Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

അതിരുകളില്ലാത്ത സ്വാതന്ത്ര്യം വിശ്വാസം തന്നെയാണ് പ്രതിരോധം

ഫാത്വിമ സഹ്‌റ ബത്തൂല്‍

'സ്വാതന്ത്ര്യം' എത്രയെളുപ്പം തെറ്റായി നിര്‍വചിക്കപ്പെടുന്നതും ഏറെയധികം അവസരവാദപരമായി ഉപയോഗിക്കപ്പെടുന്നതുമായ വാക്കാണ്! സ്വാതന്ത്ര്യം എന്ന തലക്കെട്ടില്‍ വ്യക്തി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സമീപ കാലത്ത് നവമാധ്യമങ്ങളിലടക്കം നിരന്തരമായി ഉയര്‍ന്നുകേള്‍ക്കേണ്ടിവരുന്നത് വിശ്വാസപരമായ സ്വാതന്ത്ര്യത്തിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
വ്യക്തി, രാഷ്ട്രീയം, മതം, സ്വത്വം,  തെരഞ്ഞെടുപ്പ് മുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ  പല പല  അടുക്കുകളില്‍ ഈ ചര്‍ച്ചകള്‍ നിറയുന്നുണ്ട്. എങ്കിലും കാമ്പില്ലാതെ ഈ ചര്‍ച്ചകളില്‍ ബോധപൂര്‍വം നിറച്ചുനിര്‍ത്തുന്ന ഒരിനം സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

'സ്വാതന്ത്ര്യ സമരം'
പൊതുവായ സ്ത്രീ സ്വാതന്ത്ര്യം ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമായിരുന്നു പണ്ടുമുതലേ. ഇതിന്റെ തുടര്‍ച്ചയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള 'സ്വാതന്ത്ര്യസമരം' കണ്ണി ചേര്‍ക്കപ്പെടുന്നത് കാണാം. പ്രാകൃത മതാചാരങ്ങളിലും, മതം തീര്‍ക്കുന്ന വേലിക്കെട്ടുകളിലും 'അടിമത്തം' പേറുന്ന പെണ്‍കുട്ടികള്‍ക്ക് 'സ്വാതന്ത്ര്യം' നല്‍കി ലിബറല്‍ ഇടങ്ങളിലേക്ക് അവരെ എടുത്തെറിയുന്നത് ഇന്നത്തെ സൈബര്‍  ആഘോഷങ്ങളിലൊന്നാണ്. ഇതില്‍ എല്ലാ മതസമുദായങ്ങളില്‍ പെട്ടവരുമുണ്ട്. 
ഇത്തരത്തിലൊരു അജണ്ടയോടെ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ഒരു പ്രത്യേക ഇനം സ്വാതന്ത്ര്യം നിരന്തരമായി നുരഞ്ഞു പൊന്തുന്നത്. കാമ്പസുകളിലെ ക്രിയാത്മകതകള്‍ അടയാളപ്പെടുത്തിയിടേണ്ട മാഗസിന്‍ താളുകളില്‍ തുടങ്ങി, വിദ്യാര്‍ഥി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുമിള പ്രസ്താവനകള്‍  മുതല്‍ സൈബര്‍ ലോകം ആഘോഷിക്കുന്ന പെണ്‍കഥകളില്‍ വരെ നിറഞ്ഞു നില്‍ക്കുന്ന വൈറല്‍ സ്വാതന്ത്ര്യം. അത് മുസ്‌ലിം സ്ത്രീയുടെ വസ്ത്ര-ആവിഷ്‌കാര സ്വാതന്ത്ര്യമാണ്.
ആദ്യം വിശ്വാസത്തിലെ പെണ്‍ ഇടപെടലുകളെ കുറിച്ച സംശയങ്ങള്‍ ഉണര്‍ത്തുക, പിന്നീട് അവിശ്വാസം ജനിപ്പിക്കുക, തുടര്‍ന്ന് മതത്തില്‍നിന്ന് പുറത്ത് കടത്തുക, അതിനു ശേഷം വീട്ടില്‍ നിന്നു തന്നെ പുറത്തെത്തിക്കുക, സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ലിബറല്‍ അരാജക ജീവിതം നയിക്കുക - ഈ പദ്ധതി ക്രമാനുഗതമായി നടപ്പിലാക്കുന്നതിന്റെ മണ്ണൊരുക്കമാണ് മുസ്‌ലിം സ്ത്രീകള്‍ അസ്വതന്ത്രരാണെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്.
ഹിജാബും നിഖാബും മുത്ത്വലാഖും മുസ്‌ലിം പുരുഷന്മാരുടെ അമിത ലൈംഗികതയുടെ ഇരയുമൊക്കെയായി മുസ്‌ലിം സ്ത്രീ നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടാന്‍  കാരണമാവുന്നതെന്താണെന്ന് ചിന്തിച്ചു നോക്കിയാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നതും ഇവിടെയാണ്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കേട്ടാലറക്കുന്ന ഭാഷയില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രസവത്തെയും വസ്ത്രധാരണത്തെയും ചിന്തകളെയും ഒന്നടങ്കം തെറിപറഞ്ഞ് ആക്രോശിക്കുന്നത് എന്തുകൊണ്ടാണെന്നതും ഇതിനുള്ള ഉത്തരമാണ്. ഇത്തരം പ്രചാരണങ്ങളും പ്രസ്താവനകളും മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥിനികളില്‍ സൃഷ്ടിക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍  മുസ്‌ലിം പണ്ഡിതന്മാര്‍ പോലും കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഇതെല്ലാം ഒരു വശത്ത് മുസ്‌ലിം സ്ത്രീകളുടെ, വിദ്യാസമ്പന്നരായ മുസ്‌ലിം പെണ്‍കുട്ടികളുടെ ബോധമണ്ഡലങ്ങളെ  നന്നായി  സ്വാധീനിക്കുന്നു്.

മുസ്‌ലിം സ്ത്രീ
കേട്ടു പഴകിയൊരു വിശേഷണമുണ്ട് മുസ്‌ലിം സ്ത്രീക്ക്, 'മതത്തിന്റെ വേലിക്കെട്ടുകളില്‍ ചിറകരിഞ്ഞു തളച്ചിടപ്പെട്ടവള്‍.' ഉറച്ച ശബ്ദത്തില്‍ മുഷ്ടി ചുരുട്ടി തെരുവുകളിലേക്കിറങ്ങി ആസാദി വിളിക്കുന്ന, അനീതി കണ്ടാല്‍ ഉറക്കെ ശബ്ദമുയര്‍ത്തുന്ന, തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലകളില്‍ ചെന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന, നിറങ്ങളിലും കവിതകളിലും പ്രതിഷേധങ്ങളറിയിക്കുന്ന തന്റേടവും ആര്‍ജവവുമുള്ള, കരുത്തും ഊര്‍ജവും  അറിവുമുള്ള നല്ല മാപ്പിളപ്പെണ്ണുങ്ങള്‍ നിറഞ്ഞു നിന്നിട്ടും മുസ്‌ലിം സ്ത്രീയുടെ അസ്വാതന്ത്ര്യത്തെ കുറിച്ചോര്‍ത്തു വിലപിക്കുന്നവരെ കാണുമ്പോള്‍ പലപ്പോഴും സഹതാപം തോന്നാറുണ്ട്.
തട്ടം, ഹിജാബ് എന്നത് മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറിയിരിക്കുന്ന ഉടുമ്പാണെന്നും, യഥാര്‍ഥ വിശ്വാസിക്ക് അവളുടെ ഹൃദയത്തില്‍ അത് കാത്തുസൂക്ഷിക്കാനാവുമെന്നും, അതിന് തലക്കുമീതെ ഈ തുണിയുടെ ആവശ്യമെന്താണ് എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ എത്രയാവൃത്തിയാണ് ഞങ്ങള്‍ കേട്ടത്! പുതിയ കാലത്തിന്റെ മുസ്‌ലിം സ്ത്രീ ഇടപെടലുകളില്‍ വിളറിപൂണ്ട്, അവളെ നിരന്തരം പ്രാകൃത അറബ് വസ്ത്രത്തിന്റെ ഇരയും ഇസ്‌ലാമിക അടിമത്തത്തിന്റെ ദാരുണ രൂപവുമായുമൊക്കെ അവളുടെ വസ്ത്രത്തിലേക്ക് മാത്രം വലിച്ചുകെട്ടാനുള്ള ഒരു തരം ജീര്‍ണിച്ച ചിന്തയാണ് സത്യത്തില്‍ ഇതിനു പിന്നില്‍.

ബാക്ക് സ്റ്റേജ്
പക്ഷേ,  ഇത്തരം നിരന്തരമായ ആക്രമണങ്ങളില്‍ പൊടുന്നനെ വീണുപോകാന്‍ പാകത്തിന് ഒരു കൂട്ടത്തെ ബാക്ക്സ്റ്റേജില്‍ അവര്‍ പാകമാക്കിയെടുത്തിട്ടുണ്ട് എന്നതാണ് വേദനാജനകമായ വസ്തുത. ഉന്നതതലങ്ങളില്‍ അംഗീകരിക്കപ്പെടാന്‍ ശിരോവസ്ത്രം ഉപേക്ഷിക്കണമെന്ന ധാരണ ഉണ്ടാക്കിയെടുത്തും അതിന്റെ കാരണങ്ങള്‍  ഉദാഹരണങ്ങളോടെ നിരത്തിവെച്ചും പലരെയും ഇവര്‍ കുരുക്കില്‍ വീഴ്ത്തുന്നുണ്ട് എന്നതു യാഥാര്‍ഥ്യമാണ്. അതിന്റെ കാര്യകാരണങ്ങളിലേക്കിറങ്ങി ചെല്ലുക അത്രയെളുപ്പമല്ല. നവ നാസ്തിക-ലിബറല്‍-യുക്തി വാദങ്ങളില്‍ ഇത്രയേറെ മുസ്‌ലിം നാമധാരികള്‍ എങ്ങനെ വന്നുപെട്ടു? എന്തുകൊണ്ടാണ് കാമ്പസുകളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നത്? 
അതിനു പിന്നില്‍ അപകടകരമായ ചില ഘടകങ്ങളുണ്ട്.  ലാഘവബുദ്ധിയോടെ കാണേണ്ടതോ, ഇരട്ടത്താപ്പുകളെ വിമര്‍ശിച്ചും ട്രോളുകള്‍ ഇറക്കിയും  മതിയാക്കേണ്ടതോ, മറികടക്കാവുന്നതോ അല്ല ഈ പ്രശ്‌നം. കൃത്യമായ ചര്‍ച്ചകളും ഇടപെടലുകളും തിരുത്തലുകളും തിരിച്ചറിവുകളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.  മതം/മതേതരത്വം, വിശ്വാസം/യുക്തി ഇവയെക്കുറിച്ചുള്ള ധാരണകള്‍ പ്രായോഗികമായും സൈദ്ധാന്തികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍, അതിനപ്പുറമുള്ള പലതും ഈ വിഷയത്തില്‍ അനിവാര്യമാണ്.
'നിങ്ങളുടെ മേലില്‍ മതം കെട്ടിവരിഞ്ഞു വെച്ചിട്ടുള്ള സകല വേലികളുടെയും കെട്ടുപൊട്ടിക്കൂ...  നിങ്ങള്‍ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിന്റെ കാണാക്കയങ്ങള്‍ ഞങ്ങള്‍ കാണിച്ചു തരാം' എന്നുപറഞ്ഞു പുരോഗമന യുക്തിവാദങ്ങളുടെ വിത്തുകള്‍ എറിയുന്നിടത്തു നിന്നും തുടങ്ങുന്നു അപകട സൂചനകള്‍. അത്തരം 'സ്വാതന്ത്ര്യലഭ്യത' അവര്‍ ഭംഗിയായി  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ - ഫിലിം ഫെസ്റ്റിവല്‍ വേദികള്‍, രാഷ്ട്രീയ-സമകാലീന ചര്‍ച്ചാ വേദികള്‍ തുടങ്ങി അടുത്ത കാലത്തായി കണ്ടു തുടങ്ങിയ ഫ്ളീ മാര്‍ക്കറ്റുകളില്‍ വരെ ഇത്തരം വലയങ്ങള്‍ പെണ്‍കുട്ടികളെ, വിശേഷിച്ചും മുസ്‌ലിം പെണ്‍കുട്ടികളെ വലവീശാനൊരുങ്ങി നില്‍ക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന സത്യം. വലയില്‍ ചെന്നു വീഴുന്നവരെയാവട്ടെ കാത്തു നില്‍ക്കുന്നത് സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗീയ താഴ്വരകളൊന്നുമല്ല, മറിച്ച് ലഹരിയുടെയും സെക്‌സ് മാഫിയകളുടെയും ഊരാക്കുടുക്കും, ജീവനറ്റുപോവുന്നതുവരെയുള്ള ശാരീരിക, മാനസിക ചൂഷണങ്ങളും മാത്രമാണ്. 

എക്സ്പ്ലോര്‍ (പര്യവേഷണം)
'എക്‌സ്പ്‌ളോറേഷന്‍/ജീവിതം എക്സ്പ്ലോര്‍ ചെയ്യുക' നവതലമുറയില്‍ ഏറെ പ്രചുരമായ പദപ്രയോഗമാണ്. ത്രസിപ്പിക്കുന്ന യാത്രകളാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ഹില്‍ സ്റ്റേഷന്‍ യാത്ര, ട്രക്കിംഗ്, അവിടങ്ങളിലെ പല തരം ക്യാമ്പുകള്‍ തുടങ്ങി ഈ പട്ടികയില്‍ പലതുമുണ്ട്. ഇത്തരം എക്‌സ്‌പ്ലോറിങ്  ഫോട്ടോകളും വീഡിയോകളും നവതലമുറയെ ഹരം കൊള്ളിക്കുന്നതാണ്. സോഷ്യല്‍ മീഡിയ ഇതിന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത പ്രചാരണം നല്‍കുന്നു. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇത്തരം ഫോട്ടോകളും വീഡിയോകളും ചുരുങ്ങിയ നേരം കൊണ്ട് മില്യന്‍ വ്യൂസ് ആസ്വാദകര്‍ ഏറ്റെടുക്കുന്നു. സോഷ്യല്‍ മീഡിയക്ക്  മുമ്പും ശേഷവുമുള്ള യാത്രയിലെ മാറ്റം വളരെയേറെ പ്രകടമാണ്.  റൈഡര്‍/ട്രാവലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ കേരളത്തില്‍ പോലും ചെറുതല്ല. യാത്രകള്‍ അത്രയധികം മനുഷ്യനെ സ്ഫുടം ചെയ്തെടുക്കുന്ന ഒരു പ്രക്രിയയാണ്. പലപ്പോഴും യാത്രകള്‍ തന്നെയാണ് വിശ്വാസത്തിന്റെ ശക്തി ഊട്ടിയുറപ്പിക്കാനും നമ്മളോടുള്ള സ്രഷ്ടാവിന്റെ അടങ്ങാത്ത കരുണയുടെയും സ്‌നേഹത്തിന്റെയും ഒക്കെ ചേര്‍ത്തുവെക്കലുകള്‍ തിരിച്ചറിയാനും കാരണമാവുന്നത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്ന ഇത്തരം യാത്രാനുഭവങ്ങള്‍  ഒരുപാട് ആശയങ്ങള്‍ പ്രസാരണം ചെയ്യുന്നുണ്ട്. ഇത്തരം കൂട്ടായ്മകളില്‍ വീര്യമേറിയ ലഹരിയടക്കം പലതിന്റെയും സ്വാധീനവലയം വളരെ ശക്തമാണ്. ഒറ്റക്കും കൂട്ടായും യാത്ര പോയതിന്റെ കഥകള്‍ കേള്‍ക്കാനും പറയാനും വൈകുന്നേരങ്ങളില്‍ ഒരു സുലൈമാനിയുടെ അകമ്പടിയോടെ ഇടങ്ങളുണ്ട്.  അവിടേക്കെത്തുന്നവരുടെ എണ്ണം ഇതിന്റെ സ്വീകാര്യത എത്രത്തോളമെന്ന് കാണിച്ചുതരുന്നു. യാത്രകളെ കുറിച്ചു ചര്‍ച്ച വരുമ്പോള്‍ ഇറങ്ങി പുറപ്പെടാന്‍ ആഗ്രഹിക്കുന്ന കേള്‍വിക്കാരോട്,  മുന്നിലുള്ള തടസ്സങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രധാനമായും ഉന്നയിക്കാനുാവുക  സ്വാതന്ത്ര്യ നിഷേധം തന്നെയാണ്. അതിനെ മറികടക്കാനുള്ള സൂത്രവിദ്യകള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ അത് ചെന്നവസാനിക്കുക മതത്തില്‍നിന്നും വീടുകളിലെ അരക്ഷിതാവസ്ഥയില്‍ നിന്നുമൊക്കെയുള്ള വിമോചനത്തിലാണ്.
ബീച്ച്, മൈതാനങ്ങള്‍, വലിയ കഫേകള്‍ തുടങ്ങിയ തുറന്ന ഇടങ്ങളില്‍ സാമാന്യം നല്ല കൂടിച്ചേരലുകളും ആര്‍ട്ട്, ലിറ്ററേച്ചര്‍, സിനിമ, സംഗീതം, പൊളിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ ഗംഭീര ചര്‍ച്ചകളും സംഘടിപ്പിക്കപ്പെടുന്നു. ഹോസ്റ്റലുകളില്‍നിന്നും വീടുകളില്‍നിന്നുമൊക്കെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നു. സമകാലിക വിഷയങ്ങള്‍, പുസ്തകം, രാഷ്ട്രീയം തുടങ്ങിയവയിലൊക്കെയുള്ള ചര്‍ച്ച, പഠനം, സേവനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വീട്ടുകാര്‍ക്കും അത് നല്ലതാണെന്ന് തോന്നുന്നു. എന്റെ കുട്ടി നല്ല കാര്യത്തിനാണ്  പോകുന്നതെന്ന് ചിന്തിച്ച് രക്ഷിതാക്കള്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇതിലെല്ലാം പങ്കെടുക്കുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍, ഹിജാബികള്‍ വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുന്നു, ഹൈലൈറ്റ് ചെയ്യപ്പെടുന്നു. തട്ടമിട്ടവര്‍ പൊതു ഇടത്തേക്ക് വരുന്നു എന്നെല്ലാം പ്രശംസിച്ച് വലിയ സ്വീകാര്യത നല്‍കുന്നു. എന്നാല്‍, തട്ടമഴിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പിന്നീട് നടക്കുന്നതെന്ന് തിരിച്ചറിയാനാകുന്നില്ല. സോഷ്യല്‍ മീഡിയയിലെ  സെലിബ്രിറ്റികളായിരിക്കും പലപ്പോഴും ഈ കൂടിച്ചേരലുകളിലെ മുഖ്യ ആകര്‍ഷണങ്ങള്‍. അവര്‍ തങ്ങളുടെ കുട്ടിക്കാലത്തെ പാരതന്ത്ര്യങ്ങള്‍ പങ്കുവെക്കുകയും ഇപ്പോഴുള്ള സ്വാതന്ത്ര്യത്തിന്റെ വിശാല തീരങ്ങളെ വര്‍ണിക്കുകയും ചെയ്യുന്നു. 
സമുദായത്തില്‍നിന്നുള്ള എതിര്‍പ്പുകളുടെ കടന്നല്‍കൂടുകളും മതം ഉപേക്ഷിച്ചതിനൊടുവിലെ ആഹ്ലാദകരമായ ജീവിതവും ചര്‍ച്ചയാവുമ്പോള്‍, ഇത് തന്നെയാണല്ലോ തങ്ങളുടെയും  അനുഭവമെന്ന് തോന്നിത്തുടങ്ങുകയും അവര്‍ പലതും ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. 
'ഇസ്‌ലാം' ഇത്തരം ഗാതറിങുകളിലെ പ്രധാനപ്പെട്ട നെഗറ്റീവ് ചര്‍ച്ചാ വിഷയമാണ്. വിശേഷിച്ചും ഇടത് ലിബറലുകളുടെ ഇസ്‌ലാംവിരുദ്ധത. ഇസ്‌ലാമോഫോബിയ അവരെ അടക്കിഭരിക്കുന്നുണ്ട്. മതത്തിന്റെ വേലിക്കെട്ടുകള്‍, ചില പൗരോഹിത്യ അന്തക്കേടുകള്‍ തുടങ്ങിയവ മുന്നില്‍ വെച്ചായിരിക്കും പരിഹാസവും വിമര്‍ശനവും. പ്ലസ്ടു കഴിഞ്ഞ, പതിനെട്ട് - ഇരുപത് വയസ്സായ ആണ്‍-പെണ്‍ കുട്ടികളോട് ഇവിടെ ഉന്നയിക്കപ്പെടുന്ന ചില ചോദ്യങ്ങളുണ്ട്. നിങ്ങള്‍ എപ്പോഴെങ്കിലും തനിച്ച് യാത്ര ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? വീട്ടില്‍നിന്ന് അനുവദിക്കില്ല! നിങ്ങള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞല്ലോ, നിങ്ങളുടെ ഇഷ്ടങ്ങള്‍ ഇനിയും വീട്ടുകാരുടെ നിയന്ത്രണത്തില്‍ തന്നെയാണോ നടക്കേണ്ടത്? നിങ്ങളുടെ ജീവിതത്തിലെ ഈ നല്ല കാലത്ത് ഒന്നും ആസ്വദിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് ചെയ്യുക? വിവാഹം കഴിഞ്ഞ്, ജോലിയൊക്കെയായി, കുടുംബമായി കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് അത് സാധിക്കുമോ? നിങ്ങളുടെ ഉമ്മയും ഉപ്പയും ഒറ്റക്ക് യാത്ര ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? വിവാഹം വേലിയില്‍ പരസ്പര തറച്ചിടലാണ്. ജീവിതത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ യൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ പ്രായത്തില്‍ തന്നെയല്ലേ യാത്രകള്‍ ചെയ്യേണ്ടത്? പിന്നെ, പ്രായപൂര്‍ത്തി എത്തിയ ആണും പെണ്ണും സ്വതന്ത്രമായി ഇടപെടുന്നു, ഒരുമിച്ചു പാട്ടു പാടുന്നു, ചിത്രം വരക്കുന്നു, യാത്ര ചെയ്യുന്നു, ഒരുമിച്ചു താമസിക്കുന്നു, പരസ്പരം സമ്മതത്തോടെ സെക്‌സില്‍ ഏര്‍പ്പെടുന്നു. ഇതില്‍ എവിടെയാണ് തെറ്റ്?  ഇതുതന്നെയല്ലേ അള്‍ട്ടിമേറ്റ് സ്വാതന്ത്ര്യം?
ഇങ്ങനെ നീളും സ്വാതന്ത്ര്യത്തിന്റെയും അവസരവാദ ഫെമിനിസത്തിന്റെയും  ചോദ്യങ്ങള്‍. ഇതോടെ ചിന്തകള്‍ കാടുകയറുകയും പലപ്പോഴും സംശയങ്ങള്‍ പങ്കുവെക്കപ്പെടുമ്പോള്‍ മതം ഇതെല്ലാം നിഷേധിക്കുന്നു എന്ന വിധിയിലേക്ക് വന്നെത്തുകയും ചെയ്യുന്നു. അതോടെ മതത്തിനകത്തെ അസ്വാതന്ത്ര്യം അസ്വസ്ഥതയുണ്ടാക്കുകയായി. ഈ പറഞ്ഞുവെച്ചതെല്ലാം നവ തലമുറയുടെ അനുഭവങ്ങളാണ്, ഭാവനകളല്ല.

മതം ഊരിയെറിയുന്നു
തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ മതത്തിന്റെ വിലക്കുകളാണ് പിന്നീടുള്ള തടസ്സം. നിങ്ങള്‍ മതത്തിലാണോ, ദൈവത്തിലാണോ വിശ്വസിക്കുന്നത്? മതവിശ്വാസിയാണെന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്ക് ദൈവമില്ലേ എന്ന് ചോദിക്കും. ദൈവവിശ്വാസിയാണെന്ന് മറുപടി പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്തിന് മതത്തെ പേടിക്കുന്നുവെന്നാവും ചോദ്യം.  
മനുഷ്യനെ മനസ്സിലാവാത്ത മതം എങ്ങനെയാണ് ദൈവത്തെ മനസിലാക്കുക? മതത്തിന്റെ വേലിക്കെട്ടുകള്‍ എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ്? ഇതെല്ലാം മനുഷ്യര്‍ തന്നെ പടച്ചുണ്ടാക്കിയതാണ്. എത്രയോ കാലങ്ങളായി നമ്മള്‍ അതില്‍ കുരുങ്ങിക്കിടന്ന് ശ്വാസംമുട്ടുന്നു. ലോകം ഇത്രയേറേ വളര്‍ന്നിട്ടും നമ്മളിപ്പോഴും വഴിയിലെ തൊട്ടാവാടിയില്‍ കുരുങ്ങി കിടക്കുന്നു- ഇതാണ് സംസാര ശൈലി.
ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ എത്ര മതബോധമുള്ള കുട്ടിയും പതറിപ്പോകുന്നതാണ് അനുഭവം. ഇത്തരം ചോദ്യങ്ങളിലൂടെ, മതം നിലനില്‍പ്പില്ലാത്തതും അര്‍ഥശൂന്യമായതുമായ എന്തോ ഒക്കെയാണെന്ന നിലയിലേക്ക് എത്തുന്നതോടുകൂടി ആ വ്യക്തി സ്വമതത്തില്‍നിന്നും ലിബറേറ്റ് ചെയ്യപ്പെടുകയായി. അതായത് ഒരു മനുഷ്യന്‍ അള്‍ട്ടിമേറ്റ് സ്വാതന്ത്ര്യത്തിലേക്ക്  എത്തണമെന്നുണ്ടെങ്കില്‍ അയാള്‍ മതത്തില്‍നിന്നും പുറത്തു കടന്നാല്‍ മാത്രമേ സാധ്യമാവൂ  എന്നവര്‍ സ്ഥാപിച്ചെടുക്കുന്നു. അതിലേക്കുള്ള വഴിയാണെങ്കില്‍ അത്രമേല്‍ എളുപ്പവുമാണ്. ഒരു മാസത്തില്‍ ഇത്തരം നാലോ അഞ്ചോ കൂടിച്ചേരലുകളില്‍നിന്നും വളര്‍ത്തിയെടുക്കുന്ന സൗഹൃദം ഈ ലിബറേഷന്‍ പ്രോസസ്സിന്റെ വേഗത കൂട്ടുന്നു. 
മതത്തില്‍നിന്നും പുറത്തു കടന്നുകഴിഞ്ഞാല്‍ പിന്നീടുള്ള കടമ്പ വീട്ടില്‍നിന്നും പുറത്തുകടക്കുക എന്നതാണ്. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കാത്ത വീട്ടിലെ നരകാവസ്ഥയില്‍ മനം മടുത്ത്,  സ്വാതന്ത്രമായി ഒറ്റക്ക് ജീവിക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം തീരെ ചെറുതല്ല.  ഈ വഴി തെരഞ്ഞെടുക്കുന്ന അഭ്യസ്തവിദ്യരായ മുസ്‌ലിം യുവതികള്‍ പലരുമുണ്ട്. ബഹളം വെക്കുന്ന, ഒറ്റപ്പെട്ട ചിലര്‍ മാത്രമേ സമൂഹത്തിനു മുന്നില്‍ ദൃശ്യപ്പെടുന്നുള്ളൂ. അത്തരത്തില്‍ പുറപ്പെട്ടിറങ്ങുന്നവര്‍ക്കു വേണ്ടി സൗജന്യ താമസവും ഭക്ഷണവും തുടങ്ങി നല്ല യമണ്ടന്‍ ഇന്‍സ്റ്റന്റ് രക്ഷാധികാരി വരെ തൊട്ടടുത്ത നിമിഷം തന്നെ ഒരുങ്ങുന്നു എന്നതാണ് വാസ്തവം. വാടകക്കെടുക്കുന്ന ഫ്‌ളാറ്റുകള്‍ ഇങ്ങനെ ഇറങ്ങി വരുന്നവര്‍ക്ക് സൗജന്യമായി ലഭ്യമാക്കാന്‍ പലയിടത്തും സംവിധാനങ്ങളുണ്ട്.
ഏതു വിഷമത്തിലും താങ്ങാവുകയും സംരക്ഷണം നല്‍കുകയും അതിനേക്കാളുപരി തന്നെ അംഗീകരിക്കുകയും ചെയ്യുന്ന കൂട്ടുണ്ടാവുക എന്നത് കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടികളായി അവര്‍  കണക്കാക്കുന്നു. പിന്നീട് അതേ സ്വാതന്ത്ര്യം തന്നെ അവിടെ അവരുടെ ശാരീരിക ഉല്ലാസങ്ങള്‍ക്കുപോലും ഉപയോഗിക്കപ്പെടുന്നു. 
വലിയ തോതിലുള്ള ലഹരി ഉപയോഗവും വില്‍പനയും ഇതിന്റെ മറവില്‍ അരങ്ങേറുന്നുണ്ട് എന്നതാണ് അതിനേക്കാള്‍ ഭയപ്പെടുത്തുന്നത്. തുടക്കത്തില്‍ ലഹരി ഉപയോഗിക്കുമ്പോഴുള്ള ആനന്ദം പിന്നീട് ക്രിമിനലിസത്തിലേക്ക് വഴിമാറുന്നു. ലഹരിയുടെ വില്‍പനക്കാരായി അവര്‍ പ്രത്യക്ഷപ്പെടും. ലഹരി ഉപയോഗത്തിന്റെ ഭീമമായ ചെലവുകള്‍ താങ്ങാന്‍ ലഹരിയെത്തിച്ചുനല്‍കുന്ന ഡീലര്‍ കുപ്പായം വരെ അണിഞ്ഞെന്നു വരും. അപ്പോഴേക്കും അവര്‍  പൂര്‍ണമായും ലഹരിക്കടിപ്പെട്ടിട്ടുണ്ടാകും. ഞങ്ങള്‍ പുതുതലമുറക്കു ചുറ്റുമുള്ള അനുഭവ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് ഇതെല്ലാം പറയുന്നത്, ഭാവനയില്‍നിന്നല്ല.
പിന്നീട്, ഓപ്പണ്‍ സെക്‌സ് എന്നത് മനുഷ്യന്റെ സ്വാതന്ത്ര്യമാണെന്നും അതിന് വ്യക്തികളുടെ സമ്മതവും അഭിരുചിയും മാത്രമേ വേതുള്ളൂവെന്നുമുള്ള വാദങ്ങളുയരുകയായി. തദടിസ്ഥാനത്തില്‍ മേല്‍പറഞ്ഞ അതേ 'സ്വാതന്ത്ര്യ'ത്തിന്റെ തട്ടില്‍ പെണ്‍ ശരീരങ്ങള്‍ വില്‍ക്കപ്പെട്ടു തുടങ്ങും. വില്‍ക്കപ്പെടുന്നതു പോലും സ്വാതന്ത്ര്യമായി പ്രഖ്യാപിക്കപ്പെടുന്നത് എത്രത്തോളം അപകടകരമാണെന്നു ചിന്തിച്ചു നോക്കൂ. ഡേറ്റിംഗ് എന്ന പേരില്‍ നഗരത്തിലെ വന്‍കിട കെട്ടിടങ്ങളില്‍ ഇവര്‍ക്ക് സൗകര്യം ഒരുങ്ങുന്നു. പിന്നീട് കുരുക്കിലകപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാലും തിരിഞ്ഞു നടക്കാന്‍ പോലും കഴിയാതെ അവിടെത്തന്നെ ജീവിച്ചു തീര്‍ക്കുന്നു. ഇവരാണ് കൂടുതല്‍ പേരെ കണ്ണിചേര്‍ക്കാന്‍  നിയമിക്കപ്പെടുകയോ, ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നത്.
നിരന്തരമായ കൂടിച്ചേരലുകളിലും, വളന്റിയറിംഗിലുമെല്ലാം ഇവര്‍ വെച്ചു നീട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ലഹരിയില്‍ മൂക്കും തല്ലി വീഴുന്നവരെ കാക്കാന്‍ സുദീര്‍ഘമായ വഴിയോര പ്രഭാഷണങ്ങള്‍ക്കൊന്നും  കഴിയില്ലെന്ന യഥാര്‍ഥ്യം മതവൃത്തങ്ങള്‍ തിരിച്ചറിയുന്നുമില്ല. വിശ്വാസം തന്നെ പ്രതിരോധമാവുന്നൊരു കാലത്തെ തലമുറയോട് നമ്മള്‍ സംവദിക്കുകയും ഇടപെടുകയും ചെയ്യുന്ന സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.  

വഴിമരുന്നുകള്‍
എല്ലാം ഊരിയെറിയുന്ന ഈ സ്വാതന്ത്ര്യത്തെ വരിക്കാന്‍ എന്തുകൊണ്ട് പലരും മുന്നോട്ടു വരുന്നു? ഇതിന്റെ കാരണങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, തീരെ കുഞ്ഞുന്നാളിലെ  വിദ്യാഭ്യാസ അനുഭവത്തില്‍നിന്നുതന്നെ തുടങ്ങുന്നു പിഴവുകളുടെ പരമ്പര. മദ്‌റസാ കാലഘട്ടം മുതല്‍ കടന്നുപോവേണ്ടി വരുന്ന ദുരനുഭവങ്ങള്‍ ചെറുതല്ല. സൈക്കിള്‍ ഓടിച്ചതിന് മദ്‌റസയില്‍നിന്നും വിലക്ക് നേരിട്ട ഒരു സുഹൃത്തിന്റെ കഥ ഒരുപാടൊന്നും പഴയതല്ല. പെണ്ണായതു മാത്രമായിരുന്നു കാരണം. സ്വര്‍ഗത്തേക്കാളേറെ നരകത്തെ കുറിച്ച് സംസാരിക്കുന്നതുകൊണ്ടാവണം സ്രഷ്ടാവിന്റെ കരുണയേക്കാള്‍ ശിക്ഷകള്‍  അലോസരപ്പെടുത്തുന്നത്.
തിരുത്തലുകള്‍ തുടങ്ങേണ്ടത് നമ്മളില്‍നിന്നു തന്നെയാണ്. കുടുംബങ്ങളിലെ കൂടിച്ചേരലുകളില്‍ എന്തും തുറന്നു സംസാരിക്കാനുള്ള അവസരം നല്‍കപ്പെടുമ്പോള്‍ അവര്‍ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നലുണ്ടാവും. ആഴമുള്ള സൗഹൃദങ്ങള്‍ ശീലിപ്പിക്കണം. അനുവദനീയമായ സ്വാതന്ത്ര്യങ്ങളില്‍ അവരെ പിടിച്ചുകെട്ടാതെ നടക്കാന്‍ അനുവദിക്കണം. നടന്നു നടന്നു വഴി ഇടുങ്ങി പോവുകയോ തെറ്റിപ്പോവുകയോ ചെയ്യുന്നു എന്ന് തോന്നി തുടങ്ങിയാല്‍ അപ്പോള്‍തന്നെ തിരിഞ്ഞു നടക്കാന്‍ മടിക്കരുതെന്ന് ഓര്‍മപ്പെടുത്തണം. വീടകങ്ങളില്‍ പ്രാര്‍ഥനയോടെ രണ്ട് ഹൃദയങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് നിരന്തരം ഉണര്‍ത്തണം.  പിന്നെ എവിടെയാണ് അവര്‍ തളര്‍ന്നു വീഴുക? 
നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് തന്നെയാണ് മാറ്റിപ്പറഞ്ഞുതുടങ്ങേണ്ടത്. വിശ്വാസത്തിന്റെ കര്‍ക്കശ്യത്തേക്കാള്‍ അതിന്റെ സൗന്ദര്യത്തിനാകട്ടെ പ്രാധാന്യം. നമസ്‌കരിക്കാതിരുന്നാല്‍ നരകവും ശിക്ഷയുമായി കാത്തിരിക്കുന്ന ദൈവത്തെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുന്നതാണോ,  അല്ലാഹുവിനോട് സംസാരിച്ചിരിക്കുന്നതിന്റെ ഹൃദ്യതയിലേക്ക് സ്‌നേഹപൂര്‍വം  ക്ഷണിക്കുന്നതാണോ നമസ്‌കാരത്തെക്കുറിച്ച് കുട്ടികളുടെ  ഉള്ളില്‍ നിറഞ്ഞു തെളിയേണ്ട ചിത്രം? തന്റെ നാഥന്റെ കരുണയെകുറിച്ച്  നിരന്തരം കേള്‍ക്കുന്ന ഒരു ഹൃദയത്തെ ഏത് വാദങ്ങള്‍ക്കാണ് വഴിതെറ്റിക്കാനാവുക! വിശാലതയും വിട്ടുവീഴ്ചയുമുള്ള ഒരു ദര്‍ശനത്തിന്റെ  സൗന്ദര്യം നുണയുന്ന ഒരു മനസ്സ് അതിനപ്പുറം എങ്ങോട്ടാണ് സ്വാതന്ത്ര്യം തേടുക! വിശ്വാസം തന്നെയാണ് പ്രതിരോധം.

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌