Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

കൃത്യപ്പെടുത്തേണ്ട മൂന്ന് സംജ്ഞകള്‍ 

റാശിദ് ഗന്നൂശി

ഇജ്മാഅ്, ഉലുല്‍ അംറ് എന്നീ സംജ്ഞകളെ ബന്ധിപ്പിച്ചുകൊണ്ട് അല്ലാലുല്‍ ഫാസി എഴുതുന്നു: ''ഇജ്മാഅ് എന്നത് ഇസ്‌ലാമിന്റെ ഒരു മൗലിക അടിസ്ഥാനം തന്നെയാണ്. പ്രവാചകന്റെ മരണശേഷം ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന രീതിയും കൂടിയാലോചനയിലൂടെ രൂപപ്പെട്ട ഭരണ സമ്പ്രദായവുമൊക്കെയാണ് ശീഈകളെയും മുഅ്തസിലികളെയും ഇജ്മാഅ് പ്രമാണമാണോ എന്ന കാര്യത്തില്‍ സംശയാലുക്കളാക്കിയത്. പ്രവാചകന്‍ വിടവാങ്ങുമ്പോള്‍ ആരെയും തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചിരുന്നില്ലല്ലോ. ഇതാണ് സമൂഹത്തെയും അതിന്റെ ഭരണസംവിധാനങ്ങളെയും സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഒരിടത്ത് ഒത്തുചേരാനുണ്ടായ കാരണം. ഇസ്‌ലാം താല്‍പര്യപ്പെടുന്നുണ്ടായിരുന്നതും അതുതന്നെയായിരുന്നു. പ്രവാചകാനുയായികളിലെ ജ്ഞാനികള്‍ ഒത്തുചേര്‍ന്നത് സഖീഫ അങ്കണത്തിലായിരുന്നു. അവര്‍ അഭിപ്രായങ്ങളും അവക്ക് ഉപോദ്ബലകമായ ന്യായങ്ങളും പരസ്പരം കൈമാറിക്കൊണ്ടിരുന്നു. അങ്ങനെ ഒടുവിലവര്‍ അബൂബക്ര്‍ സിദ്ദീഖിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തിന് പിന്നീട് പൊതുജനാംഗീകാരം (ഇജ്മാഉല്‍ ഉമ്മ) ലഭിച്ചു. ഇങ്ങനെ ഒത്തുചേര്‍ന്ന് അഭിപ്രായ ഐക്യമുണ്ടാക്കിയാണ് അവര്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചത്, ഒട്ടേറെ ഭരണസ്ഥാപനങ്ങള്‍ക്കും നിയമവിധികള്‍ക്കും രൂപം നല്‍കിയത്. ചുരുക്കത്തില്‍, പ്രവാചകന്‍ ലക്ഷ്യം വെച്ചതെന്തോ അത് പ്രയോഗവത്കരിക്കുന്നതിന് ഇസ്‌ലാമിന്റെ തുടക്കകാലത്ത് ഇജ്മാഅ് ഒട്ടൊന്നുമല്ല പ്രയോജനപ്പെട്ടത്. മയ്മൂനുബ്‌നു മഹ്‌റാന്‍ പറഞ്ഞതായി ബഗവി ഉദ്ധരിക്കുന്നു: തന്റെയടുക്കല്‍ ഒരു കേസ് വന്നാല്‍ അബൂബക്ര്‍ സിദ്ദീഖ് ആദ്യം ഖുര്‍ആനില്‍ പരതും. അതിന്റെ വിധി ഖുര്‍ആനില്‍ കണ്ടാല്‍ അതനുസരിച്ച് വിധിക്കും. ഇനി ഖുര്‍ആനില്‍ അങ്ങനെയൊരു വിധി ഇല്ലെന്നും അത് വന്നിട്ടുള്ളത് നബിചര്യയിലാണെന്നും കണ്ടാല്‍ അതനുസരിച്ചാവും വിധി. രണ്ട് പ്രമാണങ്ങളിലും വിധി കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അദ്ദേഹം വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങി ഇങ്ങനെ ചോദിക്കും: ഇങ്ങനെയൊരു കേസ് വന്നിരിക്കുന്നു; ഇതുപോലുള്ളൊരു കേസില്‍ പ്രവാചകന്‍ വിധി പറഞ്ഞതായി നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയുമോ? ആ ശ്രമവും പരാജയപ്പെട്ടാല്‍ അദ്ദേഹം പ്രമുഖരെ വിളിച്ചു വരുത്തി അവരുമായി കൂടിയാലോചിക്കും. അവര്‍ ഏകോപിച്ച് അഭിപ്രായം രേഖപ്പെടുത്തിയാല്‍ അതനുസരിച്ച് വിധിക്കും....
ഇങ്ങനെ ഇജ്മാഅ് ഇസ്‌ലാമിന് വലിയ സേവനമാണ് ചെയ്തുവന്നത്. കാരണമത് ഇജ്തിഹാദിന്റെയും ശൂറയുടെയും കവാടം തുറന്നുവെക്കുകയാണ് ചെയ്തത്. പ്രവാചകന്‍ ചെയ്തുവന്ന പ്രവൃത്തികളുടെ നൈരന്തര്യം അത് എളുപ്പമാക്കുകയും ചെയ്തു....
ഇത് ഇസ്‌ലാമിക യുഗത്തിന്റെ ആദ്യഘട്ടമാണ്. നസ്സ്വ് വന്നിട്ടില്ലാത്ത ഓരോ കാര്യത്തിലും കൂടിയാലോചന നടക്കുന്നു. അഴിക്കാനും കെട്ടാനും യോഗ്യതയുള്ളവര്‍ (അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്) നിയമാനുസൃത ഇജ്മാഇന്റെ ചരിത്രപരവും സാമൂഹികവുമായ അടിത്തറ പണിതുവെക്കുന്നു. പക്ഷേ പില്‍ക്കാലത്ത് ഖിലാഫത്തില്‍നിന്നും ശൂറായില്‍നിന്നുമൊക്കെ മുസ്‌ലിംകള്‍ വ്യതിചലിച്ചു. അധികാരം വളരെ നിരുപാധികമായി അനന്തര സ്വത്ത് പോലെ ലഭിക്കുന്ന ഒരു ഭരണസംവിധാനം അവര്‍ പേര്‍ഷ്യക്കാരില്‍നിന്ന് കടമെടുത്തു. ഈ വ്യതിചലനത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അധികാരം നിരുപാധികം കൈയാളപ്പെടുന്നത് തടയേണ്ടതു തന്നെയാണല്ലോ. ആദ്യകാല മുസ്‌ലിംകള്‍ മനസ്സിലാക്കിയ ഇജ്മാഅ് എന്ന ആശയം വികലമാക്കപ്പെടുന്നതും പിന്നെ അതേ ചൊല്ലി തര്‍ക്കമുണ്ടാകുന്നതും ഇതിനെത്തുടര്‍ന്നാണ്...
ഹിജ്‌റ ആറാം നൂറ്റാണ്ട് മുതല്‍ മനസ്സിലാക്കിപ്പോരുന്നത്, ലോകത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള എല്ലാം മുസ്‌ലിംകളും ഒരു കാര്യത്തില്‍ അഭിപ്രായ ഐക്യമുണ്ടെങ്കില്‍ അതാണ് ഇജ്മാഅ് എന്നാണ്. പക്ഷേ ഇതായിരുന്നില്ല ഇസ്‌ലാമിന്റെ ആദ്യകാല തലമുറ മനസ്സിലാക്കിയ ഇജ്മാഅ്. ഖുര്‍ആനിലും സുന്നത്തിലും വിധി വന്നിട്ടില്ലാത്ത ഒരു വിഷയത്തില്‍ ആ സന്ദര്‍ഭത്തില്‍ ലഭ്യമായ പണ്ഡിതന്മാരും ഗവേഷകരും ഒരു യോജിച്ച അഭിപ്രായത്തിലെത്തുന്നു- ഇതാണ് ആദ്യകാലക്കാര്‍ മനസ്സിലാക്കിയ ഇജ്മാഅ്. 'കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുക' എന്ന ഖുര്‍ആനിക സൂക്തമാണ് ഈ കൂടിയാലോചനാ രീതിയുടെ അടിത്തറ. ജീവിച്ചിരിക്കുന്ന ഓരോ പണ്ഡിതനും ഈ വിഷയത്തില്‍ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം മനസ്സിലാക്കുകയും എന്നിട്ട് ഒരു സമവായത്തില്‍ എത്തുകയും ചെയ്യുക എന്നൊന്നും ഇതിന് അര്‍ഥമില്ല. ഇജ്മാഅ് എന്ന അഭിപ്രായ ഐക്യത്തെ അങ്ങനെയായിരുന്നില്ല സ്വഹാബികള്‍ കണ്ടിരുന്നത്. ഖുലഫാഉര്‍റാശിദുകളായ അബൂബക്‌റും ഉമറും ഉസ്മാനും അലിയും തങ്ങളോടൊപ്പമുള്ള സ്വഹാബികള്‍ ഒരു വിഷയത്തില്‍ അഭിപ്രായ ഐക്യം പ്രകടിപ്പിച്ചാല്‍, അക്കാര്യത്തില്‍ മറ്റു നാടുകളില്‍ കഴിയുന്ന സ്വഹാബികളുടെ അഭിപ്രായം കൂടി അറിയട്ടെ, എന്നിട്ട് ആ വിധി നടപ്പാക്കാം എന്നൊരിക്കലും പറഞ്ഞിട്ടില്ല.....
അപ്പോള്‍ ഇജ്മാഅ് എന്നു പറയുന്നത് ഖലീഫ വിളിച്ചു ചേര്‍ക്കുന്ന പണ്ഡിതന്മാരുടെ കൂട്ടായ അഭിപ്രായമാണ്. ആ സമിതിയിലെ എല്ലാവരും ഒരു വിഷയത്തില്‍ സമാന അഭിപ്രായം പ്രകടിപ്പിച്ചാല്‍ അത് ഇജ്മാഅ് ആയി. അത് അംഗീകരിക്കല്‍ നിര്‍ബന്ധവുമാണ്. മറ്റൊരിടത്തുള്ള ഒരു പണ്ഡിതന് ആ വിഷയത്തില്‍ തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാമെന്നു മാത്രം. മുസ്‌ലിംകള്‍ ആ വിധി പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിരിക്കണം. നിര്‍ഭാഗ്യവശാല്‍ പ്രവാചക നിര്‍ദേശപ്രകാരം ഉരുത്തിരിച്ചു വന്നിട്ടുള്ള, ഇസ്‌ലാമിക കൂടിയാലോചനാ സംസ്‌കാരത്തില്‍നിന്ന് രൂപപ്പെട്ടിട്ടുള്ള ഇജ്മാഇന്റെ ഈ രൂപമല്ല മുസ്‌ലിംകള്‍ പിന്നീട് സ്വീകരിച്ചു കാണുന്നത്. അലി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: അദ്ദേഹം പ്രവാചകനോട് പറഞ്ഞു: 'ദൈവദൂതരേ, ഖുര്‍ആന്‍ അവതരിച്ചിട്ടില്ലാത്ത, താങ്കളുടെ സുന്നത്തില്‍ കാണാന്‍ കഴി
യാത്ത പ്രശ്‌നങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാമല്ലോ.' പ്രവാചകന്‍ പറഞ്ഞു: 'അപ്പോള്‍ നിങ്ങള്‍ മുസ്‌ലിംകളില്‍ ജ്ഞാനികളായ ആളുകളെ ഒരുമിച്ചുകൂട്ടി കൂടിയാലോചന നടത്തുക. ഒരാളുടെ അഭിപ്രായത്തിന്മേല്‍ കാര്യങ്ങള്‍ തീര്‍പ്പാക്കരുത്....'
ഇസ്‌ലാമിക ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള പണ്ഡിതന്മാര്‍ ഒരുമിച്ചുകൂടി പുതുതായി ഉണ്ടായ പ്രശ്‌നത്തില്‍ തീര്‍പ്പു കല്‍പിക്കുന്നതു വരെ കാത്തുനില്‍ക്കണം എന്നാണോ പ്രവാചകന്‍ ഇപ്പറഞ്ഞതിന്റെ ഉദ്ദേശ്യം? അങ്ങനെയാണെങ്കില്‍ ശരീഅത്ത് വിധികളൊന്നും നടപ്പാക്കാനാവുകയില്ല.''

ഇജ്മാഉം സ്വേഛാധിപത്യവും
സ്വേഛാധിപത്യമാണ് ഇജ്മാഇനെ അതിന്റെ രാഷ്ട്രീയ ദൗത്യത്തില്‍നിന്ന് തടയുന്നതും അതിനെ ഒരു തര്‍ക്കമണ്ഡലമാക്കുന്നതും. ഇജ്മാഇനെയും ശൂറായെയും ജനാധിപത്യത്തെയും ബന്ധിപ്പിച്ചുള്ള ഉസ്താദ് അല്ലാലുല്‍ ഫാസിയുടെ വിശകലനം ഇങ്ങനെ തുടരുന്നു: ''ഇസ്‌ലാമിക ഭരണക്രമത്തില്‍ സ്വേഛാധിപത്യം പിടിമുറുക്കിയപ്പോഴാണ്, ഇജ്മാഅ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നുണ്ടോ ഇല്ലേ, അത് പ്രമാണം തന്നെയാണോ തുടങ്ങിയ നിരര്‍ഥകമായ വാദകോലാഹലങ്ങള്‍ ഉടലെടുത്തത്. മുസ്‌ലിം സമൂഹം അതിന്റെ സ്വാഭാവിക പ്രകൃതത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍, ഖുര്‍ആനും സുന്നത്തും മുന്നില്‍ വെച്ച്, ഓരോ പ്രശ്‌നത്തിലും എന്ത് നിലപാടെടുക്കണമെന്ന് ഭരണാധികാരിക്ക് നിര്‍ദേശം നല്‍കാന്‍ ഗവേഷകരായ പണ്ഡിതന്മാര്‍ക്ക് കഴിയുമായിരുന്നു. ഇസ്‌ലാമിക ശൂറാ സംവിധാനത്തെയും ഇജ്മാഇനെയും അവയുടെ യഥാര്‍ഥ ചൈതന്യത്തോടെ തിരിച്ചുകൊണ്ടുവരാന്‍ മുസ്‌ലിം രാഷ്ട്രങ്ങളിലെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കഴിയുമോ?
മറ്റൊരു ചോദ്യമുള്ളത്, ഒരു ഇജ്മാഇനെ നസ്ഖ് ചെയ്യാന്‍/ ദുര്‍ബലപ്പെടുത്താന്‍ കഴിയുമോ എന്നതാണ്. സര്‍വാംഗീകൃതവും ഖണ്ഡിതവുമായ ഇജ്മാഅ് ദുര്‍ബപ്പെടുത്താന്‍ പറ്റാത്തതും ഭിന്നാഭിപ്രായമുള്ളത് ദുര്‍ബലപ്പെടുത്താവുന്നതും ആണെന്നാണ് ഭൂരിപക്ഷാഭിപ്രായം. അബൂ അബ്ദുല്ല അല്‍ ബസ്വരി ഇജ്മാഅ് ദുര്‍ബലപ്പെടുത്താം എന്ന അഭിപ്രായക്കാരനാണ്. ദുര്‍ബലപ്പെടുത്തുന്ന ഒരു ഇജ്മാഅ് വരുന്നതുവരെ ആദ്യ ഇജ്മാഅ് തന്നെയാവും പ്രാബല്യത്തില്‍.''1
ഇജ്മാഇന്റെ രാഷ്ട്രീയ തലങ്ങള്‍ വിശദീകരിക്കുകയാണ് മൊറോക്കന്‍ പണ്ഡിതനായ അല്ലാലുല്‍ ഫാസി ഇവിടെ. ഉലുല്‍ അംറ്, അഹ്‌ലുശ്ശൂറാ, അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ് എന്നീ പരികല്‍പനകളുടെ വെളിച്ചത്തില്‍ അദ്ദേഹവും മറ്റു പണ്ഡിതന്മാരും അഭിപ്രായ സമന്വയത്തെ കുറിച്ച് ധാരാളമായി സംസാരിച്ചിട്ടുണ്ട്. ഇജ്മാഅ് ഇസ്‌ലാമിന്റെ ഒരു മൗലിക പരികല്‍പനയാണെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും സംശയമില്ല. നേരത്തേ പറഞ്ഞ മൂന്ന് സംജ്ഞകളില്‍ ഉള്‍പ്പെടുന്ന പണ്ഡിതന്മാരും ഗവേഷകരുമായിരിക്കും ഇസ്‌ലാമിക സമൂഹത്തിന്റെ ധൈഷണിക നേതൃത്വമേല്‍ക്കുക. ഒരു മാതൃകാ ഭരണം കാഴ്ചവെക്കാനുതകുന്ന വിധത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രൂപകല്‍പന നടത്തുന്നതും അവരായിരിക്കും. ഇവരില്‍പെട്ട ഒരാള്‍ തന്നെയായിരിക്കും 'അമീര്‍' എന്ന് വിളിക്കപ്പെടുന്ന ഭരണനായകന്‍. മേല്‍സമിതികളൊക്കെ ഭരണ നടത്തിപ്പിനായി അദ്ദേഹത്തെ സഹായിക്കുകയാണ് ചെയ്യുക. പൊതു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രൂരേഖ വരച്ചും നിയമനിര്‍മാണത്തില്‍ സഹായിച്ചും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയുമൊക്കെയാവാം ഈ സഹായം. ഇതേ അഭിപ്രായം തന്നെയാണ് മുഹമ്മദ് യൂസുഫ് മൂസായും പങ്കുവെക്കുന്നത്. ജ്ഞാനികളുടെയും അഭിപ്രായ സുബദ്ധതയുള്ളവരുടെയും സംഘം എന്നാണ് അദ്ദേഹം 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദി'നെ നിര്‍വചിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്ന വിശ്വാസ്യതയുള്ള സംഘം. ആധുനിക ഭരണഘടനാ സംവിധാനത്തിലേക്ക് വരുമ്പോള്‍ ഇത്തരം സമിതികളും പാര്‍ലമെന്റ് സംവിധാനവും തമ്മില്‍ വലിയ വ്യത്യാസം കാണുകയില്ല. ജനപ്രതിനിധികളാണ് നിയമനിര്‍മാണത്തിന്റെ സ്രോതസ്സായി പരിഗണിക്കപ്പെടുന്നത്. ഇസ്‌ലാമിക സംവിധാനത്തിലാകുമ്പോള്‍ ഖുര്‍ആനും നബിചര്യയുമാവും നിയമാവിഷ്‌കാരത്തിന്റെ സ്രോതസ്സ് എന്നു മാത്രം. കാലഘട്ടത്തെയും അതിന്റെ പ്രശ്‌നങ്ങളെയും ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വായിക്കുക എന്നതായിത്തീരും അപ്പോള്‍ 'കെട്ടാനും അഴിക്കാനും' യോഗ്യതയുള്ളവരുടെ ദൗത്യം. ഈ രണ്ടു പ്രമാണങ്ങളിലും പരാമര്‍ശിക്കാത്ത വിഷയങ്ങള്‍ പ്രമാണങ്ങളുടെ അന്തസ്സത്തക്ക് യോജിക്കുംവിധം അവര്‍ വായിക്കാന്‍ ശ്രമിക്കും. അപ്പോള്‍ കെട്ടുകയും അഴിക്കുകയും ചെയ്യുന്നവര്‍ മൊത്തം സമൂഹത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ അവര്‍ ഏകസ്വരത്തില്‍ രൂപകല്‍പന ചെയ്യുന്ന പ്രമേയങ്ങളും നിയമങ്ങളുമൊക്കെ അനുസരിക്കാന്‍ സമൂഹം മൊത്തത്തില്‍ ബാധ്യസ്ഥമാവും.2

മൂന്ന് സാങ്കേതിക ശബ്ദങ്ങള്‍
കൂടിയാലോചനാ സംബന്ധിയായ ഇസ്‌ലാമിക സംജ്ഞകളെക്കുറിച്ച് അവ്യക്തതകള്‍ ബാക്കിയാണെങ്കില്‍ ഇസ്‌ലാമിക ചിന്തയെ നേര്‍വഴിയില്‍ ചലിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ വെക്കേണ്ടതില്ലെന്ന് കമാല്‍ അബുല്‍ മജ്ദ് പറയുന്നുണ്ട്. ചിലര്‍ അതിനെ 'ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ പ്രതിസന്ധി'യായും കണ്ടുകളയും (അബ്ദുല്‍ ഹമീദ് മുതവല്ലിയുടെ 'അസിമത്തുല്‍ ഫിക്‌രിസ്സിയാസി അല്‍ ഇസ്‌ലാമി ഫില്‍ അസ്വ്‌റില്‍ ഹദീസ്: മളാഹിറുഹാ, അസ്ബാഹുഹാ, ഇലാജുഹാ' എന്ന പുസ്തകം ഉദാഹരണം).
അബുല്‍ മജ്ദ് വാദിക്കുന്നത് ഇപ്രകാരമാണ്: ''സിയാസ ശറഇയ്യ ഗ്രന്ഥങ്ങളില്‍, ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ പൊതുവിലും മൂന്ന് സാങ്കേതിക ശബ്ദങ്ങള്‍ കടന്നുവരാറുണ്ട്. അവ കൃത്യമായും ക്ലിപ്തപ്പെടുത്തിയും മനസ്സിലാക്കണം. ചിലപ്പോള്‍ ഗ്രന്ഥകാരന്‍ പറയുക 'അഹ്‌ലുശ്ശൂറാ' എന്നായിരിക്കും, ചിലപ്പോള്‍ 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' എന്നു പറയും, മറ്റു ചിലപ്പോള്‍ 'അഹ്‌ലുല്‍ ഇജ്തിഹാദ്' എന്നും... ഈ സംജ്ഞകളെ ഒന്ന് കൃത്യപ്പെടുത്തി പറഞ്ഞു നോക്കാം. 'ശൂറായുടെ ആളുകള്‍' എന്നു പറയുന്നത് പൊതുവെ ഏതെങ്കിലുമൊരു കാര്യത്തില്‍ ഭരണാധികാരി അഭിപ്രായം തേടുന്ന, അതിന് യോഗ്യരായ ആളുകളാണ്. അപ്പോള്‍ അഭിപ്രായം തേടുന്ന വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ഇവരുടെ യോഗ്യതകളിലും ഉപാധികളിലും വ്യത്യാസമുണ്ടാവും. 'കെട്ടുകയും അഴിക്കുകയും ചെയ്യുന്നവര്‍' സാമൂഹികമായ സ്വാധീനം ചെലുത്തുന്ന ഒരു വിഭാഗമാണ്. അവര്‍ ഒരു വ്യക്തിയെ/ അഭിപ്രായത്തെ/ തീരുമാനത്തെ പിന്തുണച്ചാല്‍ ജനസ്വീകാര്യത ലഭിക്കാന്‍ അത് നിമിത്തമാവും. ഫിഖ്ഹീ പ്രശ്‌നങ്ങളിലും മറ്റും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ വൈജ്ഞാനിക യോഗ്യതയുള്ളവരെയാണ് 'ഇജ്തിഹാദിന്റെ ആളുകള്‍' എന്നു പറയുക. അഥവാ, പഠന-മനനങ്ങളിലൂടെ പ്രമാണങ്ങള്‍ മുന്നില്‍ വെച്ച് ഒരു വിധിതീര്‍പ്പിലെത്താന്‍ കഴിവുള്ളവരായിരിക്കും അവര്‍. സാമൂഹികം, സാമ്പത്തികം, വൈദ്യം, എഞ്ചിനീയറിംഗ് ഇങ്ങനെ പലതരം വിഷയങ്ങളുണ്ടാകുമല്ലോ. ഈ വിഷയങ്ങളൊക്കെ അറിഞ്ഞിരുന്നാലല്ലേ അക്കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ പറ്റൂ. വിഷയം അറിയാതെയാണ് അഭിപ്രായം പറയുന്നതെങ്കില്‍ അതൊരു ബാധ്യതയായിത്തീരുകയാണ് ചെയ്യുക. അപ്പോള്‍ പണ്ഡിതന്മാര്‍ കൃത്യമായി നിരീക്ഷിച്ചതു പോലെ, ഇജ്തിഹാദ് ഒരൊറ്റ പ്രതലത്തില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുകയില്ല. വിവിധ വിഷയങ്ങളായി തിരിച്ച്, ഓരോ വിഷയത്തിലും യോഗ്യതയില്ലാത്തവരെ ആ വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടിവരും. അതുപോലെ ശൂറാ എന്നു പറയുന്നത്, ഒരു കാലത്തും മാറാത്ത സ്ഥിരമായി നില്‍ക്കുന്ന ഒരു സംഘമായിരിക്കില്ല.3
മുന്‍കാല പണ്ഡിതന്മാര്‍ പറയുന്ന 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്' തന്നെയാണ് ഇന്നത്തെ കാലത്തെ ജനപ്രതിനിധിസഭകള്‍ എന്നു പറയുന്നവരുണ്ട്; പക്ഷേ ഇസ്‌ലാമിക തത്ത്വങ്ങളുടെ പരിധികള്‍ക്കകത്തായിരിക്കും അവ നിലവില്‍വരിക.4


കുറിപ്പുകള്‍
1. അല്ലാലുല്‍ ഫാസി- മഖാസ്വിദ്ദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വമകാരിമുഹാ, 115-118
2. മുഹമ്മദ് യൂസുഫ് മൂസാ- നിളാമുല്‍ ഹുകും ഫില്‍ ഇസ്‌ലാം (കയ്‌റോ, ദാറുല്‍ കിതാബില്‍ അറബി, 1963, പേജ് 81-83)
3. കമാല്‍ അബുല്‍ മജ്ദ്- അല്‍ ഹുര്‍രിയ്യ, പേജ് 104,105
4. ഫത്ഹീ ഉസ്മാന്‍- 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്: മന്‍ഹും? വമാ ഹിയ വളീഫതുഹും?' (അല്‍ അറബി, ലക്കം 260, 1980 ജൂലൈ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി