Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ആ അഭിമുഖം നിധിപോലെ സൂക്ഷിക്കുന്നു

ആര്‍. പവിത്രന്‍

പ്രബോധനം വാരികയില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാണിദാസ് എളയാവൂരുമായുള്ള അഭിമുഖം (നവംബര്‍ 8,15) അതീവ താല്‍പര്യത്തോടും ആഹ്ലാദത്തോടും കൂടിയാണ് വായിച്ചത്. ശ്രീ. വാണിദാസിനെ ഞാന്‍ ആദ്യമായി ശ്രദ്ധിച്ചത് ഡയലോഗ് സെന്റര്‍ കേരള പ്രസാധനം ചെയ്ത 'ഖുര്‍ആന്‍ ലളിതസാരം' എന്ന ഉത്കൃഷ്ട പരിഭാഷാ ഗ്രന്ഥത്തിന്റെ പുറം ചട്ടയില്‍ പണ്ഡിതനും ജ്യേഷ്ഠതുല്യനുമായ  ശൈഖ് മുഹമ്മദ് കാരകുന്നിനോടൊപ്പം വാണിദാസ് എളയാവൂര് എന്ന പേരു കൂടി ചേര്‍ത്തിരിക്കുന്നത് കണ്ടപ്പോഴാണ്. അക്ഷരാര്‍ഥത്തില്‍ എന്നെ വിസ്മയിപ്പിച്ച ഒന്നായിരുന്നു അത്. ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം, പ്രവാചക കഥകള്‍, വേദഗ്രന്ഥം വഴിനയിക്കുമ്പോള്‍ തുടങ്ങിയ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ വാണിദാസ് രചിച്ചിട്ടുണ്ട് എന്ന കാര്യം അന്നെനിക്ക് അറിയില്ലായിരുന്നു. ഒരു ഹിന്ദു നാമധാരിയെ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പങ്കാളിയാക്കാന്‍ കാരകുന്നിനെപ്പോലെ ഒരാള്‍ തയാറാകണമെങ്കില്‍ അദ്ദേഹം മഹാ പണ്ഡിതനായിരിക്കണം. വാണിദാസിനെ കണ്ടെത്തി, അദ്ദേഹത്തെക്കുറിച്ച ഒരു ലേഖനം തയാറാക്കാന്‍ ഞങ്ങളുടെ മലബാര്‍ ലേഖകന്‍ പ്രദീപ് ഉഷസ്സിനെ ഉടനടി ഏര്‍പ്പാടാക്കി. പ്രദീപ് താമസിയാതെ അക്കാര്യം ഭംഗിയായി നിര്‍വഹിച്ചു. പിന്നീട് വാണിദാസിന്റെ ബൗദ്ധിക ലോകത്തെക്കുറിച്ച് അറിയാനോ അന്വേഷിക്കാനോ തിരുവിതാംകൂര്‍കാരനായ എനിക്ക് സമയമോ സന്ദര്‍ഭമോ ലഭിച്ചില്ല. പ്രബോധനത്തിലെ സുദീര്‍ഘമായ അഭിമുഖം വായിച്ചതോടെ ആ കുറവ് പരിഹരിക്കപ്പെട്ടു. രണ്ടുതവണ കമ്പോട് കമ്പ് മനസ്സിരുത്തി വായിച്ച ആ അഭിമുഖ ലക്കങ്ങള്‍ ഒരു നിധിപോലെ ഞാനെന്റെ ശേഖരത്തില്‍ സൂക്ഷിക്കുന്നു.
'മനുഷ്യജീവിതത്തിന്റെ ഗന്ധമുള്ള ദര്‍ശനമായാണ് ഇസ്‌ലാമിനെ ഞാന്‍ കാണുന്നത്. ജീവിതവുമായുള്ള ബന്ധവും ജീവിതത്തിന്റെ ഗന്ധവുമുള്ള ദര്‍ശനം', 'ഇസ്‌ലാം മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്, വംശത്തെയല്ല, വര്‍ഗത്തെയല്ല, ദേശീയതയെയല്ല' - വാണിദാസിന്റെ ഈ വിലയിരുത്തല്‍ എത്ര ആഴവും പരപ്പുമുള്ളതാണ്. ഇസ്‌ലാമിക ദര്‍ശനത്തില്‍ മുങ്ങിത്താഴ്ന്ന ഒരാള്‍ക്കേ ഇത്തരം വിലയിരുത്തലുകള്‍ നടത്താനാവൂ.
ഇത്തരം ഒരുപാടൊരുപാട് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും വിസ്താരഭയത്താല്‍ അതിനൊരുമ്പെടുന്നില്ല. പക്ഷേ കെ.എ സിദ്ദീഖ് ഹസനെക്കുറിച്ച് അദ്ദേഹം പറഞ്ഞ ഒരഭിപ്രായം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ''ജമാഅത്തെ ഇസ്‌ലാമിയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച വ്യക്തിത്വമാണ് സിദ്ദീഖ് ഹസന്‍ സാഹിബ്. എന്റെ ഗുരുസ്ഥാനീയനാണ് അദ്ദേഹം. വലിയ ഹൃദയത്തിന്റെ ഉടമ. ഇസ്‌ലാമിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭീകരതയിലേക്ക് ചേര്‍ത്ത് ചിലര്‍ ആരോപിക്കുമ്പോള്‍ ഇങ്ങനെ ചില പേരുകള്‍ എന്റെ മുന്നില്‍ വന്നുനില്‍ക്കും. ഇവരൊക്കെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ ജീവനുള്ള കാലത്തോളം ഞാന്‍ അനുവദിക്കില്ല. സുപ്രീം കോടതിയല്ല, അതിനപ്പുറത്തും ഇവര്‍ക്കു വേണ്ടി വാദിക്കുമെന്ന് ഞാന്‍ പറയാറുണ്ട്.''
വാണിദാസ് എളയാവൂരിനെപ്പോലുള്ളവര്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു എന്നതു എത്ര ശ്രേഷ്ഠകരമാണ്. അവര്‍ പരത്തുന്ന പ്രകാശം നമ്മുടെ സാമൂഹിക ജീവിതത്തെ ചേതോഹരമാക്കുന്നു, ചൈതന്യവത്താക്കുന്നു. 

(-അസോസിയേറ്റ് എഡിറ്റര്‍, കേരള ശബ്ദം)

 

 

നാലു പതിറ്റാണ്ടിന്റെ ആത്മബന്ധം

നാല്‍പത് വര്‍ഷം മുമ്പാണ്  വാണിദാസ് എളയാവൂരുമായി ആദ്യമായി അടുത്ത് ബന്ധപ്പെടുന്നത്. 1979-ല്‍ അദ്ദേഹം പ്രധാനാധ്യാപകനായിരുന്ന കണ്ണൂര്‍ ജില്ലയിലെ കൂടാളി ഹൈസ്‌കൂള്‍ സാഹിത്യ സമാജം ഉദ്ഘാടനം ചെയ്യാന്‍ എന്നെ ക്ഷണിച്ചു. ഏഴാം ക്ലാസ് വരെ മാത്രം മലയാളം പഠിച്ച അറബി അധ്യാപകനെ മലയാള ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടിയ പ്രശസ്ത എഴുത്തുകാരനായ മലയാള ഭാഷാധ്യാപകന്‍ അത്തരമൊരു പരിപാടിക്ക് ക്ഷണിച്ചത് വല്ലാത്ത വിസ്മയമുണര്‍ത്തി. ഉദ്ഘാടന പ്രഭാഷണത്തിനു ശേഷം വാണിദാസ് മാഷ് സദസ്സിനെ അഭിമുഖീകരിച്ച് പറഞ്ഞ വാക്കുകള്‍ വലിയ ആത്മവിശ്വാസം നല്‍കി. ആ ധൈര്യമാണ് മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ള പ്രഫസറുടെ പരിഹാസങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സഹായകമായത്. എടവണ്ണ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ സഹപ്രവര്‍ത്തകയുടെ മമ്പാട് എം.ഇ.എസ് കോളേജ് മലയാളം അധ്യാപകനായ ഭര്‍ത്താവ് സ്റ്റാഫ് റൂമില്‍ കയറിവന്നു. മേശപ്പുറത്തുണ്ടായിരുന്ന 'തെറ്റുധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി' എന്ന പുസ്തകം കൈയിലെടുത്ത് കടുത്ത പരിഹാസ സ്വരത്തില്‍ പറഞ്ഞു: 'മലയാളം അറിയാത്ത അറബി വാധ്യാന്മാര്‍  മലയാളത്തില്‍ പുസ്തകമെഴുതിയതിയാല്‍ തലക്കെട്ടില്‍ പോലും ഇതിലും വലിയ തെറ്റുകള്‍ വരുത്തും.'
തലക്കെട്ടില്‍ തെറ്റില്ലല്ലോയെന്ന് വിനയപൂര്‍വം ഉണര്‍ത്തി. എന്നാല്‍  അദ്ദേഹം അതംഗീകരിച്ചില്ല. തെറ്റാണെന്ന് ശഠിച്ചു കൊണ്ടിരുന്നു. അവസാനം നിഘണ്ടു എടുത്ത് കാണിച്ചു കൊടുക്കേണ്ടി വന്നു. അപ്പോള്‍ മാത്രമാണ് അദ്ദേഹം തന്റെ പരിഹാസം നിര്‍ത്തിയത്.
  വാണിദാസ് എളയാവൂരുമായി ചെറുപ്രായത്തില്‍ ആരംഭിച്ച ആത്മബന്ധം പിന്നീട് ശക്തിപ്പെട്ടുകൊണ്ടേയിരുന്നു. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച 'പ്രവാചക കഥകള്‍' പരിശോധിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ കോഴിക്കോട് നഗരത്തിലെ ഒഴിഞ്ഞ ഒരിടത്ത് ഏതാനും നാള്‍ ഒരുമിച്ചിരുന്ന് അത് പൂര്‍ത്തീകരിച്ചു. അതിന് അവതാരിക എഴുതാന്‍ നിര്‍ബന്ധിച്ചത് വലിയൊരംഗീകാരമായി ഇന്നും കരുതുന്നു. പിന്നീട് വാണിദാസ് മാഷിന്റെ ഒന്നിലേറെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതാന്‍ ഭാഗ്യം ലഭിച്ചു.
ബ്രാക്കറ്റ് ഇല്ലാതെ തെളി മലയാളത്തിലൊരു ഖുര്‍ആന്‍ പരിഭാഷയെന്നത്  ദീര്‍ഘകാലത്തെ സ്വപ്‌നമായിരുന്നു. എന്‍. വി കൃഷ്ണവാര്യരെ സഹായിയായി കിട്ടണമെന്ന് കൊതിച്ചു. പക്ഷേ നടന്നില്ല. പിന്നീട് കെ.ജി ശങ്കരപ്പിള്ളയുമായി ബന്ധപ്പെട്ടു. അദ്ദേഹം സമ്മതിക്കുകയും പരിഭാഷപ്പെടുത്തി കൊടുത്ത ആദ്യ അധ്യായം ഒരുമിച്ചിരുന്ന് പരിശോധിക്കുകയും ചെയ്തു. എങ്കിലും സമയക്കുറവ് കാരണം അദ്ദേഹത്തിന് അത് തുടരാന്‍ സാധിച്ചില്ല. അങ്ങനെയാണ്  നിര്‍ബന്ധിച്ചാല്‍ ആവശ്യപ്പെടുന്നതൊന്നും നിരസിക്കില്ലെന്ന ഉത്തമ ബോധ്യമുണ്ടായിരുന്ന വാണിദാസ് എളയാവൂരിനെ സമീപിച്ചത്. ഖുര്‍ആന്‍ അധ്യായങ്ങള്‍ പരിഭാഷപ്പെടുത്തി അയച്ചു കൊടുത്താല്‍ ഒട്ടും വൈകാതെ തിരിച്ചയച്ചു തരുമായിരുന്നു. അതില്‍ ഇടക്കിടെ കടന്നു കൂടിയിരുന്ന കഠിന പദങ്ങള്‍ മാറ്റിയെഴുതിയത് അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയായിരുന്നു. ഇതിനകം ആയിരക്കണക്കിന് അമുസ്‌ലിം സഹോദരങ്ങളുള്‍പ്പെടെ പതിനായിരങ്ങളുടെ കൈകളില്‍ അതെത്തിച്ചേര്‍ന്നുവെന്നത് അനല്‍പമായ നിര്‍വൃതി നല്‍കുന്നു. പ്രപഞ്ച നാഥനില്‍നിന്ന് അതിരുകളില്ലാത്ത പ്രതിഫലം ഏറ്റുവാങ്ങാന്‍ സൗഭാഗ്യമുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന. 

ശൈഖ് മുഹമ്മദ് കാരകുന്ന്

 


വേട്ടക്കാര്‍ക്ക് വേണ്ടിയുള്ള വിധി

ഏവരും ആകാംക്ഷയോടെ അതിലേറെ ഭീതിയോടെ  കാത്തിരുന്ന ബാബരി മസ്ജിദ് വിധി നിരാശ മാത്രമാണ് സമ്മാനിച്ചത്. പല മാധ്യമങ്ങളും ചരിത്ര വിധി എന്ന് അച്ചുനിരത്തിയ ഈ വിധി പ്രസ്താവം യാഥാര്‍ഥത്തില്‍ നീതിന്യായ വ്യവസ്ഥയുടെ  ചരിത്രത്തില്‍ കറുത്ത പൊട്ടായി മാത്രമാണ് അവശേഷിക്കുക. ഒരിക്കലും നീതിപൂര്‍വമല്ലാത്ത സമാധാനത്തിനു വേണ്ടിയുള്ള ഒത്തുതീര്‍പ്പ് ശ്രമമെന്ന് മാത്രം പറയാന്‍ പറ്റുന്ന ഒരു വിധി ഇരകളായ മുസ്‌ലിം ന്യൂനപക്ഷത്തിന് കടുത്ത നിരാശ മാത്രമാണ് സമ്മാനിച്ചത്. നീതി പ്രതീക്ഷിച്ച ഇരകളെ പരിഗണിക്കാതെ വേട്ടക്കാര്‍ക്ക് അനുകൂലമായാണ് വിധിച്ചത് എന്ന് സംശയലേശമന്യേ പറയാം. സുപ്രീം കോടതി വിധിയില്‍ നിറഞ്ഞ വൈരുധ്യങ്ങള്‍ തന്നെ ഇതിനുദാഹരണം. ബാബരി മസ്ജിദ് തകര്‍ത്തതും അവിടെ വിഗ്രഹം കൊണ്ട് വെച്ചതും തികഞ്ഞ നിയമലംഘനമായി നിരീക്ഷിച്ച കോടതി തന്നെയാണ് തര്‍ക്ക സ്ഥലം നിയമലംഘനം നടത്തിയവര്‍ക്ക് തന്നെ വിട്ടു കൊടുത്തത്. അവര്‍ നടത്തിയത് നിയമലംഘനമാണെങ്കില്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ  ആ ലംഘനത്തെ സാധൂകരിക്കുന്ന വിധിയാണ് പരമോന്നത നീതിപീഠത്തില്‍നിന്നും വന്നിരിക്കുന്നത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന നിലക്ക് അയോധ്യയില്‍ തന്നെ വേറെ അഞ്ചേക്കര്‍ കൊടുക്കണം എന്ന ഉത്തരവ് കേള്‍ക്കുമ്പോള്‍ തോന്നുക പള്ളിയെടുക്കാന്‍ സ്ഥലമില്ലാഞ്ഞിട്ട് അതിനുവേണ്ടിയാണ് മുസ്‌ലിംകള്‍ നിയമയുദ്ധം നടത്തിയത് എന്നാണ്. ഏറ്റവും ചുരുങ്ങിയത് തര്‍ക്ക സ്ഥലം രണ്ടുപേര്‍ക്കും നല്‍കാതെ അവിടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഗ്രന്ഥശാലയോ വിദ്യാഭ്യാസസ്ഥാപനമോ ആശുപത്രിയോ മറ്റോ പണിയാമായിരുന്നു. അയോധ്യയില്‍ തന്നെ രണ്ട് വിഭാഗത്തിനും ആരാധനാലയത്തിന് വേണ്ടി വെവ്വേറെ സ്ഥലം നല്‍കുകയും ചെയ്യാമായിരുന്നു. എന്നാലും സമ്പൂര്‍ണ നീതി പൊളിച്ച സ്ഥലത്ത് പള്ളി പണിയലാണ്. നീതി ലഭിക്കാത്ത സ്ഥിതിക്ക് നിയമ വ്യവസ്ഥക്കകത്ത് നിന്ന് കൊണ്ട് തന്നെ ജനാധിപത്യപരമായി പരിഹാര നടപടികള്‍ക്ക് മുന്നിട്ടിറങ്ങുക എന്നതാണ് ഇനി ചെയ്യാനുള്ളത്. ആത്യന്തികമായി രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും നിലനില്‍ക്കാനുള്ള നടപടികള്‍ മാത്രമേ ഇരുഭാഗത്തു നിന്നും ഉണ്ടാകാവൂ എന്നതോടൊപ്പം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ നീതി എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. 

നജീബ് കണ്ണൂര്‍

 

 

ആ നദി തീര്‍ത്ത സംസ്‌കാരമാണ് മദീന


തമ്മിലിടഞ്ഞും അഹങ്കരിച്ചും കരള്‍
കൊത്തിപ്പറിച്ചും നടന്നൊരാ
ഗോത്രകുറുമ്പരെ
കാട്ടു ക്രൗര്യങ്ങളെ
സാന്ത്വന സംഗീതമായി ആയി മാറ്റിയ സംഘാടകാ...


നദികള്‍ വന്‍ നാഗരികത സൃഷ്ടിക്കുന്നു. നാഗരികത ഒരു സംസ്‌കാരമായി മാറുന്നു. മരുഭൂമിയില്‍ ഉണ്ടായ ഒരു നദിയാണ് പ്രവാചകന്‍ (സ), അത് മനസ്സിന് കുളിര്‍മയാണ്, കാതിന് കിളിനാദമാണ്, ദാഹിക്കുന്നവന് ദാഹശമനിയുമാണ്. മര്‍ത്ത്യന് മാത്രമല്ല ജീവജാലങ്ങളുടെ എല്ലാം ദാഹമകറ്റിയ നദി. ഒരിക്കല്‍ വിശപ്പിനാല്‍ പരവശനായ ഒട്ടകത്തെ കെട്ടിയിട്ടു കണ്ട സന്ദര്‍ഭം. നബി(സ) അതിന്റെ ഉടമയെ അന്വേഷിച്ചു കൊണ്ട് ശകാരിക്കുന്നുണ്ട്. യുദ്ധത്തിലാണെങ്കിലും മരം മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും വധിക്കരുത്. ഇന്നും ലോകജനത ആ നദിയെ സംസ്‌കാരത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നു. ശത്രുഗോത്രത്തിന്റെ തോട്ടത്തില്‍ നിന്ന് മൃഗം ഒരു ഇല കടിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളോളം യുദ്ധം ചെയ്ത കാട്ടു ക്രൗര്യങ്ങളെ തെളിനീരിനാല്‍ സ്വാന്തന സംഗീതമാക്കി മാറ്റിയ നദീജലം ആണ് ആ സംഘാടകന്‍. അല്ലാഹു പറയുന്നു: 'നാം നിന്റെ സ്മരണ ഉയര്‍ത്തി' (94:4). ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ നിന്നും അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്ന വചനം പ്രതിധ്വനിക്കുന്നു, ഇന്നും ആ നദി ലോകത്തിന്റെ നാനാദിക്കുകളിലേക്ക് പ്രവഹിക്കുന്നു. അല്ലെങ്കില്‍ നാനാഭാഗത്തുമുള്ള നദികള്‍ ആ ഒരു നദിയിലേക്ക് പ്രവഹിക്കുന്നു. മുസ്‌ലിംകള്‍ അമേരിക്ക കീഴടക്കി! അത്ഭുതപ്പെട്ടു അല്ലേ. എന്നാല്‍ ആറാം നൂറ്റാണ്ടിലെ അമേരിക്കയായിരുന്ന പേര്‍ഷ്യയും റോമും വളരെ കുറഞ്ഞ സൈന്യം കൊണ്ട്, ലക്ഷത്തില്‍പരം ശത്രുക്കളെ പരാജയപ്പെടുത്തിയ രാഷ്ട്രീയ നേതാവാണ് അത്. അതേ, അമേരിക്ക ഇസ്‌ലാമിന് അധീനപ്പെടുന്ന കാലം വിദൂരമല്ല. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: 'നബിയേ പറയുക, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനാണ്' (18:110).
കവി വാക്യം ഓര്‍ക്കുന്നു;
പുരുഷാകൃതി പൂണ്ട ദൈവമോ?
നര ദിവ്യാകൃതി പൂണ്ട ധര്‍മമോ?
പരമേശ പവിത്ര പുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?
മരുഭൂമിയെ മലര്‍വാടി ആക്കിയ ആ നദിയിലെ നീലിമ കണ്ട ശ്രീ നാരായണ ഗുരു ഇങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല...  

ഇസ്മാഈല്‍ കാരകുന്ന്‌
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌