Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

എം.കെ അബ്ദുര്‍റഹ്മാന്‍ മൗലവി ശിവപുരം

കെ.ടി ഹുസൈന്‍ ശിവപുരം

ജമാഅത്തെ ഇസ്‌ലാമി അംഗവും ആദ്യകാല പ്രവര്‍ത്തകനുമായിരുന്നു മഞ്ഞമ്പ്രക്കണ്ടി എം.കെ അബ്ദുര്‍റഹ്മാന്‍ മൗലവി (84). ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലിയുടെ പിതൃസഹോദരനാണ്.
1950-കളില്‍ ടി.കെ കുഞ്ഞഹമ്മദ് മൗലവിയുടെയും എന്‍.എ കോയ സാഹിബിന്റെയും നേതൃത്വത്തില്‍ ഏരിയയുടെ വിവിധ മേഖലകളില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ അതില്‍ ആകൃഷ്ടനായി. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ ശക്തമായിരുന്ന അക്കാലത്ത്, അതിനെ കൂട്ടായി നേരിടുന്നതില്‍ ഇവരോടൊപ്പം ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട്. കാര്യങ്ങള്‍ അവധാനതയോടെ ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. നാട്ടിലെ സാധാരണ മതപഠനത്തിനു ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ചു. സ്‌കൂളില്‍ അറബി അധ്യാപക യോഗ്യത നേടിയ ശേഷം തലശ്ശേരി അന്‍വാറുല്‍ ഇസ്‌ലാം സ്‌കൂളില്‍ അധ്യാപകനായി.
ബാലുശ്ശേരി ശിവപുരം പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്ന അദ്ദേഹം വട്ടോളി ബസാര്‍ ഹല്‍ഖാ നാസിമായും ഇടക്കാലത്ത് ബാലുശ്ശേരി ഏരിയാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു കാലം കോഴിക്കോട് മൊയ്തീന്‍ പള്ളിയില്‍ ഇമാമായിരുന്നു. കക്കോടി, ഓമശ്ശേരി പ്രദേശങ്ങളിലെ മദ്‌റസകളില്‍ അധ്യാപകനായും ശിവപുരം അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ സ്വദ്ര്‍ മുദര്‍രിസായും സേവനം ചെയ്തിട്ടുണ്ട്.
ശിവപുരം ഇസ്‌ലാമിയാ അറബിക് കോളേജ്, അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയാ, മസ്ജിദുല്‍ ഫലാഹ് തുടങ്ങിയവയുടെ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
ഭാര്യ: ആസ്യ. മക്കള്‍: ലത്വീഫ (എ.എം.എല്‍.പി സ്‌കൂള്‍ മുണ്ടില്‍ പറമ്പ്), ശമീമ പുറക്കാട്, മുംതാസ് വെള്ളിപറമ്പ് (അല്‍ഹറമൈന്‍ സ്‌കൂള്‍ കോഴിക്കോട്), നബീല്‍ ഹാമിദ് (അധ്യാപകന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ബാലുശ്ശേരി മണ്ഡലം മുന്‍പ്രസിഡന്റ്), മുഹമ്മദ് നിഹാദ് (രിയാദ്). മക്കളെല്ലാം പ്രസ്ഥാന പ്രവര്‍ത്തകരാണ്.

 

ഹാജി അബ്ദു മൊല്ലാക്ക 

കൊടുങ്ങല്ലൂരിനടുത്ത് കാര കാതിയാളം മഹല്ലിലെ കാരണവരായ കറപ്പംവീട്ടില്‍ അബ്ദുമൊല്ലാക്ക(90) ഹാഫിളായിരുന്നു. മഹല്ലിലെ അസിസ്റ്റന്റ് ഇമാം, മുഅദ്ദിന്‍, മദ്‌റസാ അധ്യാപകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടു്. കഴിഞ്ഞവര്‍ഷം കാതിയാളത്തെ പൗരാവലി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഖുര്‍ആന്‍ പഠന-പാരായണത്തില്‍ ഇതുപോലെ കഴിവുള്ള ഒരാളെ തങ്ങളുടെ മദ്‌റസാ പരിശോധന വേളയില്‍ കണ്ടില്ലെന്നു മജ്‌ലിസ് മുഫത്തിശ് വിഭാഗം ഒരിക്കല്‍ പറഞ്ഞത് ഓര്‍മ വരുന്നു.
വിവിധ നിലവാരത്തിലും പ്രായത്തിലുമുള്ള അറുപതും എഴുപതും കുട്ടികളെ ഒരുമിച്ചിരുത്തുന്ന ആ ഏകാംഗ മദ്‌റസ ഇന്നത്തെ തലമുറക്ക് അത്ഭുതമായിരിക്കും. എന്നാല്‍ ഇത്രയും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമ്പോഴും ഏതെങ്കിലും ഒരാള്‍ തെറ്റിച്ച് ഓതിയാല്‍ അപ്പോള്‍ തിരുത്തുമായി മൊല്ലാക്ക എത്തും. ഒരേസമയം എല്ലാവരുടെയും വിവിധങ്ങളായ സൂറത്തുകളുടെ പാരായണം ശ്രദ്ധിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ദീനിയ്യാത്ത് -അമലിയ്യാത്ത് വിഷയങ്ങള്‍ പരിശീലനത്തോടെയാണ് പഠിപ്പിച്ചിരുന്നത്.
ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കലും കേട്ടുകൊണ്ടിരിക്കലും അദ്ദേഹത്തിനു ഹൃദ്യമായിരുന്നു. മരണത്തിനു രണ്ടു ദിവസം മുമ്പ് ഇശാ നമസ്‌കാരത്തിനു കിടന്നുകൊണ്ട് കൈ കെട്ടിയ അദ്ദേഹം പിന്നെ കൈ അഴിച്ചില്ല. ആ നമസ്‌കാരത്തില്‍ അദ്ദേഹം ബോധരഹിതനായി. പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ അതിന്റെ പ്രവര്‍ത്തകനായി. ഭാര്യയും മൂന്നു ആണ്‍മക്കളും രണ്ട് പെണ്‍മക്കളും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും സഹയാത്രികരുമാണ്.

എം.ബി അബ്ദുര്‍റഹ്മാന്‍, എറിയാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി