ഇന്ത്യക്കാര്‍ നാമൊന്ന്, കുടിയേറ്റക്കാര്‍
ഇപ്പോള്‍ ഏറ്റവുമൊടുവില്‍ നടന്ന ജനിതക ഗവേഷണ പഠനങ്ങള്‍ ഭാരതീയരെയും ലോകത്തെതന്നെയും ബോധ്യപ്പെടുത്തുന്ന ചരിത്ര വസ്തുതകള്‍ ഇങ്ങനെ: ഇന്ത്യാ മഹാരാജ്യത്ത് ജീവിച്ച മനുഷ്യരെല്ലാം ഭൂമിയുടെ വിവിധയിടങ്ങളില്‍നിന്ന് കുടിയേറിയവരും അവരുടെ പിന്മുറക്കാരുമാണ്. ഇന്ത്യയിലെ ആദിമ മനുഷ്യര്‍ തന്നെ 65,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ശതാബ്ദങ്ങളിലൂടെ നടന്ന കുടിയേറ്റങ്ങളില്‍ ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള വരവിന് ക്രിസ്തുവിനു മുമ്പ് 2000 മുതല്‍ 1000 വരെ വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. കുടിയേറ്റക്കാരുടെ ഭിന്ന ഭാഷകളും സംസ്‌കാരങ്ങളും സമന്വയിച്ചാണ് ഇന്ത്യന്‍ സംസ്‌കാരവും ബഹുസ്വരതയും പുഷ്‌കലമായത്. പൂര്‍വികരായ മിശ്രിത സമൂഹത്തിന്റെ പാരമ്പര്യങ്ങളും സംസ്‌കാരങ്ങളുമാണ് ഇന്നത്തെ ഇന്ത്യന്‍ ജനതയുടെ നാനാത്വത്തിന് നിദാനം. അവയൊരിക്കലും ഏകധ്രുവമല്ല തന്നെ.
ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തെ 92 പ്രഗത്ഭ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഇവരുടെ കണ്ടെത്തലുകള്‍ 'ദ ഫോര്‍മേഷന്‍ ഓഫ് ഹ്യൂമന്‍ പോപ്പുലേഷന്‍ ഇന്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യ' എന്ന തലക്കെട്ടില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിലെ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം: ''വിവിധ ഇടങ്ങളിലെ 523 പൂര്‍വിക മനുഷ്യരുടെ പാരമ്പര്യങ്ങള്‍ പഠന വിധേയമാക്കിയാണ് കണ്ടെത്തലുകള്‍. ചരിത്രാതീത കാലത്ത് ഇറാന്റെയും ദക്ഷിണപൂര്‍വേഷ്യയുടെയും ഇടക്ക് വസിച്ചിരുന്ന നായാട്ടുകാരുടെ പാരമ്പര്യവുമായാണ് ആധുനിക ദക്ഷിണേഷ്യക്കാരുടെ ജനിതക ബന്ധം. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയുടെ തെക്കു കിഴക്കന്‍ മേഖലയില്‍ സിന്ധു നദീതട സംസ്‌കാരം തഴച്ചുവളര്‍ന്നു. അത് രണ്ടായിരം വര്‍ഷം നീണ്ടുനിന്നു. ആ സംസ്‌കാരത്തിന്റെ തകര്‍ച്ചക്കു ശേഷം സിന്ധുനദീതട നിവാസികള്‍ ദക്ഷിണ പൂര്‍വേഷ്യക്കാരുമായി കൂടിക്കലര്‍ന്നു. അങ്ങനെയാണ് ഈ വംശജര്‍ വഴി മധ്യേഷ്യയിലെ രണ്ട് പ്രബല സമൂഹങ്ങളിലൊന്ന് ദക്ഷിണേന്ത്യയില്‍ രൂപം കൊണ്ടത്. അക്കാലഘട്ടത്തില്‍തന്നെ വനഭൂമിയിലെ ആട്ടിടയരുടെ വംശവുമായി ഈ ജനത കൂടിക്കലര്‍ന്നു. 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യേഷ്യ വഴി വ്യാപരിച്ച ഈ ജനതയിലൂടെ ഉത്തരേന്ത്യന്‍ സമൂഹവും രൂപം കൊണ്ടു. ദക്ഷിണേഷ്യയിലെയും വെങ്കല യുഗത്തിലെ കിഴക്കന്‍ യൂറോപ്പിലെയും മരുഭൂ പൈതൃകം ഒന്നാണ്. മനുഷ്യരുടെ പ്രയാണഗതി ഇരുമേഖലയെയും ഒരേപോലെ ബാധിച്ചു. ഇന്തോ-ഇറാനിയന്‍, ബാല്‍ടോ-സ്ലാവിക് ഭാഷകളുടെ അംശങ്ങള്‍ പരസ്പരം കലരുകയും പ്രചരിക്കുകയും ചെയ്തു.'' 1922-'27 കാലത്ത് ഇന്ത്യയില്‍ നടത്തപ്പെട്ട പുരാവസ്തു ഗവേഷണങ്ങളില്‍ കണ്ടെത്തിയ വസ്തുതകള്‍ ഇപ്പോള്‍ ജനിതക ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഡോ. താരാചന്ദിനെപ്പോലുള്ള ചരിത്രകാരന്മാര്‍ ഇന്ത്യാ ചരിത്രത്തെ അഞ്ചു ഘട്ടങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. ഒന്ന്- ആദിമ മനുഷ്യന്‍ മുതല്‍ ബി.സി 3500 വരെയുള്ള കാലം. രണ്ട്- ബി.സി 3500 മുതല്‍ 600 വരെയുള്ള കാലം. ഈ ഘട്ടത്തിലാണ് ആര്യന്മാരുടെ വരവും അവരുടെ ഭാഷയും സംസ്‌കാരവും മതവുമൊക്കെ ഇന്ത്യയില്‍ വേരൂന്നിയത്. മൂന്ന്- ബി.സി 600 മുതല്‍ സി.ഇ 700 വരെയുള്ള കാലം. ഈ ഘട്ടത്തില്‍ പുതിയ ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവന്ന് അധിവാസമുറപ്പിച്ചു. പുതിയ സംസ്‌കാരങ്ങളും മതങ്ങളും തത്ത്വചിന്തകളും ഉടലെടുത്തു. വ്യവസ്ഥാപിത ഭരണകൂടങ്ങള്‍ ഇദം പ്രഥമമായി നിലവില്‍വരികയും ചെയ്തു. നാല്- സി.ഇ 700 മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനം വരെയുള്ള കാലം. ഈ ഘട്ടത്തിലാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്. അഞ്ച്- 18-ാം നൂറ്റാണ്ട് മുതലുള്ള കാലം. ഈ ഘട്ടത്തിലെ സവിശേഷതകള്‍: ഇന്ത്യാ രാജ്യം ഒരേ ഭരണകൂടത്തിനു കീഴില്‍ ഏകീകരിക്കപ്പെട്ടു. ഇന്ത്യയുടെ പാരമ്പര്യ സംസ്‌കാരം പാശ്ചാത്യ സ്വാധീനത്തിലായി. ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടി.
അങ്ങനെ യുഗങ്ങളിലൂടെ ജനതതികളുടെ സംഗമഭൂമിയായ നമ്മുടെ മഹാരാജ്യത്താണ് തലമുറകള്‍ തലമുറകളായി ജീവിച്ചുപോന്ന മനുഷ്യരില്‍ പലരുടെയും പൗരത്വം ചോദ്യം ചെയ്യപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും! ഭാരതീയര്‍ വിവിധ കാലങ്ങളില്‍ ജനസമൂഹങ്ങളുടെ കുടിയേറ്റങ്ങളെ വരവേറ്റവര്‍ മാത്രമല്ല; വന്‍തോതില്‍ കുടിയേറ്റം നടത്തിയവരുമാണ്. യു.എന്‍ എക്കണോമിക് ആന്റ് സോഷ്യല്‍ അഫേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2019-ലെ റിപ്പോര്‍ട്ടനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടത്തിയവര്‍ ഇന്ത്യക്കാരാണ്. മറ്റു രാജ്യങ്ങളില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷമാണ്. ലോകത്തെ മൊത്തം കുടിയേറ്റക്കാര്‍ 27 കോടിയാണ്. കുടിയേറ്റക്കാരില്‍ ലോകത്തെ ഒന്നാം 'ശക്തി'യായ നമ്മളാണ് രാജ്യനിവാസികളെ വിദേശികളാക്കി കല്‍തുറുങ്കുകളിലടക്കാന്‍ ബദ്ധപ്പെടുന്നത്! കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ദല്‍ഹി രാംലീല മൈതാനിയില്‍ 2018 സെപ്റ്റംബര്‍ 23-ന് ചെയ്ത പ്രസംഗം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇന്ത്യയില്‍ നൂറ് കോടി നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും അവര്‍ ചിതല്‍ കണക്കെ രാജ്യത്തെ കാര്‍ന്നുതിന്നുകയാണെന്നും അവരെ പുറത്താക്കണമെന്നുമായിരുന്നു പ്രസംഗം.
ഇതര രാജ്യങ്ങളിലെ ഇന്ത്യക്കാരാരും തന്നെ പൗരത്വത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാകുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണം നടത്തിയിരുന്നത്, അമേരിക്കയുടെ തൊഴിലവസരങ്ങളെല്ലാം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കൈക്കലാക്കുന്നുവെന്നായിരുന്നു. ഈയിടെ നമ്മുടെ പ്രധാനമന്ത്രി 'ഹൗഡി മോദി' പരിപാടിയില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ അര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെയാണ് അഭിമുഖീകരിച്ചത്. 40 ലക്ഷം ഇന്ത്യന്‍ വംശജര്‍ നിവസിക്കുന്ന അമേരിക്കയില്‍, അവരുടെ കരുത്തും ശക്തിയും തെളിയിക്കുന്നതായിരുന്നു ആ പരിപാടിയെന്നാണ് പലരുടെയും വിലയിരുത്തല്‍. അമേരിക്കയിലെ ഇന്ത്യക്കാരുടെ കരുത്തില്‍ അഭിമാനം കൊള്ളാനും ആഹ്ലാദിക്കാനും പ്രധാനമന്ത്രി അങ്ങോട്ടു പോകുമ്പോള്‍ ഇന്ത്യയില്‍ പൗരത്വത്തിന്റെ പേരില്‍ ജനതയെ അന്യവല്‍ക്കരിച്ച് തടവിലിടാന്‍ ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന ഭീമന്‍ ജയിലറകള്‍ പണിയുകയായിരുന്നു! ഇക്കാരണത്താല്‍ തന്നെയാണ് ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തിനു പുറത്ത് മോദിക്കെതിരെ അന്ന് വമ്പന്‍ പ്രതിഷേധ പ്രകടനം നടന്നത്. അതോടെ, വിദേശ പര്യടനത്തിന് പോയി അവിടെ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയ പ്രധാനമന്ത്രിയെന്ന 'കീര്‍ത്തി'യും മോദിക്ക് സ്വന്തമായി.
ചരിത്രപരമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടതാണ് ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും. അക്കാരണത്താലാണ് ദേശീയ നേതാക്കളെല്ലാം ഇന്ത്യയില്‍ നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചത്. അതാണ് മാനവികത, ജനാധിപത്യവും.
Comments