വാഗ്ദാന പാലനത്തിന് ശത്രു-മിത്രഭേദമില്ല
ഇസ്‌ലാമിക മദീനയുടെ ആരംഭകാല ഏടുകളില്‍ മനോഹരമായി പതിഞ്ഞ, മിന്നിത്തിളങ്ങുന്ന കുറേ മുഖങ്ങളുണ്ട്. പ്രവാചക സഖാക്കളുടെ തേജസ്സാര്‍ന്ന മുഖങ്ങള്‍. അവരുടെ ത്യാഗ ജീവിത ചരിതങ്ങളിലൂടെ എത്ര അഭിരമിച്ചാലും കൊതി തീരുകയില്ല. 'എന്റെ സഖാക്കള്‍ നക്ഷത്രങ്ങളെ പോലെയാണ്' എന്നാണ് റസൂല്‍ തിരുമേനി അവരെ നമുക്ക് പരിചയപ്പെടുത്തിയത്. നീലാകാശത്തിന്റെ നൂലെത്താത്ത കയങ്ങളില്‍ നീന്തിത്തുടിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് നബി തിരുമേനിയുടെ സഖാക്കള്‍ക്കു ഉചിതമായ ഉപമ. അവരെല്ലാവരും ഇഹലോക ജീവിതാംബരത്തില്‍ വെട്ടിത്തിളങ്ങി അസ്തമിച്ചു പോയിട്ട് ശതകങ്ങള്‍ ഏറെ കഴിഞ്ഞുപോയി.
എങ്കിലും, അനേക ദീപ്തി വര്‍ഷങ്ങള്‍ക്കകലെ, എന്നോ കെട്ടുപോയ നക്ഷത്രങ്ങള്‍ ഇന്നും നമ്മുടെ സൂര്യന്‍ കെട്ടുപോയ രാപ്പാതകളില്‍ ഇത്തിരി വെട്ടം തൂവുന്നത് പോലെ, തിരു സഖാക്കള്‍ നമ്മുടെ ജീവിതത്തിന്റെ തമോതലങ്ങളിലേക്ക് ഇപ്പോഴും ചാരു ശോഭ പകരുന്നു. ഇവരില്‍ പ്രാതഃസ്മരണീയനാണ് ഹുദൈഫത്തു ബ്‌നുയമാന്‍.
ഇവിടെ അദ്ദേഹത്തിന്റെ മൊത്തം ജീവിതം പകര്‍ത്താനൊന്നും ഉദ്ദേശ്യമില്ല. റസൂല്‍ തിരുമേനി അദ്ദേഹത്തിലൂടെ അക്കാലത്തും പില്‍ക്കാലത്തുമുള്ള വിശ്വാസികള്‍ക്കായി ഒരു വലിയ പാഠം പഠിപ്പിച്ചു തരുന്നുണ്ട്. ഇസ്‌ലാമികാദര്‍ശം സ്വീകരിച്ച വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ, പെരുമാറ്റത്തില്‍ അനിവാര്യമായി പ്രകടമാവേണ്ട പാഠം. യുദ്ധത്തിന് അന്യമതസ്ഥരായ ശത്രുക്കളോടു പോലും പുലര്‍ത്തേണ്ട മാനവിക നൈതികതയൂടെ ഒരിക്കലും തെറ്റിക്കാന്‍ പറ്റാത്ത പാഠം.
അതിനു മുമ്പെ, ഹുദൈഫയെ ഒന്നു പരിചയപ്പെടേണ്ടേ?
പിതാവായ യമാനും സഹോദരനുമൊത്ത് നബി തിരുമേനിയെ വന്നു കാണുന്നതിനു മുമ്പ് തന്നെ യുവാവായ ഹുദൈഫ മുസ്‌ലിമായി കഴിഞ്ഞിരുന്നു. പിതാവ് മക്കക്കാരനും മാതാവ് മദീനക്കാരിയും. ആദ്യം ഹുദൈഫ ആയോധന മുറകളില്‍ പ്രാവീണ്യം നേടി മികച്ച പോരാളിയായി. അന്യാദൃശമായിരുന്നു ആ പടക്കരുത്ത്. ഉഹുദ് മുതല്‍ തുടങ്ങി പോരാട്ടങ്ങള്‍. ഉഹുദില്‍ ഒരു ദാരുണ സംഭവമുണ്ടായി.
ഹുദൈഫയുടെ വയോധികനായ പിതാവും സത്യവിശ്വാസത്താല്‍ പ്രചോദിതനായി യുദ്ധക്കളത്തിലെത്തി. നബിതിരുമേനി മറ്റൊരു വയോധികനായ സാബിതുബ്‌നു വഖ്ശിനോടൊപ്പം അദ്ദേഹത്തെ സ്ത്രീകളുടെ തമ്പിനു കാവല്‍ നിര്‍ത്തി. യുദ്ധം മുറുകിയപ്പോള്‍ ഇരുവരും തമ്മില്‍ പറഞ്ഞു: 'നമുക്ക് വയസ്സായി ഇനി നാം എത്ര കാലം ജീവിക്കും! നമുക്ക് പോയി പടവെട്ടിയാല്‍ രക്തസാക്ഷ്യത്തിനു മഹാഭാഗ്യം കിട്ടിയാലോ?' രണ്ടു പേരും ഒന്നിച്ചിറങ്ങി. ശത്രുക്കളുടെ വെട്ടേറ്റു ആദ്യം സാബിത് ശഹീദായി. പിന്നെ യമാന്റെ ദേഹത്തും വാളുകള്‍ വീണു. അതു പക്ഷേ, ശത്രുക്കളുടെ വാളുകളായിരുന്നില്ല, ആളെ തിരിച്ചറിയാന്‍ പറ്റാതിരുന്ന മുസ്‌ലിം ഭടന്മാരുടെ ഖഡ്ഗങ്ങള്‍ തന്നെ ആയിരുന്നു. ശത്രുക്കളെ നേരിടുന്നതിനിടെ അത് എന്റെ പിതാവാണ് എന്ന് ഹുദൈഫ വിളിച്ചുപറയുന്നുണ്ടായിരുന്നു. നേരിട്ടു വെട്ടുന്ന സമരത്തിരക്കില്‍ ആരു കേള്‍ക്കാന്‍!
അദ്ദേഹം പടക്കളത്തില്‍ പ്രാണനറ്റു വീണു.
നബി തിരുമേനി ഹുദൈഫയെ സാന്ത്വനിപ്പിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. 'അബദ്ധ വധ'ത്തിന് നഷ്ടപരിഹാരം വിധിച്ചു. ഹുദൈഫ പറഞ്ഞു: 'റസൂലേ, എനിക്ക് നഷ്ടപരിഹാരമൊന്നും വേണ്ട. അത് അങ്ങ് അര്‍ഹരില്‍ ദാനമായി വിതരണം ചെയ്താലും. അദ്ദേഹം ഏതായാലും രക്തസാക്ഷ്യം അഭിലഷിച്ചിരുന്നതല്ലേ.'
പിന്നീട് നാം കാണുന്നത് നബിതിരുമേനി, ഹുദൈഫയെ ഗംഭീരമായ ഒരു രാഷ്ട്രീയ ചുമതല ഏല്‍പ്പിക്കുന്നതാണ്. അതായത്, രാജ്യത്തിനകത്തെ വിപ്ലവ വഞ്ചകരായ അഞ്ചാം പത്തികളെ(മുനാഫിഖുകള്‍)കുറിച്ച സമ്പൂര്‍ണ വിവരങ്ങള്‍ തിരുമേനി അദ്ദേഹത്തിന് മാത്രമായി കൈമാറി. വാസ്തവത്തില്‍ അതൊരു നിയമനം ആയിരുന്നു. അല്ലാതെ, ഒരു കേവല വിവരവിനിമയത്തില്‍ എന്തു കാര്യമാണ്!
ഈ 'നിയമനം' ഇസ്‌ലാമിക മദീനക്ക് മുഴുവന്‍ അറിയാമായിരുന്നു എന്നതില്‍നിന്ന് തന്നെ അതിന്റെ ഉദ്ദേശ്യവും വെളിപ്പെടുന്നുണ്ട്. ഭരണാധികാരിയായ തിരുനബിയുടെ രാഷ്ട്രതന്ത്രനൈപുണി വിളിച്ചോതുന്നതാണ് ഈ സംഭവം. 'തിരുരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍' (സ്വാഹിബുസ്സിര്‍റ്) എന്ന ആദരപ്പേര് നല്‍കി അന്ന് തൊട്ട് മുസ്ലിം സമൂഹം അദ്ദേഹത്തെ നെഞ്ചിലേറ്റുന്നു.
ഇപ്പോള്‍ ഹുദൈഫ ആരെന്നറിഞ്ഞില്ലേ? ഇങ്ങനെയൊക്കെയുള്ള ഹുദൈഫയും പിതാവും, ബദ്‌റിനു മുമ്പ് തന്നെ ഇസ്‌ലാമിക സംഘത്തിലെത്തിയിട്ടും, അവര്‍ വിധി നിര്‍ണായകമായ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായില്ലെന്നു ചരിത്രം രേഖപ്പെടുത്തുന്നു. എന്തു കൊണ്ട്? പറയാം.
ബദ്‌റിലെ സംഘട്ടനം ഉറപ്പായ ഘട്ടത്തില്‍ ഇരുവരും മദീനക്ക് പുറത്തായിരുന്നു. റസൂലിന്റെ അടുത്തേക്ക് വരുന്ന വഴി അവരെ മക്കയിലെ ശത്രുക്കള്‍ പിടികൂടി. മുഹമ്മദിന്റെ പക്ഷം ചേര്‍ന്ന് തങ്ങളോട് യുദ്ധം ചെയ്യില്ലെന്ന് ഉറപ്പു പറഞ്ഞു സത്യം ചെയ്യിച്ച ശേഷമേ അവരെ ജീവനോടെ വിട്ടുള്ളൂ.
ഇരുവരും റസൂലിന്റെ അടുത്തെത്തി വിവരങ്ങള്‍ പറഞ്ഞു. 'നാം അവര്‍ക്ക് നല്‍കിയ ഉറപ്പ് നാം പാലിക്കും. ഒപ്പം അവര്‍ക്കെതിരെ വിജയത്തിനായി നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയൂം ചെയ്യും.' റസൂല്‍ ദൃഢസ്വരത്തില്‍ പ്രതികരിച്ചു. ഇരുവരോടും യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സ്‌നേഹപൂര്‍വം നിര്‍ദേശിക്കുകയും ചെയ്തു.
തന്റെ രാജ്യത്തിലെ രണ്ടു പൗരന്മാര്‍, അവരുടെ ജീവന്‍ അപകടത്തിലായ നിര്‍ബന്ധിതാവസ്ഥയില്‍ ശത്രുക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതിന്റെ ഉത്തരവാദിത്തം, റസൂല്‍ അഥവാ ഇസ്‌ലാമിക രാജ്യം, ഏറ്റെടുക്കുന്ന സുന്ദരമായ കാഴ്ചയാണിത്.
അവരെ മാറ്റി നിര്‍ത്തുമ്പോള്‍, ബദ്‌റില്‍ പങ്കെടുക്കാനുള്ള ഈ രണ്ടു പേരുടെയും അഭിലാഷം എത്രമാത്രം തീക്ഷ്ണമായിരുന്നു എന്നും, അവരുടെ പോരാട്ട ശേഷി അന്നത്തെ ബദ്‌റില്‍ എത്രമാത്രം അനിവാര്യമായിരുന്നു എന്നും ചരിത്രം പഠിക്കുന്നവര്‍ക്കെല്ലാം നന്നായി അറിയാം. എന്നിട്ടും നാം വാക്ക് പാലിക്കുമെന്നും രണ്ടു യോദ്ധാക്കളുടെ അഭാവം സൃഷ്ടിക്കുന്ന ദൗര്‍ബല്യങ്ങള്‍ക്ക് അല്ലാഹുവിനോട് അധിക സഹായം ഇരന്ന് നേടുമെന്നുമാണ് പ്രവാചകന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍. വാഗ്ദാന പാലനത്തിന് ആദര്‍ശ - മത ഭിന്നതകളോ, ശത്രു മിത്ര ഭേദമോ, സാഹചര്യ സമ്മര്‍ദങ്ങളോ ബാധകമാക്കരുതെന്ന് ലോകാവസാനം വരെയുള്ള തന്റെ സമൂഹത്തെ ഇതിനേക്കാള്‍ നന്നായി എങ്ങനെയാണ് പ്രവാചകന്‍ പഠിപ്പിക്കുക!
ലോകത്ത് ഏതു കാലത്ത്, എവിടെയായിരുന്നാലും ഒരു ബഹുസ്വര സമൂഹത്തില്‍ ഒത്തുപോകാനുള്ള ഇസ്‌ലാമിന്റെ സത്തയിലലിഞ്ഞ സഹജീവനശേഷി, ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് ഒരാള്‍ക്ക് എടുത്തുകാട്ടാന്‍ ആവുക!!
Comments