മൂസക്കോയ ചെറുകാട്
ഹൃദ്യമായി പുഞ്ചിരിക്കുന്ന, സൗമ്യമായി സംസാരിക്കുന്ന ആദര്‍ശധീരനായിരുന്നു എനിക്ക് എന്റെ വല്യുപ്പ മൂസക്കോയ സാഹിബ്. കുഞ്ഞായ നാള്‍ തൊട്ടേ ഞാന്‍ കാണുന്ന കാഴ്ച. അതീവ ലളിതമായ രീതിയിലുള്ള ഞെരിയാണി ഇറക്കത്തിലുള്ള ഒരു പാന്റും ഷര്‍ട്ടും തലയില്‍ കഷണ്ടി മറയുന്ന വിധത്തിലുള്ള തൂവാല കൊണ്ടുള്ള ഒരു കെട്ടും, സൈക്കിളിലുള്ള പോക്കുവരവുകള്‍, പ്രസ്ഥാന പ്രവര്‍ത്തന തിരക്കുകള്‍, കച്ചവട ചുറ്റുപാടുകള്‍, ആരാധനാനുഷ്ഠാനങ്ങളിലുള്ള കണിശത, പിന്നെ ഉച്ചക്കുള്ള ഒരു ചെറുമയക്കം- ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട് ആ സാത്വിക ജീവിതത്തിലെ ധന്യ നിമിഷങ്ങള്‍.
നിലമ്പൂര്‍, ചന്തക്കുന്ന് പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മമ്പാടാണ് സ്വദേശമെങ്കിലും ആദര്‍ശ ജീവിതത്തിന് അനുഗുണമായ മണ്ണ് തേടി നിലമ്പൂരില്‍ താമസമാക്കുകയായിരുന്നു. സത്യസന്ധനായ കച്ചവടക്കാരന്‍ എന്നതോടൊപ്പം നിശ്ചയദാര്‍ഢ്യവും ത്യാഗസന്നദ്ധതയും ഒത്തുചേര്‍ന്ന പ്രവര്‍ത്തകന്‍. പ്രസ്ഥാനമെന്നത് ഹൃദയവികാരമായിരുന്നു. വാരാന്ത്യത്തില്‍ എത്തുന്ന പ്രബോധനം, ആരാമം തുടങ്ങിയ പ്രസ്ഥാന ജിഹ്വകള്‍ വായനക്കാരില്‍ എത്തിക്കാനുള്ള തിടുക്കം കാരണം, 'പ്രബോധനം കോയാക്ക' എന്നായിരുന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. ഇസ്‌ലാമിന്റെ ജീവിക്കുന്ന മാതൃകകളിലൊരാളായിത്തീരാന്‍ തന്റെ എഴുപത്തിരണ്ട് വയസ്സ് കാലത്തെ ജീവിതം കൊണ്ട് സാധിച്ചു. പ്രസ്ഥാനമായിരുന്നു അവസാന വാക്ക്. 'കുറഞ്ഞ വാക്ക്, കൂടുതല്‍ പ്രവൃത്തി' ഇതാണ് സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്.
യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന അദ്ദേഹത്തിന് വായനയായിരുന്നു പ്രസ്ഥാനത്തിലേക്ക് വഴികാട്ടിയായത്. നാലാം ക്ലാസ് മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള അദ്ദേഹം വായനയിലൂടെ വലിയൊരു വിജ്ഞാനമണ്ഡലം കെട്ടിപ്പടുത്തു. ഇംഗ്ലീഷ്, കണക്ക് പോലുള്ള വിഷയങ്ങളില്‍ മക്കളോട് ചോദിച്ചു പഠിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് നിര്‍ബന്ധമില്ലാതിരുന്ന കുടുംബ പശ്ചാത്തലമായിരുന്നിട്ടുപോലും മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു.
ബാബരി മസ്ജിദ് ധ്വംസന സമയത്തും അടിയന്തരാവസ്ഥ കാലത്ത് പ്രസ്ഥാനത്തിന് വിലക്കേര്‍പ്പെടുത്തിയ ഘട്ടത്തിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാനും കഠിനാധ്വാനിയുമായിരുന്ന ഉപ്പപ്പയെക്കുറിച്ച് കൂടെയുള്ളവര്‍ക്ക് പറയാന്‍ ഏറെയുണ്ട്. കുട്ടിക്കാലം മുതല്‍ക്കേ തങ്ങളുടെ പ്രചോദനവും ആവേശവുമാണ് 'കോയാക്ക'യെന്നത് കളങ്കമില്ലാത്ത ഓര്‍മ പുതുക്കലാണ്. ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ വളരെ സമയമെടുക്കുമെങ്കിലും ക്ഷമയോടെ അദ്ദേഹം അത് പഠിച്ചെടുത്തിരുന്നു. ജമാഅത്ത് അംഗത്വമെടുക്കാനുള്ള മോഹത്താല്‍ ഒരൊറ്റ ദിവസം കൊണ്ട് ഒരു പുസ്തകം മുഴുവന്‍ വായിച്ചുതീര്‍ത്തതായി ഭാര്യ, എന്റെ വല്യുമ്മ നൂര്‍ജഹാന്‍ ഓര്‍ക്കുന്നു. കടയടച്ച്, രാത്രി ഏറെ വൈകിയാണ് വരവെങ്കിലും തഹജ്ജുദ് നമസ് കാരത്തിനോ സ്വുബ്ഹ് നമസ്‌കാരത്തിനുള്ള പള്ളിയില്‍ പോക്കിനോ തടസ്സം വരാറില്ല. പലപ്പോഴും അദ്ദേഹത്തിന്റെ വണ്ടിയുടെ ശബ്ദമാണ് അയല്‍വാസികളെ സ്വുബ്ഹിന്റെ നേരം അറിയിച്ചിരുന്നത്. ഏറെ ദൂരെയാണെങ്കില്‍പോലും തറാവീഹിന് മഹല്ല് പള്ളിയില്‍ എത്തുമായിരുന്നു. തന്നെ മോളേ എന്നല്ലാതെ വിളിച്ചിട്ടില്ലായെന്ന് അദ്ദേഹത്തിന്റെ മൂത്ത മകള്‍, എന്റെ ഉമ്മ ബുഷ്‌റ ഇടക്കിടെ പറയും. ഉപ്പാക്ക് ഇഷ്ടമില്ലാത്ത കാര്യം ആണെങ്കില്‍ പോലും സൗമ്യമായി പറഞ്ഞു തിരുത്തുകയായിരുന്നു രീതി. തന്റെ ആദ്യമകന്‍ വളരെ കുഞ്ഞായിരുന്നപ്പോള്‍ തന്നെ മരണപ്പെടുകയുണ്ടായി. 'ഉടമസ്ഥന്‍ തന്നതിനെ ഉടമസ്ഥന്‍ തന്നെ തിരിച്ചു കൊണ്ടുപോയി' എന്ന് മരണവാര്‍ത്ത അറിയിക്കുന്ന ഉപ്പയാണ് മക്കളുടെ ഓര്‍മകളില്‍.
പള്ളിയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറി നടത്തി, കണക്കുകള്‍ ഒരു സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ, പരാതികള്‍ക്കിടയില്ലാത്തവിധം ഉപ്പപ്പ സൂക്ഷിച്ചുവെച്ചിരുന്നു. ഒരു പെരുമഴയത്ത് കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന പുരയില്‍ വിഷമിച്ചിരിക്കുന്ന അയല്‍വാസിയെ കണ്ട് മനസ്സ് വേദനിച്ച്, ബന്ധപ്പെട്ടവരെ കണ്ടും, പണം പിരിപ്പിച്ചും വീട് ഓട് മേഞ്ഞു കൊടുത്തത് മറക്കാനാവാത്ത അനുഭവമാണ്. പെരുന്നാളായാല്‍ പിന്നെ ഫിത്വ്ര്‍ സകാത്ത് അവകാശികള്‍ക്ക് എത്തിക്കാനുള്ള തിരക്കിലാവും. രോഗശയ്യയിലാവുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു.
നാട്ടിലെ നിര്‍ധനരും ദീനീ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ഥികളെ കണ്ടെത്തി അവരെ, ഇസ്‌ലാമിക കലാലയങ്ങളില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. അങ്ങനെ വളര്‍ന്നു വന്നവരാണ് ഇന്നത്തെ പ്രാദേശിക സംഘടനാ നേതാക്കളില്‍ പലരും.
പരിപാടികള്‍ സംഘടിപ്പിക്കാനും സ്റ്റേജൊരുക്കാനുമൊക്കെ എല്ലായ്‌പ്പോഴും മുന്‍പന്തിയില്‍ ഉണ്ടാവും. എന്നാല്‍ ഒരിക്കല്‍പോലും വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ബുഷ്‌റ, ഹസീന, സെമീന, സലീജ് എന്നിവരാണ് മക്കള്‍.
Comments