Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

ദാരിദ്ര്യനിര്‍മാര്‍ജന പഠനങ്ങള്‍ നൊബേല്‍ പുരസ്‌കാരം നേടുമ്പോള്‍

ഡോ. മുഹമ്മദ് പാലത്ത്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ദാരിദ്ര്യനിര്‍മാര്‍ജന പഠനങ്ങള്‍ നടത്തുന്ന ഗവേഷകര്‍ക്കാണ് ഇത്തവണ ലഭിച്ചത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസറും ഇന്ത്യക്കാരനുമായ അഭിജിത് ബാനര്‍ജി, അദ്ദേഹത്തിന്റെ പത്‌നിയും അതേ സ്ഥാപനത്തിലെ ഗവേഷകയുമായ ഈസ്തര്‍ ഡ്യുഫ്‌ളോ, സഹ ഗവേഷകനും ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രഫസറുമായ മൈക്ക്ള്‍ ക്രീമര്‍ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്. 2003-ല്‍ ആരംഭിച്ച അബ്ദുല്ലത്വീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബി(J PAL)ന്റെ നേതൃത്വത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണാത്മകമായ ദാരിദ്ര്യനിര്‍മാര്‍ജന യത്‌നങ്ങള്‍ക്കാണ് പുരസ്‌കാരം.
ദാരിദ്ര്യം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൂന്നിലൊന്ന് ജനതയും ദാരിദ്ര്യത്തിന്റെ കെടുതികള്‍ നേരിടുന്നവരാണ്. 100 കോടി ജനങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2011-ല്‍ പ്രസിദ്ധീകരിച്ച അഭിജിത് ബാനര്‍ജിയുടെ Poor Economics എന്ന ഗ്രന്ഥം എന്താണ് ദാരിദ്ര്യം എന്ന് വരച്ചുകാണിക്കുന്നുണ്ട്. 9 ദശലക്ഷം കുഞ്ഞുങ്ങള്‍ ഓരോ വര്‍ഷവും ഒരു വയസ്സ് തികയുന്നതിനു മുമ്പ് മരണത്തിനു കീഴടങ്ങുന്നു എന്നു പറഞ്ഞു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. പോഷകാഹാരക്കുറവും രോഗങ്ങളും നാട്ടില്‍നിന്നുള്ള അന്യവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ദരിദ്രരുടെ നിലനില്‍പ് കൂടുതല്‍ അപകടത്തിലാക്കുന്നു. ദാരിദ്ര്യത്തിന് ഏക പരിഹാരമില്ലെന്നും ഓരോ ജനതയുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചാലേ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കൂ എന്നുമാണ് പുതിയ നൊബേല്‍ ജേതാക്കള്‍ സമര്‍ഥിക്കുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പല പദ്ധതികളും നടപ്പില്‍ വരുത്തിയിട്ടുണ്ട്. വളര്‍ച്ചാധിഷ്ഠിത സമീപനമാണ് അതിലൊന്ന്. അരിച്ചിറങ്ങല്‍ സിദ്ധാന്തം (Trickle down Theory) എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. വ്യാവസായിക, കാര്‍ഷിക മേഖലകളിലും മറ്റും കാര്‍ഷിക വളര്‍ച്ചയുണ്ടായാല്‍ വരുമാനം, തൊഴില്‍ എന്നീ മാര്‍ഗങ്ങളിലൂടെ ഗുണഫലങ്ങള്‍ താഴെ തട്ടിലേക്കെത്തുകയും ക്രമേണ ദാരിദ്ര്യം കുറഞ്ഞുവരികയും ചെയ്യും എന്നതാണ് ഇതിന്റെ അന്തസ്സത്ത. മുതലാളിത്ത രാജ്യങ്ങളുടെ ഈ നിലപാടു തന്നെയായിരുന്നു ഇന്ത്യയും സ്വാതന്ത്ര്യത്തിന്റെ ആദ്യ രണ്ടു ദശകങ്ങളില്‍ പരീക്ഷിച്ചത്. ഇത് തികച്ചും മിഥ്യാധാരണയാണെന്ന് കാലം തെളിയിച്ചു. സ്വാതന്ത്ര്യാനന്തരം ദാരിദ്ര്യം കുറയുകയല്ല, കൂടുകയാണ് ചെയ്തത് എന്ന് പരീക്ഷിച്ചറിഞ്ഞതോടെ പ്രത്യേക ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ദാരിദ്ര്യനിര്‍മാര്‍ജനത്തിന് സ്വയംതൊഴില്‍ പദ്ധതികളും തൊഴില്‍ദാന പദ്ധതികളുമാണ് പിന്നീട് ആവിഷ്‌കരിച്ചത്. 1970-കള്‍ മുതല്‍ ലക്ഷക്കണക്കിനു കോടി രൂപ അതിനായി ചെലവിട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതിനുള്ള കാരണങ്ങള്‍ മുഖ്യമായും അഴിമതിയും നടത്തിപ്പിലെ പിഴവുമാണെന്ന് ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ മിക്കവരും ഇപ്പോഴും ദരിദ്രരായി തുടരുകയാണ്. എന്നല്ല, പലപ്പോഴും അര്‍ഹരല്ലാത്തവര്‍ക്കാണ് ഇത്തരം പദ്ധതികളുടെ ഗുണം ലഭിക്കുന്നത്. ദരിദ്രരുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കാതെ ഇടപെട്ടതാണ് യഥാര്‍ഥ പരാജയ കാരണമെന്നാണ് അഭിജിത് ബാനര്‍ജി സമര്‍ഥിക്കുന്നത്.
ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാതെ കാടടച്ചു വെടിവെക്കുന്ന രീതി ശരിയല്ല. രോഗകാരണങ്ങളെയാണ് ചികിത്സിക്കേണ്ടത്. ഓരോ സമൂഹത്തിന്റെയും ജീവിതചക്രത്തില്‍ വ്യത്യസ്ത ഇടപെടലുകളാണ് നടത്തേണ്ടിവരിക. സ്‌കൂളുകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഉച്ചഭക്ഷണ പരിപാടിയിലാണ് ചെന്നെത്തിയത്. കെനിയ, ഇന്ത്യ പോലുള്ള ചില രാജ്യങ്ങളില്‍ ഈ പദ്ധതി വഴി 30 ശതമാനം ഹാജര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിച്ചുകൊണ്ട് ദാരിദ്ര്യചക്രത്തെ പൊട്ടിച്ചെറിയാം. ഓരോ പദ്ധതി നടപ്പാക്കുമ്പോഴും ചെറിയ പടിയാണ് കയറാനാവുക. ആഗോള ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഇത്തരം നിരവധി പടവുകള്‍ കയറേണ്ടിവരും.
പരീക്ഷണാത്മക സമീപനം ബ്രിട്ടന്‍, യു.എസ്.എ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ 2000 -നു ശേഷം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യപോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ സമീപനം പുതിയതാണ്. ഉച്ചഭക്ഷണ പരിപാടി, പ്രതിരോധ കുത്തിവെപ്പുകള്‍, മൈക്രോ ഫിനാന്‍സ് രംഗങ്ങളില്‍ ഇന്ത്യയില്‍ 'ജെപാല്‍' പരീക്ഷണങ്ങള്‍ നടപ്പാക്കുകയുണ്ടായി. 'ജെപാലി'ന് ദല്‍ഹിയിലും ചെന്നൈയിലും ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ സ്ഥാപനങ്ങളുണ്ട്. ഹൈദറാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പന്ദന മൈക്രോ ഫിനാന്‍സ് എങ്ങനെയാണ് ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ മാറ്റമുണ്ടാക്കിയതെന്ന് ജെപാല്‍ പഠിക്കുന്നുണ്ട്. തന്റെ Poor Economics എന്ന കൃതിയില്‍ ഈ പുതു പരീക്ഷണങ്ങളിലൂടെ ലോകത്ത് സമീപഭാവിയില്‍ നല്ല നാളെകളെ സൃഷ്ടിക്കാമെന്ന നിഗമനത്തിലാണ് അഭിജിത് ബാനര്‍ജി എത്തിച്ചേരുന്നത്.
ദാരദ്ര്യനിര്‍മാര്‍ജന പദ്ധതികളുടെ പരാജയം വിലയിരുത്തിയ നമ്മുടെ രാജ്യത്തെ സര്‍ക്കാറുകളും അടുത്ത കാലത്തായി ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ ജീവിതരീതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സാര്‍വത്രിക പെന്‍ഷന്‍ രീതികള്‍, സൗജന്യ ആരോഗ്യ സൗകര്യങ്ങള്‍, ദരിദ്രര്‍ക്കുള്ള പ്രത്യേക ഇന്‍ഷൂറന്‍സ് പരിരക്ഷ, സൗജന്യ പാഠപുസ്തകം, സൗജന്യ റേഷനിംഗ് സംവിധാനം, ഭൂമിയും വീടും ലഭ്യമാക്കുന്ന പദ്ധതികള്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇതില്‍ പലതും ജെപാല്‍ നിര്‍ദേശങ്ങള്‍ എന്ന രീതിയില്‍ നടപ്പാക്കിയതാണ്. നിലവിലുള്ള തൊഴിലുറപ്പു പദ്ധതിയും അഭിജിത് ബാനര്‍ജിയുടെ സംഭാവനയാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ ദാരിദ്ര്യനിര്‍മാര്‍ജന സമീപനങ്ങള്‍
വര്‍ധിച്ചുവരുന്ന ദാരിദ്ര്യം മുതലാളിത്ത സാമ്പത്തിക രീതിയുടെ സൃഷ്ടിയാണ്. സമ്പത്തിന്റെ അസന്തുലിതമായ വിതരണവും വലിയൊരു വിഭാഗത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും ദാരിദ്ര്യത്തെ നാള്‍ക്കുനാള്‍ വളര്‍ത്തുന്നു. ദാരിദ്ര്യം സമ്പന്നര്‍ക്ക് ബിസിനസാണ് എന്നെഴുതിയ സാമ്പത്തിക വിദഗ്ധരുണ്ട് (ജാസഫ് കോളിന്‍സ്, ഫ്രാന്‍സിസ് മെറേല്‍). ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അത്തരക്കാര്‍. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ദാരിദ്ര്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇവിടെയാണ് ദാരിദ്ര്യത്തോടുള്ള ഇസ്‌ലാമിന്റെ സമീപനം പ്രസക്തമാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ പന്ത്രണ്ടിടങ്ങളില്‍ ദാരിദ്ര്യം പ്രതിപാദിക്കുന്നു. 'അല്ലാഹു ഐശ്വര്യവാനാണ്, മനുഷ്യന്‍ തീര്‍ത്തും ദരിദ്രനും' എന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്, ദൈവത്തിന്റെ സഹായമില്ലെങ്കില്‍ മനുഷ്യന്റെ നിലനില്‍പ് അസാധ്യമാണ് എന്നു തന്നെയാണ്. പത്തു സ്ഥലങ്ങളില്‍ വിഭവ ദാരിദ്ര്യത്തെപ്പറ്റിയാണ് ഖുര്‍ആന്‍ പറയുന്നത്. അതൊരു വ്യക്തിപരമായ പ്രശ്‌നമല്ല; സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങളുണ്ട് അതിന്. മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാനായില്ലെങ്കില്‍ അത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. കടുത്ത സാമൂഹികപ്രശ്‌നമായി അത് വഷളാകും. അതുകൊണ്ടുതന്നെ ദാരിദ്ര്യനിര്‍മാര്‍ജനം സമൂഹവും ഭരണകൂടവും നിര്‍ബന്ധ ബാധ്യതയായി ഏറ്റെടുത്തേ മതിയാവൂ.
ഇമാം ഗസ്സാലി (റ) ഇഹ്‌യാ ഉലൂമിദ്ദീനില്‍ രണ്ടു തരം ദാരിദ്ര്യം വിശദീകരിക്കുന്നുണ്ട്. ഒന്നാമത്തേത് യഥാര്‍ഥ ദാരിദ്ര്യം (Real Poverty). അടിസ്ഥാനാവശ്യങ്ങളുടെ അപര്യാപ്തതയാണ് അതിനു കാരണം. രണ്ടാമത്തേത് ആര്‍ത്തിയില്‍നിന്നുണ്ടാവുന്ന ദാരിദ്ര്യമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ ആവശ്യങ്ങള്‍ (Wants) സൃഷ്ടിക്കുന്ന ദാരിദ്ര്യം. ഒരു വിഭാഗം അവരുടെ ആര്‍ത്തി ശമിപ്പിക്കാന്‍ വിഭവങ്ങള്‍ അമിതമായി ഉപയോഗിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് വിഭവദാരിദ്ര്യം ഉണ്ടാവുക സ്വാഭാവികമാണ്. അല്ലാഹു ഭൂമിയിലുള്ള മനുഷ്യനടക്കമുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും വിഭവങ്ങള്‍ ലഭ്യമാക്കും എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ ദാരിദ്ര്യത്തിന്റെ കാരണം വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ലാത്തതല്ല. മറിച്ച്, വിതരണക്രമത്തിലുള്ള പ്രശ്‌നങ്ങളാണ് എന്നാണ് ഇസ്‌ലാമിന്റെ മൗലിക കാഴ്ചപ്പാട്.
ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ത്രിമുഖ പരിഹാര നിര്‍ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. അതിലൊന്ന് വരുമാനം വര്‍ധിപ്പിക്കലാണ്. പ്രവര്‍ത്തനപരമായ വിതരണം (Functional Distribution), എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാം. എല്ലാവര്‍ക്കും തുല്യ പരിഗണന ലഭിക്കുമ്പോള്‍ സാമൂഹിക-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ കുറക്കാമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
രണ്ടാമത്തേത് പ്രതിരോധ നടപടികളാണ്. സമ്പത്തിന്റെ കേന്ദ്രീകരണം തടയുന്നതിനുള്ള പദ്ധതികളാണ് ഇതില്‍ പ്രധാനം. സമ്പത്ത് കെട്ടിപ്പൂട്ടിവെക്കരുതെന്നും അത് സമൂഹത്തില്‍ കറങ്ങണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അന്യായമായി അന്യന്റെ ധനം സ്വന്തമാക്കുന്ന പലിശയടക്കമുള്ള എല്ലാ മാര്‍ഗങ്ങളും തടയുന്നു. അതുവഴി വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. സമ്പത്ത് സമൂഹത്തില്‍ ലഭ്യമാകുക വഴി വളര്‍ച്ച വര്‍ധിക്കുകയും വരുമാനവും തൊഴിലും കൂടുകയും ചെയ്യുന്നു.
മൂന്നാമത്തേത് പരിഹാര നടപടികളാണ്. സമ്പത്ത് ആര്‍ജിക്കുന്നതില്‍ ഇസ്‌ലാം പരിധി നിശ്ചയിക്കുന്നില്ല. അത് അനുവദനീയ മാര്‍ഗത്തിലായിരിക്കണമെന്നു മാത്രം. ഇങ്ങനെ ആര്‍ജിക്കുന്ന ധനം ദരിദ്രരിലേക്ക് ഒഴുകിയെത്തുകയും അതുവഴി വരുമാന വിതരണത്തിലുണ്ടായേക്കാവുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുകയും വേണം. ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് സകാത്ത്, വഖ്ഫ്, സ്വദഖ എന്നിവയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന രീതികള്‍. താഴെ തട്ടിലേക്ക് ഇതുവഴി സമ്പത്ത് ഒഴുകിയെത്തുകയും സമൂഹത്തില്‍ ക്രയവിക്രയങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
ഈ മൂന്നു പരിഹാരമാര്‍ഗങ്ങളും പ്രാവര്‍ത്തികമാവണമെങ്കില്‍ ഭരണകൂടവും വ്യക്തികളും അവരവരുടെ പങ്ക് നിര്‍വഹിച്ചേ മതിയാവൂ. അടിസ്ഥാനാവശ്യങ്ങളുടെ പൂര്‍ത്തീകരണം സ്റ്റേറ്റിന്റെ ബാധ്യതയാണെങ്കിലും, സകാത്ത്ദായകര്‍ ബൈത്തുല്‍ മാലിനെ സമ്പന്നമാക്കിയാലേ അത് സാധ്യമാവുകയുള്ളൂ. ഉല്‍പാദന വളര്‍ച്ചക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാറാണ്. എല്ലാവര്‍ക്കും തുല്യാവസരം ലഭ്യമാക്കേണ്ടതും സ്റ്റേറ്റിന്റെ കടമ തന്നെ. കുത്തക തടയുന്നതിനും സമ്പദ് വ്യവസ്ഥയിലെ അസന്തുലിതത്വങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്. അതേസമയം വ്യക്തികള്‍ ഉത്തരവാദിത്തബോധത്തോടെ സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുമ്പോഴേ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാവുകയുള്ളൂ എന്നതിന് ഇസ്‌ലാമികചരിത്രം സാക്ഷിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി