Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

പൗരവിഭജനത്തിന്റെ വിചാരധാര

പി.ഐ നൗഷാദ്

രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ അന്ത്യം കുറിക്കപ്പെട്ടു എന്ന വാദമുന്നയിച്ചാണ് സുപ്രീം കോടതിയുടെ ഏകപക്ഷീയവും നീതിരഹിതവുമായ ബാബരി ഭൂതര്‍ക്ക വിധിയെ ദേശീയ മാധ്യമങ്ങളും വലിയ ഒരു വിഭാഗം അക്കാദമിക, സാംസ്‌കാരിക നേതാക്കളും സ്വാഗതം ചെയ്തത്. സമാധാനത്തിനും ഐക്യത്തിനും വേണ്ടി നീതിനിഷേധം സംയമനത്തോടെ അംഗീകരിക്കാന്‍ അവര്‍ മുസ്‌ലിം സമൂഹത്തിനുമേല്‍ അതിസമ്മര്‍ദവും ചെലുത്തി. കോടതി വിധിക്കെതിരെ ജനാധിപത്യപരവും നിയമപരവുമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചവരെ സമാധാന ധ്വംസകരായി ചിത്രീകരിക്കാന്‍ ഭരണകൂടവും സംഘ്പരിവാറും നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. നീതിയെയും തെളിവുകളെയും കൈയൊഴിച്ച് ഭരണകൂട ഹിതത്തെ രാഷ്ട്രീയ പരിഹാരമെന്ന വ്യാജേന സുപ്രീം കോടതി നടപ്പാക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയവര്‍ പോലും മുസ്‌ലിംകളെ ഉപദേശിച്ചത് കലാപരഹിതമായ ഒരു രാജ്യത്തിനുവേണ്ടി ബാബരി മസ്ജിദിനെ നിങ്ങള്‍ മറക്കണമെന്നാണ്. യഥാര്‍ഥത്തില്‍ ഈ സംയമനത്തിന്റെയും സമാധാനത്തിന്റെയും ഉപദേശങ്ങളില്‍ അദൃശ്യമാക്കപ്പെട്ടത് ബാബരി മസ്ജിദോ മുസ്‌ലിം സമൂഹത്തിന്റെ വൈകാരികതകളോ ഒന്നുമല്ല, രാജ്യം ഭരിക്കുന്നവരുടെ വിദ്വേഷ പ്രത്യയശാസ്ത്രമാണ് സംഘര്‍ഷങ്ങളുടെ ഹേതുവെന്ന നഗ്‌ന സത്യമാണ്.
ഇന്ത്യന്‍ ഫാഷിസത്തിന്റെ അടിത്തറകളില്‍ പ്രധാനം മുസ്‌ലിം വിരുദ്ധതയാണന്നത് ഏവര്‍ക്കും അറിയാവുന്നതും അവരുടെ പുസ്തകങ്ങളില്‍ എഴുതിവെച്ചിരിക്കുന്ന വസ്തുതയുമാണ്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും മുതല്‍ മോദിയും അമിത് ഷായും അടക്കം സോഷ്യല്‍ മീഡിയയിലെ ആര്‍.എസ്.എസ് ആശയാവലിയില്‍ ആകൃഷ്ടരായ ചെറുപ്പക്കാര്‍ വരെ തരംപോലെ അത് ആവര്‍ത്തിച്ച് സ്ഥാപിക്കുന്നുണ്ട്. ബാബരി മസ്ജിദല്ല, വരാണസിയിലെയും മഥുരയിലെയും പള്ളികള്‍ വിട്ടുകൊടുത്താലും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിച്ചാലും മുസ്‌ലിം വിരുദ്ധ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അധികാരത്തിലും സമൂഹത്തിലും സ്വാധീനം നിലനില്‍ക്കുംവരെ കലാപങ്ങള്‍ ഭയക്കാതെ സമാശ്വാസത്തോടെ മുസ്‌ലിംകള്‍ക്ക് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുക എളുപ്പമല്ല. രാജ്യത്ത് ഇടക്കിടക്ക് കലാപങ്ങളും ഹിംസാത്മക അക്രമങ്ങളും അരങ്ങേറുന്നതിന്റെ കാരണം ജനങ്ങളെ ഭിന്നിപ്പിച്ച് ആധിപത്യം കൂടുതല്‍ വികസിപ്പിക്കാനുള്ള സംഘ് പരിവാര്‍ താല്‍പര്യങ്ങളാണന്ന വാദത്തെ സംശയിക്കുന്നവര്‍, ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും നടപ്പാക്കുന്നതിലെ ഭരണകൂട അജണ്ടകള്‍ പഠിച്ചാല്‍ അവര്‍ക്ക് ഉത്തരം സുതരാം വ്യക്തമാവും. കാരണം, ഭരണകൂടം നടപ്പാക്കുന്ന ആസൂത്രിത ദുരന്തങ്ങളെ 'ഞങ്ങള്‍ക്കു മേല്‍ പതിക്കുന്ന അവസാനത്തെ ആപത്താണിതെന്നും ഇനിയെല്ലാം സുന്ദരമാകുമെന്നും' ഉള്ള സ്വയംനിര്‍മിത മൗഢ്യത്തില്‍ തലപൂഴ്ത്തി സുഖസുഷുപ്തിയിലേക്ക് ആണ്ടിറങ്ങാന്‍ വെമ്പല്‍ കൊള്ളുന്നവരെ പോലും ഞെട്ടിച്ചിരിക്കുകയാണ് പൗരത്വ ഭേദഗതിയും ദേശവ്യാപകമായി നടത്താന്‍ പോകുന്ന പൗരത്വ രജിസ്റ്റര്‍ നടപടികളും.

വിഭജിത ഇന്ത്യ
രാജ്യത്തെ പൗരന്മാരെ മുസ്‌ലിംകളും മുസ്‌ലിമേതരരുമെന്ന വിഭജനമാണ് പൗരത്വ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിയമപരമായി സ്ഥാപിച്ചിരിക്കുന്നത്. അര്‍ധരാത്രിയിലും ഉറങ്ങാതെ പണിയെടുക്കുന്ന ഫാഷിസം ഡിസംബര്‍ 9-നും പത്തിനും ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി പാസ്സാക്കിയും അര്‍ധരാത്രി തന്നെ രാഷ്ട്രപതിയെക്കൊണ്ട് അതില്‍ ഒപ്പുവെപ്പിച്ചുമാണത് സാക്ഷാത്കരിച്ചത്. ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് അതിനെ കുറിച്ച് പറഞ്ഞത് പതിറ്റാണ്ടുകാലത്തെ സ്വപ്‌നങ്ങളാണ് പൂവണിയുന്നതെന്നാണ്. സംഘ് പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്ക് പൗരത്വമില്ല എന്നത് ആര്‍.എസ്.എസിന്റെ രൂപീകരണ കാലയളവില്‍ തന്നെ ഗോള്‍വാള്‍ക്കറും സവര്‍ക്കറും 'വിചാര ധാര'യിലും 'ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണഘട്ടങ്ങളി'ലും അര്‍ഥശങ്കകളില്ലാതെ പ്രഖ്യാപിച്ചതാണ്. അത് നടപ്പാക്കുന്നതിലേക്കുള്ള നിയമപരമായ ചുവടുവെപ്പുകള്‍ക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നേതൃത്വം നല്‍കുന്നത്. കശ്മീരിലെ 370 റദ്ദാക്കലും ബാബരി ഭൂമിയില വിധിയും ഒന്നിന്റെയും ഒടുക്കമല്ലെന്നും കൃത്യമായ പദ്ധതികളുടെ തുടര്‍ച്ചയും മതപരമായി പൗരന്മാരെ വിഭജിച്ച് മുസ്‌ലിം സമൂഹത്തെ പൗരരഹിതരാക്കുന്ന വിശാല അജണ്ടകളുടെ ഭാഗമാണന്നും മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമൊന്നുമില്ല.
ഹിന്ദുത്വ രാഷ്ട്രത്തിലെ ആന്തരിക ഭീഷണികളില്‍ പ്രഥമസ്ഥാനീയരും ഏറ്റവും അപകടകാരികളുമായ ശത്രുഘടകം മുസ്‌ലിംകളാണന്ന് സിദ്ധാന്തിക്കുന്ന1 ഗോള്‍വാള്‍ക്കര്‍, മുസ്‌ലിം മൊഹല്ലകളെ ശിഥിലമാക്കി ഇസ്‌ലാമിക അസ്തിത്വം ഇല്ലായ്മ ചെയ്യുന്ന മുസ്‌ലിം വംശീയ ഉന്മൂലനത്തിന്റെ പ്രണേതാവായിരുന്നു. അതിന്റെ പ്രായോഗിക നടപടി കശ്മീരില്‍നിന്ന് തുടങ്ങി അസമില്‍ പൂര്‍ത്തീകരിച്ച് പടിഞ്ഞാറന്‍ യു.പിയിലൂടെ രാജ്യം മുഴുവന്‍ ആരംഭിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. 'നമ്മുടെ രാജ്യത്തിലെ തന്ത്രപരമായ പ്രദേശങ്ങളില്‍ തങ്ങളുടെ (മുസ്‌ലിംകളുടെ) എണ്ണം അവര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീര്‍ കഴിഞ്ഞാല്‍ അസമാണവരുടെ ലക്ഷ്യം. വളരേയേറെക്കാലമായി അസമിലും ത്രിപുരയിലും ബംഗാളിന്റെ ബാക്കിഭാഗത്തും അവര്‍ ആസൂത്രിതമായ രീതിയില്‍ പെരുകുകയാണ്. ചിലര്‍ വിശ്വസിക്കാനിഷ്ടപ്പെടുന്നതുപോലെ കിഴക്കന്‍ പാകിസ്താന്‍ ക്ഷാമത്തിന്റെ പിടിയില്‍പെട്ടതുകൊണ്ടല്ല, ജനങ്ങള്‍ അസമിലേക്കും പശ്ചിമ ബംഗാളിലേക്കും വന്നത്..... മുസ്‌ലിംകള്‍ അസമിലേക്ക് കളവായി ചോര്‍ന്ന് കടക്കുകയും ആ സ്ഥലത്തെ മുസ്‌ലിംകള്‍ അവര്‍ക്ക് അഭയം നല്‍കുകയുമാണ്' (പേജ് 220). കശ്മീരും അസമും സംഘര്‍ഷ ഭൂമിയാകുന്നതും മുസ്‌ലിംകള്‍ അധികാരഭ്രഷ്ടരാകുന്നതും പൗരത്വ പട്ടിക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തീരുമാനവും രാജ്യം ഫാഷിസത്തിന്റെ പിടിയിലായതിന്റെ സ്വാഭാവിക പരിണാമമാണ്.

വിദ്വേഷത്തിന്റെ പ്രതിക്രിയാ
രാഷ്ട്രീയം
ഭൂതകാലത്തിലെ നഷ്ടങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് പ്രതിക്രിയ ചെയ്യണമെന്ന സവര്‍ക്കറുടെ വംശീയ വിദ്വേഷ രാഷ്ട്രീയത്തില്‍നിന്നുതന്നെയാണ് പൗരത്വം റദ്ദാക്കാനുള്ള തീരുമാനങ്ങളും ഉരുവം കൊള്ളുന്നത്. ഒറ്റ വിഷച്ചെടിയില്‍നിന്ന് മുളപൊട്ടിയതാണ് പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും. പ്രതികാരത്തിലൂടെ മാത്രമേ സുവര്‍ണകാലത്തെ തിരിച്ചുപിടിക്കാനാകൂവെന്ന് സിദ്ധാന്തം ചമച്ചിട്ടുണ്ട്, സവര്‍ക്കര്‍. 'ശത്രുക്കളുടെ സ്ത്രീകളെ പോലും ആദരിക്കുക എന്ന മിഥ്യാസങ്കല്‍പ്പംകൊണ്ട് പാത്രാപാത്ര വിവേചനാശൂന്യമായ പ്രവൃത്തികള്‍ ചെയ്ത് ആ കാലഘട്ടത്തിലെ ഹിന്ദുക്കള്‍ പല പ്രാവശ്യവും വിജയം വരിച്ചു. എങ്കിലും തങ്ങളുടെ അധീനതയിലാക്കാന്‍ കഴിഞ്ഞ മുസ്‌ലിം സ്ത്രീകള്‍ക്ക് അവര്‍ ചെയ്ത അതികഠിനവും നീചവുമായ ആക്രമണങ്ങള്‍ക്ക് പകരമായി അതേ രീതിയിലുള്ള ശിക്ഷ കൊടുത്തിട്ടില്ല'. 'മുസ്‌ലിം സ്ത്രീകള്‍ കാണിച്ച അക്രമങ്ങള്‍കൊണ്ടാണ് വളരെയധികം ഹിന്ദു സ്ത്രീകള്‍ ധര്‍മഭ്രഷ്ടരായത്. ചാരിത്ര്യം നഷ്ടപ്പെട്ടത്. അപ്രകാരം രാക്ഷസീയമായ അക്രമം പ്രവര്‍ത്തിച്ച മുസ്‌ലിം സ്ത്രീകള്‍ക്ക് സ്ത്രീ എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനക്ക് അര്‍ഹതയില്ലാത്തതാണ്'.2 സംഘ് പരിവാര്‍ ആസൂത്രണം ചെയ്ത വര്‍ഗീയ കലാപങ്ങളില്‍ വ്യാപകമായ ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങേറുന്നത് താല്‍ക്കാലിക ആള്‍ക്കൂട്ട പ്രതിഭാസമല്ല; അവ പ്രത്യയശാസ്ത്രബന്ധിതമാണ് എന്നര്‍ഥം.
പൗരത്വം റദ്ദാക്കപ്പെടുന്നതിന്റെ അര്‍ഥം വ്യക്തി രാഷ്ട്രം നല്‍കുന്ന എല്ലാ അവകാശങ്ങളില്‍നിന്നും പുറത്തുപോവുക എന്നതാണ്. അതുകൊണ്ടാണ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ അടിസ്ഥാനമായി പൗരത്വം മാറുന്നത്. ആധുനിക ദേശരാഷ്ട്ര സാമൂഹിക ക്രമത്തില്‍ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെടുക ദേശത്തോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ്. അതല്ലാത്തവരെല്ലാം അഭയാര്‍ഥികളോ നുഴഞ്ഞുകയറ്റക്കാരോ ആണ്. ഒരു കൂട്ടര്‍ ഭരണകൂടത്തിന്റെ ദാക്ഷിണ്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍, മറ്റൊരു കൂട്ടര്‍ നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍. അസമില്‍ പൗരത്വ പട്ടികയിലൂടെ ശിക്ഷിക്കാനായി പത്തൊമ്പത് ലക്ഷം പേരെ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നു. അതു പോരാ എന്നാണ് അമിത് ഷാ ഭീഷണിപ്പെടുത്തുന്നത്. അത് നാല്‍പത് ലക്ഷത്തിലെത്തിക്കാന്‍ കഴിയാത്തതില്‍ സംഘ് പരിവാര്‍ ഖിന്നരാണ്. ദേശം മുഴവന്‍ പൗരന്മാരുടെ തലയെണ്ണി പുറത്താക്കാനുള്ളവരുടെ എണ്ണം തികച്ച് പ്രതിക്രിയ നടപ്പാക്കാനുള്ള ഉന്മാദ വ്യഗ്രതയിലാണ് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാര്‍.
രാജ്യവിഭവങ്ങള്‍ തിന്നു നശിപ്പിക്കുന്ന, ഭരണകൂടങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ട കീടങ്ങളെ ചേറ്റിയെടുക്കുകയെന്ന പ്രയത്‌നമാണ് സംഘ് സര്‍ക്കാരിനെ സംബന്ധിച്ച് പൗരത്വ പട്ടിക. അസമിലെ അനുഭവം വെച്ച് ആ പട്ടികയില്‍ ഇടംപിടിക്കാന്‍ വിധിക്കപ്പെട്ട മുസ്‌ലിമേതര മതസമൂഹങ്ങള്‍ക്ക് ആത്മാഭിമാനത്തിന്റെ എല്ലാ അടിപ്പടവുകളും ത്യജിച്ച് പുനഃപ്രവേശന സാധ്യതയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ തുറന്നുവെച്ചിരിക്കുന്നത്. അസമില്‍ പുറത്തായ പന്ത്രണ്ട് ലക്ഷത്തിലധികം ഹിന്ദുക്കള്‍ക്കും പീഡിത അഭയാര്‍ഥികളായി തിരിച്ചുവരാനാകുമെന്ന ഉറപ്പ് ബി.ജെ.പി നല്‍കുന്നുണ്ട്. നൂറ്റാണ്ടു കാലത്തോളം രാജ്യത്ത് താമസിക്കുകയും ഒരു സുപ്രഭാതത്തില്‍ പൗരനല്ലെന്ന് പ്രഖ്യാപിക്കുകയും പിന്നീട് വിദേശിയും പീഡിതനുമെന്ന കളവില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന വിചിത്ര ആചാരങ്ങളാണ് ഹിന്ദുത്വ ഇന്ത്യയില്‍ ഇനി കാണാന്‍ പോകുന്നത്. അതോടൊപ്പം 'മുസ്‌ലിം ശല്യം' അവസാനിപ്പിക്കാനുള്ള, വംശീയ ഉന്മൂലനത്തിനുള്ള നിയമസാധുതയും കരസ്ഥമാക്കിയിരിക്കുന്നു. ചൈനയിലെ സിന്‍ജ്യാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കും റോഹിങ്ക്യയിലെ ഡീപോര്‍ട്ട് ക്യാമ്പുകള്‍ക്കും തുല്യമായ തടങ്കല്‍ പാളയങ്ങളുടെ പണി ഇന്ത്യയിലും തകൃതിയായി നടക്കുകയാണ്.

പൗരത്വവും അവകാശവും ഇല്ലാതാകുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഹൃദയത്തില്‍ രൂഢമൂലമായിരിക്കുന്ന വര്‍ഗീയതയും വംശീയ വിവേചനവും അധികമാരെയും അലോസരപ്പെടുത്താതെ സ്വീകാര്യമാകുന്നിടത്താണ് ഫാഷിസം വിജയിക്കുന്നത്. ഭരണകൂടത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ രാഹുല്‍ ബജാജും പാകിസ്താനിയും ദേശവിരുദ്ധനുമാകും. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രാഹുല്‍ ജിന്നയായി മാറും. രാജ്യത്തിന്റെ ഭൂരിപക്ഷ സമൂഹത്തിന്റെ നിശ്വാസം മുസ്‌ലിം വിരുദ്ധതയില്‍ ഊട്ടപ്പെട്ടതില്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ വിജയിച്ചുവെന്നതിന്റെ ബോധ്യത്തിലാണ് അന്താരാഷ്ട്ര സമൂഹം വരെ വിമര്‍ശിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തയാറാകുന്നത്. ഈ ഭൂരിപക്ഷ മദോന്മത്തതയെ ത്രസിപ്പിക്കാനുള്ള ഉരുപ്പടികളായി പൗരത്വ പട്ടികയെയും പൗരത്വ ഭേദഗതികളെയും ഉപയോഗിക്കുകയാണ്. അധികാരത്തിന്റെ ഹിംസാത്മകമായ ഈ കേന്ദ്രീകരണം ഒരു മതസമൂഹത്തില്‍ മാത്രമായി പരിമിതപ്പെടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാറിനോട് വിയോജിപ്പ് പറഞ്ഞതിന് അര്‍ബന്‍ മാവോവാദികളെന്ന് പേരിട്ട് രാജ്യത്തിലെ എണ്ണം പറഞ്ഞ അക്കാദമിസ്റ്റുകളും ആക്റ്റിവിസ്റ്റുകളും തടവറകള്‍ക്കുള്ളിലാണ്; ജാമ്യമോ നീതിയോ ലഭ്യമല്ലാതെ.
പൗരത്വ പുനഃപരിശോധനകള്‍ മുസ്‌ലിം വംശീയ ഉന്മൂലനത്തില്‍ മാത്രം പരിമിതമാകുമെന്നും രാജ്യത്തിലെ മുസ്‌ലിമേതര സമൂഹത്തിലെ മറ്റെല്ലാവരും സുരക്ഷിതരാകുമെന്നുമുള്ള വിശ്വാസം ആരെയും രക്ഷപ്പെടുത്തുകയില്ലെന്നറിയാന്‍ ഹിറ്റ്‌ലറുടെ ജര്‍മനിയിലേക്ക് പോകേണ്ടതില്ല. നരേന്ദ്ര മോദി അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിലെ നടപടിക്രമങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. കഴിഞ്ഞ പത്തു വര്‍ഷമാണ് അസമിലെ 3.3 കോടി ജനങ്ങള്‍ ലിംഗ മതഭേദമില്ലാതെ രേഖകള്‍ ശരിപ്പെടുത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഊഴമിട്ട് കാത്തിരുന്നത്. ഒരു രാത്രിയില്‍ പ്രാബല്യത്തിലിരുന്ന നോട്ടുകള്‍ നിരോധിക്കുകയും അസാധുവാക്കുകയും ചെയ്തതിനോടാണ് പൗരത്വ രേഖ പട്ടിക തയാറക്കല്‍ നടപടികളെ പ്രശാന്ത് കിഷോര്‍ താരതമ്യപ്പെടുത്തുന്നത്. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതിയും രാജ്യത്തെ സാമൂഹികമായി തകര്‍ക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുന്നു. അതിന്റെ ആദ്യ ഇരകള്‍ മുസ്‌ലിം സമൂഹമാണെങ്കില്‍ അടുത്ത ഇരകള്‍ ക്രിസ്ത്യാനികളും പിന്നാക്ക ഹിന്ദു സമൂഹവുമായിരിക്കുമെന്നത് നിസ്തര്‍ക്കമാണന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ മാത്രം നിലപാടല്ല, നൂറിലധികം വരുന്ന സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ഈ മുന്നറിയിപ്പ് രാജ്യത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ, വംശീയ വെറുപ്പില്‍ ബധിരമായ ഭരണകൂടത്തെ കേള്‍പ്പിക്കാന്‍ അവരുടെ ശബ്ദത്തിന് ശേഷിയില്ല.
പൗരത്വ രേഖകള്‍ ശരിപ്പെടുത്താനും സമര്‍പ്പിക്കാനും വെയിലുകൊണ്ട് വരിനില്‍ക്കുന്നതില്‍ മുസ്‌ലിം മാത്രമല്ല, ഹിന്ദുവും ക്രിസ്ത്യാനിയുമൊക്കെ സമമാണ്. പൗരത്വ രജിസ്റ്റര്‍ നിയമം പ്രഖ്യാപിക്കുന്നതോടെ സഹസ്രാബ്ദങ്ങള്‍ വേരുകളുള്ള മണ്ണില്‍നിന്ന് എല്ലാ പൗരനെയും പിഴുതെടുത്ത് താല്‍ക്കാലികമായി പൗരത്വരഹിത മാനസികാവസ്ഥയില്‍ ജീവിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകും. പൗരത്വ പട്ടികയില്‍നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ തമിഴ് ഹിന്ദു, ബുദ്ധ കുടുംബങ്ങളുടെ കാര്യം അങ്ങേയറ്റം പരിതാപകരമാകും. ഉര്‍ദുവോ ബംഗളയോ സംസാരിക്കാനറിയാത്ത അവര്‍ നുഴഞ്ഞുകയറിയത് ശ്രീലങ്കയില്‍നിന്നാണെന്ന് സ്ഥാപിക്കപ്പെടും. ശ്രീലങ്കയില്‍നിന്ന് വന്ന ഹിന്ദുക്കള്‍ക്കും ബുദ്ധര്‍ക്കും പീഡിത അഭയാര്‍ഥികളെന്ന കാറ്റഗറിയില്‍ പൗരത്വം ലഭിക്കാന്‍ അവകാശമില്ല. ഇനി ലഭിക്കണമെങ്കില്‍ രാഷ്ട്രീയമായി ബി.ജെ.പി ദാസ്യത പ്രാദേശികമായി അംഗീകരിക്കേണ്ടിവരും. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരും. തീര്‍ച്ചയായും ആത്മാഭിമാനം പണയം വെച്ച് അടിമത്ത്വത്തിന്റെ ജീവിത വഴികളിലേക്കാണ് ഓരോ ഇന്ത്യക്കാരനും പ്രവേശിക്കാന്‍ പോകുന്നത്. യാന്ത്രികമായി പണിയെടുക്കുന്ന അജൈവ പൗര സഞ്ചയമായി ജൈവമനുഷ്യരെ പരുവപ്പെടുത്തുന്നതിന്റെ ഉദ്‌ഘോഷമാണ് രാജ്യത്ത് അരങ്ങുതകര്‍ക്കാന്‍ പോകുന്നത്.
നോട്ടുപോലെ ഒരു ഭരണകൂടത്തിന് തോന്നുമ്പോള്‍ റദ്ദാക്കാനും പുനഃസ്ഥാപിക്കാനുമുള്ള ഒന്നാണോ പൗരത്വം എന്ന മൗലിക ചോദ്യം ഇവിടെ ഉയരുന്നുണ്ട്. പൗരനാണോ ഭരണകൂടമാണോ പ്രധാനം എന്ന ഭരണഘടനാപരമായ ചോദ്യവും ഈ ബില്ലുകള്‍ ഉന്നയിക്കുന്നു. മതാധിഷ്ഠിതമായി പൗരത്വം നല്‍കുന്നതിന് ഭരണഘടനാ സാധുതയുണ്ടോ എന്ന ചോദ്യവും ശക്തമാണ്. ദൗര്‍ഭാഗ്യവശാല്‍ ഉത്തരം പറയേണ്ട പരമോന്നത നീതിപീഠവും രാജ്യം അകപ്പെട്ട ഫാഷിസത്തിന്റെ കലുഷമായ ചുഴിയില്‍ അകപ്പെട്ടുപോയിരിക്കുന്നു. ഭരണഘടനയുടെ അന്തസ്സത്ത ചോദ്യം ചെയ്യുന്ന, പൗരത്വത്തെ കുറിച്ച അടിസ്ഥാന സങ്കല്‍പനങ്ങളെ വെല്ലുവിളിക്കുന്ന ബില്ലുകള്‍ക്ക് നിയമപ്രാബല്യം വരുമ്പോഴും പരമോന്നത കോടതിക്കവ അടിയന്തര പ്രാധാന്യമുള്ള വിഷയമല്ല. ഭൂരിപക്ഷ ആക്രോശങ്ങള്‍ക്കു മുമ്പില്‍ നിയമം നടപ്പാക്കണമെന്ന് ഉത്തരവിറക്കാന്‍ ത്രാണിയില്ലെന്ന് സമ്മതിക്കുകയായിരുന്നുവല്ലോ ബാബരി വിധിയിലും ശബരിമല പുനഃപരിശോധന വിധിയിലും ഒടുവില്‍ ശബരിമല പ്രവേശനത്തിന് അവകാശം ചോദിച്ചുചെന്ന ഹരജികളിലുമുള്ള സുപ്രീം കോടതി വിധികള്‍.
ഒരു നൂറ്റാണ്ടുകാലമായി പ്രത്യാശപൂര്‍വം കാത്തിരുന്ന ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വത്തിന്റെ അധികാരാരോഹണമാണ് സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം അരങ്ങേറിയിരിക്കുന്നത്. അധികാരത്തിന്റെ തുടര്‍ച്ചയില്‍ വിയോജിപ്പുകളെ നിഷ്‌കരുണം ഇല്ലാതാക്കാനുള്ള പ്രത്യയശാസ്ത പാഠങ്ങളും പ്രായോഗിക പദ്ധതികളും അവര്‍ക്കുണ്ട്. സവര്‍ക്കര്‍ വിഭാവനം ചെയ്യുന്ന സുവര്‍ണ ഭാരതത്തില്‍ സമത്വം, സമാധാനം, തുല്യത, നീതി എന്നിവ സുകൃത വൈകൃതങ്ങളും ആദര വൈകൃതങ്ങളുമാണ്. ഹിംസ, വെറുപ്പ്, പീഡനങ്ങള്‍, നുണയുടെ പ്രചാരണങ്ങള്‍ തുടങ്ങിയവ ആദര്‍ശത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും. വിയോജിപ്പിന്റെ ശബ്ദമുയര്‍ത്തുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ബലിമൃഗമാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ചരിത്രപരമായ കാരണങ്ങളാല്‍ മുസ്‌ലിം സമൂഹമാണ്. ജര്‍മനിയിലത് ജൂതരായിരുന്നു. പക്ഷേ, വേട്ടയാടലും പീഡന പര്‍വവും ജൂതരില്‍ മാത്രമായി പരിമിതപ്പെട്ടില്ല എന്നാണ് ജര്‍മനി നമ്മെ പഠിപ്പിക്കുന്നത്. ഇന്ന് മൗനം പാലിക്കുന്നവര്‍ നാളെ ഉച്ചത്തില്‍ നിലവിളിക്കുമ്പോള്‍ കേള്‍ക്കാനാരുമുണ്ടാകില്ലെന്നത്  കവിത മാത്രമല്ല, ജീവിത യാഥാര്‍ഥ്യം കൂടിയാണ്. ഫാഷിസത്തിന് ചെക്കുവിളിക്കാനും സഹവര്‍ത്തിത്വത്തിന്റെ ഇന്ത്യയെ സൃഷ്ടിക്കാനും പുതുതലമുറ ധൈര്യം കാണിച്ചിരിക്കുന്നു. മത, ജാതി, ലിംഗ ഭേദമന്യേ ഇന്ത്യന്‍ കലാലയങ്ങളില്‍ ഉരുവം കൊള്ളുന്ന അസാധാരണ പ്രക്ഷോഭങ്ങള്‍ ഫാഷിസത്തിന്റെ അടിത്തറ ഇളക്കും. ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ ഇടപെടലുകളെ വായിച്ചെടുക്കുന്നതിലും വിദ്യാര്‍ഥി സമൂഹത്തിന്റെ ജാഗ്രതയിലും ധൈര്യത്തിലുമാണ് ശുഭോദര്‍ക്കമായ ഭാവിയുള്ളത്. 

 

1. വിചാരധാര അധ്യായം 19, ആന്തരിക ഭീഷണികള്‍ (മുസ്‌ലിംകള്‍). പേജ് 217-228
2. വിശദാംശങ്ങള്‍ക്ക് ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ ഘട്ടങ്ങള്‍, സവര്‍ക്കര്‍, അധ്യായം അഞ്ച് മുതല്‍ 9 വരെ വായിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌