Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

കല്‍പന ക്രിയകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

കല്‍പനകളെല്ലാം നിര്‍ബന്ധങ്ങളല്ല, നിരോധങ്ങളെല്ലാം നിഷിദ്ധങ്ങളും-2

കല്‍പനാ പ്രയോഗങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ ചിലത് സോദാഹരണം വിശദീകരിക്കാം.
ഒന്ന്; നിര്‍ബന്ധം അഥവാ വുജൂബ്. അനിവാര്യമായും നിര്‍വഹിക്കേണ്ട നിര്‍ബന്ധത്തെയാണ് വുജൂബ് എന്ന് വിവക്ഷിച്ചിട്ടുള്ളത്. ഇത് യഥാവിധി പൂര്‍ത്തിയാക്കാതിരിക്കുന്നത് കുറ്റകരമാണ്. കല്‍പനക്രിയ കൊണ്ട് നിരുപാധികം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങള്‍ നിര്‍ബന്ധത്തെ കുറിക്കുന്നു. അവയുടെ പ്രാധാന്യവും നിര്‍ബന്ധവും സ്ഥാപിതമാകുന്ന പ്രമാണപാഠങ്ങള്‍ വേറെയുമുണ്ടാകാം. 'നമസ്‌കാരം നിലനിര്‍ത്തിക്കൊള്ളുക' (അല്‍ബഖറ, 43) എന്നതിലെ 'അഖീമൂ' എന്ന ബഹു വചന കല്‍പനക്രിയ ഉദാഹരണം. 'ഞാന്‍ നമസ്‌കരിക്കുന്നത് പോലെ നിങ്ങളും നമസ്‌കരിക്കൂ' എന്ന നബിയുടെ കല്‍പന ഹദീസിലെ ഉദാഹരണമാണ്.
രണ്ട്; ഐഛികം അഥവാ നദ്ബ്. അനുഷ്ഠിക്കുന്നത് പുണ്യകരമായ കാര്യങ്ങളാണ് നദ്ബ്. അവ ഉപേക്ഷിക്കുന്നത് കുറ്റകരമല്ല. കര്‍മങ്ങള്‍ക്ക് പൂരണവും അഭികാമ്യവുമായിരിക്കും മിക്കപ്പോഴും നദ്ബ്. നിര്‍ബന്ധത്തിന്റെ തൊട്ടുതാഴെ സ്ഥാനമാണ് നദ്ബിന് പൊതുവില്‍ നിദാനശാസ്ത്ര വിശാരദന്മാര്‍ നല്‍കിയിട്ടുള്ളത്. 'നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക, അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍' (അന്നൂര്‍ 33). സാധ്യമെങ്കില്‍ നിര്‍വഹിക്കല്‍ ഉത്തമമായ കരാറെഴുത്തിനെയാണ് 'കാതിബൂ' എന്ന ബഹുവചന കല്‍പനാ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. നമസ്‌കാരം പോലെ നിര്‍ബന്ധമാണ് ഇതെന്ന് ആരും അഭിപ്രായപ്പെട്ടിട്ടില്ല. ഒരാള്‍ അത് ചെയ്യുന്നില്ലെങ്കില്‍ കുറ്റവാളിയാകുന്നില്ല.
മൂന്ന്; അനുവദനീയം അഥവാ ഇബാഹത്ത്. ഒരു കാര്യം ചെയ്യാന്‍ സ്വാതന്ത്ര്യവും അനുവാദവും നല്‍കുന്നതിനെയാണ് ഭാഷയില്‍ ഇബാഹത്ത് എന്ന് പറയുന്നത്. വിശാലതയെന്ന ഇബാഹത്തിന്റെ ഭാഷാര്‍ഥം ശരീഅത്തിന്റെ വിശാലതയെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. അനുഷ്ഠിക്കാനും ഉപേക്ഷിക്കാനും ഒരേ പോലെ അനുവാദവും രണ്ടിനുമിടയില്‍ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യവുമുള്ളതാണ് ഇസ്‌ലാമിക നിയമത്തിന്റെ സാങ്കേതിക ഭാഷയില്‍ ഇബാഹത്ത്. വേദക്കാരുടെ ഭക്ഷണം അനുവദനീയമാകുന്നത് ഉദാഹരണം. 'വിശുദ്ധ വിഭവങ്ങള്‍ ഇന്ന് നാം നിങ്ങള്‍ക്ക് അനുവദിച്ചു തന്നിരിക്കുന്നു. വേദക്കാരുടെ ഭക്ഷണവും നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയം തന്നെ' (അല്‍മാഇദ 5). ഇവിടെ അനുവദനീയതയെ കുറിക്കാന്‍ ഹലാല്‍ എന്ന പദമാണ് ഉപയോഗിച്ചത്. ഇതേ ആശയത്തിലുള്ള കല്‍പനാ പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. 'അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുക'(അല്‍ മുഅ്മിനൂന്‍ 51). ഭക്ഷണം കഴിക്കൂ എന്ന അര്‍ഥത്തിലുള്ള 'കുലൂ' എന്ന കല്‍പന പ്രയോഗം ഉപേക്ഷിച്ചാല്‍ കുറ്റകരമാകുന്ന നിര്‍ബന്ധത്തെ കുറിക്കുന്നില്ല. അങ്ങനെ വന്നാല്‍ ചില സമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തവന്‍ പാപിയായിത്തീരും.
നാല്; ഭീഷണി അഥവാ തഹ്ദീദ്. 'നിങ്ങള്‍ക്ക് തോന്നുന്നതെന്തും ചെയ്തു കൊള്ളുക' എന്ന് ധിക്കാരികളോട് കല്‍പിക്കുന്നത് (ഫുസ്സ്വിലത്ത് 40) നിര്‍ബന്ധത്തിന്റെയോ, അനുവാദത്തിന്റെയോ ഉദ്ദേശ്യത്തിലല്ല, താക്കീതിന്റെയും ഭീഷണിയുടെയും സ്വരത്തിലാണ്. ഇഅ്മലൂ എന്ന കല്‍പനക്രിയക്ക്  'നിങ്ങള്‍ തോന്നിയപോലെ ചെയ്യൂ, നമുക്ക് കാണാം' എന്ന ഭീഷണിയുടെ മാനമാണുള്ളതെന്ന് സാഹചര്യവും ധിക്കാരികളുടെ നിലപാടും ഖുര്‍ആന്‍ സുക്തത്തിന്റെ ഇതര ഭാഗങ്ങളും വ്യക്തമാക്കുന്നു. മുന്നും പിന്നും നോക്കാതെ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. മുഴുസുക്തം കാണുക; 'നമ്മുടെ വചനങ്ങള്‍ വളച്ചൊടിച്ച് വികൃതമാക്കുന്നവര്‍ നമ്മുടെ കണ്‍വെട്ടത്തു നിന്ന് മറഞ്ഞിരിക്കുന്നവരല്ല. നരകത്തിലെറിയപ്പെടുന്നവനോ, അതല്ല ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍ നിര്‍ഭയനായി വന്നെത്തുന്നവനോ ആരാണ് നല്ലവന്‍? നിങ്ങള്‍ക്ക് തോന്നുന്നതൊക്കെയും ചെയ്തു കൊള്ളുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു' (ഫുസ്സ്വിലത്ത് 40).
അഞ്ച്; മാര്‍ഗനിര്‍ദേശം അഥവാ ഇര്‍ശാദ്. ശ്രേഷ്ഠമായ കാര്യങ്ങളിലേക്കുള്ള സൂചനയാണത്. പ്രയോജനകരമായ വിഷയങ്ങളിലുള്ള ഉപദേശങ്ങളും ഗൈഡന്‍സുമാണ് കര്‍മ ശാസ്ത്രകാരന്മാരുടെ ഭാഷയില്‍ ഇര്‍ശാദിന്റെ  ഉദ്ദേശ്യം. പരലോകത്ത് പ്രതിഫലാര്‍ഹമായതിനാല്‍ ചെയ്യാന്‍ നിര്‍ദേശിക്കപ്പെടുന്നതാണ് ഐഛിക കര്‍മങ്ങള്‍; നദ്ബ്, മന്‍ദൂബ്. ഐഹികജീവിതത്തില്‍ പ്രയോജനകരമായതിനാല്‍ ഉപേക്ഷിക്കപ്പെടുന്നതാണ് ഇര്‍ശാദ് എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട് (അല്‍ ബഹ്‌റുല്‍ മുഹീത്വ് 2 /356, അല്‍ മുസ്തസ്വഫാ 2 / 69, അല്‍ ഇബ്ഹാജ് ലിസ്സുബ്കി 2/17). കടമിടപാട് രേഖപ്പെടുത്തുന്നതു സംബന്ധിച്ച മാര്‍ഗരേഖ വിശദീകരിക്കവെ, 'നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷി നിര്‍ത്തണം' എന്ന് ഖുര്‍ആന്‍ (അല്‍ബഖറ 282) നിര്‍ദേശിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്.
ആറ്; അനുവാദം അഥവാ ഇദ്ന്‍. ചോദിച്ച ഒരു കാര്യത്തിന് അനുവാദം നല്‍കുന്നതിനും വിലക്കപ്പെട്ടതിന്റെ വിലക്ക് നീക്കുമ്പോഴും മറ്റുമാണ് കല്‍പനപ്രയോഗങ്ങള്‍ക്ക് അനുവാദത്തിന്റെ ആശയം ലഭിക്കുന്നത്. വീടിന്റെ വാതിലില്‍ മുട്ടിയ ആളോട് 'നീ പ്രവേശിക്ക്' എന്നതിന് 'ഉദ്ഖുല്‍' എന്ന കല്‍പനക്രിയ ഉപയോഗിക്കുന്നത് അനുവാദം നല്‍കാന്‍ വേണ്ടിയാണ്. ഹജ്ജിന് വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ വേട്ടയാടല്‍ നിഷിദ്ധമാണ്. ഇഹ്‌റാമില്‍ നിന്ന് മുക്തമായാല്‍ വിലക്ക് നീങ്ങുകയും വേട്ട അനുവദിക്കപ്പെടുകയും ചെയ്യുന്നു. 'നിങ്ങള്‍ വേട്ടയാടുക' (ഇസ്ത്വാദൂ) എന്ന കല്‍പനാ പ്രയോഗത്തിന് അനുവാദത്തിന്റെ അര്‍ഥം മാത്രമേയുള്ളൂ. എല്ലാ കല്‍പനാ പ്രയോഗങ്ങളും നിര്‍ബന്ധത്തെക്കുറിക്കുകയാണെങ്കില്‍, ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ എല്ലാവരും നിര്‍ബന്ധമായും വേട്ടയാടാന്‍ പോകേണ്ടി വരുമായിരുന്നു. 'വിശ്വസിച്ചവരേ അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമാസം, ബലിമൃഗങ്ങള്‍, അവയെ തിരിച്ചറിയാനുള്ള കഴുത്തിലെ വടങ്ങള്‍, തങ്ങളുടെ നാഥന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹത്തിലേക്ക് പോകുന്നവര്‍ - ഇവയെയും നിങ്ങള്‍ അനാദരിക്കരുത്. ഇഹ്‌റാമില്‍ നിന്നൊഴിവായാല്‍ നിങ്ങള്‍ വേട്ടയാടിക്കൊള്‍ക.... ' (അല്‍മാഇദ 2).
ഏഴ്; മര്യാദ പഠിപ്പിക്കല്‍ അഥവാ തഅ്ദീബ്. നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ക്കും നിഷിദ്ധങ്ങള്‍ക്കും അപ്പുറത്ത് ഒട്ടധികം മൂല്യങ്ങളും മര്യാദകളും ഇസ്‌ലാമിലുണ്ട്. സംസ്‌കാര സമ്പന്നമായൊരു സമൂഹം പിറവിയെടുക്കുന്നത് അവ പാലിക്കുമ്പോഴാണ്. ശാസനാ രൂപത്തില്‍ തന്നെ അത്തരം മര്യാദകള്‍ ഖുര്‍ആനിലും സുന്നത്തിലും ധാരാളമുണ്ട്. അവ പാലിക്കപ്പെടുന്നതിനനുസരിച്ച് സമൂഹത്തിന്റെ നിലവാരം ഉയരും. 'അടുത്തുള്ളതില്‍ നിന്ന് ഭക്ഷിക്കുക' എന്ന നബിവചനം ഉദാഹരണം. 'കുല്‍' എന്ന കല്‍പന പ്രയോഗമാണ് ഹദീസിലുള്ളത്.
എട്ട്; മുന്നറിയിപ്പ് അഥവാ ഇന്‍ദാര്‍. 'പ്രവാചകരേ പറയുക, നിങ്ങള്‍ ആസ്വദിച്ചുകൊള്‍ക. നിങ്ങളുടെ പരിണതി നരകത്തിലേക്കാകുന്നു' (ഇബ്‌റാഹീം 142). നിങ്ങള്‍ സുഖിച്ചു കൊള്ളുക, (തമത്തഊ) എന്ന കല്‍പന അനുവാദമല്ല, വരാന്‍ പോകുന്ന ദുരന്ത പരിണതിയെക്കുറിച്ച താക്കീതാണ്.
ഒമ്പത്; ഔദാര്യം നല്‍കല്‍ അഥവാ ഇംതിനാന്‍. അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള 'ഔദാര്യം സ്വീകരിച്ചു കൊള്ളൂ' എന്ന നിര്‍ദേശത്തിന്റെ സ്വരത്തില്‍ അംറ് വരാം. 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ആഹരിക്കുവിന്‍' (അല്‍ അന്‍ആം 142).
പത്ത്; ആദരവ് അഥവാ ഇക്‌റാം. ഒരാളെയോ, വിഭാഗത്തെയോ ആദരിച്ചുകൊണ്ട് കല്‍പന പ്രയോഗങ്ങള്‍ നടത്തും. സത്യവിശ്വാസികളുടെ സ്വര്‍ഗ പ്രവേശത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു; 'നിര്‍ഭയരായി, ശാന്തിയോടെ നിങ്ങളവിടെ പ്രവേശിക്കുവിന്‍' (അല്‍ ഹിജ്ര്‍ 46). 'ഉദ്ഖുലൂ' ബഹുവചന കല്‍പനക്രിയ ആദരവോടെ ഒരു ആവശ്യം സമര്‍ഥിക്കുന്നതാണ്.
പതിനൊന്ന്; രൂപീകരണം അഥവാ തക്‌വീന്‍. ഒരു കാര്യം ഉണ്ടാകട്ടെ / രൂപപ്പെടട്ടെ എന്ന് അല്ലാഹു നിര്‍ദേശിക്കുമ്പോള്‍ അതുണ്ടാകുന്നു. 'ഉണ്ടാകണം' (കുന്‍) എന്നത് കല്‍പനാപ്രയോഗമാണ്. 'അല്ലാഹു ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് ഉണ്ടാകട്ടെ എന്ന് പറയുകയേ വേണ്ടൂ, അതുണ്ടായിത്തീരും' (ആലു ഇംറാന്‍- 47 ).
പന്ത്രണ്ട്; ദൗര്‍ബല്യം സ്ഥാപിക്കാന്‍ അഥവാ തഅ്ജീസ്. മറ്റൊരാളുടെ ദൗര്‍ബല്യം തെളിയിക്കാന്‍ വേണ്ടി അയാള്‍ക്ക് അസാധ്യമായൊരു കാര്യം ചെയ്യാന്‍ വെല്ലുവിളിയുടെ സ്വരത്തില്‍ ആവശ്യപ്പെടുക. കല്‍പനപ്രയോഗമാണ് ഉപയോഗിക്കുന്നതെങ്കിലും ചെയ്യണം എന്നല്ല, ചെയ്യാന്‍ കഴിയില്ല എന്ന് സ്ഥാപിക്കലാണ് ഉദ്ദേശ്യം. 'അതല്ല, ഇത് പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അതിനു സമാനമായൊരു അധ്യായം നിങ്ങള്‍ കൊണ്ടുവരണം. അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിന് വിളിച്ചു കൊള്ളുക, നിങ്ങള്‍ സത്യവാന്മാരെങ്കില്‍' (യൂനുസ് 38).
പതിമൂന്ന്; നിന്ദിക്കുക അഥവാ ഇഹാനത്ത്. ചില കല്‍പനപ്രയോഗങ്ങള്‍ നിര്‍ദിഷ്ട വ്യക്തിയെ നിന്ദിക്കാന്‍ വേണ്ടിയുള്ളതായിരിക്കും. 'നിങ്ങളവനെ പിടിക്കൂ എന്നിട്ട് നരക മധ്യത്തിലേക്ക് വലിച്ചുകൊണ്ടു പോകൂ. പിന്നെയവന്റെ തലക്കു മുകളില്‍ തിളച്ച വെള്ളം കൊണ്ടുപോയി ഒഴിക്കൂ. ഇത് ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നീ ഏറെ പ്രതാപിയും ബഹുമാന്യനുമാണല്ലോ, (അദ്ദുഖാന്‍ 47-49). ഇതിലെ 'ദുഖ്' നീ ആസ്വദിക്ക് എന്ന കല്‍പന അതിക്രമിയെ പരലോകത്ത് നിന്ദിക്കുകയെന്ന ലക്ഷ്യത്തിലുള്ളതാണെന്ന് വ്യക്തമാണല്ലോ.
പതിനാല്; സമീകരണം അഥവാ തസ്‌വിയ. രണ്ട് കര്‍മങ്ങളില്‍ ഏതു ചെയ്താലും തുല്യമാണെന്ന് പറയുന്നതിന് ഖുര്‍ആന്‍ കല്‍പനക്രിയ ഉപയോഗിച്ചിട്ടുണ്ട്. 'ഇനി നിങ്ങളതില്‍ കിടന്ന് വെന്തെരിയുക. നിങ്ങളത് സഹിക്കുകയോ, സഹിക്കാതിരിക്കുകയോ ചെയ്യുക. നിങ്ങള്‍ക്ക് സമം തന്നെ'(അത്ത്വൂര്‍ 16). 'ഇസ്ബിറൂ' എന്ന കല്‍പനക്രിയയാണ് ഈ സൂക്തത്തിലുള്ളത്.
പതിനഞ്ച്; പ്രാര്‍ഥന അഥവാ ദുആഅ്. അല്ലാഹുവിനോട് ഒരു കാര്യം അപേക്ഷാ സ്വരത്തില്‍ ആവശ്യപ്പെടുന്നതിന് കല്‍പനക്രിയ ഉപയോഗിക്കാം. 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനങ്ങള്‍ എടുക്കേണമേ' (അല്‍ അഅ്‌റാഫ് - 89). 'ഇഫ്തഹ്' ആണ് ആയത്തിലെ കല്‍പനക്രിയ.
പതിനാറ്; അപമാനവും പരിഹാസവും കലര്‍ന്ന ശൈലി, ഇഹ്തിഖാര്‍. ഫറോവയുടെ മായാജാല സംഗമത്തില്‍ മൂസാ നബി ജാലവിദ്യക്കാരോട് പറയുന്നു: 'നിങ്ങള്‍ക്ക് നിലത്തിടാനുള്ളതെല്ലാം ഇട്ടുകൊള്ളുക' (യൂനുസ് 80). അര്‍ഥശൂന്യമായ ഒരു പ്രവൃത്തിയാണ് അവര്‍ ചെയ്യാന്‍ പോകുന്നത് എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം.
പതിനേഴ്; വിവരം നല്‍കല്‍ അഥവാ ഖബര്‍. മുഹമ്മദ് നബി (സ) പറഞ്ഞു: 'ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ തോന്നുന്നതൊക്കെ ചെയ്തു കൊള്ളുക.' അനുവാദമോ, പരിഹാസമോ ഒന്നുമല്ല, ലജ്ജയില്ലാത്തവരാണ് തോന്നും പോലെ പ്രവര്‍ത്തിക്കുകയെന്ന വിവരമറിയിക്കലാണ്, 'ചെയ്തുകൊള്ളുക' (ഇസ്വ്‌നഅ്) എന്ന കല്‍പന പ്രയോഗത്തിന്റെ ലക്ഷ്യം.
പതിനെട്ട്; അനുഗ്രഹ വിളംബരം അഥവാ ഇന്‍ആം. 'നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിശുദ്ധ വിഭവങ്ങള്‍ ആഹരിച്ചു കൊള്ളുക' (അല്‍ബഖറ 172) എന്ന ആയത്തില്‍ 'ആഹരിക്കുക' എന്ന പ്രയോഗം, ഭക്ഷണ വിഭവങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് വിളംബരം ചെയ്യാനാണ്.
പത്തൊമ്പത്; പകരംവെപ്പ് അഥവാ തഫ്‌വീള്. ഇപ്പോള്‍, അതിനാല്‍ നീയിത് ചെയ്യ്. യഥാര്‍ഥത്തില്‍ ഇത് ചെയ്യുന്നവന്‍ മറ്റൊരാളാണ് എന്ന അര്‍ഥത്തില്‍ കല്‍പനക്രിയ ഉപയോഗിക്കാം. 'അതിനാല്‍ നീ വിധിച്ചുകൊള്‍ക. യഥാര്‍ഥ വിധികര്‍ത്താവ് നീയല്ല' (ത്വഹാ 72).
ഇരുപത്; അത്ഭുതം അഥവാ തഅജ്ജുബ്. കല്‍പനക്രിയ അത്ഭുതത്തെയും ആശ്ചര്യത്തെയും കുറിക്കാന്‍ ഉപയോഗിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ട്. 'ശ്രദ്ധിച്ചു നോക്ക്, എപ്രകാരമാണ് നിനക്ക് കാര്യങ്ങള്‍ ഉദാഹരിച്ചു തരുന്നതെന്ന്' (അല്‍ ഇസ്‌റാഅ് 48). ശ്രദ്ധിച്ച് നോക്ക് എന്ന് കല്‍പിക്കുന്നത്, കണ്ട് അത്ഭുതപ്പെടൂ എന്ന അര്‍ഥത്തിലാണ്.
ഇരുപത്തിയൊന്ന്; നിഷേധം അഥവാ തക്ദീബ്. ഒരു കാര്യം കള്ളമാണെന്ന് സ്ഥാപിക്കാന്‍ അത് ചെയ്തു കാണിക്കാന്‍ ആവശ്യപ്പെടുന്ന രീതി. 'പ്രവാചകരേ പറയുക, എങ്കിലവര്‍ തൗറാത്ത് കൊണ്ടുവരട്ടെ. എന്നിട്ടവരത് പാരായണം ചെയ്യട്ടെ, അവര്‍ സത്യസന്ധരെങ്കില്‍' (ആലു ഇംറാന്‍ 93).
ഇരുപത്തിരണ്ട്; കൂടിയാലോചന അഥവാ ശൂറാ. അഭിപ്രായം ആരായുന്നതിന് വേണ്ടി കല്‍പന ക്രിയകള്‍ ഉപയോഗിക്കും. 'നോക്കൂ, എന്താണ് നിന്റെ അഭിപ്രായം?'(അസ്സ്വാഫ്ഫാത്ത് 102). ഇബ്‌റാഹീം നബി (അ) ബലിക്ക് സന്നദ്ധാനാണോ എന്ന് ഇസ്മാഈലിനോട് ആരായുന്നതാണ് സന്ദര്‍ഭം.
ഇരുപത്തിമൂന്ന്; പാഠമുള്‍ക്കൊള്ളല്‍ അഥവാ ഇഅ്തിബാര്‍. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍ വചനം ഇങ്ങനെ; 'അതില്‍ ഫലം കായ്ച്ചാല്‍ ആ ഫലങ്ങള്‍ നിരീക്ഷിക്കുക' (അല്‍അന്‍ആം 99).
കല്‍പനക്രിയയുടെ ഈ അര്‍ഥ വൈപുല്യത്തിന് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഇനിയും ഒട്ടേറെ ഉദാഹരണങ്ങള്‍ ഉദ്ധരിക്കാനാകും. ശാസനാ പ്രയോഗങ്ങളില്‍ (ഫിഅ്‌ലുല്‍ അംറ്) വന്നിട്ടുള്ള ഇവയുള്‍പ്പെടുന്ന ഖുര്‍ആന്‍- സുന്നത്ത് പാഠങ്ങളെല്ലാം നിര്‍ബന്ധത്തെ (ഫര്‍ദ്, വാജിബ്) കുറിക്കുന്നതായാല്‍ ഇസ്‌ലാം മനുഷ്യ വിരുദ്ധമായ ഒരു മുരടന്‍ മതമായിത്തീരുമായിരുന്നു. ഇസ്‌ലാം മനുഷ്യന്റെ ജീവിത ദര്‍ശനമാകുന്നത് അവന്റെ പ്രകൃതത്തെയും സാഹചര്യങ്ങളെയും ഇത്രമേല്‍ ചേര്‍ത്തു പിടിക്കുന്നതുകൊണ്ടാണ്
ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ ഉദാഹരിക്കുന്ന വിഷയങ്ങളിലൊന്നാണ് താടിവളര്‍ത്തുന്നതിന്റെ ഇസ്‌ലാമിക വിധി. മുസ്‌ലിം പുരുഷന്‍ താടിവളര്‍ത്തല്‍ നിര്‍ബന്ധം (വാജിബ്) ആണോ? അതോ, ഐഛികമോ (നദ്ബ്)? താടി വടിക്കുകയോ വെട്ടുകയോ ചെയ്യുന്നത് നിഷിദ്ധവും (ഹറാം), ശിക്ഷാര്‍ഹമായ കുറ്റവുമാണോ? താടിവളര്‍ത്തുകയും മീശ കത്രിക്കുകയും ചെയ്യണം എന്ന് ആവശ്യപ്പെടുന്ന പ്രബലമായ നബി വചനങ്ങള്‍ ഒന്നിലേറെയുണ്ട്. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: 'നിങ്ങള്‍ ബഹുദൈവാരാധകര്‍ക്ക് വിരുദ്ധം പ്രവര്‍ത്തിക്കുക. താടിവളര്‍ത്തുക. മീശ വെട്ടുക' (സ്വഹീഹുല്‍ ബുഖാരി, കിതാബു ല്ലിബാസ്, 5892. മുസ്‌ലിം, തിര്‍മിദി, നസാഈ, അബൂദാവൂദ്, അഹ്മദ് തുടങ്ങിയവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്). അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: 'മീശ കത്രിക്കുക, താടിവളര്‍ത്തുക, യഹൂദര്‍ക്ക് എതിരാവുക' (സ്വഹീഹു മുസ്‌ലിം കിതാബുത്ത്വഹാറത്ത്, 260). ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ താടിവളര്‍ത്തല്‍ നിരുപാധികം നിര്‍ബന്ധമാണെന്നും താടി വടിക്കുന്നത് നിഷിദ്ധമാണെന്നും അഭിപ്രായപ്പെടുന്നു. ചിലര്‍ താടി വളര്‍ത്തുന്നതോടൊപ്പം, അത് വെട്ടി ക്രമപ്പെടുത്താം എന്ന് പറയുമ്പോള്‍, മറ്റു ചിലര്‍ താടി വെട്ടി ശരിപ്പെടുത്താന്‍ പാടില്ലെന്നും അത് ഉള്ള രൂപത്തില്‍ തന്നെ വളരാന്‍ വിടുകയാണ് വേണ്ടതെന്നും നിലപാട് സ്വീകരിക്കുന്നു. ചിലര്‍, താടിവളര്‍ത്തുന്നത് പ്രബലമായ സുന്നത്ത് ആണെന്നും താടി വടിക്കുന്നത് നിഷിദ്ധം (ഹറാം) അല്ലെന്നും അഭിപ്രായമുള്ളവരാണ്. മുസ്‌ലിം ലോകത്ത് പരിചിതമായ ഈ ചര്‍ച്ച വിവാദ വിഷയം കൂടിയാണ്. ഹദീസിലെ കല്‍പനക്രിയയുടെ അര്‍ഥ ഭേദങ്ങളാണ് അഭിപ്രായ ഭിന്നതയുടെ അടിസ്ഥാനം. 'വളര്‍ത്തൂ' (അഅ്ഫൂ, അര്‍ഖൂ, വഫ്ഫിറൂ) എന്നത് കല്‍പനക്രിയയാണ്. ഇത് നിര്‍ബന്ധത്തെ കുറിക്കുന്നു എന്നാണ് ഒരു പക്ഷം. ഈ നിര്‍ബന്ധ ശാസന ലംഘിക്കുന്നത് കുറ്റകരമാകുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
'താടി വളര്‍ത്തൂ' എന്ന നബിയുടെ ശാസന നിരുപാധിക നിര്‍ബന്ധത്തെ കുറിക്കുന്നതല്ല. ഒരു പ്രത്യേക കാരണത്തെ ആധാരമാക്കിയുള്ള ആവശ്യമാണ്. മുശ്‌രിക്കുകളോടും യഹൂദരോടും എതിരാവുക എന്നതാണത്. ഈ കാരണം ഒട്ടും പരിഗണിക്കാതെ നിരുപാധികം ആ നിയമം അംഗീകരിക്കുകയോ, നടപ്പിലാക്കുകയോ ചെയ്യേണ്ടതില്ല എന്നത് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ (ദലാലത്തു സ്വീഗതൈ അല്‍അംറി വന്നഹ്‌യ്, അലി ജുമുഅ മുഹമ്മദ്, ദാറുല്‍ ഇഫ്താ അല്‍ മിസ്ര്‌രിയ്യ, ഫത്‌വ നമ്പര്‍ 201/2011, 15.12.2017). യഥാര്‍ഥത്തില്‍, 'ജൂത-ക്രൈസ്തവര്‍ക്ക് എതിരാവുക' എന്ന ലക്ഷ്യമോ, കാരണമോ, നിബന്ധനയോ ആണ് താടി വളര്‍ത്താന്‍ ആവശ്യപ്പെടുന്നതിന് പിന്നിലുള്ളത്. അപ്പോള്‍ ഈ കല്‍പന സോപാധികമാണ്. സാമൂഹികമോ, രാഷ്ട്രീയമോ മറ്റോ ആയ കാരണങ്ങളാണ്, ശാരീരികമായ വേര്‍തിരിവുകള്‍ കൂടി വേണം എന്ന നിര്‍ദേശത്തിന്റെ നിദാനം. സംഘര്‍ഷ സാഹചര്യങ്ങളിലെ തിരിച്ചറിയല്‍ ഉദാഹരണം. രാഷ്ട്രീയ കാരണങ്ങളാല്‍ മുടിയില്‍ ചായം തേക്കാന്‍ നബി(സ) നല്‍കിയ നിര്‍ദേശം ഇവിടെ ഓര്‍ക്കുക. ജാബിറുബ്‌നു അബ്ദില്ല പറയുന്നു; മക്കാ വിജയ ദിവസം അബു കുഹാഫയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ തലയും താടിയും സഗാമ മരം പോലെ വെളുത്തതായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ നബി പറഞ്ഞു: ചായം പൂശി ഈ നര മാറ്റുക, കറുപ്പ് ചായം വേണ്ട (സ്വഹീഹ് മുസ്‌ലിം 2102, അല്ലിബാസു വസ്സീനത്ത്). യുദ്ധമുന്നണിയിലുള്ളത് വൃദ്ധരാണെന്ന് എതിരാളികള്‍ക്ക് തോന്നാതിരിക്കാനാണ് നര മാറ്റാന്‍ പറഞ്ഞത്. ഇതൊരു യുദ്ധതന്ത്രവും രാഷ്ട്രീയ പശ്ചാത്തലമുള്ള നിര്‍ദേശവുമാണ്. ഈ കല്‍പന നിരുപാധികം നിര്‍ബന്ധമായെടുത്ത് മറ്റെല്ലാ സന്ദര്‍ഭത്തിലും നരച്ച മുടിയില്‍ ചായം പൂശല്‍ നിര്‍ബന്ധമാണെന്ന് പറയാന്‍ പറ്റില്ല. എന്നല്ല, ഇതിലെ 'കറുപ്പ് ഒഴിവാക്കുക' എന്ന ഭാഗം ദുര്‍ബലമാണെന്നും കറുപ്പ് നിറം നല്‍കുന്നത് നിരുപാധികം  അനുവദനീയമാണെന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ഹാശിയത്തു ഇബ്‌നു ആബിദീന്‍ 6/756). യുദ്ധത്തില്‍ കറുപ്പ് നിറം നല്‍കല്‍  അനുവദനീയമാണെന്നും യുദ്ധത്തിലല്ലെങ്കില്‍ അനഭിലഷണീയം (കറാഹത്ത്) ആണെന്നും ശാഫിഈ പണ്ഡിതര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു (ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഫത്ഹുല്‍ ബാരി, 6/499, ഹാശിയത്തു ഇബ്‌നുല്‍ ആബിദീന്‍ 6/422, അല്‍ജൗഹറത്തുന്നയിറ 2/282). അതായത്, ഇത്തരം ഹദീസുകളുടെ ആഗമന പശ്ചാത്തലങ്ങളും (സബബുല്‍ വുറൂദ്) ഉദ്ദേശ്യലക്ഷ്യങ്ങളും വെച്ചു കൊണ്ടാണ് അതിലെ കല്‍പന ക്രിയകളുടെ സ്വഭാവം മനസ്സിലാക്കേണ്ടത്. ഈ മനസ്സിലാക്കലില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാകാം. അങ്ങനെയാണ് ഇത്തരം വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ രൂപപ്പെടുന്നത്. 'ജൂത-ക്രൈസ്തവരോട് എതിരാവുക' എന്ന ലക്ഷ്യം ഇല്ലെങ്കില്‍ മാത്രമേ താടിവളര്‍ത്തല്‍ നിരുപാധികം നിര്‍ബന്ധമാണെന്ന് പറയാന്‍ പറ്റു. അതു കൊണ്ടാകണം ശാഫിഈ പണ്ഡിതന്മാരില്‍ ഒരു വിഭാഗം താടിവളര്‍ത്തല്‍ നിര്‍ബന്ധമല്ല, താടി വടിക്കല്‍ നിഷിദ്ധമല്ല, അനഭിലഷണീയമാണ് എന്ന അഭിപ്രായം പ്രകടിപ്പിച്ചത്  (അല്‍ മൗസൂഅത്തുല്‍ ഫിഖ്ഹിയ്യ അല്‍ കുവൈതിയ്യ 35/225226). 'എതിരാകണം' എന്നത് നിര്‍ബന്ധത്തിനുള്ള ന്യായമല്ല. ആയിരുന്നെങ്കില്‍, 'മുശ്‌രിക്കുകള്‍ക്ക് എതിരാകണം' എന്ന് പറഞ്ഞേടത്തെല്ലാം അവ നിര്‍ബന്ധം (വാജിബ്) ആകേണ്ടിയിരുന്നു (ശൈഖ് അബ്ദുല്‍ അസീസ് അല്‍ ഇമാരീ, ഇഫാദത്തു ദവില്‍ അഫ്ഹാമി ബി അന്ന ഹല്‍ഖുലിഹ്‌യത്തി മക്‌റൂഹുന്‍ ലൈസ ബിഹറാമിന്‍, പേജ് 30 ). മുടിയിലെ ചായം പൂശല്‍ ഉദാഹരണം. അബൂ ഹുറയ്‌റ (റ) നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: 'യഹൂദരും ക്രൈസ്തവരും മുടിയില്‍ ചായം പൂശാറില്ല. നിങ്ങള്‍ അവര്‍ക്ക് വിരുദ്ധമായി ചെയ്യുക'(ബുഖാരി, മുസ്‌ലിം). ഇവിടെ, 'വിരുദ്ധമായി ചെയ്യൂ' എന്ന കല്‍പനക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ടും ചായം പൂശല്‍ നിര്‍ബന്ധം (വാജിബ്) ആണെന്ന് ആരും വാദിക്കാറില്ല, അത് ഐഛികമാണെന്ന നിലയില്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ചെയ്യാറുമില്ല (ഡോ. അലി ജുമുഅ, അല്‍ബയാനു ലിമാ യശ്ഗുലുല്‍ അദ്ഹാന്‍, പേജ് 330). ചായം പൂശല്‍ സുന്നത്താണെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ല, ചായം പൂശാതിരിക്കുന്നത് യഹൂദരോടും ക്രൈസ്തവരോടും സാദൃശ്യപ്പെടലായിരിക്കെത്തന്നെ (ശൈഖ് അബ്ദുല്‍ അസീസ് അല്‍ ഇമാരീ, ഇഫാദത്തു ദവില്‍അഫ്ഹാമി ബിഅന്ന ഹല്‍ഖു ലിഹ്‌യത്തി മക്‌റൂഹുന്‍ ലൈസബി ഹറാമിന്‍, പേജ് 54, ദാറുല്‍ ആസാറില്‍ ഇസ്‌ലാമിയ്യ).
ജൂതന്മാര്‍ക്ക് എതിരാകാന്‍ വേണ്ടി ചെരിപ്പ് ധരിച്ച് നമസ്‌കരിക്കരിക്കണമെന്ന് നബി(സ) കല്‍പിച്ചിട്ടുണ്ട്. ഈ ഹദീസനുസരിച്ച് നാമെല്ലാം ചെരിപ്പ് ധരിച്ച് നമസ്‌കരിക്കല്‍ നിര്‍ബന്ധം (വാജിബ്) ആണ്. നാം നമസ്‌കാരത്തില്‍ നിര്‍ബന്ധമായും ചെരുപ്പ് ധരിക്കാറുണ്ടോ!? ശദ്ദാദു ബ്‌നു ഔസ് തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: 'നിങ്ങള്‍ ജൂതന്മാര്‍ക്ക് എതിര് ചെയ്യുക. അവര്‍ ചെരിപ്പ് അണിഞ്ഞോ, ഖുഫ്ഫ ധരിച്ചോ നമസ്‌കരിക്കാറില്ല' (സ്വഹീഹു അബീദാവൂദ് 652, ഇത് പ്രബലമാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഹിബ്ബാന്‍ 2186, ബസ്സാര്‍ 3480). നബി(സ) ചെരിപ്പും ഖുഫയും ധരിച്ച് സംസ്‌കരിക്കുന്നത് കണ്ടതായി അംറുബ്‌നു ശുഐബ് നിവേദനം ചെയ്തിട്ടുണ്ട് (അബൂദാവൂദ്, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ചത്).  അബു സഈദില്‍ ഖുദ്‌രി പറയുന്നു; ഒരിക്കല്‍ നബി നമസ്‌കാരത്തിന് നിന്നപ്പോള്‍ ചെരിപ്പുകള്‍ തന്റെ ഇടതുവശത്ത് അഴിച്ചു വെച്ചു. ഇതു കണ്ട് ജനങ്ങളും ചെരുപ്പ് അഴിച്ചു വെച്ചു. നമസ്‌കാരാനന്തരം നബി ചോദിച്ചു; 'നിങ്ങള്‍ എന്തിനാണ് ചെരിപ്പ് അഴിച്ചു വെച്ചത്?' അവര്‍ പറഞ്ഞു; 'താങ്കള്‍ അഴിച്ചു വെക്കുന്നത് കണ്ടതുകൊണ്ട്'! 'എന്റെ ചെരിപ്പില്‍ മാലിന്യമുണ്ടെന്ന് ജിബ്‌രീല്‍ അറിയിച്ചതുകൊണ്ടാണ് ഞാന്‍ അഴിച്ചു വെച്ചത്. നിങ്ങള്‍ പള്ളിയിലെത്തിയാല്‍ ചെരിപ്പ് പരിശോധിക്കുക. അതില്‍ ചളിയോ മാലിന്യങ്ങളോ ഉണ്ടെങ്കില്‍ അത് തുടച്ച് കളഞ്ഞ് അതണിഞ്ഞു കൊണ്ട് നമസ്‌കരിക്കുക' (സുനനു അബീദാവൂദ് 650, അഹ്മദ് 11169, അല്‍ അഹ്കാമുല്‍കുബ്‌റാ - അബ്ദുല്‍ ഹഖ് അല്‍ ഇശ്ബീലി 196, നവവി - അല്‍ മജ്മൂഅ് 3/132).
ഈ ഹദീസുകളുടെ  പ്രയോഗങ്ങളും ശൈലിയും അനുസരിച്ച് മുസ്‌ലിംകള്‍ ചെരുപ്പ് ധരിച്ച് നമസ്‌കരിക്കല്‍ നിര്‍ബന്ധമായിത്തീരുന്നു. പൊതുവില്‍ മുസ്‌ലിം ലോകത്ത് ഇങ്ങനെയൊരു വാദമില്ലെങ്കിലും, വിരലിലെണ്ണാന്‍ പോലുമില്ലാത്ത ചിലര്‍ ചെരിപ്പണിഞ്ഞ് നമസ്‌കരിക്കണമെന്ന നിലപാടുകാരാണ്! ഹദീസുകളുടെ പ്രത്യക്ഷാര്‍ഥവും അക്ഷരവായനയുമാണ് ഇതിന്റെ അടിസ്ഥാനം. താടി വടിക്കുന്നത് നിഷിദ്ധം (ഹറാം) ആകുന്നതും ഈ വ്യാഖ്യാനപ്രകാരമാണ്. എന്നാല്‍, താടിവളര്‍ത്തുന്നത് നബിചര്യയില്‍പെട്ട ഐഛിക കാര്യം മാത്രമാണെന്ന പണ്ഡിതാഭിപ്രായമാണ് ശരി.  

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌