ബാബരി മസ്ജിദ് പുനഃപരിശോധനാ ഹരജി എന്തിന്?
തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനും പകരമായി അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് നല്‍കാനുമുള്ള ബാബരി മസ്ജിദ് -രാമജന്മഭൂമി കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള സുപ്രീ കോടതി വിധിയില്‍ പുനഃപരിശോധനാ ഹരജി നല്‍കാനും അഞ്ചേക്കറിന്റെ വാഗ്ദാനം നിരസിക്കാനുമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ പൊതു വേദിയായ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ആര്‍ജവമുള്ളതും ഇന്ത്യന്‍ മുസ്ലിംകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന കാര്യത്തില്‍ സംശയമില്ല. മോദി ഭരണത്തിന്റെ ഫാഷിസ്റ്റ് മുഷ്‌ക്കിനു മുന്നില്‍ കീഴടങ്ങാനുള്ള പ്രവണത, പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ഉപരിവര്‍ഗ മുസ്ലിംകളില്‍ ചെറിയ തോതിലെങ്കിലും ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ഈ തീരുമാനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. ഇപ്പോള്‍ കോടതി വിധിയായി പുറത്തുവന്നിരിക്കുന്ന പകരം ഭൂമി എന്ന നിര്‍ദേശം രാമജന്മഭൂമി പ്രക്ഷോഭം കത്തി നില്‍ക്കുന്ന കാലത്തുതന്നെ എല്‍.കെ അദ്വാനി അടക്കമുള്ള ബി.ജെ.പിയുടെയും വി.എച്ച്.പിയുടെയും നേതാക്കള്‍ മുസ്‌ലിംകളുടെ മുന്നില്‍ വെച്ചിരുന്നതാണ്. കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സുപ്രീം കോടതി തന്നെ നിശ്ചയിച്ച മധ്യസ്ഥ സമിതിയുടെ നിര്‍ദേശത്തിലും പകരം ഭൂമിയുണ്ടായിരുന്നുവത്രെ.
ഈ രണ്ടു നിര്‍ദേശങ്ങളും മുസ്ലിംകള്‍ക്ക് സ്വീകാര്യമാകാതിരിക്കാനുള്ള ഒരേയൊരു കാരണം ബാബരി മസ്ജിദ് പ്രശ്നം കേവലം സ്വത്തുതര്‍ക്കം എന്നതിലുപരി ജനാധിപത്യ ഇന്ത്യയില്‍ നീതിയുടെയും നിയമവാഴ്ചയുടെയും കൂടി പ്രശ്നമായി അവര്‍ കണ്ടിരുന്നതുകൊണ്ടാണ്. ജനാധിപത്യ മതേതര ഇന്ത്യയുടെ പ്രമാണവാക്യമായ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരാളോടും വിവേചനമില്ലാത്ത നീതിയും നിയമവാഴ്ചയുമാണ് മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷ. അത് രണ്ടും, ഭൂരിപക്ഷമാണ് എന്നതിന്റെ പേരില്‍ അവരിലെ ചില ക്രിമിനലുകളുടെ ചൊല്‍പ്പടിയിലായാല്‍ പിന്നെ ന്യൂനപക്ഷം മാത്രമല്ല ജനാധിപത്യ ഇന്ത്യ തന്നെ നിലനില്‍ക്കുകയില്ല. നിയമവാഴ്ച പൂര്‍ണമായും അവര്‍ക്ക് കീഴടങ്ങിയതിന്റെ ചിത്രമാണ് 1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദിന്റെ തകര്‍ച്ച കാഴ്ചവെച്ചത്. പിന്നെ പ്രതീക്ഷയായി അവശേഷിച്ചിരുന്നത് രാജ്യത്തിന്റ നീതിന്യായ സംവിധാനമാണ്. അതിനെ കൂടി ഭൂരിപക്ഷത്തിലെ ക്രിമിനലുകളുടെ കൈയൂക്കിന് വിട്ടുകൊടുക്കാതിരിക്കാനാണ് മുസ്ലിംകള്‍ ദീര്‍ഘകാലം അലഹാബാദ് ഹൈക്കോടതിയിലും ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലും പൊരുതിയത്. സുദീര്‍ഘമായ ഈ പോരാട്ടത്തിനിടയില്‍ മുസ്ലിംകള്‍ ഒരിക്കല്‍ പോലും നിയമം കൈയിലെടുത്തിട്ടില്ല. ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ആഹ്വാനവുമായി രാജ്യം മുഴുവന്‍ കൊലവിളിയുമായി സംഘ്പരിവാര്‍ അഴിഞ്ഞാടിയിട്ടും ഒടുവില്‍ പട്ടാപ്പകല്‍ അധികാരികളുടെ ഒത്താശയോടെ അവര്‍ പള്ളി തകര്‍ത്തിട്ടും മുസ്‌ലിംകള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെവിടെയും ഹിന്ദുക്കള്‍ക്കെതിരെ കലാപത്തിനിറങ്ങുകയോ ക്ഷേത്രങ്ങള്‍ ആക്രമിക്കുകയോ ചെയ്തിട്ടില്ല. സംഘ് പരിവാറും ശിവസേനയും നടത്തിയ കലാപത്തിന് ഇരയാവുക മാത്രമാണ് അവര്‍ ചെയ്തത്.
ബാബരി മസ്ജിദ് വിഷയത്തില്‍ നിയമപോരാട്ടത്തിന് പോകുമ്പോള്‍ തുടക്കത്തില്‍തന്നെ മുസ്ലിംകള്‍ ഒരു കാര്യം അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു; മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ഗവര്‍ണറായ മീര്‍ബാഖി ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചത് എന്ന് വസ്തുതാപരമായി കോടതിയില്‍ തെളിയുകയാണെങ്കില്‍ പള്ളിക്ക് മേലുള്ള എല്ലാ അവകാശവാദവും പിന്‍വലിച്ച് നിരുപാധികം കോടതിവിധി അംഗീകരിക്കുമെന്ന്. പക്ഷേ, അപ്പോഴെല്ലാം മറുഭാഗം പറഞ്ഞുകൊണ്ടിരുന്നത് രാമജന്മഭൂമി പ്രശ്നത്തില്‍ കോടതിക്ക് കാര്യമില്ലെന്നും അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നുമാണ്. അതുകൊണ്ടാണല്ലോ പ്രശ്നം കോടതിയുടെ പരിഗണനയിലായിരിക്കെ തന്നെ രാജ്യത്തിന്റെ നിയമവാഴ്ചയെയും നീതിന്യായ സംവിധാനത്തെയും പരസ്യമായി വെല്ലുവിളിച്ച് അവര്‍ മസ്ജിദ് തകര്‍ത്തത്.
ബാബരി മസ്ജിദ് പ്രശ്നത്തില്‍ നിയമപോരാട്ടത്തിന് പോകുമ്പോള്‍ മുസ്ലിംകള്‍ക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, ആസൂത്രിതമായ പ്രചാരണം വഴി ഹിന്ദുക്കളുടെ ക്ഷേത്രം തകര്‍ത്തവരാണ് മുസ്‌ലിംകളുടെ പൂര്‍വികര്‍ എന്ന തീര്‍ത്തും അടിസ്ഥാനരഹിതമായ അപഖ്യാതി അവരുടെ മേല്‍ തല്‍പരകക്ഷികള്‍ കെട്ടിവെച്ചിരുന്നു. ഈ വ്യാജ പ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ഇന്ത്യയിലെ മുസ്ലിംകളുടെ അഭിമാനകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു.
ഇവിടെ പറഞ്ഞ രണ്ടാമത്തെ ലക്ഷ്യം, അതായത് ക്ഷേത്രം തകര്‍ത്തവരാണെന്ന അപഖ്യാതി മായ്ച്ചുകളയുക എന്ന ലക്ഷ്യം സുപ്രീം കോടതി വിധിയിലൂടെ മുസ്‌ലിംകള്‍ നേടിയിരിക്കുന്നു. കാരണം ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് താഴെ ഇസ്‌ലാമികമല്ലാത്ത ഏതോ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പിന്റെ ഉല്‍ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതൊരിക്കലും ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടമല്ലെന്ന് കോടതി അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. രാമജന്മഭൂമി എന്ന് സംഘ് പരിവാര്‍ വാദിക്കുന്ന ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന ഭൂമി ഒരു കാലത്തും ഹിന്ദുക്കളുടെ കൈവശത്തിലായിരുന്നില്ല എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. എന്നിട്ടും ബാബരി തകര്‍ത്ത് കൈയേറിയ ഭൂമി ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുള്ള വിചിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അതിനുള്ള കോടതിയുടെ ന്യായം ബാബരി മസ്ജിദ് സ്ഥിതിചെയ്തിരുന്ന ഭൂമിയിലാണ് രാമന്‍ ജനിച്ചത് എന്ന ഹിന്ദുക്കളുടെ വിശ്വാസമാണ്. പള്ളി തകര്‍ത്ത് അതിന്റെ ഭൂമി കൈയേറാന്‍ അക്രമികള്‍ പറഞ്ഞ അതേ ന്യായം. അപ്പോള്‍ ഈ കോടതിവിധി വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ളതല്ല, മറിച്ച് ഭൂരിപക്ഷത്തിന്റെ വിശ്വാസം അനുസരിച്ചുള്ള വിധിയാണ്. അങ്ങനെയുള്ള ഒരു വിധി ചോദ്യം ചെയ്യാതിരുന്നുപോയാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് പിന്നെ എന്തര്‍ഥമാണുള്ളത്? ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളോ ശീലങ്ങളോ അല്ല, ലിംഗസമത്വം എന്ന ഭരണഘടനാ മൂല്യമാണ് മതേതര ഇന്ത്യ ഉയര്‍ത്തിപ്പിടിക്കേണ്ടത് എന്നു പറഞ്ഞ് ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച കോടതി തന്നെയാണ് ഒരു വസ്തുതര്‍ക്കത്തില്‍ ഒരു വിഭാഗം സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിക്കാതെ, യാതൊരു തെളിവും ഹാജരാക്കാത്ത മറുവിഭാഗത്തിന് വിശ്വാസത്തിന്റെ പേരില്‍ അവകാശം സ്ഥാപിച്ചു കൊടുത്തത്. മതേതര ഇന്ത്യയുടെ സംരക്ഷണത്തിന് ഏക സിവില്‍കോഡ് കൊണ്ടുവരണമെന്ന് പാര്‍ലമെന്റിനോട് ഇടക്കിടെ ആവശ്യമുന്നയിക്കുന്നതും ഇതേ പരമോന്നത കോടതി തന്നെയാണ്.
അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശമാകട്ടെ, ഏക സിവില്‍കോഡ് വേണം എന്ന് പറയാന്‍ കാരണമാക്കുന്ന മുസ്ലിംകളുടെ വ്യക്തിനിയമമാകട്ടെ, അവയൊക്കെ ബന്ധപ്പെട്ട മതത്തെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതില്‍ എന്തെങ്കിലും മാറ്റം വേണമെന്നുണ്ടെങ്കില്‍ ഭരണകൂടം ഇടപെടുന്നതിനേക്കാള്‍ അതത് സമുദായത്തിനുള്ളില്‍ നടക്കുന്ന പരിഷ്‌കരണങ്ങളെ ആശ്രയിക്കുന്നതാണ് ആരോഗ്യകരമായ ബഹുസ്വരതയുടെ താല്‍പര്യം. എന്നാല്‍ ബാബരി മസ്ജിദ് പ്രശ്നം ഒരു മതത്തിനുള്ളിലെ ആഭ്യന്തര പശ്നമല്ല, മറിച്ച് ഒരു മതവിഭാഗം കൈവശം വെച്ചിരുന്ന ഭൂമിയും വര്‍ഷങ്ങളോളം ആരാധന നടത്തിയ അതിലെ ഒരു കെട്ടിടവും മറുവിഭാഗം കൈയേറുകയും അങ്ങനെ കൈയേറാന്‍ വിശ്വാസപരമായി തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്ത ഒരു കേസാണത്. ഈ കേസില്‍ കോടതി വസ്തുതകള്‍ മാത്രമേ പരിഗണിക്കാവൂ. അല്ലാതെ കൈയേറ്റക്കാരുടെ വിശ്വാസം എന്ന അവകാശവാദം അംഗീകരിച്ചുകൊണ്ട് കൈയേറ്റഭൂമി കൈയേറ്റക്കാര്‍ക്കു തന്നെ നല്‍കുന്നത് എങ്ങനെ നീതിയാകും? മതേതര ഭരണഘടനയുള്ള ഒരു രാജ്യത്തെ ഒരു കോടതിക്ക് എങ്ങനെയാണ് ഇപ്രകാരം ഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനു കീഴടങ്ങി ന്യൂനപക്ഷത്തിന്റെ അവകാശം നിഷേധിക്കാനാവുക? മതപരമായ വിവേചനമല്ലാതെ മറ്റെന്താണിത്? അതിനാല്‍ നിയമപരമായ ഏതു മാര്‍ഗം ഉപയോഗിച്ചും പ്രസ്തുത വിധിയെ ചോദ്യം ചെയ്യുക എന്നത് മതേതരത്വം അടിത്തറയായ നമ്മുടെ ഭരണഘടനയുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പുനഃപരിശോധനാ ഹരജിയെ നമ്മുടെ ഭരണഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലക്ക് എല്ലാ മതേതര വിശ്വാസികളും പിന്തുണക്കേണ്ടതാണ്.
1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ എങ്ങനെയെങ്കിലും ബാബരി മസ്ജിദ് പുനര്‍നിര്‍മിച്ച് രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ തീരാക്കളങ്കം മായ്ച്ചുകളയണമെന്ന് രാജ്യത്തെ ഏതാണ്ട് എല്ലാ മതേതരവാദികളും ഒന്നിച്ച് ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ കാലം മുന്നോട്ടു പോകവെ ബാബരി മസ്ജിദ് മുസ്ലിംകള്‍ മറന്നുകളയണമെന്നായി അവരിലെ ബഹു ഭൂരിപക്ഷത്തിന്റെയും നിലപാട്. ഇപ്പോള്‍ ബാബരി മസ്ജിദ് പ്രശ്നത്തില്‍ അന്യായമായ വിധി വന്നപ്പോഴും അതിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കണമെന്നാണ് മതേതര പക്ഷത്തെ ഭൂരിപക്ഷത്തിന്റെയും നിലപാട് എന്നു മനസ്സിലാക്കാം. നമ്മുടെ മതേതരത്വം ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് മതേതര പക്ഷത്തിന്റെ ഈ സമീപനം എന്ന് പറയാതെ വയ്യ. ഭൂരിപക്ഷ മതാധികാരത്തിന് കീഴടങ്ങുന്ന ഈ മതേതര പൊതു ബോധം തന്നെയാണ് ഇത്രയും അന്യായമായ ഒരു വിധിക്ക് വഴിയൊരുക്കിയത് എന്നും പറയേണ്ടിവരും.
ബാബരി മസ്ജിദ് വിധിയില്‍ മുസ്ലിം പക്ഷത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാന്‍ പാടില്ല എന്നായിരുന്നു ഇത്തരം ഒരു വിധി നേരത്തേ തന്നെ ഉറപ്പിച്ചിരുന്ന കേന്ദ്രത്തിലെ മോദി ഗവണ്‍മെന്റിന്റെ ആഗ്രഹം. കോടതിവിധി വരുന്നതിന് മുന്നോടിയായി എല്ലാവരെയും ബന്ദിയാക്കുന്ന തരത്തില്‍ രാജ്യത്ത് നിര്‍ബന്ധ മൗനം അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം നടപടി സ്വീകരിച്ചതും വിധി വന്ന ശേഷം അതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ യോഗം നടക്കാതിരിക്കാന്‍ ലഖ്നൗവിലെ നദ്‌വത്തുല്‍ ഉലമായില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതും ഈ നിര്‍ബന്ധിത മൗനം ഉറപ്പു വരുത്താനാണ്. അതിനെയെല്ലാം അവഗണിച്ച് ബോര്‍ഡ് യു.പിയില്‍ തന്നെ യോഗം ചേര്‍ന്നതും ധീരമായ തീരുമാനമെടുത്തതും ഫാഷിസ്റ്റ് മുഷ്‌ക്കിനു മുന്നില്‍ മുട്ടു മടക്കാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ തയാറല്ല എന്നതിന്റെ ഉറച്ച പ്രഖ്യാപനമായിരുന്നു.
നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പകരം ഭൂമി എന്ന നിര്‍ദേശം തള്ളിയതിലൂടെ സമുദായത്തിന്റെ ആത്മാഭിമാനമാണ് ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചത്. മുസ്ലിംകളുടെ പക്ഷത്താണ് ന്യായം, പക്ഷേ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ന്യായം നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ല, അതിനാല്‍ അതിനുള്ള നഷ്ടപരിഹാരം മുസ്ലിംകള്‍ സ്വീകരിക്കണം. ഇതാണ് പകരം ഭൂമി എന്ന നിര്‍ദേശത്തിന്റെ പൊരുള്‍. കൈയൂക്കുള്ള ഒരുത്തന്‍ ദുര്‍ബലനായ ഒരാളുടെ വീടും സമ്പാദ്യവും ബലാല്‍ക്കാരം കൈയേറുന്നു. അതില്‍ ഇടപെട്ട് കൈയേറിയ വീടും സമ്പത്തുമെല്ലാം കൈയേറ്റക്കാരനായ കൈയൂക്കുള്ളവന് വിട്ടുകൊടുക്കാന്‍ ദുര്‍ബലനോട് ആവശ്യപ്പെടുകയും പകരം തന്റെ കൈവശത്തില്‍ എവിടെയോ ഉള്ള കുറച്ച് ഭൂമി ദുര്‍ബലന് നല്‍കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്ത് 'പഞ്ചായത്താക്കുന്ന' ഒരാളുടെ സ്ഥാനത്താണ് നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ രാജ്യത്തെ പരമോന്നത കോടതിയുള്ളത്. പക്ഷേ ഇപ്രകാരം അനര്‍ഹമായി കാര്യങ്ങള്‍ നേടിയെടുക്കുന്ന വ്യക്തി പിന്നെ അടങ്ങിയിരിക്കുമോ? മറ്റൊരവസരം വന്നാല്‍ അവിടെയും തന്റെ കൈയൂക്ക് അയാള്‍ പുറത്തെടുക്കില്ല എന്നതിന് എന്താണുറപ്പ്? അക്രമിയെ കൂടുതല്‍ അക്രമിയാക്കുന്ന അത്തരം ഔദാര്യങ്ങള്‍ക്ക് ഇപ്പോള്‍ നിന്നു കൊടുത്താല്‍ ന്യൂനപക്ഷത്തിന് നീതി എന്നത് ഭാവി ഇന്ത്യയില്‍ ഇത്തരം ഔദാര്യങ്ങള്‍ മാത്രമായി അവശേഷിക്കും എന്ന തിരിച്ചറിവാണ് പകരം ഭൂമി എന്ന നിര്‍ദേശം തള്ളിയതിലൂടെ ബോര്‍ഡ് പ്രകടമാക്കിയിരിക്കുന്നത്.
Comments