ചരിത്രബോധമില്ലാത്ത നിയമനിര്‍മാണം
നമ്മുടെ രാജ്യചരിത്രത്തിലെ എല്ലാ അഭയാര്‍ഥി പ്രശ്നങ്ങളും ഒരു മുസ്ലിം പ്രശ്നം മാത്രമാക്കി ചുരുക്കാനാണ് പൗരത്വബില്ലിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെല്ലാം ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന് നേതൃത്വം നല്‍കുന്നത് മുസ്ലിംകളാണ്. അതുകൊണ്ട് അവരല്ലാത്ത എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം കൊടുക്കാം. ഈയൊരു ലളിതയുക്തിയാണ് സംഘ്പരിവാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ചരിത്രപാഠങ്ങള്‍ക്ക് തന്നെ എതിരാണ്.
ലോകചരിത്രത്തില്‍ രണ്ട് മഹായുദ്ധങ്ങളും മറ്റുമെല്ലാമുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി ധാരാളം അഭയാര്‍ഥി പ്രവാഹങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും മുസ്ലിംകള്‍ക്ക് പങ്കില്ലാത്ത കാര്യമാണ്. യുഗോസ്ലാവിയ, അല്‍ബേനിയ പോലുള്ള നാടുകളിലെ പ്രശ്നങ്ങള്‍ക്ക് മതമെന്നതിലുപരി വംശം, വര്‍ഗം എന്നിവയുമായാണ് ബന്ധം.
നമ്മുടെ രാജ്യത്ത് പൗരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആരംഭിച്ച അസമിന്റെ ചരിത്രമൊന്ന് നോക്കുക. വ്യാപകമായ അക്രമങ്ങളും കൂട്ടക്കൊലകളുമാണ് അവിടെ നടന്നത്. നെല്ലിയില്‍ മാത്രം പതിനായിരക്കണക്കിനാളുകളെയാണ് കൊന്നത്. അവിടെയും വംശീയതയായിരുന്നു യഥാര്‍ഥ പ്രശ്നം. വിഭജനത്തിന് മുമ്പും ശേഷവുമായി ലക്ഷക്കണക്കിന് ബംഗാളികള്‍ സംയുക്ത അസമിലേക്ക് (മേഘാലയ, ത്രിപുര, നാഗലാന്റ് ഉള്‍പ്പെടെ) കുടിയേറിയിരുന്നു. ഇത്തരം വ്യാപകമായ കുടിയേറ്റങ്ങള്‍ അസം മേഖലയിലെ പാരമ്പര്യ സംസ്‌കാരത്തിനും സമൂഹങ്ങള്‍ക്കും ഭീഷണിയാണ് എന്നതായിരുന്നു അവിടെയുള്ള പ്രധാന പ്രശ്നം. അതിനെതിരെ ഇറങ്ങിയത് അവിടെയുള്ള അസമീസ് മുസ്ലിംകളടക്കമുള്ള വിഭാഗങ്ങളായിരുന്നെന്ന് ചരിത്രത്തില്‍ കാണാം. മഹാരാഷ്ട്രയില്‍ ശിവസേന വലിയ കലാപങ്ങളും അക്രമങ്ങളും നടത്തിയത് മറാത്തികളുടെ അവകാശമെന്ന വംശീയതയുടെ അടിസ്ഥാനത്തിലായിരുന്നു. തെലങ്കാന ഉണ്ടായിവന്നതും ആന്ധ്രയിലുള്ളവര്‍ക്കും തെലങ്കാനക്കാര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ കാരണമാണ്. സിക്ക് മതത്തിന്റെ പേരില്‍ ഭിന്ദ്രന്‍വാല പഞ്ചാബില്‍ കലാപങ്ങളുാക്കി. ഇതൊന്നും മുസ്ലിംകളുടെ പ്രശ്നമായിരുന്നില്ല.
പൗരത്വബില്ലില്‍ അഫ്ഗാനിസ്താനെയും ഒരു അയല്‍ രാജ്യമായാണ് എണ്ണുന്നതെന്നത് വലിയൊരു വൈരുധ്യമാണ്. അതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. മാത്രമല്ല അഫ്ഗാനില്‍ ആകെയുള്ളത് ആയിരത്തോളം ഹിന്ദുക്കളാണെന്നാണ് കണക്ക്. എന്നാല്‍ അതിലും കൂടുതല്‍ ഹിന്ദുക്കളുള്ള പല അയല്‍ രാജ്യങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വന്നിട്ടില്ലതാനും.
മേല്‍പറഞ്ഞ രാജ്യങ്ങളിലെല്ലാം ഹിന്ദുക്കള്‍ ഇല്ലാതായിക്കൊിരിക്കുന്നു എന്നാണ് ബി.ജെ.പി പറയുന്ന മറ്റൊരു കാര്യം. അതിന്റെ യാഥാര്‍ഥ്യമെന്താണെന്ന് നോക്കുക. പഞ്ചാബ് എന്ന പ്രവിശ്യയെയാണ് രണ്ടായി വിഭജിച്ചത്. പണ്ടത്തെ സംയുക്ത പഞ്ചാബിലുള്ള മുസ്ലിംകള്‍ പാകിസ്താന്‍ ഭാഗത്തേക്കും സിക്കുകാരും മറ്റും ഇന്ത്യയുടെ ഭാഗത്തേക്കും വരികയാണുണ്ടായത്. രണ്ട് പഞ്ചാബിലും ഗണ്യമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ കുറയാന്‍ ഇത് കാരണമായി. അതുപോലെ തന്നെ ബംഗാളിലെ പ്രശ്നം നോക്കിയാല്‍ അന്നത്തെ വിശാല ബംഗാളാണ് വിഭജിക്കപ്പെട്ടത്. അന്നത്തെ വിശാല ബംഗാളില്‍ സംയുക്ത അസമും ഇന്നത്തെ ബിഹാറുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ഇത് വിഭജിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിട്ടുണ്ട്. ഇതൊരു ചരിത്രസത്യമാണ്.
അഭയാര്‍ഥികളുടെ ചരിത്രം നോക്കിയാല്‍ ആര്‍.എസ്.എസുകാരുടെ നേതാവ് സവര്‍ക്കറിന്റെ രസകരമായൊരു കഥയുണ്ട്. സവര്‍ക്കറെ കാലാപാനിയിലേക്ക് നാടുകടത്തിയപ്പോള്‍ ചാടി രക്ഷപ്പെട്ട് ഫ്രാന്‍സിന്റെ കീഴിലുള്ള സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെനിന്ന് അദ്ദേഹത്തെ പിടിച്ച് ബ്രിട്ടന് തിരിച്ചേല്‍പിച്ചു. കോടതിയില്‍ വിചാരണക്കിടെ താന്‍ ഫ്രാന്‍സിലെ അഭയാര്‍ഥിയാണെന്നും ഫ്രഞ്ച് നിയമപ്രകാരം തന്നെ വിചാരണ ചെയ്യണമെന്നും അദ്ദേഹം വാദിച്ചു. കോടതി വാദം തള്ളിയപ്പോള്‍ ഇതേ വാദവുമായി അദ്ദേഹം അന്താരാഷ്ട്ര കോടതിയിലും പോയി. അപ്പോള്‍ ഒരു ഹിന്ദു എങ്ങനെയാണ് ക്രിസ്ത്യന്‍ രാജ്യത്ത് അഭയാര്‍ഥിയായതെന്ന് ആര്‍.എസ്.എസ് പറയണം. മാത്രമല്ല, കാലാപാനിയിലേക്ക് നാടുകടത്തപ്പെട്ടപ്പോള്‍ വലിയ ധീരതയൊന്നുമല്ല സവര്‍ക്കര്‍ കാണിച്ചത്. മറിച്ച് രണ്ടാം മാസം മാപ്പെഴുതിക്കൊടുക്കുകയാണ് ചെയ്തത്. ആറ് തവണയാണ് അദ്ദേഹം മാപ്പപേക്ഷ നല്‍കിയത്.
സ്വാഭാവികമായും അങ്ങോട്ടുമിങ്ങോട്ടും അഭയാര്‍ഥികളുണ്ടാകും. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം അതിന് കൃത്യമായ നിര്‍വചനങ്ങളുണ്ട്. പക്ഷേ, പുതിയ ആക്ടിലെ അഭയാര്‍ഥി നിര്‍വചനം എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണ്. അതിലെ വിവേചനം നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണ്. ഇപ്പോള്‍ സംഘ്പരിവാര്‍ പറയുന്നത് ആര്‍ട്ടിക്ക്ള്‍ 14 ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ബാധകമാകൂ എന്നാണ്.
ഈ ബില്ലിന്റെ ലക്ഷ്യം ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പുകളാണ്. അസമില്‍ ഇപ്പോള്‍ എന്‍.ആര്‍.സി ലിസ്റ്റില്‍നിന്ന് പത്ത് ലക്ഷത്തിലധികം ഹിന്ദുക്കള്‍ പുറത്തായിട്ടുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കിയാല്‍ ആ വോട്ടുകള്‍ ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ സ്വപ്‌നം. അതുപോലെ ബംഗാളില്‍ മമതക്ക് വോട്ടുചെയ്യുന്ന കുറച്ച് മുസ്ലിംകളെയെങ്കിലും പുറത്താക്കാമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ തന്ത്രം വലിയ പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. അവിടെയുള്ള സംസ്‌കാരവും മറ്റും സംരക്ഷിക്കാന്‍ കുടിയേറ്റക്കാരെ പൂര്‍ണമായും പുറത്താക്കണമെന്നാണ് അവരുടെ ആവശ്യം. ക്രിസ്ത്യാനികളെ പൗരത്വ ബില്ലില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മേഘാലയ പോലുള്ള ക്രിസ്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രശ്നമുണ്ടാകില്ലെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവരെല്ലാം ഇതിനെ എതിര്‍ത്തു.
ശ്രീലങ്കന്‍ തമിഴരെ ആട്ടിയോടിച്ച ബൗദ്ധരെ ബില്ലില്‍ ഉള്‍പ്പെടുത്തിയതും ശ്രീലങ്കന്‍ തമിഴ് ഹിന്ദുക്കളെ ഉള്‍പ്പെടുത്താതിരുന്നതും പ്രശ്നമുണ്ടായിട്ടുണ്ട്. 25 വര്‍ഷമായി രണ്ട് ലക്ഷം തമിഴര്‍ ഇവിടെയുണ്ട്. വിശാല ഹിന്ദുവില്‍ പെടുമെങ്കിലും അവര്‍ ദ്രാവിഡരാണെന്നതാണ് അവരെ ഉള്‍പ്പെടുത്താത്തതിന് പ്രധാന കാരണം. സംഘ്പരിവാറിന്റെ ഹൈന്ദവരായ ഏറ്റവും വലിയ ശത്രുക്കളാണ് ദ്രാവിഡര്‍. ആ വാക്ക് കേള്‍ക്കുന്നതുപോലും അവര്‍ക്ക് പകയാണ്. മലേഷ്യയില്‍ പത്ത് ശതമാനത്തോളം ഹിന്ദുക്കളുണ്ട്. അവര്‍ക്ക് പീഡനമുണ്ടായി അവര്‍ ഇവിടേക്ക് വന്നാല്‍ അവരെ സ്വീകരിക്കുമോ എന്നതിനും വ്യക്തതയില്ല. മറ്റൊരു പ്രശ്നമാണ് ചൈന. ചൈന 1962-ല്‍ ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ കൈയടക്കിയിട്ടുണ്ട്. അവിടെയുള്ള ഹിന്ദുക്കളെവിടെയെന്നതിനും മറുപടിയില്ല.
ഇവിടെ ഈ ആക്ടിന്റെ ലക്ഷ്യം കൃത്യമാണ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നെന്ന് വാദിച്ച് വര്‍ഗീയവല്‍ക്കരണം ത്വരിതപ്പെടുത്തുക. എന്നാല്‍ ഈ പറയുന്ന അയല്‍ രാജ്യങ്ങളില്‍ എത്ര ഹിന്ദുവിരുദ്ധ കലാപങ്ങളും പലായനങ്ങളുമാണ് ഉണ്ടായത്, അല്ലെങ്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് കണക്കുകള്‍ വെച്ച് സ്ഥാപിക്കട്ടെ. മുസഫര്‍ നഗര്‍, ജബല്‍പൂര്‍, ഗുജറാത്ത് പോലെ അവിടെ നടന്ന കലാപങ്ങളേതൊക്കെയാണ്? അങ്ങനെയൊന്നുമില്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
ഇത് സംഘ്പരിവാറിന്റെ വ്യക്തമായ പദ്ധതിയുടെ ഭാഗമാണ്. ഇത് സവര്‍ക്കര്‍ കാലാപാനിയില്‍നിന്ന് തിരിച്ചെത്തിയ ശേഷം തുടങ്ങിയ ആസൂത്രണങ്ങളുടെ ഭാഗമാണ്. അദ്ദേഹം ക്ഷമാപണം എഴുതിക്കൊടുക്കുന്നതിനു മുമ്പ് ബീഗം ഹസ്രത്ത് മഹലിനെയും മറ്റ് മുസ്ലിം നേതാക്കളെയുമെല്ലാം പ്രകീര്‍ത്തിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് തടവില്‍നിന്ന് മോചിക്കപ്പെട്ടശേഷം കൃത്യമായ വര്‍ഗീയ കാര്‍ഡ് കളിക്കുകയായിരുന്നു അദ്ദേഹം. അതായത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് പദ്ധതിയുടെ നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. ഇതുതന്നെയാണ് സംഘ്പരിവാര്‍ ഇപ്പോഴും നടപ്പാക്കുന്നത്.
സ്വാതന്ത്ര്യസമര കാലത്ത് സവര്‍ക്കര്‍ ചെയ്തിരുന്നത് പ്രധാനപ്പെട്ട മൂന്ന് പണികളായിരുന്നു. ശുദ്ധി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയാണ് ഒന്ന്. രണ്ടാമത്തേത്, ഹിന്ദി-മറാഠി ഭാഷയിലെ പേര്‍ഷ്യന്‍-അറബി പദങ്ങള്‍ ഒഴിവാക്കലാണ്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കലായിരുന്നു മൂന്നാമത്തേത്. അല്ലാതെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹമൊന്നും ചെയ്തിട്ടില്ല. പിന്നെ ചിലരെ രഹസ്യമായി വധിക്കാന്‍ സവര്‍ക്കര്‍ പദ്ധതിയിട്ടിരുന്നു. ചില ഇംഗ്ലീഷുകാരെ കൊന്നു. ഗാന്ധിജിയെയും ഇങ്ങനെ കൊന്നു. ഇതേ രാഷ്ട്രീയ കൊലതന്നെയാണ് ഇന്നും സംഘ്പരിവാര്‍ തുടരുന്നത്. ധബോല്‍കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെയെല്ലാം വധത്തിലൂടെ അതേ പാരമ്പര്യമാണവര്‍ നിലനിര്‍ത്തുന്നത്.
പൗരത്വ ബില്ലിലൂടെയും പൗരത്വ രജിസ്റ്ററിലൂടെയും പുറത്താക്കപ്പെടുന്നവര്‍ക്കായി ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഒരുക്കുന്നുണ്ട്. അത് യഥാര്‍ഥത്തില്‍ ജര്‍മനിയിലും മറ്റുമുണ്ടായിരുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ തന്നെയാണെന്ന് നാം മനസ്സിലാക്കണം. നമുക്കെല്ലാവര്‍ക്കും വേണ്ടിയാണ് അത് പണിയപ്പെട്ടിരിക്കുന്നതെന്നും മനസ്സിലാക്കണം.
വിവേചനപരമായ ഈ ആക്ടിനെ എല്ലാ ജനവിഭാഗങ്ങളുമായി ചേര്‍ന്ന് പ്രതിരോധിക്കുകയാണ് നാം ചെയ്യേണ്ടത്. ഇത് മുസ്ലിമിന്റെ മാത്രം പ്രശ്നമാണെന്ന് നാം കരുതരുത്. കാരണം ഇവിടെയുള്ള എല്ലാ പൗരന്മാരും അടുത്ത കാലത്ത് തന്നെ ഇതിന് ഇരകളാകും. എല്ലാ മേഖലയില്‍നിന്നുമുള്ള സമാനമനസ്‌കരെ ഒരുമിച്ചുകൂട്ടിയുള്ള പ്രതിരോധങ്ങളാണ് തീര്‍ക്കേണ്ടത്. അതിനായി എല്ലാവരും മുന്നിട്ടിറങ്ങണം.
(15-12-2019-ന് സോളിഡാരിറ്റി കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച 'പൗരത്വം, ദേശസുരക്ഷ, നിയമവാഴ്ച: നീതിന്യായ വ്യവഹാരങ്ങളിലെ ഇന്ത്യന്‍ മുസ്ലിം' എന്ന ചര്‍ച്ചാ സംഗമത്തില്‍ നടത്തിയ പ്രഭാഷണം)
തയാറാക്കിയത്: പി.പി ജസ
Comments