Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

ആനക്കാലിലെ ചങ്ങല

ഡോ. ജാസിം അല്‍ മുത്വവ്വ

അഞ്ച് ടണ്‍ ഭാരമുള്ള കൂറ്റന്‍ ആന സര്‍ക്കസിലെ ട്രെയ്‌നറുടെ ആജ്ഞകള്‍ക്ക് വഴങ്ങുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയുമോ? ഒറ്റ അടികൊണ്ട് സര്‍വ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് പുറത്ത് കടക്കാന്‍ കഴിയുമായിരുന്നിട്ടും കൂറ്റന്‍ ആനകള്‍ ആനിമല്‍ പാര്‍ക്കില്‍നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കാതിരിക്കുന്നതെന്തെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലളിതമാണ്; ഭീമാകാരരൂപിയായ, പര്‍വതസമാന ശരീരമുള്ള ഈ കരിവീരന്മാര്‍ ചെറുപ്പന്നേയുള്ള ശീലങ്ങളുടെ തടവുകാരാണ്. പത്ത് മീറ്റര്‍ ചുറ്റളവുള്ള കയറില്‍ ബന്ധിച്ചിരിക്കുകയാണ് അതിന്റെ കാലുകള്‍. ആ ചങ്ങലകളാവട്ടെ, അതിനെ മെരുക്കാനും അനുസരിപ്പിക്കാനുമുള്ള ആവശ്യത്തിനായി നിലത്ത് ഒരു കുറ്റിയില്‍ ബന്ധിച്ചിരിക്കുകയുമാണ്. പത്ത് മീറ്ററില്‍ കൂടുതല്‍ ആന നടക്കാന്‍ ശ്രമിക്കുമ്പോഴേക്ക് കൂച്ചുവിലങ്ങ് വലിഞ്ഞ് അതിനെ മുന്നോട്ടു നീങ്ങാനാവാത്ത വിധത്തില്‍ പിടിച്ചുനിര്‍ത്തും. അങ്ങനെ അതിന്റെ നടത്തവും ചലനവുമൊക്കെ വളരെക്കാലമായി ആ ചങ്ങല തീര്‍ക്കുന്ന വൃത്തത്തിനുള്ളില്‍ പരിമിതപ്പെട്ടു കിടക്കുകയാണ്. അങ്ങനെ ആന വളര്‍ന്ന് വലുതായി ശരീരമൊക്കെ വണ്ണം വെച്ച് അയ്യായിരം കിലോഗ്രാം ഭാരമുണ്ടായിട്ടും അതിന് തോന്നുകയാണ്; പത്ത് മീറ്ററിനപ്പുറം തനിക്ക് നടക്കാനാവില്ലെന്ന്. കാരണം ചെറുപ്പം മുതല്‍ക്കേയുള്ള ശീലം അതിന്റെ ചിന്തയെ സ്വാധീനിച്ചതാണ്. യഥാര്‍ഥത്തില്‍ പത്ത് മീറ്ററുള്ള ചങ്ങല മുറിച്ച് അതിന്റെ ഒരു ഭാഗം മാത്രമേ അതിന്റെ കാലില്‍ ചുറ്റിയിട്ടുള്ളൂ. അതാവട്ടെ നിലത്ത് കുറ്റിയടിച്ച് ബന്ധിപ്പിച്ചതല്ല താനും. എന്നിട്ടും ആന വിശ്വസിക്കുന്നത് തന്റെ കാലിലെ ചങ്ങലയുടെ ഒരു ഭാഗം നിലത്ത് അടിച്ചുതാഴ്ത്തിയ കുറ്റിയില്‍ തളച്ചിട്ടുണ്ടെന്നാണ്.
ഞാന്‍ ഇവിടെ പറഞ്ഞ ഈ ആനക്കഥയിലെ ആനയെപ്പോലെയാണ് ഇന്ന് അധികമാളുകളും ജീവിക്കുന്നത്. ചെറുപ്പന്നേ തങ്ങള്‍ പതിവാക്കിയ ശീലങ്ങളുടെ തടവുകാരാണ് അവരെല്ലാം. തങ്ങള്‍ ശീലിച്ചുപോന്ന പതിവുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള കരുത്തും ആര്‍ജവവും ശക്തിയും നഷ്ടപ്പെട്ടവരാകുന്നു അവര്‍. അയഥാര്‍ഥമായ മിഥ്യാലോകത്താണ് അവര്‍ ജീവിച്ചുപോരുന്നത്. ചങ്ങലക്ക് നിലത്തെ കുറ്റിയുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും തന്റെ കാലിലെ ചങ്ങല നിലത്തെ കുറ്റിയില്‍ ബന്ധിച്ചിട്ടുണ്ടാവുമെന്ന ആനയുടെ മിഥ്യാധാരണയാണ് അവരെ ഭരിക്കുന്നത്.
തന്റെ മനോഗതം എന്തെന്ന് തുറന്നു പ്രകടിപ്പിക്കാന്‍ കഴിവില്ലാത്ത ഒരു വ്യക്തിയുമായി സംസാരിക്കാന്‍ ഈയിടെ എനിക്കവസരമുണ്ടായി. തന്റെ പെരുമാറ്റ രീതികള്‍ മാറ്റാനാവില്ലെന്നതാണ് അയാളുടെ വേവലാതി.
ഞാന്‍ അയാളോട്: ''നിങ്ങള്‍ അത് പരീക്ഷിക്കുകയുണ്ടായോ!''
അയാള്‍: ''പരീക്ഷിച്ചുനോക്കി, പക്ഷേ ഞാന്‍ വിജയിച്ചില്ല.''
ഞാന്‍: ''എത്ര തവണ നിങ്ങള്‍ പരീക്ഷിച്ചു നോക്കി?''
അയാള്‍: ''രണ്ടോ മൂന്നോ പ്രാവശ്യം.''
ഞാന്‍: ''അത് വളരെ കുറവാണ്. ഒരാള്‍ക്ക് അയാളുടെ മനസ്സില്‍ വേരുറച്ച വിശ്വാസങ്ങളെ പിഴുതെറിയാനും ധാരണകള്‍ തിരുത്താനും തന്നെ നവീകരിക്കാനും തന്റെ പെരുമാറ്റങ്ങളില്‍ മാറ്റം വരുത്താനും പരീക്ഷണങ്ങള്‍ പലവട്ടം വേണ്ടിവരും. എങ്കില്‍ മാത്രമേ പുതിയ ശീലങ്ങള്‍ ആര്‍ജിക്കാന്‍ അയാള്‍ക്ക് കഴിയൂ. തന്നില്‍ വേരുറച്ച പഴയ ശീലങ്ങളെ പിഴുതെറിയാന്‍ പലവുരു പരിശ്രമിക്കേണ്ടിവരും.'' ഇരുപത് വട്ടമെങ്കിലും അയാള്‍ തന്റെ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകാണും. ഒടുവില്‍ അയാള്‍ വിജയിച്ചു.
തന്റെ ക്ഷിപ്രകോപത്തെപ്പറ്റി പരാതി പറയാനാണ് ഒരു സ്ത്രീ എന്നെ സമീപിച്ചത്. അവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. നിയന്ത്രണം വിട്ട് എങ്ങനെയൊക്കെയോ പെരുമാറും.
അവരോട് ഞാന്‍: ''നിങ്ങളുടെ ഈ പെരുമാറ്റം ആനക്കാലിലെ ചങ്ങല പോലെയാണ്. നിങ്ങള്‍ ഇതിനെ നേരിടുകയും നിങ്ങളുടെ മനസ്സില്‍ വേരാഴ്ത്തിയ വിശ്വാസങ്ങളും ധാരണകളും മാറ്റുകയും വേണം. 'എനിക്ക് കഴിയില്ല' എന്ന ചിന്തയില്‍നിന്ന് മാറി 'എനിക്ക് കഴിയും' എന്ന ദൃഢനിശ്ചയത്തിലേക്ക് നിങ്ങള്‍ പുരോഗമിക്കണം.'' കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ വിജയിച്ചു. ക്ഷോഭം നിയന്ത്രിക്കാനും മനസ്സിനെ മെരുക്കാനും വികാരങ്ങള്‍ക്ക് അടിപ്പെടാതിരിക്കാനും അവര്‍ക്ക് സാധിച്ചു. ദുഷിച്ച പഴയ ശീലങ്ങള്‍ മാറ്റാന്‍ ഏതൊരാളും അഞ്ച് ചുവടുവെപ്പുകള്‍ നടത്തിയേ പറ്റൂ:
ഒന്ന്, താന്‍ പതിവാക്കിയ ശീലങ്ങള്‍ തെറ്റാണെന്ന് ഉറച്ച ബോധ്യം വേണം. തനിക്കത് മാറ്റാന്‍ കഴിയുമെന്ന് അയാള്‍ക്ക് ദൃഢവിശ്വാസം വേണം. പഴയ ശീലങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് മാറ്റത്തിന് താന്‍ തയാറാണെന്ന സന്നദ്ധതയും ഉറച്ച കാല്‍വെപ്പുകളുമാണ് പ്രഥമ പടി.
രണ്ട്, 'ഞാന്‍ അത് ചെയ്യില്ല' എന്ന മനോഭാവത്തില്‍നിന്ന് 'എനിക്ക് അത് സാധിക്കുന്നില്ല' എന്ന മനോഭാവത്തിലേക്ക് മാറണം. കാരണം 'ഞാനത് ചെയ്യില്ല' എന്ന് നിങ്ങള്‍ പറയുമ്പോള്‍ സംഭവിക്കുന്നത് ഞാന്‍ മാറില്ല എന്ന ഉറച്ച ഒരു തീരുമാനം നിങ്ങള്‍ അകമേ എടുത്തൂവെന്നാണ്. മറിച്ച് 'എനിക്കത് സാധിക്കുന്നില്ല' എന്നാകുമ്പോള്‍ ബാഹ്യമായ എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് നിങ്ങള്‍ പറയുന്നത്. ആ കാരണങ്ങള്‍ അഭിസംബോധന ചെയ്ത് ഇല്ലാതാക്കാന്‍ സാധിക്കുമല്ലോ. ആനക്കാലിലെ ബാക്കി ചങ്ങല നിലത്ത് ബന്ധിച്ചിട്ടുണ്ടാകുമെന്ന ആനയുടെ മിഥ്യാധാരണപോലെ എന്തെങ്കിലും കാരണങ്ങളാവാം അത്.
മൂന്ന്, പതിവാക്കിയ ശീലങ്ങളുടെ ദോഷങ്ങളും അവയുളവാക്കുന്ന നിഷേധാത്മക ഫലങ്ങളും തിരിച്ചറിയുക. ഉദാഹരണമായി ഭക്ഷണത്തിന് ശേഷം ചായകുടിച്ചേ മതിയാവൂ എന്ന ശീലം. വ്യായാമം ഇല്ലായ്മ ഉണ്ടാക്കുന്ന ദോഷങ്ങള്‍. ദുര്‍മേദസ്സിന്റെ ഭവിഷ്യത്തുകളും ദൂഷ്യങ്ങളും തിരിച്ചറിഞ്ഞത് പെരുമാറുന്നതും നിങ്ങളുടെ ജീവിതം ആനയെ പോലെയാവാതിരിക്കാന്‍ സഹായിക്കും.
നാല്, ചീത്ത ശീലങ്ങള്‍ക്ക് പകരം നല്ല ശീലങ്ങള്‍ പതിവാക്കുക. പുകവലി വര്‍ജിക്കാന്‍ തീരുമാനിച്ച ഒരു വ്യക്തിയെ എനിക്കറിയാം. വിരലുകള്‍ക്കിടയില്‍ സിഗരറ്റ് പുകയാത്ത നിമിഷം അയാളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സിഗരറ്റ് ഒഴിവാക്കിയ അയാള്‍ പകരം തസ്ബീഹ് മാലയില്‍ കൈവിരലുകള്‍ ചലിപ്പിക്കും. അയാള്‍ പുതിയ ശീലത്തില്‍ വിജയിച്ചു. പുകവലി ശീലം മാറി.
അഞ്ച്, ദുഷിച്ച ശീലങ്ങളില്‍നിന്ന് മോചിപ്പിക്കാനും വിമുക്തി നില്‍കാനും പുതിയ ശീലങ്ങള്‍ സ്വായത്തമാക്കാനുള്ള കഴിവിനും അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കുക. ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാല്‍ ദുശ്ശീലങ്ങള്‍ മാറ്റാന്‍ അല്ലാഹുവിന്റെ തുണയുണ്ടാവും.
കാലില്‍ നിലത്തുറപ്പിച്ച ചങ്ങലയുണ്ടെന്ന മിഥ്യാധാരണയില്‍ കഴിയുന്ന ആനയെപോലെ ജീവിക്കാതിരിക്കാന്‍ ഈ അഞ്ച് ചുവടുവെപ്പുകള്‍ ആവശ്യമാണ്. ആനയുടെ ജീവിതം നിങ്ങള്‍ക്ക് യഥാര്‍ഥ സന്തുഷ്ടി നല്‍കില്ല. നിങ്ങളുടെ മനസ്സിനെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്ന മിഥ്യാബോധങ്ങളുടെ തടവറയില്‍ കഴിഞ്ഞ് ഒടുങ്ങാനായിരിക്കും 'ആനമനസ്സ്' പുലര്‍ത്തിയാല്‍ നിങ്ങളുടെ വിധി.

വിവ: പി.കെ ജമാല്‍

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌