പട്ടില്‍ പൊതിഞ്ഞ പട്ടിണിപ്പട്ടിക
അമേരിക്ക കേന്ദ്രമായ അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ സ്ഥാപനവും ജര്‍മന്‍ സംഘടനയായ വെല്‍ത് ഹംഗര്‍ ലൈഫും ഐറിഷ് സംരംഭമായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ചേര്‍ന്ന് ഒക്‌ടോബര്‍ 15-ന് പുറത്തുവിട്ട, 2019 ലെ ലോകവിശപ്പ് സൂചിക (Global Hunger Index-GHI) പ്രകാരം ഇന്ത്യയുടെ സ്ഥാനം 117 രാജ്യങ്ങളില്‍ 102 ആണ് എന്നത് ഏറെ ഞെട്ടലുളവാക്കുന്ന കാര്യമാണ്. പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളില്‍ ഒന്നിലാണ് നമ്മുടെ നാട് ഉള്‍പ്പെട്ടിരിക്കുന്നത്. ലോകരാജ്യങ്ങളില്‍ ജനസംഖ്യാകണക്കുകള്‍ പ്രകാരം രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ജനാധിപത്യഭരണകൂടം എന്ന നിലയില്‍, അത് ലോകത്തു തന്നെ ഏറ്റവും വലുതും പുതുലോക സാഹചര്യത്തില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്നതുമാണ്. ഡിജിറ്റല്‍ ഇന്ത്യ, മേക്കിംഗ് ഇന്ത്യ, ഷൈനിംഗ് ഇന്ത്യ തുടങ്ങിയ കേട്ടാല്‍ ഇമ്പമുണ്ടാക്കുന്ന പദപ്രയോഗങ്ങളിലൂടെ ലോകത്തെ സാമ്പത്തിക ഗവേഷകസംരംഭങ്ങളുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് അടുത്ത കാലത്തായി നമ്മുടെ രാജ്യം.
പ്രധാനമന്ത്രി മോദി, കോടിക്കണക്കിന് രൂപ ഖജനാവില്‍നിന്ന് ചെലവഴിച്ച്, ലോകരാജ്യങ്ങള്‍ ഏതാണ്ട് മുഴുവനായി സന്ദര്‍ശിച്ച്, രാജ്യപുരോഗതിയുടെ അമ്പരപ്പിക്കുന്ന കണക്കുകള്‍ നിരത്തിവെച്ച് ആഗോളസമൂഹത്തിന്റെ കൈയടി നേടിവരുന്നതിനിടെയാണ് ലോകവിശപ്പുസൂചിക യാഥാര്‍ഥ്യത്തിന്റെ ലോകത്ത് നമ്മെ തിരിച്ചെത്തിച്ചിരിക്കുന്നത്. അന്താരാഷ്ട്രവേദികളില്‍ നാം വിമര്‍ശിക്കുകയും കൊച്ചാക്കുകയും ചെയ്യാറുള്ള നമ്മുടെ അയല്‍രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ നമ്മേക്കാളേറെ മുന്നിലാണ്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യാ രാജ്യമായ ചൈനയുടെ സ്ഥാനം 25 ആണ്. ജനസംഖ്യാപെരുപ്പം എന്ന യാഥാര്‍ഥ്യത്തെ നേരിടുന്നതിനാല്‍ സാമ്പത്തികഭദ്രത ഉറപ്പുവരുത്താനാവുകയില്ല എന്ന മാപ്പുസാക്ഷ്യപ്രസ്താവനയുടെ മുനയൊടിക്കുന്നു ചൈനയുടെ മാതൃക. ഒട്ടുമിക്ക രാജ്യങ്ങളിലും അവഗണന അനുഭവിക്കുന്ന ബംഗാളികളുടെ മാതൃരാജ്യത്തിന് (ബംഗ്ലാദേശ്) പട്ടിണിയെ തോല്‍പ്പിച്ചതില്‍ 36-ാം റാങ്കുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങളാല്‍ നീറിപ്പുകയുന്ന ശ്രീലങ്കയും (67) മ്യാന്മറും (68) നേപ്പാളും (72) ഇംറാന്‍ ഖാന്റെ പാകിസ്താന്‍ പോലും (94) ഇക്കാര്യത്തില്‍ നമ്മെ തോല്‍പ്പിച്ചുകളഞ്ഞു. ഇന്ത്യക്കിനി മത്സരിക്കാനുള്ളത് പട്ടിണി ചങ്കില്‍ കൊത്തിവെച്ച മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളോടാണ്.
ആഗോള പട്ടിണിസൂചികയും മറ്റു അനുബന്ധ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും വരച്ചുകാണിക്കുന്ന തീവ്ര യാഥാര്‍ഥ്യങ്ങളെ കുറിച്ച പഠനങ്ങളും പരിഹാരങ്ങളുമായിരിക്കണം ഇനി മുന്നിലുണ്ടാകേണ്ടത്. 2014-ല്‍ ഇതേ പട്ടിണിസൂചികയില്‍ നമ്മുടെ സ്ഥാനം 55 ആയിരുന്നു. 2015-നു ശേഷമാണ് നമ്മുടെ സ്ഥിതി വളരെ മോശമാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്ത് സംഭവിച്ച ദിശാമാറ്റങ്ങളാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമെന്ന് സാരം. യൂനിസെഫിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം 15 വയസ്സില്‍ താഴെയുള്ള 15 ലക്ഷം കുട്ടികളാണ് മരിച്ചുവീഴുന്നത്. പ്രധാനമായും നാലു കാര്യങ്ങളാണ് പട്ടിണിപ്പട്ടിക തയാറാക്കുമ്പോള്‍ പരിഗണിക്കപ്പെടുന്നത്. പോഷകാഹാരക്കുറവാണ് അതില്‍ പ്രധാനം. 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ തൂക്കക്കുറവ് രണ്ടാമത്തെ ഘടകമാണ്. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പും ബാലമരണനിരക്കും അടുത്ത പരിശോധനാവിഷയങ്ങളാണ്. സബ്കാ വികാസ് എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കാലത്താണ് നാം ഏറെ പുറകോട്ട് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. വികസനം ലക്ഷ്യമാക്കി വന്‍കിട പദ്ധതികളുടെ പുറകെ പായുമ്പോള്‍ പാവപ്പെട്ടവരുടെ ദയനീയ സ്ഥിതിയാണ് ഇത്തരം കണക്കുകളിലൂടെ പുറത്തുവരുന്നത്. ഇത് പലതും ഭരണാധികാരികള്‍ മൂടിവെക്കാനാഗ്രഹിക്കുന്നതാണ്. ഇത് പുറത്തുപറയുന്നവരുടെ മേല്‍ രാജ്യദ്രോഹമടക്കമുള്ള മുദ്രകള്‍ ചാര്‍ത്താനും സാമൂഹികമായി ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്, രാജ്യം നടപ്പാക്കിയ നോട്ടുനിരോധന നടപടികളുടെ അപാകത ചൂണ്ടിക്കാണിച്ചതിന്റെ ഫലമായി വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. ഒടുവില്‍ സ്ഥാനത്യാഗം ചെയ്ത് ഇന്ത്യ വിട്ടുപോവേണ്ടിവരികയും ചെയ്തു.
രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും 2018-ല്‍ 11 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും, രാജ്യത്തിന്റെ മുന്‍ഗണന സുരക്ഷ എന്നതോടൊപ്പം തന്നെ സാമ്പത്തികസുസ്ഥിതിയുമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രത്തില്‍ നൊേബല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയും ഇന്ത്യയിലെ സാമ്പത്തികപ്രതിസന്ധിയെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞ് ബി.ജെ.പിയുടെ കരിമ്പട്ടികയില്‍ അകപ്പെട്ടു. രാജ്യത്തിന്റെ അധികാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അമിതമായി കേന്ദ്രീകരിക്കപ്പെട്ടതാണ് സാമ്പത്തികപ്രതിസന്ധിയുടെ കാതലായ പ്രശ്‌നമെന്നായിരുന്നു ബാനര്‍ജി പറഞ്ഞത്. നോട്ട്‌നിരോധനവും ജി.എസ്.ടിയും ഇന്ത്യയെ വെട്ടിലാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ നല്‍കിയത് ഫലം ചെയ്തില്ല. ഗ്രാമീണമേഖലയില്‍ പണം ലഭിക്കുന്ന തരത്തിലുള്ള പി.എം കിസാന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍ വേണ്ടത്ര കാര്യക്ഷമതയോടെ നടപ്പിലാക്കിയില്ല. ഇതോടെ അഭിജിത് ബാനര്‍ജി ഇടതു സാമ്പത്തീകവിദഗ്ധനാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്തുവന്നു. കടുത്ത സൈബര്‍ ആക്രമണത്തിന് അദ്ദേഹം വിധേയനായി. ഒടുവില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് വിളിച്ചുവരുത്തി ചിരിച്ചുകൊണ്ട് മോദിവിരുദ്ധനെന്ന വിളിപ്പേരില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്. സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയ സമീപനവും വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും രാജ്യത്തെ പുറകോട്ടു നടത്തുന്നതിന് കാരണമാക്കിയെന്നാണ് രഘുറാം രാജനും അഭിജിത് ബാനര്‍ജിയും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ആഗോളതലത്തില്‍ തന്നെ പട്ടിണിയെ കേവലം സാങ്കേതികത്വം എന്ന നിലയില്‍ സമീപിക്കുന്നുവെന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. നെടുകെയും കുറുകെയും വരകള്‍ വരച്ചും, കള്ളികളും കോളങ്ങളും പൂരിപ്പിച്ചും കണക്കുകള്‍ നിരത്തിയാണ് ഭരണാധികാരികളും വിദഗ്ധരും പട്ടിണിയെ തുരത്താന്‍ ശ്രമിക്കുന്നത്! കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും പോക്കറ്റിലുള്ള പണത്തിന്റെ എണ്ണവും പറഞ്ഞും പട്ടിണിയെ നിര്‍ണയിക്കാറുണ്ട്. ടെണ്ടുല്‍ക്കര്‍ കമ്മിറ്റി കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍, ഗ്രാമങ്ങളില്‍ പ്രതിമാസം 816 രൂപയും നഗരങ്ങളില്‍ 1000 രൂപയും ലഭിക്കാത്തവരെ ദാരിദ്ര്യരേഖക്ക് താഴെയുളളവരായി കണക്കാക്കുന്നു. ഭരണകൂടങ്ങള്‍ മാറിമാറിവരുന്ന മുറക്ക് മുദ്രാവാക്യങ്ങളും പദ്ധതികളും പുതുമകളോടെ അവതരിപ്പിക്കപ്പെടുന്നു. പക്ഷേ ഇതെല്ലാം വെറും പുറംപൂച്ചുകളും പുറംമോടികളും മാത്രം. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി പഞ്ചവത്സര പദ്ധതികളടക്കം നിരവധി മുന്നേറ്റങ്ങള്‍ നടന്ന രാജ്യമാണ് നമ്മുടേത്. സബ്‌സിഡികള്‍, പെന്‍ഷനുകള്‍ എന്നിവയിലൂടെ കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ദാരിദ്ര്യത്തിന്റെ ദൂഷിതവലയത്തില്‍നിന്നും എന്നിട്ടും ഇന്ത്യന്‍ സമൂഹം കരകയറിയിട്ടില്ല. കമ്പോളത്തില്‍, വ്യാപകമായ തോതില്‍ തൊഴിലുകളുടെ സൃഷ്ടിപ്പിനുള്ള (Creation of Employment) ശ്രമങ്ങളാണ് പ്രഥമ പരിഗണനയിലുണ്ടാകേണ്ട കാര്യം. കാര്‍ഷികമേഖലയില്‍ പരമ്പരാഗത രീതികള്‍ സ്വീകരിക്കുന്നതിനു പകരം സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃഷിരീതികള്‍ നവീകരിക്കപ്പെടണം. കൃഷി മുഖ്യാവലംബമായ മധ്യപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 60 ശതമാനം ദരിദ്രരാണ്. ദാരിദ്ര്യത്തിന്റെ ഇരകളാകട്ടെ, ഗോത്രവര്‍ഗക്കാരും ദലിതുകളും കൃഷിക്കാരുള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളുമാണ്.
കോര്‍പ്പറേറ്റുകളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാക്കലാണല്ലോ ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വത്തിന്റെ പ്രധാന പ്രവര്‍ത്തനം. പാവങ്ങളുടെ സഹായത്തിനായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്ന പദ്ധതികളാകട്ടെ അഴിമതിയുടെ പിടിയിലമര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് വേണ്ടവിധം കിട്ടാത്ത അവസ്ഥയിലുമാണ്. പാവങ്ങളെന്നും രാഷ്ട്രീയ വോട്ടുബാങ്കുകളായി നിലനില്‍ക്കുന്നതിലാണ്, സ്വയം പര്യാപ്തരാവുന്നതിലല്ല രാഷ്ട്രീയക്കാരുടെ താല്‍പര്യം. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളാണ് ഉത്തര കൊറിയയും ഇന്ത്യയും. 1947-ല്‍ രണ്ടു രാജ്യങ്ങളുടെയും ശരാശരി വരുമാനം ഒരുപോലെയായിരുന്നു. ഉത്തരകൊറിയ ഇന്ന് വികസിത രാജ്യവും ലോകത്ത് പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമാണ്. ഇന്ത്യ പഴയപടി തുടരുകയും ചെയ്യുന്നു.
ഐക്യരാഷ്ട്രസഭ 2015-ല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (Sustainable Development Goals) തയാറാക്കിയപ്പോള്‍, പതിനേഴാമത്തെ ലക്ഷ്യമായി വിവരിച്ചത് 'ദാരിദ്ര്യത്തിന്റെ എല്ലാ രൂപങ്ങളെയും എല്ലായിടത്തും ചെറുത്തുതോല്‍പ്പിക്കും' എന്നായിരുന്നു. ഭരണകൂടവും സന്നദ്ധസംഘടനകളും പൗരസമൂഹവും ഒന്നിച്ചണിനിരന്നാല്‍ മാത്രമേ ഈ ലക്ഷ്യം പൂവണിയൂകയുള്ളൂ. ഇവയിലെടുത്തുപറയേണ്ട വിഭാഗമാണ് ഇന്ത്യയില്‍ എണ്ണത്തില്‍ നിര്‍ണായകസ്ഥാനമുള്ള മതസമൂഹങ്ങള്‍. ധാര്‍മികതയാണ് മതസമൂഹത്തിന്റെ അന്തസ്സത്ത. ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്ക് പണത്തിന്റെ ഒഴുക്ക് രാജ്യത്ത് കൂടുതലായി ശക്തിപ്പെടേണ്ടതുണ്ട്. വരുമാനത്തിലും സമ്പത്തിലും നികുതികള്‍ ചുമത്തി നിയമത്തിന്റെ ദണ്ഡുപയോഗിച്ച് ഇക്കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയണമെന്നില്ല. മതപണ്ഡിതന്മാരും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ വ്യാപകമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. മനുഷ്യരുടെ ആത്മീയദാരിദ്ര്യത്തെ കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങള്‍ അനുയായികള്‍ക്ക് ദഹിക്കണമെങ്കില്‍ വിശപ്പനുഭവിക്കാത്ത ശരീരവുമായാണ് അവര്‍ ആരാധനാലയത്തില്‍ വരുന്നതെന്ന മിനിമം ബോധ്യമെങ്കിലും മതനേതൃത്വത്തിനുണ്ടാകണം. ദൈവം പിശാചെന്നു വിളിച്ച പട്ടിണി പൊരുതിത്തോല്‍പ്പിക്കുന്നതില്‍ അവര്‍ മുന്നില്‍ നില്‍ക്കണം.
വെണ്ണയാണോ (Butter) വെടിക്കോപ്പാണോ (Gun) ഒരു രാജ്യം മുന്‍ഗണനയോടെ ഉല്‍പ്പാദിപ്പിക്കേണ്ടത് എന്ന ചോദ്യം സമ്പദ്ശാസ്ത്രം ഉയര്‍ത്തുന്നുണ്ട്. വെടിക്കോപ്പാണ് പരമാവധി ഉല്‍പ്പാദിപ്പിക്കേണ്ടത് എന്ന് ശരീരഭാഷയിലൂടെ പറയുന്നവരാണ് നിര്‍ഭാഗ്യവശാല്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്നത്. മൃഗങ്ങള്‍ പോലും ചെയ്യാനറക്കുന്ന കാര്യങ്ങളാണ് അവര്‍ ഭരണത്തിന്റെ ചെലവില്‍ നടപ്പിലാക്കിവരുന്നത്. പാവങ്ങള്‍ക്ക് അനുകൂലമായ സാമ്പത്തികശാസ്ത്ര പരിഗണനകള്‍ അവരുടെ നിഘണ്ടുവില്‍ പ്രതീക്ഷിക്കുക വയ്യ. ഒന്നും കഴിക്കാനില്ലാത്തവരുടെ മുന്നില്‍, എന്തെല്ലാം കഴിക്കരുത് എന്ന തര്‍ക്കമാണ് ഉന്നയിക്കപ്പെടുന്നത്. അതിന്റെ പേരിലുള്ള അക്രമവും കൊള്ളിവെപ്പും സാര്‍വത്രികമാക്കാനുള്ള ശ്രമവും നടക്കുന്നു. അമിത് ഷായും മോദിയും മാത്രമാണ് ചിത്രത്തിലുള്ളത്. അതിനിടയില്‍ നിര്‍മല സീതാരാമന്‍ എന്ന ധനകാര്യമന്ത്രിയെ കുറിച്ച് കേള്‍ക്കാന്‍ പോലുമാകുന്നില്ല. നിര്‍മലയുടെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പ്രഭാകര്‍ ബി.ജെ.പി ഭരണത്തിലെ സാമ്പത്തിക പിടിപ്പുകേടുകള്‍ക്കെതിരെ ഈയിടെ ശക്തമായി രംഗത്തുവരികയുണ്ടായി. സാധാരണ ധനമന്ത്രിമാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പാര്‍ലമെന്റിലേക്ക് രേഖകള്‍ കൊണ്ടുവരുന്നത് തുകല്‍പെട്ടിയിലായിരുന്നു. നിര്‍മലാ സീതാരാമനാകട്ടെ പെട്ടിക്ക് പകരം പട്ടില്‍ പൊതിഞ്ഞാണ് ബജറ്റ് കൊണ്ടുവന്നത്. സംസ്‌കാരത്തിലേക്ക് തിരിച്ചുപോക്കെന്നാണ് അവര്‍ സ്വയം അതിനെ വിശേഷിപ്പിച്ചത്. പെട്ടിയിലായാലും പട്ടിലായാലും പട്ടിണിപ്പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സാമ്പത്തിക നയങ്ങളായിരിക്കണം നടപ്പാക്കേണ്ടത് എന്നേ പാവം പൊതുജനത്തിന് പറയാനുള്ളൂ. എന്നാല്‍ തലമറന്നെണ്ണ തേക്കുകയാണ് മോദിയും കൂട്ടരും.
Comments