Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

ജീവിതം പരിധികള്‍ അതിരിട്ട മനോഹാരിത

ടി. മുഹമ്മദ് വേളം 

പരിധികള്‍ അതിരിട്ട മനോഹാരിതയാണ് ജീവിതം. എന്തുമാവാം, എങ്ങനെയുമാവാം എന്നത് ഒന്നിനെയും സൗന്ദര്യവത്താക്കുന്നില്ല. സംഗീതം ശ്രുതിമധുരമാണ്. സാന്ദ്രമായൊഴുകുന്ന സംഗീതത്തിനു പിറകില്‍ കണിശമായ നിയമവ്യവസ്ഥകളുണ്ട്. കാല്‍പ്പന്തുകളി കാലുകൊണ്ട് രചിക്കപ്പെടുന്ന കവിതയാണ്. അതിരും അതിനകത്തെ നിയമങ്ങളുമാണ് കാല്‍പന്തുകളിക്ക് ഒരു കലാരൂപത്തിന്റെ ഘടനയും ചാരുതയും നല്‍കുന്നത്. നമുക്ക് സ്വാതന്ത്ര്യത്തെ എപ്പോഴും ഏതെങ്കിലും ഒരു ഘടനക്കകത്തേ ആവിഷ്‌കരിക്കാന്‍ കഴിയൂ. ഇസ്‌ലാം കുറേ കാര്യങ്ങള്‍ പാടില്ലെന്ന് ജീവിതത്തില്‍ വിലക്കുന്നുണ്ട്. ഈ വിലക്കുകള്‍ ആ സൗന്ദര്യത്തിന്റെ അതിരുകളാണ്. വെള്ളപ്പേജ് നാം എഴുതാന്‍ മാര്‍ജിനിട്ട് സുന്ദരമാക്കുന്നതുപോലെ. അടുക്കിനും ചിട്ടക്കുമാണ് ഖുര്‍ആന്‍ വിലക്കുകള്‍ എന്ന് വിളിക്കുന്നത്. വിലക്കുകള്‍ യഥാര്‍ഥത്തില്‍ വെറും വിലക്കുകളല്ല, ജീവിതത്തെ സുന്ദരമാക്കുന്ന അതിരുകളാണ്.
ഇസ്‌ലാം ഒരു ജീവിതാനന്ദത്തെയും മൊത്തമായി വിലക്കിയിട്ടില്ല, ലഹരി ഒഴിച്ച്. ജീവിതാസ്വാദനത്തിന്റെ വികൃത രൂപങ്ങളെ നിരോധിക്കുകയും സുന്ദരരൂപങ്ങളെ അനുവദനീയമാക്കുകയുമാണ് ദൈവം ചെയ്യുന്നത്. പണസമ്പാദനം വളരെ വലിയ ഒരു ജീവിത കാമനയാണ്. പലിശ അതിന്റെ വികൃത രൂപമാണ്. കച്ചവടം അതിന്റെ സുന്ദര രൂപവും. ഇസ്‌ലാം കച്ചവടത്തെ അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തു. എല്ലാ തിന്മകളും വ്യക്തിയെ വികൃതമാക്കുകയും സമൂഹത്തെ വികലമാക്കുകയും ചെയ്യും. അന്യന്റെ രക്തം കുടിച്ച് കൊഴുക്കലാണ് പലിശ. വ്യക്തിയുടെ നന്മതിന്മകളും സമൂഹത്തിന്റെ  ക്ഷേമവും തമ്മില്‍ മുറിക്കാനാകാത്ത ജൈവബന്ധമുണ്ട്. ലൈംഗികതയുടെയും പ്രണയത്തിന്റെയും സുന്ദരാവിഷ്‌കാരമാണ് വിവാഹം. അതിന്റെ വൈകൃതാവിഷ്‌കാരങ്ങളാണ് വിവാഹേതര ലൈംഗിക ബന്ധങ്ങള്‍. ചിട്ടപ്പെടുത്തിയ ശബ്ദമാണ് സംഗീതം. ചിട്ടപ്പെടുത്തിയ ലൈംഗികതയാണ് വിവാഹം. ദാമ്പത്യത്തിന് ശ്രുതിഭംഗങ്ങള്‍ ഉണ്ടെങ്കില്‍ ദൈവിക നിയമത്തിന്റെ താളത്തിലേക്ക് അതിനെ മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
ഇടപഴകലിലും ശരീരത്തിലും വസ്ത്രത്തിലും സ്ത്രീയും പുരുഷനും സര്‍വതന്ത്ര സ്വതന്ത്രരാണെന്ന് പറയുമ്പോള്‍ വേട്ടക്കാരനായ പുരുഷന്‍ നേട്ടം കൊയ്യുകയാണ് ചെയ്യുന്നത്. ഏതെങ്കിലും അതിരുകള്‍ക്കകത്തു മാത്രമേ മനുഷ്യന് സ്വാതന്ത്ര്യം ആവിഷ്‌കരിക്കാനാകൂ. അപ്പോള്‍ മാത്രമേ സ്വാതന്ത്ര്യം വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായി മാറുകയുള്ളൂ. മതങ്ങളുടെ സദാചാരപരമായ വിലക്കുകള്‍ സ്ത്രീകള്‍ക്കു മാത്രമാണെന്ന വാദം ഖുര്‍ആനിനു മുന്നില്‍ നിലനില്‍ക്കാത്തതാണ്. ആണിനോടും പെണ്ണിനോടും കാമക്കണ്ണുകള്‍ വെടിയാനും നോട്ടത്തെ ധര്‍മഫലം കൊണ്ട് നിയന്ത്രിക്കാനും പറഞ്ഞപ്പോള്‍ വേദം ആദ്യം പറയുന്നത് പുരുഷനോടാണ്; പിന്നെ സ്ത്രീയോടും (സൂറത്തുന്നൂര്‍ 30,31). സര്‍വതന്ത്ര സ്വാതന്ത്ര്യം പുരുഷ ചൂഷണത്തിന്റെ സ്വാതന്ത്ര്യമെന്ന പേരുവെച്ച പുതിയ രൂപം മാത്രമാണ്. പ്രകൃതിപരവും കാമനാപരവുമായ വൈവിധ്യങ്ങളെ നിരാകരിക്കുന്നതിലൂടെ അത് പ്രകൃതിവിരുദ്ധവുമാണ്. വ്യക്തിക്കും സമൂഹത്തിനും ഗുണകരമായ ഒരു ധര്‍മവ്യവസ്ഥക്ക് കീഴടങ്ങുന്നതിലാണ് മനുഷ്യന്റെ സ്വാതന്ത്ര്യം കുടികൊള്ളുന്നത്. പ്രഖ്യാപിക്കപ്പെട്ട കരാറുകളില്ലാത്ത ലൈംഗികബന്ധങ്ങളില്‍ സ്ത്രീയോ പുരുഷനോ എപ്പോള്‍ വേണമെങ്കിലും ഇരകളായി മാറാം. ഒരുമിച്ചാസ്വദിച്ച ലൈംഗികസുഖത്തിന്റെ ഭാരം സ്ത്രീ ഒരു തുണയുമില്ലാതെ ഒറ്റക്കനുഭവിക്കേണ്ടിവരുന്നു എന്നതാണ് ഈ ഇരയാക്കപ്പെടലിന്റെ സ്ത്രീ രൂപം. ഒരുമിച്ചു പങ്കിട്ട സുഖതൃഷ്ണകള്‍ മറ്റൊരു ഘട്ടത്തില്‍ പീഡനമായിരുന്നുവെന്ന സ്ത്രീവെളിപ്പെടുത്തലുകളാണ് ഇരയാക്കപ്പെടലിന്റെ പുരുഷ രൂപം. കരാറില്ലാത്ത ലൈംഗികതയാണ് രണ്ടിടത്തെയും പൊതു കാരണം.
ശരീരത്തിന്റെ ഉടമ ആരാണ്? സ്ത്രീശരീരത്തിന്റെ ഉടമ ഭര്‍ത്താവല്ല എന്നത് സത്യമാണ്. മനുഷ്യരാരും അവരുടെയോ മറ്റുള്ളവരുടെയോ ശരീരത്തിന്റെ ഉടമകളല്ല എന്നതാണ് അതിനേക്കാള്‍ വലിയ സത്യം. ഓരോ ശരീരവും അവരവരുടെ റിപ്പബ്ലിക്കുകളല്ല, ദൈവത്തിന്റെ റിപ്പബ്ലിക്കുകള്‍ ആവേണ്ടവയാണ്, ആക്കിത്തീര്‍ക്കേണ്ടവയാണ്. ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യം നമ്മുടെ ശരീരത്തെ ദൈവത്തിന്റെ വ്യവസ്ഥയാക്കാന്‍ സന്നദ്ധമാണോ എന്നതാണ്. ദൈവമാണ് ഉടമ എന്നതിന്റെ അര്‍ഥം എനിക്കും ഇതരര്‍ക്കും ഗുണപരമായ വിധത്തില്‍ ഞാനെന്റെ ശരീരത്തിന്റെ അഭിലാഷങ്ങളെ ചിട്ടപ്പെടുത്തും എന്നാണ്. ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത് രണ്ട് ഭാവങ്ങളിലാണ്: ഒന്ന്, എല്ലാ മനുഷ്യരെയും ചരാചരങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു കുട എന്ന അര്‍ഥത്തില്‍. രണ്ട്, ആരോഗ്യകരമായ ജീവിതത്തിന്റെ പോഷകങ്ങളായ മൂല്യങ്ങളുടെ സ്രോതസ്സ് എന്ന നിലയില്‍.
ദൈവമാണ് ഉടമ എന്നത് ഏറ്റവും മാനവികവും വിപ്ലവകരവുമായ മുദ്രാവാക്യമാണ്. വെളിയങ്കോട് ഉമര്‍ ഖാദി എന്ന മലയാളി പണ്ഡിത പോരാളി ബ്രിട്ടീഷുദ്യോഗസ്ഥര്‍ നികുതി പിരിക്കാന്‍ വന്നപ്പോള്‍ ബ്രിട്ടീഷ് ഭരണാവകാശത്തെ തന്നെ നിരാകരിച്ചുകൊണ്ട് പറഞ്ഞത് ഇത് ദൈവത്തിന്റെ ഭൂമിയാണ്, നിങ്ങള്‍ക്ക് നികുതി തരാന്‍ എനിക്ക് ബാധ്യതയില്ല എന്നായിരുന്നു. ഇത് ദൈവത്തിന്റെ ഭൂമിയാണ് എന്നതിന്റെ അര്‍ഥം ഇവിടെ ദൈവം ഇറങ്ങിവന്നാണ് ഭരണം നടത്തേണ്ടത്, അതുകൊണ്ട് നിങ്ങള്‍ക്ക് ഭരണം നടത്താന്‍ അവകാശമില്ല എന്നല്ല. ദൈവത്തിന്റെ ഭൂമിയാണ്, അതുകൊണ്ട് പുരോഹിതരാണ് ഭരിക്കേണ്ടത് എന്നുമായിരുന്നില്ല. ഇത് ദൈവത്തിന്റെ ഭൂമിയാണ്, അതുകൊണ്ട് ഇവിടെ പാലിക്കേണ്ട ദൈവപ്രോക്തമായ ചില മൂല്യങ്ങളുണ്ട്, അത് നിങ്ങള്‍ ലംഘിച്ചിരിക്കുന്നു. ഒരു ജനതയെ ഭരിക്കേണ്ടത് അവരുടെ സമ്മതിയുള്ളവരാണ് എന്നതാണ് ആ ദൈവിക മര്യാദ. ദൈവമാണ് നാടുകളുടെ ഉടമ, ഇത് ദൈവത്തിന്റെ ഭൂമിയാണ് എന്നത് സാമ്രാജ്യത്വ ഉടമസ്ഥതക്കെതിരായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ നികുതിനിഷേധവും ഇതുതന്നെയായിരുന്നു. ബംഗാളില്‍ ദരിദ്ര കര്‍ഷക തൊഴിലാളികള്‍ ഫറായിള് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഭൂമി ദൈവത്തിന്റ ഭൂമിയാണ് എന്നു പറഞ്ഞാണ് ജന്മിത്വത്തിനെതിരെ തൊഴിലാളികളുടെ അവകാശം സ്ഥാപിച്ചത്. ശരീരത്തിന്റെ ഉടമ ഞാനല്ല ദൈവമാണെന്ന കാഴ്ചപ്പാട്, സ്വന്തം ശരീര സുഖാടിമത്തത്തില്‍നിന്നും പലതരം ചൂഷണങ്ങളില്‍നിന്നുമുള്ള വിമോചനമാണ്. സ്വന്തം ആഗ്രഹങ്ങളെ ദൈവമായി സ്വീകരിക്കുന്നതിലൂടെയാണ് നാഗരികതകള്‍ തകര്‍ന്നതെന്ന് ജനതതികളുടെ ഉത്ഥാനപതനങ്ങളെ കുറിച്ച് സൂക്ഷ്മമായി പഠിച്ച് ചരിത്രത്തിന് ആമുഖമെഴുതിയ ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് കാലത്തിന് നല്‍കുന്ന മുന്നറിയിപ്പും ശുഭവാര്‍ത്തയുമാണ്.
മനുഷ്യന്‍ ഉല്‍ക്കര്‍ഷേഛുവാണ്, പുരോഗാമിയാണ്. പുതുമയെയും പുരോഗതിയെയും കുറിച്ച വാഗ്ദാനം അവനെ എപ്പോഴും ത്രസിപ്പിക്കും. തിന്മയും അധഃപതനവും പറഞ്ഞ് മനുഷ്യനെ പൊതുവില്‍ വശത്താക്കാനാവില്ല. മനുഷ്യന്‍ പതിച്ച ആദ്യത്തെ ചതി വിലക്കപ്പെട്ട വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചതായിരുന്നു. വിലക്കപ്പെട്ട വൃക്ഷത്തെ നിത്യതയുടെ വൃക്ഷമെന്ന് പിശാച് പുനര്‍നാമകരണം ചെയ്തവതരിപ്പിച്ചു (സൂറ: ത്വാഹാ 20). നിത്യതയും മാലാഖത്വവും പറഞ്ഞ് പ്രലോഭിപ്പിച്ചു. നശ്വരമായ ജീവിതവും അനശ്വരമായ ആത്മാവും എന്ന സംഘര്‍ഷം മനുഷ്യനില്‍ എന്നും നിലനില്‍ക്കുന്നുണ്ട്. അതിന്റെ ശാശ്വതികത്വമുള്ള ഉത്തരമാണ് സ്വര്‍ഗം. ആപേക്ഷികമായ ഉത്തരങ്ങളാണ് മനുഷ്യന്റെ രചനാത്മകവും സര്‍ഗാത്മകവുമായ ആവിഷ്‌കാരങ്ങള്‍. പ്രത്യക്ഷത്തില്‍ ഉദാത്തമായ ആശയങ്ങളാലും ഉന്നതമായ ലക്ഷ്യങ്ങളാലുമാണ് മിക്കപ്പോഴും മനുഷ്യന്‍ വഴിപിഴപ്പിക്കപ്പെട്ടത്.
ഉന്നതമാണെന്ന് തോന്നിപ്പിക്കുന്ന ആശയങ്ങളുടെ ചതിപ്രയോഗത്തിലൂടെ നഗ്നരാക്കപ്പെട്ടുകൊണ്ടാണ് മനുഷ്യചരിത്രം ആരംഭിക്കുന്നത്. ഏറ്റവും പുതിയ കാലത്തും ചരിത്രത്തില്‍ തുടരുന്നത് ഇതുതന്നെയാണ്. ''ആദം സന്തതികളേ, ചെകുത്താന്‍ നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കുകയും നഗ്നത വെളിപ്പെടുത്തുന്നതിന് അവരുടെ വസ്ത്രം ഊരിക്കളയുകയും ചെയ്തപോലെ ഇനി അവന്‍ നിങ്ങളെ വിപത്തിലകപ്പെടുത്താതിരിക്കട്ടെ. അവനും അവന്റെ കൂട്ടുകാരും നിങ്ങള്‍ക്ക് അവരെ കാണാനാവാത്തേടത്തുനിന്ന് നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. ചെകുത്താന്മാരെ നാം നിഷേധികളുടെ രക്ഷാധികാരിയാക്കിയിരിക്കുന്നു'' (അല്‍അഅ്‌റാഫ് 27). പൈശാചികാശയങ്ങള്‍ എങ്ങനെയാണ് മനുഷ്യനെ നഗ്നനാക്കുന്നതെന്ന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഈ ഖുര്‍ആന്‍ വാ
ക്യം വിശദീകരിച്ചുകൊണ്ട് എഴുതുന്നു: ''ജന്തുപ്രകൃതിയില്‍ അങ്ങനെയൊരു നാണമില്ല. അതിനാല്‍ ആ 'പ്രകൃതി താല്‍പര്യം' പൂര്‍ത്തീകരിക്കേണ്ടതിനായി അവയുടെ ശരീരത്തില്‍ ഒരു വസ്ത്രാവരണം സൃഷ്ടിക്കേണ്ടിവന്നുമില്ല. അവയുടെ ജനനേന്ദ്രിയത്തെ കേവലം ജനനേന്ദ്രിയമായിട്ടാണ് അല്ലാഹു വെച്ചിരിക്കുന്നത്; നഗ്നതയായിട്ടല്ല. എന്നാല്‍ മനുഷ്യന്‍ പിശാചിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചതോടെ സംഗതി അട്ടിമറിഞ്ഞു. പിശാച് അവന്റെ ശിഷ്യഗണങ്ങളെ പഠിപ്പിച്ചുവിട്ടിരിക്കുകയാണ്: ജന്തുക്കള്‍ക്ക് രോമവും തൂവലും മറ്റും എന്തിനാണോ അതേ ആവശ്യത്തിനാണ് മനുഷ്യന് വസ്ത്രാവരണം. അല്ലാതെ നാണം മറയ്ക്കുക എന്നതിന് അര്‍ഥമൊന്നുമില്ല. ജന്തുക്കളുടെ അവയവങ്ങള്‍ നഗ്നത അല്ലാത്തതുപോലെ, നിങ്ങളുടെ ഈ ലൈംഗികാവയവങ്ങളും നഗ്നതയല്ല; കേവലം ജനനേന്ദ്രിയങ്ങള്‍ മാത്രമാണ്'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാള്യം 2, പേജ് 16).
പുതിയ കാലത്ത് സ്വാതന്ത്ര്യം, വിമോചനം, സ്ത്രീ വിമോചനം, ലിംഗസമത്വ പുരോഗമനം മുതലായ ആകര്‍ഷണീയമായ ആശയങ്ങള്‍ പറഞ്ഞുകൊണ്ടാണ് സ്ത്രീകളും പുരുഷന്മാരും വിവസ്ത്രരാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വസ്ത്രത്തിന്റെ കുറവില്‍ സ്വാതന്ത്ര്യത്തിന്റെ അളവ് നിശ്ചയിക്കപ്പെടുന്നു. ടോപ്പ്‌ലെസ് പ്രൊട്ടസ്റ്റും ചുംബന സമരവുമൊക്കെ ഉദാത്ത ആശയങ്ങള്‍ കൊണ്ട് നഗ്നരാക്കപ്പെടുന്ന കൂട്ടായ്മകളുടെ ഉദാഹരണങ്ങളാണ്. വിമോചനം വര്‍ധിക്കുന്നതിനനുസരിച്ച് നഗ്നതയും വര്‍ധിക്കുന്നുവെങ്കില്‍  ആ വിമോചനം ഒരു പൈശാചിക സങ്കല്‍പമാണ്. ''മനുഷ്യനെ അവന്റെ നൈസര്‍ഗികമായ ഋജുമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പിശാച് പ്രയോഗിച്ച പ്രഥമ സൂത്രം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ തന്റെ ശത്രുവിനെതിരെ ആക്രമണം നയിക്കാന്‍ ഏറെ ഉചിതമായ മാര്‍ഗമായി പിശാച് കണ്ടെത്തിയിട്ടുള്ളത് മനുഷ്യന്റെ ഏറ്റവും ദുര്‍ബലമായ ലൈംഗികതയാണ്. മനുഷ്യപ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുള്ള ലജ്ജാശീലമാകുന്ന രക്ഷാകവചത്തിലാണ് പിശാച് അവന്റെ പ്രഥമ പ്രഹരമേല്‍പിച്ചതും. പിശാചിന്റെയും ശിഷ്യഗണങ്ങളുടെയും അടവ് അതേപടി ഇന്നോളം നിലനില്‍ക്കുന്നു'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, വാള്യം 2, പേജ് 12). ഓരോ ആദര്‍ശത്തിനും ഒരു സ്വഭാവമുണ്ട്, ഇസ്‌ലാമിന്റെ സ്വഭാവം ലജ്ജയാണ് എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. വസ്ത്രം ദൈവപ്രോക്തമാണെന്നും എന്നാല്‍ ഉത്തമമായ വസ്ത്രം ഭക്തിയാണെന്നും ഖുര്‍ആന്‍ പറയുന്നു (അല്‍ അഅ്‌റാഫ് 26). ഭക്തി ശരീരത്തിന്റെ വസ്ത്രമല്ല, മനസ്സിന്റെ വസ്ത്രമാണ്. ആ വസ്ത്രം ലജ്ജാബോധം കൊണ്ട് നിര്‍മിക്കപ്പെടുന്ന സംസ്‌കാര വസ്ത്രമാണ്. ലജ്ജാരാഹിത്യം തോന്നിയത് ചെയ്യലിനുള്ള പശ്ചാത്തല സൗകര്യമാണ്. ലജ്ജകൊണ്ട് പണിത അതിരുകള്‍ കൊണ്ടാണ് ലൈംഗികത എന്ന ജന്തുപ്രകൃതി മാനവികമായ സംസ്‌കൃതിയായി മാറുന്നത്. അതിരുകള്‍ ഇല്ലാതാവുക എന്നാല്‍, മനുഷ്യത്വത്തിനും ജന്തുത്വത്തിനും ഇടയിലെ അതിരുകള്‍ ഇല്ലാതാവുക എന്നാണ്, മനുഷ്യന്‍ ജന്തുപ്രകൃതിയിലേക്ക് ലയിച്ചുചേരുക എന്നാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ അതിരുകള്‍ നിരാകരിക്കുന്ന ദൈവനിഷേധികളെക്കുറിച്ച് അവര്‍ ധര്‍മരഹിതമായി ജീവിതം ആസ്വദിക്കുന്നവരും മൃഗങ്ങളെപ്പോലെ തിന്നുന്നവരുമാണ് എന്നു പറഞ്ഞത് (സൂറഃ മുഹമ്മദ് 12).

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌