'ഫാഷിസത്തെ ഭയമില്ല, ഭരണഘടനയെ സംരക്ഷിക്കണം'
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി പ്രബോധനത്തിന് നല്‍കിയ അഭിമുഖം
-------------------------------------------------------------------------------------
പൗരത്വ ഭേദഗതി നിയമത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
നമ്മുടെ രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ തച്ചുതകര്‍ക്കുന്ന സി.എ.എ (പൗരത്വ ഭേദഗതി നിയമം) ഈ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളെ പ്രത്യേകം ഉന്നം വെക്കുന്നതു തന്നെയാണ്. അതിലൂടെ ഈ രാജ്യത്തെ ഭരണഘടന ഒരു പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള ആസൂത്രിതമായ കടന്നുകയറ്റമാണ് നടന്നിരിക്കുന്നത്. 'വിഭജിച്ചു ഭരിക്കുക' എന്ന ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച അതേ ആശയത്തിന്റെ പച്ചയായ പ്രയോഗരൂപം നമുക്കിതില്‍ കാണാന്‍ സാധിക്കും. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തെ ഒന്നടങ്കം നിശ്ശബ്ദരക്കാന്‍ ബി.ജെ.പി, സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ അപ്പോഴും അമിത് ഷാ പറയുന്നത് ഇവിടത്തെ മുസ്‌ലിംകള്‍ ഭയപ്പെടേണ്ട കാര്യമില്ല എന്നാണല്ലോ.
'നിങ്ങള്‍ ഭയപ്പെടേണ്ട' എന്ന അമിത് ഷയെപ്പോലുള്ളവരുടെ വാക്കുകള്‍ ഗുജറാത്ത് വംശഹത്യാ കാലത്തും കേട്ടിരുന്നല്ലോ. പിന്നീടങ്ങോട്ട് ബാബരി മസ്ജിദിന്റെ വിധി പറയുന്നതിനു മുമ്പും, കശ്മീരില്‍ ആര്‍ട്ടിക്ക്ള്‍ 370 റദ്ദു ചെയ്തപ്പോഴും, മുത്ത്വലാഖ് ബില്‍ ഇരു സഭകളും പാസ്സാക്കിയപ്പോഴും, യു.എ.പി.എ പ്രയോഗിച്ചപ്പോഴുമൊക്കെ ഈ രാജ്യത്ത് മുഴങ്ങിക്കേട്ടത് 'നിങ്ങള്‍ ഭയപ്പെടേണ്ട' എന്നു തന്നെയായിരുന്നു. എന്നാല്‍ ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വംശവെറിയുടെ, ഏകാധിപത്യമനോഭാവത്തിന്റെ നേര്‍കാഴ്ചകളാണ് പിന്നീട് ഈ രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിം സമുദായം അനുഭവിച്ചത്. അതുകൊണ്ടുതന്നെ അമിത് ഷായുടെ ഇത്തരം സംസാരങ്ങളെ ഈ സമുദായം മുഖവിലക്കെടുക്കുന്നില്ലെന്നു മാത്രമല്ല, അത്തരക്കാരെ ലവലേശം ഭയക്കുന്നുമില്ല. ഓരോ പൗരന്റെയും ജീവന്നും സ്വത്തിനും സംരക്ഷണം ഉറപ്പുതരുന്ന ബൃഹത്തായ ഒരു ഭരണഘടന ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത ഭരണഘടനയുടെ കടക്കല്‍ കത്തിവെക്കുന്ന നയസമീപനങ്ങള്‍ ഏതെങ്കിലും വ്യക്തിയില്‍നിന്നോ പാര്‍ട്ടിയില്‍നിന്നോ അല്ലെങ്കില്‍ ഭരിക്കുന്ന ഭരണകൂടങ്ങളില്‍ നിന്നോ ഉണ്ടായതാണെങ്കില്‍ കൂടി ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തും എന്ന് തീര്‍ച്ചയാണ്. അതു തന്നെയാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒന്നിച്ച് ഇന്ന് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സംഗമങ്ങളിലൂടെ നാം കാണുന്നത്.
യഥാര്‍ഥത്തില്‍ ആരാണിവിടെ ഭയപ്പെടേണ്ടത്? ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് പുല്ലു വില കല്‍പിക്കാതെ ഈ രാജ്യത്തെ വിഭജിച്ചു ഭരിക്കാന്‍ കച്ചകെട്ടിയ ബി.ജെ.പി, സംഘ് പരിവര്‍ ശക്തികളല്ലേ ഈ രാജ്യത്തെ ജനങ്ങളെ ഭയക്കേണ്ടത്? അധികാരഗര്‍വില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസ്സാക്കിയ ഈ ബില്ല് അമിത് ഷാ തന്നെ പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ഉയര്‍ത്തുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലും മറ്റും പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് പരാമര്‍ശിക്കുകയും സര്‍ക്കാര്‍ പല നിലക്കുള്ള പ്രാരംഭ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. അപ്പോഴൊന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്നോ മറ്റേതെങ്കിലും മുസ്‌ലിം- മുസ്‌ലിമേതര സംഘടനകളില്‍നിന്നോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല?
ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടത് അത്യാവശ്യമാണ്. ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന ഒരു പൗരന്, അവന്‍ ഏതു മതക്കാരനായാലും മതിയായ രേഖകള്‍ ഇല്ലെങ്കില്‍കൂടി പൗരത്വം നല്‍കാന്‍ ഈ രാജ്യത്തെ ഭരണകൂടം ബാധ്യസ്ഥമാണ്. കാരണം, അവന്റെ പൂര്‍വികര്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാകാം, ഒരുവേള വീരമൃത്യു വരിച്ചവരാകാം. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടം എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അതിനിര്‍ണായകമാണ്. മറ്റൊന്ന് ഈ രാജ്യത്ത് പണ്ടുമുതല്‍ക്കേ നിലനില്‍ക്കുന്ന പൗരത്വ നിയമാവലികളാണ്. നമ്മുടെ അയല്‍രാജ്യങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ ഇവിടെയെത്തിയവര്‍ക്ക് (വര്‍ഗീയ കലാപങ്ങള്‍, വംശീയ ഉന്മൂലനം, പ്രകൃതിദുരന്തങ്ങള്‍) ഈ രാജ്യത്തെ പൗരന്മാരാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഭരണകൂടങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങളിലൂടെ അവര്‍ക്ക് പൗരത്വം കൊടുക്കാം. അവര്‍ക്ക് പൗരത്വം കൊടുക്കാനും അത് റദ്ദു ചെയ്യാനുമുള്ള അധികാരം ആ നിയമങ്ങളില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളതുമാണ്. അതെല്ലാം തന്നെ ഏതൊരു മതവിഭാഗക്കാരനും ഈ രാജ്യം നല്‍കുന്ന പൗരത്വ നിയമ വ്യവസ്ഥകളാണ്. അത് അങ്ങനെത്തെന്നയാണ് വേണ്ടതും. അത് ഇന്ത്യയിലെ ഏതൊരു ജനാധിപത്യ വിശ്വാസിയും അംഗീകരിക്കുന്ന പൊതുവായ നിയമങ്ങളുമാണ്. എന്നാല്‍ ഇവിടെ മതം ഒരു മാനദണ്ഡമായി വരുന്നതാണ് ഈ പൗരത്വ ഭേദഗതി ബില്ലില്‍ പതിയിരിക്കുന്ന അപകടം. അത് ഭരണഘടനാലംഘനവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
പക്ഷേ, ഇതിനിപ്പോള്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും അംഗീകാരം ലഭിച്ചിരിക്കുന്നു?
ശരിയാണ്. നിയമം പാസ്സാവുന്നത് ഭൂരിപക്ഷവോട്ടുകളുടെ എണ്ണം നോക്കിയാണല്ലോ. എന്നാല്‍ നിങ്ങള്‍ ഒന്ന് പുറത്തേക്ക് നോക്കൂ, ജാതിമതഭേദമന്യേ ഈ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം എത്രയാണ്! ഈ ബില്ലിനെ പാര്‍ലമെന്റിന് പുറത്ത് എത്ര പേര്‍ അനുകൂലിക്കുന്നുണ്ട്?
രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം വിരല്‍ചൂണ്ടുന്നത്, അതിസങ്കീര്‍ണമായ അരക്ഷിതാവസ്ഥ രാജ്യത്ത് സംജാതമായിരിക്കുന്നു എന്നാണ്. ഇരുസഭകളും പാസ്സാക്കിയ ഈ ബില്‍, ലോകത്ത് തന്നെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുള്ള നമ്മുടെ രാജ്യത്തിന്റെ ഭാവി തകര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. നമ്മള്‍ ഇത് റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധിക്കും. പൗരത്വ ഭേദഗതി ബില്‍ ഈ രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ്. ഓരോ പൗരനും വകവെച്ചുനല്‍കിയ മൗലികാവകാശങ്ങളെയാണ് അത് കവര്‍ന്നെടുക്കുന്നത്. അത്തരത്തിലുള്ള ബില്ലുകള്‍ റദ്ദ് ചെയ്യപ്പെടുക തന്നെ വേണം. അവ റദ്ദ് ചെയ്യാന്‍ ഈ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്ക് അധികാരമുണ്ട്.
നിലവില്‍ ധാരാളം പരാതികള്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 14-ാം അനുഛേദത്തിന് ഭീഷണിയാവുന്ന ബില്ലായി ഇതിനെ പലരും കാണുന്നു?
ഈ രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഭാവിയില്‍ ഗുണകരമാവുമെങ്കില്‍ ഞങ്ങളെന്തിനു ഈ ബില്ലിനെ എതിര്‍ക്കണം? എന്നാല്‍ പ്രശ്‌നം ഞാന്‍ നേരത്തേ പറഞ്ഞതാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ നമ്മുടെ അയല്‍രാജ്യങ്ങളില്‍നിന്ന് വരുന്ന മുസ്‌ലിം മതവിശ്വാസികളല്ലാത്ത ആറു മതവിഭാഗങ്ങള്‍ക്ക് ഈ ബില്ലിലൂടെ ഇന്ത്യന്‍ പൗരനാകാന്‍ സാധിക്കും. ഈ ഭേദഗതി ബില്ലില്‍ എന്തിനാണ് മതമൊരു അടിസ്ഥാന ഘടകമായി വരുന്നത്? ഇവിടെ 'മുസ്‌ലിംകള്‍ ഒഴിച്ച്' എന്നുള്ള പ്രത്യേക പരാമര്‍ശം തന്നെ ഈ ബില്ലില്‍ ചോദ്യം ചെയ്യേപ്പെടേണ്ട പ്രധാന ഭാഗമാണ്. തുല്യനീതി, സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാനങ്ങളെ തന്നെയാണ് പ്രസ്തുത ബില്ല് ചോദ്യം ചെയ്യുന്നത്.
ചൈന, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങിയ നമ്മുടെ അയല്‍രാജ്യങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പൗരത്വം കൊടുക്കുന്ന ബില്ലാണെങ്കില്‍ അതിനെ അംഗീകരിക്കാന്‍ നമുക്ക് കഴിയും. ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥികളായെത്തിയ നിരവധി പേരില്ലേ ഇന്ത്യയില്‍? ബി.ജെ.പിയുടെ കാപട്യമാണ് മറനീക്കി പുറത്തു വരുന്നത്. നേരത്തേ പരാമര്‍ശിച്ച ആറു മതവിഭാഗങ്ങള്‍ വ്യത്യസ്ത നാടുകളില്‍ പ്രയാസം അനുഭവിക്കുന്നു എന്ന് പൊതുവില്‍ പറയുകയും, പിന്നീട് മതത്തിന്റെ അടിസ്ഥാനത്തില്‍ അവരെ രാജ്യത്ത് പരിഗണിക്കുകയും ചെയ്യുകയാണ് ബി.ജെ.പി.
എന്‍.ആര്‍.സി (ദേശീയ പൗരത്വ രജിസ്റ്റര്‍) കൂടി ചേര്‍ത്ത് വേണം ഈ ബില്ലിനെ നാം വായിക്കാന്‍. പുറത്തുനിന്നുള്ളവര്‍ക്ക് ഈ ബില്ലിലൂടെ പരിരക്ഷ കൊടുക്കുമ്പോള്‍ നിലവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ഭാവിയും എന്‍.ആര്‍.സിയും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്നു പറയാതെ വയ്യ.
ജമാഅത്തെ ഇസ്‌ലാമി ഈ വിഷയത്തില്‍ ഏത് തരത്തിലുള്ള സമീപനമായിരിക്കും സ്വീകരിക്കുക?
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പോഷകസംഘടനകളും ഈ വിഷയത്തില്‍ ഒന്നിച്ചു മുന്നോട്ടു പോവാന്‍ താല്‍പര്യമുള്ളവരെ ഒപ്പം ചേര്‍ത്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്തെ മുസ്‌ലിംകളോട് എന്താണ് ഈയവസരത്തില്‍ പറയാനുള്ളത്?
പ്രശ്‌നങ്ങളെ കേവലം ബില്ലുമായി ബന്ധപ്പെട്ട് മാത്രം കണ്ടാല്‍ പോരാ. 2014 മുതല്‍ ഈ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളോടുള്ള പ്രത്യേകിച്ച് മുസ്‌ലിംകളോടുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ ഇപ്പോള്‍ ദേശീയ പൗരത്വ ഭേദഗതി നിയമം വരെ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ട ഇപ്പോള്‍ കൂടുതല്‍ വെളിപ്പെട്ടു എന്നേയുള്ളൂ.
എന്‍.ആര്‍.സിയെ കുറിച്ച് താങ്കള്‍ പറയുകയുണ്ടായി. എന്‍.ആര്‍.സിക്ക് ശേഷമുള്ള അസമിലെ മുസ്‌ലിംകളുടെ അവസ്ഥ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
നിലവില്‍ ഈ നിയമം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരാണെങ്കിലും ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളെ കൂടി ബാധിക്കുന്ന അവസ്ഥാവിശേഷം ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. മറ്റു മതവിഭാഗങ്ങളും തങ്ങളുടെ ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടത് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തെ ഈ രാജ്യത്തെ മുസ്‌ലിം സമുദായം ഒന്നടങ്കം ചെറുത്തുതോല്‍പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സാഹചര്യങ്ങളെ രാജ്യത്തെ നിയമസംവിധങ്ങളിലൂടെ പ്രതിരോധിക്കാനും തങ്ങള്‍ക്ക് അവകാശപ്പെട്ടത് നേടിയെടുക്കാനും പരിശ്രമിക്കുക എന്നത് തന്നെയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി.
ധാരാളം സംഘടനകള്‍ വ്യത്യസ്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു വന്നിരിക്കുന്നു. ദല്‍ഹിയിലെ ജന്ദര്‍ മന്ദറിലടക്കം നിരവധി ആളുകളാണ് പൗരത്വ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിഷേധ പരിപാടികള്‍ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്?
ആദ്യമായി രാജ്യത്തെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ജമാഅത്തെ ഇസ്‌ലാമി നന്ദി അറിയിക്കുകയാണ്. ഒപ്പം അത്തരത്തിലുള്ള പ്രതിഷേധ പരിപാടികളോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു. ഇവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിഷേധ പരിപാടികള്‍ എന്ന് പറയുന്നതിനേക്കാള്‍ പൊതുവായ ഒരു കൂട്ടായ്മയെ കുറിച്ചാണ് നമ്മള്‍ ഈ അവസരത്തില്‍ ആലോചിക്കേണ്ടതും സംസാരിക്കേണ്ടതും. ഇവിടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതു ജനങ്ങളാണ്. ബ്രാഹ്മണനും ദലിതനും സിഖുകാരനും ജൈനനും ഒരേ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടികളായി അതിനെ വ്യവഹരിച്ചുകൂടാ. ഇന്ത്യയിലെ യുവത്വം കുറച്ചു ദിവസങ്ങളായി തെരുവിലാണ്. ജെ.എന്‍. യു, ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലകളില്‍ വലിയ രീതിയിലുള്ള പ്രതിഷേധ ചത്വരങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇതൊരിക്കലും മുസ്‌ലിംകളുടെ മാത്രം പ്രതിഷേധമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.
ഇന്ത്യയിലെ ബുദ്ധിജീവികളും സാഹിത്യകാരന്മാരും പൗരത്വ ഭേദഗതി ബില്ലിനെ ഹിറ്റ്‌ലര്‍, മുസ്സോളിനി പോലെയുള്ള ഏകാധിപതികളുടെ നീക്കങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് കാണാന്‍ കഴിഞ്ഞു. അതിനെ എങ്ങനെ വിലയിരുത്തുന്നു?
ഫാഷിസം ചരിത്രത്തില്‍ സമൂഹങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചതായാണ് നമുക്ക് കാണാന്‍ കഴിയുക. ബി.ജെ.പി അധികാരത്തില്‍ കയറിയതിനു ശേഷമുള്ള പല സംഭവങ്ങളും മേല്‍പറഞ്ഞ പോലെ ബുദ്ധിജീവികളുടെ സംശയത്തെ ശക്തിപ്പെടുത്തുന്ന രീതിയിലാണ്.
ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നും വിശകലനവിധേയമാക്കിയാല്‍ പല വസ്തുതകളും തെളിഞ്ഞുവരും. പരമോന്നത നീതിപീഠങ്ങള്‍ മുതല്‍ സാദാ സര്‍ക്കാര്‍ ഓഫീസുകളില്‍ വരെ ഫാഷിസം പിടിമുറുക്കിയതിന്റെ പ്രശ്‌നങ്ങള്‍ നമ്മള്‍ പലപ്പോഴായി അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ഏകാധിപത്യ ഭരണ വ്യവസ്ഥയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നതായി പലതും കൂട്ടി വായിക്കുമ്പോള്‍ നമുക്ക് തോന്നും. ഉദാഹരണമായി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചിദംബരത്തെ അറസ്റ്റ് ചെയ്ത രീതി പരിശോധിച്ചാല്‍, എത്ര ഭീതിജനകമാണ് അവസ്ഥയെന്ന് ബോധ്യമാകും. അടിസ്ഥാന തത്ത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മറ്റു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ള താക്കീതായി ഇതിനെ മനസ്സിലാക്കണം. രാജ്യത്തെ ബി.ജെ.പിക്കാരനല്ലാത്ത എം.പിയോ എം.എല്‍.എയോ പോലും എപ്പോള്‍ വേണമെങ്കിലും വിചാരണ തടവുകാരനാക്കപ്പെട്ട് ജയിലിലടക്കപ്പെടാമെങ്കില്‍, ഈ രാജ്യത്തെ ഒരു സാധാരണക്കാരന്റെ അവസ്ഥ എത്ര പരിതാപകരമാണെന്ന് ആലോചിച്ചു
നോക്കൂ. എന്തുകൊണ്ട് ഇത്തരത്തിലുള്ള ബില്ലുകള്‍ ഭരണഘടനക്ക് എതിരാണെങ്കില്‍കൂടി വേഗത്തില്‍ പാസ്സാക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍, മേല്‍ വിവരിച്ചതുപോലെ പ്രതികരിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ഫാഷിസ്റ്റ് തന്ത്രം വിജയം കാണുന്നു എന്നതാണ് ഉത്തരം.
വിവ: സബാഹ് ആലുവ
Comments