Prabodhanm Weekly

Pages

Search

2019 ഡിസംബര്‍ 06

3129

1441 റബീഉല്‍ ആഖിര്‍ 09

ഹിജാസ് റെയില്‍വേ 

 ഡോ. അലി അക്ബര്‍

തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്ത് മുസ്‌ലിം ലോകത്തിനു നല്‍കിയ ചരിത്ര സംഭാവനകളില്‍ പ്രധാനപ്പെട്ടതാണ് ഹിജാസ് റെയില്‍വേ. സിറിയയുടെ തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് ആരംഭിച്ചു ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ വഴി  പ്രവാചക നഗരിയായ മദീനാ മുനവ്വറയിലെത്തുമ്പോള്‍ ആയിരത്തിലേറെ കിലോമീറ്ററുകളാണ് ഹിജാസ് റെയില്‍വേ മരുഭൂമിയിലൂടെ പിന്നിടുന്നത്. മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ മുഖ്യ ഉദ്ദേശ്യം. അറബ് ഗോത്രങ്ങള്‍ക്കിടയിലെ കലാപങ്ങള്‍  അമര്‍ച്ച ചെയ്യാന്‍ സൈന്യത്തെ യഥാസമയം എത്തിക്കാനും  ഹിജാസ് റെയില്‍വേ ഉപയോഗിച്ചിരുന്നു.

നിര്‍മാണം

മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും ആക്രമണകാരികളായ ബദു ഗോത്രങ്ങളും കോളറ, ടൈഫോയിഡ് പോലുള്ള സാംക്രമിക രോഗങ്ങളും ഹിജാസ് റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ആയിരുന്നു. ജര്‍മന്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ഏകദേശം ആറായിരം  തുര്‍ക്കി തൊഴിലാളികളാണ് നിര്‍മാണ ജോലികള്‍ ചെയ്തത്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും എല്ലാം കൊണ്ടും ക്ഷയിച്ചു തുടങ്ങിയ ഉസ്മാനിയാ ഖിലാഫത്തിനെ  സംബന്ധിച്ചേടത്തോളം ഹിജാസ് റെയില്‍വേയുടെ നിര്‍മാണം അവരുടെ ബഡ്ജറ്റിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. പക്ഷേ, ദൈവാനുഗ്രഹമെന്നു പറയട്ടെ, ഈ വിവരം അറിഞ്ഞതോടെ ഹിജാസ് റെയില്‍വേ നിര്‍മാണത്തിന്നായി ആരംഭിച്ച പ്രത്യേക അക്കൗണ്ടിലേക്ക് വിവിധ മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് പണം ഒഴുകിയെത്തി. അറക്കല്‍ രാജകുടുംബം, തലശ്ശേരിയിലെ കേയി കുടുംബം, കന്യാകുമാരിക്കടുത്ത തേങ്ങാപ്പട്ടണത്തെ ഹസ്സന്‍ കുത്തൂസ് മരിക്കാര്‍  കുടുംബം എന്നിവര്‍ കേരളത്തില്‍നിന്നും കാര്യമായി സംഭാവന നല്‍കിയവരില്‍ പെടുന്നു. 1906-ല്‍ ആരംഭിച്ച പണി രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1908-ല്‍ ഹിജാസ് റെയില്‍വേ സര്‍വീസ്  ആരംഭിച്ചു. ദമസ്‌കസില്‍നിന്ന് ആരംഭിച്ചു അമ്മാന്‍ വഴി  മദീനയില്‍ എത്തുമ്പോള്‍ ഹിജാസ് റെയില്‍വേക്ക് 1300 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു. റെയില്‍വേയുടെ ആരംഭ ഘട്ടങ്ങളില്‍ ജര്‍മന്‍ നിര്‍മിത ലോക്കോമോട്ടീവ് എഞ്ചിനുകളും പിന്നീട് ബെല്‍ജിയം നിര്‍മിത എഞ്ചിനുകളും യാത്രക്കായി  ഉപയോഗിച്ചു.      

ഹിജാസ് റെയില്‍വേയുടെ സവിശേഷതകള്‍

യാത്രയിലെ സമയലാഭം, ധനലാഭം, സുരക്ഷിതത്വം, സൗകര്യം എന്നീ അനുകൂല ഘടകങ്ങള്‍  കാരണം ഹിജാസ്  റെയില്‍വേ ജനകീയമായിത്തീരാന്‍ അധിക സമയം  വേണ്ടിവന്നില്ല. ഹിജാസ്  റെയില്‍വേയുടെ  ആഗമനത്തിനു മുമ്പ്, ബദുക്കള്‍ നടത്തിയിരുന്ന 'ഖാഫില' എന്നറിയപ്പെടുന്ന ഒട്ടകക്കൂട്ടങ്ങള്‍ മാത്രമായിരുന്നു യാത്രക്ക്   ആശ്രയം. മരുഭൂമിയുടെ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച്    ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ദമസ്‌കസില്‍നിന്ന് മദീനയില്‍  എത്തിച്ചേരാന്‍ രണ്ടു മുതല്‍  മൂന്ന് മാസം വരെ വേിവരുമായിരുന്നു. എന്നാല്‍ ഹിജാസ് റെയില്‍വേയില്‍  ദമസ്‌കസില്‍ നിന്ന് ട്രെയിന്‍  കയറുന്ന  യാത്രക്കാരന്  മൂന്നാം ദിവസം മദീനയില്‍ എത്താം. ദമസ്‌കസില്‍നിന്ന് മദീനവരെയുള്ള യാത്രക്കൂലി ഒരാള്‍ക്ക് നാല്‍പതു പൗണ്ട്  ആയിരുന്നു ബദുക്കള്‍ വാങ്ങിയിരുന്നത്. യാത്രയിലെ മറ്റ് ചെലവുകള്‍  വേറെയും. ഇതേ ദൂരത്തിനു വെറും മൂന്ന് പൗണ്ട് പത്തു ഷില്ലിംഗ് ആയിരുന്നു ഹിജാസ് റെയില്‍വേ ഈടാക്കിയിരുന്ന ടിക്കറ്റ് ചാര്‍ജ്. ബദുക്കളുടെ 'ഖാഫില' യാത്രയില്‍ യാത്രക്കാര്‍ കൊള്ളയടിക്കപ്പെടുക സാധാരണ സംഭവമായിരുന്നു. എതിര്‍ക്കുന്നവര്‍ക്ക് ജീവനും നഷ്ടമാവും. റെയില്‍വേ  യാത്രക്കാരുടെ സുരക്ഷക്കാവട്ടെ, സായുധരായ സൈനികരുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളവും ഭക്ഷണവും  ലഭ്യമായിരുന്നു. കൂടാതെ ട്രെയിനുകളില്‍ പ്രാഥമിക  ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഉണ്ടായിരുന്നു. മാസങ്ങളോളം ഒട്ടകപ്പുറത്ത് കുലുങ്ങി കുലുങ്ങിയുള്ള ക്ലേശകരമായ യാത്രയേക്കാള്‍ എന്തുകൊണ്ടും സൗകര്യപ്രദവും സുരക്ഷിതവുമായിരുന്നു ഹിജാസ് റെയില്‍വേയിലെ യാത്ര. കച്ചവടക്കാരും ഹിജാസ് റെയില്‍വേ നന്നായി പ്രയോജനപ്പെടുത്തി.
അമ്മാന്‍, മആന്‍, തബൂക്ക്, അബൂനആം, മദായിന്‍ സ്വാലിഹ് എന്നിവയായിരുന്നു ഇരു നഗരങ്ങള്‍ക്കുമിടയിലെ പ്രധാന സ്റ്റേഷനുകള്‍. മദായിന്‍ സ്വാലിഹ് പ്രധാനപ്പെട്ട സ്റ്റേഷന്‍  എന്നതിന് പുറമേ, എഞ്ചിനുകളും ബോഗികളും റിപ്പയര്‍ ചെയ്യുന്ന സ്ഥലം കൂടി ആയിരുന്നു. ഇവിടെ ജര്‍മന്‍ നിര്‍മിത രണ്ടു  സ്റ്റീം എഞ്ചിനുകള്‍  ഇപ്പോഴും കാണാം. ടി.ഇ ലോറന്‍സിന്റെ (ലോറന്‍സ് ഓഫ് അറേബ്യയിലെ ഹീറോ ആയ ലോറന്‍സ് തന്നെ) നേതൃത്വത്തിലുള്ള ബദുക്കളുടെ  ഗറില്ലാസംഘം ആദ്യമായി തകര്‍ത്ത റെയില്‍വേ സ്റ്റേഷന്‍  എന്നതിനാല്‍  അബൂനആം സ്റ്റേഷന് പ്രത്യേക ചരിത്ര പ്രാധാന്യമു്.   

ഹിജാസ് റെയില്‍വേയുടെ രാഷ്ട്രീയ പ്രാധാന്യം 

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ ഹിജാസ് റെയില്‍വേ വലിയ രാഷ്ട്രീയ പ്രാധാന്യം നേടുകയുായി. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും സുരക്ഷിതവും മെച്ചപ്പെട്ടതുമായ  പുതിയൊരു യാത്രാ സൗകര്യം ഒരുക്കുക വഴി പുണ്യ നഗരങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന ധാരണ സൃഷ്ടിക്കാന്‍ ഉസ്മാനി ഖിലാഫത്തിനു കഴിഞ്ഞു. മുസ്‌ലിം ലോകത്തോടുള്ള മതപരമായ ഈ ബന്ധത്തിന്റെ പൊക്കിള്‍ക്കൊടിയായി ഹിജാസ് റെയില്‍വേ നിലകൊണ്ടു. അങ്ങനെ ലോക മുസ്‌ലിംകളുടെ  മനസ്സില്‍ ഖിലാഫത്തിനോടുള്ള ആത്മബന്ധം പതിന്മടങ്ങ്  വര്‍ധിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഖിലാഫത്ത് പ്രസ്ഥാന ചലനങ്ങളും ബ്രിട്ടനെ അലോസരപ്പെടുത്തി. അറബ്-മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉസ്മാനിയാ ഖിലാഫത്തിന് ഉണ്ടായിരുന്ന  മതപരവും രാഷ്ട്രീയവുമായ സ്വാധീനമാണ് ഇവിടങ്ങളില്‍  തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മക്കും സാംസ്‌കാരിക  അധിനിവേശത്തിനും പ്രധാന തടസ്സം എന്ന് ബ്രിട്ടീഷ് ഭരണകൂടം മനസ്സിലാക്കി. പുണ്യ നഗരങ്ങളുമായി ഉസ്മാനിയ ഖിലാഫത്തിനുള്ള ബന്ധം തകര്‍ക്കുക എന്നതായി പിന്നീട് ബ്രിട്ടന്റെ പ്രധാന ലക്ഷ്യം. 

ഗൂഢതന്ത്രം രൂപപ്പെടുന്നു 

സൈനിക  പ്രാധാന്യം  എന്നതിനേക്കാളുപരി രാഷ്ട്രീയ  പ്രാധാന്യമുണ്ടായിരുന്ന ഹിജാസ് റെയില്‍വേ, തദ്ദേശീയരുടെ കരങ്ങളാല്‍തന്നെ തകര്‍ക്കുക എന്നതായിരുന്നു ബ്രിട്ടന്റെ  ഗൂഢപദ്ധതി. ബ്രിട്ടീഷ് ചാരസംഘടനയിലെ ടി.ഇ ലോറന്‍സിനെയാണ് ഈ ദൗത്യം ഏല്‍പിച്ചത്. മരുഭൂമിയുടെ പ്രതികൂല കാലാവസ്ഥയോടും കര്‍ക്കശക്കാരായ ബദുക്കളോടും വേഗത്തില്‍ താദാത്മ്യപ്പെടാന്‍ കെല്‍പ്പുള്ള സൂത്രശാലിയായ യുവാവായിരുന്നു തോമസ് എഡ്വേര്‍ഡ് ലോറന്‍സ് എന്ന ടി.ഇ ലോറന്‍സ്. ഒരു  വ്യാഴവട്ടക്കാലം ബദുക്കളുടെ കൂടെക്കഴിഞ്ഞ ലോറന്‍സ്, വര്‍ഷങ്ങള്‍ക്കുശേഷം എല്ലാ അര്‍ഥത്തിലും ഒരു ബദു ആയിക്കഴിഞ്ഞിരുന്നു. ബദുക്കളുടെ  സംസാരശൈലി നന്നായി വശത്താക്കിയ ലോറന്‍സ്, ക്ലാസ്സിക്കല്‍ അറബി ഭാഷയില്‍ നേരത്തേ തന്നെ ദമസ്‌കസ് സര്‍വകലാശാലയില്‍നിന്ന് വ്യുല്‍പത്തി നേടിയിരുന്നു. തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കി ഉപജീവനമാര്‍ഗം കണ്ടെത്തിയവരായിരുന്നു ബദുക്കള്‍. ഹിജാസ് റെയില്‍വേ ആണ് അവരുടെ ഉപജീവനമാര്‍ഗം തടഞ്ഞതെന്നു ലോറന്‍സ് പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോ എന്ന് ബദുക്കള്‍ക്കും തോന്നി. ഹിജാസ് റെയില്‍വേ തകര്‍ക്കുകയാണ് പരിഹാരം എന്ന ചിന്താഗതിയിലേക്ക് ബദുക്കളെ കൊുവരാന്‍ ലോറന്‍സിനു ഏറെയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. വൈകാതെ നാടന്‍ ആയുധങ്ങള്‍ സംഘടിപ്പിച്ചു ബദുക്കളുടെ ഒരു ഗറില്ലാ  സൈന്യത്തിന് ലോറന്‍സ് രൂപം നല്‍കി. ബ്രിട്ടന്റെ സാമ്പത്തിക സഹായം വേുവോളം ഉണ്ടായിരുന്നു.   
മദീനക്ക് 150 കി.മീ. വടക്കുള്ള അബൂനആം സ്റ്റേഷനാണ് ലോറന്‍സിന്റെ ഗറില്ലാ സൈന്യം ആദ്യമായി തകര്‍ത്തത്. സ്‌ഫോടകവസ്തുക്കള്‍  ഉപയോഗിക്കുന്നതില്‍ പരിശീലനം  ലഭിച്ചിട്ടില്ലാത്ത ലോറന്‍സിന്റെ അഭ്യര്‍ഥന പ്രകാരം ഇക്കാര്യത്തില്‍ വിദഗ്ധരായ കേണല്‍ ന്യൂ കോംബ്, ക്യാപ്റ്റന്‍ ഗാര്‍ലന്‍ഡ്, ക്യാപ്റ്റന്‍ റാഹോ എന്നീ സൈനിക ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ ലോറന്‍സിന്റെ സഹായത്തിനായി അയച്ചുകൊടുത്തു. 1917 മാര്‍ച്ച് 26-നു ക്യാപ്റ്റന്‍ ഗാര്‍ലന്‍ഡ്, ക്യാപ്റ്റന്‍ റാഹോ  എന്നിവരോടൊപ്പം ബദുക്കളുടെ സായുധ സംഘം ലോറന്‍സിന്റെ നേതൃതത്തില്‍ ആബൂനആം സ്റ്റേഷനിലേക്ക് പുറപ്പെട്ടു. 1917 ഏപ്രില്‍ 7-നു കൈറോയിലെ  ഫ്രഞ്ച്  മന്ത്രി അയച്ച ഒരു ടെലിഗ്രാം സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു: 'ശരീഫ്  നാസര്‍ എന്ന ഗോത്രത്തലവന്റെ കീഴില്‍ സായുധരായ ഒരു സംഘം ബദുക്കള്‍, ക്യാപ്റ്റന്‍ റാഹോ, ക്യാപ്റ്റന്‍   ഗാര്‍ലന്‍ഡ് എന്നിവരോടൊപ്പം, ലോറന്‍സിന്റെ നേതൃതത്തില്‍  അബൂനആം റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കാനായി പുറപ്പെട്ടിരിക്കുന്നു.'  (HIJAZ RAILWAY , A PIECE OF HISTRY By Roger Harrison). മേല്‍പറഞ്ഞ സായുധ സംഘം, അബൂ നആം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയ്‌നിന്റെ എഞ്ചിന്‍ വേര്‍പ്പെടുത്തി തെക്കോട്ട് തള്ളി വിടുകയും അവിടെ മുന്‍കൂട്ടി സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടി വന്‍സ്‌ഫോടനം ഉണ്ടാവുകയും ചെയ്തു. 70 തുര്‍ക്കി സൈനികര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ലോറന്‍സിന്റെ  പക്ഷത്ത് ഒരാള്‍ക്കുമാത്രം പരിക്ക് പറ്റി. മരുഭൂമിയിലെ മറ്റ് പ്രദേശങ്ങളിലെ റെയില്‍ പാളങ്ങള്‍ പൊളിച്ച് മാറ്റുന്ന ജോലി  ബദുക്കള്‍ അനായാസം നിര്‍വഹിച്ചു. അറേബ്യന്‍ മരുഭൂമിയില്‍ ഹിജാസ് റെയില്‍വേയുടെ ഭാഗങ്ങള്‍ അങ്ങിങ്ങായി  ഇപ്പോഴും കാണാം. മദീനയില്‍ മസ്ജിദുന്നബവിയുടെ കുറച്ചകലെയായി പ്ലാറ്റ്‌ഫോമിന്റെ  ഭാഗങ്ങളും യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സിമെന്റു ബെഞ്ചും ഇപ്പോഴുമുണ്ട്.

ഹിജാസ് റെയില്‍വേ ഇന്ന്

പഴകിയ എഞ്ചിനുകളും തുരുമ്പെടുത്ത ബോഗികളുമായി നിരന്തരം അറ്റകുറ്റ പണികള്‍ നടത്തി ഹിജാസ് റെയില്‍വേയുടെ വണ്ടി അമ്മാന്‍-ദമസ്‌കസ് നഗരങ്ങള്‍ക്കിടയില്‍   ഇന്നും കൂകി ഓടുന്നു. ഉസ്മാനിയാ ഖിലാഫത്തിന്റെ നഷ്ടപ്രതാപം വിളിച്ചറിയിക്കുന്ന ഒരു ചരിത്ര സ്മാരകമായി, കുതിച്ചുകൊണ്ടല്ല, കിതച്ചുകൊണ്ട്. അടുത്ത കാലംവരെ ആഴ്ചയില്‍ നാല് ട്രിപ്പ് ഉണ്ടായിരുന്നത്, യാത്രക്കാരുടെ കുറവ് മൂലം ര് ട്രിപ്പ് മാത്രമായി ചുരുക്കിയിരിക്കുന്നു. അമ്മാന്‍ മുതല്‍ ദമസ്‌കസ് വരെയുള്ള 175 കി.മീ. ദൂരം 2 മണിക്കൂര്‍ കൊണ്ട്  റോഡ് മാര്‍ഗം എത്താന്‍ കഴിയുമ്പോള്‍, ആരാണ് 7 മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുത്ത് ഈ പഴയ വണ്ടിയില്‍ യാത്ര ചെയ്യുക? ഗൃഹാതുരത്വം ആസ്വദിക്കാനെത്തുന്ന ഏതാനും ചരിത്ര കുതുകികള്‍ മാത്രം.

Comments

Other Post

ഹദീസ്‌

ആപല്‍ക്കരമായ നിസ്സംഗത
കെ.സി ജലീല്‍ പുളിക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (50)
ടി.കെ ഉബൈദ്‌