Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

പ്രവാചകന്റെ ഭക്ഷണശീലങ്ങള്‍

ഇബ്‌റാഹീം ശംനാട്

ആരോഗ്യം പരിപോഷിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല. അമിതാഹാരവും ജങ്ക്ഫുഡ് സംസ്‌കാരവും നമ്മുടെ ഭക്ഷണരീതിയെ താളംതെറ്റിച്ചിരിക്കുന്നു. പരമ്പരാഗത ഭക്ഷണ ശീലങ്ങള്‍ ഉപേക്ഷിച്ച് പുതിയ ന്യുജെന്‍ ഭക്ഷണരീതികള്‍ സ്വീകരിച്ചതോടെ  അടുത്ത കാലത്ത് രോഗികളുടെ എണ്ണം വളരെയേറെ വര്‍ധിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ജീവിതത്തിന്റെ സര്‍വ മേഖലകളിലും  മാതൃക കാണിച്ച  മുഹമ്മദ് നബി(സ)യുടെ ഭക്ഷണരീതി എങ്ങനെയായിരുന്നുവെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും അറിയുന്നത് വളരെ പ്രയോജനപ്രദമാണ്.
വൃത്തിയായ ശേഷമാവണം ഭക്ഷണം കഴിക്കേണ്ടതെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.  ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകഴുകാന്‍ അവിടുന്ന് തന്റെ അനുചരന്മാരോട് നിര്‍ദേശിച്ചു. ഒരു കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നത് അപരിഷ്‌കൃതമായിട്ടായിരുന്നു പാശ്ചാത്യര്‍ കരുതിയിരുന്നതെങ്കില്‍, ഇന്ന് കൈകഴുകാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന വൈറല്‍ രോഗങ്ങളെ കുറിച്ച് അവര്‍ കടുത്ത ആശങ്കയിലാണ്. മാരകമായ ബാക്ടീരിയകള്‍ ഉദരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ പരമാവധി വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപദേശിക്കുന്നു. ഭക്ഷണകാര്യത്തില്‍ ഖുര്‍ആനില്‍നിന്നും ബുഖാരി, മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍നിന്നും ലഭിക്കുന്ന സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. ഇസ്‌ലാം വളരെ കര്‍ശനമായി വിലക്കിയിട്ടുണ്ട് ധൂര്‍ത്തും ദുര്‍വ്യയവും. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു നല്‍കിയ ആഹാരത്തില്‍നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്'' (2:60). തന്റെ രുചിക്കൊത്ത ഭക്ഷണം കഴിക്കാം എന്ന നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ബൊഫെ സമ്പ്രദായം ഇന്ന് മലയാളികള്‍ക്ക് ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ആര്‍ത്തിപൂണ്ട് ധാരാളം ഭക്ഷണം എടുക്കുകയും പകുതിയും പാഴാക്കുകയും ചെയ്യുന്നത് എന്തൊരപരാധമാണ്!
2. ഭക്ഷണത്തെ വിമര്‍ശിക്കരുത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ നമുക്ക് ലഭിച്ച ഭക്ഷണത്തെ വിമര്‍ശിക്കാതിരിക്കുക എന്നത് വളരെ ഉത്തമ സ്വഭാവമായി ഇസ്‌ലാം കാണുന്നു. നബി (സ) താന്‍ പങ്കെടുക്കുന്ന ഒരു ഭക്ഷണ സല്‍ക്കാരത്തെയും ഒരിക്കലും വിമര്‍ശിച്ചിരുന്നില്ല.  അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ അത് കഴിക്കും; ഇഷ്ടപ്പെട്ടില്ലെങ്കില്‍ കഴിക്കാതിരിക്കും. അതായിരുന്നു പ്രവാചകന്റെ രീതി. ഭക്ഷണത്തെ വിമര്‍ശിക്കുന്ന നമ്മുടെ സമീപനം പുനരാലോചനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
3. സന്തുലിതമായി ഭക്ഷണം കഴിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താനുള്ള സുപ്രധാന ഉപാധികളില്‍ ഒന്നാണ്.  മൂന്ന് വിരലുകള്‍കൊണ്ട് അല്‍പം മാത്രം ഭക്ഷണം കഴിക്കുന്ന രീതിയായിരുന്നു നബി (സ) സ്വീകരിച്ചിരുന്നത്. ഒരാള്‍ തന്റെ വയര്‍ നിറക്കുക എന്നതിനേക്കാള്‍ നീചമായ ഒരു കാര്യവുമില്ലെന്ന് അവിടുന്ന് താക്കീത് നല്‍കി. 'വിശപ്പടക്കാന്‍ ആദമിന്റെ പുത്രന് ഒരു ചെറു ഉരുള മതി.  ഇനി ഒരാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് അയാളുടെ ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് വായുവിനും നീക്കിവെക്കട്ടെ' - പ്രവാചകന്‍ ഉപദേശിച്ചു.
4. അയല്‍ക്കാര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ആവശ്യക്കാര്‍, കഷ്ടപ്പെടുന്നവര്‍ തുടങ്ങിയവരുമായി ഭക്ഷണം പങ്കുവെക്കുന്നത് സമൂഹത്തില്‍ സ്വരച്ചേര്‍ച്ചയും ഐക്യവുമുണ്ടാക്കും. അത് മാനസിക സംതൃപ്തി പകര്‍ന്നുനല്‍കും, അസ്വസ്ഥതകളെ പിഴുതെറിയും. നബി (സ) പറഞ്ഞു: ''വേര്‍പ്പെട്ടുകൊണ്ടല്ല, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക. സംഘത്തോടൊപ്പമാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക.'' കുടുംബാംഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ഒരു ഉപദേശമാണിത്. 
5. സാവധാനം തിന്നുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തി. സാവധാനം ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരക്കാന്‍ സമയം ലഭിക്കും. താടിയെല്ലിന്റെ വ്യായാമത്തിനും ഉമിനീര് ഭക്ഷണവുമായി കൂടി കലരുന്നതിനും അത് സഹായകമാണ്. ദഹനം സുഗമമായി നടക്കാന്‍ ഇത് പ്രയോജനപ്പെടും. നബി (സ) പറഞ്ഞു: ''ചാരിക്കിടന്ന് ഞാന്‍ ഭക്ഷണം കഴിക്കാറില്ല.''
6. പ്രവാചകന്‍ (സ) പറഞ്ഞു: ''നിന്ന് കുടിക്കുന്നവന്‍ നമ്മില്‍പെട്ടവനല്ല.'' നിന്ന് കുടിക്കുന്നത് കിഡ്‌നി രോഗത്തിന് കാരണമായേക്കുമെന്ന ഭയം ഇന്ന് വൈദ്യശാസ്ത്രത്തിനുണ്ട്. ഒരു അരിപ്പയിലേക്ക് അതില്‍ കൊള്ളുന്നതിനേക്കാള്‍ അധികം ഒഴിച്ചുകൊടുത്താല്‍ അരിപ്പയുടെ അരിക്കാനുള്ള ശേഷി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയില്ലല്ലോ. അതുപോലെയാണ് കിഡ്‌നിയുടെ കാര്യത്തിലും സംഭവിക്കുക എന്നതുകൊണ്ടായിരിക്കാം പ്രവാചകന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിന്ന് കുടിക്കുന്നത് നിരുത്സാഹപ്പെടുത്തിയത്.
7. വലതു കൈകൊണ്ട് ഭക്ഷണം കഴിക്കുക. ഇബ്‌നു ഉമറില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: ''നിങ്ങളില്‍ ഒരാളും തന്നെ ഇടതു കൈ കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. കാരണം പിശാച് ഇടതു കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു.'' വെള്ളം കുടിക്കുമ്പോള്‍ അവിടുന്ന് മൂന്ന് പ്രാവശ്യമായിട്ടാണ് കുടിച്ചിരുന്നത്.
8. ഭക്ഷണത്തിലുള്‍പ്പടെ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാന്‍ ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി വിശ്വാസികളെ ഉണര്‍ത്തുന്നു. ജീവിതത്തില്‍ കൈവരിക്കേണ്ട സാമ്പത്തിക ഭദ്രത പലപ്പോഴും താളം തെറ്റുന്നത് ധൂര്‍ത്തും ദുര്‍വ്യയവും കാരണമാണ്. ഇതിലൂടെ സ്വയം തകരുന്നു എന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാന്‍ കഴിയുമായിരുന്നത് നശിച്ചുപോവുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ''ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു'' (17: 26,27).
9. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യത ആറാണെന്നും അതിലൊന്ന്, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലാണെന്നും പ്രവാചകന്‍ അരുളുകയുണ്ടായി. തന്റെ മുമ്പിലുള്ള ഭക്ഷണത്തില്‍നിന്ന് ഭക്ഷിക്കണമെന്നും മറ്റുള്ളവരുടെ ഭാഗത്തേക്ക് കൈ നീട്ടുന്നത് ഉചിതമല്ലെന്നും അവിടുന്ന് പഠിപ്പിച്ചു..  ഭക്ഷണകാര്യത്തില്‍ പോലും എത്ര ഔചിത്യപൂര്‍ണമായ നിലപാടുകളായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണല്ലോ.
 10. അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് ഭക്ഷണം കഴിക്കാനും അത് പൂര്‍ത്തിയായാല്‍ അല്ലാഹുവിനെ സ്തുതിക്കാനും പ്രവാചകന്‍ നിര്‍ദേശിച്ചു. ഇന്നും വലിയൊരു ജനവിഭാഗം ജീവിതത്തില്‍ ഇതെല്ലാം മുറുകെ പിടിക്കുന്നു. ഇതിലുടെ പ്രവാചക സ്‌നേഹത്തോടൊപ്പം, നബി(സ)യെ അനുധാവനം ചെയ്യണമെന്ന അല്ലാഹുവിന്റെ കല്‍പനകൂടി നടപ്പാവുകയാണ്.
വിശ്വാസകാര്യങ്ങളിലോ ആരാധനകളിലോ പരിമിതമല്ല പ്രവാചക അധ്യാപനങ്ങളെന്നും അത് മുഴുജീവിതത്തെയും സ്പര്‍ശിച്ചിട്ടുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഭക്ഷണ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചത് ഒരു ഉദാഹരണം മാത്രം. ഏറ്റവും ഉത്തമമായത് സ്വന്തം കരങ്ങള്‍ കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണമാണെന്നും അവിഹിത മാര്‍ഗത്തില്‍ സമ്പാദിച്ച ഭക്ഷണം കഴിക്കുന്നത് ഒരിക്കലും ഗുണകരമായിരിക്കില്ലെന്നും പ്രവാചകന്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. പലതരം പഴവര്‍ഗങ്ങളെ കുറിച്ചും ഖുര്‍ആനിലും തിരുവചനങ്ങളിലും സവിസ്തരം പ്രതിപാദ്യമുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം മുമ്പില്‍വെച്ച് നല്ലൊരു ഭക്ഷണശീലം ഉണ്ടാക്കിയെടുക്കാനായാല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കാനും അത് നിമിത്തമാവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌