Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

വൈരുധ്യങ്ങളുടെ ശൂലക്കാടുകള്‍ പൂത്തിറങ്ങുമ്പോള്‍

പി.ടി കുഞ്ഞാലി

ഇന്ത്യക്കാര്‍ സര്‍വതും ത്യജിച്ച് തലമുറകളിലേക്ക് പകര്‍ത്തിയ മഹത്തായ ദേശീയ സ്വാതന്ത്ര്യസമര സഹനങ്ങളില്‍ തീര്‍ത്തും നിസ്സഹകരിക്കുക. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളെ  പരമാവധി തളര്‍ത്തുകയും  നിര്‍ദയം ഒറ്റുകയും ചെയ്യുക. കൊളോണിയല്‍ ഭരണത്തിന് ദാസ്യം ചെയ്തു പകരംകിട്ടിയ പട്ടും പട്ടാംബരങ്ങളും ജീവിതത്തില്‍ ലഭിക്കുന്ന  അഭിഷേകങ്ങളായി ആഘോഷിക്കുക. ഗാമയും പടിഞ്ഞാറന്‍ നായാട്ടുസംഘങ്ങളും ഇന്ത്യന്‍ മണ്ണിലെത്തിയ അന്നുതൊട്ട് ചെങ്കോട്ടയുടെ കൊത്തളത്തലപ്പില്‍നിന്നും യൂനിയന്‍ ജാക്ക് അവരോഹിതമാകുന്നതുവരെ ഈ ദേശവിരുദ്ധത നിസ്സംഗം തുടരുക. ഒടുവില്‍ സ്വതന്ത്ര്യസമര യത്‌നങ്ങള്‍ ഫലം കാണുകയും യജമാനസംഘങ്ങള്‍ നാട് നീങ്ങുകയും ചെയ്തപ്പോള്‍ ദേശജീവിതത്തിന്റെ നിര്‍വഹണവിതാനത്തിലേക്ക് തിക്കിത്തിരക്കി പ്രത്യക്ഷമാവുകയും അതുവരെ കാണാത്ത ദേശസ്‌നേഹവും അഖണ്ഡതായത്‌നവും ആരണ്യകങ്ങളില്‍നിന്നും തപ്പിയെടുത്ത് അതാണ് ദേശമെന്നും അതിലൂടെയാണ് ദേശസ്‌നേഹം വാറ്റിയെടുക്കേണ്ടതെന്നും മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഉളരിച്ചാടുക. പാരമ്പര്യങ്ങളെ തോറ്റിയും ബ്രാഹ്മണ്യബോധ്യങ്ങളെ വാഴ്ത്തിയും അപരവിരോധത്തിന്റെ യാഗാഗ്നിയില്‍ അധികാരത്തിന്റെ മൂഢകര്‍മങ്ങള്‍ ജ്വലിപ്പിച്ചും ദേശകൈകാര്യം സ്വന്തമാക്കുക. അതോടെ ദേശനിര്‍മിതിയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിലും തലമുറകളെ നേദിച്ചവരൊക്കെയും ദേശയുക്തിയില്‍നിന്നും പൊടുന്നനെ പുറത്താവുക. അവര്‍ ദേശവിരുദ്ധരും ഒറ്റുകാരുമാവുക. ഇതാണിന്ന് ഇന്ത്യയില്‍ ആര്യപ്രോക്ത ബ്രാഹ്മണ്യം ആവിഷ്‌കരിച്ചിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം. ഇതൊരു വൈരുധ്യമാണ്. രൂക്ഷമായ ദേശീയ വൈരുധ്യം.
ആധുനിക ഇന്ത്യന്‍ ദേശീയ ജീവിതത്തിന്റെ ദീപ്തരൂപകവും സ്വാതന്ത്ര്യസമരത്തിന്റെ നേതൃശേഷിയുമായ ഗാന്ധിജിയെ പ്രതി ഇന്ന് സംഘപരിവാര മുഷ്‌ക് നടത്തുന്ന വൈരുധ്യപ്രവര്‍ത്തനം ഇതിന് ഉദാഹരണമാണ്. ഒരേസമയം ഗാന്ധിസ്മൃതികളെയും ഗാന്ധിയന്‍ അടയാളമാതിരികളെയും സര്‍വശേഷിയോടെയും ആശ്ലേഷിക്കുക. അതേസമയം ഗാന്ധിജി എന്ന ആശയസാന്നിധ്യത്തെ തരംപോലെ  ദേശയുക്തിയില്‍നിന്നും പരിഹാസപൂര്‍വം തിരസ്‌കരിക്കുക.  ഇത് രണ്ടും ഇന്ത്യയില്‍ ഇന്ന് ഒരേസമയം പ്രയോഗിക്കുകയാണിവര്‍. ഇവര്‍ക്ക് ഗാന്ധിരൂപം നിര്‍മിച്ച് അതില്‍ വെടിവെച്ചു രസിക്കാം. ഒരിക്കല്‍ സംഘപരിവാര ബ്രാഹ്മണ്യം വെടിവെച്ചുകൊന്ന ഗാന്ധിജിയെ തന്നെയാണിവര്‍ തരംവരുമ്പോഴൊക്കെയും ആവര്‍ത്തിച്ചു കൊന്നുതള്ളുന്നത്. ഗാന്ധിജിയാണ്  ദേശത്തെ തകര്‍ത്തതെന്നും അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷത്തെ തങ്ങള്‍ക്ക് എന്നേ ഉന്മൂലനം ചെയ്യാമായിരുന്നെന്നും സംഘപരിവാരം വിശ്വസിക്കുന്നു. അതുകൊണ്ട് ആ ഗാന്ധിജിയെ ഇവര്‍ വെറുക്കുന്നു. ആ വെറുപ്പ് പരമാവധി തീവ്രതയോടെ തന്നെയാണിവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. അതേസമയം മറ്റൊരര്‍ഥത്തില്‍ ഗാന്ധിജിയെ ഇവര്‍ ഒപ്പം കൂട്ടുന്നു.
ഇന്ത്യന്‍ സാമൂഹികജീവിതത്തില്‍ ഗാന്ധിജിക്കുള്ള മുന്‍കൈകള്‍ ഇവര്‍ക്കറിയാം. തന്റെ സ്വകീയമായ ജീവിതലാളിത്യം കൊണ്ടും സവിശേഷമായ രാഷ്ട്രീയ നിര്‍വഹണം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച ഗാന്ധിജി അത്രമേല്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ  നാനാതരം ശ്രേണികളിലും അസാധാരണമായ സ്വാധീനം ചെലുത്തുന്നത്  ഫാഷിസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ ദേശരാഷ്ട്രീയത്തില്‍ സ്വാധീനം പടര്‍ത്തണമെങ്കില്‍ ഗാന്ധിസ്മൃതികളെ കട്ടെടുക്കുക എന്ന മറ്റൊരു ഹീനദൗത്യംകൂടി സമാന്തരമായി  നിര്‍വഹിക്കേണ്ടിവരുന്നു.
ഒരേസമയം ജനാധിപത്യ വിനയത്തെ വാഴ്ത്തിപ്പറയുക. അതിന്റെ സര്‍വ തുറസ്സുകളും സാധ്യതകളും തുരന്നും കവര്‍ന്നും ദേശാധികാരത്തിന്റെ കൊത്തളങ്ങള്‍ പ്രാപിക്കാന്‍ സര്‍വഥാ ഉപയോഗിക്കുക. ലക്ഷ്യസാധ്യതയോടെ പൊടുന്നനെ സഞ്ചാരവഴികളില്‍ ചേര്‍ന്നുനില്‍ക്കാത്ത വിയോജിപ്പുകളെയപ്പാടെ നിര്‍ദയം എറിഞ്ഞുവീഴ്ത്തുക. ഒപ്പം സൈനികമായ ആസുരതയോടെ വിയോജിച്ചവരെയൊക്കെയും ദേശയുക്തിയില്‍നിന്നും തുരത്തിയോടിക്കുക. സാമൂഹികമായ ഇടപെടലുകളിലേക്കുള്ള ഇത്തരക്കാരുടെ നേര്‍ത്ത കുതിപ്പുപോലും  അരിഞ്ഞുകളയുക. എന്നാല്‍ അപ്പോള്‍ തന്നെ അവരുടെ ജീവിത ദൈന്യതകള്‍ പരിഹരിക്കുകയാണ് തങ്ങളുടെ നേതാവിന്റെ അവതാരലക്ഷ്യമെന്നു സ്വയം പ്രസ്താവിക്കുക. ഇത്തരം വൈരുധ്യങ്ങളെ ചൂണ്ടിപ്പറയുന്നവരെ നാനാതരം മര്‍ദന ഉപകരണങ്ങള്‍ കൊണ്ട് ഭീതിപ്പെടുത്തുക. മുസ്‌ലിം സ്ത്രീകളെയോര്‍ത്തുള്ള സംഘപരിവാരത്തിന്റെ സ്‌നേഹപ്രഹര്‍ഷം ഈ വൈരുധ്യത്തിന്റെ കൊടിപ്പടമാണ്. ഒടുവില്‍ ദേശയുക്തിയെന്നാല്‍ തന്നെ ബ്രാഹ്മണ്യസംഘങ്ങളുടെ ഒരു മര്‍ദക സന്നാഹമായി മാറുക. അപ്പോഴും ജനാധികാരത്തെ പ്രതി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. അതിന് പ്രാചീന താളിയോലകളില്‍ പരതി പ്രജാപതിമാരുടെ മഹച്ചരിതമാലകള്‍ ആത്മീയ പരിവേഷത്തോടെ പ്രക്ഷേപിക്കുക. നീതിബോധങ്ങളുടെ അവതാരയുഗങ്ങള്‍ തേടി ആരണ്യകാവ്യങ്ങളിലേക്ക് തീര്‍ഥാടനം പോവുക. ഈ വൈരുധ്യങ്ങള്‍ പശുപ്രോക്ത ബ്രാഹ്മണ്യത്തിന്റെ മാത്രം സവിശേഷതയല്ല. ലോകത്തെവിടെയൊക്കെ ഇത്തരം ആത്യന്തികസംഘങ്ങള്‍ കോയ്മകള്‍ നേടിയിട്ടുണ്ടോ അവിടെയൊക്കെയും ഈ വൈരുധ്യങ്ങള്‍ സാധാരണമായിരുന്നു. 
സംഘപരിവാരത്തിന്റെ സിദ്ധാന്തങ്ങളിലും അതിന്റെ പ്രയോഗങ്ങളിലും കാണുന്ന ഈ വൈരുധ്യം കേവലം ഗാന്ധിജിയെ പ്രതി മാത്രമല്ല. മറ്റു സര്‍വമാന സംഘനിര്‍വഹണത്തിലും ഭീകരമായി  ഇത് കാണാവുന്നതാണ്. നെഹ്‌റുവിന്റെ ദേശവികസന സങ്കല്‍പം ഏറക്കുറെ മറിച്ചിട്ടാണ് മന്‍മോഹന്റെ ധനകാര്യച്ചുമതലാ കാലത്ത് ആഗോളവല്‍ക്കരണം നിലവില്‍ വന്നത്. അതിന് അതിന്റേതായ ഗുണദോഷ വിചാരങ്ങളാവാം. പക്ഷേ അന്ന് സംഘപരിവാരം ദേശസ്‌നേഹത്തിന്റെയും ആഭ്യന്തര വികസനത്തിന്റെയും അവതാരമെടുക്കുന്നതാണ് നാം കണ്ടത്. സ്വദേശി ജാഗരണ്‍ മഞ്ച് സ്ഥാപിച്ച് ഇവര്‍ ദേശമാകെ നടന്നു തുള്ളി. ആഗോളവത്കരണം കൊണ്ട് കടലെടുത്തുപോവുക ദേശവും ദേശസമ്പത്തും ദേശത്തിന്റെ പുണ്യപുരാണ സംസ്‌കൃതിയുമാണെന്നും അതിനാല്‍ വിദേശ മൂലധനംപോലും രാജ്യാതിര്‍ത്തിക്കകത്തേക്ക്  തീണ്ടരുതെന്നും ശാഠ്യം കാട്ടിയവരിലേക്ക് അധികാരത്തിന്റെ യോഗദണ്ഡെത്തിയ നാള്‍ തൊട്ട് നാം കാണുന്നത് മറ്റൊരു വൈരുധ്യമാണ്. വിദേശകുത്തകകളും മൂലധന മാഫിയകളും സര്‍വ കൗടില്യ ധനശാസ്ത്രയുക്തികളെയും വകഞ്ഞ് ദേശം നിറയുന്നത് മാത്രമല്ല നെഹ്‌റുവിയന്‍ കാഴ്ചയില്‍ തളിര്‍ത്ത പൊതുസംരംഭങ്ങള്‍ പോലും നിര്‍ദയം പൊളിച്ചടുക്കുന്നതാണ്. 
അശ്ലീലത്തോളമെത്തുന്ന ഇവരുടെ വൈരുധ്യം പശുസംരക്ഷണ പ്രഘോഷണങ്ങളിലും ഏറെ പ്രകടമായി നമുക്ക് കാണാനാകും. ഇന്ത്യയിലെ പരകോടി മനുഷ്യരും അവരുടെ തരാതരം ജീവിത സംഘര്‍ഷങ്ങളും പരിഹരിക്കുക എന്നത് ഏറെ പിന്നിലാകുമ്പോഴും തീവ്രവലതുപക്ഷം ജാഗ്രത കാട്ടുന്നത് പശുസംരക്ഷണമെന്ന തീക്ഷ്ണയത്‌നത്തിലാണ്.  ഇതിലൂടെ ഇഷ്ടമില്ലാത്തവരെയൊക്കെയും അരിഞ്ഞെറിയുക. അവരുടെ സാമൂഹിക ജീവിത മണ്ഡലങ്ങളിലപ്പാടെ ഭീതിയുടെ ഉല്‍ക്കകളെറിയുക. ഈ സാധുമനുഷ്യരുടെ ജീവിത പരിസ്ഥിതിയില്‍നിന്ന് അവരെ നിര്‍ദയം കുടിയിറക്കുക. ഇതിന്റെ മറവില്‍ മതന്യൂനപക്ഷങ്ങളെയും ദലിതരെയും പച്ചക്ക് കൊളുത്തുക. ഒപ്പം പശുമൃഗാദികളെ പറ്റുമെങ്കില്‍ സ്വന്തം ഗോശാലകളിലേക്ക് ഒളിച്ചുകടത്തുക. ഫലിതമതല്ല, ഈ കന്നുകാലി ഭക്തരാണ് ഇന്ത്യയുടെ മാംസകയറ്റുമതിയിലെ അവസാനത്തെ ഗുണഭോക്താക്കള്‍.
ക്രൂരതകളുടെ നിത്യപ്രയോഗവും അപ്പോള്‍തന്നെ യോഗിമാരുടെ കമണ്ഡലവും ഇവരില്‍ സംഗമിക്കുന്നത് വൈരുധ്യമല്ലാതെ മറ്റെന്താണ്. തപഃശക്തിയിലൂടെ  ഇഹലോക താല്‍പര്യങ്ങള്‍ ഒടുക്കിയവരും ഭൗതികജീവിതത്തിന്റെ കാമമോഹലോഭങ്ങളില്‍നിന്നെല്ലാം സ്വതന്ത്രമായവരുമാണ് ഇവരുടെ സന്യാസി വിഭാഗം. വൈരാഗിയുടെ മൂര്‍ത്ത പ്രത്യക്ഷം കാട്ടുന്ന ഇവര്‍ പരമതനിന്ദയുടെയും രണോല്‍സുകമായ ഉന്മൂലനത്തിന്റെയും അവതാരജന്മങ്ങളായി അപ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്നു. ഈ വല്ലാത്തൊരു വൈരുധ്യവും സംഘപരിവാരത്തില്‍ കാണാന്‍ കഴിയും. സര്‍വസംഘ പരിത്യാഗത്തിന്റെ കാഷായമുടുത്ത് ഗാന്ധിജിയുടെ രൂപത്തിലേക്ക്  വെടിയുണ്ട ഉതിര്‍ക്കുക. എന്നിട്ട് ഏതോ ആത്മീയമോക്ഷം നേടിയ പോലെ വിശ്രാന്തിയിലിരിക്കുക. ഈ രണ്ടഗ്രങ്ങളെ സമീകരിക്കാന്‍ ഇവര്‍ക്കൊട്ടും പ്രയാസമില്ലതാനും. 
ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണ സന്ദര്‍ഭത്തില്‍ ലയനത്തിന് പകരം കശ്മീര്‍ ജനതക്ക് രാഷ്ട്രം നല്‍കിയ അവകാശങ്ങളാണ് കേന്ദ്രഭരണം ഇപ്പോള്‍ ഏകപക്ഷീയമായി എടുത്തുകളഞ്ഞത്. ഇന്ന് കശ്മീര്‍ ഒരു വലിയ തടവറയാണ്. എണ്‍പത് പിന്നിട്ട ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെ കശ്മീരിലെ പൊതുപ്രവര്‍ത്തകരൊക്കെയും സാമൂഹികബന്ധങ്ങള്‍ മുറിഞ്ഞ് തടവറകള്‍ക്കകത്താണ്. ആ ജനത എങ്ങനെ കഴിയുന്നു എന്നറിയാന്‍ പോലും ഇന്ന് മാര്‍ഗമില്ല. ഇന്ത്യാ രാജ്യത്തിന്റെതന്നെ ഈ പ്രദേശത്തെ സ്വതന്ത്രമായി  സഞ്ചരിക്കാന്‍ ഇന്ന് ഒരിന്ത്യക്കാരന് അവകാശമില്ല. എന്നാല്‍ ഇല്ലാത്ത ശാന്തിയും ദേശസമാധാനവും കാണാന്‍ ഭരണക്കാര്‍ തന്നെ പടിഞ്ഞാറന്‍ പാര്‍ലമെന്റ് അംഗങ്ങളെ ചെല്ലും ചെലവും നല്‍കി ക്ഷണിച്ചുകൊണ്ടുവരികയാണിപ്പോള്‍. ഇങ്ങനെ വൈരുധ്യങ്ങളില്‍ സ്ഥായിയായി അഭിരമിക്കാന്‍ ഇവര്‍ നടത്തുന്ന മെയ്‌വഴക്കം അപാരമാണ്. ഈ വൈരുധ്യം ഏത് ഫാഷിസ്റ്റ് സംഘങ്ങളിലും തീക്ഷ്ണമായി കാണാവുന്നതാണ്. ജനങ്ങളും അവരുടെ ജീവിതവും അപ്പോള്‍ അധികാരാരോഹണത്തിന് മാത്രം  ഉപകരണമാവുകയും ശേഷം ജനവും അവരുടെ ജീവിതവും തിരസ്‌കൃതമാവുകയും ചെയ്യുക ഇങ്ങനെയുള്ള ഭരണസന്നാഹങ്ങളില്‍ സാധാരണമാണ്.  ജനത്തോടുള്ള ഈ തിരസ്‌കാരം മറച്ചുപിടിക്കാന്‍ ഇത്തരക്കാര്‍ ചെയ്യുക വൈരുധ്യങ്ങളെ ഉപജീവിക്കുകയും സമര്‍ഥമായി സമീകരിക്കുകയും തന്നെയാവും. അങ്ങനെ ഒരേസമയം ഗാന്ധിമാര്‍ഗത്തെ വെടിവെച്ചു കൊല്ലുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണടയും ഊന്നുവടിയും അടിച്ചുമാറ്റപ്പെടുകയും ചെയ്യും.

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌