Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ഇസ്‌ലാമിക സമൂഹം നിയമത്തിന്റെ ഉറവിടമാണ്

റാശിദുല്‍ ഗന്നൂശി

ഇസ്ലാമിലെ കൂടിയാലോചനാ സംവിധാനത്തിന്/ ശൂറക്ക് നിയമാവിഷ്‌കാരത്തില്‍ വളരെ വിപുലമായ മാനങ്ങളുണ്ട്. ഇസ്ലാമികമായി ഏതൊരു നിയമാവിഷ്‌കാരവും ദൈവേഛയെ പ്രതിഫലിപ്പിക്കുന്ന ഖുര്‍ആന്‍, സുന്നത്ത് എന്നീ പ്രമാണപാഠങ്ങളെ ആസ്പദിച്ചാവുമെങ്കിലും, മുസ്‌ലിം സമൂഹത്തിന് അക്കാര്യത്തിലുള്ള സക്രിയമായ പങ്കാളിത്തത്തെ അത് തടയുന്നില്ല. ഇസ്ലാമിക നിയമവ്യവസ്ഥ ലോകാവസാനം വരേക്കുമുള്ള നിയമവ്യവസ്ഥയാണ് എന്നു പറയുമ്പോള്‍, മനുഷ്യബന്ധങ്ങളെ നിര്‍ണയിക്കുന്ന അടിസ്ഥാന തത്ത്വങ്ങളില്‍ പരിമിതമായിരിക്കും പ്രമാണം (നസ്സ്വ്) എന്ന് ധ്വനിപ്പിക്കുന്നുണ്ട്. വന്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍, കുടുംബവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ തുടങ്ങിയ ഏതാനും വശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റു വിശദാംശങ്ങള്‍ക്കൊക്കെ ഇസ്ലാമിക സമൂഹമാണ് രൂപകല്‍പന നടത്തുക. അത്തരം വ്യാഖ്യാനങ്ങളും വിശദാംശങ്ങളും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുമായിരിക്കും. പരിഗണനയര്‍ഹിക്കുന്ന യത്‌നം തന്നെയാണിത്. അതുകൊണ്ടാണ് നിയമാവിഷ്‌കാരത്തിന്റെ സ്രോതസ്സുകളിലൊന്നായി ഇസ്ലാമിക സമൂഹത്തിന്റെ സമവായ(ഇജ്മാഅ്)ത്തെ എണ്ണുന്നതും. ദൈവിക സന്മാര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞ ഒരു സമൂഹം വെളിച്ചം കൊളുത്തിയെടുക്കുക ദൈവത്തില്‍നിന്നു തന്നെയാവും. അക്കാരണത്താല്‍തന്നെ കൂട്ടായ വഴിതെറ്റലില്‍നിന്ന് ആ സമൂഹം രക്ഷപ്പെടുകയും ചെയ്യും. മനുഷ്യന്റെ ജ്ഞാനപ്രകൃതത്തില്‍ പ്രകൃതിപരമായി തന്നെയുള്ള ന്യൂനതകളാണ് 'എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റും' എന്ന നബിവചനത്തില്‍ ഉള്ളടങ്ങിയ ആശയം. എന്നാല്‍ ദൈവമാര്‍ഗത്തില്‍ പ്രയാണം ചെയ്യുന്ന സമൂഹം വ്യക്തികള്‍ക്ക് സംഭവിക്കുന്ന ഇത്തരം തെറ്റുകളില്‍നിന്ന് സുരക്ഷിതമായിരിക്കും. ആ സമൂഹത്തെ ഒരു ദിവ്യശോഭ പൊതിഞ്ഞുനില്‍ക്കും. അപ്പോള്‍ ഇസ്ലാമിലെ ഇജ്മാഅ് മനുഷ്യന് നല്‍കുന്നത് ആദരവാണ്; അവന്റെ നേര്‍നടപ്പിനും ബുദ്ധികൂര്‍മതക്കുമുള്ള അംഗീകാരമാണ്; പൊ
തുജനാഭിപ്രായത്തെ വിലമതിക്കലാണ്.1 ശരീഅത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഈ മാനുഷിക ഘടകം അതിന്റെ തന്നെ ഒരു അംശമാണ്; പുറമെനിന്ന് വന്നുചേര്‍ന്നതല്ല. സമൂഹം ആത്മസംസ്‌കരണമാര്‍ജിച്ച് ദൈവമാര്‍ഗത്തില്‍ നിലയുറപ്പിക്കുന്ന കാലത്തോളം അത് നോക്കുന്നതും ചലിക്കുന്നതുമൊക്കെ ദൈവപ്രകാശത്താല്‍ തന്നെയായിരിക്കും.2 അതിന്റെ അഭിപ്രായങ്ങളില്‍ നുബുവ്വത്തിന്റെ തുടര്‍ച്ചയുമുണ്ടാകും.3 ആ സമൂഹം നല്ലതായി കാണുന്നതെന്തോ അതു തന്നെയായിരിക്കും നന്മ.4
അപ്പോള്‍ ദൈവിക നിറച്ചാര്‍ത്തുകളുള്ള നിയമാവിഷ്‌കാരത്തിലെ ഈ മനുഷ്യാംശം ശരീഅത്തില്‍നിന്ന് അന്യമല്ലെന്നു മാത്രമല്ല, ഒരേ ഉറവയില്‍നിന്നുള്ളതാണെന്നും പറയാം. ദൈവത്തില്‍നിന്നുള്ള സവിശേഷമായ ആത്മാവ് (റൂഹ്) ആണല്ലോ മനുഷ്യനില്‍ നിക്ഷിപ്തമായിരിക്കുന്നത്. അതാണവന്റെ കഴിവുകള്‍ക്ക് നിദാനം. ശരീഅത്തിന്റെ ഉറവിടവും ആ റൂഹ് തന്നെയല്ലേ.5
ദൈവിക നിയമവ്യവസ്ഥയാണെങ്കിലും അതിന്റെ ആവിഷ്‌കാരത്തില്‍ മുസ്‌ലിം സമൂഹത്തിനുള്ള പങ്ക് അദ്വിതീയമാണ്. ഹാകിമിയ്യത്ത് അല്ലെങ്കില്‍ ഇന്നത്തെ നിയമഭാഷയില്‍ പരമാധികാരം എന്നു പറയുന്നത് ഒരു ഇസ്‌ലാമിക രാഷ്ട്രസങ്കല്‍പത്തില്‍ ശരീഅത്തിന് അവകാശപ്പെട്ടതാണ്. ഈ പ്രമാണപാഠത്തിന്റെ വെളിച്ചത്തില്‍ നിയമാവിഷ്‌കാരം നടത്തുന്നത് വിശ്വാസിസമൂഹവുമായിരിക്കും.6 ചില ഇസ്‌ലാമിക ചിന്തകര്‍, സമൂഹമാണ് സകല അധികാരങ്ങളുടെയും ഉറവിടം എന്ന് വിളംബരം ചെയ്ത ചരിത്രത്തിലെ ആദ്യ സംഘമാണ് മുസ്ലിംകള്‍ എന്നുവരെ പറഞ്ഞുവെച്ചിട്ടുണ്ട്.7 നിയമത്തിന്റെ ഉറവിടം ഖുര്‍ആനും സുന്നത്തുമാണ് എന്നു പറഞ്ഞാലും, മുസ്ലിം സമൂഹം തന്നെയാണ് എന്നു പറഞ്ഞാലും അവ തമ്മില്‍ വൈരുധ്യമൊന്നുമില്ല എന്നാണ് അബ്ബാസ് മഹ്മൂദ് അല്‍ അഖാദ് സ്ഥാപിക്കുന്നത്. കാരണം, ഖുര്‍ആനും സുന്നത്തും ഗ്രഹിച്ചെടുക്കുന്നതും എന്തൊക്കെ പരിഷ്‌കരണങ്ങളോടെ അവ എങ്ങനെ നടപ്പാക്കാമെന്ന് ആലോചിക്കുന്നതുമൊക്കെ മുസ്ലിം സമൂഹമാണല്ലോ. പട്ടിണി വര്‍ഷത്തില്‍ ഖലീഫ ഉമറുല്‍ ഫാറൂഖ് മോഷണത്തിനുള്ള ശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇതിന് തെളിവാണ്.8
ശരീഅത്ത് എന്നത് ഘനീഭവിച്ചു കിടക്കുന്ന പ്രമാണപാഠങ്ങളല്ല. അതിനൊരു അന്തിമ രൂപഘടനയായി എന്ന് നമുക്കൊരിക്കലും പറയാനും കഴിയില്ല. എല്ലാ എല്ലാ കാലത്തേക്കും നിയമനിര്‍മാണം നടത്തിക്കഴിഞ്ഞു എന്നും പറയാനൊക്കില്ല. മാറ്റത്തിനും പരിഷ്‌കരണത്തിനും വ്യാഖ്യാനത്തിനും കൂട്ടിച്ചേര്‍ക്കലിനും പരിമിതപ്പെടുത്തലിനുമൊക്കെയുള്ള മേഖല വിശാലമായി തുറന്നിട്ടിരിക്കുകയാണ്. മനുഷ്യന്റെ  കൂട്ടായതും വ്യക്തിപരമായതുമായ ശ്രമങ്ങളിലൂടെയാണ്  (ഇതാണ് ഇജ്തിഹാദ്) ഇതൊക്കെ നടക്കുക. ഏതൊരു കാലത്തെയും മുസ്‌ലിം സമൂഹം നിയമനിര്‍മാണത്തിലെ ഒരു പ്രധാന ഘടകമാണ്. ആ സമൂഹത്തിന്റെ പൊതു നിശ്ചയങ്ങളാണ് നിയമവ്യവസ്ഥക്ക് പൂര്‍ണത നല്‍കുക. നിയമനിര്‍മാണത്തില്‍, എത്ര പൂര്‍ണത പ്രാപിച്ച ഏതൊരു ജനാധിപത്യ സമൂഹത്തേക്കാളും മുസ്്‌ലിം സമൂഹത്തിന് കൂടുതല്‍ റോള്‍ ഉണ്ടായിരിക്കുമെന്നതു തന്നെയാണ് ഇസ്ലാമിക ശരീഅത്തിന്റെ പ്രത്യേകത. റൂസോ ഒക്കെ വരുന്നതിന് എത്രയോ മുമ്പേ മുസ്‌ലിംകള്‍ സമൂഹത്തിന്റെ പൊതുബോധ്യങ്ങളെ അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിശ്വാസി സമൂഹത്തിന്റെ പൊതു ബോധ്യത്തിന് അബദ്ധങ്ങള്‍ സംഭവിക്കില്ലെന്നും സമര്‍ഥിക്കപ്പെട്ടു. കാരണം വിശ്വാസി സമൂഹത്തിന്റെ പൊതു തീരുമാനമെന്നത് അല്ലാഹുവിന്റെ തന്നെ തീരുമാനമാണ്. അതുകൊണ്ടാണ് ആ പൊതു തീരുമാനങ്ങള്‍ നിയമനിര്‍മാണത്തിന്റെ ഉറവിടമാകാമെന്നു പറഞ്ഞത്. അത്തരം പൊതു തീരുമാനങ്ങള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലായിരിക്കുമല്ലോ രൂപപ്പെടുക.
ഇതിന്റെ പ്രായോഗിക വശം എന്താണെന്ന് നോക്കാം. പൊതുബോധ്യം എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഗവേഷകരായ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അഖാദ് പറയുന്നതുപോലെ രണ്ടുതരം അഭിപ്രായ സമന്വയങ്ങള്‍ (ഇജ്മാഅ്) ഉണ്ടാകാം; സവിശേഷമായതും പൊ
തുവായതും. ശരീഅത്തിലും മറ്റു വിജ്ഞാനീയങ്ങളിലും അവഗാഹമുള്ള പണ്ഡിതന്മാരുടെയും 'കെട്ടാനും അഴിക്കാനും' യോഗ്യതയുള്ളവരുടെയും നേതാക്കളുടെയും അഭിപ്രായ സമന്വയമാണ് സവിശേഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പണ്ഡിതന്മാരുടെയും കാര്യമായി വിവരമൊന്നുമില്ലാത്ത പൊതുജനം ഉള്‍പ്പെടെയുള്ള മൊത്തം സമൂഹത്തിന്റെയും കൂട്ടായ അഭിപ്രായത്തെ 'പൊതു' എന്നും വിശേഷിപ്പിക്കാം. നിയമാവിഷ്‌കാരത്തില്‍ ആവശ്യമായിവരിക സവിശേഷമായ അഭിപ്രായ സമന്വയം (ഇജ്മാഅ് ഖാസ്സ്വ്) ആണെങ്കില്‍, രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പൊതു അഭിപ്രായ സമന്വയത്തെ കൂടി കണക്കിലെടുക്കേണ്ടിവരും.9 'അല്ലാഹുവിനെയും പ്രവാചകനെയും നിങ്ങളിലെ കൈകാര്യകര്‍ത്താക്കളെയും നിങ്ങള്‍ അനുസരിക്കുക' എന്ന ഖുര്‍ആനിക സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍, കൈകാര്യകര്‍ത്താക്കളെ അല്ലാഹുവിനെയെന്ന പോലെ അനുസരിക്കണമെന്ന് പറയുമ്പോള്‍ അവര്‍ അബദ്ധങ്ങളില്‍നിന്ന് മുക്തരായിരിക്കുമെന്ന ധ്വനി അതിലുണ്ടെന്ന് ഇമാം റാസി എഴുതുന്നു. തെറ്റിലൂടെ സഞ്ചരിക്കുന്നവരെ അനുസരിക്കാനും പിന്‍പറ്റാനും അല്ലാഹു കല്‍പിക്കില്ലല്ലോ. അപ്പോള്‍ കൈകാര്യ കര്‍ത്താക്കള്‍ എന്ന് ഖുര്‍ആന്‍ പറയുന്നത് ഏതെങ്കിലും വ്യക്തികളെക്കുറിച്ചല്ല. വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ ശേഷിയുള്ള പണ്ഡിതന്മാരും, 'കെട്ടാനും അഴിക്കാനും' പ്രാപ്തിയുള്ളവരുമൊക്കെ ഉള്‍പ്പെട്ട വിഭാഗമാണ് അപ്പോള്‍ 'ഉലുല്‍ അംറ്' എന്ന ഖുര്‍ആനിക സംജ്ഞയെ പ്രതിനിധീകരിക്കുക. അവര്‍ ഒരു കാര്യത്തില്‍ ഏകാഭിപ്രായം പുലര്‍ത്തുന്നുണ്ടെങ്കില്‍ അത് ശരീഅത്തിന്റെ ഭാഗം തന്നെയാണ്.10
നിയമഗ്രാഹ്യ(ഫിഖ്ഹ്)ത്തിന്റെയും അതിന്റെ ആവിഷ്‌കാരത്തി(തശ്‌രീഅ്)ന്റെയും നാഗരികതയാണ് ഇസ്‌ലാമിന്റേത്.11 ഇത്ര വൈപുല്യവും വൈവിധ്യവുമുള്ള നിയമാവിഷ്‌കാര പ്രക്രിയ നിങ്ങള്‍ മറ്റൊരു നാഗരികതയിലും കണ്ടെത്തുകയില്ല. ഇസ്്‌ലാമിക നാഗരികതയെ ആഴത്തിലറിയാത്തവരെ ഈ പ്രസ്താവം അമ്പരപ്പിച്ചേക്കും. അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്, ദൈവത്തിങ്കല്‍നിന്നുള്ള പ്രമാണ പാഠങ്ങളാല്‍ മാത്രം ബന്ധിതമായ, ചില വിശ്വാസ ശാഠ്യങ്ങളില്‍ സ്ഥാപിതമായ ഭരണത്തെക്കുറിച്ച ഒരു തിയോക്രാറ്റിക് സങ്കല്‍പമാണ് ഇസ്‌ലാമിന്റേത് എന്നാണ്. ആ നാഗരികതയില്‍ മനുഷ്യന് കാര്യമായ പങ്കൊന്നുമില്ലെന്നും അവര്‍ ധരിച്ചുവശായിരിക്കുന്നു. ഈ ധാരണ പ്രകാരം, എല്ലാം അവയുടെ പൂര്‍ണതയില്‍ നേരത്തേ തന്നെ തയാറാക്കപ്പെട്ടിരിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവും നല്‍കപ്പെട്ടുകഴിഞ്ഞു. നിയമാവിഷ്‌കാരങ്ങളും പൂര്‍ണമായിക്കഴിഞ്ഞു. ഇനിയവ നടപ്പാക്കുകയേ വേണ്ടൂ. മനുഷ്യധിഷണക്ക് ഇനിയൊന്നും ചെയ്യാനില്ല. ഭൂമിയുടെ പുനര്‍നിര്‍മാണവും, മൗലികതത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കാലത്തെയും ജീവിതത്തിന്റെ ആവിഷ്‌കാരവും ചുമതലകളായി ഏല്‍പിക്കപ്പെട്ട, ദൈവപ്രതിനിധിയായി ഭൂമിയില്‍ നിലകൊള്ളേണ്ട മനുഷ്യനെക്കുറിച്ച തീര്‍ത്തും വികലമായ സങ്കല്‍പമാണിത്. ഓരോ കാലത്തും സവിശേഷമായ പുതിയ നാഗരിക മാതൃക സൃഷ്ടിക്കാനാണ് ദൈവപ്രതിനിധിയായ മനുഷ്യന്‍ നിയോഗിതനായിരിക്കുന്നത്. ഈ പ്രക്രിയ ഒരു കാലത്തും സ്തംഭിച്ചുപോ
വുകയില്ല. ഈ പുതിയ ആവിഷ്‌കാരങ്ങള്‍ക്ക് അവലംബം പ്രമാണപാഠവും (നസ്സ്വ്) കൂടിയാലോചന(ശൂറാ)യും ആയിരിക്കുകയും ചെയ്യും. നിയമാവിഷ്‌കാരത്തിന്റെ അന്യാദൃശമായ ഈ സമൃദ്ധിയും വൈപുല്യവും ഇസ്ലാമിക നാഗരികതക്ക് സ്വന്തമായിരുന്നിട്ടും, പാശ്ചാത്യ അധിനിവേശ ചിന്തയുടെ സ്വാധീനഫലമായി ഈ തശ്‌രീഈ/ നിയമാവിഷ്‌കാര പാരമ്പര്യത്തെ കൈയൊഴിക്കാനാണ് ചിലര്‍ തിടുക്കം കാട്ടുന്നത്. അവര്‍ക്ക് ശരീഅത്ത് ഇല്ലാത്ത 'സഹിഷ്ണുതയുടെ ഇസ്‌ലാം' മതി! രാഷ്ട്രീയ നേട്ടങ്ങളേക്കാള്‍ നിയമാവിഷ്‌കാരത്തില്‍ മുസ്ലിംകള്‍ സ്വായത്തമാക്കിയ മഹിമകളാണ് ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക എന്ന സത്യം ഇക്കൂട്ടര്‍ വിസ്മരിക്കുന്നു.12

മദ്ഹബ്, ശൂറാ, ഇസ്്‌ലാമിക സമൂഹം
ഇസ്ലാമിക പ്രമാണ പാഠങ്ങളുടെ ഈ വഴക്കവും അതിന്റെ ആവിഷ്‌കാരങ്ങള്‍ നിര്‍വഹിക്കുന്ന മനുഷ്യധിഷണക്ക് നല്‍കപ്പെട്ട സമുന്നത സ്ഥാനവും സ്വതന്ത്ര ചിന്തക്ക് നല്‍കിപ്പോന്ന നിരന്തര പ്രോത്സാഹനവുമെല്ലാം മനോഹരമായ ഒരു നിയമാവിഷ്‌കാര വിപ്ലവത്തിന് വഴിതുറക്കുകയായിരുന്നു. ഒരേ പ്രമാണ പാഠങ്ങളില്‍നിന്നാണ് അത് ഉത്ഭവിച്ചതെങ്കിലും അതിന്റെ ആവിഷ്‌കാരങ്ങള്‍ എണ്ണമറ്റ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമായിരുന്നു. ഈ വൈവിധ്യങ്ങളാണ് അതിന്റെ പൂര്‍ണത എന്നും പറയാം. ചില വേറിട്ട സരണികളേ ഈ മുഖ്യധാരയുടെ പുറത്തുള്ളൂ. ഈ പ്രക്രിയ തുടരുകയാണ്. ഇവിടെ പ്രത്യേകം മനസ്സിരുത്തേണ്ട രണ്ടു കാര്യങ്ങള്‍:
(ഒന്ന്) ഈ നിയമാവിഷ്‌കാരങ്ങള്‍ പലപ്പോഴും ഒരു വലിയ ഫഖീഹിന്റെ, പണ്ഡിതന്റെ പേരിലാണ് അറിയപ്പെടുക. യഥാര്‍ഥത്തിലത് അദ്ദേഹത്തിന്റെ മാത്രമല്ല, ഒരുപറ്റം പണ്ഡിതന്മാരുടെ കൂട്ടായ സംഭാവനകളായിരിക്കും. ഒരു മഹാ പണ്ഡിതനെ കേന്ദ്രീകരിച്ചാണ് അത്തരം ശ്രമങ്ങള്‍ നടന്നിട്ടുള്ളതെങ്കിലും പരസ്പരം ചര്‍ച്ച ചെയ്തും കൂടിയാലോചിച്ചുമാണ് ആ നിയമാവിഷ്‌കാരങ്ങളൊക്കെയും രൂപപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന് ഇമാം മാലികുബ്‌നു അനസിന്റെ പേരില്‍ അറിയപ്പെടുന്ന മാലികീ മദ്ഹബ്. അദ്ദേഹത്തിന്റെ മാത്രം അഭിപ്രായങ്ങളുടെയും വീക്ഷണങ്ങളുടെയും സമാഹാരമല്ല അത്. മദീനയില്‍ നിലനിന്നിരുന്ന ഇസ്‌ലാമികാചാരങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ഒരു ഫിഖ്ഹീ പ്രസ്ഥാനത്തിന്റെ പേരാണത്. പണ്ഡിതന്മാരുമായുള്ള കൂടിയാലോചനയിലൂടെ രൂപപ്പെട്ടതാണ് ആ ചിന്താ പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങള്‍. അതുപോലെത്തന്നെയാണ് ഹനഫീ മദ്ഹബിന്റെ കാര്യവും. ഇമാം അബൂഹനീഫയുടെ സ്വന്തം അഭിപ്രായങ്ങളുടെ സമാഹാരമല്ല അത്. തന്റെ ചിന്താപ്രസ്ഥാനത്തിലുണ്ടായിരുന്ന അബൂയൂസുഫ്, സുഫറുബ്‌നുല്‍ ഹുദൈല്‍, മുഹമ്മദുബ്‌നുല്‍ ഹസന്‍ അശ്ശൈബാനി തുടങ്ങി ഒട്ടനവധി ശിഷ്യഗണങ്ങളുമായി ആശയവിനിമയം നടത്തി രൂപപ്പെടുത്തിയതാണ് ആ ചിന്താധാര. ഒരു പണ്ഡിതന്‍ തന്റെ അഭിപ്രായങ്ങള്‍ സമകാലിക പണ്ഡിതന്മാരുമായി പങ്കുവെക്കുക മാത്രമല്ല, ജനങ്ങളുടെ അഭിപ്രായങ്ങളുമായും അതിനെ ചേര്‍ത്തുവെക്കും. ഒരു ഫിഖ്ഹി ഇമാം തന്റെ മാത്രം അഭിപ്രായത്തില്‍ ശഠിച്ചു നില്‍ക്കുക എന്ന സംഭവമില്ല. രാഷ്ട്രീയ ചിന്തയിലോ നേതൃത്വ വ്യവഹാരങ്ങളിലോ ഒന്നും അത്തരം ഏകാധിപത്യ പ്രവണതകള്‍ ഭൂഷണവുമല്ല.13
മറ്റു ചിന്താ പ്രസ്ഥാനങ്ങളെ സംബന്ധിച്ചും ഇത് ശരിയാണ്. ജഅ്ഫര്‍ സ്വാദിഖിന്റെ പേരില്‍ അറിയപ്പെടുന്ന ജഅ്ഫരീ ഫിഖ്ഹ്/മദ്ഹബിലും അബ്ദുല്ലാഹിബ്‌നു ഇബാളിന്റെ പേരിലറിയപ്പെടുന്ന ഇബാളി മദ്ഹബിലുമൊക്കെ ഇങ്ങനെത്തന്നെയാണ് അഭിപ്രായങ്ങള്‍ രൂപം കൊള്ളുന്നത്. യഥാര്‍ഥത്തില്‍ ആ ചിന്താപ്രസ്ഥാനങ്ങളുടെ/മദ്ഹബുകളുടെ പേരുകളൊക്കെ ഒരു ചിഹ്നമോ സൂചകമോ മാത്രമാണ്. മിക്ക മദ്ഹബുകളും ഒരു വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതത് മദ്ഹബിലെ പ്രബലാഭിപ്രായം മദ്ഹബിലെ മുഖ്യപണ്ഡിതന്റെയോ മറ്റു പ്രമുഖ പണ്ഡിതന്മാരുടെതോ ആവണമെന്നില്ല. മദ്ഹബില്‍ പ്രബലമായി കരുതപ്പെടുന്ന അഭിപ്രായം പില്‍ക്കാല പണ്ഡിതന്മാരുടേതു പോലുമാകാം. അതുകൊണ്ടാണ് മദ്ഹബിന്റെ പേര് ഒരു സൂചകം മാത്രമാണെന്ന് പറഞ്ഞത് മാലികീ മദ്ഹബിലെ അഭിപ്രായം, ഹനഫീ  മദ്ഹബിലെ അഭിപ്രായം എന്നിങ്ങനെയാണല്ലോ സാധാരണ പ്രയോഗിക്കാറുള്ളത്.
(രണ്ട്) ഇസ്‌ലാമിക പ്രമാണപാഠങ്ങളുടെയും കൂടിയാലോചനാ സിദ്ധാന്തത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഇങ്ങനെയുള്ള ഫിഖ്ഹി ചിന്താ പ്രസ്ഥാനങ്ങള്‍ എണ്ണമറ്റതാണ്; അവ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. പക്ഷേ, മുസ്‌ലിം ജീവിതത്തില്‍ ഏതാനും ചില മദ്ഹബുകളുടെ സ്വാധീനമേ നാം കാണുന്നുള്ളൂ. അവര്‍ മതവിധി അന്വേഷിക്കുന്നത് ആ മദ്ഹബില്‍നിന്നായിരിക്കും. അതിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും അവര്‍ ജീവിതം ചിട്ടപ്പെടുത്തുക. നീതിന്യായ വ്യവസ്ഥയും അതിനെ ആസ്പദിച്ചായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു മദ്ഹബ് അടിച്ചേല്‍പ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചപ്പോഴൊക്കെ, അത്തരം അടിച്ചേല്‍പ്പിക്കലുകള്‍ സമൂഹത്തെ സംബന്ധിച്ചേടത്തോളം നേരില്‍നിന്നുള്ള വ്യതിചലനമാകുന്നതിനാല്‍, അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മഗ്‌രിബില്‍ (വടക്കനാഫ്രിക്ക) ഇസ്മാഈലീ ശീഈകള്‍ ഭരണം നടത്തിയിരുന്ന കാലത്ത് മാലികീ മദ്ഹബിനെ തള്ളിമാറ്റി തങ്ങളുടെ സ്വന്തം മദ്ഹബ് അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിരുന്നു. തുനീഷ്യയില്‍ തുര്‍ക്കി വംശജരായ ഹസീനി ഭരണകര്‍ത്താക്കള്‍ ഹനഫീ മദ്ഹബ് അടിച്ചേല്‍പിക്കാനും ശ്രമിച്ചു. പക്ഷേ സമൂഹം തങ്ങള്‍ ഏതു മദ്ഹബിലാണോ നിലകൊണ്ടിരുന്നത്, അതില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണിവിടെ. പ്രമാണ പാഠ വായനകള്‍ (ഇജ്തിഹാദ്) വ്യത്യസ്തമാകുമെന്നതിനാല്‍ മദ്ഹബിനെയോ പണ്ഡിതനെയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സമൂഹത്തിന് ലഭ്യമായിരിക്കണം. സമൂഹത്തിന്റെ സമവായം (ഇജ്മാഅ്) പലപ്പോഴും പണ്ഡിത സമവായത്തിലേക്ക് പരിമിതപ്പെട്ടുപോകുമെങ്കിലും, ആ അഭിപ്രായങ്ങളെ കൊള്ളാനും തള്ളാനുമുള്ള സ്വാതന്ത്ര്യം സമൂഹത്തിന് നിഷേധിക്കപ്പെട്ടുകൂടാ. അപ്പോള്‍ പൊതു അഭിപ്രായം രൂപപ്പെടുത്തുക സ്ഥിര മൂല്യങ്ങളെ (സവാബിത്തുദ്ദീന്‍) അടിസ്ഥാനപ്പെടുത്തിയാവും. ആ പൊതു അഭിപ്രായത്തെ (അസ്സവാദുല്‍ അഅഌ എന്ന് ഹദീസിലെ പ്രയോഗം) അവഗണിക്കരുത്.

 

കുറിപ്പുകള്‍

1.    അബ്ദുല്‍കരീം അല്‍ ഖത്വീബ് - അല്‍ഖിലാഫതുവല്‍ ഇമാമ ദിയാനതുന്‍.... വസ്സിയാസ: ദിറാസതു മുഖാറന ലില്‍ ഹുകുമി വല്‍ ഹുകൂമ (ബൈറൂത്ത്, ദാറുല്‍ മഅ്‌രിഫ, ഹി. 1395), പേ: 297.
2.    സ്വഹീഹായ, ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''ഐഛിക കര്‍മങ്ങളാല്‍ എന്റെ ദാസന്‍ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന കാത് ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും, അവന്‍ പിടിക്കുന്ന കൈ ഞാനാകും, അവന്‍ നടക്കുന്ന കാല് ഞാനാകും. അവന്‍ ചോദിച്ചാല്‍ ഞാന്‍ കൊടുക്കും. അവന്‍ അഭയം തേടിയാല്‍ ഞാന്‍ അഭയം നല്‍കും'' (ബുഖാരി).
3.    ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ''നുബുവ്വത്തില്‍ ഇനി ബാക്കിയുള്ളത് സദ്‌വൃത്താന്തങ്ങളാണ്. അനുചരര്‍ ചോദിച്ചു: 'എന്താണ് സദ്‌വൃത്താന്തങ്ങള്‍?' നബി പറഞ്ഞു? നല്ല സ്വപ്‌നങ്ങള്‍'' (ബുഖാരി).
4.    'വിശ്വാസികള്‍ നന്മയായി കാണുന്നതെന്തോ അത് അല്ലാഹുവിങ്കല്‍ നന്മയായിരിക്കും' (ഹദീസ്).
5.    'ദീനിന്റെയും ധിഷണയുടെയും അവിഛിന്നത ഇസ്‌ലാമിക ചിന്തയുടെ മൗലിക സവിശേഷതയാണ്.'
6.    അബൂ ഹബീബ് - ദിറാസതുന്‍ ഫീ മിന്‍ഹാജില്‍ ഇസ്‌ലാമിസ്സിയാസി, പേ: 100
7.    ശൈഖ് ബുഖൈത്ത്, റഅ്ഫത്ത് ഉസ്മാന്റെ അദ്ദൗലഃ ഫില്‍ ഇസ്‌ലാം (പേ: 380) എന്ന കൃതിയില്‍ നിന്ന് ഉദ്ധരിച്ചത്.
8.    അബ്ബാസ് മഹ്മൂദ് അല്‍ അഖാദ് - അദ്ദിംഖ്‌റാത്വിയ്യ ഫില്‍ ഇസ്‌ലാം (കൈറോ, ദാറുല്‍ മആരിഫ് - 1971).
9.    അതേ പുസ്തകം പേ: 45,46
10.    ഫഖ്‌റുദ്ദീന്‍ റാസി - അത്തഫ്‌സീറുല്‍ കബീര്‍: മഫാതീഹുല്‍ ഗൈബ് (ബൈറൂത്ത്, ദാറുല്‍ ഖുത്ബ് അല്‍ ഇല്‍മിയ്യ 3/357 - 1955). 
    ശീഈ വിശ്വാസപ്രകാരം, സമൂഹത്തിന് നേതൃത്വം നല്‍കേണ്ട ഇമാം അപ്രത്യക്ഷനായിരിക്കുന്നതിനാല്‍ ശീഈ സമൂഹത്തിനും ഇതേ പദവി കൈവരുന്നുണ്ട്. രാഷ്ട്രത്തെക്കുറിച്ചും അതിന്റെ രൂപവത്കരണത്തിലും നടത്തിപ്പിലും പണ്ഡിതന്മാര്‍ക്കുള്ള പങ്കിനെക്കുറിച്ചുമുള്ള സുന്നീ-ശീഈ അഭിപ്രായങ്ങളെ ഏറക്കുറെ അടുപ്പിക്കാന്‍ ഇത് സഹായകമാവുന്നുണ്ട്. അശ്ശാവിയുടെ ഫിഖ്ഹു ശ്ശുറാ വല്‍ ഇസ്തിശാറ: (പേ: 277) എന്ന കൃതി കാണുക.
11.    മുഹമ്മദ് ആബിദ് അല്‍ ജാബിരി - തക്‌വീനുല്‍ അഖ്‌ലില്‍ അറബി, നഖ്ദുല്‍ അഖ്‌ലില്‍ അറബി (ബൈറൂത്ത്, മര്‍കസു ദിറാസാത്തില്‍ വഹ്ദത്തില്‍ അറബിയ്യ, 1988).
12.    ഫിഖ്ഹുശ്ശൂറാ വല്‍ ഇസ്തിശാറ, പേ: 28
13.    അല്ലാലുല്‍ ഫാസിയുടെ അന്നഖ്ദുദ്ദാത്തി എന്ന കൃതി കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌