Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

ബി.സി റിവിന്‍ജാസ്: അവധികള്‍ ചോദിക്കാതെ നന്മകളില്‍ മുന്നേറിയ ചെറുപ്പം

ശംസീര്‍ ഇബ്‌റാഹീം

തലശ്ശേരി നെട്ടൂര്‍ സ്വദേശി ബി.സി റിവിന്‍ജാസ് ആഗസ്റ്റ് 28-ന് അല്ലാഹുവിലേക്ക് യാത്രയായി; ഏതൊരു ചെറുപ്പക്കാരനെയും മോഹിപ്പിക്കുന്നൊരു യൗവനം വരച്ചിട്ടു കൊണ്ട്. ഇരുപത്തിയേഴാം വയസ്സില്‍ മരണപ്പെടുന്നതിന് മിനിറ്റുകള്‍ക്കും മണിക്കൂറുകള്‍ക്കും മുമ്പ് മാത്രമാണ് അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പോലും റിവിന്‍ജാസ് രോഗബാധിതനായിരുന്നുവെന്ന് അറിയുന്നത് തന്നെ. അടുത്തിടപഴകുന്നവര്‍ക്ക് പോലും അത്രയെളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാന്‍ മാത്രം കര്‍മനിരതമായിരുന്നു ആ ചെറുപ്പം. ചെറിയ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടുമ്പോഴേക്കും ഇസ്ലാമിക പ്രവര്‍ത്തന മാര്‍ഗത്തില്‍ ഒഴികഴിവുകള്‍ തേടുന്നവനായിരുന്നില്ല റിവിന്‍ജാസ്. പ്രസ്ഥാനം ഏല്‍പ്പിക്കുന്ന ഭാരങ്ങളിലും ഉത്തരവാദിത്തങ്ങളിലും അനാരോഗ്യത്തിന്റെ പ്രത്യേക പരിഗണനകള്‍ റിവിന്‍ജാസ് ആഗ്രഹിച്ചിരുന്നില്ല. അവന്‍ തന്നെ പല യോഗങ്ങളിലും പറയാറുള്ളത് പോലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെയാണ് ലീവ് ചോദിക്കാനാവുക എന്ന ചോദ്യം ജീവിതം കൊണ്ടും മരണം കൊണ്ടും അവന്‍ അന്വര്‍ഥമാക്കി. അവധിയില്‍ പ്രവേശിക്കാതെ അവന്റെ ജീവിതത്തിന്റെ തുടര്‍ച്ചകളിലേക്ക് അവന്‍ കടന്നുപോയി. ബി. സി റിവിന്‍ജാസ് മരണപ്പെടുമ്പോള്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും എസ്.ഐ.ഒ തലശേരി ഏരിയ പ്രസിഡന്റുമായിരുന്നു.
ഇരുപത്തേഴ് കൊല്ലത്തിനിടയില്‍ പല മേഖലകളിലും തന്റെ അടയാളങ്ങള്‍ റിവിന്‍ജാസ് ബാക്കിയാക്കി. തലശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ ബിരുദ പഠനത്തിന് ശേഷം ജോലിയാവശ്യാര്‍ത്ഥം കരാട്ടെ ട്രെയിനറായി വിദേശത്തേക്ക് പോകുന്നതിനിടയില്‍ എസ്.ഐ.ഒവിന്റെ കണ്ണൂര്‍ ജില്ലാ കാമ്പസ് സെക്രട്ടറി ആയിരുന്നു. ബിരുദ പഠനത്തോടൊപ്പം കരാട്ടെ, തയ്‌ക്ക്വോണ്ടോ തുടങ്ങിയ മാര്‍ഷ്യല്‍ ആര്‍ട്‌സിലും വൈദഗ്ധ്യം നേടി. ധാരാളം ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ ആഗ്രഹിച്ചിരുന്ന റിവിന്‍ജാസ് അത്തരം യാത്രകള്‍ക്കിടയില്‍ ലഭിക്കുന്ന ഒഴിവു വേളകളും ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിച്ചു. കശ്മീരിലേക്കുള്ള യാത്രക്കിടയില്‍ ഒരു ഗ്രാമത്തില്‍ വെച്ച് യാത്രാംഗങ്ങള്‍ ഭക്ഷണത്തിനായി ഒരുമിച്ചു കൂടിയപ്പോള്‍ റിവിന്‍ജാസിനെ കാണുന്നില്ല. അന്വേഷണത്തിനൊടുവില്‍ പ്രദേശത്തെ ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ കുട്ടികള്‍ക്ക് അസംബ്ലിയില്‍ വെച്ച് കരാട്ടെ പഠിപ്പിക്കുന്ന റിവിന്‍ജാസിനെയാണ് കണ്ടത്. ഇത്തരം പരിശീലനങ്ങള്‍ പശ്ചിമ ബംഗാളിലെ യാത്രകളില്‍ അവിടെയുള്ള ഗ്രാമങ്ങളിലെ സ്‌കൂളുകളിലും നടത്തി. നാട്ടിലെ 'കുന്നോത്ത് പ്രവാസി കൂട്ടായ്മ'യിലും അതുമായി ബന്ധപ്പെട്ട വ്യത്യസ്ത സേവന - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാവുന്നവരുടെ കൂട്ടായ്മയിലും സജീവമായിരുന്നു. 
അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലും കണക്കുകള്‍ കൃത്യപ്പെടുത്തുന്നതിലും മറ്റാരേക്കാളും ഒരു പടി മുമ്പിലായിരുന്നു. ബ്രണ്ണന്‍ കോളേജിലെ പഠന കാലത്തു തന്നെ ഭീഷണിപ്പെടുത്താന്‍ നേതൃത്വം നല്‍കിയ എസ്.എഫ്.ഐ പ്രവര്‍ത്തകന് പിന്നീട് ഗുരുതര രോഗം ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയുള്ള ചികിത്സ ധന സമാഹാരണത്തില്‍ തന്റെ ബാച്ചിലുള്ളവരെ സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തു റിവിന്‍ജാസ് രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവരെ പോലും അത്ഭുതപ്പെടുത്തി. പ്രദേശത്തെ മുസ്ലിം ചെറുപ്പക്കാരുടെ ദീനിവിദ്യാഭ്യാസം റിഞ്ചുവിന്റെ സുപ്രധാന ആലോചനാ വിഷയമായിരുന്നു. ജീവിതത്തിന്റെ അവസാന വേളകളില്‍ നാട്ടിലെ വിദ്യാര്‍ഥി യുവജനങ്ങളുടെ ഇസ്ലാമിക വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിരന്തരമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. 
2010-ലെ ഒരു വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒരു ത്രിദിന പ്രക്ഷോഭ യാത്ര ബ്രണ്ണന്‍ കോളേജ് കാമ്പസും സന്ദര്‍ശിച്ചിരുന്നു. റിവിന്‍ജാസ് അന്ന് ബ്രണ്ണന്‍ കോളേജ് എസ്.ഐ.ഒ യൂനിറ്റ് ഭാരവാഹി ആണ്. കോളേജിലെ എസ്.എഫ്.ഐ യുടെ ശക്തമായ എതിര്‍പ്പുകള്‍ക്കും ഭീഷണികള്‍ക്കും ഇടയിലായിരുന്നു അന്ന് കോളേജിലെ എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു ദിവസം ഉച്ചനേരത്തെ  ഇടവേള സമയത്താണ് ജാഥ കോളേജില്‍ എത്തുന്നത്. ജാഥയുടെ ജീപ്പ് കോളേജിന്റെ മെയിന്‍ ഗേറ്റിന് മുമ്പില്‍ എത്തിയപ്പോള്‍ ഒരു കൈയില്‍ കൊടിയും മറുകൈയില്‍ ജാഥാ ക്യാപ്റ്റനെ അണിയിക്കാനുള്ള ഹാരവുമായി നില്‍ക്കുന്ന റിഞ്ചുവിനെയാണ് കണ്ടത്. അന്നവന്‍ മുദ്രാവാക്യം വിളിച്ചു, അവന്‍ തന്നെ ഏറ്റു വിളിച്ചു, ഒറ്റയ്ക്ക്.  അവനു പിറകിലായി ജാഥയിലെ അംഗങ്ങളും വാഹനങ്ങളും കോളേജിനകത്തേക്ക് പ്രവേശിച്ചു. 'നിങ്ങളില്‍ ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ' എന്ന് പറഞ്ഞു തുടങ്ങിയ അവന്റെ സ്വാഗത പ്രസംഗവും മായാത്ത ഓര്‍മയാണ്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ മുന്നൂറ്റി എഴുപതോളം വോട്ടുകള്‍ കരസ്ഥമാക്കി എന്നത് കോളേജില്‍ അവന്‍ നേടിയ പൊതുസ്വീകാര്യതയുടെ അടയാളമാണ്. 
ഇസ്ലാമിക പ്രവര്‍ത്തകരായ റിഞ്ചുവിന്റെ കുടുംബം അവന്‍ സ്വര്‍ഗത്തില്‍ തങ്ങളെ സ്വീകരിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ്. ഏറ്റവും ഇളയ മകനായ റിവിന്‍ജാസിന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ച് വലിയ ആഘാതമാണെങ്കിലും അല്ലാഹുവിന്റെ തീരുമാനം അലംഘനീയമാണല്ലോ. 

 

 

പി.പി ഹംസ ഹാജി

ഒമ്പത് ദശകത്തിലധികം വള്ളുവനാടിന്റെ മത-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു പെരിന്തല്‍മണ്ണയിലെ കക്കൂത്ത് പുത്തന്‍പീടിയേക്കല്‍ ഹംസ ഹാജി. എല്ലാവിഭാഗം ജനങ്ങളുടെയും ആദരം പിടിച്ചുപറ്റിയ വ്യക്തിത്വം. 1923 ജൂണ്‍ 30-ന് പുത്തന്‍ പീടിയേക്കല്‍ കുഞ്ഞഹമ്മദിന്റെയും തിത്തിക്കുട്ടിയുടെയും മകനായി ജനിച്ച ഹംസ ഹാജി കക്കൂത്ത് വലിയങ്ങാടി ജി.എല്‍.പി.എസ്, കക്കൂത്ത് ബോര്‍ഡ് മാപ്പിള എല്‍.പി.എസ്, പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി.എസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. കക്കൂത്ത് വലിയങ്ങാടി ജുമുഅത്ത് പള്ളി, പഠാണിപ്പള്ളി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ ആദ്യ മതപഠനം. വിദ്യാര്‍ഥി കാലം മുതല്‍ തന്നെ പരന്ന വായനയിലും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച പൊതു ചര്‍ച്ചകളിലും സജീവമായിരുന്നതിനാല്‍ സാമൂഹിക പ്രവര്‍ത്തകനായി ഉയര്‍ന്നു.
കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃപാടവത്തില്‍ ആകൃഷ്ടനായ ഹംസ ഹാജി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ ബ്രിട്ടീഷ്‌വിരുദ്ധ സമരത്തില്‍ പങ്കാളിയായി. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന 'പട്ടാളത്തില്‍ ചേരരുത്; യുദ്ധ ഫണ്ടിലേക്ക് സഹായം കൊടുക്കരുത്' കാമ്പയിനില്‍ പെരിന്തല്‍മണ്ണയില്‍നിന്ന് പങ്കെടുത്ത അപൂര്‍വം പേരിലൊരാളായിരുന്നു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനോടൊപ്പം പഴയ തിരുകൊച്ചി-മദ്രാസ് സംസ്ഥാനങ്ങളുടെയും കര്‍ണാടകയുടെയും വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. 
പെരിന്തല്‍മണ്ണ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ 'ഈ വഴിയില്‍ കൂടി താഴ്ന്ന ജാതിക്കാര്‍ക്ക് നടന്നുപോകാന്‍ പാടില്ലാത്തതാകുന്നു' എന്നെഴുതിവെച്ച ബോര്‍ഡ് മാറ്റാന്‍ പോരാടുകയും തുടര്‍ന്ന് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരുന്ന ഒറ്റപ്പാലം പാലാട്ട് രാവുണ്ണി മേനോന്‍ ആ ബോര്‍ഡ് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.
പെരിന്തല്‍മണ്ണയുടെ മതവിദ്യാഭ്യാസ രംഗങ്ങളിലും യുവാവായിരുന്നപ്പോള്‍തന്നെ സജീവ താല്‍പര്യം പ്രകടിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ മീറാസുല്‍ അമ്പിയാ മദ്‌റസയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഹംസ ഹാജി തന്റെ മക്കളെ ഈ മദ്‌റസയില്‍ തന്നെയാണ് പഠിപ്പിച്ചത്.
വേലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് ഉള്‍പ്പെടെ പഴയ മദ്രാസ് സംസ്ഥാനത്തെ നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ചെയ്തു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മങ്ങാട് വള്ളിക്കാട്ട് പറമ്പില്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഹംസ ഹാജിയുടെ ഓര്‍മയില്‍ എന്നെന്നും തിളങ്ങിനിന്നിരുന്ന ഉസ്താദുമാരായിരുന്നു.
ജുഡീഷ്യറി വകുപ്പില്‍ ജോലി ചെയ്തിരുന്ന പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് താവഴി അവകാശപ്രകാരം 1943 ഒക്‌ടോബര്‍ 4-ന് വള്ളുവനാട് ഡിസ്ട്രിക്ട് മുന്‍സിഫ് കോടതിയില്‍ 14 രൂപ ശമ്പളത്തിന് ജോലിയില്‍ പ്രവേശിച്ചു. യുദ്ധ അലവന്‍സായി 6 രൂപ 8 അണ വേറെയും. അങ്ങനെ 20 രൂപ 8 അണയായിരുന്നു മാസവരുമാനം. 14 വര്‍ഷം പ്രോസസ് സര്‍വേയറായി ജോലിചെയ്ത ശേഷം പിന്നീട് ആമീന്‍ തസ്തികയിലേക്ക് മാറ്റപ്പെട്ടു. അന്നു മുതല്‍ ആമീന്‍ ഹംസാക്ക എന്ന പേരിലാണ് അറിയപ്പെട്ടത്. 1978 ജൂണ്‍ 30-ന് സര്‍വീസില്‍നിന്ന് വിരമിച്ചു.
തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജ്, യതീംഖാന എന്നീ സ്ഥാപനങ്ങളുടെ ധനശേഖരണാര്‍ഥം കേരളത്തിനകത്തും പുറത്തും യാത്ര ചെയ്യുകയും നിരവധി ഉന്നത വ്യക്തികളെയും കച്ചവട കേന്ദ്രങ്ങളെയും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്തു. പെരിന്തല്‍മണ്ണ ടൗണില്‍ ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റിനു കീഴില്‍ ഒരു പള്ളി നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഹംസ ഹാജി സജീവ പങ്കാളിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി പള്ളി ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യ ഖുത്വ്ബ നിര്‍വഹിച്ച സന്ദര്‍ഭത്തില്‍ ആദ്യ ബാങ്ക് കൊടുത്തത് ഹംസ ഹാജിയായിരുന്നു. ഈ പള്ളിയില്‍നിന്ന് ആദ്യമായി മുഴങ്ങി കേള്‍ക്കേണ്ട ബാങ്ക് തന്റേതായിരിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു. പിന്നീട് ഈ പള്ളിയുടെ പരിപാലനത്തില്‍ ഊര്‍ജസ്വലനായി നിലകൊണ്ടു. ശാന്തപുരം ഇസ്‌ലാമിയാ കോളേജുമായും സ്ഥാപനത്തിലെ നടത്തിപ്പുകാരും അധ്യാപകരുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ദീനീ സംരംഭങ്ങളുമായി മക്കളെ അടുപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. പെരിന്തല്‍മണ്ണയില്‍ മാധ്യമം ദിനപത്രത്തിന്റെ പ്രചാരണത്തിലും സജീവ താല്‍പര്യം കാണിച്ചു. വള്ളുവനാടിന്റെ പഴയ ചരിത്രം അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. പത്രപ്രവര്‍ത്തകരും പുസ്തക രചയിതാക്കളും വള്ളുവനാടിന്റെ പൂര്‍വ ചരിത്രമന്വേഷിച്ച് ഹംസ ഹാജിയെ സമീപിക്കുക പതിവായിരുന്നു. പരിചയപ്പെടുന്നവരോടെല്ലാം സ്‌നേഹമസൃണമായ പെരുമാറ്റം പ്രകടിപ്പിച്ച ഹംസാക്ക ആയിരക്കണക്കിനാളുകളുടെ സുഹൃത്തായിരുന്നു. 
ഭാര്യ: പരേതയായ ആഇശ. മക്കള്‍: അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍, അബ്ദുസ്സമദ്, അബ്ദുല്‍ഹമീദ്, അബ്ദുര്‍റസാഖ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്സലാം, സഫിയ്യ, സൈനബ, റുഖിയ്യ, മൈമൂന.

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി