Prabodhanm Weekly

Pages

Search

2019 നവംബര്‍ 29

3128

1441 റബീഉല്‍ ആഖിര്‍ 02

ചരിത്രരേഖകള്‍ സ്ഥാപിച്ചെടുത്ത കൈവശാവകാശം

ഹസനുല്‍ ബന്ന

(അന്തിമ വിധിയിലെ അന്തഃസംഘര്‍ഷം- ഭാഗം രണ്ട്)

'രാം ഛബൂത്ര എന്നു പറഞ്ഞ് പൂജ തുടങ്ങിയ പുറത്തെ പള്ളിമുറ്റത്തു നിന്നുള്ള വാതില്‍ കടന്നാല്‍ അകത്തെ പള്ളിമുറ്റമായി. അതും കടന്ന് ഉള്ളില്‍ ചെല്ലുമ്പോഴാണ് ബാബരി മസ്ജിദ് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ആ മൂന്ന് താഴികക്കുടങ്ങള്‍' എന്ന് പറഞ്ഞ് തകര്‍ക്കപ്പെടും മുമ്പ് ഒരിക്കലും കാണാത്തവര്‍ക്ക് പോലും 16-ാം നൂറ്റാണ്ടിലുണ്ടാക്കിയ ബാബരി മസ്ജിദിന്റെ ചിത്രം മനസ്സില്‍ പതിയുന്ന തരത്തിലായിരുന്നു അഡ്വ. രാജീവ് ധവാന്റെ കേസ് അവതരണം. 1885-ല്‍ കോടതിയില്‍ സമര്‍പ്പിച്ച ഭൂപടത്തില്‍ ഹിന്ദുപക്ഷത്തിന്റെ എല്ലാ അവകാശവാദങ്ങളും അടയാളപ്പെടുത്തിയിട്ടും ആ മൂന്ന് താഴികക്കുടങ്ങളുള്ള ഭാഗം പള്ളി തന്നെയാണെന്ന് അംഗീകരിച്ചത് സുപ്രീംകോടതിക്ക് മുമ്പാകെ ധവാന്‍ സമര്‍പ്പിച്ച ഏറ്റവും വലിയ തെളിവായിരുന്നു. പള്ളിമുറ്റത്ത് ആരാധിക്കാനുള്ള അവകാശമല്ലാതെ രാമജന്മഭൂമിയാണെന്നു പറഞ്ഞ് അകത്തെ പള്ളിക്ക് മേല്‍ ഹിന്ദുമത വിശ്വാസികള്‍ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നതിന്റെ ജീവിക്കുന്ന ചരിത്രരേഖയാണത്. ഈ ഭൂപടത്തില്‍ മാറ്റം വരുത്തി അകത്തെ പള്ളിക്കകത്ത് ശ്രീരാമഭഗവാന്റെ വിഗ്രഹം ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്ത് 1985-ല്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ പുതിയൊരു ഭൂപടമുണ്ടാക്കിയിരുന്നു. ഈ പുതിയ ഭൂപടവും മുന്‍ ഐ.പി.എസ് ഓഫീസര്‍ കിഷോര്‍ കുനാലിന്റെ 'അയോധ്യ റിവിസിറ്റഡ്' എന്ന പുസ്തകത്തിനൊപ്പം തന്റെ വാദത്തിനായി തെളിവായി വികാസ് സിംഗ് സമര്‍പ്പിച്ചതാണ് അവസാനദിവസം നാടകീയ രംഗത്തിന്  വഴിവെച്ചത്. ഇത് അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതല്ലെങ്കില്‍ പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയപ്പോള്‍ താന്‍ ഭൂപടം മാത്രം സമര്‍പ്പിക്കാമെന്ന് പറഞ്ഞ് വികാസ് സിംഗ് അത് കൈമാറി. രാമന്റെ ജന്മസ്ഥലം എവിടെയാണ് എന്ന് കാണിക്കുന്ന ഭൂപടത്തില്‍ രേഖപ്പെടുത്തിയത് കാണിക്കാനായിരുന്നു വികാസ് സിംഗിന്റെ ശ്രമം. അപ്പോഴാണ് തെളിവായി സ്വീകരിക്കാന്‍ പറ്റാത്ത ഈ കടലാസ് താനെന്തു ചെയ്യണമെന്ന് ധവാന്‍ ചോദിച്ചത്. അത് കീറിക്കളഞ്ഞേക്കൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതും എല്ലാവരുടെയും മുന്നില്‍ ആ കൃത്രിമഭൂപടം ധവാന്‍ വലിച്ചുകീറി.

പ്രാര്‍ഥനാവകാശം കൈവശാവകാശമല്ല
ഇതിനിടയിലാണ്, ബാബരി പള്ളിയുടെ ഒരു ഭാഗത്ത് ഹിന്ദുക്കളെ ആരാധന നടത്താനായി അനുവദിച്ചതും ഒരു തരത്തിലുള്ള കൈവശാവകാശമല്ലേ എന്ന് ജസ്റ്റിസ് ബോബ്‌ഡെ വീണ്ടും ചോദിച്ചത്. ബാബരി ഭൂമിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥനാനുമതി നല്‍കിയതുകൊണ്ട് ഭൂമി മുസ്‌ലിംകളുടേത് അല്ലാതാകില്ല എന്ന് ധവാന്‍ അത് ഖണ്ഡിച്ചു. അതിനു ശേഷം മറ്റൊരു രൂപത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അതേ ചോദ്യം ഉന്നയിച്ചു. രാം ഛബൂത്രയും സീതാ രസോയിയുമെല്ലാം ആരാധനക്ക് അനുവദിച്ചത് ചൂണ്ടിക്കാട്ടി അത് ബാബരിഭൂമിയില്‍ ഹിന്ദുക്കള്‍ക്കുള്ള അവകാശത്തിന്റെ തെളിവായെടുത്തുകൂടേ എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യം. സംശയം തീരാതെ വേലി കെട്ടി വേര്‍തിരിച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥിക്കാന്‍ അനുവാദം നല്‍കിയത് മുസ്‌ലികളുടെ കൈവശാവകാശത്തെ ലഘൂകരിക്കില്ല എന്ന് ജസ്റ്റിസ് ബോബ്‌ഡെയെ ധവാന്‍ ഓര്‍മിപ്പിച്ചു. തന്റെ ഭൂമിയോട് ഇതിനെ ഉദാഹരിച്ച ധവാന്‍ അവിടെ ഒരാള്‍ വന്ന് പ്രാര്‍ഥനക്ക് ഉപയോഗിക്കാന്‍ അനുമതി ചോദിക്കുമ്പോള്‍ അത് കൊടുത്താല്‍ ആ ഭൂമിയുടെ കൈവശാവകാശം അദ്ദേഹത്തിനാവുന്നത് എങ്ങനെയാണെന്ന് ചോദിച്ചു. അതുപോലെയാണ് ബാബരി ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനക്ക് ബ്രിട്ടീഷുകാര്‍ അനുമതി നല്‍കിയത്. കിഴക്കേ വാതിലിലൂടെ ബാബരി മസ്ജിദിനകത്ത് കടക്കാന്‍ മുസ്‌ലിംകള്‍ക്ക് മാത്രം അനുമതി നല്‍കിയത് മുസ്‌ലിംകള്‍ക്കുള്ള ഉടമസ്ഥാവകാശത്തിന്റെ തെളിവാണ്. ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥനാനുമതിയില്‍ കൂടുതല്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യാനന്തരം തുടങ്ങിയ വാദം
സ്വാതന്ത്ര്യലബ്ധി വരെ ഇല്ലാതിരുന്ന അവകാശവാദം സ്വാതന്ത്ര്യാനന്തരമാണ് തുടങ്ങിവെച്ചത്. ബാബരി മസ്ജിദിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഇത്തരമൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ധവാന്‍ ബോധിപ്പിച്ചു. അതുവരെ പുറത്ത് പൂജ നടത്തിയിരുന്ന നിര്‍മോഹി അഖാഡ വിഗ്രഹം കൊണ്ടുവന്നിട്ട ശേഷമാണ് അകത്തേക്ക് പൂജ മാറ്റിയത്. എന്നിട്ടും പള്ളിക്കകത്ത് താഴികക്കുടത്തിന് താഴെയാണ് ശ്രീരാമന്‍ ജനിച്ച സ്ഥലം എന്ന് ഹിന്ദുക്കളാരും പറഞ്ഞിരുന്നില്ല. എണ്‍പതുകള്‍ക്കൊടുവില്‍ ആര്‍.എസ്.എസ് രാമക്ഷേത്ര പ്രസ്ഥാനത്തിന് തുടക്കമിട്ട ശേഷമാണ് അത്തരമൊരു അവകാശവാദം ആദ്യമായി ഉയരുന്നത്. ആ വാദവുമായി വിശ്വഹിന്ദു പരിഷത്ത് രാമവിഗ്രഹത്തിന്റെ പേരില്‍ കക്ഷി ചേര്‍ന്നത്. 1949 ഡിസംബര്‍ 22-നും 23-നും ഇടയിലുള്ള രാത്രി കൊണ്ടുവന്നിട്ട വിഗ്രഹങ്ങള്‍ 1992 ഡിസംബറില്‍ പള്ളി തകര്‍ക്കുന്നതു വരെ അവിടെ തുടര്‍ന്നു. പിന്നീട് പള്ളി പൊളിച്ച സ്ഥാനത്ത് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ക്ഷേത്രത്തില്‍ അവ പ്രതിഷ്ഠിക്കുകയും ചെയ്തു.  വിഗ്രഹം കൊണ്ടിടുന്നതു വരെ ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമി എന്നൊരാളും പറഞ്ഞിട്ടില്ല എന്ന് ധവാന്‍ ചൂണ്ടിക്കാട്ടി. അപ്പോഴും മധ്യത്തിലുള്ള താഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമിയെന്ന് പറഞ്ഞത് ആരൊക്കെയാണെന്നായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്ക് ധവാനില്‍നിന്ന് അറിയേണ്ടിയിരുന്നത്. അതാരായുക മാത്രമല്ല, ആ വിവരം കൂടി സമര്‍പ്പിക്കാന്‍ ധവാനോട് തന്നെ ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തു എന്നതാണ് ബാബരി കേസിന്റെ വിരോധാഭാസം. രാമജന്മഭൂമി എന്ന വാദത്തെ ബലപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലാത്തതുകൊണ്ടാണല്ലോ സാക്ഷിമൊഴികളെങ്കിലും കിട്ടുമോ എന്ന് ജസ്റ്റിസ് ബോബ്‌ഡെ അന്വേഷിച്ചത്.

പള്ളിയെന്നു തെളിഞ്ഞിട്ടും......
ബാബറല്ല, ഔറംഗസീബ് ആണ് പള്ളി നിര്‍മിച്ചതെന്ന് വാദിച്ച് ബാബരി മസ്ജിദിന്റെ ചരിത്രപരമായ അസ്തിത്വം തന്നെ നിഷേധിച്ച ഹിന്ദുപക്ഷത്തെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കാതിരുന്നതോടെ നിലനില്‍ക്കുന്നത് പള്ളിയാണെന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. കൈവശാവകാശത്തിന്റെ തുടര്‍ച്ചക്ക് വിഘ്‌നം വന്നിരുന്നില്ല എന്ന് സ്ഥാപിക്കാനുള്ള രേഖകളും തെളിവുകളും സമര്‍പ്പിക്കേണ്ട കാര്യമേ പിന്നീട് വഖ്്ഫ് ബോര്‍ഡിനുണ്ടായിരുന്നുള്ളൂ. ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രത്തിന് ചോദിച്ചു വന്ന അഭിഭാഷകരുടെ പക്കല്‍ കൈവശാവകാശത്തിന്റെ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ ആരാധനയുമായി ബന്ധപ്പെട്ട തര്‍ക്കം തുടങ്ങിയെന്ന് അവര്‍ അവകാശപ്പെടുന്ന 1855-നു ശേഷമുള്ള വസ്തുതകളും രേഖകളും വെച്ച് സുന്നി വഖ്്ഫ് ബോര്‍ഡിന് തങ്ങളുടെ കൈവശാവകാശം സ്ഥാപിച്ചെടുക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു.
1934-ല്‍ ബാബരി മസ്ജിദ് ആദ്യമായി ആക്രമിക്കപ്പെടുകയും അതിന്റെ താഴികക്കുടങ്ങളിലൊന്ന് തകര്‍ക്കപ്പെടുകയും ചെയ്ത വേളയില്‍ താഴികക്കുടം പുനര്‍നിര്‍മിക്കാനും മറ്റു കേടുപാടുകള്‍ തീര്‍ക്കാനും ബ്രിട്ടീഷ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് തന്നെയായിരുന്നു അതിലെ സുപ്രധാനമായ രേഖ. 1934-ന് ശേഷം ബാബരി മസ്ജിദില്‍ നമസ്‌കാരം നടന്നിട്ടില്ലെന്ന ഹിന്ദുപക്ഷം അഭിഭാഷകരുടെ വാദവും രാജീവ് ധവാനും സഫരിയാബ് ജീലാനിയും ചേര്‍ന്ന് ഖണ്ഡിച്ചു.
ബാബരി മസ്ജിദില്‍ പേഷ് ഇമാമായിരുന്ന അബ്ദുല്‍ ഗഫാറിന് കിട്ടാനുണ്ടായിരുന്ന ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് പള്ളിയുടെ ഭാരവാഹി സയ്യിദ് മുഹമ്മദ് സകിയും അബ്ദുല്‍ ഗഫാറും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് അക്കാലത്തും നമസ്‌കാരം നടന്നതിന്റെ തെളിവായി സുന്നീ വഖ്്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഡ്വ. സഫരിയാബ് ജീലാനി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി. പേഷ് ഇമാം ശമ്പള വര്‍ധനവിനായി വഖ്്ഫ് കമീഷണര്‍ക്ക് എഴുതിയത് സ്വകാര്യ രേഖയാണെന്നും പൊതുവായ രേഖയല്ലെന്നും പറഞ്ഞ് ജസ്റ്റിസ് അശോക് ഭൂഷണ്‍ വാദത്തിലിടപെട്ടു. എന്നാല്‍ ഈ കരാറിന്റെ പകര്‍പ്പ് 1945-ലെ കേസില്‍ സമര്‍പ്പിച്ചതാണെന്നും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുണ്ടെന്നും അതിനാല്‍ പൊതു രേഖയാണെന്നും സഫരിയാബ് ജീലാനി പ്രതികരിച്ചു. പേഷ് ഇമാം ശമ്പളക്കാര്യത്തില്‍ സമര്‍പ്പിച്ച മറ്റൊരു അപേക്ഷയില്‍ ഈ കരാറിനെ കുറിച്ച് പറയുന്നുണ്ടെന്ന് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. കേസിലെ സാക്ഷിയായ ദേവകി നന്ദന്‍ അഗര്‍വാള്‍ നല്‍കിയ മൊഴിയില്‍ വഖ്്ഫ് കമീഷണറുടെ കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും കെട്ടിടം പള്ളിയാണെന്നും 1934-നു ശേഷം അവിടെ നമസ്‌കാരം നടന്നിരുന്നുവെന്നുമുള്ളതിന്റെ തെളിവുകളാണിതെന്നും ജീലാനി തുടര്‍ന്നു.

ശീഈ വിഭാഗത്തിന് റോളില്ലാതായ കേസ്
പള്ളിക്കകത്ത് ശ്രീരാമന്റെ ജന്മസ്ഥലം ഉണ്ടോയെന്ന് സുന്നി വിഭാഗം ചോദിക്കുമ്പോള്‍ അതങ്ങ് ഹിന്ദുക്കള്‍ക്ക് കൊടുത്തേക്കൂ എന്ന ശീഈ വിഭാഗത്തിന്റെ ഉദാര നിലപാടിനെ ധവാന്‍ സുപ്രീംകോടതിയില്‍ കണക്കറ്റ് പരിഹസിച്ചു. ബാബരി ഭൂമിയില്‍ രാമന്‍ ജനിച്ചതിന് തെളിവൊന്നുമില്ലെന്ന് അലഹാബാദ് ഹൈകോടതിയില്‍ മൊഴി നല്‍കിയ ആള്‍ ഇന്ത്യാ ശീഈ കോണ്‍ഫറന്‍സ് ആണ് സുപ്രീംകോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന് ആ ഭൂമി തങ്ങളുടേതാണെന്നും അത് ഹിന്ദുക്കള്‍ എടുത്തോട്ടേയെന്നും  പറയുന്നതെന്ന് ബെഞ്ചിനെ ധവാന്‍ ഉണര്‍ത്തി. ബാബരി മസ്ജിദ് അല്ലാഹുവിന്റെ ഭവനമാണെന്നും ഭൂമി മുസ്‌ലിംകള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് അലഹാബാദ് ഹൈക്കോടതിയില്‍ അവര്‍ ബോധിപ്പിച്ചത്. അയോധ്യയില്‍ രാമന്‍ ജനിച്ചത് എന്ന് പറയുന്ന ചുരുങ്ങിയത് മൂന്ന് സ്ഥലങ്ങളെങ്കിലുമുണ്ട് എന്നും അവര്‍ പറഞ്ഞതാണ്. എന്നിട്ടുമവര്‍ പറയുന്നു, 'ഇത് ഞങ്ങളടെ ഭൂമിയാണ് എടുത്തോളൂ' എന്ന്. യഥാര്‍ഥത്തില്‍ അവര്‍ക്ക് ഈ ഭൂമിയില്‍ ഒരു അവകാശവും ഇല്ല. ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമി വഖ്ഫ് സ്വത്താണ്. അതിന്റെ ഉടമാവസ്ഥാവകാശം സുന്നീ വഖ്ഫ് ബോര്‍ഡിനാണ്. രാമന്‍ ജനിച്ച സ്ഥലത്താണ് പള്ളി നില്‍ക്കുന്നതെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ പള്ളി മാറ്റുമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് തന്നെ വ്യക്തമാക്കിയതാണെന്നും പറഞ്ഞ് ശീഈ വിഭാഗത്തിന് ഈ കേസില്‍ ഒരു റോളുമില്ലെന്ന് സ്ഥാപിക്കാന്‍ സുന്നി വഖ്ഫ് ബോര്‍ഡിനായി.

ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടുള്ള പള്ളിയല്ല
ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടാണെന്ന സംഘ് പരിവാര്‍ പക്ഷത്തുള്ള പുരാവസ്തു വിദഗ്ധരുടെ വാദം സുന്നി വഖ്ഫ് ബോര്‍ഡിന് തകര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് പുരാവസ്തു വിദഗ്ധരുടെ പര്യവേക്ഷണത്തില്‍ ബാബരി മസ്ജിദിനടിയില്‍ കിട്ടിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റേതാണെന്ന് എങ്ങനെ സ്ഥാപിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ഹിന്ദുപക്ഷത്തോട് ചോദിക്കേണ്ടിവന്നത്. അവശിഷ്ടങ്ങള്‍ ഹിന്ദുക്ഷേത്രത്തിന്റേതെന്ന് തെളിയിക്കാനുള്ള ബാധ്യത ഹിന്ദുപക്ഷത്തിനാണെന്നും അതിനുള്ള വാദം പൂര്‍ണമായും തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.
ബാബരി ഭൂമിയില്‍ കുഴിച്ചപ്പോള്‍ പുരാവസ്തു വിദഗ്ധര്‍ കണ്ട കെട്ടിടാവശിഷ്ടങ്ങള്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്ന് ഹിന്ദുപക്ഷത്തെ അഭിഭാഷകന്‍ വൈദ്യനാഥനും പരാശരനും ഒരുപോലെ വാദിച്ചപ്പോഴായിരുന്നു ഇത്.
പര്യവേക്ഷണത്തില്‍ കുഴിച്ചെടുത്ത തൂണുകള്‍ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ളതാണെന്ന് പുരാവസ്തു വിദഗ്ധരുടെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ ഒരു കെട്ടിടത്തിന്റേതാണെന്നും അത് ക്ഷേത്രമാണെന്നും പറയാനാവില്ലെന്നും സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി മീനാക്ഷി അറോറ വാദിച്ചിരുന്നു. അതിന് മറുവാദമാണ് വൈദ്യനാഥന്‍ നടത്തിയത്. ഇന്ത്യയില്‍ ചരിത്രം രേഖപ്പെടുത്തിയ രീതിയും പാശ്ചാത്യരുടെ രീതിയും വ്യത്യസ്തമാണെന്നായിരുന്നു വൈദ്യനാഥന്‍ നല്‍കിയ മറുപടി. നമ്മുടേത് ആചാരവും പാരമ്പര്യവും സംസ്‌കാരവും അടിസ്ഥാനമാക്കിയാണ്. അതിനാല്‍ യുക്തി നോക്കി അതിനെ തള്ളിക്കളയാനാവില്ല എന്നും വൈദ്യനാഥന്‍ വാദിച്ചു. സ്‌കന്ധ പുരാണത്തിലെ ശ്ലോകങ്ങളില്‍ ജന്മസ്ഥാനെ കുറിച്ച് പറയുന്നുണ്ടെന്ന് രാമ വിഗ്രഹത്തിനു വേണ്ടി പി.എസ് നരസിംഹ വാദിച്ചു.
രാമജന്മഭൂമിയിലല്ല പള്ളിയെന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മേലല്ല പള്ളി നിര്‍മിച്ചതെന്നും പഠനമുണ്ടെന്നും പറഞ്ഞ് നാലു ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ടുകള്‍ ധവാന്‍ സമര്‍പ്പിച്ചുവെങ്കിലും അത് സ്വീകരിക്കാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല. ആരാണ് ഈ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ബോബ്‌ഡെ ചോദിച്ചു. പ്രമുഖ ചരിത്രകാരന്മാര്‍ സ്വന്തം നിലക്കാണ് അത് ചെയ്തതെന്ന് ധവാന്‍ മറുപടിയും നല്‍കി. രാമക്ഷേത്രം പൊളിച്ച അവശിഷ്ടങ്ങള്‍ കൊണ്ടല്ല ബാബരി മസ്ജിദ് പണിതതെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയാണ് രാമക്ഷേത്രത്തിനായി വഖ്ഫ് ഭൂമി വിട്ടുകൊടുത്തത് എന്നതാണ് കൗതുകകരം. എന്നിട്ടും രാമജന്മഭൂമി തന്നെയാണ് ആ സ്ഥലം എന്നു പറയാനുള്ള അടിസ്ഥാനമായി ഉയര്‍ത്തിക്കാണിച്ചതാകട്ടെ കേവലം ഹിന്ദുക്കളുടെ വിശ്വാസം മാത്രവും. പതിനെട്ടാം നൂറ്റാണ്ടിലെ സഞ്ചാരസാഹിത്യത്തിലെ മൂര്‍ത്തമല്ലാത്ത കേട്ടുകേള്‍വി, രാമജന്മഭൂമി അവിടെ തന്നെയാണെന്ന പരാമര്‍ശത്തിന് തെളിവായി അഞ്ചംഗ ബെഞ്ച് വിധിയില്‍ കാണിക്കുകയും ചെയ്തു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (49)
ടി.കെ ഉബൈദ്‌