എന്റെ പിതാവ് ആയഞ്ചേരി തറക്കണ്ടിയില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
നടന്നു തീരാത്ത വഴികളില്‍ ഓര്‍മകള്‍ അവസാനിക്കുന്നില്ല-1
പണ്ഡിതനും ചിന്തകനും ജമാഅത്തെ ഇസ്‌ലാമി കേരള മുന്‍ അമീറുമായ ടി.കെ അബ്ദുല്ല സാഹിബ് 'നടന്നു തീരാത്ത വഴികള്‍' എന്ന ശീര്‍ഷകത്തില്‍ പ്രബോധനത്തില്‍ നേരത്തെ എഴുതിയ ആത്മകഥാ കുറിപ്പുകളുടെ രണ്ടാം ഭാഗം ഈ ലക്കം മുതല്‍ പ്രസിദ്ധീകരിക്കുന്നു.
തയാറാക്കിയത്: കെ. നജാത്തുല്ല
എന്റെ 'നടന്നു തീരാത്ത വഴികളു'ടെ പ്രകാശനകര്‍മം കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്നപ്പോള്‍ പ്രഭാഷകരില്‍ പലരും ചൂണ്ടിക്കാട്ടിയ ഒരു പോരായ്ക, പുസ്തകത്തില്‍ മാതാപിതാക്കളെയും കുടുംബത്തെയും സംബന്ധിച്ച് കാര്യമായ വിവരണം ഇല്ലെന്നതായിരുന്നു. പ്രത്യേകിച്ച് പണ്ഡിത വരേണ്യനായ പിതാവിനെ കുറിച്ച് വിസ്തരിച്ച് പറയേണ്ടതായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. വാപ്പയുടെ ജീവിത കഥകള്‍ അന്വേഷിച്ച് പല സുന്നി പണ്ഡിതന്മാരും എന്നെ സമീപിക്കാറുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച് തന്നെയാവട്ടെ എന്ന് തീരുമാനിച്ചത് ('സ്വന്തം' കാര്യങ്ങള്‍ കഴിവത് ഒഴിവാക്കുകയെന്ന ഒരുതരം 'നിഷേധാത്മക ധാര്‍മികത'യുടെ സ്വാധീനമായിരിക്കാം കുടുംബ ബന്ധങ്ങളും മറ്റും വിട്ടുകളയാന്‍ പ്രേരകമായത്).
എന്റെ വാപ്പ ആയഞ്ചേരി തറക്കണ്ടിയില്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. ആയഞ്ചേരി എന്ന നാട്ടുപേരിലും തറക്കണ്ടി എന്ന വീട്ടുപേരിലും വാപ്പ അറിയപ്പെടാറുണ്ട്. തറക്കണ്ടി എന്ന പേരാണ് പ്രസിദ്ധം. ശിഷ്യഗണങ്ങളും ഭക്തജനങ്ങളും 'ഓര്‍' എന്നാണ് വിളിക്കുക. പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കേരള പ്രശസ്തരായ സുന്നി പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു പിതാവ് ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍ഹ്മാന്‍ മുസ്‌ലിയാര്‍. അശ്അരിയ അഖീദയും ശാഫിഈ മദ്ഹബും അംഗീകരിച്ചവരാണ് കേരളത്തില്‍, വിശേഷിച്ച് മലബാറില്‍ സുന്നികള്‍ എന്ന് അറിയപ്പെടുന്നത്. പരീക്ഷാ പദവികളോ മറ്റ് ടൈറ്റിലുകളോ നോക്കിയല്ല അക്കാലത്ത് പാണ്ഡിത്യം വിലയിരുത്തപ്പെട്ടിരുന്നത്. പണ്ഡിത സദസ്സിന്റെ ഏകകണ്ഠമായ അംഗീകാരവും ബഹുജനത്തിന്റെ സാര്‍വത്രികമായ ആദരവും കൊണ്ടായിരുന്നു പണ്ഡിതന്‍ നിര്‍വചിക്കപ്പെട്ടിരുന്നത്. വാപ്പക്ക് പരീക്ഷാ യോഗ്യതയായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലെ ബാഖവി പദവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാഖവി എന്നാല്‍ അഫ്ദലുല്‍ ഉലമ പോലൊരു സ്ഥാനമായേ ഇന്ന് തോന്നുകയുള്ളൂവെങ്കിലും അക്കാലത്ത് അങ്ങനെ ആയിരുന്നില്ല. വാപ്പ പക്ഷേ, പേരിനോട് ചേര്‍ത്ത് ബാഖവി എന്ന വാല്‍ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. സഹപണ്ഡിതന്മാരോ സമുദായമോ ബാഖവി എന്ന് വാപ്പയെ വിശേഷിപ്പിച്ചിരുന്നുമില്ല. അപ്പോഴും, ബാഖവി പട്ടത്തിന്റെ സ്ഥാനചിഹ്നമായി ഒരു തടിച്ച് കറുത്ത നീളന്‍ കോട്ട് വീട്ടില്‍ കിടപ്പുണ്ടായിരുന്നു. വാപ്പ ഒരിക്കല്‍ പോലും അതുപയോഗിച്ചതായി കണ്ടിട്ടില്ല. അഫ്ദലുല്‍ ഉലമാ പരീക്ഷക്ക് പ്രിലിമിനറി, ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങള്‍ ഉള്ളതുപോലെ വെല്ലൂരിലെ ബാഖവി പരീക്ഷക്കും രണ്ട് തട്ടുകളുണ്ട്. മുഖ്തസര്‍, മുതവ്വല്‍ എന്നിങ്ങനെ. ഒന്നാം ഘട്ടം മാത്രം ഇരുന്നവര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള കോട്ടാണ്. മുതവ്വല്‍ പാസായവര്‍ക്ക് കറുത്ത കോട്ട്.(വാപ്പയുടെ മരണശേഷം ആ കോട്ടിന് ഉത്താറി അമ്മദ് എന്ന ഒരു നാടന്‍ ആവശ്യക്കാരനുണ്ടായി. അമ്മദ് നിരക്ഷരനായ വെറും സാധാരണക്കാരന്‍. ഞങ്ങളുടെ വീട്ടില്‍ സ്ഥിരപരിചിതന്‍. എന്നാലും അമ്മദിന് ആ കോട്ട് വേണം. നിര്‍ബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടുന്നത്. അമ്മദ് ഔലിയാ വേഷം കെട്ടി കാശുണ്ടാക്കുന്നവനാണ്. കാസര്‍കോട് ഭാഗമാണ് സ്ഥിരം തട്ടകം. ഔലിയാ വേഷത്തിന് ഈ കോട്ട് ബഹുവിശേഷം. പാവം അമ്മദിനോട് സഹതാപം തോന്നിയെങ്കിലും മതക്കച്ചവടത്തിന് വാപ്പയുടെ കോട്ട് വിട്ടു നല്‍കാന്‍ മനസ്സ് വന്നില്ല. അമ്മദ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല).
പള്ളിദര്‍സും മതാധ്യാപനവുമായിരുന്നു വാപ്പയുടെ മുഖ്യ കര്‍മമണ്ഡലം. അക്കാലത്ത് ദീനീവിദ്യാഭ്യാസത്തിന്റെ ശക്തവും പ്രായോഗികവുമായ സംവിധാനമായിരുന്നു പള്ളിദര്‍സ്. അന്നത്തെ സ്ഥിതിക്ക് ഏറ്റവും 'ശാസ്ത്രീയമായ' പഠനരീതിയായിരുന്നു പള്ളിദര്‍സ് എന്നാണ് എന്റെ വിലയിരുത്തല്‍. അഞ്ചു നേരത്തെ നമസ്‌കാരം കഴിഞ്ഞാല്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടുറപ്പുള്ള കെട്ടിടങ്ങള്‍. രാത്രിയും പകലും മുതഅല്ലിമുകള്‍ (വിദ്യാര്‍ഥികള്‍) പള്ളിയില്‍ താമസമായതുകൊണ്ട് പഠനസമയം ക്രമപ്പെടുത്തുന്നതിന് വേണ്ടത്ര സൗകര്യം. വിദ്യാര്‍ഥികള്‍ക്ക് പരിസരങ്ങളിലെ മുസ്‌ലിം വീടുകളില്‍ സൗജന്യ ഭക്ഷണം. തുഛമായ പ്രതിഫലം സ്വീകരിച്ചോ സൗജന്യമായോ സ്വയം സമര്‍പ്പിതരായ പ്രധാനാധ്യാപകര്‍ (മുദര്‍രിസുകള്‍). സീനിയര്‍ വിദ്യാര്‍ഥികള്‍, ജൂനിയര്‍ വിദ്യാര്‍ഥികളെ താഴെതട്ടിലോളം പ്രതിഫലമില്ലാതെ പഠിപ്പിക്കുന്ന ക്രമീകരണം. ഇതെല്ലാം ചേര്‍ന്നതാണ് അക്കാലത്തെ പള്ളി ദര്‍സ് സംവിധാനം (കൂടുതല്‍ വിശദീകരണം പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് വായിക്കാം).
വാപ്പ ജീവിതാന്ത്യം വരെ ഇത്തരം പള്ളി ദര്‍സുകളിലെ മുദര്‍രിസ് ആയിരുന്നു. കാസര്‍കോട് പടന്നക്കു സമീപം തുരുത്തി, നാദാപുരം, ചേരാപുരം, വാഴക്കാട്, വെളിയങ്കോട് മുതല്‍ പ്രദേശങ്ങളില്‍ വാപ്പ ദര്‍സ് നടത്തിയതായി കേട്ടറിയാം. നാദാപുരത്ത് ചെറിയ പ്രായത്തില്‍ ഞാനും കൂടെ ഉണ്ടായിരുന്നു.
അക്കാലത്ത് പുറമ്പോക്ക് പഠനത്തേക്കാള്‍ ആഴത്തിലുള്ള അറിവ് നേടുന്നതിനായിരുന്നു പ്രാധാന്യം. 'തഹ്ഖീഖോ'ടു കൂടിയ പഠനം എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ വാപ്പക്ക് പ്രത്യേകം പ്രാവീണ്യമുണ്ടായിരുന്നു. മുഖ്യ ദര്‍സ് കിതാബുകള്‍ക്കെല്ലാം അറബി ഭാഷയില്‍ വാപ്പയുടെ കുറിപ്പുകള്‍ ഉണ്ടായിരുന്നു. 'അബ്ദുര്‍റഹ്മാന്‍ തറക്കണ്ടി'യുടെ ഷോര്‍ട്ട് ആയി അറബിയില്‍ അയ്ന്‍, താ എന്ന് കുറിപ്പിന്റെ അവസാനത്തിലുണ്ടാകും. 'അത്തിന്റെ പൊരുള്‍' എന്നാണ് ശിഷ്യന്മാരില്‍ ഇത് അറിയപ്പെട്ടിരുന്നത്. അച്ചടിക്കാത്തതിനാല്‍ ഈ കുറിപ്പിന് വാപ്പയുടെ മരണശേഷം വലിയ ഡിമാന്റും അന്വേഷണവുമായിരുന്നു. മുദര്‍രിസുകളും മുതഅല്ലിമുകളും ഞങ്ങളുടെ വീട്ടില്‍ വന്നുകൊണ്ടിരിക്കും. അങ്ങനെയുള്ള കൈമാറ്റത്തില്‍ കുറിപ്പ് എവിടെയോ കൈമോശം വന്നുപോയി.
അധ്യാപനമല്ലാതെ, പ്രാസംഗികനായോ എഴുത്തുകാരനായോ വാപ്പ ഒരിക്കലും അറിയപ്പെട്ടിട്ടില്ല. ജുമുഅ ഖുത്വ്ബ പോലും നടത്തിയതായി പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ വൈജ്ഞാനിക സദസ്സുകളില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രമാദമായ നാദാപുരം 'വഹാബി-സുന്നി' വാദപ്രതിവാദമാണ് ബഹുജനങ്ങളില്‍ വാപ്പയുടെ പ്രശസ്തി ഉയര്‍ത്തിയ സംഭവം. സലഫികള്‍ പറ്റേ തോല്‍ക്കുകയും സുന്നികള്‍ വിജയക്കൊടി നാട്ടുകയും ചെയ്ത വാദപ്രതിവാദമായിരുന്നു അത്. 'തോറ്റത്' വിഷയത്തിലല്ല, വിഷയാവതരണത്തില്‍. സലഫി പണ്ഡിതന്‍ കാണിച്ച അനാവശ്യമായ അതിസാമര്‍ഥ്യം പാളിയതാണ് പരാജയ കാരണം. വളരെ പ്രകടമായി 'ഇല്ല' എന്ന് തര്‍ജമ കേള്‍പ്പിക്കേണ്ടുന്ന ഒരു 'ലാ' യുടെ അര്‍ഥം വളച്ചുകെട്ടി പറഞ്ഞപ്പോള്‍ വാപ്പ എഴുന്നേറ്റു നിന്ന് ഉറച്ച ശബ്ദത്തില്‍ ചോദിച്ചുവത്രെ; 'ലാ' കട്ടതോ വിട്ടതോ എന്ന്. ഈ ചോദ്യം മുഴങ്ങിയതും മഹാസദസ്സ് ആകെ ഇളകിമറിഞ്ഞു. പിന്നെ, തക്ബീര്‍ വിളികളും വിജയാരവങ്ങളുമായിരുന്നു. ചോദിച്ചത്, ഖുതുബി മുഹമ്മദ് മുസ്‌ലിയാരും കൂടി ആണെന്നും വര്‍ത്തമാനമുണ്ട്.
ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രമുഖ സുന്നീ പണ്ഡിതനായി സുന്നി വൃത്തങ്ങളില്‍ വ്യാപകമായി അറിയപ്പെടുന്നു. ഇത് വസ്തുതാപരമായി തികച്ചും ശരിയാണ്. അതേസമയം വാപ്പ വ്യത്യസ്തനായ സുന്നി പണ്ഡിതനായിരുന്നു എന്നതിലും ശരിയുണ്ട്. ഞങ്ങളുടെ വീട്ടില്‍ വാപ്പ ഒരിക്കല്‍പോലും മൗലൂദോ റാത്തീബോ നടത്തിയിട്ടില്ല.
നാദാപുരം ദര്‍സ് കാലത്ത് പ്രശസ്തമായ നങ്ങീലിക്കണ്ടി തറവാട്ടിലായിരുന്നു രാത്രി വാപ്പയുടെ താമസം. ഞാനും കൂടെയുണ്ടാകുമായിരുന്നു. അവിടെ മൗലൂദ്, റാത്തീബാദികള്‍ കൊണ്ടാടുക പതിവാണ്. വാപ്പ അതിനെ എതിര്‍ക്കാറില്ല. ഒരിക്കലും അതില്‍ പങ്കെടുക്കാറുമില്ല. ഇത് എന്റെ ചെറുപ്പത്തിലെ അനുഭവമാണ്. വീട്ടില്‍ നേര്‍ച്ചപ്പിരിവിന് വരുന്ന 'ഖലീഫമാര്‍' വാപ്പ അകത്തുണ്ട് എന്നറിഞ്ഞാല്‍ ഒരോട്ടമാണ്. വാപ്പയുടെ ആട്ട് പേടിച്ചാണ് ഓട്ടം. പ്രമുഖ മുജാഹിദ് പണ്ഡിതനായ കുറ്റിയാടിയിലെ മര്‍ഹൂം എം. അബ്ദുല്ലക്കുട്ടി മൗലവിയും വാപ്പയും തമ്മില്‍ ഒരു കല്ല്യാണപ്പുരയില്‍ ചെറിയൊരു സംവാദം നടന്നുവത്രെ. പിന്നീട്, അതിനെ കുറിച്ച് അന്വേഷിച്ചവരോട് അവര്‍ 'തൗഹീദി'ല്‍ അതിരുകവിഞ്ഞു പോയവരാണ് എന്ന് വാപ്പ പ്രതികരിച്ചതായി കേട്ടിട്ടുണ്ട്. അധികമായാല്‍ അമൃതും വിഷമല്ലോ. ഇതുകൊണ്ടൊന്നും വാപ്പ സുന്നി അല്ലാതാവുന്നില്ല. വല്ല്യുമ്മ (വാപ്പയുടെ ഉമ്മ) വളരെ മതഭക്തയും കാര്യശേഷിയുള്ളവരും ആയിരുന്നെങ്കിലും അന്ധവിശ്വാസങ്ങള്‍ പാടേ വിട്ടുമാറിയിരുന്നില്ല. മരിച്ച ശേഷം ഖബ്‌റിലേക്ക് കൊണ്ടുപോകാന്‍ കുറേ ചെമ്പുതകിടുകള്‍ വല്ല്യുമ്മ ഭക്തിപൂര്‍വം കരുതിവെച്ചിരുന്നു. അതിലെല്ലാം അറബി അക്ഷരത്തില്‍ ആരോ എഴുതിക്കൊടുത്ത കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഖബ്‌റില്‍ മുന്‍കര്‍- നകീറുമാര്‍ ചോദിക്കുന്ന കടുകട്ടിയായ ചോദ്യങ്ങള്‍ക്കെല്ലാം ഒന്നാം തരം എ പ്ലസ് മറുപടികള്‍! മലക്കുകളടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി ചെമ്പുതകിടുകള്‍ കാണിച്ചുകൊടുത്താല്‍ സംഗതി കുശാല്‍. വല്ല്യുമ്മ അതിരഹസ്യമായി സൂക്ഷിച്ചുകൊണ്ടുനടന്ന ഈ തകിട് പുരാണങ്ങള്‍ ഒരിക്കല്‍ എങ്ങനെയോ വാപ്പയുടെ കണ്ണില്‍പെട്ടു. വല്ല്യുമ്മയുടെ തടസ്സവാദമൊന്നും വകവെക്കാതെ വാപ്പ അതെല്ലാം എവിടെയോ കൊണ്ടുപോയി വലിച്ചെറിഞ്ഞു. ഇതുകൊണ്ടും വാപ്പ സുന്നിയല്ലാതാവുന്നില്ല. സാധാരണ സുന്നിയല്ലെന്നു മാത്രം (മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ സുന്നീ പണ്ഡിതന്മാരില്‍ ചിലര്‍ക്ക് പല കാര്യത്തിലും വേറിട്ട അഭിപ്രായമുള്ളതായി അറിയാം).
അവസാനത്തെ മുത്തം
ദര്‍സും ദീന്‍ കാര്യങ്ങളും കഴിഞ്ഞാല്‍ വാപ്പക്ക് പ്രത്യേകം താല്‍പര്യമുള്ള വിഷയം കൃഷിയാണ്. ഒഴിവു ദിവസങ്ങളില്‍ നാട്ടിലുണ്ടാകുമ്പോള്‍ കൃഷികാര്യങ്ങളില്‍ നേരിട്ട് നേതൃത്വം നല്‍കുകയും പണിക്കാരോടൊപ്പം സമയം ചെലവിടുകയും ചെയ്യുമായിരുന്നു. അങ്ങനെയൊരു ഒഴിവുകാലത്ത്, ഞങ്ങള്‍ താമസിക്കുന്ന തറക്കണ്ടി പറമ്പില്‍ കൊത്തും കിളയും ഉഴുത്തും നടക്കുന്നു. കാളയെ കെട്ടി നിലം ഉഴുകുന്നതിന് ഞങ്ങളുടെ പ്രദേശത്ത് മൂരിവെപ്പ് എന്നും പറയും. ഉഴുത്ത് നടക്കുന്ന ഭാഗത്ത് കാടും പടലും കെട്ടിക്കിടപ്പുണ്ടായിരുന്നു. അത് വെട്ടിമാറ്റിക്കൊടുത്താല്‍ ഉഴുത്തുപണി എളുപ്പമാകും. വാപ്പ കൊടുവാള്‍ കൊണ്ട് കാട് വെട്ടിത്തെളിക്കുകയായിരുന്നു. അതിനിടയിലാണ് ആ ദുരന്തമുണ്ടാകുന്നത്. വാപ്പക്ക് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റു. വാപ്പക്ക് പാമ്പു കടിയേല്‍ക്കുകയില്ലെന്ന് ഭക്തജനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു. ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം പാമ്പുകടിയേറ്റിട്ടും വിഷമേറ്റിരുന്നില്ല. ഇതാണ് ഭക്തജനങ്ങളുടെ വിശ്വാസത്തിന് അവലംബം. എന്നാല്‍ ഇത് അവസാനത്തേതായിരുന്നു. സംഭവം നടക്കുമ്പോള്‍ എനിക്ക് പത്തോ പതിനൊന്നോ വയസ്സ്. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. കടവത്തൂരില്‍ അമ്മാവന്റെ വീട്ടില്‍ താമസിച്ച് ദര്‍സില്‍ കിതാബ് ഓതുകയായിരുന്നു. എന്നെ വാപ്പയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വരികയാണുണ്ടായത്. വീട്ടിലും പരിസരത്തും ഞാന്‍ കണ്ട രംഗം വിവരണാതീതമായിരുന്നു. വീട്ടുപറമ്പിലും അയല്‍വീടുകളിലുമെല്ലാം ജനം നിറഞ്ഞ് നില്‍ക്കുന്നു. എങ്ങും ദുഃഖം തളം കെട്ടിയ അവസ്ഥ. ആരും ആരോടും ഉച്ചത്തില്‍ സംസാരിക്കുന്നില്ല. പുതിയ ഒരു വിഷഹാരി വന്നുകയറുമ്പോള്‍ ശ്രദ്ധ അയാളിലേക്ക് തിരിയുന്നു. പല വിഷഹാരികളും അതിനുമുമ്പ് വന്നുപോയിട്ടുണ്ട്. ചിലര്‍ ലക്ഷണമൊക്കാത്തതുകൊണ്ട് വരാന്‍ സമ്മതിച്ചില്ലെന്നും കേള്‍ക്കാനിടയായി. അക്കാലത്ത് വിഷചികിത്സക്ക് അലോപ്പതി ഡോക്ടര്‍മാര്‍ ഞങ്ങളുടെ പ്രദേശങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. അവരെ അന്വേഷിച്ചു പോകുന്ന പതിവും ഇല്ലായിരുന്നു. നാട്ടുചികിത്സകൊണ്ട് വിഷമിറക്കുന്ന വൈദ്യന്മാരെയാണ് വിഷഹാരികളെന്ന് പറയുന്നത്. ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ ശാസ്ത്രപ്രകാരമുള്ള ലക്ഷണങ്ങള്‍ ഒത്തില്ലെങ്കില്‍ പല വിഷഹാരികളും വരാന്‍ കൂട്ടാക്കുകയില്ലെന്നാണ് ജനസംസാരം.
ഞാന്‍ വീട്ടിലെത്തി, ആള്‍ക്കൂട്ടത്തിനിടയിലൂടെ വാപ്പയെ നോക്കിയപ്പോള്‍ അസഹ്യമായ വേദനകൊണ്ട് പുളയുകയായിരുന്നു. എങ്കിലും ചെറിയ ഞെരക്കമല്ലാതെ അട്ടഹാസമോ നിലവിളിയോ ഉണ്ടായിരുന്നില്ല. എന്തോ ചൊല്ലുന്നതുപോലെ തോന്നി. ഞാന്‍ വന്നതറിഞ്ഞ് വാപ്പ എന്നെ വിളിപ്പിച്ചു തന്നിലേക്ക് അടുപ്പിച്ചു നിര്‍ത്തി. ഒന്നും സംസാരിച്ചില്ല. എന്റെ മുഖം വാപ്പയുടെ മുഖത്തോട് ചേര്‍ത്ത് ആഴത്തില്‍ ഒരു മുത്തം തന്നു. അതിന്റെ ചൂടും ചൂരും ഞാന്‍ ഇന്നും അനുഭവിക്കുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുനിറയുന്നു. പിന്നീട്, അധിക സമയം നീണ്ടുനിന്നില്ലെന്നാണ് ഓര്‍മ. ദക്ഷിണ കന്നട മുതല്‍ മലബാറിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും വന്നെത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട്, വാപ്പ യാത്രയായി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍... അന്തരീക്ഷത്തില്‍ നീണ്ട നെടുവീര്‍പ്പുകളായിരുന്നു. ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ പ്രാര്‍ഥനയില്‍ മുഴുകിനിന്ന ജനസഞ്ചയത്തിന് അത് താങ്ങാവുന്നതിലധികമായിരുന്നു.
വാപ്പ പിരിഞ്ഞുപോയ കൊല്ലം കണിശമായി എവിടെയും രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. 1940 എന്ന് സുന്നികളുടെ ഒരു പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. സംഭവം നടന്ന വീടകത്തിന്റെ ചുമരില്‍ 'അന്ത്യം 1940' എന്ന് കളിയടക്ക(പൈങ്ങടക്ക) കൊണ്ട് ആരോ എഴുതിവെച്ചത് ഞാന്‍ പലകുറി വായിച്ചിട്ടുണ്ട്. ഇതും മേപ്പടി പത്രത്തില്‍ കൊടുത്ത കൊല്ലവും ഒന്നായതുകൊണ്ട് ഏറക്കുറെ വിശ്വസനീയമാണെന്ന് തോന്നുന്നു.
അറുപതിനു മുകളിലുള്ള പ്രായത്തിലാണ് വാപ്പ മരിച്ചത്. ആരോഗ്യ സ്ഥിതിയില്‍ വടി നിര്‍ബന്ധമല്ലെങ്കിലും എപ്പോഴും യാത്രയില്‍ ബലമുള്ള ഒരു വടി കരുതുമായിരുന്നു. നാദാപുരത്തുനിന്ന് ദര്‍സ് കഴിഞ്ഞ് 13 കിലോമീറ്റര്‍ കാല്‍നടയായി പാതിരാവില്‍ പലപ്പോഴും വീട്ടില്‍ വന്നു ചേരാറുണ്ട്. അപ്പോഴെല്ലാം കൈയിലുള്ള വടി മാത്രമാണ് കൂട്ടിനുളളത്. കള്ളന്മാരെയും ക്ഷുദ്രജീവികളെയുമൊക്കെ നേരിടാനാണ് വടി കൊണ്ടുനടന്നിരുന്നത്. വടിയുടെ അറ്റത്ത് പിച്ചളകൊണ്ടുള്ള ഒരു മൂടിയും ഉണ്ടായിരുന്നു. ബലമുള്ള ആ മൂടി ഊരിയെടുത്താല്‍ ഉള്ളില്‍ തൃശൂല രൂപത്തില്‍ മൂര്‍ച്ചയുള്ള ഒരു കഠാരയാണ്. അപകടകാരികളായ ജീവികളെ നേരിട്ടതിന്റെ ചോരപ്പാടും അതിന്മേല്‍ കാണാമായിരുന്നു.
ചേരാപുരം പള്ളി മഹല്ല് ഖബ്ര്‍സ്ഥാനിലാണ് വാപ്പയെ മറമാടിയത്. വാപ്പ ചേരാപുരം മഹല്ല് ഖാദി ആയിരുന്നതുകൊണ്ട് അവിടത്തുകാരുടെ ആഗ്രഹവും ആവശ്യവുമായിരുന്നു അത്. പില്‍ക്കാലത്ത്, വാപ്പയുടെ ഖബ്ര്‍ കെട്ടിപ്പൊക്കുകയും മാര്‍ബിള്‍ പതിച്ച് അലങ്കരിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇതിലൊന്നും ഇടപെടാന്‍ പോയിട്ടില്ല. കേസും കൂട്ടവുമായി പോയാല്‍ അതൊരു നീണ്ട നിയമയുദ്ധത്തിലേക്കുള്ള എടുത്തുചാട്ടമാവും. ഇതിലൊക്കെ ഭിന്നാഭിപ്രായമുള്ളവരുണ്ടാവാം.
(കുറിപ്പ്: പില്‍ക്കാലത്ത് വാപ്പയുടെ ലൈബ്രറി പരിശോധിക്കുന്നതിനിടെ പേര്‍ഷ്യന്‍ ഭാഷയിലെ ചില പാഠപുസ്തകങ്ങള്‍ കാണാനിടയായി. ഇതിന്റെ സാഹചര്യം ചിന്തിച്ചപ്പോള്‍ മനസ്സിലാക്കിയ കാര്യം: ചില അറബി ഗ്രന്ഥങ്ങളില്‍ പേര്‍ഷ്യന്‍ ഭാഷയിലുള്ള അടിക്കുറിപ്പുകള്‍ കാണാറുണ്ട്. പാരസിക ഭാഷയില്‍ പ്രാഥമിക ജ്ഞാനമെങ്കിലും ഉണ്ടെങ്കിലേ ഇത് വായിച്ച് മനസ്സിലാക്കാനാവൂ. ഇതായിരിക്കണം, പേര്‍ഷ്യന്‍ പാഠപുസ്തകം വാപ്പക്ക് ആവശ്യമായി വന്ന സാഹചര്യം. 1940 കാലത്ത് മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഇശാഅത്ത് പോലുള്ള പത്രമാസികകളുടെ കോപ്പിയും ലൈബ്രറിയില്‍ ഉണ്ടായിരുന്നു. കൂടാതെ, പുതുയോട്ടുംകണ്ടി കേളുക്കുറുപ്പിനെ പോലുള്ള ഹൈന്ദവ-സംസ്‌കൃത പണ്ഡിതന്മാരും വാപ്പയെ കാണാനെത്തുമായിരുന്നു. മൗദൂദി സാഹിബിന്റെ 'രക്ഷാസരണി'യെ പ്രശംസിച്ചുകൊണ്ട് സംസ്‌കൃതത്തില്‍ കവിതയെഴുതിയതും കേളുക്കുറുപ്പായിരുന്നു).
അടിക്കുറിപ്പ് ഒരു സംവാദ ഫലിതം
വാപ്പ വീട്ടിലുണ്ടാകുന്ന ഒഴിവുകാലങ്ങളില്‍ പ്രമുഖ മതപണ്ഡിതന്മാര്‍ പലരും അതിഥികളായി എത്തുക പതിവാണ്. വീട്ടുവരാന്തയില്‍ ചൂടുള്ള സംവാദ സദസ്സുകളും നടക്കും. വാപ്പക്ക് കുളമുള്ളതില്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ എന്ന ഒരു ജ്യേഷ്ഠ സഹോദരനുണ്ടായിരുന്നു. ഈ മൂത്താപ്പയും സദസ്സിലുണ്ടാകും. വലിയ പണ്ഡിതനൊന്നുമല്ലെങ്കിലും തട്ടുത്തരം കൊണ്ട് സദസ്സിനെ ഊഷ്മളമാക്കാന്‍ സമര്‍ഥനാണ്. വിവാഹത്തിലെ 'കുഫുവ്' ചര്‍ച്ചാ വിഷയമായ ഒരു സദസ്സില്‍ ഇരുവീട്ടുകാരുടെ കുലവും തറവാടും യോജിക്കണമോ എന്ന ചോദ്യം ഉയര്‍ന്നുവന്നു. അതൊന്നും പരിഗണിക്കേണ്ടത് 'ശറഇ'ല്‍ നിര്‍ബന്ധമല്ല എന്നായിരുന്നു വാപ്പയുടെ നിലപാട്. മൂത്താപ്പ തെളിവ് ചോദിച്ചു. സൈദിന് സൈനബിനെ നബി കെട്ടിച്ചുകൊടുത്തത് വാപ്പ എടുത്തുകാട്ടി. ഉടന്‍ വന്നു, മൂത്താപ്പയുടെ തിരിച്ചടി: 'അതുകൊണ്ട് തന്നെയല്ലേടോ, അതങ്ങ് പൊട്ടിപ്പോയത്'. സദസ്സില്‍ ചിരി പടര്‍ന്നു.
Comments