Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

'നബിയേ! താങ്കള്‍ ഈ രാജ്യത്തെ പൗരനാണ്'

അബ്ദുല്ലത്വീഫ് കൊടുവള്ളി

മനുഷ്യാരംഭം മുതല്‍ മുഹമ്മദ് നബിയുടെ കാലം വരെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിയോഗിതരായ പ്രവാചകന്മാരുടെ ചരിത്രം സംഘര്‍ഷങ്ങളുടേതും അതിജീവനത്തിന്റേതും പീഡനങ്ങളുടേതുമായിരുന്നു. എല്ലാ നബിമാര്‍ക്കും ശത്രുക്കളുണ്ടായിരുന്നു (അന്‍ആം 112, ഫുര്‍ഖാന്‍ 31). സാമാന്യേന എല്ലാ നബിമാരും കവി, ഭ്രാന്തന്‍, മാരണക്കാരന്‍, കുടുംബം തെറ്റിക്കുന്നവന്‍, കുഴപ്പക്കാരന്‍, നവീനവാദി, ദേശദ്രോഹി, മേനി ചമയുന്നവന്‍, നമ്മെപ്പോലെ അങ്ങാടികളിലൂടെ നടക്കുന്നവന്‍, ഭക്ഷണം കഴിക്കുന്നവന്‍, സാധാരണ മനുഷ്യന്‍, പാരമ്പര്യ നിഷേധി, വിഡ്ഢി, നാട്ടുകാരെ നന്നാക്കി നാടുപിടിച്ചടക്കാന്‍ ശ്രമിക്കുന്നവന്‍ മുതലായ വിശേഷണങ്ങളാല്‍ അപഹസിക്കപ്പെട്ടു. ചിലര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മറ്റു ചിലര്‍ എറിഞ്ഞും അല്ലാതെയും കൊല്ലപ്പെട്ടു.

നാടുവിടുക അഥവാ ഘര്‍വാപ്പസി

ഇതോടൊപ്പം കാലാകാലങ്ങളില്‍ ശത്രുക്കള്‍ നടത്തിയിരുന്ന മറ്റൊരിനം നീക്കമായിരുന്നു ജനിച്ചു വളര്‍ന്ന നാട്ടില്‍നിന്ന് പുറന്തള്ളുക എന്നത്. ഖുര്‍ആന്‍ പറയുന്നു: ''സത്യനിഷേധികള്‍ തങ്ങളുടെ ദൂതന്മാരോട് പറഞ്ഞു: ഞങ്ങള്‍ നിങ്ങളെ ഞങ്ങളുടെ ഭൂമിയില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍, നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് നിര്‍ബന്ധമായും തിരിച്ചുവരണം. അപ്പോള്‍ നബിമാര്‍ക്ക് നാം അവരുടെ റബ്ബ് അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് ദിവ്യബോധനം നല്‍കുകയുണ്ടായി'' (ഇബ്‌റാഹീം: 13).
പ്രവാചകന്മാരെയും അനുയായികളെയും നാടുകടത്തുക എന്നത് എക്കാലത്തെയും ശത്രുക്കളുടെ നിലപാടായിരുന്നു എന്ന് മേല്‍സൂക്തം വ്യക്തമാക്കുന്നു. പ്രവാചകന്‍ ശുഐബിനെ അദ്ദേഹത്തിന്റെ ജനത ഇങ്ങനെ ഭീഷണിപ്പെടുത്തി: ''ശുഐബേ! നിന്നെയും നിന്നില്‍ വിശ്വസിച്ചവരെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നീ ഞങ്ങളുടെ മതത്തിലേക്ക് നിര്‍ബന്ധമായും തിരിച്ചുവരണം'' (അഅ്‌റാഫ് 88).
മറ്റൊരു പ്രവാചകനായ ലൂത്വിന്റെ പ്രബോധനത്തെയും സദാചാര സ്ഥാപന ശ്രമങ്ങളെയും അടിച്ചൊതുക്കാനായി അദ്ദേഹത്തിന്റെ ജനത പറഞ്ഞത്, 'ലൂത്വ്! നീ ഇതില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ നീ നാട്ടില്‍നിന്ന് പുറന്തള്ളപ്പെടുന്നവരില്‍പെടുക തന്നെ ചെയ്യും' (ശുഅറാഅ് 167), 'നിങ്ങള്‍ അവരെ (ലൂത്വിനെയും അനുയായികളെയും) നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും. തീര്‍ച്ചയായും അവര്‍ വിശുദ്ധി പാലിക്കുന്നവരാണ്' (അഅ്‌റാഫ് 82) എന്നായിരുന്നു.
നബിമാരെ നിഷ്ഠുരമായി പുറത്താക്കുക മാത്രമല്ല, അവര്‍ നമ്മെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതികള്‍ വാദികളായി ചമഞ്ഞ് ജനത്തെ ഇളക്കിവിടുകയും ചെയ്തിരുന്നു.
ഫറോവ പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''അവന്‍ -മൂസാ- തന്റെ മാരണത്തിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കാന്‍ ഉദ്ദേശിക്കുന്നു'' (ശുഅറാഅ് 35). ''അവര്‍ രണ്ടുപേരും -മൂസായും ഹാറൂനും- നിങ്ങളെ നിങ്ങളുടെ ഭൂമിയില്‍നിന്ന് അവരുടെ മാരണം വഴി പുറത്താക്കാന്‍ ഉദ്ദേശിക്കുന്നു'' (ത്വാഹാ 63). യഥാര്‍ഥത്തില്‍, മൂസാ ഭയചകിതനായി നാടുവിടേണ്ടി വരികയാണുണ്ടായത്. ''അങ്ങനെ, ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!'' (ഖസ്വസ്വ് 21).

പുറത്താക്കലിന്റെ അടിസ്ഥാന കാരണം

തങ്ങള്‍ ജീവിച്ച സമൂഹങ്ങളുമായി ഇഴുകിച്ചേര്‍ന്നും അവര്‍ക്ക് ക്ഷേമം പ്രദാനം ചെയ്യുന്ന സല്‍ക്കാര്യങ്ങളില്‍ മുന്നില്‍ നിന്നുമായിരുന്നു എല്ലാ നബിമാരും പ്രവര്‍ത്തിച്ചിരുന്നത്. തന്നെയുമല്ല, നബിമാരുടെ സല്‍പ്രവൃത്തികളുടെ ഗുണഭോക്താക്കളുമായിരുന്നു അതത് സമൂഹങ്ങള്‍. എന്നിരുന്നാലും ഇസ്‌ലാമികാദര്‍ശം അവര്‍ക്ക് ചതുര്‍ഥിയായിരുന്നു. ഇതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അവര്‍ ദൂതനെയും നിങ്ങളെയും -മുസ്‌ലിംകളെയും- നിങ്ങള്‍ നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ പുറത്താക്കുന്നു'' (മുംതഹിന: 1).
''സ്തുത്യനും പ്രതാപിയുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് അവര്‍ അവരെ- വിശ്വാസികളെ- ശിക്ഷിച്ചത്'' (ബുറൂജ് 8).
''തങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പറഞ്ഞതിന്റെ പേരില്‍ മാത്രമാണ് അവര്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടിട്ടുള്ളത്'' (ഹജ്ജ് 40).
ശത്രുക്കള്‍ എന്തെല്ലാം സ്വപ്‌നങ്ങള്‍ താലോലിച്ചാലും പുറത്താക്കപ്പെടുന്ന സത്യവിശ്വാസികള്‍ക്ക് അത് ഭൗതികവും സര്‍വോപരി പാരത്രികവുമായ നേട്ടമായാണ് ഭവിക്കുന്നത്. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞുപോരുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിത വിശാലതയും അവര്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍നിന്ന്- സ്വദേശം വെടിഞ്ഞുകൊണ്ട്- അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായി ഇറങ്ങിപ്പുറപ്പെടുകയും, അനന്തരം (വഴിമധ്യേ) മരണം അവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടുകഴിഞ്ഞു'' (നിസാഅ് 100).
''സ്വന്തം നാടുവെടിയുകയും, സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കപ്പെടുകയും എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും സമരത്തിലേര്‍പ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള്‍ മായ്ച്ചുകൊടുക്കുന്നതും താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്'' (ആലുഇംറാന്‍ 195). തങ്ങളുടെ വീടുകളില്‍നിന്നും സമ്പത്തുക്കളില്‍നിന്നും കുടിയിറക്കപ്പെട്ട ദരിദ്രരായ മുഹാജിറുകളുടെ പുനരധിവാസത്തിനായി പൊതുമുതലുകളെ പ്രയോജനപ്പെടുത്തിയിരുന്നു (ഹശ്ര്‍: 8). താല്‍ക്കാലികമായ വിട്ടുനില്‍പിനു ശേഷം വര്‍ധിച്ച അഭിമാനത്തോടെ, കൂടുതല്‍ ഭൂമിയും സമ്പൂര്‍ണമായ അധികാരവും നേടി ഇസ്‌ലാമികസമൂഹം തിരിച്ചുവന്നതാണ് ചരിത്രം. ''അവര്‍ക്ക് -അക്രമികള്‍ക്ക്- ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുന്നതാണ്'' (ഇബ്‌റാഹീം 14).

മുനാഫിഖുകളുടെ നിലപാട്

ചില ആധുനിക മതേതര -ലിബറല്‍ മുസ്‌ലിം നാമധാരികളെ പോലെ, നബിയുടെ കാലത്ത് സ്വന്തം നിലയിലും മുഖ്യശത്രുക്കള്‍ക്ക് ഒത്താശ ചെയ്യുക എന്ന നിലയിലും നബിയെയും മുസ്‌ലിംകളെയും നാടുകടത്താന്‍ കപടവിശ്വാസികളും രംഗത്തുണ്ടായിരുന്നു. നബിയുടെ ആഗമനത്തോടെ മദീനയുടെ നേതൃമോഹം മാറ്റിവെക്കേണ്ടിവന്ന അബ്ദുല്ലാഹിബ്‌നു സലൂലായിരുന്നു ഇതിന്റെ പിന്നില്‍. അതേക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിയാല്‍ ഏറ്റവും പ്രതാപവാന്‍ അവിടെനിന്ന് പരമനിന്ദ്യനെ -നബിയെ- പുറത്താക്കുക തന്നെ ചെയ്യും. (എന്നാല്‍ അറിയുക) അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ കപടന്മാര്‍ അറിയുന്നില്ല'' (മുനാഫിഖൂന്‍ 8). മുസ്‌ലിം പക്ഷത്താണെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിച്ചിരുന്ന അവര്‍, യഹൂദരോട്, നിങ്ങള്‍ പുറത്താക്കപ്പെടുമായിരുന്നെങ്കില്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളുമുണ്ടാവുമെന്ന് മുസ്‌ലിംകളുടെ ശത്രുക്കളോട് കൂറ് പ്രഖ്യാപിച്ചിരുന്നു (ഹശ്ര്‍ 11).

നബിയെ പുറത്താക്കുന്നു

അടവുകള്‍ പലതും പയറ്റിയിട്ടും പരാജയപ്പെടുത്താന്‍ കഴിയാതിരുന്നപ്പോള്‍, അന്തിമപരിഹാരം എന്ന നിലയില്‍ ശത്രുക്കള്‍ കണ്ടെത്തിയത് നബിയെയും അനുയായികളെയും മക്കയില്‍നിന്ന് നാടുകടത്തുക എന്നതായിരുന്നു. ''നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍'' (അന്‍ഫാല്‍ 30). ''തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍നിന്ന് വിരട്ടിവിടാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെനിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്റെ (പുറത്താക്കലിനു) ശേഷം കുറച്ചു കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല'' (ഇസ്‌റാഅ് 76). ''നിന്നെ പുറത്താക്കിയ നിന്റെ രാജ്യത്തേക്കാള്‍ ശക്തിയേറിയ എത്രയെത്ര രാജ്യങ്ങള്‍! അവരെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ക്കൊരു സഹായിയുമുണ്ടായിരുന്നില്ല''(മുഹമ്മദ് 13).

മഹത്വത്തിന്റെ മാനദണ്ഡം

മാനവസമൂഹം പരിചയിച്ച സകലമാന മൂല്യങ്ങളും നബിയും അനുയായികളും ജീവിതത്തില്‍ പകര്‍ത്തിയിട്ടും ശത്രുക്കള്‍ക്കതിന്റെ ഗുണഫലങ്ങള്‍ ലഭ്യമായിരുന്നിട്ടും വിശ്വാസികളുടെ അസ്തിത്വം പോലും അംഗീകരിക്കാന്‍ ശത്രുക്കള്‍ കൂട്ടാക്കിയിരുന്നില്ല. ''നിങ്ങളോട് ഗുണകാംക്ഷ പുലര്‍ത്താന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍ എന്റെ ഗുണകാംക്ഷ നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല'' (ഹൂദ്: 34). ''ഞാന്‍ നിങ്ങളോട് ഗുണകാംക്ഷ പുലര്‍ത്തി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷ പുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നില്ല'' (അഅ്‌റാഫ് 79).
പീഡനങ്ങള്‍ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വന്ന നബി ഒടുവില്‍ നാടുവിടേണ്ടിവന്നു. അല്ലാഹുവാല്‍ പവിത്രമാക്കപ്പെട്ട മക്കയുടെ വിശുദ്ധിയുമായി ബന്ധപ്പെട്ട പലതും അറബികള്‍ അംഗീകരിച്ചിരുന്നു. ഹറമില്‍ വെച്ച് മൃഗങ്ങളെ വേട്ടയാടുന്നതും മരങ്ങള്‍ മുറിക്കുന്നതും മറ്റും തെറ്റായി കണ്ടിരുന്ന അവര്‍ പക്ഷേ അല്ലാഹുവിന്റെ പ്രവാചകനും മക്കയിലെ പൗരനും അവരുടെ വംശാവലിയിലെ അഭിജാത ഗോത്രജനും മാതൃകാ പുരുഷനുമായ മുഹമ്മദ് നബിയെ പുറത്താക്കിയത് എടുത്തുപറയുന്ന അധ്യായമാണ് അല്‍ബലദ്. 'ഈ രാജ്യത്തെ -മക്ക- ക്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണ്' (ബലദ്: 1,2) എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അധ്യായം തുടങ്ങുന്നത്.
ഏതൊരു രാജ്യത്തിനും ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ കഴിയുക തങ്ങള്‍ മുറുകെ പിടിക്കുന്ന മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ധര്‍മബോധമുള്ള പൗരസഞ്ചയമാണ് ഏതു രാജ്യത്തിന്റെയും യഥാര്‍ഥ സമ്പത്ത്. അതിന്റെ അഭാവത്തില്‍ ലോകത്തിനു മുമ്പില്‍ തലകുനിച്ചുനില്‍ക്കേണ്ടി വരും- പല നാടുകളിലും ഈ വിരുദ്ധാനുഭവങ്ങള്‍ നമുക്കു കാണാം. ന്യൂസിലന്റും മ്യാന്മറും അടുത്ത കാലത്തായി ജനശ്രദ്ധയാകര്‍ഷിച്ചത് ഈ വിരുദ്ധാനുഭവങ്ങളുടെ പേരിലാണല്ലോ.
നബിയെ പുറത്താക്കിയ മക്കയിലെ പ്രവാചകശത്രുക്കളുടെ നടപടിയെ വിമര്‍ശിച്ച ഖുര്‍ആന്‍ മേല്‍തത്ത്വത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സമ്പത്തും സ്വാധീനവും ശേഷികളഖിലവും ജനങ്ങള്‍ക്കു വേണ്ടി നീക്കിവെച്ചുകൊണ്ടാണ് ഖുറൈശികള്‍ മക്കയുടെ മഹിതപാരമ്പര്യം നിലനിര്‍ത്തേണ്ടത്. നിരപരാധരെ നാട്ടില്‍നിന്ന് പുറത്താക്കിക്കൊണ്ടല്ല പൗരുഷം തെളിയിക്കേണ്ടത്. അടിമമോചനം, സാധുദയ, അനാഥ പരിപാലനം മുതലായ ക്ലേശകരമായ ത്യാഗങ്ങള്‍ക്ക് തയാറില്ലാത്ത ഖുറൈശികള്‍ ദുര്‍ഭഗ പക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയാണ് (11-20 സൂക്തങ്ങള്‍) അധ്യായം അവസാനിക്കുന്നത്.
ധര്‍മാധര്‍മ ചിന്തയില്ലാത്ത സമൂദ് ഗോത്രത്തിലെ ഒരു ദുര്‍വൃത്തന്റെ ആസുര പ്രവൃത്തിയെ ഭര്‍ത്സിച്ചുകൊണ്ടും പ്രത്യാഘാതങ്ങള്‍ ഭയക്കാത്ത അല്ലാഹുവിന്റെ പ്രതികാരത്തെ കരുതിയിരിക്കാന്‍ മുന്നറിയിപ്പു നല്‍കിയുമാണ് സമാന ആശയമുള്ള തൊട്ടടുത്ത അധ്യായമായ അശ്ശംസ് അവസാനിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌