Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

നിയമാവിഷ്‌കാര സമിതികള്‍ നമ്മുടെ കാലത്ത് 

റാശിദുല്‍ ഗന്നൂശി

അലി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ അദ്ദേഹം പ്രവാചകനോട് ചോദിച്ചു: 'ഒരു പ്രശ്‌നം വന്നു, അതില്‍ ആജ്ഞാനിരോധങ്ങളൊന്നും വന്നിട്ടില്ല. എങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യും?' പ്രവാചകന്റെ മറുപടി: 'ഭക്തരായ, പ്രമാണഗ്രാഹ്യമുള്ളവരായ ആളുകളുമായി നിങ്ങള്‍ കൂടിയാലോചന നടത്തുക. ഒറ്റ അഭിപ്രായം നോക്കി നിങ്ങള്‍ മുന്നോട്ടു പോകരുത്' (ത്വബരി). ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് കാര്യങ്ങള്‍ ഇങ്ങനെത്തന്നെയായിരുന്നു. പക്ഷേ അന്നതിന് ഒരു വ്യവസ്ഥാപിത രൂപമുണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. കാരണം മദീനയില്‍ പാര്‍ത്തിരുന്നത് ചെറിയൊരു സമൂഹമായിരുന്നല്ലോ. കൂടിയാലോചിക്കേണ്ടവരൊക്കെ അവിടെത്തന്നെ കാണുമായിരുന്നു. ഏതൊരു പ്രശ്‌നം വന്നാലും പള്ളിയിലെ സദസ്സില്‍ അത് ചര്‍ച്ചയാവുകയും ആശയവിനിമയം നടത്തുകയും ചെയ്യും. പഴയ തലമുറ പിന്‍വാങ്ങുകയും വിശാലമായ ഭൂമികക ളിലേക്ക് ഇസ്‌ലാം പടര്‍ന്നു പന്തലിക്കുകയും മദീനയെ വെല്ലുന്ന മട്ടില്‍ ബസ്വറ, കൂഫ, ദിമിശ്ഖ്, മിസ്വ്ര്‍ പോലുള്ള നഗരങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്തപ്പോഴും ശൂറാ സംവിധാനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. മൂന്നാം ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് അസ്വസ്ഥതകള്‍ പുകയാന്‍ തുടങ്ങി. നാലാം ഖലീഫയുടെ കാലത്തത് രൂക്ഷമായി. അദ്ദേഹത്തിന്റെ കാലശേഷം ശൂറാ സംവിധാനം തകിടം മറിയുകയും സ്വേഛാധിപതികള്‍ അധികാരം പിടിക്കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹവും അതിനെ പ്രതിനിധീകരിക്കുന്ന 'കെട്ടാനും അഴിക്കാനും' ശേഷിയുള്ള വിഭാഗങ്ങളുമെല്ലാം അധികാര ഘടനയില്‍നിന്ന് പുറന്തള്ളപ്പെട്ടു. ശരീഅത്തിന്റെ ഒരു മഹാസ്തംഭം കടപുഴകി വീഴുകയായിരുന്നു. മുസ്‌ലിം ജീവിതത്തില്‍ മത-രാഷ്ട്ര വിഭജനം അവിടെനിന്ന് തുടങ്ങി. വൈജ്ഞാനിക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മിലുള്ള  ബന്ധം വേര്‍പ്പെട്ടു. ശരീഅത്തിന്റെ മൗലികാടിത്തറകളിലൊന്നായ പൊതുവും സവിശേഷവുമായ രണ്ടുതരം ഇജ്മാഉകളും റദ്ദാക്കപ്പെടുകയായിരുന്നു ഫലം. ശൂറാ സംവിധാനം ഇല്ലാതായതോടെ ഏതൊക്കെ വിഷയങ്ങളിലാണ് ഇജ്മാഅ് ഉള്ളത് എന്നറിയാന്‍ മാര്‍ഗമില്ലാതെയായി. ഈ മത-രാഷ്ട്ര വിഭജനം സംഭവിച്ചതോടെ ഇജ്മാഅ് ഉണ്ടാകുന്നില്ലെന്ന് നിരവധി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടി. അവരില്‍ ചിലര്‍ ഇജ്മാഅ് എന്ന ആശയത്തെ തന്നെ നിരാകരിച്ചു. ഒരു നാട്ടില്‍ ഏതെങ്കിലുമൊരു മദ്ഹബിന്റെ ആളുകള്‍ ഏകോപിച്ച് അഭിപ്രായം പറയുന്നതിനെ ഇജ്മാഅ് എന്ന് വിളിച്ചു തുടങ്ങി. സ്വേഛാധിപത്യം ശൂറായുടെയും ചിന്തയുടെയും ഇടങ്ങള്‍ അപഹരിച്ചതോടെ, നിയമവാഴ്ച തകരുകയും ആഭ്യന്തര ശൈഥില്യങ്ങള്‍ രൂക്ഷമാവുകയും ചെയ്തതോടെ ഇസ്‌ലാമിന്റെ ഭാവിയെ ചൊല്ലി സമൂഹത്തില്‍ ഭീതി പടരുക സ്വാഭാവികം. യാഥാസ്ഥിതികത്വത്തെ പുണരുകയും പരിഷ്‌കരണത്തെ ചെറുക്കുകയും ചെയ്യുന്ന പ്രവണതകള്‍ ശക്തമായി. വഴികള്‍ തുറന്നിടുകയല്ല, അടച്ചിടുകയാണ് വേണ്ടത് (സദ്ദുദ്ദറാഇഅ്) എന്ന് വാദിക്കപ്പെട്ടു. അങ്ങനെ പിതൃക്കളില്‍നിന്ന് എന്ത് പാരമ്പര്യമായി കിട്ടിയോ അതില്‍ സമൂഹം മൂടുറച്ചുപോയി. അവരില്‍ അനുകരണഭ്രമം പടര്‍ന്നു. ഇജ്തിഹാദിന്റെ വാതിലുകള്‍ കൊട്ടിയടക്കണമെന്ന മുറവിളികള്‍ ഉയര്‍ന്നു. അത് സമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും അവരില്‍ അടിമത്ത മനോഭാവം ശക്തിയാര്‍ജിക്കുകയും ചെയ്തു. ആക്രാന്തം പിടിച്ച വൈദേശികാക്രമണങ്ങള്‍ക്ക് സമൂഹം എളുപ്പത്തില്‍ വഴങ്ങി. നാശം വിതച്ചുകൊണ്ട് പ്രതിരോധത്തിന്റെ അവസാന ഉള്‍ക്കോട്ടകളില്‍ വരെ വെടി മുഴങ്ങിയപ്പോഴാണ് സമൂഹം ഉറക്കം വിട്ടെണീറ്റത്. അങ്ങനെയാണ് മൂലസ്രോതസ്സുകളിലേക്ക് മടങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് നവോത്ഥാന, പരിഷ്‌കരണ സംരംഭങ്ങള്‍ ഉടലെടുക്കുന്നത്; നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാന്‍, നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍. ഭരണസംബന്ധമായും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇസ്‌ലാമിന് തനതായ ഒരു ഭരണവ്യവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ സ്വരൂപം എങ്ങനെ? പാശ്ചാത്യ ഭരണരീതിയുമായി -ഉദാഹരണത്തിന് പാര്‍ലമെന്റ് സംവിധാനം- അതിനെ എങ്ങനെ ബന്ധപ്പെടുത്താം? നവോത്ഥാന സംരംഭങ്ങളെല്ലാം ഇസ്‌ലാമിന് തനതായ ഒരു ഭരണവ്യവസ്ഥയുണ്ടെന്ന് സമര്‍ഥിച്ചു. ആ ഭരണവ്യവസ്ഥ വ്യതിരിക്തമാണെങ്കിലും, പുതിയ ആശയങ്ങളും രീതികളും സ്വാംശീകരിക്കുന്നതിന് അത് തടസ്സമല്ല. അങ്ങനെയാണ് നിയമാവിഷ്‌കാര സംവിധാനങ്ങള്‍ രൂപപ്പെടുന്നത്.

 

ശൂറാ കൗണ്‍സില്‍

മുഹമ്മദ് അസദ് എഴുതുന്നു: ''നിയമാവിഷ്‌കാര സംവിധാനമുണ്ടാക്കുക എന്നതാണ് രാഷ്ട്ര ജീവിതത്തില്‍ ഏറ്റവും പ്രധാനം. മുഴുവന്‍ പ്രശ്‌നങ്ങളും കൂടിയാലോചനയിലൂടെ പരിഹരിക്കപ്പെടണം എന്ന ദൈവിക നിര്‍ദേശം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇങ്ങനെയുള്ള നിയമാവിഷ്‌കാര വേദികളുണ്ടാക്കുമ്പോള്‍ കൂടിയാലോചനാ സംസ്‌കാരം കഴിയുന്നത്ര പൂര്‍ണതയില്‍ അതില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കണം. നമ്മുടെ സമകാലിക സമൂഹങ്ങളില്‍ പൊതു തെരഞ്ഞെടുപ്പുകളിലൂടെയല്ലാതെ ഈ ശൂറാ സംസ്‌കാരം പ്രസരിപ്പിക്കാന്‍ കഴിയില്ലെന്നു വന്നിരിക്കുന്നു. സ്ഥാനാര്‍ഥികളുടെ കഴിവുകളും കഴിവുകേടുകളും ചര്‍ച്ചയാവുകയും ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന ഇന്നത്തെ ഏക സംവിധാനം അതാണ്. തെരഞ്ഞെടുപ്പുകള്‍ നേരിട്ടോ അല്ലാതെയോ ആവാം; ജനസംഖ്യാ പ്രാതിനിധ്യത്തിന്റെയോ മേഖലാ പ്രാതിനിധ്യത്തിന്റെയോ അടിസ്ഥാനത്തിലാവാം. ഇത്തരം വിശദാംശങ്ങളില്‍ ശരീഅത്ത് യാതൊരുവിധ തടസ്സവാദങ്ങളും ഉന്നയിക്കില്ല. അതൊക്കെ അതത് കാലത്തെ ഇസ്‌ലാമിക സമൂഹത്തിന്റെ തീരുമാനത്തിന് വിടുകയാണ് ചെയ്യുന്നത്..''1 ''ഇത്തരം നിയമാനുസൃത നിയമാവിഷ്‌കാര ബോഡികള്‍, സമൂഹത്തിലെ പ്രതിഭാശാലികളെ ഉള്‍ക്കൊള്ളുന്നതും ഇവരുടെ കൂടിയാലോചനകള്‍ക്ക് വഴിയൊരുക്കുന്നതും ആകണമെന്നു മാത്രം. സ്ത്രീകളെയും പുരുഷന്മാരെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരാകണം അത്തരം വേദികളില്‍ എത്തേണ്ടത്''2
ഖാലിദ് മുഹമ്മദ് ഖാലിദ് എഴുതുന്നത് ഇങ്ങനെ: ''ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ശൂറായുടെ ഇന്നത്തെ ഭാഷ്യം എന്നു പറയുന്നത് പാര്‍ലമെന്ററി ഡെമോക്രസിയാണ്... തങ്ങളുടെ താല്‍പര്യങ്ങളെയും ഇഛകളെയും പ്രതിനിധീകരിക്കുന്ന സഭാ പ്രതിനിതികളെ സമൂഹം തെരഞ്ഞെടുക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഈ ജനപ്രതിനിധികളാണ് ഇന്നത്തെ 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്'; പ്രത്യേകിച്ച് ഇത്തരം ജനപ്രതിനിധിസഭകളില്‍ അംഗങ്ങളാകാന്‍ ചില യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വെക്കുക കൂടി ചെയ്താല്‍.''3 തെരഞ്ഞെടുപ്പ് വേണമെന്ന് ഇസ്‌ലാമിക പ്രമാണപാഠങ്ങളില്‍ കൃത്യമായ പരാമര്‍ശമൊന്നും കണ്ടെന്നു വരില്ല. പക്ഷേ കാര്യങ്ങള്‍ പൊതു കൂടിയാലോചനയിലൂടെ മാത്രമേ നടക്കാവൂ എന്നത് നിര്‍ബന്ധമാണ്. പൊതു വിഷയങ്ങളില്‍ എല്ലാവര്‍ക്കും പങ്കാളിത്തം അനുവദിക്കല്‍ അസാധ്യമായിരിക്കുമെന്നതിനാല്‍ അഭിപ്രായ സുബദ്ധതയും യോഗ്യതയുമുള്ളവര്‍ പൊതുജനത്തെ പ്രതിനിധീകരിക്കണം. അവര്‍ തന്നെയായിരിക്കും 'കെട്ടാനും അഴിക്കാനും' യോഗ്യതയുള്ളവര്‍. ജനഹിതം പ്രതിഫലിപ്പിക്കാന്‍ സ്വീകരിക്കുന്ന അതിരു വിടാത്ത വഴികളെല്ലാം അനുവദനീയം തന്നെയായിരിക്കുമല്ലോ. ഇന്നത്തെ കാലത്തെ തെരഞ്ഞെടുപ്പു രീതികള്‍ ഇതിന് അനുഗുണമാവുന്നുണ്ടെങ്കില്‍ അവ സ്വീകാര്യം തന്നെ; കുടില തന്ത്രങ്ങളും കുത്സിത മാര്‍ഗങ്ങളും സ്വീകരിക്കുന്നില്ലെങ്കില്‍.4

 

അംഗത്വത്തിന് ഉപാധികളുണ്ടോ? 

രാഷ്ട്രമീമാംസാ ഗ്രന്ഥങ്ങളില്‍ അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്, അഹ്‌ലുശ്ശൂറാ, അഹ്‌ലുര്‍റഅ്‌യ് പോലുള്ള സംജ്ഞകളെ ഇടകലര്‍ത്തി പ്രയോഗിക്കുന്നുണ്ടെന്ന് നാം നേരത്തേ സൂചിപ്പിക്കുകയുണ്ടായി. ഇതില്‍നിന്നെല്ലാം പഠിതാക്കള്‍ മനസ്സിലാക്കുക, ശൂറാ സമിതി എന്നത് ഇജ്തിഹാദിന് യോഗ്യതയുള്ള പണ്ഡിതന്മാര്‍ക്കു മാത്രം പ്രവേശനമുള്ള ഒന്നായിരിക്കും എന്നതാണ്. നിയമനിര്‍ധാരണമാണല്ലോ അതിലെ അംഗങ്ങളുടെ ദൗത്യം. അതിനാല്‍ ഇജ്തിഹാദിന് യോഗ്യതയുള്ളവരേ അതില്‍  വരാന്‍ പാടുള്ളൂ. അപ്പോള്‍ സ്വാഭാവികമായും മതത്തിന്റെ ആളുകളുടെ രാഷ്ട്രം എന്ന ധാരണ രൂപപ്പെടും.5 അതേസമയം മതമൂല്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രമായതുകൊണ്ടു മാത്രം അത് മതനേതാക്കള്‍ നിയന്ത്രിക്കുന്ന രാഷ്ട്രവും ആവുകയില്ല.6 അപ്പോള്‍, രാഷ്ട്രത്തിന്റെ ഈ കൂടിയാലോചനാ സമിതികളില്‍ അംഗമാകുന്നതിനുള്ള ഉപാധികള്‍ എന്തൊക്കെയാണ്?
ഇസ്‌ലാമിക രാഷ്ട്രത്തെയും അതിന്റെ സ്ഥാപനങ്ങളെയും ഏറ്റവും നന്നായി അപഗ്രഥിച്ച പണ്ഡിതനും പരിഷ്‌കര്‍ത്താവുമാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ഇത്തരം നിയമാവിഷ്‌കാര ബോഡികളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹം നാല് ഉപാധികള്‍ വെക്കുന്നു: ഒന്ന്, ഇസ്‌ലാമിക വിശ്വാസം ഉണ്ടായിരിക്കുക. 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക' (അന്നിസാഅ് 59) എന്ന ഖുര്‍ആനിക സൂക്തമാണ് അതിന് അദ്ദേഹം തെളിവായി ഉദ്ധരിക്കുന്നത്. ഇസ്‌ലാമിക ഭരണഘടനയനുസരിച്ച് നിലവില്‍ വരുന്ന രാഷ്ട്രത്തെ മുന്നോട്ടു നയിക്കാന്‍ ഇസ്‌ലാമിക ശരീഅത്തില്‍ അവഗാഹം നേടിയവര്‍ക്കേ കഴിയൂ. അവര്‍ മുസ്‌ലിംകളായിരിക്കും, അവര്‍ തന്നെയായിരിക്കും കൈകാര്യ കര്‍ത്താക്കളും. ഈ ഉപാധിയോട് യോജിക്കുന്നില്ല ശൈഖ് നബഹാനി. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്കും ഇത്തരം ബോഡികളില്‍ അംഗങ്ങളാകാം.7
ഇസ്‌ലാമിക തത്ത്വങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രമായതുകൊണ്ട് പ്രതിനിധിസഭകളില്‍ ഗവേഷകരായ പണ്ഡിതരോ അല്ലെങ്കില്‍ മുസ്‌ലിംകളോ മാത്രമേ പാടുള്ളൂ എന്നുണ്ടോ? സമകാലികരായ ചില പണ്ഡിതന്മാര്‍ പറയുന്നത്, 'ഉലുല്‍ അംറ്' (കൈകാര്യകര്‍ത്താക്കള്‍) എന്ന ഖുര്‍ആനിക പ്രയോഗം ശരീഅത്ത് പണ്ഡിതന്മാരെ മാത്രമല്ല ഉദ്ദേശിക്കുന്നത് എന്നാണ്. ശരീഅത്ത് പണ്ഡിതന്മാരും അതിലുണ്ടാവും. വിവിധ സംഘടനകളുടെയും സമൂഹത്തെ പ്രതിനിധീകരിക്കുന്ന മറ്റു കൂട്ടായ്മകളുടെയും പ്രതിനിധികളും ആ സമിതികളില്‍ ഉണ്ടാകും.8 സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ക്ക് അതില്‍ അംഗത്വം നേടാം. ഇസ്‌ലാമിക പ്രമാണപാഠങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ നിയമാവിഷ്‌കാരം നടത്തരുതെന്ന് മാത്രം. ഇത്തരം കാര്യങ്ങള്‍ ഒരു പണ്ഡിതസമിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തോട് കൂറ് പ്രഖ്യാപിച്ച മുസ്‌ലിംകളല്ലാത്തവരും രാഷ്ട്രത്തിന്റെ വിവിധ മേഖലകളില്‍ നിയമിക്കപ്പെടും. ഉന്നത കൂടിയാലോചനാ സമിതികളിലും അവരുണ്ടാവും.
'ഉലുല്‍ അംറി'ന് മറ്റൊരു വ്യാഖ്യാനവും നല്‍കപ്പെടുന്നുണ്ട്. ഏതെങ്കിലും നിയമാവിഷ്‌കാര സമിതികളിലെ അംഗങ്ങളെയല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്; 'അമീര്‍' എന്ന ഭരണാധികാരിയെയും രാജ്യനടത്തിപ്പില്‍ അദ്ദേഹത്തെ സഹായിക്കുന്ന പ്രതിനിധികളെയുമാണ്. കാരണം 'അംറ്' എന്ന വാക്കില്‍നിന്നാണ് 'അമീര്‍' ഉണ്ടായിരിക്കുന്നത്. ഭരണനിര്‍വഹണം ഏതു വ്യക്തിയില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നുവോ അയാളാണ് ഉദ്ദേശ്യം. അയാളെ അനുസരിക്കണം. അദ്ദേഹത്തെ ചിലപ്പോള്‍ 'അമീര്‍' എന്നു പറയുന്നു, ചിലപ്പോള്‍ 'ഇമാം' എന്നു പറയുന്നു. ഈ അര്‍ഥത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ ഹദീസുകളില്‍ ധാരാളമായി വന്നിട്ടുണ്ട്. 'ആര്‍ എന്നെ അനുസരിച്ചുവോ അയാള്‍ അല്ലാഹുവിനെ അനുസരിച്ചു, ആര്‍ എന്നെ ധിക്കരിച്ചുവോ അയാള്‍ അല്ലാഹുവിനെ ധിക്കരിച്ചു, ആര്‍ അമീറിനെ അനുസരിച്ചുവോ അയാള്‍ എന്നെ അനുസരിച്ചു, ആര്‍ അമീറിനെ ധിക്കരിച്ചുവോ അയാള്‍ എന്നെ ധിക്കരിച്ചു' എന്ന നബിവചനം (ബുഖാരി, മുസ്‌ലിം) ഉദാഹരണം. 'ആരെങ്കിലും ഒരു ഇമാമിനെ തന്റെ കൈകൊണ്ടും ഹൃദയം കൊണ്ടും ബൈഅത്ത് ചെയ്താല്‍ കഴിയുംവിധം അയാളെ അനുസരിക്കണം. അയാളുമായി കലഹിക്കാന്‍ മറ്റൊരാള്‍ വന്നാല്‍ ആ രണ്ടാമത്തെയാളെ വധിക്കുകയും വേണം' എന്ന് മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു ഹദീസ്.
'ഉലുല്‍ അംറ്' എന്ന ഖുര്‍ആനിക പ്രയോഗത്തെ പലരും നിയമാവിഷ്‌കാര സമിതിയിലെ, ഇന്നത്തെ ഭാഷയില്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍ എന്ന് വ്യാഖ്യാനിക്കാന്‍ കാരണം, അവരാണ് പരമാധികാരത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്നതുകൊണ്ടാവാം.9 ഇത് പാശ്ചാത്യ രാഷ്ട്രമീമാംസക്കൊപ്പിച്ചുള്ള വ്യാഖ്യാനമാണ്; പ്രത്യേകിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ മാതൃകയായി എടുക്കുമ്പോള്‍. ഒരു ഇസ്‌ലാമിക രാഷ്ട്ര സ്വരൂപത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് അകറ്റിനിര്‍ത്തുക എന്നതും ഈ വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യമാകാം. പക്ഷേ, മുഹമ്മദ് അസദ് ചൂണ്ടിക്കാണിച്ച പോലെ, ഹദീസുകളിലെ 'അമീര്‍' എന്ന പ്രയോഗം നിലവിലെ സന്ദര്‍ഭവുമായി ഒത്തുപോവുകയില്ല. ബ്രിട്ടീഷ് അധികാരഘടനയില്‍ രാജാവിന്/'അമീറി'ന് നാമമാത്ര അധികാരമല്ലേയുള്ളൂ. പരമാധികാരം കൈയാളിയിരുന്ന രാജാക്കന്മാര്‍ക്കെതിരെ നടത്തിയ നീണ്ട പോരാട്ടത്തിനൊടുവില്‍ ആ അധികാരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിക്ഷിപ്തമായി കഴിഞ്ഞിട്ടുണ്ടല്ലോ.
പാര്‍ലമെന്റ് സമ്പ്രദായവുമായല്ല, പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയുമായാണ് 'ഉലുല്‍ അംറി'ന് കൂടുതല്‍ അടുപ്പം എന്നും കാണാനാവും. പ്രസിഡന്‍ഷ്യല്‍ ഭരണ സമ്പ്രദായത്തില്‍ പ്രസിഡന്റിനെ അല്ലെങ്കില്‍ 'അമീറി'നെ കേന്ദ്രീകരിച്ചാണല്ലോ ഭരണനിര്‍വഹണം. വിവിധ ജനപ്രതിനിധിസഭകള്‍ ഇതില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. ഗവേഷകരും പ്രതിഭാധനരുമായ ഒരു പണ്ഡിത സംഘം ഭരണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കാനുണ്ടാകുമ്പോള്‍ ഈ സമിതികളില്‍ മുസ്‌ലിംകളല്ലാത്തവര്‍ കടന്നുവരുന്നതിന് യാതൊരു തടസ്സവുമില്ല. സ്വതന്ത്ര സമിതികളായിരിക്കും ഇവയെല്ലാം. അതേസമയം നീതിന്യായം പോലുള്ള മറ്റു രാഷ്ട്രസംവിധാനങ്ങളുമായി അവ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യും. അത് ജനാധികാരത്തെ ഉറപ്പു വരുത്തുകയും അതില്‍ കൈകടത്തുന്നതില്‍നിന്ന് രാഷ്ട്രത്തെ തടയുകയും ചെയ്യും. ഈ സമിതികള്‍ക്കൊന്നും സ്വന്തമായി നിയമനിര്‍മാണത്തിന് അവകാശമില്ല; കാരണം ഇസ്‌ലാമിക വീക്ഷണത്തില്‍ നിയമനിര്‍മാണം എന്നത് അല്ലാഹുവിന്റെ അധികാരമാണ്. ദൈവം നല്‍കിയ മൗലിക നിയമങ്ങളെയും തത്ത്വങ്ങളെയും അടിസ്ഥാനപ്പെടുത്തി പുതിയ നിയമാവിഷ്‌കാരങ്ങള്‍ക്ക് (ഇസ്തിന്‍ബാത്വ്) രൂപം നല്‍കുകയെന്നത് സമൂഹാധികാരത്തില്‍ പെടുന്നതും. 'ഉലുല്‍ അംറ്' ഇസ്‌ലാം വിശ്വാസികള്‍ തന്നെ ആയിരിക്കണമോ എന്ന കാര്യമാണ് നാം ചര്‍ച്ച ചെയ്തു വരുന്നത്. ഭരണനിര്‍വഹണാധികാരമുള്ളവര്‍ എന്നാണ് നാം ആ പ്രയോഗം കൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ സൂക്തത്തിന്റെ അര്‍ഥം ഇങ്ങനെയായിരിക്കും: ''നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക. നിങ്ങളുടെ മുസ്‌ലിംകളായ ഭരണാധികാരികളെയും അനുസരിക്കുക; അവര്‍ അല്ലാഹുവിനും പ്രവാചകനും വിരുദ്ധമായി പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍.'' ഇതൊന്നും പക്ഷേ, ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ ജീവിക്കുന്ന മറ്റു മത ന്യൂനപക്ഷങ്ങള്‍ക്ക് അവിടത്തെ ജനപ്രതിനിധിസഭ(മജ്‌ലിസുശ്ശൂറാ)യില്‍ അംഗങ്ങളാകുന്നതിന് തടസ്സമല്ല. ചുരുക്കം പറഞ്ഞാല്‍, ഇത്തരം സഭകളില്‍ അംഗമാകുന്നതിന് ഇസ്‌ലാമിക വിശ്വാസം ഉപാധിയല്ല; സഭകളിലെ കൂടുതല്‍ അംഗങ്ങള്‍, പ്രത്യേകിച്ച് ഭരണാധികാരി, ഈ വിശ്വാസം പുലര്‍ത്തുന്നവരാവുക എന്ന ഉപാധിയേ ഇക്കാര്യത്തില്‍ ഏറെക്കവിഞ്ഞാല്‍ വെക്കാന്‍ പറ്റുകയുള്ളൂ.


കുറിപ്പുകള്‍

1. മുഹമ്മദ് അസദ്- മിന്‍ഹാജുല്‍ ഇസ്‌ലാം ഫില്‍ ഹുകും, പേജ് 90
2. അതേ പുസ്തകം, പേജ് 89
3. ഖാലിദ് മുഹമ്മദ് ഖാലിദ്- അദ്ദൗല ഫില്‍ ഇസ്‌ലാം (കയ്‌റോ, ദാറുസാബിത്, 1981).
4. അബുല്‍ അഅ്‌ലാ മൗദൂദി- തദ്‌വീനുദ്ദസ്തൂറില്‍ ഇസ്‌ലാമി (ദിമിശ്ഖ്, ദാറുല്‍ ഫിക്ര്‍) പേജ് 58
5. അബ്ദുല്‍ ഹമീദ് മുതവല്ലി- മബാദിഉ നിളാമില്‍ ഹുകുമി ഫില്‍ ഇസ്‌ലാം, പേജ് 107
6. അല്‍ അവാ-ഫിന്നിളാമിസ്സിയാസി ലിദ്ദൗലതില്‍ ഇസ്‌ലാമിയ്യ, പേജ് 104
7, തഖിയ്യുദ്ദീന്‍ നബഹാനി- നിളാമുല്‍ ഇസ്‌ലാം (അല്‍ ഖുദ്‌സ്, 1952)
8. അബ്ദുര്‍റഹ്മാന്‍ അസാം- അര്‍രിസാലത്തുല്‍ ഖാലിദ (കയ്‌റോ, ദാറുശ്ശൂറൂഖ്, ഹിജ്‌റ 1399).
9. മൂസ- നിളാമുല്‍ ഹുകും ഫില്‍ ഇസ്‌ലാം

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌