Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ബാബരി വിധി പ്രമുഖരുടെ പ്രതികരണങ്ങള്‍

അശോക് കുമാര്‍ ഗാംഗുലി (സുപ്രീംകോടതി മുന്‍ ജഡ്ജ്)

'92-ലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വിധിയില്‍ 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് എന്നാണ് സുപ്രീംകോടതി ഉപയോഗിച്ച വാക്ക്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ അവിടെ മസ്ജിദ് മാത്രമാണുണ്ടായിരുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാണ് കോടതിയുടെ വിധി പ്രസ്താവത്തിലുള്ളത്. അവിടെ നമസ്‌കാരം നടക്കാറുണ്ടായിരുന്ന ഒരു പള്ളി ഉണ്ടായിരുന്നുവെന്നും അത് തകര്‍ത്തത് നിയമവിരുദ്ധമായാണ് എന്നും ഇതേ വിധിന്യായം ചൂണ്ടിക്കാട്ടുന്നു. എങ്കില്‍ പിന്നെ അഞ്ച് നൂറ്റാണ്ട് പിന്നിലുള്ള ഉടമസ്ഥാവകാശം ഹിന്ദുക്കളുടേതായിരുന്നുവെന്ന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ല. അക്കാര്യം കണ്ടെത്താന്‍ കോടതിക്ക് സവിശേഷമായ ദൃഷ്ടി വൈഭവം ഉണ്ടായിരിക്കാം. ഭരണഘടനാപരമായ ധാര്‍മികതക്ക് എന്ത് പറ്റിയെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ വിധിന്യായം തന്നെ അസ്വസ്ഥനാക്കുന്നു.

 

കാളീശ്വരം രാജ് (സുപ്രീം കോടതി അഭിഭാഷകന്‍)

അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അനുനയ സമീപനം രാജ്യത്തെ വലതു ഭൂരിപക്ഷാധിപത്യമുള്ള ഒന്നാക്കി മാറ്റി. അതു ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളോട് നീതി പുലര്‍ത്തുന്നതല്ല. ഭരണഘടനാ തത്ത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതേതരത്വത്തിനുമേറ്റ വന്‍ തിരിച്ചടിയാണ് വിധി. പരമോന്നത കോടതിയുടെ വാക്കാണ് ഏറ്റവും അവസാനം. എല്ലാവരും അത് നിര്‍ബന്ധമായും അംഗീകരിക്കണം. ആരും സമാധാനം തകര്‍ക്കാനായി ഒന്നും ചെയ്യരുത്. പക്ഷേ, ഇത്തരമൊരു പ്രധാനപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട വിധി ഏറെനാള്‍ ചര്‍ച്ച ചെയ്യപ്പെടണം.
അനധികൃതവും നിയമവിരുദ്ധവുമായ പ്രവൃത്തികളെന്നു കണ്ടെത്തിയ കാര്യങ്ങളെ മഹത്വവത്കരിക്കാനും ഇതേ കോടതി ശ്രമിച്ചിട്ടുണ്ടെന്നതാണ് അയോധ്യാ വിധിയിലെ വിരോധാഭാസം. നിയമസങ്കല്‍പ്പത്തിനാണ് ഇതുവഴി ഏറ്റവും കേടുപാട് പറ്റിയിരിക്കുന്നത്. അയോധ്യാ വിധി ഭരണഘടനാപരമായ ആശയത്തിനു നേര്‍വിപരീതമാണ്. ഇരകള്‍ക്കൊപ്പം നില്‍ക്കാതെ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നത് നിയമലംഘനമല്ലേയെന്ന് ജനങ്ങള്‍ ചോദിക്കും. ബാബരി മസ്ജിദ് തകര്‍ത്തത് നിയമലംഘനമാണെന്ന് പറയുന്ന കോടതി, അതേ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മിക്കലാണ് പരിഹാരമായി പറയുന്നത്. ഈ പരസ്പരവിരുദ്ധത ഭാവിയിലും ചര്‍ച്ച ചെയ്യപ്പെടും.


 

ജസ്റ്റിസ് പി.ബി സാവന്ത്

ബാബരി വിധി രാഷ്ട്രീയമായി ശരിയെങ്കിലും നിയമപരമായി തെറ്റാണ്. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായുള്ള തര്‍ക്കത്തിന് അറുതിവരുത്താം എന്നതാണ് വിധിയിലെ രാഷ്ട്രീയം. അത് വര്‍ഗീയവാദികളുടെ കൈയില്‍നിന്ന് അവരിതുവരെ ഉപയോഗിച്ച ആയുധം തട്ടിമാറ്റുന്നു. വിധി മുസ്‌ലിംകള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. ക്ഷേത്രവും പള്ളിയും അടുത്തടുത്ത് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് ഭാവിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഐക്യത്തിന് വിധി വഴിവെക്കുന്നു.


ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അയോധ്യാ കേസിലെ വിധി യുക്തിയുടെ അസാധാരണമായ കസര്‍ത്താണ്. 1528-ല്‍ മസ്ജിദ് നിര്‍മിച്ചതിനോ, കൈവശം വെച്ചതിനോ, 1857 മുതല്‍ ആരാധിക്കുന്നതിനോ ഉള്ള തെളിവ് മുസ്‌ലിം കക്ഷികള്‍ക്ക് ഹാജരാക്കാനായില്ലെന്ന് വിധിയുടെ 786 മുതല്‍ 798 വരെയുള്ള ഖണ്ഡികകളില്‍ പറയുന്നു. ഇതില്‍ എന്ത് തെളിവാണ് ഹാജരാക്കാനാകുക? അതിന് ദൃക്‌സാക്ഷികളായവരാരും ജീവിച്ചിരിപ്പില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലമായതിനാല്‍ രേഖകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ആരാധനാലയം ക്ഷേത്രമോ, പള്ളിയോ, മസ്ജിദോ എന്തായാലും അലങ്കാരത്തിനല്ല ആരാധിക്കാനുള്ളതാണ് എന്നത് സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാകും.

 

സീതാറാം യെച്ചൂരി (സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി)

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിധിയിലെ ആശങ്കകള്‍ സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങും. ബാബരി വിധിയുടെ കാര്യത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. ബാബരി മസ്ജിദില്‍ തുടര്‍ച്ചയായി മുസ്‌ലിം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തിയില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ആരാധനാലയങ്ങള്‍ അന്നുവരെ കൈവശം വെച്ചവര്‍ തുടരണമെന്നാണ് 1991-ലെ ആരാധനാലയ സംരക്ഷണ നിയമം. എന്നാല്‍ ഇതില്‍നിന്ന് വിരുദ്ധമായ വിധിയാണിത്.

 


സയ്യിദ് സആദത്തുല്ല ഹുസൈനി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

പരമോന്നത നീതിപീഠത്തിനു മുന്നിലെ നിയമയുദ്ധത്തില്‍ ബാബരി മസ്ജിദിനുവേണ്ടി വേണ്ടത്ര സാക്ഷ്യങ്ങളും തെളിവുകളുമായി അഭിഭാഷകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍, കോടതിയുടെ തീര്‍പ്പ് മസ്ജിദിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ദുഃഖകരമെന്നു പറയെട്ട, സംഭവിച്ചത് മറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട നിയമവ്യവഹാരം തുടങ്ങുന്ന ആദ്യനാളില്‍തന്നെ സുപ്രീംകോടതിയുടെ വിധി എന്തായാലും അത് മാനിക്കുമെന്നും അംഗീകരിക്കുമെന്നും മുസ്ലിംകള്‍ വ്യക്തമാക്കിയിരുന്നു. 
അതോടൊപ്പം രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്നത് പരമപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കിയതാണ്. നിയമം വാഴാത്ത നാട്ടില്‍ സമാധാനപൂര്‍വം നിലനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കുഴപ്പവും ശൈഥില്യവും ഇസ്ലാമിന് ഇഷ്ടമല്ല. അതുകൊണ്ട് സമാധാനപൂര്‍വം നിയമത്തിന്റെ പരിധിയില്‍നിന്ന് തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് കോടതിയുടെ വിധി അംഗീകരിക്കുമെന്നുമായിരുന്നു മുസ്ലിം നിലപാട്. ഇപ്പോഴും ഞങ്ങള്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കുന്നു.
എന്നാല്‍, കോടതിവിധി അംഗീകരിക്കുമെന്ന് പറഞ്ഞതിനര്‍ഥം മുസ്ലിംകള്‍ അതിനോട് നൂറുശതമാനം യോജിക്കുന്നു എന്നല്ല. അതിലെ തെറ്റായ കാര്യങ്ങളോട് വിയോജിക്കും. അത് പ്രകടിപ്പിക്കും. സുപ്രീംകോടതി വിധി ലംഘിക്കാന്‍ പാടില്ലാത്തതാണ്. അതിന് മുസ്ലിംകള്‍ ഒരുമ്പെടുകയില്ല. എന്നാല്‍, വിധിന്യായത്തിലെ പോരായ്മകളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. സുപ്രീംകോടതി സുപ്രീം (പരമോന്നതം) ആണെങ്കിലും തീര്‍ത്തും അന്യൂനമോ കുറ്റമറ്റതോ ആണെന്നു പറയാനാവില്ലെന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയുടെ അഭിപ്രായം പ്രസക്തമാണ്.
ഈ വിധിന്യായത്തില്‍ വളരെയേറെ പിഴവുകളും ദൗര്‍ബല്യങ്ങളുമുണ്ട്. അതില്‍ മുസ്ലിംകളുടെ പല വാദമുഖങ്ങളും ചരിത്രവസ്തുതകളും കോടതി പിന്തുണച്ചു. ഉദാഹരണത്തിന്, വിധിന്യായത്തില്‍ പറയുന്ന മര്‍മപ്രധാനമായ വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബാബരി മസ്ജിദ്, ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത് എന്നതിന് തെളിവില്ലെന്നതാണ്. 1949-ല്‍ മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത് തീര്‍ത്തും തെറ്റും ആരാധനാലയത്തെ അശുദ്ധമാക്കുന്നതുമായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. 1992-ല്‍ മസ്ജിദ് തകര്‍ത്തതും ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റിലീജിയസ് പ്ലേസസ് ഓഫ് വേര്‍ഷിപ് ആക്ട് 1991-ല്‍ പാര്‍ലമെന്റ് അംഗീകരിച്ചതാണ്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും 1947-ലെ തല്‍സ്ഥിതി വകവെച്ചുനല്‍കുകയാണ് ചെയ്തത്. അന്ന് പള്ളിയും ക്ഷേത്രവും ചര്‍ച്ചും മറ്റുമായ ആരാധനാലയങ്ങളായി നിലകൊണ്ടത് അതേപടി നിലനില്‍ക്കുമെന്നും അതിനു മാറ്റമൊന്നും വരുത്താനാവില്ലെന്നുമായിരുന്നു പ്രസ്തുത നിയമം. കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ ബാബരി മസ്ജിദിനെ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സുപ്രീംകോടതി പല ഘട്ടങ്ങളിലും ഉയര്‍ത്തിപ്പിടിക്കുകയും അതിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു. അതിനാല്‍ കാശി പോലുള്ള ഇടങ്ങളിലെ ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തതാണ്. ഇക്കാര്യവും രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ മുസ്ലിംകള്‍ വെക്കുകയാണ്.
ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം സമുദായനേതൃത്വം ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. മുസ്ലിം നേതൃത്വം ബാധ്യത നിറവേറ്റിയില്ലെന്ന് പലരും സാമൂഹികമാധ്യമങ്ങളിലും മറ്റും പരാതി ഉന്നയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തുടക്കത്തിലേ ഇതരവിഭാഗവുമായി ചര്‍ച്ചചെയ്ത് സന്ധിയിലെത്താമായിരുന്നു, ഒടുവിലും അതുതന്നെയല്ലേ സംഭവിച്ചത്, ഇതിന് ഇത്രയും ദീര്‍ഘമായൊരു കാലം നീട്ടിക്കൊണ്ടുപോയത് എന്തിന് എന്നൊക്കെ പറഞ്ഞ് വാട്സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെയായി പലരും ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ വേണ്ടിയാണ് മുസ്ലിംകള്‍ പൊരുതിയത്. അവര്‍ക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടിയായിരുന്നു ആ നിയമയുദ്ധം. ഇതിന് ഇന്ത്യക്കാര്‍ മുസ്ലിം സമുദായത്തോട് കടപ്പെട്ടിരിക്കുന്നു. ചെയ്തത് തെറ്റോ ശരിയോ ആവെട്ട, സുപ്രീംകോടതി നിയമാനുസൃതമായാണ് ചെയ്തത്. അതോടെ രാജ്യത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് രാജ്യത്തെ നീതിന്യായവ്യവസ്ഥക്ക് മുസ്ലിംകള്‍ നല്‍കിയ മഹത്തായ സംഭാവനയാണ്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദൈവത്തിന്റെ സൃഷ്ടികളും സഹജാതരുമായി കണ്ട് സാഹോദര്യത്തിലും മാനവികതയിലും അധിഷ്ഠിതമായ ബന്ധം വളര്‍ത്തിയെടുക്കാനുള്ള ശ്രമം മുസ്ലിംകള്‍ തുടരും.


സഫര്‍യാബ് ജീലാനി , മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

ബാബരി കേസില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയില്‍ തൃപ്തരല്ല. നീതി ലഭിച്ചുവെന്ന് കരുതുന്നില്ല. ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേര്‍ന്ന് റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. സമാധാനം പുലര്‍ത്താന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നു.
കോടതിയുടെ കണ്ടെത്തല്‍ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തില്‍ പിഴവുകള്‍ സംഭവിക്കാം. റിവ്യൂ നല്‍കുക എന്നത് അവകാശമാണ്. എല്ലാ വശങ്ങളും പരിഗണിച്ചല്ല സുപ്രീംകോടതി വിധിപ്രസ്താവം നടത്തിയത്. വിവാദ ഭൂമിയില്‍ ഹിന്ദു ആരാധനകള്‍ നടത്തി എന്നു കണ്ടെത്താന്‍ കോടതി ആശ്രയിച്ച രേഖകളില്‍ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. പള്ളിയുടെ പുറംമുറ്റത്തില്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ നമസ്‌കാരം നടന്നതടക്കമുള്ള അകം മുറ്റവും മറുപക്ഷത്തിന് നല്‍കിയതിനെ നീതി എന്നു വിളിക്കാന്‍ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളില്‍ തന്നെ തെളിവുണ്ട്. ഇക്കാര്യം റിവ്യൂ ഹരജിയില്‍ ചൂണ്ടിക്കാട്ടും.
കോടതി നിരീക്ഷണങ്ങളില്‍ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്ന കാര്യം കോടതി പരിഗണിക്കണമായിരുന്നു.
ബാബരി മസ്ജിദിന് പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതി വിധി അംഗീകരിക്കും. റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

 

അസദുദ്ദീന്‍ ഉവൈസി എം.പി

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധി വസ്തുതകള്‍ക്ക് മേലുള്ള വിശ്വാസത്തിന്റെ വിജയമാണ്. സുപ്രീംകോടതി പരമാധികാരമുള്ളതാണെങ്കിലും തെറ്റ് പറ്റാത്ത ഒന്നല്ല. വിധിയില്‍ താന്‍ സംതൃപ്തനല്ല.

 

പിണറായി വിജയന്‍ (മുഖ്യമന്ത്രി)

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങള്‍ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും രക്ഷിച്ചുകൊണ്ടുള്ളതാവണം. വിധി തങ്ങള്‍ കാലാകാലമായി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്.
രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താല്‍പര്യത്തോടെയും വിധിയോട് പ്രതികരിക്കണം. ഈ തര്‍ക്കത്തിന്റെ പേരില്‍ ജനങ്ങളുടെ സമാധാനം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. കേരളം ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ആ ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്‌നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീര്‍പ്പു കല്‍പിച്ചത്. അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബരി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു.

 

ടി.ടി ശ്രീകുമാര്‍ (രാഷ്ട്രീയ നിരീക്ഷകന്‍)

ബാബരി മസ്ജിദ് വിധിയുടെ പ്രായോഗിക ഉള്ളടക്കം സവര്‍ക്കറുടെ സാംസ്‌കാരിക യുക്തിയില്‍നിന്ന് ഏറെ ദൂരെയല്ല എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അതിലെ ഏറ്റവും ഹൃദയശൂന്യമായ ഭാഗമായി എനിക്ക് തോന്നിയത് പള്ളിയുടെ സ്ഥലം ഏറ്റെടുക്കുകയും പള്ളി പൊളിക്കുകയും ചെയ്യണം എന്നതായിരുന്നില്ല. പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം എന്നതായിരുന്നു. പള്ളി പണിയാന്‍ അഞ്ചേക്കറോ അതില്‍ കൂടുതലോ സ്ഥലം വാങ്ങാന്‍ പൊളിച്ചുമാറ്റപ്പെടുന്ന പള്ളിയുടെ യഥാര്‍ഥ അവകാശികള്‍ക്ക് കഴിയുമെന്നിരിക്കെ ഈ നിര്‍ദേശം എന്താണ് അര്‍ഥമാക്കുന്നത്? അവകാശത്തെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഇന്ത്യയിലെ ഏത് അവകാശവും ഒരു ഔദാര്യമായി മുസ്‌ലിം സമുദായം മനസ്സിലാക്കണം എന്ന സന്ദേശം കൂടിയാണ് അനുഭവപ്പെട്ടത്.

വജാഹത് ഹബീബുല്ല (ന്യൂനപക്ഷ കമീഷന്‍ മുന്‍ മേധാവി)

ബാബരി കേസിലെ വിധി അങ്ങേയറ്റം ദുര്‍ബലമാണ്. അത് ഭാവിയില്‍ നിയമപരമായ കുഴപ്പങ്ങളിലേക്ക് നയിച്ചേക്കാം. വിധി ക്രിയാത്മകമെന്ന് വിശേഷിപ്പിക്കാനാവില്ല. എന്നാല്‍ നിഷേധാത്മകമെന്നും പറയാനാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌