പരമത സഹവര്‍ത്തിത്വം
ഇസ്‌ലാമിക മദീനയുടെ ഒരു പ്രാരംഭകാല പുലര്‍കാലം. റസൂലും ഏതാനും അനുയായികളും മദീനാ പള്ളിയുടെ ചാരത്തായി നില്‍ക്കുന്നു. അവരില്‍ മുഹാജിറുകളും അന്‍സ്വാറുകളുമുണ്ട്. നബിതിരുമേനി ഉമറുല്‍ ഫാറൂഖുമായി എന്തോ പ്രത്യേക കാര്യം സംസാരിച്ചുകൊിരിക്കുന്നു. അപ്പോഴതാ ഗ്രാമീണനായ ഒരു മധ്യവയസ്‌കന്‍ ധൃതിയില്‍ നടന്നു വരുന്നു. തിരുമേനിയെയാണ് അയാള്‍ ലാക്കാക്കുന്നതെന്ന് അടുത്തെത്താറായപ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസ്സിലായി. അതിനാല്‍ ചിലരൊക്കെ തിരുമേനിയോട് കുറച്ചുകൂടി ചേര്‍ന്നുനിന്നു. ആഗതനു എന്തെങ്കിലും അധമലക്ഷ്യം ഉണ്ടോ എന്ന് മുന്‍കൂട്ടി അറിയാനാവില്ലല്ലോ.
റസൂലിനു ഭാവഭേദങ്ങളൊന്നുമില്ല. തിരുമേനി ആളെ തിരിച്ചറിഞ്ഞിരിക്കുന്നു. ആകപ്പാടെ ഒരു പരുക്കന്‍ മട്ടാണ് വരുന്നയാള്‍ക്ക്. റസൂലിന്റെ അടുത്തെത്തിയതും അയാള്‍ തിരുമേനിയുടെ മേല്‍വസ്ത്രങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു: 'മുഹമ്മദേ, എന്താണ് എന്റെ ഇടപാട് തീര്‍ക്കാത്തത്? അല്ലെങ്കിലും നിങ്ങള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മക്കള്‍ ഇടപാടിന് തീരെ കൊള്ളരുതാത്തവരാ......' അയാള്‍ ഭര്‍ത്സനം തുടര്‍ന്നു.
മദീനയിലെ സൈദു ബ്‌നു സഅ്‌ന എന്നു പേരായ ഒരു ജൂത കര്‍ഷകനായിരുന്നു അയാള്‍. റസൂല്‍ തിരുമേനി അദ്ദേഹത്തില്‍നിന്ന് കുറച്ചു ധാന്യം കടമായി വാങ്ങിയിരുന്നു. എന്നാല്‍ ഇടപാടു വേളയില്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച്, പണം നല്‍കാനുള്ള അവധി എത്തിയിരുന്നില്ല. കിട്ടിയ അവസരത്തില്‍ റസൂലിനെ ജനമധ്യത്തില്‍ അല്‍പമൊന്ന് ഇകഴ്ത്താം എന്ന് അയാള്‍ വിചാരിച്ചുകാണും. സംഭവത്തിനു സാക്ഷികളായ എല്ലാവരിലും ഇത് വലിയ ഈര്‍ഷ്യയുളവാക്കി. അതുവരെ പണിപ്പെട്ടു ക്ഷമിച്ചു, സ്വയം നിയന്ത്രിതനായി നിന്ന ഉമര്‍ (റ) തന്റെ കരവാള്‍ ഉറയില്‍നിന്ന് ഊരി ഇങ്ങനെ കടുത്തു പറഞ്ഞു: 'നീ ചെയ്തത് ഞാന്‍ കണ്ടു, പറഞ്ഞത് ഞാന്‍ കേട്ടു. നബിതിരുമേനി എന്നെ കുറ്റപ്പെടുത്തും എന്ന് ഭയന്നിരുന്നില്ലായിരുന്നുവെങ്കില്‍, നിന്റെ തല ഞാന്‍ എപ്പോഴേ കൊയ്‌തെടുത്തേനെ.' ഉമറിന്റെ വാക്കുകള്‍ സമയോചിതമായി എന്ന് അവിടെയുണ്ടായിരുന്ന പലര്‍ക്കും തോന്നിയിരിക്കണം. ജൂതന്‍ ചകിതനായി ഒതുങ്ങിനിന്നു.
നബിതിരുമേനി അപ്പോഴും അക്ഷോഭ്യനായി, വശ്യമായ പുഞ്ചിരി പൊഴിച്ചുകൊണ്ട്, എന്തെങ്കിലും മിണ്ടാനുള്ള അവസരം പാര്‍ത്തെന്നപോലെ നില്‍ക്കുകയായിരുന്നു. എല്ലാ കണ്ണുകളും റസൂലിന്റെ മുഖത്തേക്കാണ്. റസൂല്‍ പറഞ്ഞു തുടങ്ങി: 'ഉമറേ, ഞാനും ഈ നില്‍ക്കുന്ന സഹോദരനും കുറച്ചുകൂടി നല്ല ഒരു പ്രതികരണം ആയിരുന്നു താങ്കളില്‍നിന്ന് പ്രതീക്ഷിച്ചിരുന്നത്. ഇടപാടില്‍ കൂടുതല്‍ സൂക്ഷ്മത വേണമായിരുന്നു എന്ന് താങ്കള്‍ക്ക് എന്നോട് പറയാമായിരുന്നു; പ്രത്യേകിച്ചും (നമ്മെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലാത്ത) ഒരു ഇതര സമുദായക്കാരനുമായി ഇടപാട് നടത്തുമ്പോള്‍.'
'തന്റെ അവകാശം ചോദിക്കുന്നത് കുറേക്കൂടി മാര്‍ദവ ശൈലിയില്‍ ആവാമായിരുന്നു എന്ന് ഇദ്ദേഹത്തോടും പറയാമായിരുന്നു.'
'ഉമറേ, നാം ഇയാള്‍ക്കു കൊടുക്കാനുള്ള കടം ഇപ്പോള്‍തന്നെ കൊടുത്തുതീര്‍ക്കുക. അവധിയൊന്നും കാത്തുനില്‍ക്കേണ്ട. കൂടാതെ, നമ്മുടെ പാരിതോഷികമായി ഇരുപത് സാഅ് കാരക്കയും നല്‍കിയാലും.'
റസൂല്‍ തിരുമേനിയുടെ വാക്കുകള്‍, കേട്ടുനിന്നവരുടെയെല്ലാം അകത്തളങ്ങളില്‍, ഇസ്‌ലാം ഉറപ്പുവരുത്തുന്ന സല്‍പെരുമാറ്റത്തിന്റെ അതിരടയാളങ്ങള്‍ എത്ര വിശാലമാണെന്ന വിസ്മയ ബോധമുളവാക്കി. ഇതേ വിസ്മയത്താല്‍ പശ്ചാത്താപവിവശനായ സൈദുബ്‌നു സഅ്‌ന നിറമിഴികളോടെ തല്‍ക്ഷണം മുസ്‌ലിമായി.
ഈ സംഭവത്തില്‍ നാം വ്യാഖ്യാനം നല്‍കേണ്ടതായി ഒന്നുമില്ല. സൈദുബ്‌നു സഅ്‌ന നബിതിരുമേനിയുടെ പ്രപിതാക്കളെ കൂടി വൃഥാ പുഛിച്ചു സംസാരിക്കുമ്പോള്‍, റസൂല്‍ ഇസ്‌ലാമിക രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നുവെന്ന് ഓര്‍ക്കണം. ഉമറിന്റെ ഇടപെടല്‍ ആ ഗ്രാമീണനില്‍ സൃഷ്ടിച്ച താല്‍ക്കാലിക ഭയപ്പാടിനു പകരമായിട്ട് കൂടിയായിരുന്നു റസൂലിന്റെ പാരിതോഷികം എന്ന് നാം ആലോചിച്ച് ഉള്‍ക്കൊള്ളണം. ഹാകിം ഉദ്ധരിച്ച ഈ സുമോഹന സംഭവത്തെ ഉപജീവിച്ചെഴുതിയ പലതും, മിശ്ര സമുഹത്തില്‍ ഇസ്‌ലാമിന്റെ പരമത സഹവര്‍ത്തന സൗന്ദര്യം പ്രകാശിപ്പിക്കുന്ന ശീര്‍ഷകങ്ങളാണ് അവക്ക് കൊടുത്തിട്ടുള്ളത്.
Comments