണങ്ങളും മര്യാദകളും വെച്ചിട്ടുണ്ടെന്നും അതാണ് വിവാഹമെന്നും ഹറാമില്‍ പതിക്കാതിരിക്കാനുള്ള കരുതലാണ് ദാമ്പത്യബന്ധമെന്നും മകന്‍ അറിയട്ടെ. വിവാഹേതര അവിഹിത ബന്ധങ്ങളിലൂടെ പടരുന്ന ലൈംഗിക രോഗങ്ങളെക്കുറിച്ചും മകന് വിശദീകരിച്ചുകൊടുക്കുക.'
'സ്‌നേഹം, പ്രേമം, അനുരാഗം എന്നിവയെല്ലാം മനോഹരവും സുന്ദരവുമായ അനുഭൂതികളും വികാരങ്ങളുമാണ്. അവയെല്ലാം മനുഷ്യമനസ്സില്‍ നിക്ഷേപിച്ചത് അല്ലാഹുവാകുന്നു. ഒരു പുരുഷന്‍ ഒരു സ്ത്രീയെ സ്‌നേഹിക്കുന്നത് ന്യൂനതയായി കാണേണ്ടതില്ല. അവളുമായി അവിഹിത ബന്ധമുണ്ടാകുന്നതാണ് ഹറാം. ഈ കാര്യങ്ങളെല്ലാം മകന് വിശദീകരിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ മകന്‍ മൂത്തമ്മയുടെ മകനോട് ചേര്‍ന്ന് ചെയ്ത തെറ്റ് ഒരു അവസരമായെടുത്ത് നല്ല നിലക്ക് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്ന് സമാധാനിക്കാം. അതോടെ നിങ്ങളും മകനും തമ്മിലെ ബന്ധം ശക്തി പ്രാപിക്കുകയും സുദൃഢമാവുകയും ചെയ്യും.'
അയാള്‍: 'പക്ഷേ, ഇത് ശ്രദ്ധയില്‍പെട്ട് ദേഷ്യപ്പെട്ട് ഞാനെന്തൊക്കെയോ മകനെ പറഞ്ഞു. കാരണം എന്റെ ആഘാതം അത്രക്കായിരുന്നു.'
ഞാന്‍: 'നിങ്ങള്‍ക്ക് അതിനിയും തിരുത്തി ഈ പറഞ്ഞ വസ്തുതകളൊക്കെ അവനെ സാവകാശം ധരിപ്പിക്കാമല്ലോ.'
'ഒറ്റ ഇരുത്തത്തില്‍തന്നെ ഇവയെല്ലാം പറഞ്ഞുതീര്‍ക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കില്ല. പലതവണ ഇരിക്കേണ്ടിവരും. ഇത് ധാരാളം കൂട്ടുകാര്‍ അവന് ഉണ്ടാകുന്ന ഘട്ടമാണെന്നും അവന്‍ പ്രായപൂര്‍ത്തിയിലേക്ക് അടുക്കുകയാണെന്നുമുള്ള ഓര്‍മ നിങ്ങള്‍ക്ക് വേണം. ഈ കൂട്ടുകാര്‍ അവനോട് പലതും പറഞ്ഞു കൊടുക്കുന്നുണ്ടാകും. അതൊന്നും നിയന്ത്രിക്കാന്‍ നമുക്കാവില്ല. ദൈവവിശ്വാസവും അറിവും വിജ്ഞാനവുമെല്ലാം നല്‍കി മക്കളെ നമുക്ക് കരുതലോടെ കാക്കാമല്ലോ.'
അയാള്‍: 'അറിവും വിജ്ഞാനവും നല്‍കുക എന്നു പറഞ്ഞത് എനിക്ക് മനസ്സിലായി. വിശ്വാസത്തിന്റെ കാര്യം പറഞ്ഞല്ലോ. അതെങ്ങനെയാണ്?'
ഞാന്‍: 'സ്ത്രീക്കും പുരുഷന്നുമിടയിലെ പ്രേമബന്ധത്തെക്കുറിച്ചും വൈകാരികാവസ്ഥകളെക്കുറിച്ചും ഖുര്‍ആനില്‍ വന്ന കഥകള്‍ പറഞ്ഞുകൊടുക്കുക. അതില്‍ ശരിയായ ഇടപെടല്‍ എങ്ങനെ വേണമെന്നും ധരിപ്പിക്കുക. ഉദാഹരണമായി, രാജാവിന്റെ പത്‌നി തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചപ്പോള്‍ യൂസുഫ് നബി (അ) സ്വീകരിച്ച നിലപാടും കാത്തുസൂക്ഷിച്ച ജീവിതവിശുദ്ധിയും വിവരിച്ചുകൊടുക്കാം. രണ്ട് യുവതികളോട് മൂസാ(അ)യുടെ പെരുമാറ്റവും ഒടുവില്‍ ഒരുവളെ വിവാഹം ചെയ്യുന്നതില്‍ ആ സംഭവം എത്തിച്ചേര്‍ന്ന വഴിയും വിശദീകരിച്ചുകൊടുക്കാം. അങ്ങനെ നിരവധി കഥകള്‍. ഇനി ഭാവിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ ആര് തന്നെ ക്ഷണിച്ചാലും അവക്കൊന്നും വഴങ്ങരുതെന്ന് മകനെ ഉപദേശിക്കാന്‍ മറക്കേണ്ട. മകനുമായുള്ള ബന്ധം ഹൃദയം തുറന്ന ഊഷ്മള സൗഹൃദത്തിന്റെയും വിവേകപൂര്‍വമായ സംസാരത്തിന്റെയും ചര്‍ച്ചയുടെയും രൂപത്തില്‍ വേണം. അട്ടഹാസത്തിന്റെയും ആക്രോശത്തിന്റെയും ക്രോധപ്രകടനത്തിന്റെയും രൂപത്തിലാവരുത്. അത് പ്രധാനമാണ്.'
വിവ: പി.കെ ജമാല്‍
Comments