മൗലവി അഹ്മദ് റശീദ് ഖാദിയാനിലേക്ക് പോയ കുടുംബാംഗം
(നടന്നു തീരാത്ത വഴികളില്‍ ഓര്‍മകള്‍ അവസാനിക്കുന്നില്ല-4)
മൗലവി അഹ്മദ് റശീദ്, വകയില്‍ എന്റെ അമ്മാവന്‍ ചെവിടമ്മല്‍ കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരുടെ മൂത്ത മകനാണ്. എന്റെ മൂത്ത പെങ്ങള്‍ കുഞ്ഞാമിയുടെ ആദ്യ ഭര്‍ത്താവും ആയിരുന്നു. അതിലൊരു മകളുമുണ്ട്. മുയിപ്പോത്ത് വിലങ്ങില്‍ വി. അബ്ദുല്ല മൗലവിയുടെ അനുജന്‍ മര്‍ഹൂം സൂപ്പിയുടെ ഭാര്യ ഖദീജ.
എന്റെ വാപ്പ തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ മുഖ്യ ശിഷ്യരില്‍ ഒരാളുമാണ് അഹ്മദ് റശീദ്. കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മൗലവി മുഹമ്മദ് ശീറാസി, കെ.കെ.എം ജമാലുദ്ദീന്‍ മൗലവി, മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍ മുതലായ പ്രമുഖ പണ്ഡിതന്മാര്‍ റശീദിന്റെ സതീര്‍ഥ്യരായിരുന്നു. പഴയ പള്ളി ദര്‍സ് രീതിയില്‍ മുഖ്യ 'ഫന്നു'കളിലുള്ള എല്ലാ പ്രധാന കിതാബുകളും ആഴത്തില്‍ 'തഹ്ഖീഖോ'ടെ പഠിച്ചെടുത്തിട്ടുണ്ട്, അഹ്മദ് റശീദ്. പുതിയതോ പഴയതോ, ഏത് അറബി കിതാബും പത്രം പോലെ വായിക്കും. ശുദ്ധ ഉറുദു ഭാഷ പച്ചവെള്ളം പോലെ സംസാരിക്കും. നീണ്ട സഹവാസത്തിനിടയില്‍ ഞാന്‍ എപ്പോള്‍ ഒരു അറബി പദ്യം ചൊല്ലിയാലും അതിന്റെ മുമ്പും പിമ്പുമുള്ള വരികള്‍ അനായാസം റശീദ് ചൊല്ലുന്നതാണ് അനുഭവം. ഒരു വീഴ്ചയെ തുടര്‍ന്നുണ്ടായ അവശതകളാല്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ അന്തരിച്ചു.
വ്യക്തിത്വവും കുടുംബ ബന്ധവും ബുദ്ധിവൈഭവവുമെല്ലാം പരഗണിച്ചാവണം അഹ്മദ് റശീദിനെ വാപ്പ മകളുടെ വരനായി തെരഞ്ഞെടുത്തത്. തുടര്‍ന്നും നാദാപുരത്ത് വാപ്പയുടെ ദര്‍സില്‍ ഓതിക്കൊണ്ടിരിക്കെയാണ് 'അഹ്മദിസ'ത്തില്‍* ആകൃഷ്ടനായി ഖാദിയാനിലേക്ക് പോയതെന്നാണ് കേട്ടറിവ് (അന്ന് ഞാന്‍ വളരെ ചെറുപ്പമായിരുന്നു). പോകുമ്പോള്‍ പെങ്ങള്‍ ഗര്‍ഭിണിയായിരുന്നു. പിന്നെ, വാപ്പയുടെ മരണശേഷം ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് തിരിച്ചുവന്നത്.
പെട്ടെന്നൊരു നാള്‍ അഹ്മദ് റശീദ് ഞങ്ങളുടെ തറക്കണ്ടി വീട്ടില്‍ മുന്നറിയിപ്പില്ലാതെ കയറി വരുന്നതാണ് പിന്നെ കാണുന്നത്. പെങ്ങളും മകളും വരാന്തയിലുണ്ടായിരുന്നു. കുട്ടിയെ വരാന്തയില്‍ വെച്ച് പെങ്ങള്‍ അകത്തേക്ക് പോയി. ഉമ്മയും പുറത്തേക്ക് വന്നില്ല. കുട്ടിയെ താലോലിച്ചെങ്കിലും, ചുറ്റുപാട് ശരിയല്ലെന്ന് കണ്ടപ്പോള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.
ഓര്‍മക്കുറിപ്പിന്റെ ഒന്നാം ഭാഗത്ത് സൂചിപ്പിച്ച പോലെ, വാപ്പയുടെ മരണശേഷം ഞങ്ങളുടെ കാര്യമെല്ലാം നോക്കി നടത്തിയത് കടവത്തൂരിലെ സുന്നി മതപണ്ഡിതരായ അമ്മാവന്മാരായിരുന്നു. സ്വത്തിന്റെ മുഖ്ത്യാര്‍ അധികാരം പോലും അവരിലൊരാളുടെ പേരിലായിരുന്നു. സ്വാഭാവികമായും പെങ്ങളുടെ വിവാഹ പ്രശ്‌നം കൈകാര്യം ചെയ്തതും അവര്‍ തന്നെ. 'ഖാദിയാനി'യായ അഹ്മദ് റശീദില്‍നിന്ന് രേഖാമൂലം മൊഴി കിട്ടണം എന്നതായിരുന്നു ആവശ്യം. ഖാദിയാനിസം ഇസ്‌ലാമിന് പുറത്താണെന്ന കാര്യത്തില്‍ മൂത്താപ്പക്കും ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍ കുടുംബപരമായ അഭിമാന ബോധവും മകനോടുള്ള കൃപയും മൂത്താപ്പക്ക് പ്രശ്‌നമായിരുന്നു. ഒടുവില്‍ നാട്ടുകാരണവന്മാരുടെയെല്ലാം മാധ്യസ്ഥത്തില്‍ മൊഴി എഴുതി നല്‍കാന്‍ മൂത്താപ്പ സമ്മതിക്കുകയാണുണ്ടായത്. മകനും വഴിപ്പെട്ടു.
മകന്‍ അഹ്മദ് റശീദിന് മറ്റൊരു വിവാഹം കണ്ടെത്തലായി അടുത്ത പ്രശ്‌നം. കുടുംബത്തില്‍ തന്നെ മറ്റൊരു വധുവിനെ കണ്ടെത്താന്‍ മൂത്താപ്പ പ്രയാസപ്പെടേണ്ടി വന്നില്ല. പ്രശ്‌നം മറ്റൊന്നായിരുന്നു. 'മതം' മാറിയ മകന് മഹല്ല് ഖാദി നികാഹ് ചെയ്ത് കൊടുക്കുമോ? ബന്ധപ്പെട്ടപ്പോള്‍ ഖാദി നിസ്സഹായത അറിയിച്ചു. കുഴഞ്ഞു മറിഞ്ഞ പ്രശ്‌നത്തിന് മകന്‍ അഹ്മദ് റശീദ് തന്നെയാണ് പരിഹാരവുമായി മുന്നോട്ടു വന്നത്. വളരെ ലളിതമായിരുന്നു പരിഹാരം. റശീദ് നേരില്‍ ഖാദിയെ കണ്ട് ചോദിച്ചു: 'മുസ്‌ലിമല്ലാത്ത ഒരാള്‍ മുസ്‌ലിമാകാന്‍ എന്താണ് വേണ്ടത്?' ഖാദി പറഞ്ഞു: 'ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാമില്‍ വരണം.' റശീദിന് പൂര്‍ണ സമ്മതം. 'താങ്കളുടെ മുമ്പാകെ ഇപ്പോള്‍ തന്നെ ചൊല്ലാം' എന്ന് പറഞ്ഞ് നല്ല ഈണത്തില്‍ ശഹാദത്ത് കലിമ ഭംഗിയായി ചൊല്ലിക്കൊടുത്തു. ഖാദിക്കും തൃപ്തിയായി. നികാഹും കഴിച്ചുകൊടുത്തു. ഇതോടെ പെങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരധ്യായം അവസാനിക്കുകയായിരുന്നു (ഖദീജ മക്കളോടൊപ്പം മുയ്‌പ്പോത്ത് താമസിക്കുന്നു).
അഹ്മദ് റശീദ് ഖാദിയാനിലേക്ക് തിരിച്ചുപോവുകയും ഇടവിട്ട് നാട്ടില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു.
അഹ്മദിസം മാറ്റിനിര്‍ത്തി മറ്റു മുറിവുകളെല്ലാം ഉണങ്ങിത്തുടങ്ങി. പഴയ കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമായി തിരിച്ചുകൊണ്ടു വരണമെന്ന വികാരം ഇരുഭാഗത്തും വളര്‍ന്നു വന്നു. അതിന്റെ കൂടി ഭാഗമായി, മൂത്താപ്പയുടെ ഇളയ മകന്‍ സി. മൂസ ഹാജി എന്റെ ഇളയ പെങ്ങള്‍ ഐഷുവിനെ വിവാഹം കഴിക്കുക എന്ന സന്തോഷകരമായ സംഭവവും ഒത്തുവന്നു. മാധ്യമം ന്യൂസ് എഡിറ്ററായി വിരമിച്ച സി. അബ്ദുല്‍ കരീം, മൂസ ഹാജിയുടെയും ഐഷുവിന്റെയും മൂത്ത മകനാണ്. ഞങ്ങളും അഹ്മദ് റശീദുമായുള്ള കുടുംബ പ്രശ്‌നം അവസാനിച്ച ശേഷവും ഞാനുമായുള്ള വ്യക്തി ബന്ധം തുടരുകയായിരുന്നു. നാട്ടില്‍ വരുമ്പോഴെല്ലാം അനുജനായ എന്നെ കൂടെ കിട്ടണം. ഉര്‍ദു സംസാരത്തിനും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും എന്നെ വേണം. എന്റെ 'മൗദൂദിസ'മൊന്നും ഇതിന് തടസ്സമല്ല. പിന്നെ പിന്നെ ആശയപരമായ എന്തെല്ലാമോ അസ്വസ്ഥതകള്‍ അദ്ദേഹത്തെ അലട്ടുന്നതായി തോന്നിത്തുടങ്ങി. അഹ്മദിസത്തിന് മാത്രമല്ല, വിശ്വാസപരമായ പലതിനും പരിക്കേല്‍പ്പിക്കുന്ന വാക്കുകളും പ്രയോഗങ്ങളും അറിഞ്ഞും അറിയാതെയും റശീദില്‍നിന്ന് പുറത്തുവന്നുകൊണ്ടിരുന്നു. ഒരിക്കല്‍ പറഞ്ഞതിങ്ങനെ: 'അഹ്‌റമനും യസ്ദാനും (ഇബ്‌ലീസും പടച്ചോനും) തമ്മിലുള്ള മത്സരത്തില്‍, സത്യം പറഞ്ഞാല്‍ ആരാണെടോ ജയിച്ചു കയറുന്നത്?' വേറൊരിക്കല്‍ പറഞ്ഞത്, 'എല്ലാ മതക്കാരും സംഘടനക്കാരും കള്ളന്മാരാണ്, എന്റെ സംഘടനക്കാരും നിന്റെ സംഘടനക്കാരും അങ്ങനെ തന്നെ.' സ്വന്തം സംഘടനയെ കുറിച്ച പരാമര്‍ശം ലഘൂകരിക്കാന്‍ കാവ്യനീതി പോലെ എന്റെ സംഘടനയെയും കൂട്ടുപിടിച്ചതാണെന്ന് ശൈലി കൊണ്ടും സന്ദര്‍ഭം കൊണ്ടും മനസ്സിലാക്കാമായിരുന്നു. മറ്റൊരിക്കല്‍ അര്‍ഥദുരൂഹമായ രണ്ട് വരി അറബിക്കവിത ചൊല്ലി. ഇതിന്റെ ബാഹ്യാര്‍ഥം ഒറ്റനോട്ടത്തില്‍ അപകടകരമായിരുന്നു. കവിത ഇങ്ങനെ:
തനസ്സര്‍ ഔ തഹവ്വദ് അയ്യ ദീനീ
തദീനു വ ഇന്നമാ ദീനീ ളലാലുന്‍
വ ഇന്നീ കുല്ലമാ അഹ്‌യാ, ളലൂമുന്‍
ജഹൂലുന്‍ മിന്‍ ശമാഇലിഹി-ള്ളലാലു
(ഈ വരികളില്‍ റശീദ് ഉദ്ദേശിച്ചിരിക്കാവുന്ന ഉള്ളടക്കം മനസ്സിലാകാന്‍ വിശുദ്ധ ഖുര്‍ആന്‍ അല്‍ അഹ്‌സാബ് എഴുപത്തിരണ്ടാം ആയത്ത് മുന്നിലിരിക്കേണ്ടതാണ്). കവിതയുടെ വാക്കര്‍ഥം ഇങ്ങനെ:
നീ ക്രിസ്ത്യനോ ജൂതനോ ആയിക്കൊള്ളുക
നിനക്ക് തോന്നിയ ഏതു മതവും
സ്വീകരിച്ചുകൊളളുക,
എന്റെ മതം വഴികേടാണ്
ഞാന്‍ ജീവിക്കും കാലത്തോളം
അക്രമിയും അവിവേകിയുമാണ്
വഴികേടാണ് എന്റെ പ്രകൃതം.
'പ്രപഞ്ചങ്ങള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ ഭയന്ന് വിവശമായ അമാനത്ത് ഏറ്റെടുത്ത മനുഷ്യന്‍ വലിയ അതിക്രമിയും അവിവേകിയും തന്നെ' എന്ന ഖുര്‍ആന്‍ വാക്യവുമായി ചേര്‍ത്തു വായിച്ചു നോക്കുക. ഈ വ്യതിയാനങ്ങളും അസ്വസ്ഥതകളും അഹ്മദ് റശീദില്‍ പെട്ടെന്നൊരു നാള്‍ പൊട്ടിമുളച്ചതല്ല, വര്‍ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നതാണ്. അല്ലെങ്കിലും മാനസികവും വൈജ്ഞാനികവുമായ ഏതോ ഒരു കെട്ടുറപ്പില്ലായ്മ അദ്ദേഹത്തില്‍ സൂക്ഷ്മ ദൃക്കുകള്‍ക്ക് നേരത്തേ വായിച്ചെടുക്കാമായിരുന്നു. അറിവിന്റെ ആഴമാണെങ്കിലും അതിലെ ഓളങ്ങള്‍ക്ക് താളപ്പൊരുത്തമില്ലായിരുന്നു. പില്‍ക്കാലത്ത് ഇദ്ദേഹത്തിന്റെ ക്ലാസ് മുറിയിലെ വിദ്യാര്‍ഥികള്‍ക്കും ഈ അറിവിന്റെ അച്ചടക്കരാഹിത്യം അനുഭവപ്പെട്ടുകാണും. കൃത്യമായി ഒരു തലക്കെട്ടിലൊതുങ്ങി ചര്‍ച്ച നടത്താനോ ക്ലാസ്സെടുക്കാനോ റശീദിനെക്കൊണ്ടാവില്ല. ഇത്രയും കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നത് അഹ്മദ് റശീദിന്റെ ചിന്താ മണ്ഡലത്തില്‍ പടരുന്ന അസ്വസ്ഥതയും ആശയക്കുഴപ്പവുമാണ്. ഇസ്‌ലാമിനെ സംബന്ധിച്ച് കെട്ടുറപ്പുള്ള ഒരു ചിന്താപദ്ധതി അദ്ദേഹത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്നു എന്ന തോന്നലാണ് എനിക്കുണ്ടായത്. ഒരുപക്ഷേ, അങ്ങനെയൊരു ചിന്താഭദ്രത നേരത്തേ തന്നെ തന്റെ കൈവശം ഇല്ല എന്നതാവാം ശരി. അപ്പോഴും, അഹ്മദിസം അദ്ദേഹം തീര്‍ത്തും കൈയൊഴിഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. സംഘടനാപരമായോ മറ്റോ പ്രശ്‌നങ്ങളുണ്ട് എന്നേ മനസ്സിലായിരുന്നുള്ളൂ.
അടുത്ത വരവില്‍ നാം കാണുന്നത് മറ്റൊരു അഹ്മദ് റശീദിനെയാണ്. അദ്ദേഹം അഹ്മദിസത്തെ ത്വലാഖ് ചൊല്ലി പിരിഞ്ഞിരിക്കുന്നു! (മുത്ത്വലാഖ് അല്ല എന്നു മാത്രം). അത്രയുമല്ല, ജമാഅത്തെ ഇസ്‌ലാമിക്കാരോട് വല്ലാത്ത അടുപ്പവും അനുഭാവവും! ഇതിനകം ജമാഅത്ത് അനുഭാവികളായി മാറിക്കഴിഞ്ഞ സ്വന്തം നാട്ടിലെ യുവ സുഹൃത്തുക്കള്‍ക്ക് റശീദിന്റെ മാറ്റത്തില്‍ ആവേശവും ആഹ്ലാദവും! അറ്റുപോയ ബന്ധങ്ങള്‍ തിരിച്ചുകിട്ടിയതില്‍ റശീദിനും അതിയായ സന്തോഷം. സംഗതി അവിടെയും നിന്നില്ല. ജമാഅത്ത് സ്ഥാപനങ്ങളില്‍നിന്ന് അധ്യാപക വൃത്തിയിലേക്ക് ക്ഷണവും വന്നു തുടങ്ങി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലും പിന്നീട് കുറ്റിയാടി ഇസ്‌ലാമിയാ കോളേജിലും അധ്യാപകനായി ചേര്‍ന്നു (ഈ ക്ലാസ് മുറികളിലെ അനുഭവമാണ് നേരത്തെ സൂചിപ്പിച്ചത്). കുറ്റിയാടിയിലെ അധ്യാപന കാലത്ത് വൈകുന്നേരങ്ങളില്‍ എന്റെ വീട്ടില്‍ വരും. വൈജ്ഞാനിക ചര്‍ച്ചക്കും നേരമ്പോക്കിനും വേണ്ടിയാണ് വരുന്നത്. അപ്പോഴും എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു, അഹ്മദ് റശീദ് പഴയ റഷീദ് തന്നെ. മാറ്റങ്ങള്‍ ഉപരിതലത്തില്‍ എന്നേ തോന്നിയുള്ളൂ. ഇതിനിടയില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സമ്മേളനം ഹൈദറാബാദില്‍ നടക്കുന്നു. നാട്ടിലെ യുവ തുര്‍ക്കികള്‍ക്ക് ആത്യാവേശം, അഹ്മദ് റശീദിനെയും കൂടെ കൂട്ടണം. അങ്ങനെ ആയഞ്ചേരി, പൈങ്ങോട്ടായി ഖാഫിലയില്‍ അഹ്മദ് റശീദും ഹൈദറാബാദിലേക്ക്. പോക്കും വരവും പരമാനന്ദം. കൂട്ടത്തില്‍ ഒരശരീരി എന്റെ കാതിലുമെത്തി. ഹൈദറാബാദിലെ അഹ്മദിയാ ഓഫീസ് റശീദ് സ്വകാര്യമായി സന്ദര്‍ശിച്ചിരുന്നുവത്രെ (ഹൈദറാബാദില്‍ അഹ്മദികള്‍ക്ക് ഓഫീസുണ്ടെന്ന് ഉറപ്പു വരുത്താന്‍ എനിക്ക് കഴിഞ്ഞില്ല). ഇങ്ങനെ മൗലവി അഹ്മദ് റശീദ് 'ഖാദിയാനിസം' വിട്ടെന്ന ശ്രുതിയും വിട്ടില്ലെന്ന അപശ്രുതിയും അന്തരീക്ഷത്തില്‍ പാറി നടന്നു. അഹ്മദിസം വിട്ടാലും വിട്ടില്ലെങ്കിലും അവര്‍ക്കിടയില്‍ സംഘടനാപരമായി ഏതോ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് ബോധ്യമായത് റശീദ് സാഹിബിന്റെ ചില സൂചനകളില്‍നിന്നും വെളിപ്പെടുത്തലുകളില്‍നിന്നുമാണ്. അവരുടെ അപ്പോഴത്തെ കേരള അമീറിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ''ഞങ്ങള്‍ അഹ്മദിയാക്കള്‍ക്കിടയില്‍ ഒരു പരിപാടിയുണ്ട്. അണികളെയും കുഞ്ഞാടുകളെയും അടക്കിനിര്‍ത്താനും ആവേശം കൊള്ളിക്കാനും നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും അതാവശ്യമാണ്. അതാണ് കിനാവ് കാണല്‍! തങ്ങള്‍ കണ്ട കിനാവും അതിന്റെ 'തഅ്‌വീലു'മൊക്കെ മിമ്പറില്‍ വികാരഭരിതമായി വിശദീകരിക്കുന്നതു കേട്ട് ഭക്തിപാരവശ്യത്താല്‍ അണികള്‍ക്ക് കണ്ണ് നിറയും. പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്. ഇങ്ങനെ കിനാവ് കാണേണ്ടവര്‍ കണ്ടുകൊള്ളട്ടെ. പക്ഷേ, അവന്‍ (അമീര്‍) എനിക്കെതിരെയും കിനാവ് കണ്ടാല്‍ ഞാന്‍ വിടുമോ? അവന് 'അല്‍ഫിയ' ചൊല്ലിക്കൊടുത്തത് ഞാനല്ലേ.'' കിനാവ് കണ്ട അമീറിന്റെ പേര് പറഞ്ഞില്ലെങ്കിലും ആളെ എനിക്ക് മനസ്സിലായി. ഇത്തരം ഭിന്നതകളുടെയും ശൈഥില്യങ്ങളുടെയും രൂക്ഷതക്ക് ഞാന്‍ ദൃക്‌സാക്ഷിയാകേണ്ടി വന്ന ഒരനുഭവമാണ് താഴെ പറയുന്നത്.
മൗലാനാ സമീഉല്ലാ കശ്മീരി
ഞാന്‍ വെള്ളിമാടുകുന്നിലെ പ്രബോധനം ഓഫീസിലിരിക്കെ കോഴിക്കോട് അഹ്മദിയാ സെന്ററില്‍നിന്ന് ഫോണ്‍ വരുന്നു. വിളിക്കുന്നത് അഹ്മദ് റശീദ്. 'ഞങ്ങളുടെ വലിയൊരു നേതാവ് മൗലാനാ സമീഉല്ലാ കശ്മീരി ഇവിടെ വന്നിട്ടുണ്ട്. ഞാനദ്ദേഹത്തിന് നിന്നെ പരിചയപ്പെടുത്തിയിരുന്നു. നേരില്‍ കാണാന്‍ വേണ്ടി, ഒന്ന് ഇവിടത്തോളം വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. മതപരമായ തര്‍ക്ക വിഷയങ്ങളൊന്നും പറയാനല്ല, കണ്ട് പരിചയപ്പെടാന്‍ മാത്രം'- ഇതായിരുന്നു ഫോണ്‍ വിളിച്ചതിന്റെ സാരം. ഞാന്‍ പോകാന്‍ തയാറായി. പോകാതിരിക്കുന്നത് ഭീരുത്വമായിരിക്കുമെന്ന് തോന്നി. എന്നെ അഹ്മദ് റശീദ് പറ്റിക്കുകയില്ലെന്ന ഉത്തമ ബോധ്യവും ഉണ്ടായിരുന്നു. അങ്ങനെ ചെന്നുകണ്ടപ്പോള്‍ വളരെ സൗഹൃദപരമായാണ് മൗലാനാ സമീഉല്ലാ എന്നെ സ്വീകരിച്ചത്. കുടുംബ കാര്യങ്ങളൊക്കെ അന്വേഷിച്ചതല്ലാതെ ആദര്‍ശ വിഷയങ്ങളിലേക്കൊന്നും പോയില്ല. ചായയും ബിസ്‌കറ്റും കഴിച്ച് തിരിച്ചെത്തിയ ശേഷമാണ് ജമാഅത്ത് അമീര്‍ കെ.സി അബ്ദുല്ല മൗലവിയും സഹപ്രവര്‍ത്തകരും സംഗതി അറിയുന്നത്. ആരോടും പറയാതെ ഞാന്‍ ഖാദിയാനി സെന്ററില്‍ പോയതില്‍ അമീര്‍ കെ.സി ക്ഷുഭിതനായിരുന്നു. അവര്‍ നിന്നെ ചതിക്കുകയില്ലെന്ന് എന്താണുറപ്പെന്നായിരുന്നു ചോദ്യം. കാര്യങ്ങളെല്ലാം ഒരു വിധം ബോധ്യപ്പെടുത്തിയ ശേഷമാണ് കെ.സി തണുത്തത്. മേലില്‍ ഇങ്ങനെ ചെയ്യരുതെന്ന ശാസനയും കേള്‍ക്കേണ്ടി വന്നു.
വന്ന അതിഥി തിരിച്ചുപോയ ശേഷം അഹ്മദ് റശീദ് ഫോണില്‍ എന്നെ അറിയിച്ചതാണ് വിഷയത്തിന്റെ ക്ലൈമാക്‌സ്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം: മൗലാന സമീഉല്ലാ കേരളത്തില്‍ വന്നത് ഞങ്ങള്‍ക്കിടയിലുള്ള ചില ഗൗരവപ്പെട്ട സംഘടനാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു. അതില്‍ നിന്റെ സാന്നിധ്യം എനിക്ക് ആവശ്യമുണ്ടായിരുന്നു. എന്റെ കുടുംബത്തില്‍ നിന്നെപ്പോലുള്ള മൗദൂദി നേതാക്കള്‍ ഉണ്ടെന്നും വേണ്ടി വന്നാല്‍ ഞാന്‍ കളം മാറുമെന്നും അവരെ ഭീഷണിപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഞാനുദ്ദേശിച്ചത് സാധ്യമായി എന്നും അഹ്മദ് റശീദ് പറഞ്ഞു.
കരുനാഗപ്പള്ളിയിലെ അഹ്മദിയാ കുടുംബത്തില്‍നിന്ന് അഹ്മദ് റശീദ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതില്‍ മൂന്ന് കുട്ടികളുണ്ട്. വാര്‍ധക്യ സഹജമായ അവശതകളെ തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. അവിടെയാണ് അന്ത്യം.
(തുടരും)
* മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി നബിയാണെന്നും ദൈവദൂതനാണെന്നും വിശ്വസിക്കുന്ന മതവിഭാഗം, ജനങ്ങളില്‍ അറിയപ്പെടുന്നത് ഖാദിയാനികള്‍ എന്ന പേരിലാണ്. ഇത് അവര്‍ ഇഷ്ടപ്പെടുന്ന പേരല്ല. വഹാബികളെന്ന് വിളിക്കുന്നത് മുജാഹിദുകളും മൗദൂദികളെന്ന് വിളിക്കുന്നത് ജമാഅത്തുകാരും ഖുറാഫികളെന്ന് വിളിക്കുന്നത് സുന്നികളും ഇഷ്ടപ്പെടാത്തതു പോലെ. മിര്‍സാ സാഹിബില്‍ വിശ്വസിക്കുന്നവര്‍ സ്വയം സ്വീകരിച്ച പേര്, അഹ്മദികള്‍ എന്നാണ്. ഈ പേരില്‍ വിളിക്കുന്നതേ അവരിഷ്ടപ്പെടുന്നുള്ളൂ. എന്നാല്‍ ഇവിടെ ഒരു പ്രയാസമുണ്ട്. മിര്‍സാ സാഹിബിന്റെ അനുയായികളില്‍ തന്നെ രണ്ടു വിഭാഗക്കാര്‍ ഉണ്ടെന്നതാണ് പ്രശ്‌നം. അദ്ദേഹം നബിയാണെന്ന് വിശ്വസിക്കുന്നവരും, നബിയല്ല, മഹ്ദിയും മസീഹുമാണ്, നുബുവ്വത്ത് വാദിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്നവരും. ആദ്യ വിഭാഗം ഖാദിയാനികളെന്നും രണ്ടാം വിഭാഗം ലാഹോരികളെന്നും അറിയപ്പെടുന്നു. പഞ്ചാബില്‍ മിര്‍സാ സാഹിബ് ജനിച്ച പ്രദേശമാണ് ഖാദിയാന്‍. ഇന്ത്യയില്‍ അവരുടെ കേന്ദ്രവും അതുതന്നെ. അഹ്മദികളില്‍ ഒരു വിഭാഗം ഖാദിയാനികളെന്ന് വിളിക്കപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടാനാണ് ഇങ്ങനെയൊരു വിശദീകരണം വേണ്ടിവന്നത്.
Comments