തയ്യില്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍
എന്റെ ഭാര്യാ പിതാവ് തയ്യില്‍ കുഞ്ഞബ്ദുല്ല മാസ്റ്ററുടെ വിയോഗം ഏറെ വേദനാജനകമായിരുന്നു. ടൊറണ്ടോവില്‍നിന്ന് കോഴിക്കോട്ടെത്താന്‍ 20 മണിക്കൂറിലധികം പിടിക്കും എന്നതിനാല്‍ ജനാസ ഖബ്‌റടക്ക ചടങ്ങുകളില്‍ പങ്കെടുക്കാനും സാധിച്ചില്ല.
വേളം-ശാന്തിനഗറില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നെടുംതൂണായിരുന്നു പരേതന്‍. അവിടത്തെ സാമൂഹിക സാമുദായിക രംഗത്ത് ദശകങ്ങളോളം തിങ്ങിനിന്ന വ്യക്തിത്വം. മത-സമുദായ വ്യത്യാസമില്ലാതെ എല്ലാവരാലും ആദരിക്കപ്പെട്ടു. മരിക്കുമ്പോള്‍ 94 വയസ്സായിരുന്നു. അഞ്ചു ദശകങ്ങളുടെ അധ്യാപനത്തിലൂടെ ആയിരക്കണക്കില്‍ വിദ്യാര്‍ഥികളെ അദ്ദേഹം വാര്‍ത്തുവിട്ടു. ജനാസ നമസ്‌കാരത്തില്‍ അവരുടെ സാന്നിധ്യം പ്രകടമായിരുന്നു. ശാന്തിനഗര്‍ പള്ളിയുടെ നിര്‍മാണത്തില്‍ അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. നിര്‍മാണശേഷം ദീര്‍ഘകാലം അതിന്റെ മുതവല്ലിയും ആയിരുന്നു. പരേതന്റെ മുഴുകുടുംബങ്ങള്‍ക്കും സന്തോഷിക്കാവുന്ന ഒന്നാണിത്. തയ്യില്‍ വീട് നിര്‍മിച്ചപ്പോള്‍ ഒരു ഖുര്‍ആന്‍ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു: 'എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഖുര്‍ആന്‍ ഓതും.' എല്ലാ ദിവസവും അദ്ദേഹം ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. പരിഭാഷകള്‍ വായിക്കുകയും ചെയ്യും.
ജമാഅത്തിന്റെ സ്ഥാപനങ്ങള്‍ക്ക്, വിശിഷ്യാ ശാന്തിനഗറിലെയും കുറ്റിയാടിയിലെയും സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം ഉദാരമായി സംഭാവന നല്‍കുമായിരുന്നു. അതുപോലെ കഷ്ടപ്പാടനുഭവിക്കുന്ന വ്യക്തികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം ധാരാളം സഹായം ചെയ്തിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീടു നിര്‍മാണത്തിനും സഹായിക്കാറുണ്ടായിരുന്നു. ആരോടും ചോദിക്കാന്‍ മടിക്കുന്ന, എന്നാല്‍ കഷ്ടതയനുഭവിക്കുന്ന ആളുകളെ കണ്ടറിഞ്ഞ് സഹായിക്കുക എന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. പേരാമ്പ്ര ദാറുന്നുജൂം യതീംഖാനയുടെ മാനേജര്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം, ശാന്തിനഗര്‍ അത്തൗഹീദ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, അടുക്കത്ത് എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍, എടവനച്ചാല്‍ ജുമാമസ്ജിദ് മുതവല്ലി, ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. മക്കള്‍: സുലൈഖ, സഫിയ, റസിയ.
Comments