ജനകീയ പ്രക്ഷോഭങ്ങള്‍ മാത്രമാണ് പരിഹാരം
പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി അവതരിപ്പിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത എം.പിമാരില്‍ ഒരാളാണ് കേരളത്തില്‍നിന്നുള്ള എന്‍.കെ പ്രേമചന്ദ്രന്‍. അദ്ദേഹവുമായി ജാമിഅ മില്ലിയ്യയിലെ കെ.പി തശ്‌രീഫ് നടത്തിയ അഭിമുഖം.
-----------------------------------------------------------------------------------------------------------
ചര്‍ച്ചകളും പ്രതിപക്ഷ പ്രതിഷേധങ്ങളും മറികടന്ന് പൗരത്വ ഭേദഗതി ബില്ല് ഇരുസഭകളിലും പാസ്സായിരിക്കുന്നു. ഈ ബില്ലിനു പിന്നിലെ ബി.ജെ.പിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്? ഇത് ഭരണഘടനാ വിരുദ്ധമാകുന്നത് എങ്ങനെയാണ്?
ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്ര വാദത്തിലേക്കുള്ള ചുവടുവെപ്പാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വ ഭേദഗതി നിയമത്തിന്റെ ആമുഖമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി). ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്. 2016-ല്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇത്തരത്തില്‍ തീവ്രമായ ഒരു വികാരവും ആവേശവും ഭരണകക്ഷി ബെഞ്ചുകളില്‍ കാണാനുണ്ടായിരുന്നില്ല. ഇപ്രാവശ്യം തീവ്രമായ വികാരാവേശത്തോടെ പൗരത്വ ഭേദഗതി നിയമം പാസ്സാക്കാന്‍ ബി.ജെ.പി ആഗ്രഹിച്ചതും അത് നടപ്പിലാക്കിയതും അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായ 19 ലക്ഷം പേരില്‍ 12 ലക്ഷത്തോളം ഹിന്ദുക്കളുണ്ട് എന്ന കാരണത്താലാണ്. ആ 12 ലക്ഷത്തോളം പേര്‍ക്ക് ഈ നിയമം പാസ്സായി കഴിഞ്ഞാല്‍ മതപീഡനത്തിന് വിധേയരായവര്‍ എന്ന നിലക്ക് പൗരത്വം ലഭിക്കും. ഇവിടെ ഒഴിവാക്കപ്പെടുന്നത് ഹൈന്ദവേതര വിഭാഗത്തില്‍പെട്ട ഏഴു ലക്ഷത്തോളം പേരാണ്. ഈ ഒരു രാഷ്ട്രീയ ലക്ഷ്യം അതിവേഗതയില്‍, ഈ ബില്ല് പാസ്സാക്കിയെടുക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റ് കാണിച്ച താല്‍പര്യത്തിനു പിന്നിലുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.
ഇതു സംബന്ധിച്ച് കൃത്യമായ ഒരു വിശദീകരണം, നാളിതുവരെ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ആരും തന്നെ നല്‍കിയിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും തമ്മിലുള്ള ബന്ധവും ഇതാണ്. നിര്‍ഭാഗ്യവശാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അവിടെയും ഏഴു ലക്ഷത്തോളം പേര്‍ പുറത്താക്കപ്പെടുന്നത് ഹൈന്ദവേതര വിഭാഗത്തില്‍നിന്നുള്ളവരാണ്. അവര്‍ക്ക് ഈ നിയമം ബാധകമാവില്ല. കാരണം മുസ്‌ലിംകള്‍ക്ക് ഈ നിയമം ബാധകമാവില്ല എന്നതുതന്നെ. വ്യക്തവും കൃത്യവുമായ ആ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നതാണ് വസ്തുത.
മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറുന്നു എന്നതാണ് ആശയപരമായി നാം ഈ ബില്ലിനെ എതിര്‍ക്കാനുള്ള പ്രധാന കാരണം. അത് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ കൈയേറ്റം ചെയ്യുന്നതാണ്. ഒരു കാരണവശാലുമത് അംഗീകരിക്കാന്‍ കഴിയില്ല.
ഇനിയവര്‍ക്ക് ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും പാകിസ്താനിലും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം കൊടുക്കണമെന്നുണ്ടെങ്കില്‍ റിലീജ്യയസ് മൈനോറിറ്റീസ് എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. മതപരമായ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നു പറഞ്ഞാലും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. പക്ഷേ ആറ് മതവിഭാഗങ്ങളെ മാത്രം പേരെടുത്തു പറഞ്ഞുകൊണ്ട് ചെയ്യുന്നത് ചില മതവിഭാഗങ്ങളെ ഒഴിവാക്കാ
നും നമ്മുടെ ഭരണഘടനയുടെ മൗലികതത്ത്വങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിക്കാനുമാണ്. അതാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്, ഹിന്ദുത്വ രാഷ്ട്രവാദത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം എന്ന്. പൗരത്വത്തിന് മതം ക്രൈറ്റീരിയ ആയി വന്നാല്‍ നാളെ ഇത് പല കാര്യങ്ങളിലും വരും.
ബില്ലില്‍ പ്രത്യേകിച്ച് പറഞ്ഞിട്ടില്ലെങ്കിലും, ബില്ലിനെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അമിത് ഷായും മറ്റു ബി.ജെ.പി അംഗങ്ങളും നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുക. ബി.ജെ.പി ഊന്നിപ്പറയുന്ന കാര്യം, ഇന്ത്യ- പാകിസ്താന്‍ വിഭജനം ഉണ്ടായത് മതത്തിന്റെ അടിസ്ഥാനത്തിലാെണന്നാണ്. മതപരമായ വിഭജനത്തിലൂടെയാണ് രണ്ട് രാഷ്ട്രങ്ങളും രൂപീകൃതമായത്. 1947-ല്‍ വിഭജനം നടക്കുമ്പോഴുള്ള ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയും ഇപ്പോഴത്തെ ജനസംഖ്യയും, മുസ്‌ലിം ജനസംഖ്യയും ഇപ്പോഴത്തെ ജനസംഖ്യയും എന്തിനാണ് ഇവര്‍ സഭയില്‍ ഉന്നയിക്കുന്നത്? അപ്പോള്‍ ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യയെന്നും പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവ ഇസ്‌ലാം മതം ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളാണെന്നും അവര്‍ അവിടേക്കാണ് പോകേണ്ടതെന്നുമുള്ള വാദഗതിയാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. അങ്ങനെ ഈ ബില്ലില്‍ പറഞ്ഞിട്ടില്ലെങ്കിലും. വ്യക്തമായ ഹിന്ദുത്വ രാഷ്ട്രവാദമാണ് ഇതിലൂടെ സംഘ്പരിവാര്‍ ഉയര്‍ത്തുന്നത് എന്നു പറയാനുള്ള കാരണമതാണ്.
പൗരത്വ ഭേദഗതി നിയമം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
ഇതുവരെ പറഞ്ഞത് ഭരണഘടനാപരമായിട്ടുള്ള കാര്യങ്ങള്‍. അസം പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം, അവിടത്തെ തദ്ദേശീയരുടെ സ്വത്വബോധവും അവകാശങ്ങളും പല രൂപത്തില്‍ ഹനിക്കപ്പെടുന്നു എന്ന വലിയ പരാതി വളരെ നേരത്തേ തന്നെ അവിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.
അങ്ങനെയാണ് 1979 മുതല്‍ 1985 വരെ ആറു വര്‍ഷക്കാലം പ്രഫുല്ല മോഹന്ദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന തീവ്ര സമരങ്ങളുടെ ഭാഗമായി 1985-ല്‍ അസം അക്കോഡ് നിലവില്‍ വന്നത്. 1971 മാര്‍ച്ച് 25-നു മുമ്പ് വന്നിട്ടുള്ളവര്‍ക്ക് പൗരത്വം കൊടുക്കാനും അവരെ നിലനിര്‍ത്താനുമാണ് ആ ഒത്തുതീര്‍പ്പ് പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന ആശങ്കയും ഭീതിയും ദേശീയ ധാരയില്‍ നില്‍ക്കുന്ന ആ വിഭാഗങ്ങളെ ഒറ്റപ്പെടുത്താനേ ഉപകരിക്കൂ. അതിനാല്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും തുരങ്കം വെക്കുന്നതാണ് ഈ നിയമം. അസമില്‍ ഹിന്ദു-മുസ്‌ലിം തര്‍ക്കമല്ല പ്രധാന പ്രശ്‌നം. അസമീസ്, നോണ്‍ അസമീസ് എന്നുള്ള വികാരമാണ്. ഇപ്പോള്‍ തന്നെ അത് അവിടെ വളര്‍ന്നു കഴിഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒത്തുതീര്‍പ്പുണ്ടാക്കി പറഞ്ഞു പരിഹരിച്ചു മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭീതിയുടെയും ഉത്കണ്‌യുടെയും ആശങ്കയുടെയും വിത്തുവിതച്ചു വീണ്ടും വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഉണ്ടായിട്ടുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്തുതരം പ്രക്ഷോഭങ്ങളാണ് നടത്തേണ്ടത്?
ഇതിനെ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിഷയമായി മാത്രമല്ല കാണേണ്ടത്. ഇത് മതേതര രാഷ്ട്ര വ്യവസ്ഥയുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ ഒഴിവാക്കുന്നു, ആ മതത്തെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്ന് ചുരുക്കി കാണാന്‍ പാടില്ല. നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്. നമ്മുടെ മതേതര ജനാധിപത്യ ഘടന തന്നെ നിലനില്‍ക്കുമോ എന്ന ആശങ്ക ഞാന്‍ ഈ അവസരത്തില്‍ പങ്കുവെക്കുകയാണ്. മതേതര പരമാധികാര റിപ്പബ്ലിക്ക് ആയിട്ടുള്ള ഇന്ത്യയെ ഒരു മതാധിഷ്ഠിത റിപ്പബ്ലിക്കാക്കി മാറ്റാന്‍ വേണ്ടിയുള്ള നീക്കമാണിതെന്ന ആശങ്ക. അതുകൊണ്ടു തന്നെ ഇതിനെതിരെ തികച്ചും മതേതരമായ ജനകീയ മുന്നേറ്റമാണ് ആവശ്യം.
രാജ്യത്തിന്റെ ബഹുസ്വരത നിരന്തരം നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ ഫാഷിസ്റ്റ് സര്‍ക്കാരിന് മുന്നില്‍ കൂടുതല്‍ കരുത്തോടെ ഏഴുന്നേറ്റു നില്‍ക്കേണ്ട സമയമല്ലേ ഇപ്പോള്‍?
രാജ്യം മൊത്തത്തില്‍ അസ്വസ്ഥമായി കൊണ്ടിരിക്കുകയാണ്. 2014-ല്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയിട്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍, യു.എ.പി.എ നിയമം, മനുഷ്യാവകാശ നിയമഭേദഗതി, വിവരാവകാശ നിയമ ഭേദഗതി, മുത്ത്വലാഖ് നിയമം, ഇനി നടപ്പാക്കും എന്ന് അവര്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ഏകീകൃത സിവില്‍ നിയമം, ജനസംഖ്യാ നിയന്ത്രണ നിയമം ഇതെല്ലാം ദുരുദ്ദേശ്യപരവും രാഷ്ട്രീയ ദുഷ്ടലാക്കോടു കൂടിയുള്ളവയുമാണ്.
കഴിഞ്ഞ മുത്ത്വലാഖ് ബില്‍ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞിരുന്നു, ഒരു സമുദായത്തെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന്. ഇപ്പോള്‍ മുസ്‌ലിം സമുദായത്തെയാണ് ലക്ഷ്യം വെക്കുന്നത്. ആദ്യം മുസ്‌ലിംകള്‍, പിന്നെ ക്രൈസ്തവര്‍. പിന്നെ എല്ലാ മതേതര ജനാധിപത്യ വിഭാഗങ്ങളെയും സ്വാഭാവികമായും അവര്‍ ലക്ഷ്യമിടും. അതുകൊണ്ടാണ് പറഞ്ഞത്, ഏതെങ്കിലുമൊരു വിഭാഗത്തിന് എതിരെയുള്ള നീക്കമായി ഇതിനെ കാണരുതെന്ന്. ഒരു വിഭാഗം മാത്രം സമരം ചെയ്യേണ്ട വിഷയവുമല്ല ഇത്. മതേതര ജനാധിപത്യ ശക്തികള്‍ എല്ലാവരുടെയും കൂട്ടായ പ്രതിരോധത്തിലൂടെ മാത്രമേ ഈ ഫാഷിസ്റ്റ് കടന്നാക്രമണത്തെ തോല്‍പ്പിക്കാന്‍ കഴിയൂ.
ഹിറ്റ്ലര്‍ പരീക്ഷിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെ തന്നെ അസമിലും ഉയരുന്നു വലിയ തടങ്കല്‍ പാളങ്ങള്‍... രാജ്യത്തിന്റെ ഭാവി എന്താണ്?
ഹിറ്റ്‌ലര്‍ പരീക്ഷിച്ച തന്ത്രങ്ങള്‍ തന്നെയാണ് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടും പരീക്ഷിക്കുന്നത്. ഇവിടെയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലിട്ട് ക്രൂരമായ പീഡനം നടത്തി വംശീയ ഉന്മൂലനത്തിനുള്ള നീക്കമാണ് നടക്കുന്നത്. എന്‍.ആര്‍.സി ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയക്കും എന്നാണ് പറയുന്നത്. അല്ലെങ്കില്‍ അവരെ ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കുമൊക്കെ തിരിച്ചയക്കുമെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ഹിറ്റ്‌ലര്‍ സങ്കുചിത ദേശീയവാദം ഉയര്‍ത്തിക്കൊണ്ടാണ് അവിടത്തെ ജനങ്ങളുടെ പ്രീതി സമ്പാദിച്ച് അധികാരത്തിലേറി പിന്നീട് ഏറ്റവും വലിയ ഏകാധിപതിയായി മാറിയതെങ്കില്‍, സമാന സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത്.
ഈ ഫാഷിസ്റ്റ് അധികാര വ്യവസ്ഥയെ പുറന്തള്ളാനുള്ള വഴികള്‍?
ജനകീയ പ്രക്ഷോഭവും പ്രതിഷേധവുമാണ് വഴികള്‍. കോടതികളെ മാത്രം ആശ്രയിച്ചു പ്രശ്‌നപരിഹാരം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല. വലിയ തോതിലുള്ള ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നു മാത്രമേ ഈ വിഷയത്തില്‍ ഗുണപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം.
Comments