Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 27

3132

1441 റബീഉല്‍ ആഖിര്‍ 30

ജനാധിപത്യാധികാരത്തിന്റെ ദേശരാഷ്ട്രസങ്കല്‍പവും കരിനിയമങ്ങളും

സി.കെ അബ്ദുല്‍ അസീസ്

ബി.ജെ.പി സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ പട്ടികയുടെയും പശ്ചാത്തലത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല സ്ഥിതിഗതികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശിഷ്യാ, ദേശീയ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അനുപേക്ഷണീമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ഉത്കണ്ഠയേക്കാള്‍ എന്തുകൊണ്ടാണ് രാജ്യം ഇങ്ങനെയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവന്നത് എന്ന വിമര്‍ശനാത്മക ചിന്തയെ ഉദ്ദീപിപ്പിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയുടെ ഉരക്കല്ലു കൂടിയാണ് വ്യവസ്ഥയോടുള്ള വിമര്‍ശനാത്മക മനോഭാവം. പൗരന്റെ ചൂണ്ടുവിരലാണ് ജനാധിപത്യത്തിന്റെ ഗ്യാരണ്ടിയെന്ന് ചരിത്രം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അനുദിനം പ്രകടമായിക്കൊണ്ടിരിക്കുന്ന പ്രതിലോമ പ്രവണതകളെയും അത് സൃഷ്ടിക്കുന്ന അരാജകത്വത്തെയും വിശദമായി വിലയിരുത്തുമ്പോള്‍, വ്യവസ്ഥയുടെ അടിസ്ഥാന ശിലകളായി വര്‍ത്തിക്കുന്ന മൗലിക പ്രമാണങ്ങളുടെ വ്യാവഹാരിക ശക്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നന്വേഷിക്കുന്നത് തികച്ചും സ്വാഭാവികമാണ്. സ്വാതന്ത്ര്യ സമരത്തിലൂടെയും സ്വാതന്ത്ര്യാനന്തര കാലത്തെ ജനാധിപത്യ സമ്പ്രദായത്തിലൂടെയും പ്രവര്‍ത്തനക്ഷമമായ സ്ഥാപനങ്ങള്‍ക്കും ഭരണഘടനാ തത്ത്വങ്ങളിലധിഷ്ഠിതമായ അധികാര ബന്ധങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ സ്വാധീനമുണ്ടാക്കാനായിട്ടുണ്ട് എന്നും അതിന് ജനാധിപത്യ വ്യവസ്ഥയുടെ സംരക്ഷണ ശക്തിയായി എത്രത്തോളം സക്രിയമാകാന്‍ സാധിച്ചിട്ടുണ്ട് എന്നും ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് ഈ ഘട്ടത്തില്‍ അത്യന്തം പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകളുടെ സഹജീവിതത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യത്തില്‍നിന്ന് ഉയര്‍ന്നുവന്ന നാനാജാതി മതസ്ഥര്‍ അടങ്ങിയ ഒരു സമൂഹത്തില്‍നിന്നും സമഭാവനയും ഭാവുകത്വവും നഷ്ടപ്പെട്ട അഭിശപ്ത ആള്‍ക്കൂട്ടങ്ങള്‍ ജന്മമെടുക്കുന്നതെന്തുകൊണ്ടാണ്? ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ, ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അനുദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ കൂത്തരങ്ങായി പരിണമിക്കുന്നതെന്തുകൊണ്ടാണ്? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്യാവഹാരിക ശക്തിയെ പ്രശ്‌നവത്കരിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.
മതേതര  ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള വിഭാവനകള്‍ ആവിര്‍ഭവിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമരകാലത്ത് തന്നെ അതിനെതിരെ ഹൈന്ദവ ജനതക്കിടയില്‍ ആശയപ്രചാരണം നടത്തുകയും ഹിന്ദുത്വ രാഷ്ട്രമെന്ന ബദല്‍ ചിന്ത അവതരിപ്പിക്കുകയും ചെയ്ത ആര്‍.എസ്.എസ്സിനും ഹിന്ദു മഹാ സഭക്കും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയില്‍ പ്രതിരോധം തീര്‍ത്തവരാണ് ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനത. ആ ജനതയാണ് ഇന്ന് ബി.ജെ.പിക്ക് വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഹൈന്ദവര്‍ക്കിടയില്‍ സംഘ് പരിവാറിന്റെ ആശയങ്ങള്‍ക്ക് വലിയ തോതില്‍ സ്വാധീനം നേടിക്കൊടുക്കുകയും അധികാര രാഷ്ട്രീയത്തില്‍ ജയിച്ചുകയറാന്‍ കളമൊരുക്കുകയും ചെയ്തതിന്റെ വസ്തുനിഷ്ഠ സാഹചര്യം മാത്രം പരിശോധിച്ചുകൊണ്ട് വര്‍ത്തമാനകാലത്തെ ജനാധിപത്യ പ്രതിസന്ധിയെക്കുറിച്ചുള്ള വിശദ പഠനങ്ങള്‍ക്ക് പൂര്‍ണത കൈവരികയില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആകര്‍ഷണ വലയത്തില്‍ അകപ്പെടുന്നവരുടെ ആത്മനിഷ്ഠ സാഹചര്യം അപഗ്രഥന വിഷയമാക്കുകയും അതിന്റെ പ്രേരക ഘടകങ്ങളെ കണ്ടെത്തുകയും ചെയ്യേണ്ടത് ഇന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായി മാറിയിട്ടുണ്ട്. 
എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, ജനാധിപത്യ സമ്പ്രദായം പാശ്ചാത്യമായാലും പൗരസ്ത്യമായാലും അതിന്റെ പ്രവര്‍ത്തന രീതിയുടെ പ്രധാന സ്വഭാവം ഭൂരിപക്ഷ കേന്ദ്രീകൃതമാണ് എന്നാണുത്തരം. പ്രാതിനിധ്യ വോട്ടവകാശ സമ്പ്രദായത്തിലൂടെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നേടിയെടുക്കുന്ന ഭൂരിപക്ഷ വോട്ടുകളും അതിന്റെ അടിസ്ഥാനത്തിലുള്ള അധികാര ലഭ്യതയുമല്ല ഭൂരിപക്ഷ കേന്ദ്രീകൃതമെന്നതുകൊണ്ടര്‍ഥമാക്കുന്നത്. ഭൂരിപക്ഷ സമുദായം, സംസ്‌കാരം, മതവിശ്വാസം, വംശം, ഭാഷ  എന്നിങ്ങനെയുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങളെ അധികാര ഘടനയുമായി സംയോജിപ്പിച്ചുകൊണ്ടാണ് ജനാധിപത്യ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ജനാധിപത്യാധികാരത്തിന്റെ ദേശരാഷ്ട്ര സങ്കല്‍പവുമായി ബന്ധപ്പെട്ടതാണ്. മുതലാളിത്ത സാമ്പത്തിക ചൂഷണത്തിന്റെയും മൂലധന സമാഹരണത്തിന്റെയും പ്രവര്‍ത്തന രീതിയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. മുപ്പത് വര്‍ഷക്കാലം യൂറോപ്യന്‍ വന്‍കരയില്‍ ഫ്രാന്‍സിനും സ്വീഡനും റോമാ സാമ്രാജ്യത്തിനുമിടയില്‍ നടന്ന മതയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടുണ്ടാക്കിയെടുത്ത Westphalian ഉടമ്പടികളുടെ (1648 May to Oct) പരിണിത ഫലമായിട്ടാണ് നിര്‍ദിഷ്ട ഭൂപരിധിക്കുള്ളില്‍ പരമാധികാരമുള്ള ദേശീയ രാഷ്ട്രങ്ങള്‍ എന്ന സങ്കല്‍പം ഉയര്‍ന്നുവന്നത്. വെസ്റ്റ്ഫാലിയന്‍ സമാധാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഉടമ്പടിയിലെ ഒരു പ്രധാന തത്ത്വം അതത് പരമാധികാര പ്രദേശങ്ങളുടെ മതം എന്തായിരിക്കണം എന്ന് നിശ്ചയിക്കാനുള്ള പരമാധികാരം അതത് രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കായിരിക്കും എന്നതായിരുന്നു. ഉടമ്പടികളിലൂടെ യൂറോപ്പിലെ യുദ്ധത്തിന് ശാശ്വത പരിഹാരമായില്ലെങ്കിലും, രാജ്യങ്ങളുടെ സ്വയംനിര്‍ണയാവകാശം, അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, മതന്യൂനപക്ഷങ്ങള്‍ക്ക് മതവിശ്വാസം പൊതുസ്ഥലത്ത് പ്രകടിപ്പിക്കാനുള്ള പരിമിതമായ അവകാശവും സ്വകാര്യ ജീവിതത്തില്‍ അതിന് പൂര്‍ണ സ്വാതന്ത്ര്യവും എന്നീ രാഷ്ട്രീയ തത്ത്വങ്ങള്‍ സുസ്ഥാപിതമായി. ആധുനിക ദേശരാഷ്ട്രങ്ങള്‍ പുതിയ ഉള്ളടക്കത്തോടെ പതിനെട്ടാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ചപ്പോള്‍ വെസ്റ്റ്ഫാലിയന്‍ സമാധാനം സുസ്ഥാപിതമാക്കിയ രാഷ്ട്രീയ തത്ത്വങ്ങള്‍ അതിന്റെ ആധാരശിലയായി മാറുകയുണ്ടായി. അതേസമയം വെസ്റ്റ്ഫാലിയന്‍ സമാധാനം ഒരു രാഷ്ട്രത്തിന്റെ  ഔദ്യോഗിക മതമേതെന്ന് നിശ്ചയിക്കാനുള്ള അധികാരം രാജാവിന് നല്‍കിയതോടെ, ഭൂരിപക്ഷ മതവും അധികാരവും തമ്മിലുള്ള ഔദ്യോഗിക ബന്ധവും സുസ്ഥാപിതമാക്കപ്പെട്ടു (വെസ്റ്റ്ഫാലിയന്‍ ഉടമ്പടി കത്തോലിസിസം, ലൂതറിസം, കാല്‍വിനിസം എന്നിവക്കാണ് ഔദ്യോഗികാംഗീകാരം നല്‍കിയത്). ''രാഷ്ട്രീയാധികാരത്തില്‍ ദൈവികമായ അവകാശം സ്ഥാപിക്കുക എന്നത് പുതിയ വ്യവസ്ഥയില്‍ അസാധ്യമായ സാഹചര്യത്തില്‍ ഭരണകൂടത്തിന് ആധികാരികത നേടിയെടുക്കാന്‍ പുതിയ വഴികള്‍ അന്വേഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ദേശീയത ഉണ്ടായതങ്ങനെയാണ്. ദേശീയതയെ ശക്തിപ്പെടുത്താന്‍ പൊതുവില്‍ സ്വീകരിച്ചുവന്ന ഒരുപായം ഒരു  ബാഹ്യശത്രുവിനെ രാജ്യത്തിനുള്ളില്‍ കണ്ടെത്തുകയും അതിനെ നിരന്തരം ഭര്‍ത്സിക്കുകയും അടിച്ചമര്‍ത്തുകയും 'രാഷ്ട്രം ഞങ്ങളുടേതാണ്, നിങ്ങളുടേതല്ല' എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്.  ജൂതന്മാര്‍ക്കെതിരെയും കത്തോലിക്കാ രാജ്യങ്ങളിലെ പ്രൊട്ടസ്റ്റുകള്‍ക്കെതിരെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരുന്നതിതാണ്. ഭൂരിപക്ഷ വാദത്തിലധിഷ്ഠിതമായ സ്വത്വ നിര്‍മാണത്തിനു ശേഷം ലിബറലിസവും സെക്യുലറിസവും ആവിര്‍ഭവിച്ചതോടെ, പാശ്ചാത്യര്‍ അതുണ്ടാക്കി തകരാറുകള്‍ തിരുത്താന്‍ ശ്രമം തുടങ്ങി. പാശ്ചാത്യരുടെ ചരിത്രമിതാണ്'' (Akhil Bilgrami).

പാശ്ചാത്യ ജനാധിപത്യ സങ്കല്‍പം പൗരസ്ത്യ ദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ ഈ ചരിത്രത്തിന്റെ പൗരസ്ത്യ മോഡലുകള്‍ ആവിര്‍ഭവിച്ചുവെന്നതിലപ്പുറം അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിക്കുകയുണ്ടായില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ ലിബറല്‍ സെക്യുലര്‍ സങ്കല്‍പങ്ങളുപയോഗിച്ച് 18-ാം നൂറ്റാണ്ട് മുതല്‍ നടന്ന അധികാര വ്യവസ്ഥയുടെയും ശ്രേണിയുടെയും പുനഃസംഘാടനത്തില്‍, വ്യാവസായിക മുതലാളിത്തത്തിന്റെ സാമ്പത്തികാധികാരത്തെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്ര സ്ഥാനത്തിരുത്തുകയും മത സാമുദായിക സാംസ്‌കാരിക ഭൂരിപക്ഷത്തെ അതിന്റെ സാമന്ത ശക്തിയായി പരിരക്ഷിക്കുകയും ചെയ്തു. മുതലാളിത്തമാണ് ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയെന്നതിനാല്‍ മൂലധന സമാഹരണത്തിന്റെയും സാമൂഹിക ചൂഷണത്തിന്റെയും വിശാലമായ താല്‍പര്യങ്ങള്‍ സുദൃഢമാക്കാന്‍ രാഷ്ട്രങ്ങള്‍ക്കുള്ളിലെ ഭൂരിപക്ഷ വിഭാഗങ്ങളുമായി ഇത്തരത്തിലുള്ള ഒരു അലിഖിത ഉടമ്പടി ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രത്തിലുടനീളം പ്രതിഫലിച്ചുകാണാവുന്നതാണ്. ഇത്തരത്തിലുള്ള അധികാര വിഭജനത്തില്‍ സ്വാഭാവികമായും ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ സാംഗത്യം താരതമ്യേന ദുര്‍ബലമാവുകയും ഭൂരിപക്ഷവാദത്തെ മതേതര ജനാധിപത്യാധികാരത്തിന്റെ ആധികാരിക ശക്തിയായി ഉയര്‍ത്തുകയും ചെയ്യുന്ന ഒരു ആന്തരിക ദൗര്‍ബല്യം ലിബറല്‍ ജനാധിപത്യത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ തന്നെ ലിബറല്‍ സൈദ്ധാന്തികര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ജനാധിപത്യത്തിന്റെ ഈ പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരമായി നിയമവാഴ്ചയിലും ഭരണഘടനയിലും അധിഷ്ഠിതമായ ഭരണക്രമവും ലോകക്രമവും സുസംഘടിതമാക്കുകയെന്ന സൈദ്ധാന്തിക പരികല്‍പനകള്‍ പില്‍ക്കാലത്ത് രൂപപ്പെടുകയുണ്ടായി. ബെന്‍താം, കാന്റ്, മസ്സീനി തുടങ്ങിയ ലിബറല്‍ സൈദ്ധാന്തികര്‍ മുന്നോട്ടുവെച്ച മനുഷ്യത്വവാദത്തിലധിഷ്ഠിതമായ ലോകക്രമം എന്ന ആശയം, നിയമവാഴ്ചയെ രാഷ്ട്രങ്ങള്‍ക്കുള്ളില്‍ മാത്രമല്ല, സാര്‍വദേശീയമായി സ്ഥാപിക്കപ്പെടേണ്ടതും ലോകത്തുള്ള സര്‍വ മനുഷ്യരുടെയും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പുവരുത്താന്‍ പര്യാപ്തമായ വിധത്തില്‍ നടപ്പില്‍ വരുത്തേണ്ടതുമാണെന്ന തരത്തില്‍ ജനാധിപത്യത്തിന് മാനവികതയുടെയും ധാര്‍മിക മൂല്യങ്ങളുടെയും പുതിയ ഉള്ളടക്കം നല്‍കാന്‍ ശ്രമിക്കുകയുണ്ടായി. ദേശീയ രാഷ്ട്രങ്ങളിലെ പരമാധികാര പാര്‍ലമെന്റുകളും ഭരണവര്‍ഗങ്ങളും ഈ സാര്‍വദേശീയ വാദത്തിന്റെ ധാര്‍മിക അന്തസ്സത്തയേക്കാള്‍ അതിന്റെ ആനുകൂല്യങ്ങള്‍ നിക്ഷിപ്ത താല്‍പര്യങ്ങളുടെ നിവൃത്തിക്കായി എങ്ങനെ ഉപയുക്തമാക്കാമെന്നാണാലോചിച്ചത്. ഒന്നാം ലോക യുദ്ധവും അതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളെ പ്രത്യേകിച്ചും വാഴ്‌സാ ഉടമ്പടിയില്‍ അടിപറ്റിയ ജര്‍മനിയെയും ഇറ്റലിയെയും ആസകലം ഗ്രസിച്ചുകൊണ്ടിരുന്ന ഫാഷിസത്തിന്റെയും നാസിസത്തിന്റെയും വിപത് ശക്തികളും ഭൂരിപക്ഷ വാദത്തിന്റെ വിധ്വംസക രൂപം ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കുകയുണ്ടായി. ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ രൂപമെടുക്കുന്ന ഇത്തരം പ്രതിസന്ധികള്‍ യാദൃഛികമായി സംഭവിക്കുന്നതല്ലെന്നും മൂലധന ശക്തികള്‍ക്കിടയിലെ അന്താരാഷ്ട്ര കിടമത്സരങ്ങളുടെ ദേശീയമായ പ്രതിഫലനങ്ങളാണവയെല്ലാമെന്നും, ഈ വിപത്കര പ്രവണതകള്‍ അനിവാര്യമായും വംശീയതയെയും ഭൂരിപക്ഷവാദത്തെയും സമഗ്രാധിപത്യപരമായ ഭരണരൂപങ്ങളിലേക്കും അത് ആശയതലത്തില്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന കാല്‍പനികതകളിലേക്കും വഴിനടത്തുമെന്നും ഒന്നാം ലോക യുദ്ധത്തിന് മുമ്പ് തന്നെ ഹില്‍ഫെര്‍ഡിംഗിന്റെ (Hilferding Rudolf 1877-1941)  സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിര്‍ദിഷ്ട കാലഘട്ടത്തില്‍ ലോക മുതലാളിത്തം ദേശീയതലത്തിലും സാര്‍വദേശീയതലത്തിലും നടത്തുന്ന ഇടപെടലുകളിലെ നിക്ഷിപ്ത താല്‍പര്യങ്ങളും, മനുഷ്യരെന്ന നിലയില്‍ സ്വന്തം ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും സ്വയം നിര്‍ണയിക്കാനുള്ള ജനങ്ങളുടെ അവകാശവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും, ഈ സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന, രാഷ്ട്രീയാധികാരവും ജനങ്ങളുടെ അധികാരവും തമ്മിലുള്ള സന്തുലനത്തിന്റെയും സ്വഭാവത്തെ ആസ്പദമാക്കിയാണ് ജനാധിപത്യത്തിന്റെ പ്രവര്‍ത്തനക്ഷമതയെ വിലയിരുത്തേണ്ടത്. 'പരിഹരിക്കപ്പെടാനാവാത്ത ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കെല്‍പുള്ള ഒന്നാണ് ജനാധിപത്യം എന്ന കാല്‍പനികതയുടെ ജീവിക്കുന്ന അവശിഷ്ടം മാത്രമാണ് ഇന്ന് ജനാധിപത്യമെ'ന്ന ഹെയ്ബര്‍ മാസിന്റെ വാക്കുകള്‍ കടമെടുത്താല്‍ ജനാധിപത്യ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന വൈരുധ്യത്തെ നമുക്ക് കൃത്യമായി തിരിച്ചറിയാനാവും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (56 - 57)
ടി.കെ ഉബൈദ്‌