Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

വിജ്ഞാനം കൊണ്ട് കരുത്താര്‍ജിക്കുക

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്

ഇന്ത്യയിലെ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും പ്രതിസന്ധികളെയും പ്രതിപാദിക്കുന്ന പ്രസംഗങ്ങളും പ്രബന്ധങ്ങളും ധാരാളമായി വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്നുണ്ട് നാം. പ്രശ്‌നങ്ങളെ തലനാരിഴ കീറി പരിശോധിക്കുകയും ഇരകളെ നിസ്സഹായരും നിരാശ്രയരുമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവണതയാണ് സ്റ്റേജിലും പേജിലുമൊക്കെ കാണുന്നത്. ഇത്തരം സമീപനങ്ങള്‍ അവരെ കൂടുതല്‍ ഭയവിഹ്വലരും നിശ്ശബ്ദരുമാക്കാനേ ഉതകുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ സ്തംഭിച്ചുനില്‍ക്കാതെ മുന്നോട്ടുള്ള പ്രയാണത്തിന് ഉത്തേജനവും പ്രോത്സാഹനവും പകരാന്‍ നേതാക്കള്‍ കൂടി ഇല്ലാതാകുമ്പോള്‍ സ്ഥിതി കൂടുതല്‍ നിരാശാജനകമാകും. കാലത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ പ്രാപ്തമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാകണം നേതാക്കള്‍.
ഈ യാഥാര്‍ഥ്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ലേഖനമാണ് ഡോ. അബ്ദുസ്സലാം അഹ്മദിന്റേതായി നവംബര്‍ 15-ലെ പ്രബോധനത്തില്‍ വായിക്കാനിടയായത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു അവസ്ഥ പരാമര്‍ശിക്കുന്നതോടൊപ്പം പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നുണ്ട് എന്നതാണ് ലേഖനത്തിന്റെ പ്രത്യേകത. ചരിത്രപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിച്ച രോഗങ്ങളും പുതുതായി കടന്നുകയറിക്കൊണ്ടിരിക്കുന്ന രോഗങ്ങളും അപഗ്രഥനപാടവത്തോടെ വിവരിക്കുന്നതില്‍ ഡോ. അബ്ദുസ്സലാം അഹ്മദിന്റെ ലേഖനം വളരെയധികം ഉപകരിച്ചിട്ടുണ്ട്. പേടി, നിരാശ, ആത്മവിശ്വാസക്കുറവ്, ദൗര്‍ബല്യം, ഭൗതികാസക്തി, മരണഭയം തുടങ്ങിയ രോഗങ്ങളില്‍ ആപതിച്ചുകഴിയുന്ന ഒരു സമുദായത്തിന് പുരോഗതി സാധ്യമല്ലെന്ന് വസ്തുതകളുടെ തെളിവോടു കൂടിയാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. മാത്രമല്ല, പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഉള്‍ക്കൊള്ളേണ്ട ഏഴു പാഠങ്ങളും ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവ ഓരോന്നും വളരെ അവധാനതയോടെ മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും സമുദായ സംഘടനകളും നേതാക്കളും കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ലേഖകന്‍ അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്; 'ആയുധം കൊണ്ടല്ല, വിജ്ഞാനം കൊണ്ടാണ് ഈ ഉമ്മത്ത് ലോകത്തെ കീഴടക്കിയത്. ഇസ്‌ലാം അതിന്റെ നാഗരികത കെട്ടിപ്പടുത്തത് വിജ്ഞാനം എന്ന നെടുംതൂണിലാണ്.... അതുകൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം ഉമ്മത്ത് അതിന്റെ വിദ്യാഭ്യാസത്തിന് ഫലപ്രദമായ മാര്‍ഗങ്ങളുണ്ടാക്കണം'. അങ്ങനെയെങ്കില്‍ സ്തംഭിച്ചുനില്‍ക്കാതെ ആത്മവിശ്വാസത്തോടെ അതിജീവിക്കാന്‍ കഴിയുമെന്നുള്ള അബ്ദുസ്സലാം അഹ്മദിന്റെ കാഴ്ചപ്പാട് യാഥാര്‍ഥ്യം തന്നെയാണ്. 

 

 

സര്‍ഗാത്മകതയിലേക്കുള്ള തിരിച്ചുപോക്ക്

ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ പ്രവര്‍ത്തന കാലയളവിലെ പോളിസി-പ്രോഗ്രാമില്‍ അറുപത്തിയഞ്ചാമത്തെ പേജില്‍ എട്ടാം നമ്പറായി ഇസ്‌ലാമിക ഗാനത്തെയും സാഹിത്യശാഖയെയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വരികള്‍ വായിച്ചപ്പോഴാണ് ഇങ്ങനെയൊരു കുറിപ്പെഴുതണമെന്ന് തോന്നിയത്.
തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് അവസാനത്തിലാണ് എസ്.ഐ.ഒവുമായി അടുക്കുന്നതും പ്രവര്‍ത്തകനാകുന്നതും. കാസറ്റ് പ്രഭാഷണങ്ങളോട് താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും സര്‍ഗസംഗമവും ധര്‍മധാരയും പുറത്തിറക്കിയതും ഇറക്കുന്നതുമായ ഗാന കാസറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കുമായിരുന്നു. സോളിഡാരിറ്റിയുടെ വിപ്ലവഗാനങ്ങള്‍ വരെ അത് തുടര്‍ന്നു. കലാമൂല്യങ്ങള്‍ക്കപ്പുറം അതൊരു ആവേശമായിരുന്നു. പഴയ ഹിന്ദി ഗാനങ്ങളുടെയും ഗസലിന്റെയും ആസ്വാദകനായ സഹോദരീ ഭര്‍ത്താവിന്റെ പാട്ടുകളെയും ഞാന്‍ കേള്‍ക്കാറുള്ള പാട്ടുകളെയും ഒരു വയസ്സുകാരിയായിരുന്ന പെങ്ങളുടെ മകള്‍ ശ്രവണമാത്രയില്‍ കൃത്യമായി തിരിച്ചറിഞ്ഞ് പറയുന്നിടത്തോളം പെരുത്തായിരുന്നു ആ ഇഷ്ടം.
പക്ഷേ, ആദ്യം എസ്.ഐ.ഒവിനും പിന്നീട് സോളിഡാരിറ്റിക്കുമൊക്കെ രൂപമാറ്റം വന്നതോടെ ഇസ്‌ലാമിക/പ്രാസ്ഥാനിക ഗാനശാഖ വഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്തത്. അതിലേക്കുള്ള  തിരിച്ചുപോക്കായി പുതിയ തീരുമാനത്തെ വായിക്കാമെങ്കില്‍ നല്ലത്.

ആര്‍. ഫൈസല്‍ ആലപ്പുഴ 

 

 

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍

ഇന്ത്യയുടെ ഹൃദയമായ ഗ്രാമങ്ങളില്‍ സാധാരണക്കാരുടെ സാമ്പത്തികസ്ഥിതി ദയനീയമാണ്. ബ്രസീലിനും ദക്ഷിണാഫ്രിക്കക്കും സമാനമായ അവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്.  മുമ്പ് സമ്പന്നമായ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു പോയതിനുശേഷം കരകയറി വരുന്ന ഇന്ത്യയെ മോദി ഗവണ്‍മെന്റ് പടുകുഴിയിലേക്ക് തള്ളിവിടുകയാണ്. 
ലോകത്തെ കോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഇന്ത്യക്കാരുടെ പേരുകള്‍ വര്‍ധിക്കുമ്പോഴും ദരിദ്രരുടെ പട്ടികയില്‍ ദിനംപ്രതി ആളെണ്ണം പെരുകുന്നുണ്ട്. ഇതിനെ കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത്, വലിയൊരു ശതമാനം സമ്പത്തും ചെറിയൊരു പക്ഷത്തിന്റെ കൈയില്‍ അകപ്പെട്ടിരിക്കുന്നു എന്നാണ്. വലിയൊരു വിഭാഗം നികുതി നല്‍കാതെ കോടികള്‍ വെട്ടിക്കുന്ന അവസ്ഥയുണ്ട്. 10 ശതമാനം ജനങ്ങളുടെ കൈയിലാണ് രാജ്യത്തെ 75 ശതമാനം സമ്പത്തും. ഇതില്‍ 50 ശതമാനം പേര്‍ക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ അതിസമ്പന്നരുടെ സമ്പത്തില്‍ 36 ശതമാനം വര്‍ധനവാണുണ്ടായത്. പൊതുസ്വത്തുക്കള്‍ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് തുഛമായ  വിലയ്ക്ക് അടിയറ വെക്കുകയാണ്.
2008-ല്‍ ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും സാധാരണക്കാരായ ആളുകളുടെ സാമ്പത്തികാവസ്ഥ അത്ര  മോശമായിരുന്നില്ല. ആ പ്രതിസന്ധി തരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചു. 2010-ല്‍ ആഗോള തലത്തിലുണ്ടായ സാമ്പത്തിക തളര്‍ച്ചയും മറികടക്കാന്‍ സാധിച്ചു. മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതു മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിസങ്കീര്‍ണ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക വ്യവസ്ഥക്ക് വലിയ ആഘാതമേല്‍പ്പിച്ച് 2017 നവംബറില്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം എല്ലാ മേഖലയിലും തളര്‍ച്ചയുണ്ടാക്കി. നോട്ടുനിരോധനം ചെറുകിട കച്ചവട മേഖലയില്‍ സൃഷ്ടിച്ച തളര്‍ച്ച ഇതുവരെ പരിഹരിക്കാനായിട്ടില്ല. വിദേശ നിക്ഷേപം കൊണ്ട് സാമ്പത്തികമേഖലയെ പിടിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയും തെറ്റി. നോട്ട് നിരോധനം മൂലം മാത്രം തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കാണ്. ആറു വര്‍ഷത്തിനുള്ളില്‍ മൂന്ന് കോടിയിലേറെ തൊഴിലുകള്‍ ഇല്ലാതായി. മൂലധന നിക്ഷേപങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതും, കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കടത്തില്‍ വന്‍തോതില്‍ ഉണ്ടായ വര്‍ധനവും അത്  തിരിച്ചുപിടിക്കുന്നതില്‍  ബാങ്കുകളുടെയും സര്‍ക്കാരിന്റെയും പരാജയവുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നത്. മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷമാണ് നീരവ് മോദി, വിജയ് മല്യ തുടങ്ങിയവര്‍ ആയിരക്കണക്കിന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയത്. ഒരു പരിധിവരെ പിടിച്ചുനില്‍ക്കാന്‍ സഹായിക്കും എന്ന് കരുതിയ വിദേശ നിക്ഷേപങ്ങള്‍ മോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം തുടര്‍ച്ചയായി വര്‍ധിച്ചുവന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം വന്‍തോതില്‍ കുറയുകയായിരുന്നു. രാജ്യം ഇത്രയൊക്കെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയിലെ മന്ത്രിമാരും മറ്റു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും അഴിമതിയിലൂടെ ഊറ്റുന്ന സമ്പത്ത് കുറച്ചൊന്നുമല്ല! ഗവണ്‍മെന്റ് വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ബിഹാറിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു പോലും വകയില്ലാത്ത അവസ്ഥയാണ്! കഴിഞ്ഞവര്‍ഷം കേരളം പ്രളയദുരിതം അനുഭവിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് തുഛമായ സംഖ്യ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ബഹുമതിക്കായി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ  പ്രതിമക്ക് ചെലവഴിച്ചത് മാത്രം 3600 കോടി രൂപയോളം. ഇതിനു പുറമെ മോദി വിദേശ യാത്രക്ക് വേണ്ടി ചെലവഴിച്ചത് മാത്രം കഴിഞ്ഞ കണക്കനുസരിച്ച് 335 കോടി  രൂപക്ക്  മുകളിലാണ്. റഫാല്‍ കരാറില്‍ അനില്‍ അംബാനിക്ക് നല്‍കിയത് 1044 കോടിയാണ്. കൂടിയ വിലയ്ക്ക് ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് അനില്‍ അംബാനി കൊടുക്കാനുണ്ടായിരുന്ന 1044 കോടി രൂപ എഴുതി തള്ളിയത്. ലോകത്താകെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില ഇടിഞ്ഞപ്പോള്‍ ഇവിടെ റിലയന്‍സ് കുത്തകകള്‍  സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കി. 2018 സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപ ലാഭം ഉണ്ടാക്കി. കിട്ടാക്കടങ്ങള്‍ക്കായി  ഭീമമായ തുക മാറ്റിവെച്ചപ്പോള്‍  ബാങ്കുകള്‍ക്ക് 85,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കൂടാതെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഖജനാവിലേക്ക് 1.43 ലക്ഷം കോടി രൂപയാണ് മാറ്റിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളക്കുന്നതാണ് ഇത്. 
കേന്ദ്ര ഗവണ്‍മെന്റിന്റെ അടുത്ത നീക്കം, 1,05,000 കോടി രൂപക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ്. ഇങ്ങനെയാണ്  മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യന്‍ സമ്പദ് ഘടന വളര്‍ച്ച മുരടിച്ച് തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല. 

എച്ച്. സല്‍മാന്‍ (ഇസ്‌ലാമിയ കോളേജ് തളിക്കുളം)

 

 

മാന്യമായ ഉപജീവനം

'ജീവിതാക്ഷരങ്ങള്‍' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ടുള്ള ലേഖനം (ഒക്‌ടോബര്‍ 18) വായിച്ചു. അതില്‍ ഒരു വിഭാഗം അധ്യാപകരെ വിമര്‍ശിച്ചതായി കണ്ടു. മുതഫര്‍രിദും അജ്‌നാസും അവര്‍ വിദൂരതയില്‍ നോക്കി കാണുകയായിരുന്നു. അവര്‍ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മുന്തിയ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നു. ഇങ്ങനെയൊക്കെയാണ് ആരോപണങ്ങള്‍.
ഈ അധ്യാപകരില്‍ ഗണ്യമായ ഒരു വിഭാഗം ദീനീസേവനരംഗത്ത് കാര്യമായ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് കുറിപ്പുകാരന്‍ കാണുന്നില്ലേ? അവരില്‍ പണ്ഡിതന്മാരുണ്ട്, എഴുത്തുകാരുണ്ട്, വാഗ്മികളുണ്ട്, ഖത്വീബുമാരുണ്ട്. അധ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ അവര്‍ സ്ഥാപനത്തിന്റെയും വിദ്യാര്‍ഥികളുടെയും ഉന്നമനത്തിനായി സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഇവരില്‍ പലരും ഇസ്‌ലാമിക കലാലയങ്ങളില്‍നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇവര്‍ക്കും മാന്യമായ ഒരു ഉപജീവനമാര്‍ഗം വേണ്ടതല്ലേ? ആലോചനയില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ പ്രബോധനത്തില്‍ ഉണ്ടാവരുതെന്ന് അപേക്ഷ. 

അലി അക്ബര്‍, പാലകുളം, തൃശൂര്‍ 

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌