തെറ്റിദ്ധാരണകളകറ്റാന്‍ ഖുര്‍ആന്‍ പഠിക്കണം, പ്രവാചകചര്യയും
ഇത് വളരെ പ്രധാനപ്പെട്ട ഒരു പുസ്തക പ്രസാധന യോഗമാണ്. വളരെ വളരെ പ്രധാനപ്പെട്ടത് എന്നു ഞാന്‍ പറയാന്‍ കാരണം, പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും കൂടിക്കഴിയുന്ന ആളുകളാണ് നമ്മള്‍. വിവിധ മതങ്ങളില്‍പെട്ടവര്‍, ക്രിസ്ത്യാനിയായാലും മുസ്‌ലിമായാലും ബുദ്ധമതക്കാരനായാലും ജൈനമതക്കാരനായാലുമൊക്കെ വളരെ സൗഹാര്‍ദപരമായി സ്‌നേഹത്തോടെ കഴിയുന്ന ഒരു സംസ്ഥാനമാണ് കേരളം. ഈ സംസ്ഥാനത്തു പോലും നമ്മള്‍ കൃത്യമായി പരസ്പരം മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത്, ആധുനിക മലയാള ഭാഷയിലെ ഏറ്റവും വലിയ സാഹിത്യകാരന്‍, എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു എന്നാണ്. അദ്ദേഹം പറയാറുണ്ടായിരുന്നു, ഇസ്‌ലാം കംപാഷന്റെ/അനുകമ്പയുടെ മതമാണെന്ന്. അത് സത്യമാണ്. പക്ഷേ, അത് മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ കുറഞ്ഞപക്ഷം ഖുര്‍ആന്‍ വായിക്കണം. പ്രവാചകന്റെ ഓരോ വിഷയങ്ങളെപ്പറ്റിയുമുള്ള, മനോവ്യാപാരങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ, നിരീക്ഷണങ്ങളെ, ഉപദേശങ്ങളെ അറിയണം.
കഴിഞ്ഞ ഒരു ദശാബ്ദമായി മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളാണ്. സമാധാന കാംക്ഷികളായി കഴിയുന്ന, വളരെ നല്ല നിലയില്‍ മറ്റുള്ളവരുമായി ഇടപഴകുന്ന മുസ്‌ലിം സുഹൃത്തുക്കളെപോലും ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ ശരിക്കും ഇസ്‌ലാംമതം പിന്തുടരുന്നവരല്ല എന്നാണ് കുറച്ചൊക്കെ അറിയാവുന്ന എനിക്ക് തോന്നിയിട്ടുള്ളത്. ഇസ്‌ലാം മതവും അവരുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. മതത്തിനുള്ളിലെ ഒരാളല്ല പറയുന്നത് എന്നതുകൊണ്ട് ഇതിന് ചിലപ്പോള്‍ വലിയ ആധികാരികത വരികയില്ല.
വളരെ സമാധാനകാംക്ഷികളായി കഴിയുന്ന എന്റെ ഒത്തിരിയൊത്തിരി സുഹൃത്തുക്കള്‍ മുസ്‌ലിംകളാണ്. അവരെല്ലാം എത്രയോ നല്ല മനുഷ്യരാണ്. ഞാനെപ്പൊഴും വിചാരിക്കും, ഈ നല്ല മനുഷ്യരെപ്പറ്റിയാണ് ആളുകള്‍ സംശയങ്ങള്‍ ഉയര്‍ത്താന്‍ തക്കമുള്ള തീവ്രവാദ പ്രചാരണം നടത്തുന്നത് എന്ന്. അതിങ്ങനെ അനുസ്യൂതം നടക്കുകയാണ്. ആരാണ് ഇവര്‍ക്ക് ആയുധങ്ങളും പണവുമൊക്കെ കൊടുക്കുന്നതെന്ന് നമുക്കറിഞ്ഞുകൂടാ. രഹസ്യ വഴികളാണ് തീര്‍ച്ചയായിട്ടും. അപ്പോള്‍ ഒരുഭാഗത്ത്, ദേശാന്തരമായിത്തന്നെ വിശ്വാസികളായ മുസ്‌ലിംകള്‍ക്ക് ജീവിക്കാനുള്ള അവസരങ്ങള്‍ വളരെ ഇടുങ്ങിക്കൊണ്ടിരിക്കുകയാണ്. ചെറിയ ശതമാനം ആളുകളാണ് തീവ്രവാദികള്‍. അവര്‍ കാരണം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ജീവിക്കാനൊക്കാത്ത അവസ്ഥ വന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ അവരെ അവിശ്വസിക്കുന്ന അവസ്ഥ വന്നുകൊണ്ടിരിക്കുകയാണ്. ഒരു കാരണവുമില്ല.
എന്റെ വളരെ നല്ല സ്‌നേഹിതനാണ് -പറഞ്ഞാല്‍ നിങ്ങള്‍ അറിയും- നടന്‍ മമ്മൂട്ടി. അഞ്ച് പ്രാവശ്യം നമസ്‌കരിക്കുന്ന ആളാണ്. എന്റെ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളില്‍ അദ്ദേഹത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അദ്ദേഹം അഞ്ച് നേരം നമസ്‌കരിക്കുമ്പോള്‍ വളരെ സന്തോഷത്തോടുകൂടി ഞാന്‍ വിചാരിക്കും, ഇത്രയും ദൈവവിശ്വാസിയായ മനുഷ്യനില്‍നിന്ന് ഒരിക്കലും ഒരു തെറ്റു വരികയില്ല; നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്. എന്റെ വിശ്വാസം ശരിയുമായിരുന്നു. ഇത്രയും കാലം അതിന് വ്യത്യാസമൊന്നുമില്ല.
അങ്ങനെയുള്ള നല്ല ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുടെ പേരെടുത്തു പറയുന്നില്ല. അവരൊക്കെ നല്ല വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ, അവരുടെ ഉറച്ച ദൈവവിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ദൈവങ്ങളുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ദൈവമെന്ന ഒരു പ്രതിഭാസമുണ്ടെങ്കില്‍ ആ പ്രതിഭാസം എല്ലാവര്‍ക്കും ഒന്നാണ്.
'ഈശ്വര്‍ അല്ലാ തേരേ നാം സബ്‌കോ സന്മതി ദേ ഭഗവാന്‍' എന്ന് ഗാന്ധിജി പാടിയിട്ടുണ്ട്. ഈശ്വരനെന്നും അല്ലായെന്നും അറിയപ്പെടുന്നത് ഒരേ ദൈവം തന്നെയാണ്. എല്ലാവര്‍ക്കും നല്ല ബുദ്ധി നല്‍കേണമേ എന്നാണ് ഗാന്ധിജി പ്രാര്‍ഥിച്ചത്. അദ്ദേഹം മതസൗഹാര്‍ദത്തിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധനായ ഒരു മഹാ വിശ്വാസിയായിരുന്നു. ഹിന്ദുമത വിശ്വാസിയായിരുന്നു, ഈശ്വര വിശ്വാസിയായിരുന്നു ഗാന്ധിജി. മറ്റു മതങ്ങളുമായി അങ്ങനെ വളരെ അടുക്കുകയോ അവര്‍ക്ക് നല്ലതൊന്നും ചെയ്യുകയോ വേണ്ട എന്ന സന്ദേശവുമായാണ് ഒരു മതതീവ്രവാദി ഹിന്ദുക്കളില്‍നിന്ന് വന്ന് അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയത്. ഒരു മുസ്‌ലിമല്ല, ഒരു ഹിന്ദുതീവ്രവാദിയാണ്. തീവ്രവാദം നമ്മുടെ രാജ്യത്ത് ശരിക്കും ആരംഭിച്ചത് ആ ഹിന്ദു തീവ്രവാദിയാണ്. അതിനിയും അവസാനിച്ചിട്ടില്ല. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമായിട്ടുള്ള ഈ വര്‍ഷം ആദ്യമായി പത്രങ്ങളില്‍ നാം കണ്ടു, ഒരു സ്ത്രീ കുറേ അനുചരന്മാരുമായി വന്ന് ഗന്ധിജിയുടെ അതേ പൊക്കമുള്ള, അതേ രൂപത്തിലുള്ള ഒരു രൂപമുണ്ടാക്കി ആ രൂപത്തിലേക്ക് അവരുടെ തോക്കില്‍നിന്ന് നിറയൊഴിക്കുന്നു. ഓരോ വെടിയുണ്ട തെറിക്കുമ്പോഴും ഗാന്ധിയുടെ രൂപത്തില്‍നിന്ന് രക്തമൊഴുകുന്നു. അതിന്റെ ഫോട്ടോ മാത്രമേ ആദ്യം നാം കാണുന്നുള്ളൂ. അടുത്ത ദിവസങ്ങളില്‍ മീഡിയതോറും പ്രചരിക്കുകയാണ് ഇതിന്റെ വീഡിയോ. എന്നിട്ട് പ്രഖ്യാപനം, ഓരോ കൊല്ലവും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഇതുപോലെ വെടിവെക്കും എന്ന്. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത്, ഈ സ്ത്രീയെ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തും എന്നാണ്. നമുക്ക് തെറ്റി. അവരെ ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിപ്പിച്ച് മെമ്പര്‍ ഓഫ് പാര്‍ലമെന്റാക്കി, എം.പിയാക്കി. അതാണ് ഈ രാജ്യം ചെയ്തത്. അതുപോലെ ഗാന്ധിജിയെ വെടിവെച്ച ആളിനെ, അയാളാണ് ശരിയായ രാജ്യഭക്തന്‍ എന്നു പറഞ്ഞ്, ദേശസ്‌നേഹി എന്നു പറഞ്ഞ് പ്രചാരണം നടത്തിയ മറ്റൊരു സ്ത്രീ -ഇവര്‍ സ്ത്രീത്വത്തിനു തന്നെ അപമാനമാണ്- അവര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല, ഇലക്ഷന് നില്‍ക്കാനും ജയിക്കാനും. എത്രയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് അവരും എം.പിയാണ്. അതായത്, രാജ്യത്ത് നിയമനിര്‍മാണം നടത്തുന്ന സഭയിലെ അംഗമാണ്. അങ്ങനെയുള്ള ഒരവസ്ഥയിലാണ് നമ്മള്‍ കഴിയുന്നത്.
ഇന്നിപ്പോള്‍ ഇസ്‌ലാമിക വിജ്ഞാനകോശം 13-ാം വാള്യം ഇറക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഞാനിതൊന്ന് - ഈ വാള്യം പൂര്‍ണമായും വായിക്കാനൊത്തില്ല, വളരെ വലുപ്പമുള്ളതാണ്- മറിച്ചുനോക്കി. താഅ് മുതല്‍ ദാഹിസ് വരെയുള്ള അക്ഷരങ്ങള്‍ വരുന്ന കാര്യങ്ങളാണ് ഇതില്‍ വരുന്നത്. അത്യാവശ്യം ചില പുറങ്ങള്‍ വായിച്ചുനോക്കിയപ്പോള്‍, വളരെ ചുരുക്കി വിദഗ്ധമായി ചരിത്രവും മതവും വിശ്വാസങ്ങളും ഒക്കെ ഇതില്‍ വിവരിക്കുന്നുണ്ട്. ഇത് ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രം വായിച്ചാല്‍ പോരാ. ഞങ്ങളെപ്പോലെയുള്ള, അതിനു പുറത്തുള്ള ആളുകളും പ്രത്യേകിച്ച്, മലയാളത്തിലും നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും താല്‍പര്യമുള്ളവര്‍ വായിക്കേണ്ടതാണ് ഈ ഗ്രന്ഥാവലി. വില വളരെ കൂടുതലാണ്, ചെറിയ വിലക്കൊന്നും കിട്ടില്ല. പേപ്പര്‍ബാക്ക് പോലെ ഇറക്കിയാല്‍ കൊള്ളാം എന്നെനിക്ക് തോന്നി. കാരണം, 2500 രൂപ വരും ഒരു വാള്യം വാങ്ങിക്കാന്‍. അപ്പോള്‍ പതിമൂന്ന് വാള്യങ്ങള്‍ വാങ്ങാന്‍ അധിക പേര്‍ക്കൊന്നും കെല്‍പ്പ് കാണില്ല.
അതിന് നമുക്ക് ചെയ്യാന്‍ കഴിയുന്നത്, കേരളത്തിലെ എല്ലാ ലൈബ്രറികളിലും ഈ പുസ്തകങ്ങള്‍ എത്തിക്കുക എന്നതാണ്. എല്ലാ കലാശാലകളിലും കോളേജുകളിലും എല്ലാ വാള്യങ്ങളും എത്തിക്കുക. ആവശ്യമുള്ളവര്‍ വായിക്കട്ടെ. വായിച്ചില്ലെങ്കിലും അവിടെ ഇരിക്കട്ടെ. ഇനി വരുന്ന തലമുറ വായിക്കുമല്ലോ. വളരെ പ്രധാനപ്പെട്ട, നമ്മുടെ സംസ്‌കാരത്തോട് ചെയ്യുന്ന വലിയൊരു സേവനമാണ് ഈ ഗ്രന്ഥപരമ്പര. തീര്‍ച്ചയായിട്ടും ഇസ്‌ലാം മതത്തെപ്പറ്റി ആളുകള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്.
നമുക്ക് കേരളത്തിന് പ്രത്യേകിച്ച്, ഇസ്‌ലാമുമായി അടുത്ത ബന്ധമുണ്ടായത് അറബികള്‍ വഴിയാണ്. അറബികളായിരുന്നു ചൈനയും നടുക്ക് ഇന്ത്യയും അതുകഴിഞ്ഞ് പടിഞ്ഞാറോട്ട് യൂറോപ്പുമായുള്ള വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍. അറബിക്കടല്‍ നമുക്കറിയാമല്ലോ, വ്യാപാരത്തിന്റെ സര്‍വാധിപത്യം അറബികള്‍ക്കായിരുന്നു. അത് അവരില്‍നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടിയാണ് യൂറോപ്യന്മാര്‍ വരുന്നത്. അത് ചരിത്രമാണ്. പോര്‍ച്ചുഗീസുകാര്‍ വന്നാണ് വലിയ പ്രശ്‌നമുണ്ടാക്കുന്നത്. സാമൂതിരിയുമായിട്ടൊക്കെയുള്ള കോണ്‍ട്രാക്റ്റുകള്‍ മാറ്റിയത് അവരാണ്. അവിടത്തെ പടത്തലവനായിരുന്നു കേരളീയനായിരുന്ന ഒരറബി.
ചരിത്രപരമായിത്തന്നെ മലയാള ഭാഷയില്‍ എത്രയെത്ര അറബി വാക്കുകളാണ് വന്നുചേര്‍ന്നിട്ടുള്ളത്! മലയാളം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കുപോലും അറിഞ്ഞുകൂടാത്ത എത്രയോ വാക്കുകള്‍ ഉണ്ട്. ഞാനെപ്പോഴും പറയാറുണ്ട്, തപ്പുകൊട്ടാം ഉണ്ണീ... എന്നൊരു പാട്ടുണ്ട്. നമ്മള്‍ പറയുന്ന തപ്പ് അറബിയിലെ ദഫ്ഫാണ്. അതുപോലെ പുണ്യഗ്രന്ഥങ്ങളൊക്കെ വെച്ച് വായിക്കാന്‍ വേണ്ടിയുള്ള ഒരു സ്റ്റാന്റുണ്ട്. തടിയിലുള്ള അത് ശരിക്കും ഉണ്ടാക്കിയത് അറബികളാണ്. ഇത് ഖുര്‍ആന്‍ വെച്ച് വായിക്കാന്‍വേണ്ടി ഉണ്ടാക്കിയതാണ്. ഇപ്പോള്‍ ഹിന്ദുക്കളുടെ രാമായണവും ഭാഗവതവും മഹാഭാരതവുമൊക്കെ വെച്ച് വായിക്കാന്‍ വേണ്ടി നാം ഉപയോഗിക്കുന്നത് അതേ തട്ടുതന്നെയാണ്. നാം പോലും അറിയാതെ, ഒരുപാടൊരുപാട് സംഗതികള്‍ പുറത്തുനിന്ന്, ആ സംസ്‌കാരത്തില്‍നിന്ന്, മതത്തില്‍നിന്ന് കടം വാങ്ങിയിട്ടുണ്ട്. അതാണ് ശരിക്കും മലയാളത്തെയും കേരളത്തെയും ഇന്നും ഉദ്ബുദ്ധമാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം വന്നത് ജൂതന്മാരാണ്. അവര്‍ അഭയാര്‍ഥികളായിട്ടാണ് വരുന്നത്. അത് കഴിഞ്ഞാണ് ഇസ്‌ലാം മതം വരുന്നത്. അതും കഴിഞ്ഞാണ് ക്രിസ്തുമതം വരുന്നത്. ഇവരൊക്കെ വരുമ്പോള്‍ ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ എതിരാളികള്‍ വരുന്നു, നമ്മുടെ മതത്തിനെതിരായി കുറേ എതിരാളികള്‍ വരുന്നു എന്നുള്ള വിധത്തിലല്ല കണ്ടത്. മറിച്ച്, കടലിനക്കരെനിന്ന് പുതിയ വിശ്വാസങ്ങള്‍, പുതിയ ജീവിത ദര്‍ശനങ്ങള്‍ വരുന്നു എന്നുള്ള രീതിയിലാണ് അവര്‍ അവരെ സ്വാഗതം ചെയ്തത്.
അവര്‍ക്ക് പള്ളി കെട്ടാനുള്ള പണം, അത് വെക്കാനുള്ള സ്ഥലം, താമസിക്കാനുള്ള ഇടം ഇതെല്ലാം കൃത്യമായിട്ടും ഖജനാവില്‍നിന്ന് കൊടുക്കുകയാണ് ചെയ്തത്; വാങ്ങിച്ചതൊന്നുമല്ല. അങ്ങനെ നമ്മുടെ സംസ്‌കാരത്തിലേക്ക് സ്വാഗതംചെയ്യപ്പെട്ട മതങ്ങളും സംസ്‌കാരങ്ങളുമാണ് അവ. അക്കൂട്ടത്തിലെ വളരെ പ്രധാനപ്പെട്ട മതമാണ് ഇസ്‌ലാം. അത് ഒരുപാട് നമ്മുടെ വ്യാപാരങ്ങളില്‍, ദൈനംദിന വിഷയങ്ങളിലൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ ഈ മുസ്‌ലിം സഹോദരങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളകറ്റാന്‍ മുസ്‌ലിമല്ലാത്ത ആളുകളും ഖുര്‍ആനും ഖുര്‍ആന്റെ വ്യാഖ്യാനങ്ങളും പ്രവാചകനും എന്താണ് പറഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നിര്‍ബന്ധമായും നടത്തണം. അതുകൊണ്ട് ഒരു വലിയ മതമായ ഹിന്ദുമതത്തിന് ദോഷമൊന്നുമുണ്ടാവുകയില്ല. മറിച്ച്, ഗുണമേ ഉണ്ടാവൂ. നമ്മുടെ സാഹോദര്യമാണ് നമ്മുടെ സമ്പത്ത്; സൗഹാര്‍ദമാണ് നമ്മുടെ ഐശ്വര്യം. അത് പുലര്‍ത്താന്‍ ഏത് നിലയിലും കഴിയണം. അതിനുവേണ്ടി ശ്രമിക്കണം. ആ ഉദ്യമത്തിലെ ഒരു പ്രധാനപ്പെട്ട ചുവടുവെപ്പായിട്ടാണ് ഈ ഗ്രന്ഥാവലിയെ ഞാന്‍ കാണുന്നത്. പതിമൂന്ന് എന്ന് പറയുന്നത് ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് നല്ലൊരു നമ്പറാണ്. യൂറോപ്പിലിത് ചീത്ത നമ്പറാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഇത് നല്ല നമ്പറാണ്. അതിനാല്‍, ഈ 13-നെ സ്വാഗതം ചെയ്യുന്നു.
(4.10.2019-ന് ഇസ്‌ലാമിക വിജ്ഞാനകോശം പതിമൂന്നാം വാള്യം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം)
കേട്ടെഴുത്ത്: സി.പി. ജൗഹര്‍
Comments