Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

ഗീലാനി: ഭരണകൂടം പോരാളിയാക്കിയ കശ്മീരി

എ. റശീദുദ്ദീന്‍

ദല്‍ഹി യൂനിവേഴ്സിറ്റിയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന എസ്.എ.ആര്‍ ഗീലാനി ആയുസ്സിന്റെയും ചുറ്റുപാടുകളുടെയും ഒട്ടും ഉചിതമല്ലാത്ത ഇടവേളയിലാണ് വിട വാങ്ങിയത്. പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം കശ്മീരിന്റെ ചിത്രം ആശങ്കയുണര്‍ത്തിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു ഇത്. നിനച്ചിരിക്കാതെ അദ്ദേഹം യാത്രയാകുമ്പോള്‍ മനുഷ്യാവകാശങ്ങളെ കുറിച്ച്, പ്രത്യേകിച്ച് വരാനുള്ള ദിവസങ്ങളില്‍ ഒരു മലവെള്ളപ്പാച്ചില്‍ പോലെ ഇന്ത്യ കേട്ടുകൊണ്ടേയിരിക്കാന്‍ പോകുന്ന കശ്മീരിന്റെ ദുരിതജീവിതത്തെ കുറിച്ച് ദല്‍ഹിയില്‍ ആധികാരികമായി പറയാന്‍ ഇനി ഇതുപോലൊരാളില്ല. കശ്മീരിന്റെയും കശ്മീരിയുടെയും കശ്മീരിയത്തിന്റെയും എല്ലാ അര്‍ഥത്തിലും രാജ്യം കണ്ട ഏറ്റവും മികച്ച പ്രതീകമായിരുന്നു സൗമ്യനും സഹൃദയനുമായിരുന്ന ഗീലാനി. 
2001 ഡിസംബര്‍ 13-ന് നടന്ന പാര്‍ലമെന്റ് ആക്രമണം യുക്തിയുടെ ഭാഷയില്‍ ഇനിയും ചുരുളഴിഞ്ഞിട്ടില്ലാത്ത ദുരൂഹ സംഭവമാണ്. അതില്‍ കൊല്ലപ്പെട്ട അഞ്ചു പേരെയും കുറിച്ച് വിശ്വാസ്യയോഗ്യമായ ഒരു വിവരവും ഇതുവരെ ഹാജരാക്കാനായിട്ടില്ലെങ്കിലും അവരെ ദല്‍ഹിയില്‍ സഹായിച്ചവരെയും കേസില്‍ ഗൂഢാലോചന നടത്തിയവരെയും വിചാരണ നടത്താന്‍ വല്ലാത്ത ഉത്സാഹമായിരുന്നു അന്നത്തെ ബി.ജെ.പി ഭരണകൂടത്തിനും അവരുടെ ചട്ടുകമായിരുന്ന ദല്‍ഹി പോലീസിനും. ഈ ഗൂഢാലോചനക്കാരുടെ നേതാവായാണ് പ്രഫ. അബ്ദുര്‍റഹ്മാന്‍ ഗീലാനിയുടെ പേര് ദല്‍ഹി പോലീസ് എഴുതി ചേര്‍ത്തത്. വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു സാക്ഷിമൊഴിയും വികലമായി വിവര്‍ത്തനം ചെയ്ത ഒരു ടെലിഫോണ്‍ സംഭാഷണവുമായിരുന്നു കോടതിയിലെത്തിയ 'തെളിവു'കള്‍. കുറ്റവാളികള്‍ ആരെന്ന് ഇന്ത്യ ഒരിക്കല്‍ പോലും അന്വേഷിച്ചു കണ്ടെത്താത്ത കേസാണിത്. അക്കാര്യത്തില്‍ താല്‍പര്യം പോലുമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് 'ഗൂഢാലോചന'ക്കാരെ കോടതികള്‍ ഒന്നിനു പിറകെ മറ്റൊന്നായി വിട്ടയച്ചപ്പോഴും യഥാര്‍ഥ ഗൂഢാലോചന ആര് നടത്തിയെന്ന് അന്വേഷിച്ചതുമില്ല. എന്നാല്‍ പാര്‍ലമെന്റിനകത്തേക്ക് കയറാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളെ കുറിച്ചെങ്കിലും സ്തോഭജനകമായ റിപ്പോര്‍ട്ടുകള്‍ അതേ ദിവസങ്ങളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. പൂനെയിലെ പോലീസ് കമീഷണര്‍ വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ട വിവരമനുസരിച്ച് ഇയാളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത് ദല്‍ഹി പോലീസിന് കൈമാറുകയും പിന്നീട് കശ്മീരിലേക്ക് കേസന്വേഷണത്തിനായി കൈമാറുകയും ചെയ്ത ഒരു കുറ്റവാളിയാണ്. ഇയാളെ കശ്മീരില്‍ നിന്നും ദല്‍ഹിയില്‍ എത്തിച്ച കുറ്റത്തിനായിരുന്നു പില്‍ക്കാലത്ത് അഫ്സല്‍ ഗുരു എന്ന കശ്മീരിലെ കീഴടങ്ങിയ ഒരു മുന്‍ തീവ്രവാദി കൊലക്കയര്‍ ഏറ്റുവാങ്ങിയത്. അഫ്സലിന്റെ ഭാര്യ തബസ്സും അന്നത്തെ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹരജിയിലും  മുഹമ്മദ് യാസീന്‍ എന്ന ഈ കുറ്റവാളി എങ്ങനെ കശ്മീരില്‍നിന്നും ദല്‍ഹിയിലെത്തി എന്നതിനും തന്റെ ഭര്‍ത്താവുമായി യാസീനെ ബന്ധപ്പെടുത്തിയത് ആരാണെന്നും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഒളിച്ചുവെച്ച ഈ ഒറ്റ വിവരം മതി, പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ ചരടു വലിച്ചവരുടെ മുഖംമൂടി വലിച്ചഴിക്കാന്‍. പക്ഷേ കശ്മീരികളായ എസ്.എ.ആര്‍ ഗീലാനിക്കും ശൗക്കത്ത് ഹുസൈനും അഫ്സല്‍ ഗുരുവിനും അഫ്സാനുമൊക്കെ വേണ്ടി ഇങ്ങനെയൊരു സാഹസം നടത്തേണ്ട നീതിബോധമൊന്നും ആത്മാവ് പിശാചിന് പണയം വെച്ച രാജ്യത്തെ മാധ്യമങ്ങള്‍ക്കുണ്ടായില്ല. 
വേട്ടയാടപ്പെടുന്ന കശ്മീരിയുടെ എക്കാലത്തെയും പ്രതീകമായി എസ്.എ.ആര്‍ ഗീലാനി മാറുന്നത് അങ്ങനെയാണ്. ദല്‍ഹി പോലീസ് നല്‍കിക്കൊണ്ടിരുന്ന നുണക്കഥകള്‍ ഒരു കാലത്ത് നിര്‍ലജ്ജം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ മരണത്തിനു ശേഷം പോലും ഗീലാനിയെ പാര്‍ലമെന്റ് ആക്രമണത്തിലേക്ക് ചേര്‍ത്തുകെട്ടി. പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റാരോപിതനായിരുന്ന ഗീലാനി അന്തരിച്ചു എന്നല്ലാത്ത തലക്കെട്ടുകള്‍ ഒന്നോ രണ്ടോ മാത്രമാണ് കാണാനുണ്ടായിരുന്നത്. കള്ളക്കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് 22 മാസം തടവില്‍ കിടക്കുകയും ചെയ്ത ഗീലാനിക്കെതിരെ സംശയത്തിന്റെ ഒരു കണിക പോലും തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. സംഗീത് നാരായണ്‍ ധിന്‍ഗ്ര എന്ന കീഴ്ക്കോടതി ജഡ്ജി തൂക്കുമരം വിധിച്ച കേസായിരുന്നു അത്. തടവുശിക്ഷക്കു പോലുമുള്ള വകുപ്പ് ഈ കേസില്‍ തെളിയിക്കാന്‍ പോലീസിനായില്ല. പോട്ട എന്ന കിരാത നിയമത്തിന്റെ കരുത്ത് പരിശോധിച്ച വിചാരണ കൂടിയായിരുന്നു ഇത്. പോലിസ് ഹാജരാക്കുന്ന കുറ്റസമ്മതമൊഴി ഈ നിയമമനുസരിച്ച് തെളിവായി അംഗീകരിക്കപ്പെടുമായിരുന്നു. ഇല്ലാത്ത തെളിവ് ഉണ്ടാക്കിയെടുക്കാനുള്ള എ.സി.പി രജ്ബീര്‍ സിംഗിന്റെയും കൂട്ടരുടെയും മൃഗീയതക്ക് വഴങ്ങി, പോലീസിനകത്തെ ഹിന്ദു വര്‍ഗീയവാദികളുടെ മനോവൈകൃതങ്ങള്‍ ഏറ്റുവാങ്ങി, നിഷ്ഠുരമായ പീഡനങ്ങള്‍ക്കിരയായി, ഡിസംബറിലെ കൊടുംശൈത്യത്തിലും ഐസ് ബ്ലോക്കുകള്‍ക്ക് മുകളില്‍ നഗ്നനായി കിടന്ന്, കട്ടിംഗ് പ്ലയര്‍ കൊണ്ട് ഗുഹ്യരോമങ്ങള്‍ വലിച്ചു പിഴുതെടുക്കപ്പെട്ട്, കക്കൂസിനു മുമ്പില്‍ പോലും പോലീസുകാരുടെ കാവലിന്റെ അപമാനം പേറി, ഉറങ്ങാന്‍ അനുവദിക്കാതെ നിരന്തരമായി ചോദ്യം ചെയ്ത്, മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പുറത്തേക്കു വരുവോളം ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ്, ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണി സഹിച്ച്, തടിമാടന്മാരായ ഓഫീസര്‍മാര്‍ ബൂട്ടു കൊണ്ട് കാല്‍വിരലുകള്‍ ചവിട്ടി ഞെരിച്ച്..... എന്നിട്ടും അദ്വാനിയുടെ പോലീസിന് പാര്‍ലമെന്റ് ആക്രമണ കേസില്‍ ഇദ്ദേഹത്തെ കുടുക്കാനായില്ല.  ഇന്ത്യന്‍ ജനാധിപത്യം ഫാഷിസത്തിന് വഴങ്ങാന്‍ തുടങ്ങിയ അക്കാലത്ത് ഭരണകൂടം സൃഷ്ടിച്ച ഇരകളുടെ പട്ടികയിലെ ചോരച്ചുവപ്പുള്ള  പേരായി പ്രഫ. എസ്.എ.ആര്‍ ഗീലാനി മാറി. മനുഷ്യാവകാശ തത്ത്വങ്ങളില്‍ കേവലമായി വിശ്വസിക്കുകയും കശ്മീരികളുടെ സ്വയംനിര്‍ണയാവകാശത്തിനു വേണ്ടി തന്റെ സൗഹൃദവലയങ്ങളില്‍ സംസാരിക്കുകയും ചെയ്തിരുന്ന ഒരു സാധാരണ കോളേജ് അധ്യാപകന്‍ അവിടന്നിങ്ങോട്ട് ഉയിര്‍ത്തെഴുന്നേറ്റവന്റെ ജീവിതമായിരുന്നു നയിച്ചത്. കോടതി വിധിച്ച മരണം മാത്രമല്ല, കോടതി വിട്ടയച്ച കാലത്ത് വാടകക്കൊലയാളികളെ അയച്ച് തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തെയും അദ്ദേഹം അതിജീവിച്ചു. ഭരണസിരാകേന്ദ്രമായ ദല്‍ഹിയുടെ മൂക്കിന്‍ചുവട്ടിലായിരുന്നു ആരാണ് കൊലയാളിയെ പറഞ്ഞയച്ചതെന്ന് ഇന്നുമറിയാത്ത ആ നാടകം അരങ്ങേറിയത്. മരണം നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ഒരുവന് ജീവിതത്തെ കുറിച്ച് എന്തായിരുന്നോ ഭയക്കേണ്ടതില്ലാതിരുന്നത്, ഗീലാനി അത് പിന്നീടിങ്ങോട്ട് തെളിയിക്കുകയും ചെയ്തു. 
ഇന്ത്യന്‍ മുസ്ലിംകളെ ഭീകരതയുടെ നുകത്തില്‍ ചേര്‍ത്തുകെട്ടാനായി അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനിയും ആ അജണ്ടയെ നെഞ്ചേറ്റിയ ദേശീയ മാധ്യമങ്ങളും കൊണ്ടുപിടിച്ചു ശ്രമിച്ചത് പാര്‍ലമെന്റ് ആക്രമണത്തിനു ശേഷമായിരുന്നു. അക്കാലത്താണ് ദുരൂഹമായ നിരവധി സ്ഫോടന പരമ്പരകളില്‍ രാജ്യം വെറുങ്ങലിച്ചത്. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍ മുതലായ പേരുകളൊന്നും പുതിയ കാലത്ത് കശ്മീരിനു പുറത്തെ ഇന്ത്യന്‍ നഗരങ്ങളില്‍ കേള്‍ക്കാതെയായി. ബോംബുകള്‍ വെക്കാനുള്ള ഭീകരരുടെ കാരണങ്ങള്‍ അവസാനിച്ചതാണോ അതോ അവരുടെ 'ബോംബു'കളിലൂടെ മറ്റാരെങ്കിലും സ്വന്തം ലക്ഷ്യം നേടിയതായിരുന്നോ? ഭീകരത ഒരു രാഷ്ട്രീയ നാടകമല്ലെന്നും അത് യഥാര്‍ഥ്യമാണെന്നും താഴേതട്ടിലുള്ള പോലീസുകാര്‍ ആത്മാര്‍ഥമായി തന്നെ വിശ്വസിച്ചിരുന്നു എന്നാണ് ഗീലാനി തിരിച്ചറിഞ്ഞത്. താന്‍ തടവില്‍ കിടക്കുമ്പോള്‍ പുറത്ത് പാറാവ് നില്‍ക്കുന്ന പോലീസുകാരുടെ വാക്കുകളില്‍നിന്നും അവര്‍ക്ക് മുകളില്‍നിന്നും ലഭിക്കുന്ന മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ ഏകദേശ രൂപം ഗീലാനിക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. രാജ്യസ്നേഹത്താല്‍ വിജൃംഭിതരായിട്ടായിരുന്നു അവര്‍ മുസ്ലിംകളെയും കശ്മീരികളെയും മര്‍ദിച്ചുകൊണ്ടിരുന്നത്. മര്‍ദനമേറ്റ് മൃതപ്രാണനായി ഒടിഞ്ഞു മടങ്ങി കിടക്കുമ്പോഴും ഇരയുടെ നിരപരാധിത്വത്തെ കുറിച്ച ഒരു സൂചന പോലും ഗീലാനി ആ പോലീസുകാരുടെ വായില്‍നിന്നും കേട്ടിരുന്നില്ല. മറിച്ച് മുസ്ലിംകളെ കുറിച്ച കേട്ടാലറക്കുന്ന അസഭ്യവര്‍ഷമായിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശൗക്കത്ത് ഹുസൈനെയും അഫ്സല്‍ ഗുരുവിനെയും പലപ്പോഴും പോലീസുകാരുടെ മൂത്രം മണക്കാറുണ്ടായിരുന്നുവെന്ന് 'ദ വയര്‍' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഗീലാനി പറയുന്നുണ്ട്. ഗീലാനി അല്ലാത്ത പ്രതികളെ നഗ്നരാക്കി ഗുദഭോഗം ചെയ്യുന്ന രീതിയില്‍ ബലം പ്രയോഗിച്ചു നിര്‍ത്തി ഫോട്ടോയില്‍ പകര്‍ത്തുക പോലുമുണ്ടായി. കീഴ്ക്കോടതി വധശിക്ഷ വിധിച്ച കാലത്ത് മൂന്നടി മാത്രം വീതിയുള്ള ഒരു ഇരുണ്ട സെല്ലിലായിരുന്നു ഗീലാനിയെ അടച്ചിട്ടത്. ആ സെല്ലില്‍നിന്നും നോക്കിയാല്‍ കഴുമരം കാണാമായിരുന്നു. അതേ കഴുമരത്തിനു സമീപം ഉണ്ടായിരുന്ന മഖ്ബറ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തൂക്കിലേറ്റപ്പെട്ട കശ്മീരി നേതാവ്  മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റേതായിരുന്നുവെന്നാണ് ജയിലര്‍മാര്‍ ഗീലാനിയോടു പറഞ്ഞത്. അടുത്ത് തന്നെ കുഴിക്കുന്നത് നിനക്കുവേണ്ടി ആയിരിക്കുമെന്നും. 
ഹൈക്കോടതിയില്‍ നന്ദിതാ ഹക്സര്‍ ഈ കേസ് ഏറ്റെടുത്തതിനു ശേഷം കൊലമരത്തില്‍നിന്നു മാത്രമല്ല ഒരു ഭരണകൂടം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച പരമമായ അപമാനത്തില്‍നിന്നു കൂടിയാണ് ഈ ദല്‍ഹി പ്രഫസര്‍ ജീവിതത്തിലേക്കു തിരിച്ചു നടന്നത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയിട്ടൊന്നുമല്ല കേസുമായി ഒരു ബന്ധവുമില്ലെന്ന് നിസ്സംശയം വിധി പറഞ്ഞുകൊണ്ടാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. മരണത്തെയും പീഡനത്തെയും അപമാനത്തെയും ഇതുപോലെ നേരിട്ട മറ്റൊരു മനുഷ്യാവകാശ പോരാളിയും നമ്മുടെ കാലഘട്ടത്തില്‍ വേറെ ജീവിച്ചിട്ടുണ്ടാവില്ല. കള്ളക്കേസില്‍ ഗവണ്‍മെന്റിന്റെ മുഴുവന്‍ മുഷ്‌കിനോടും ഏറ്റുമുട്ടി ജയിച്ചതിനു ശേഷമുള്ള കാലത്ത് തന്നെ പോലെ ഭരണകൂടത്തിന്റെ കെണിയിലകപ്പെടുന്ന ഇരകള്‍ക്കു വേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ ഏറ്റെടുത്തും മനുഷ്യാവകാശ വിഷയങ്ങളില്‍ ഉച്ചത്തില്‍ സംസാരിച്ചുമൊക്കെ ഗീലാനി ദല്‍ഹിയില്‍ നിറഞ്ഞുനിന്നു. ഗീലാനിയുടെ മകള്‍ സുപ്രീം കോടതിയിലെ അഭിഭാഷകയായി മാറി. മകന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയും ചെയ്യുന്നു. വൈകുന്നേരം ജിമ്മിലെ പതിവു വ്യായാമത്തിനിടയിലാണ് ഗീലാനിക്ക് ഹൃദയസ്തംഭനമുണ്ടായത്. അദ്ദേഹത്തിന്റെ മരണത്തെ പോലും സര്‍ക്കാര്‍ ഭയപ്പെട്ടതുകൊണ്ടാണ് മൃതദേഹം നിര്‍ബന്ധപൂര്‍വം പോസ്റ്റ്മോര്‍ട്ടം ചെയ്തതും കശ്മീരില്‍ മറവുചെയ്യാതിരിക്കാനായി ദല്‍ഹിയില്‍ കഴിയുന്നത്ര വെച്ചു താമസിപ്പിച്ചതും. കശ്മീരികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഉച്ചത്തില്‍ സംസാരിച്ച, അക്കാര്യത്തില്‍ ദല്‍ഹിയില്‍ ആരെയും ഭയക്കാതിരുന്ന ഗീലാനി തീര്‍ച്ചയായും മര്‍ദക ഭരണകൂടത്തിനു മുമ്പില്‍ നെഞ്ചുവിരിച്ചുനിന്ന പോരാളി തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി