Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

ആചാരങ്ങളെ തടഞ്ഞുവീണ് ആദര്‍ശം കാണാതെ പോകുന്നു

വാണിദാസ് എളയാവൂര്/ സദ്‌റുദ്ദീന്‍ വാഴക്കാട്

മുപ്പത്തിയാറ് വര്‍ഷത്തെ അധ്യാപക ജീവിതം, പതിനായിരക്കണക്കിന് പ്രഭാഷണങ്ങള്‍,  നിരവധി പ്രൗഢ ഗ്രന്ഥങ്ങള്‍, പത്രപ്രവര്‍ത്തനം, സാഹിത്യ-പുസ്തക സമിതികളിലെ അംഗത്വം.... വാണിദാസ് എളയാവൂരിന്റെ ജീവിതം ധന്യമായ എട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. ആത്മകഥ എഴുതുന്നുണ്ടാവുമല്ലോ?

വലിയവരുടെ ചരിത്രമാണ് ആത്മകഥയായും ജീവചരിത്രമായും എഴുതപ്പെടേണ്ടത്. 'വലിയോര്‍ ചരിതം സ്വജീവ കാലം വലുതാക്കാം, ഇതി നമ്മോടോതിടുന്നു'. അര്‍ഥസമ്പുഷ്ടമായ വചനമാണിത്. അനുകരണീയമായ ഒരുപാട് അനുഭവങ്ങളുള്ളവരെയാണ് നാം വലിയവര്‍ എന്ന് പറയുക. വലിയവരല്ലാത്തവര്‍ അനുഭവങ്ങള്‍ എഴുതുന്നത് വൃഥാവേലയാണ്. മുമ്പൊക്കെ ജീവചരിത്രവും അനുഭവങ്ങളും എഴുതുമ്പോള്‍, ഞാന്‍ കണ്ട റഷ്യയും ഞാന്‍ കണ്ട അമേരിക്കയുമാണ് മുഖ്യവിഷയമാവുക. ഇപ്പോള്‍, റഷ്യ കണ്ട ഞാനും അമേരിക്ക കണ്ട ഞാനുമാണ്! ഞാന്‍ കേന്ദ്രീകൃത ആത്മകഥകളാണ് മിക്കതും. പോണ്ടിച്ചേരി അരവിന്ദാശ്രമത്തില്‍ അരവിന്ദ ഘോഷ് എന്നൊരു ചിന്തകനുണ്ടായിരുന്നു. അദ്ദേഹം ഡയറി എഴുതുമായിരുന്നില്ല. പലരും ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.
'എന്തിനാണ് ഡയറി എഴുതുന്നത്?' അദ്ദേഹത്തിന്റെ മറു ചോദ്യം. കൃത്യമായ വിവരങ്ങളും രേഖകളും കണക്കുകളും സൂക്ഷിക്കാന്‍ എന്ന് ആളുകളുടെ മറുപടി. 'നാമെന്തിന് അങ്ങനെ കണക്ക് സൂക്ഷിക്കണം? നമ്മുടെ ജീവിതത്തിന്റെ ശരിയായ കണക്കെല്ലാം ദൈവം സൂക്ഷിക്കുന്നുണ്ടല്ലോ, എനിക്കതിന് അര്‍ഹതയില്ല' ഇതായിരുന്നു അരവിന്ദ് ഘോഷിന്റെ വിശദീകരണം. ഇത് ഞാന്‍ ഇടക്ക് ഓര്‍ക്കാറുണ്ട്. എനിക്ക് ഒരു പാട് അനുഭവങ്ങള്‍ പറയാനുണ്ടാകും. അതൊന്നും പക്ഷേ, അനുകരണീയ ജീവിത മാതൃകകളാകണമെന്നില്ല.

അനുകരണീയമായ മാതൃകകളും ആകാമല്ലോ!

ആകാം എന്നേ പറയാനൊക്കൂ. ആണ് എന്ന് പറയാന്‍ കഴിയില്ല, ഉറപ്പില്ല. ഇന്നലെകളെ ഓര്‍ക്കുമ്പോള്‍ നമുക്കൊരു സുഖമുണ്ടാകാം. ഗതകാലാഭിരതി (Nostalgia)  ആണത്. കഴിഞ്ഞകാലത്തെ വിശേഷാനുഭവങ്ങള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ത്ത് സന്തോഷം കൊള്ളുന്ന മാനസികാവസ്ഥ. ഓണാഘോഷം ഒരു ഗതകാലാഭിരതിയാണ്, എത്രയോ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്ലവനായ ഒരു മാവേലി രാജാവ് ഭരിച്ചിരുന്നു, അന്ന് മാനുഷരെല്ലാരുമൊന്നുപോലെയായിരുന്നു, കള്ളവും ചതിയും ഇല്ലായിരുന്നുവെന്നാണ് അത് ഓര്‍മിപ്പിക്കുന്നത്.
അനുഭവങ്ങളാണ് മനുഷ്യനെ വയോധികനാക്കുന്നത്. അയാള്‍  വയസ്സനാണ് എന്നു പറഞ്ഞാല്‍, ഒരുപാട് അനുഭവങ്ങള്‍ ഉള്ളയാളാണെണ് അര്‍ഥം. ഒരാളും വെറുതെ വൃദ്ധനാവില്ല. വര്‍ഷങ്ങള്‍ അട്ടിയട്ടിവെച്ച്, മുപ്പത്, നാല്‍പ്പത്, അമ്പത്, അറുപത്... വയസ്സായി കടന്നു പോവുകയാണ്. അനുഭവങ്ങള്‍ ആചാര്യന്മാരാണ്. അനുഭവങ്ങള്‍ തരുന്നത് പാഠമാണ്. മുതിര്‍ന്ന പൗരന്മാരുടെ വേദികള്‍ നാം ധാരാളം ഉണ്ടാക്കുന്നുണ്ട്. ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുകയാണ് പലതിന്റെയും ലക്ഷ്യം. വയസ്സായാല്‍ ഒന്നിന്നും കൊള്ളില്ലെന്നാണ് ധാരണ. കണ്ടം ചെയ്യപ്പെട്ട ഒരാളായി വൃദ്ധന്‍ മാറിക്കഴിഞ്ഞിരിക്കുന്നു, ആര്‍ക്കും അയാളെക്കൊണ്ട് പ്രയോജനമില്ല എന്നൊക്കെയാണ് ധാരണ. പക്ഷേ, ഈയിടെ ഒരു പുസ്തകം ഞാന്‍ കണ്ടു. വയോധികര്‍, Elders. അറുപത് വയസ്സിന്  ശേഷമാണ് ഒരാള്‍ യഥാര്‍ഥ ജീവിതം നയിക്കുന്നത് എന്നാണതില്‍ പറയുന്നത്. അതു കൊണ്ട് വൃദ്ധന്മാര്‍ പ്രയോജന ശൂന്യരല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മതലമാണ് വാര്‍ധക്യം എന്ന് ഉപനിഷത്തുകള്‍ പറയുന്നുണ്ട്; 'വാര്‍ധകേ മുനിവൃത്തീ നാം', മുനിയുടെ കര്‍മമാണ് വാര്‍ധക്യത്തില്‍ ചെയ്യാനുള്ളത് എന്നര്‍ഥം. ഗൗരവപ്പെട്ട, സുപ്രധാനമായ വിചാരങ്ങള്‍ കൈമാറലാണ് മുനിമാരുടെ ദൗത്യം. ഇതാണ് പ്രായമായവരും ചെയ്യേണ്ടത്; ഉന്നതമായ ചിന്തകള്‍ സമൂഹത്തിന് കൈമാറുക, അഥവാ വിചാര വിനിമയം. കാരണം, അനുഭവവേദ്യമായ സത്യങ്ങളാണ് പ്രായമായവരുടെ സൂക്ഷിപ്പ് സ്വത്ത്. അനുഭവങ്ങളില്‍ നിന്ന് ഒരിക്കലും മങ്ങാത്ത മഹാസത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ബാധ്യതപ്പെട്ടവരാണ് വൃദ്ധര്‍.

വാര്‍ധക്യത്തിന്റെ വല്ലാത്തൊരു വേദനാ പൂര്‍ണമായ അനുഭവമാണല്ലോ ഏകാന്തത?

ഭയാനകമായ ഏകാന്തത ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നാം അനുഭവിക്കേണ്ടി വരും.അതില്‍ പ്രധാനമാണ് വാര്‍ധക്യം. Dreadful Solitude, ഭയാനകമായ ഏകാന്തത! വായനയിലൂടെയും എഴുത്തിലൂടെയുമൊന്നും അതിനെ മറികടക്കാന്‍ കഴിയില്ല. വികാരവിമലീകരണം (Sublimation of Emotions)  എന്നൊരു ഭാഗമുണ്ട് മനശ്ശാസ്ത്രത്തില്‍. നമ്മെ നോവിച്ചുകൊണ്ടിരിക്കുന്ന വികാരങ്ങളെയും ഓര്‍മകളെയും ശുദ്ധിചെയ്‌തെടുക്കുക. ദുര്‍വഹമായ ചില ഓര്‍മകള്‍ നമ്മെ വേട്ടയാടും. അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കണം, അതത്ര എളുപ്പമല്ല. എന്റെ ജീവിതം മാറ്റിമറിച്ചു കളഞ്ഞത് ഭാര്യയുടെ മരണമാണ്.  ഭീകരമായൊരു ഏകാന്തതയിലേക്ക് എടുത്തെറിയപ്പെട്ടു. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം ജയിക്കണമെന്ന ആവേശം തന്നത് അവളായിരുന്നു. അവളുടെ മുമ്പില്‍ മിടുക്കനാകണം എന്ന ചിന്ത എന്നെ ഏറെ പ്രചോദിപ്പിച്ചിരുന്നു.
എമിലി സോള I Accuse/ ഞാന്‍ ആരോപിക്കുന്നു എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മനസ്സില്‍ നിന്ന് എടുത്തെഴുതിയ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളുമാണ് ഉള്ളടക്കം. അതിലെ അവസാന വാചകം ഇങ്ങനെ; 'ഇപ്പോഴും എന്റെ മനസ്സ് ഗതകാല അനുഭവങ്ങളെ സംബന്ധിച്ചുള്ള ചിന്തകളാല്‍ നിറഞ്ഞിരിക്കുകയാണ്.'
ടി.കെ അബ്ദുല്ല സാഹിബ് എനിക്ക് ഗുരു സദൃശനാണ്. എന്റെ ഇണ മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍  അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. രണ്ട് മണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു. പലതും ചര്‍ച്ച ചെയ്തു. അവസാനം അദ്ദേഹം എഴുന്നേറ്റ് നിന്ന് എന്നോട് പറഞ്ഞു; 'അവര്‍ക്ക് വിളി വന്നു, അവര്‍ പോയി. ഒരു നാള്‍ നിങ്ങള്‍ക്കും വിളി വരും, നിങ്ങളും പോകേണ്ടി വരും, നിര്‍ബന്ധം. പക്ഷേ നിങ്ങള്‍ക്ക് വേണ്ടി അവരവിടെ, പരലോകത്ത്  കാത്തിരിക്കുന്നുണ്ട്.' വല്ലാതെ ആവേശം തന്ന വാക്കുകളായിരുന്നു അത്. 'അവളവിടെ എന്നെ കാത്തിരിക്കുന്നു', വല്ലാത്തൊരു പ്രയോഗം! ഇവിടെ നിന്ന് പോകാന്‍ ഇപ്പോഴെനിക്ക് വല്ലാത്തൊരു ആവേശവും സന്തോഷവുമുണ്ട്. പരലോകത്ത് ഒരു പുനസ്സമാഗമം! എനിക്കിപ്പോള്‍ മരണം ദുഃഖമല്ല, ആശ്വാസവും പ്രതീക്ഷയുമാണ്. ഇത് പിന്നീട് ഞാന്‍ എഴുതിയപ്പോള്‍ സാമാന്യം ദീര്‍ഘിച്ച ലേഖനമായി മാറി. അത് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജീവിതാനന്തര ജീവിതത്തെ (Life After Life) കുറിച്ച് ഏഷ്യാനെറ്റിലും ഒരു പരിപാടി അവതരിപ്പിക്കാന്‍ ക്ഷണമുണ്ടായി. കൃഷ്ണയ്യര്‍ ഉള്‍പ്പെടെ അഞ്ചാറു പേര്‍ പങ്കെടുത്തിരുന്നു അതില്‍.

പരലോകത്തെ, മരണാനന്തര ജീവിതത്തെക്കുറിച്ച കാഴ്ചപ്പാട് എന്താണ്?

നമുക്ക് പൂര്‍ണമായി പിടിത്തം കിട്ടാത്തതാണ് മരണാനന്തര ജീവിതം. ചിന്തകരും ദാര്‍ശനികരും പ്രവാചകന്മാരും ഏകസ്വരത്തില്‍ പറയുന്നത് ഭൂമിയിലെ ജീവിതമാണ് പരലോക ജീവിതത്തിന്റെ നിയാമകം എന്നാണ്. ഇവിടെ നാം ചെയ്യുന്ന പ്രവൃത്തികള്‍ നമ്മുടെ മരണാനന്തര ജീവിതം തീരുമാനിക്കുന്നതില്‍ ഒരു യുക്തിഭദ്രതയുണ്ട്. 'നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ'! നാകം എന്നാല്‍ സ്വര്‍ഗം. നമ്മുടെ കര്‍മങ്ങള്‍ നമുക്ക് സ്വര്‍ഗമോ, നരകമോ നേടിത്തരുന്നുവെന്നര്‍ഥം. ഇഹലോകത്തിനും പരലോകത്തിനും ഇടയില്‍ ഒരു മറയുണ്ടല്ലോ, ബര്‍സഖ്. അതിനപ്പുറത്തേക്ക് എല്ലാവരെയും പ്രവേശിപ്പിക്കും. പിന്നെയാണ് സ്വര്‍ഗവും നരകവും വിവേചിക്കുന്നത്. അതിനായി മനുഷ്യന്‍ ക്യൂ നില്‍ക്കും. അവിടെ വെച്ചാണ് കൈകളില്‍ ജീവിത രേഖ വെച്ചു കൊടുക്കുന്നത്. ഒരു കാളരാത്രിയില്‍, ഏതോ പതിതാവസ്ഥയില്‍ ഒരാള്‍ അരുതാത്തത് ചിന്തിച്ചു പോയി, ആ ഒരു ചിന്ത പോലും കര്‍മ പുസ്തകത്തില്‍ രേഖയായിട്ടുണ്ടാകും. റബ്ബ് മഹാന്‍ തന്നെയെന്ന് ആത്മഗതം ചെയ്തു പോകുന്നു. നായക്ക് വെള്ളം കൊടുത്ത മഹാപാപിനി സ്വര്‍ഗാവകാശിയാകുന്ന വിധത്തില്‍ വിചാരണ നടക്കുന്നത് അവിടെയാണ്. ഭാരതീയ വിശ്വാസമനുസരിച്ച് ദൈവത്തില്‍ ലയിക്കലാണ്, ഇസ്‌ലാമിക വിശ്വാസ പ്രകാരം ദൈവത്തിന്റെ സന്നിധി അടയലാണ്. നല്ലത് ചെയ്താല്‍ നല്ല ഫലം, ദുഷിച്ചത് ചെയ്താല്‍ ചീത്ത ഫലം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഇസ്‌ലാമിനെക്കുറിച്ച വായനാ പഠനങ്ങളിലേക്ക് എത്തുന്നത് എങ്ങനെയാണ്?

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ആരംഭിച്ച പ്രഭാഷണ ശീലം അധ്യാപക ജീവിതകാലത്ത് സജീവമായി. പ്രഭാഷകന്റെ ഗോദയില്‍ സായുധനായി പൊരുതണം. അറിവിന്റെയും ആശയങ്ങളുടെയും ആയുധമണിയാതെ സമൂഹത്തെ അഭിമുഖീകരിക്കാനാകില്ല. അതു കൊണ്ട് വായന സജീവമായി.  ഏറ്റവും കൂടുതല്‍ വായിക്കാനാഗ്രഹിക്കുന്നത് മതത്തിന്റെ ഫിലോസഫിയാണ്. കേവല ആരാധനാ അനുഷ്ഠാന സംബന്ധിയായ രചനകളല്ല, മത തത്ത്വശാസ്ത്രം. റിലീജ്യന്റെ അടിയിലാണ് ഫിലോസഫി കിടക്കുക. മത തത്ത്വശാസ്ത്രത്തിലുള്ള താല്‍പര്യം കാരണം, ലോകമതങ്ങളെക്കുറിച്ചെല്ലാം പഠിക്കണമെന്ന് തോന്നി. പക്ഷേ, ആധികാരിക ഗ്രന്ഥങ്ങള്‍ വായിക്കാനേ സമയമുള്ളൂ, കുറച്ചല്ലേ ഉള്ളൂ ജീവിതം!
അനന്ത ശാസ്ത്രം ബഹുവേദി തവ്യം
അല്‍പശ്ച കാലോ ബഹുവശ്ച വിഘ്‌ന
യല്‍സാരഭൂതം ഹംസോ യഥാ
ക്ഷീരമിവംബുമിശ്ര

ഒരുപാട് അറിയാനുണ്ട്, പക്ഷേ ജീവിതം കുറച്ചു കാലമേയുള്ളൂ. അപ്പോള്‍ ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കേണ്ടി വരും. അങ്ങനെ പ്രൗഢ ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ തുടങ്ങി. പ്രവാചകന്മാരുടെ ജീവിതമായിരുന്നു ആദ്യം. പിന്നെ പലതും വായിച്ച് അറിയാന്‍ ശ്രമിച്ചു. പഠിച്ച് പണ്ഡിതനായി എന്നൊന്നും പറയാന്‍ പറ്റില്ല. ദര്‍ശനങ്ങള്‍ ഹിമാലയങ്ങളാണെങ്കില്‍ നാം അതിന് താഴെ നില്‍ക്കുന്ന പൂഴിത്തരിയാണ്.
പല മതങ്ങളെക്കുറിച്ചും വായിച്ചപ്പോള്‍ താരതമ്യ പഠനത്തിലേക്ക് പ്രവേശിച്ചു. ഏറ്റവുമധികം ആകര്‍ഷിച്ച ഗ്രന്ഥമേത്, ദര്‍ശനമേത് എന്ന ആലോചനയായി. ഒരു മതദര്‍ശനത്തെയും ചെറുതായി കാണുന്നില്ല. എന്നാല്‍, മനുഷ്യജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ട, സമൂഹത്തിന് ഏറ്റവുമധികം സംഭാവന ചെയ്ത ദര്‍ശനമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മനുഷ്യജീവിതത്തിന്റെ ഗന്ധമുള്ള ദര്‍ശനമായാണ് ഇസ്‌ലാമിനെ ഞാന്‍ കാണുന്നത്. ജീവിതവുമായുള്ള ബന്ധവും ജീവിതത്തിന്റെ ഗന്ധവുമുള്ള ദര്‍ശനം. അതേ സമയം, സത്യ ശുദ്ധമായ ഇസ്‌ലാം മുസ്‌ലിം സമുദായത്തിന്റെ കൈയില്‍ ഇന്നില്ല എന്നതാണ് വസ്തുത. ഖുര്‍ആനികമായി ജീവിക്കുന്നവരെ ഏറെയൊന്നും കാണാന്‍ കഴിയുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്.
മതങ്ങളെക്കുറിച്ച് പറയുമ്പോള്‍ മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. ഒന്ന്, വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും. രണ്ട്, ആചാര്യന്മാര്‍. മൂന്ന്, ദര്‍ശന സാരം. ഒന്നാമത്തേത് ഉപരിപ്ലവമായി, മേല്‍തട്ടില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. മതപരമായ വേഷഭൂഷകള്‍ കൊണ്ട് ഹിന്ദുവും മുസ്‌ലിമും വേര്‍തിരിയുന്നു. വിശ്വാസ ആചാരങ്ങളും അനുഷ്ഠാന രൂപങ്ങളും ആഴത്തിലേക്ക് ഇറങ്ങണമെന്നില്ല. ഇതല്ല യഥാര്‍ഥ മതം. നമസ്‌കാരം ഉള്‍പ്പെടെ ആരാധനാ കര്‍മങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുന്ന ഒരാള്‍ മുസ്‌ലിമാണോ? പൊതുവില്‍ അല്ലെന്ന് പറയാനാകില്ല. എന്നാല്‍, അയാള്‍ മുസ്‌ലിമാണെന്ന് ഞാന്‍ പറയില്ല. ഇസ്‌ലാമിന്റെ ദര്‍ശനസാരം, അഥവാ ഫിലോസഫി ഉള്‍ക്കൊള്ളാനാകണം. ദൈവത്തിന്റെ ഏകത്വം എന്ന് പറയുമ്പോള്‍, മനുഷ്യരാശിയുടെ ഏകതയെയും അത് ഉള്‍ക്കൊള്ളുന്നു.  മാനവികതയോടുള്ള സ്‌നേഹം അതിന്റെ വിളംബരമാണ്. അയല്‍പക്കത്തൊരുത്തന്‍ വിശന്ന് കഴിയുമ്പോള്‍ അവനെ ശ്രദ്ധിക്കാന്‍ കഴിയാത്ത ഞാന്‍ വിശ്വാസികളുടെ കുടുംബത്തില്‍ അംഗമാകുന്നില്ല. അവന്റെ വിശപ്പ് എന്റെയും വിശപ്പാകണം. അതാണ് ഏകത്വബോധം, മാനുഷികത്തില്‍ ഏകത്വം. ബുദ്ധിമുട്ടും പ്രയാസവും എവിടെയുണ്ടോ, അവിടെയൊക്കെ സഹഭാവം കൊള്ളാനുള്ള വിശാല മനസ്സുണ്ടാകണം. യേശുവിനെയും മുഹമ്മദ് നബിയെയും നോക്കുക, മറ്റുള്ളവരുടെ സ്പന്ദം ഇരുവരും ഉള്‍ക്കൊള്ളുന്നുണ്ട്.
ആയിരക്കണക്കിന് ഹദീസ് ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്; നബിയുടെ വീടിനു മുമ്പിലെ ഒരു വഴി. നബി എന്നും രാവിലെ ആ വഴിയില്‍ ചെന്നു നില്‍ക്കും. എല്ലാവര്‍ക്കും കൈ കൊടുത്ത്, ആശ്ലേഷിക്കും. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഒരാള്‍ ചോദിച്ചു. 'എനിക്ക് ഒരു ദിവസം ജീവിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് ഈ മനുഷ്യബന്ധത്തില്‍ നിന്നാണ്' ഇതായിരുന്നു നബിയുടെ മറുപടി. മനുഷ്യരുടെ കരസ്പര്‍ശം, ഗാഢാലിംഗനം തനിക്ക് ഊര്‍ജം തരുന്നുവെന്ന് പ്രഖ്യാപിച്ച ഒരു മഹാനുഭാവനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇതാണ് മതത്തിന്റെ ആന്തരിക ഭാവം.

ഇസ്‌ലാമിനെക്കുറിച്ച് ഒരു പാട് വായിച്ചു, എഴുതി. ഇസ്‌ലാമിന്റെ പ്രധാന സവിശേഷതയായി   മനസ്സിലാക്കിയത് എന്താണ്?

ഇസ്‌ലാമിക സംസ്‌കൃതിയുടെ ഏറ്റവും വലിയ സവിശേഷത, മറ്റേത് മതത്തേക്കാളും ഉച്ചത്തില്‍ ഘോഷിച്ച ദൈവത്തിന്റെ ഏകത്വമാണ്, തൗഹീദ്. സത്യം ഒന്നേയുള്ളു, ഒരിക്കലും നശിക്കാത്തത്.  ക്രിസ്തുമതം അടിസ്ഥാനപരമായി ഏകത്വം പറയുന്നുണ്ടെങ്കിലും ഫലത്തില്‍ ദൈവ സങ്കല്‍പ്പം മൂന്നില്‍ കേന്ദ്രീകൃതമാണ്, ത്രിയേകത്വം. ഇസ്‌ലാം ദര്‍ശനത്തില്‍ പക്ഷേ, ഏകദൈവത്വം മാറ്റമില്ലാതെ തുടരുന്നു. ഇത്രയും പ്രസ്ഫുടമായ ഏകദൈവ വിശ്വാസം ലോകത്തെ ഒരു ദര്‍ശനത്തിലും പറഞ്ഞിട്ടില്ല. എന്നാല്‍, മത വിശ്വാസത്തിന്റെ കേവലതക്ക് അപ്പുറം മുസ്‌ലിംകള്‍ തൗഹീദിനെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ എടുക്കുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്. തൗഹീദ് ഒരു വിശ്വാസമാണ്, അത് ഒരു സംസ്‌കാരമായി മാറുകയാണ് വേണ്ടത്. ജീവിതത്തില്‍ നാം തൗഹീദ് ആചരിക്കുമെങ്കില്‍, ദൈവത്തിന്റെ ഏകത്വം ശാബ്ദികമായല്ല, പ്രയോഗ തലത്തില്‍, ആനുഭവികമായി പ്രാവര്‍ത്തികമാക്കുമെങ്കില്‍ അത് ലോകത്തിന് വലിയ സംഭാവനകള്‍ ചെയ്യും. സഹോദരഭാവമായി അത് ലോകത്ത് നിറയും. സ്‌നേഹവും സഹകരണവുമാണ് സാഹോദര്യത്തിന്റെ സവിശേഷത. തൗഹീദില്‍ വിശ്വസിക്കുന്നവര്‍ക്ക് അന്യം എന്നൊരു കാര്യമുണ്ടാകില്ല. ഒന്നിനെയും, ആരെയും അന്യമായി കാണാന്‍ കഴിയില്ല. ഇതിന് വിശ്വാസത്തെ സംസ്‌കാരമാക്കി മാറ്റണം. തൗഹീദിനെ മനസ്സിലെ വിശ്വാസമായും നാവിലെ മന്ത്രമായും സൂക്ഷിച്ചതുകൊണ്ട് എന്താണ് പ്രയോജനം! തൗഹീദ് ജീവിതത്തില്‍ പ്രയോഗിക്കണം. സ്‌നേഹം, സഹകരണം, സഹായം എന്നിവയായി സമൂഹത്തിന് അനുഭവപ്പെടണം. കൃഷ്ണവാര്യരുടെ വരികളുണ്ട്;

എങ്ങ് മനുഷ്യന് ചങ്ങല കൈകളില്‍
അങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാണ്,
എങ്ങോ മര്‍ദനമവിടെ കൈയുകള്‍
വീഴുവതെന്റെ പുറത്താണല്ലോ!

ചങ്ങലക്കുരുക്കില്‍പെട്ട മറ്റൊരാളുടെ കൈകള്‍ തന്റേതു തന്നെ എന്ന് ചിന്തിക്കാന്‍ കഴിയണം. പുറത്ത് അടികൊള്ളുന്നവന് മാത്രമല്ല തനിക്കു കൂടി വേദനിക്കണം. ആ വിശാലത കാണാന്‍ കഴിയുമ്പോഴേ മനുഷ്യന്റെ ഏകതയില്‍ നമുക്ക് അഭിമാനം കൊള്ളാന്‍ കഴിയൂ.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് നാം പൊഴിക്കവേ
ഉദിക്കയാണെന്നാന്തരാത്മാവിലായിരം സൗരമണ്ഡലം

മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിട്ട് നമുക്ക് ഒരിറ്റ് കണ്ണീരൊഴുക്കാന്‍ കഴിയുമെങ്കില്‍ എന്റെ മനസ്സില്‍ ആയിരം സൂര്യ മണ്ഡലം ഉദിക്കുകയാണെന്ന് പറയാന്‍ കഴിയണം. അതാണ് ഇസ്‌ലാമിന്റെ ആത്മീയ മണ്ഡലം. വയലാറിന്റെ വരികളുണ്ടല്ലോ;
സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു
തത്ത്വശാസ്ത്രത്തെയും.

ഇതും ഇസ്‌ലാമിന്റെ ചൈതന്യമാണ്. ഇസ്‌ലാം മനുഷ്യനെയാണ് അഭിസംബോധന ചെയ്യുന്നത്, വംശത്തെയല്ല, വര്‍ഗത്തെയല്ല, ദേശീയതയെയല്ല, ഏതെങ്കിലുമൊരു മതത്തെയുമല്ല. അയലത്തെ വീട്ടില്‍ പട്ടിണി കിടക്കുന്ന അമുസ്‌ലിമിലേക്കും നീളുന്ന സകാത്തിന്റെ കൈകള്‍ ഇസ്‌ലാമിന്റെ നന്മയാണ്. മതങ്ങള്‍ യൂനിഫോമിന്റെ പേരായി ചുരുങ്ങരുത്. അങ്ങനെ വരുമ്പോള്‍ അത് എളുപ്പത്തില്‍ അഴിച്ചു മാറ്റാവുന്ന ഒന്നായി മാറും. മതം ഹൃദയത്തില്‍ കുടികൊള്ളുകയും കാരുണ്യത്തെ മാത്രം സ്പന്ദിപ്പിക്കുകയും വേണം. ചിലരില്‍ മതം വളര്‍ത്തുന്ന വികാരം എന്താണെന്ന് ഇപ്പോള്‍ നമുക്കറിയാം. സ്‌നേഹിക്കാനാണ്, വെറുക്കാനല്ല മതം പഠിപ്പിക്കുന്നത്.

ഹിന്ദുമതവും അടിസ്ഥാനപരമായി ഏക ദൈവത്വത്തില്‍ അധിഷ്ഠിതമല്ലേ?

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ വിശ്വസിക്കുന്ന, അവയെ ആരാധിക്കുന്ന ഹിന്ദുയിസം എങ്ങനെ ഏകദൈവത്വപരമാകും? തങ്ങള്‍ ഏക ദൈവത്തിന്റെ ആളുകളാണെന്ന് പറയാന്‍ ധാര്‍മികമായി അവകാശമുണ്ടോ? ഏക ദൈവത്വത്തോട് എത്രത്തോളം നീതി കാണിക്കാന്‍ ഹിന്ദു ദര്‍ശനത്തിന് സാധിക്കുന്നുണ്ട്? രാമായണവും മഹാഭാരതവും മറ്റും ദര്‍ശന ഗ്രന്ഥങ്ങളല്ല, കഥകളാണ്. കാര്യം പഠിപ്പിക്കാനാണ് കഥകള്‍. പണ്ട് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഥകളാണ് ഉപയോഗിച്ചിരുന്നത്. പഞ്ചതന്ത്രം കഥകളാണ്, അവ ഉപയോഗിച്ചതും ഇതിനാണ്.
പഞ്ചതന്ത്രം പഠിച്ചീടും ജനത്തിന്, 
നെഞ്ചകത്തേറ്റം വിവേകമുണ്ടായ് വരും
സഞ്ചിദാനന്തം സമസ്ത ക്യത്യാ കൃത്യ
സഞ്ചിന്തനത്തിന് പാത്രമാകും ദൃഢം

രാമായണവും മഹാഭാരതവും ഇതിഹാസങ്ങളാണ്. പുരുഷ ധര്‍മങ്ങള്‍ എന്ന ഒരു ദര്‍ശനതലമുണ്ട് ഹിന്ദുവിന്. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ വലിയ സിദ്ധാന്തങ്ങള്‍. ഇതെല്ലാം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ കേള്‍ക്കാന്‍ ആളുണ്ടാകില്ല, അത്രയും കടുകട്ടിയായിരിക്കും. അപ്പോള്‍, ഈ തത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഥകളുണ്ടാക്കുകയായിരുന്നു. അതിനാണ് രാമായണം രചിച്ചത്.
ധര്‍മാര്‍ഥ കാമ മോക്ഷാണാം
ഉപദേശ സമന്വിതം
പൂര്‍വ്വ വൃത്തം തഥാ യുക്തം
ഇതിഹാസം പ്രചക്ഷതേ

ഇതിന് വേണ്ടി ഉണ്ടാക്കിയതാണ് ഇതിഹാസം, ഉണ്ടായതല്ല. ഖുര്‍ആന്‍ ഉണ്ടാക്കിയതല്ല, ഉണ്ടായതാണ്, വെളിപാടാണ്. ദൈവത്തിന്റെ അരുളപ്പാടാണ് ഖുര്‍ആന്‍. രാമായണത്തിലെ സംഭവങ്ങള്‍ ഉണ്ടാക്കിയ കഥകളാണ്. സനാതന സാരങ്ങള്‍ പഠിപ്പിക്കാനുള്ള ഉപാധികളാണവ. രാവണനെ കൊല്ലാന്‍ രാമന്‍ പിറന്നുവെന്നാണ്. ഒരാളെ കൊല്ലാന്‍ മറ്റൊരാള്‍ പിറക്കുകയെന്നത് മഹാ കഷ്ടമാണ്!

ദുര്‍മദം പെരുത്തോരു രാവണന്‍ തന്നെക്കൊന്ന്
സമ്മോദം ലോകങ്ങള്‍ക്ക് വരുത്തിക്കൊള്‍വാന്‍ മുന്നം
ബ്രഹ്മ ശങ്കരപ്രമുഖാമര പ്രവീരന്മാര്‍
നിര്‍മല പദങ്ങളാല്‍ സ്തുതിച്ച് പൂജിക്കയാല്‍
മാനുഷ വേഷം പൂണ്ട

രാമനായവതരിച്ചുവത്രെ! ഇതൊക്കെ തൗഹീദിന്റെ തലത്തിലേക്ക് എടുക്കാമോ? ഒരു സനാതന സാരം പ്രബോധിപ്പിക്കാനാണ് ഇതെല്ലാം ഉണ്ടാക്കിയത്. മുപ്പത്തിമുക്കോടി ദൈവങ്ങളെക്കുറിച്ച സങ്കല്‍പ്പവും ഇങ്ങനെത്തന്നെ. വേദ ദര്‍ശനത്തിന്റെ ആന്തരഭാവത്തില്‍ ഏകദൈവത്വമുണ്ടാകാം, പക്ഷേ അത് ഘോഷിച്ചിട്ട് ഹൈന്ദവതക്ക് നിലനില്‍ക്കാനാകില്ല. ഏകദൈവത്വത്തില്‍ വിഗ്രഹാരാധനയെ അനുകൂലിക്കാന്‍ പറ്റുമോ? ഭഗവതിയിലൂടെ ഭഗവതിയെ മാത്രമേ പ്രസാദിപ്പിക്കാന്‍ കഴിയൂ, ഗണപതിയെ പ്രസാദിപ്പിക്കാന്‍ കഴിയില്ല. ഇതൊക്കെ ഏകദൈവത്വമാണോ!? ക്രിസ്തുമതത്തിന്റെ കൈയില്‍പോലും ഇപ്പോള്‍ ഏക ദൈവത്വമില്ല, ത്രിയേകത്വമാണ് ഉള്ളത്. ഏകദൈവത്വമുള്ളത് ഇസ്‌ലാമിക സംസ്‌കൃതിയിലാണ്. മുസ്‌ലിംകള്‍ എത്രത്തോളം അതിനോട് നീതി പുലര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ആചാരങ്ങളില്‍ തടഞ്ഞു വീണിട്ട് ആദര്‍ശം കാണാതെ പോകുന്ന അവസ്ഥയുണ്ട്. പരിതാപകരമാണിത്. ആചാരമൊന്ന് തെറ്റിപ്പോയാലും അനുഷ്ഠാനമൊന്ന് വിട്ടു പോയാലും തീരാത്ത അപരാധമായി കാണാതെ, ഇസ്‌ലാമിന്റെ സംസ്‌കാരത്തെ പരിരക്ഷിക്കാന്‍ ശ്രമിക്കണം. സംസ്‌കാരവും മൂല്യവുമാണ് സമൂഹത്തിന് അനുഭവപ്പെടുന്ന ഇസ്‌ലാം. ഇത് സംരക്ഷിക്കാനായാല്‍ നാം വിജയിക്കും.
ഹൈന്ദവതയെക്കുറിച്ച പുസ്തകങ്ങള്‍ വായിച്ചു. ഹിന്ദു മതമല്ല, അങ്ങനെയൊരു മതമില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു മതത്തിന് അത് പിറന്ന  സ്ഥലം വേണം, രൂപപ്പെടുത്തിയ ആചാര്യന്‍ വേണം, രൂപപ്പെട്ട കാലം വേണം, പ്രമാണ ഗ്രന്ഥങ്ങള്‍ വേണം. ഇസ്‌ലാമിക സംസ്‌കൃതിയെ മതമെന്ന് വിശേഷിപ്പിക്കാം. ഇബ്‌റാഹീം, മുഹമ്മദ് തുടങ്ങി പ്രവാചകന്മാരുണ്ട്. മക്ക, മദീന തുടങ്ങി അത് പിറന്ന് വളര്‍ന്ന പ്രദേശങ്ങളുണ്ട്, കാലഘട്ടങ്ങളും ഗ്രന്ഥങ്ങളും നമുക്കറിയാം. ക്രിസ്തു മതത്തിനും ബുദ്ധ മതത്തിനും കണ്‍ഫ്യൂഷ്യനിസത്തിന്നും ഇതെല്ലാമുണ്ട്. പക്ഷേ, ഹൈന്ദവതക്ക് ഇതൊന്നുമില്ല. ആരാണത് രൂപപ്പെടുത്തിയത്? ഏതാണ് അത് രൂപം കൊള്ളുകയും പ്രചാരം നേടുകയും ചെയ്ത ഇടം? ഏതാണതിന്റെ ആധികാരിക പ്രമാണ ഗ്രന്ഥം? എന്തൊക്കെയാണതിന്റെ വിശ്വാസങ്ങള്‍....? ഒരു മുഹമ്മദ് നബി, ബുദ്ധന്‍, യേശു ക്രിസ്തു അതിനില്ല. പല തരത്തിലുള്ള ഒരു പാട് ആചാര്യന്മാരാണ് അതിനുള്ളത്.

രാമനും രാവണനും മറ്റും സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ്, യാഥാര്‍ഥ ചരിത്രമേ അല്ലെന്ന് പറഞ്ഞു. പക്ഷേ, ഇന്ന് ഈ കഥകളെയും സങ്കല്‍പ്പങ്ങളെയും ചരിത്രമാക്കുകയും അതിന്റെ പേരില്‍ വിദ്വേഷവും ഹിംസയും നടക്കുകയുമാണല്ലോ?

രാമായണം ഉള്‍പ്പെടെയുള്ളവ ചരിത്രമല്ല, കഥ തന്നെയാണ്. രാമായണ ഭാരതാദികളെ ചരിത്രമായി കരുതി എന്നതാണ് വലിയ വിഡ്ഢിത്തം. ഉത്തമമായ ജീവിത മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന വിശിഷ്ട ഗ്രന്ഥങ്ങളാണവ. നിര്‍മിതമായ കഥകളുടെ സംഘാതം, ചരിത്രവുമല്ല ദര്‍ശനവുമല്ല. ചരിത്രമെന്ന നിലയില്‍ രാമായണം അംഗീകരിക്കപ്പെട്ടിട്ടില്ല.
ദൈവസന്നിധിയിലേക്കുള്ള മഹാ യാത്രക്കുള്ള പാഥേയമൊരുക്കാനാണ് ഇത്തരം ധര്‍മോപദേശങ്ങള്‍. മഹാഭാരത രാമായണം എന്ന പേരില്‍ രാജഗോപാലാചാരി ഇംഗ്ലീഷില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മഹാ യാത്രയുടെ തെളിവ് പറയുന്നുണ്ട് അതിലദ്ദേഹം. കുന്തിയുടെ, ഗാന്ധാരിയുടെ, ധൃതരാഷ്ട്രരുടെ യാത്ര ഉദാഹരണം. കുന്തി ധര്‍മപുത്രരോട് പറയുന്നുണ്ട്; നിങ്ങളുടെ കഴിവും കരുത്തും ചൈതന്യവും രാജ്യക്ഷേമത്തിന് ചെലവഴിക്കണം. ശേഷികളത്രയും ധര്‍മത്തിന് മാത്രം ഉപയോഗപ്പെടുത്തണം. വ്യാസന്‍ പറഞ്ഞത്; ധര്‍മത്തില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഭരണം നടത്തണം എന്നാണ്. ഈ ഉപദേശങ്ങളോടെ ദൈവസന്നിധിയിലേക്ക് കടന്നു പോയ കഥാപാത്രങ്ങളാണ് രാമായണത്തിലുള്ളത്. Great March Towards Supreme എന്നാണ് രാജഗോപാലാചാരി ഈ യാത്രയെക്കുറിച്ച് പറഞ്ഞത്. പരമമായ ചൈതന്യത്തിന്റെ സങ്കേതത്തിലേക്കുള്ള മഹാ യാത്ര.

ഇസ്‌ലാമിനെക്കുറിച്ച് ഇത്രയേറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ചില ചോദ്യങ്ങള്‍ ഉയരാമല്ലോ!

കുവൈത്തില്‍ ഒരു പ്രസംഗം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ഒരു ചോദ്യം; എന്നിട്ടുമെന്തേ ഇതു വഴി വരാത്തത്? അധ്യക്ഷന്‍ മറുപടി പറയാന്‍ എഴുന്നേറ്റു. എന്നോടാണല്ലോ ചോദ്യം, ഞാന്‍ വിശദീകരിക്കാമെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. 'ഞാന്‍ മുസ്‌ലിമാണ്' അദ്ദേഹം പറഞ്ഞു. എന്താണ് തെളിവ്? അദ്ദേഹം വിശദീകരിച്ചു; 'ഞാന്‍ സത്യവചനം ചൊല്ലിയിട്ടുണ്ട്, എനിക്ക് വിശ്വാസമുണ്ട്, ആരാധനകള്‍ നിര്‍വഹിക്കുന്നുണ്ട്'. 'ഇതു കൊണ്ട് നിങ്ങള്‍ യഥാര്‍ഥ മുസ്‌ലിമാണെന്ന് ഞാന്‍ കരുതുന്നില്ല' എന്നു പറഞ്ഞ് ഞാന്‍ ഒരു കൈ മുകളിലേക്കുയര്‍ത്തി, മറുകൈ ഒരു വശത്തേക്കു നീട്ടിപ്പിടിച്ചു. ഞാന്‍ ആരാണ് എന്നതിന്റെ ഉത്തരമാണിത് എന്നും പറഞ്ഞു. അധ്യക്ഷന്‍ ചിരിച്ചു, പണ്ഡിതനായ അദ്ദേഹത്തിന് കാര്യം മനസ്സിലായി. മനസ്സിലാകാത്തവര്‍ക്ക് വേണ്ടി ഞാന്‍ വിശദീകരിച്ചു; 'ഒരു കൈ ദൈവത്തിലേക്ക് ഉയര്‍ത്തിയത്, മറുകൈ ജനങ്ങളിലേക്ക് നീട്ടിപ്പിടിച്ചത്! ഒരേ സമയം ഇത് രണ്ടും കൊണ്ടാടാന്‍  കഴിയുമെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സമാധാനം ലഭിക്കൂ. സമൂഹത്തെ സ്‌നേഹിക്കാതെയും സേവിക്കാതെയും ദൈവത്തെ കീര്‍ത്തിച്ചതുകൊണ്ട് നിങ്ങള്‍ മുസ്‌ലിമാകില്ല. ദൈവത്തെ വിശ്വസിക്കാതെയും പ്രാര്‍ഥിക്കാതെയും സമൂഹത്തെ സേവിച്ചാലും നിങ്ങള്‍ മുസ്‌ലിമാകില്ല! പ്രവാചകന്‍ ആദ്യ കാലത്ത് ഒരാളോട് ചോദിച്ചു; നിങ്ങള്‍ എന്തുകൊണ്ടാണ് ഈ വഴി വരാത്തത് ? നിങ്ങള്‍ എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിക്കുന്നില്ല എന്നാണ് നബി ഉദ്ദേശിച്ചത്. ഉടന്‍ ഒരു വെളിപാടുണ്ടായി; പ്രബോധിപ്പിക്കല്‍ മാത്രമാണ് നിന്റെ ഉത്തരവാദിത്തം, ഇസ്‌ലാം സ്വീകരിക്കുന്നതിന്റെയും സ്വീകരിക്കാത്തതിന്റെയും കണക്കെല്ലാം ഞാന്‍ നോക്കിക്കൊള്ളാം! ഇതായിരുന്നു ദൈവത്തിന്റെ നിലപാട്. അതിനു ശേഷം ഒരിക്കലും പ്രവാചകന്‍ അങ്ങനെ ചോദിച്ചിട്ടില്ല.' ഇതു പറഞ്ഞ് തീര്‍ന്നപ്പോള്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു. തിരുവനന്തപുരം പാളയം പള്ളിയിലെ പ്രഭാഷണശേഷവും ഇതേ ചോദ്യം നേരിടേണ്ടി വന്നു. അവിടത്തെ ഇമാം, ഒരു കുറിയ മനുഷ്യന്‍ എനിക്ക് വേണ്ടി മറുപടി പറഞ്ഞു, ഞാന്‍ പറയുന്ന പോലെ! എനിക്ക് അദ്ദേഹത്തോട് വലിയ ആദരവ് തോന്നി. ഞാന്‍ എന്താകണം എന്നത് ഞാനും ദൈവവും തമ്മില്‍ തീരുമാനിക്കുന്നതാണ്, മറ്റു മനുഷ്യര്‍ അതില്‍ ഇടപെടേണ്ടതില്ല.

ഇസ്‌ലാമിനെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ നിന്ന് പലതരം പ്രതികരണങ്ങള്‍ ഉണ്ടാകാം. എതിര്‍പ്പുകള്‍, വിമര്‍ശനങ്ങള്‍?

ശാസ്തമംഗലത്തു നിന്ന് ഒരിക്കല്‍ എനിക്കൊരു കത്ത് വന്നു, നാല് പേജുണ്ട്. വര്‍ഗീയ ഫാഷിസ്റ്റ് മനസ്സുള്ള സംഘടനയുടെ ആളുകള്‍ എഴുതിയതാകണം. ഇസ്‌ലാമിനെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനെതിരായ ഭീഷണിയായിരുന്നു കത്തിന്റെ ഉള്ളടക്കം. 'ഞങ്ങള്‍ വ്യക്ഷങ്ങള്‍ വെട്ടിമുറിക്കാറില്ല, അതിന്റെ ശാഖകളും വേരുകളും അരിഞ്ഞിടും, ഒടുക്കം താഴ്വേരും' എന്നും അതില്‍ എഴുതിയിരുന്നു. നിങ്ങളെ കൊല്ലില്ല, നിങ്ങളുടെ മക്കളെ കാച്ചിക്കളയും എന്നാണ് സൂചന. ഞാന്‍ ഈ കത്ത് മകനെ കാണിച്ചു. 'അഛന്‍ ഇപ്പോള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് കൂടുതല്‍ സജീവമായി തുടര്‍ന്നോളൂ' എന്നായിരുന്നു മക്കളുടെ പ്രതികരണം. ആശയപരമായ യോജിപ്പ് ആകണമെന്നില്ല, എന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ബോധമാണ് മക്കളുടെ നിലപാടിന്റെ അടിസ്ഥാനം. സി. രാധാകൃഷ്ണനെപ്പോലുള്ള സാഹിത്യകാരന്മാരൊക്കെ നല്ല അഭിപ്രായമേ പറഞ്ഞിട്ടുള്ളൂ. ഇതര വിശ്വാസദര്‍ശനങ്ങളെക്കുറിച്ച് പഠിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് ആദരണീയമായ കാര്യമായിട്ടാണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. തെറ്റിദ്ധാരണകളുാകുമ്പോഴാണ് ആളുകള്‍ എതിര്‍ക്കുന്നത്.
ഒരിക്കല്‍  ഒരു പ്രസംഗം കഴിഞ്ഞ് ആളുകള്‍ അടുത്ത് വന്ന് സന്തോഷം പങ്കുവെക്കുന്നതിനിടക്ക്, രണ്ടു പേര്‍ സ്റ്റേജിന്റെ പുറകില്‍ കാണാന്‍ വന്നിട്ടുണ്ടെന്നറിയിച്ചേപ്പോള്‍ ഞാന്‍ അങ്ങോട്ട് ചെന്നു. പത്തുപന്ത്രണ്ട് പേരുണ്ട്. അവര്‍ സംസാരം തുടങ്ങിയപ്പോഴേക്കും സഹൃദയരായ കുറേ പേര്‍ ചുറ്റും കൂടി. സംഘാടകര്‍ക്കും സദസ്യര്‍ക്കും അവരെ അറിയാം, അവര്‍ക്ക് കാര്യം മനസ്സിലായി. രംഗം പന്തിയല്ലെന്ന് കണ്ടപ്പോള്‍ ആ സംഘം പതിയെ സ്ഥലം വിടുകയായിരുന്നു. ഇങ്ങനെ ചില കത്തുകളും പ്രതികരണങ്ങളും ഇടക്ക്  ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ ഇല്ലാതായി. ഭീഷണി കൊണ്ടൊന്നും വാണിദാസ് മാറില്ലെന്ന് അവര്‍ക്ക് ബോധ്യം വന്നിരിക്കണം.

വായനയുടെ രീതി എങ്ങനെയാണ്? കുറിപ്പുകള്‍ സൂക്ഷിക്കാറുണ്ടോ?

കുട്ടിക്കാലത്ത് ഒരു ദിവസം ഒരു പുസ്തകം എന്ന തോതില്‍ വായിക്കാറുണ്ടായിരുന്നു, കേള്‍ക്കുമ്പോള്‍ പലര്‍ക്കും വിശ്വാസമാവില്ലെങ്കിലും. ചെറിയ കഥാ പുസ്തകങ്ങളും നോവലുകളുമായിരുന്നു അവയിലധികവും. പിന്നീട് ഗൗരവപ്പെട്ട വായനയിലേക്ക് വളര്‍ന്നു. വെറുതെ വായിച്ചു പോവുകയല്ല, കുറിപ്പുകള്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്തു വന്നു. പുസ്തകങ്ങളുടെ പേജുകള്‍ കൂടുന്നതിനനുസരിച്ച് കുറിപ്പുകളും വര്‍ധിക്കും. വര്‍ഷത്തിലൊരിക്കല്‍ ഈ കുറിപ്പുകളെല്ലാം വായിക്കും. അപ്പോള്‍, ആ പുസ്തകങ്ങളെല്ലാം എനിക്ക് വീണ്ടും ഓര്‍മിക്കാന്‍ അവസരം കിട്ടും. പ്രസംഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതോടുകൂടി ഈ പുസ്തകങ്ങളിലെ ആശയങ്ങള്‍ മനസ്സില്‍ രൂഢമായിത്തീരും. ഇപ്പോള്‍, നോട്ടുകളുടെ എണ്ണം ഒരുപാട് കൂടിയപ്പോള്‍, വര്‍ഷാവര്‍ഷം എല്ലാം വായിച്ചു തീര്‍ക്കുക പ്രയാസമായിത്തീര്‍ന്നു.
ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വായിച്ചത്. പക്ഷേ, അന്ന് തയാറാക്കിയ കുറിപ്പുകളിലൂടെ വര്‍ഷാവര്‍ഷം കടന്നു പോവുക വഴി അമ്പതിലധികം തവണ ആ പുസ്തകം വായിച്ചിട്ടുണ്ട്. ഇങ്ങനെ അര്‍പ്പണ മനസ്സോടെ വൈജ്ഞാനിക പ്രവര്‍ത്തനം നിര്‍വഹിച്ചാല്‍ തീര്‍ച്ചയായും അതിന്റെ ഫലം നമ്മുടെ ജീവിതത്തിലുണ്ടാകും. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി