ലോകാനുഗ്രഹി
നന്മയുടെ വെണ്മ കൊണ്ട്
തിന്മയുടെ കഠോരതയെ
ഉണ്മ തന്നുറവയിലലിയിച്ചെടുത്ത
പുണ്യപ്രവാചകാ,
ഇരുള്‍പരപ്പു മൂടിയിടത്ത്
പാതിചന്ദ്രനും
മറുപാതി സൂര്യനുമായി
അങ്ങ് ജ്വലിച്ചുനിന്നപ്പോള്‍
മണല്‍കാടിന്റെ മിഴിതെളിഞ്ഞു
വഴിതുറന്നു
കുഴി വിടര്‍ന്നു
ഒരൊറ്റ മനുജന്റെ മക്കള്‍
ഒരൊറ്റ നാഥന്റെ ദാസന്‍
ഒരൊറ്റ ദര്‍ശനത്തിനു ചുവട്ടില്‍
ചീര്‍പ്പിന്റെ പല്ലുപോല്‍
സമാസമമെന്നരുള്‍ചെയ്ത്,
ഭേദങ്ങളെല്ലാം
വേദം കൊണ്ട് മായിച്ചു കളഞ്ഞ
സര്‍വമാനുഷ വിമോചകാ,
യുദ്ധമുഖത്തൊരു പൈതല്‍
നിലവിളിക്കവേ,
ശത്രുപക്ഷത്തിന്റേതെന്ന്
സൈന്യം ചൊന്നപ്പോള്‍
അല്ല, ഇതെന്റെ കുഞ്ഞെന്ന്
കണ്‍കള്‍ നിറച്ചു പ്രഖ്യാപിച്ച
സ്‌നേഹപ്രതീകമേ,
അധര്‍മങ്ങളൊക്കെയും
ഉത്കൃഷ്ടധര്‍മത്താല്‍
തടുത്തു നിര്‍ത്തി
ദുഷ്ട ശത്രുക്കളെ
ഇഷ്ടമിത്രങ്ങളാക്കിയ
അറ്റമില്ലാത്ത
അനുകമ്പയുടെ പ്രതീകമേ,
കല്ലേറു കൊണ്ട്
രക്തമൊലിച്ച കാലുമായ്
മരച്ചുവട്ടിലിരിക്കേ
ആ കൃത്യജനതക്കുമേല്‍
ശിക്ഷ വര്‍ഷിക്കാനായ്
സ്രഷ്ടാവ് തുനിയവേ
'അരുത് നാഥാ
എന്റെ ജനതക്കു നീ
പൊറുത്തു കൊടുക്കേണമേ'
എന്നുരുവിട്ടപ്പോള്‍
അങ്ങയുടെ വാക്ക് വാനമായി
നാദം നദിയായി
നോവ് നീര്‍മാതളമായി.
അക്ഷരങ്ങള്‍ കൊണ്ട്
വര്‍ണങ്ങള്‍ തീര്‍ത്ത കവികള്‍
അങ്ങയുടെ
വശ്യതയെ വിശദമാക്കുവാന്‍
ഭാഷയേതുമില്ലാതെ നിന്നു.
വിഷയം മാനുഷികമായതിനാല്‍
അങ്ങു മനുഷ്യനായി.
മനുഷ്യാതീത മനുഷ്യന്‍.
വെളിപാട് ദൈവികമായതിനാല്‍
പ്രവാചകനായി
പ്രവാചകരില്‍ ശ്രേഷ്ഠപ്രവാചകന്‍.
ദൗത്യം ഉണ്മയായതിനാല്‍
തണല്‍ മരമായി,
നന്മ പൂക്കുന്ന തണല്‍ മരം.
അങ്ങു പഴകില്ല
കരുണയുടെയുറവ
ഉള്ള കാലമത്രയും
കരുണ പിഴുതുപോകില്ല,
അങ്ങയുടെ
മഹദ് വചനങ്ങളുള്ള കാലമത്രയും.
പൂരകമോ
പര്യായങ്ങളോ ഇല്ലാതെ,
വേദഗ്രന്ഥം ചൊന്നതത്രേ ശരി,
'ലോകാനുഗ്രഹി.'
Comments