Prabodhanm Weekly

Pages

Search

2019 നവംബര്‍ 08

3125

1441 റബീഉല്‍ അവ്വല്‍ 10

സമൂഹത്തെ അപകടത്തിലാക്കുന്ന സമ്പത്തിന്റെ കേന്ദ്രീകരണം

ഒ.കെ ഫാരിസ്

അല്ലാഹു മനുഷ്യന്റെ നിലനില്‍പ്പിന് ആധാരമായാണ് സമ്പത്തിനെ പരിചയപ്പെടുത്തുന്നത് (ഖുര്‍ആന്‍ 4:5). അഥവാ സമ്പത്തില്ലാതെ മനുഷ്യന് ഭൂമിയില്‍ ജീവിതം അസാധ്യമാണ്. എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനാവശ്യമായ സമ്പത്ത് ചിലരുടെ അധീനതയില്‍ കുമിഞ്ഞുകൂടിയാലോ? ബഹുഭൂരിഭാഗം മനുഷ്യരുടെ ജീവിതത്തിന്റെ നിലനില്‍പിനും അത് ഭീഷണി ഉയര്‍ത്തും. മാത്രമല്ല അത് സമ്പദ് വ്യവസ്ഥകളുടെ തന്നെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്യും.
ലോകത്താകമാനവും ഇന്ത്യയില്‍ സവിശേഷമായും സാമ്പത്തിക അസമത്വവും സമ്പത്തിന്റെ കേന്ദ്രീകരണവും വര്‍ഷാവര്‍ഷം ക്രമാതീതമായി ഉയര്‍ന്നുവരികയാണ്. ഒരു സമ്പദ് വ്യവസ്ഥയില്‍ ജീവിക്കുന്ന വലിയ വിഭാഗത്തിന് ഞെരുങ്ങി ജീവിക്കേണ്ടിവരികയും വളരെ കുറഞ്ഞ ശതമാനം ആളുകള്‍ സുഭിക്ഷത അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സമ്പത്തിന്റെ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്.
2017-18-ല്‍ ഓക്‌സ്ഫാം ഇന്ത്യ പുറത്തിറക്കിയ ഇന്ത്യന്‍ അസമത്വ റിപ്പോര്‍ട്ട്  (India Inequality Report)  ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വെച്ച് പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ നേര്‍ചിത്രം നല്‍കുന്ന ഒരു റിപ്പോര്‍ട്ടാണിത്. അവയിലെ പ്രധാനപ്പെട്ട വിവരങ്ങള്‍:
*    ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 58 ശതമാനം കൈവശം വെക്കുന്നത് ഒരു ശതമാനം ജനങ്ങളാണ്. ആഗോള ശരാശരിയേക്കാള്‍ (50 ശതമാനം) മുകളിലാണ് ഇന്ത്യയിലെ സമ്പത്തിന്റെ കേന്ദ്രീകരണം.
*    ഇന്ത്യയിലെ 10 ശതമാനം ജനങ്ങളുടെ കൈയിലാണ് സമ്പത്തിന്റെ 73 ശതമാനം (90 ശതമാനം ജീവിക്കുന്നത് ഇന്ത്യയിലെ സമ്പത്തിന്റെ 27 ശതമാനം മാത്രം ഉപയോഗപ്പെടുത്തിയാണെന്നര്‍ഥം)
*    ഓക്‌സ്ഫാം ഇന്ത്യയുടെ കണക്കു പ്രകാരം 2017-ല്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം ജനങ്ങളുടെ സമ്പത്തിലുണ്ടായ വര്‍ധന 20.9 ലക്ഷം കോടിയാണ്, അഥവാ 2017-'18-ലെ കേന്ദ്ര ബജറ്റിലെ തുകക്ക് തുല്യം.
*    2000-ല്‍ വെറും 9 ബില്യനെയര്‍മാര്‍ മാത്രം ഉണ്ടായിരുന്ന ഇന്ത്യയില്‍ 2017 ആകുമ്പോഴേക്ക് 101 ബില്യനെയര്‍മാരുണ്ട്. അതില്‍ 17 പേര്‍ 2017-ല്‍ ഈ ഗണത്തില്‍ പുതുതായി എത്തിയവരാണ്.
*    2017-ല്‍ മാത്രം ഉല്‍പാദിപ്പിക്കപ്പെട്ട വരുമാനത്തിന്റെ കണക്ക് നോക്കിയാല്‍ 73 ശതമാനം കരസ്ഥമാക്കിയത് ഇന്ത്യയിലെ ഒരു ശതമാനം പണക്കാരാണ്.
1981-ല്‍ 10 ശതമാനം പണക്കാരുടെ കൈയിലുണ്ടായിരുന്ന സമ്പത്ത് 45 ശതമാനം ആയിരുന്നത് 2011-ല്‍ 68 ശതമാനമായി ഉയര്‍ന്നു. 2017-ല്‍ അത് 73 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2019-ലെ കണക്കു വരുമ്പോള്‍ അത് 75 ശതമാനം കടക്കുമെന്നതില്‍ സംശയമില്ല. സമ്പത്തിന്റെ അപകടകരമായ കേന്ദ്രീകരണത്തിലേക്കാണ് ഇവയൊക്കെയും വിരല്‍ചൂുന്നത്. 100 പേരും ഒരു ലക്ഷം രൂപയുമാണ് ഉള്ളത് എന്ന് കരുതുക. മുകളില്‍ സൂചിപ്പിച്ച തരത്തിലാണ് അത് വിതരണം ചെയ്യപ്പെടുന്നതെങ്കില്‍ 10 പേര്‍ക്ക് കിട്ടുന്നത് 7500 രൂപ വീതവും ബാക്കി 90 പേര്‍ക്ക് ആകെ ലഭിക്കുന്നത് 25000 (278 രൂപ / ഒരാള്‍ക്ക്) രൂപയുമായിരിക്കും. ഇത് എത്രയധികം നീതിരഹിതമായ വിതരണമാണ്! ഇത് സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് മനുഷ്യര്‍ സംവിധാനിക്കുന്ന സാമ്പത്തിക വിനിമയരീതികളിലൂടെയും അന്യായമായ വിതരണ സംവിധാനങ്ങളിലൂടെയും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്.
ആഗോളതലത്തിലെ സമ്പത്തിന്റെ വിതരണവും സമാനമായ അവസ്ഥയിലാണ്. ലോക സമ്പത്തിന്റെ 82.7 ശതമാനം കേവലം 20 ശതമാനം മനുഷ്യരുടെ കൈയിലാണ്. അതേസമയം താഴേക്കിടയിലെ 20 ശതമാനം ജീവിക്കുന്നത് ലോക സമ്പത്തിന്റെ 1.5 ശതമാനം കൊും.
സമ്പത്ത് ചുരുക്കം ചിലരില്‍ കുമിഞ്ഞുകൂടുന്നതോടെ മറുഭാഗം പട്ടിണിയിലമരും. സമ്പന്നമായ പ്രദേശമാണെങ്കിലും വിതരണത്തിലെ തകരാറു മൂലം അവിടെയും പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ലോകത്ത് സമ്പത്തിന്റെ വിതരണത്തില്‍ ഏറ്റവും അസന്തുലിതത്വമുള്ള രാഷ്ട്രങ്ങളില്‍ റഷ്യക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യയില്‍ സമ്പത്തിന്റെ കുറവല്ല, വിതരണത്തിലെ അസന്തുലിതത്വമാണ് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മൂലകാരണം. ആഗോള പട്ടിണി സൂചികയില്‍ 117 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ102-ാം സ്ഥാനത്താണ്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍ (94), ശ്രീലങ്ക (66), ബംഗ്ലാദേശ് (88) ഒക്കെ നമ്മേക്കാള്‍ മെച്ചമാണ്. ജി.ഡി.പിയിലെ വളര്‍ച്ച കാണിച്ചാണ് സമ്പദ് വ്യവസ്ഥയെ അളക്കുന്നത്. എന്നാല്‍ രാജ്യത്തെ മൊത്തം വളര്‍ച്ചയുടെ കണക്കിനപ്പുറത്ത് ഓരോ വ്യക്തിക്കും വളര്‍ച്ചയുണ്ടോ എന്ന് ജി.ഡി.പിയില്‍നിന്ന് വ്യക്തമാവുകയില്ല. യഥാര്‍ഥ വളര്‍ച്ച/തകര്‍ച്ചയെക്കുറിച്ച് പുകമറ സൃഷ്ടിക്കാനേ ജി.ഡി.പി കണക്കുകള്‍ പ്രയോജനപ്പെടുന്നുള്ളൂ.
എന്തുകൊണ്ടാണ് ഇത്രയേറെ സാമ്പത്തിക അസമത്വം? വിതരണനീതി ഉറപ്പുവരുത്തേണ്ട ഭരണകൂടങ്ങള്‍ തന്നെയാണ് അതിന്റെ ഉത്തരവാദികള്‍. താഴേക്കിടയിലെ പാവങ്ങള്‍ക്ക് നല്‍കിപ്പോന്നിരുന്ന സബ്‌സിഡികള്‍ എടുത്തുകളയല്‍, കോര്‍പ്പറേറ്റുകളുടെ നികുതിയിനത്തില്‍ നിര്‍ലോഭം ഇളവുകള്‍, അവരുടെ കടം കമാനം എഴുതിത്തള്ളല്‍ ഇതൊക്കെ  വലിയ അളവില്‍ അസമത്വത്തിന് വളംവെക്കുന്നുണ്ട്. മറ്റൊന്ന് പലിശയുടെ നീരാളിപ്പിടിത്തമാണ്. പലിശക്ക് കടമെടുക്കുന്നത് ആവശ്യത്തിന് പണമില്ലാത്തവരാണ്. പലിശക്ക് കടം നല്‍കുന്നത് ആവശ്യത്തിലധികം പണം കൈയിലുള്ളവരും. അങ്ങനെ  പലിശയിലൂടെ ദരിദ്രരില്‍നിന്ന് പണം ഊറ്റിയെടുത്ത് ധനികര്‍ കൂടുതല്‍ ധനികരായി മാറുന്നു.
സമ്പദ് വ്യവസ്ഥയുടെ അസ്ഥിരതയും സമ്പത്തിന്റെ കേന്ദ്രീകരണത്തിന് വഴിവെക്കും. സാമ്പത്തിക മാന്ദ്യമുണ്ടായി വീണ്ടും സുസ്ഥിതിയിലാകുമ്പോഴേക്കും സമ്പത്തിന്റെ നല്ലൊരു വിഹിതം ധനികരുടെ കൈപ്പിടിയിലായിട്ടുണ്ടാകും. സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളില്‍ കൈയില്‍ പണമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ സാധിക്കും. ഏറ്റവും കൂടുതലായി പൂഴ്ത്തിവെപ്പ് നടക്കുന്നതും ഊഹക്കച്ചവടക്കാര്‍ നേട്ടമുണ്ടാക്കുന്നതും ഇത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുത്തുകൊണ്ടാണ്.
നികുതിവെട്ടിപ്പിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി താഴത്തേക്ക് എത്തേണ്ട പണം എത്താതിരിക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും പാവങ്ങളില്‍നിന്നടക്കം നികുതിയിലൂടെ നേടിയെടുക്കുന്ന പണം ഏതു രീതിയിലാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത് എന്നതും പ്രധാനമാണ്. നമ്മുടെ രാജ്യത്തിന്റെ 2019 ബജറ്റിലെ 40 ശതമാനം നീക്കിവെച്ചത് പലിശയിനത്തിലും പ്രതിരോധ ആവശ്യങ്ങള്‍ക്കുമായാണ്. ഇവയൊന്നും താഴേക്കിടയിലെ ഭൂരിപക്ഷത്തിന് ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുന്നില്ല. അഴിമതിയിലൂടെയും സമ്പത്ത് ധാരാളമായി കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് തകര്‍ക്കുക സമ്പദ് വ്യവസ്ഥയെ മുഴുവനുമായാണ്. സമ്പത്തിന്റെ കേന്ദ്രീകരണം അതിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഒഴുക്ക് കുറയുന്നതിനനുസരിച്ച് സമ്പദ് വ്യവസ്ഥ നാശത്തിലേക്ക് നീങ്ങുന്നു. ആവശ്യക്കാരിലേക്ക് സമ്പത്ത് എത്തിച്ചേരുമ്പോഴാണ് അത് മാര്‍ക്കറ്റിലേക്കെത്തുകയും  ഇക്കണോമിയെ സജീവമാക്കുകയും ചെയ്യുക.
സമ്പത്ത് ചുരുക്കം ചിലരില്‍ മാത്രം കറങ്ങുന്ന ഒന്നാവാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. അത് പ്രഖ്യാപിക്കുക മാത്രമല്ല, അതിനുള്ള പ്രായോഗിക രീതികളും ഇസ്‌ലാം മുന്നോട്ടു വെക്കുന്നുണ്ട്. ''വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്‍ക്കും  അനാഥകള്‍ക്കും അഗതികള്‍ക്കും  വഴിപോക്കര്‍ക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്'' (59:7).
ഒരു ഭരണാധികാരി എന്ന നിലക്ക് യുദ്ധത്തിലൂടെ കൈവന്ന സമ്പത്ത് സ്വന്തം അധീനതയിലാക്കുന്നതിനു പകരം അതില്‍ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമൊക്കെ അവകാശമുണ്ടെന്ന് പ്രവാചകനെ പഠിപ്പിക്കുകയാണ് ഈ ഖുര്‍ആനിക സൂക്തത്തിലൂടെ.
ധനകേന്ദ്രീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ പലിശയെ ശക്തമായി കൈകാര്യം ചെയ്യുന്നതോടൊപ്പം സാധാരണക്കാരിലേക്ക് സമ്പത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുംവിധം സകാത്ത് വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്നുണ്ട് ഇസ്‌ലാം. ''ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന്  വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍'' (30:39).
ഒന്ന് നിരോധിക്കുന്നതിലൂടെയും രണ്ടാമത്തേത് നടപ്പാക്കുന്നതിലൂടെയും സമ്പത്തിന്റെ കേന്ദ്രീകരണം തടയാനും വിതരണത്തിലെ നീതി ഉറപ്പുവരുത്താനും സാധിക്കുന്നു. മദീനാ കാലഘട്ടത്തിലാണ് സകാത്ത് നിര്‍ബന്ധമാക്കിയത്. പ്രവാചകന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് പലിശ പൂര്‍ണമായി നിരോധിച്ചത്. ശേഷം ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഉമറി(റ)ന്റെ കാലത്ത് സകാത്ത് വാങ്ങാന്‍ അവകാശികളില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. എല്ലാവരെയും ഒരു മിനിമം ജീവിത നിലവാരത്തിലേക്കുയര്‍ത്താന്‍ സാധിച്ചു എന്നര്‍ഥം. സമൂഹത്തിലെ നിര്‍ധനരെ കൈപ്പിടിച്ചുയര്‍ത്താനുള്ള നിരന്തര ആഹ്വാനങ്ങള്‍ ഇസ്‌ലാം ഉയര്‍ത്തുന്നുണ്ട്. ആരാധനാപരമായ കാര്യങ്ങളിലെ വീഴ്ചകള്‍ക്കു പോലും ഇസ്‌ലാം പലപ്പോഴും പരിഹാരമായി പറയുന്നത് ദരിദ്രര്‍ക്ക് നല്‍കുന്ന ദാനങ്ങളെയാണ്. ധനം കൈവശമുള്ളവര്‍ക്ക് പിടിപെടാന്‍ ഏറെ സാധ്യതയുള്ള ധൂര്‍ത്തും പിശുക്കും ഇസ്‌ലാം വിലക്കുകയും രണ്ടിന്റെയുമിടയില്‍ മധ്യമ നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്നു. സമ്പത്ത് കൈയിലുള്ളവര്‍ അത് പിശുക്കി വെക്കുമ്പോഴും ധൂര്‍ത്തടിക്കുമ്പോഴും യഥാര്‍ഥത്തില്‍ തടയപ്പെടുന്നത് മറ്റുള്ളവരുടെ അവകാശങ്ങളാണ്. ഒരാള്‍ എത്രതന്നെ സമ്പാദിക്കുന്നതിനും ഇസ്‌ലാം പരിധിവെച്ചിട്ടില്ല. എന്നാല്‍ സമ്പത്ത് മുഴുവന്‍ അല്ലാഹുവിന്റേതാണെന്നും അതില്‍ അല്ലാഹു നിശ്ചയിച്ച പ്രകാരം മറ്റുള്ളവര്‍ക്ക് ചില അവകാശങ്ങളുണ്ടെന്നും പഠിപ്പിക്കുന്നു.
ആധുനിക സാമ്പത്തിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത് വിഭവങ്ങള്‍ പരിമിതവും മനുഷ്യന്റെ ആഗ്രഹങ്ങള്‍ അനന്തവുമാണെന്നാണ്. യഥാര്‍ഥത്തില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ വളരെ പരിമിതമാണ്. അവന്റെ ആര്‍ത്തി ശമിപ്പിക്കാന്‍ ഭൂമി മുഴുവന്‍ ഉപയോഗപ്പെടുത്തിയാലും മതിയാവണമെന്നില്ല. 'ആദം സന്തതിക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു താഴ്‌വര തന്നെ ലഭിച്ചാല്‍ പോലും അവന്‍ മറ്റൊന്നിനായി കൊതിച്ചുകൊണ്ടേയിരിക്കും. അവന്റെ വായില്‍ മണ്ണ് നിറയുംവരെ ഈ ആര്‍ത്തി തുടരുകതന്നെ ചെയ്യും' എന്ന് മനുഷ്യന്റെ ആര്‍ത്തിയെ പ്രവാചകന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇസ്‌ലാം പഠിപ്പിക്കുന്നത്, ആവശ്യമായ വിഭവങ്ങള്‍ ഇവിടെയുണ്ടെന്നും മനുഷ്യന്റെ ആര്‍ത്തിയെയാണ് നിയന്ത്രിക്കേണ്ടത് എന്നുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (38-40)
ടി.കെ ഉബൈദ്‌

ഹദീസ്‌

നബി തന്നെയാണ് മാതൃക
നൗഷാദ് ചേനപ്പാടി