ഡിങ്കമതത്തിലെ ഡോഗ്മകള്‍
സൂക്ഷ്മജീവികള്‍ ഇര തേടുന്നതിനായി അവലംബിക്കുന്ന രീതികളില്‍ കപടപാദങ്ങള്‍ (സ്യൂടോപോഡിയ) കൊണ്ട് ഇരയെ വരിഞ്ഞുമുറുക്കി അകത്താക്കുന്ന ഫാഗോസൈറ്റോസിസ് പ്രധാനമാണ്. ബാക്ടീരിയോഫേജുകള്‍ എന്നറിയപ്പെടുന്ന വൈറസ്സുകള്‍ ബാക്ടീരിയയെ ആക്രമിക്കുന്നത് സ്വന്തം ഡി.എന്‍.എ ബാക്ടീരിയയിലേക്ക് കുത്തിയിറക്കി അതിന്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തുകൊണ്ടാണ്.
നമ്മുടെ ഭൗതികവാദ പ്രസ്ഥാനങ്ങളെ ശത്രുക്കള്‍ നേരിട്ടതെങ്ങനെയെന്നു പരിശോധിക്കുമ്പോള്‍ മേല്‍പറഞ്ഞവയില്‍ പലതും കാണാം. ചാര്‍വാകന്മാരുടെ തകര്‍ച്ചയെക്കുറിച്ച് മാത്രമല്ല ഇവിടെ പറയുന്നത്. യുക്തിവാദ/ഭൗതികവാദ പ്രസ്ഥാനങ്ങള്‍ ഇന്നഭിമുഖീകരിക്കുന്നതും സമാന രീതിയിലുള്ള ആക്രമണങ്ങള്‍ തന്നെയാണ്.
ലോകായതമെന്നും ചാര്‍വാകമെന്നും അറിയപ്പെട്ടിരുന്ന ഭൗതികവാദ ദര്‍ശനം തകര്‍ന്നത് ശത്രുക്കളുടെ തുറന്ന ആക്രമണങ്ങളിലൂടെയായിരന്നു. ചാര്‍വാകന്മാരെ കൂട്ടക്കൊല ചെയ്യുകയും അവരുടെ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാല്‍ അവൈദിക ചിന്താപദ്ധതികളില്‍ ജനപ്രിയത കൊണ്ട് മുന്‍പന്തിയിലായിരുന്ന ബൗദ്ധിക ദര്‍ശനവും ഏറക്കുറെ ഭൗതികവാദ നിലപാട് സ്വീകരിച്ചിരുന്ന സാംഖ്യാദര്‍ശനവും തകര്‍ന്നത് ശത്രുക്കളുടെ നുഴഞ്ഞുകയറ്റത്തിന്റെ ഫലമായിട്ടു കൂടിയായിരുന്നു. ശരിക്കു പറഞ്ഞാല്‍ മുകളില്‍ പറഞ്ഞ ബാക്ടീരിയോഫേജുകളുടേതിനു സമാനമായ ആക്രമണങ്ങളിലൂടെ.
ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭൗതികവാദിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുനിര്‍ത്തേണ്ട പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടു കൂടി സ്വന്തം ആദര്‍ശങ്ങളില്‍ അദ്ദേഹം കാര്യമായ വീഴ്ചകളൊന്നും വരുത്തിയിട്ടില്ല. ദക്ഷിണേന്ത്യയില്‍ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരാവട്ടെ ഭൗതികവാദിയെന്നതിലുപരി ദ്രാവിഡ പ്രസ്ഥാനത്തിന്റെ താത്ത്വിക സ്രോതസ്സായിരുന്നു.
അടുത്ത കാലത്തായി ഭൗതികവാദം ജീവിതദര്‍ശനമായി സ്വീകരിച്ച ഒരുപാട് പേര്‍ പ്രതിലോമശക്തികളുടെ തോക്കിനിരയായി. നരേന്ദ്ര ധബോല്‍കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷുമൊക്കെ അക്കൂട്ടത്തിലുള്‍പ്പെടുന്നു. ബസവേശ്വന്റെയും ലിംഗായത്ത് പ്രസ്ഥാനത്തിന്റെയും പുരോഗമനാത്മക ഭൂമികയിലേക്കിറങ്ങിച്ചെന്ന എം.എം കല്‍ബുര്‍ഗിയും ഇതേ രീതിയില്‍ പ്രതിലോമശക്തികളുടെ തോക്കിനിരയാവുകയായിരുന്നു. ഇതു കൂടാതെ മറ്റൊരു രീതിയിലും ഭൗതികവാദ പ്രസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുന്നുണ്ടോ?
മതങ്ങളെപ്പോലെ തന്നെ ഭൗതികവാദവും ഇരുതല മൂര്‍ച്ചയുള്ള വാളാണ്. പെരിയോറും മറ്റും ചെയ്തതുപോലെ സമൂഹത്തില്‍ പുരോഗമനാത്മകമായ മാറ്റങ്ങളുണ്ടാക്കാന്‍ ഭൗതികവാദം ഉപയോഗിക്കാം. ചര്‍ച്ചകളെ മര്‍ദക ചൂഷക ശക്തികള്‍ക്കനുഗുണമായ വിധത്തില്‍ വഴിതിരിച്ചുവിടാനും മതവിശ്വാസികള്‍ക്കെന്ന പോലെ ഭൗതികവാദികള്‍ക്കുമാവും. യാന്ത്രിക ഭൗതികവാദത്തെ ലെനിന്‍ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കാനുണ്ടായ സാഹചര്യം അതാണ്. ശീതസമരകാലത്ത് സോഷ്യലിസം വളരുന്നതു തടയാന്‍ മതസ്ഥാപനങ്ങളെ അമേരിക്ക ഉപയോഗപ്പെടുത്തിയതുപോലെ ഇന്ന് ഭൗതികവാദ/യുക്തിവാദ പ്രസ്ഥാനങ്ങള്‍ ഏതെങ്കിലും ശക്തികളുടെ ചരടുകളാല്‍ ബന്ധിതമാണോ?
മതവിശ്വാസികള്‍ക്ക് പലപ്പോഴും മതപ്രമാണങ്ങള്‍ രൂപംകൊണ്ട കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ സാധിക്കാറില്ല. എന്നാല്‍ യുക്തിവാദികളാവട്ടെ പഴയതിനെ തള്ളി പുതിയത് സ്വീകരിക്കുന്നവരാണെന്നാണ് പൊതുവെ അവകാശപ്പെടാറുള്ളത്. ഇന്നത്തെ യുക്തിവാദി ഗ്രൂപ്പുകളെ യാഥാസ്ഥിതിക, വംശീയ ശക്തികള്‍ ഹൈജാക്ക് ചെയ്തതുകൊണ്ടാണോ എന്നറിയില്ല, അടുത്ത കാലത്തായി മതവിശ്വാസികളേക്കാളും താഴ്ന്ന നിലവാരത്തിലുള്ള പ്രതികരണങ്ങളാണ് ഇത്തരം വിഷയങ്ങളില്‍ യുക്തിവാദി ഗ്രൂപ്പുകളില്‍നിന്ന് ഉയര്‍ന്നുവരുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ചുള്ള നിലപാടുകളാണ് ഉദാഹരണം. അതിനേക്കാള്‍ ദയനീയമായിരുന്നു മുന്‍ ഡി.ജിപി സെന്‍കുമാറിന്റെ വിവാദ നിലപാടുകളെക്കുറിച്ചുള്ള പല യുക്തിവാദികളുടെയും പ്രതികരണം. ഈ രണ്ടു വിഷയങ്ങളിലും മതതീവ്രവാദികളെപ്പോലെ മനുഷ്യര്‍ മതത്തോടു കൂടി ജനിക്കുന്നുവെന്ന കാഴ്ചപ്പാടാണ് യുക്തിവാദികളെന്നവകാശപ്പെടുന്ന പലരുടേതും. റോഹിങ്ക്യന്‍ വംശജരടക്കം ഇന്ന് ലോകത്തുള്ള മുസ്‌ലിംകള്‍ ഏതാണ്ട് മുഴുവന്‍ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളായി അറിയപ്പെടുന്നവരാണ്. മറ്റുള്ള സമൂഹങ്ങളില്‍ ജനിച്ചതിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുന്നവര്‍ വളരെ കുറവാണ്. ഇത്തരത്തില്‍ മുസ്‌ലിം സമൂഹത്തില്‍ ജനിക്കുന്നവരില്‍ മതവിശ്വാസികളും അല്ലാത്തവരുമൊക്കെയുണ്ട്. ഈ അടിസ്ഥാനതത്ത്വം മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങള്‍ പൊതുസമൂഹത്തില്‍ യുക്തിവാദികളുടെ വില കുറച്ചുകാണിക്കുകയാണ് ചെയ്യുക.
യാന്ത്രിക ഭൗതികവാദത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞത് ഏറ്റവും കൂടുതലായി ചേരുന്നത് നമ്മുടെ യുക്തിവാദികള്‍ക്കാണെന്ന് തോന്നുന്നു. മതത്തിനും ദൈവത്തിനും ചുറ്റുമായി കറങ്ങുന്ന അവര്‍ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, പലപ്പോഴും ചൂഷകശക്തികളെ പിന്താങ്ങുകയും ചെയ്യുന്നു. മതവിശ്വാസികളേക്കാളും ശക്തമായ വൈകാരികതയുടെ അടിമകളാണ് നമ്മുടെ നാട്ടിലെ യുക്തിവാദികളെന്നു തെളിഞ്ഞത് മതവും ജാതിയും രേഖപ്പെടുത്താത്ത സ്‌കൂള്‍ കുട്ടികളെക്കുറിച്ച് തെറ്റായ കണക്ക് വന്നപ്പോഴാണ്. ഒറ്റനോട്ടത്തില്‍തന്നെ അബദ്ധമെന്ന് തോന്നാവുന്ന കണക്കായിരുന്നു അതെങ്കിലും കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തോടുന്നതു പോലെയായിരുന്നു യുക്തിവാദി വൃത്തങ്ങളില്‍നിന്നുണ്ടായ പ്രതികരണം.
കേരളത്തിലെ യുക്തിവാദികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ പ്രതിസന്ധി ഹാദിയ പ്രശ്‌നമാണ്. ആധുനികമായ ഏതു പ്രമാണങ്ങള്‍ വെച്ചു നോക്കിയാലും വ്യക്തിയുടെ സ്വകാര്യമായ അവകാശങ്ങളില്‍പെട്ടതാണ് വിവിധ മതങ്ങള്‍ക്കും ഭൗതികവാദ പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ ഇടയില്‍നിന്ന് ഒരാള്‍ സ്വന്തം ജീവിതാദര്‍ശങ്ങള്‍ തെരഞ്ഞെടുക്കുകയെന്നുള്ളത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതും അതുപോലെത്തന്നെയാണ്. ഇവ രണ്ടുമാണ് ഹാദിയയുടെ കാര്യത്തില്‍ ഹനിക്കപ്പെട്ടത്. ഈ സംഭവപരമ്പരകളുടെ ഏതെങ്കിലും ഘട്ടത്തില്‍ ആധുനിക മനുഷ്യാവകാശങ്ങള്‍ക്കിണങ്ങുന്ന തരത്തിലുള്ള പ്രതികരണം കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങള്‍ക്കിടയില്‍നിന്നുണ്ടായിരുന്നുവെങ്കില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇളിഭ്യരാവേണ്ടി വരില്ലായിരുന്നു.
യുക്തിവാദികളെന്നവകാശപ്പെടുന്നവര്‍ സംവരണ വിഷയത്തില്‍ എന്‍.എസ്.എസ്സിന്റെ നിലപാടെടുക്കുന്നുവെന്നത് അവരിലെ ജാതിബോധം ഇപ്പോഴും മായാതെ കിടക്കുന്നുവെന്നതിലപ്പുറം മറ്റു പലതിലേക്കും സൂചന നല്‍കുന്നു. ഫെഡറല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനാ ശില്‍പി കാര്യകാരണസഹിതം വിശദമാക്കിയ കാര്യങ്ങള്‍ക്കുമെതിരെ ഇത്തരക്കാര്‍ രംഗത്തുവരുന്നത് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയെക്കുറിച്ച് അജ്ഞരായതുകൊണ്ടല്ല. ആസൂത്രിതമായ ഗൂഢശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ട്. സഹോദരന്‍ അയ്യപ്പനെ ഇകഴ്ത്താനും സവര്‍ക്കറെ ഉയര്‍ത്താനുമുള്ള ശ്രമങ്ങള്‍ കൂടിയാവുമ്പോള്‍ യുക്തിവാദ പ്രസ്ഥാനത്തിലേക്കുള്ള പിന്തിരിപ്പന്‍ ശക്തികളുടെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് സംശങ്ങള്‍ ബലപ്പെടുന്നു. ജാതിയെക്കുറിച്ചുള്ള പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെയും സഹോദരന്‍ അയ്യപ്പന്റെയുമൊക്കെ നിലപാടുകള്‍ക്കു പകരം സവര്‍ക്കറുടെ നിലപാടാണ് അവര്‍ക്ക് പഥ്യം.
ആധുനീകരണം എന്നത് ഒരുപാട് പ്രക്രിയകളിലൂടെ നീങ്ങുന്ന ഒരു പ്രതിഭാസമാണ്. ലോക ചരിത്രത്തിലുണ്ടായ ഒരുപാട് സംഭവങ്ങളുടെ ആകത്തുകയാണത്. രാജാധിപത്യത്തെ ജനാധിപത്യം കടപുഴക്കിയതും സാമ്രാജ്യത്വത്തിനു പകരം ദേശരാഷ്ട്രങ്ങള്‍ നിലവില്‍വന്നതും അവയില്‍ പ്രധാനമാണ്. ലിംഗസമത്വം, വംശസമത്വം, മതനിരപേക്ഷത തുടങ്ങിയവ ഉയര്‍ന്നുവന്നതും അടിമത്തവും വര്‍ണവിവേചനവുമൊക്കെ നിരോധിക്കപ്പെട്ടതും ഈ വഴിയിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്. ദേശരാഷ്ട്രങ്ങള്‍ സാമ്രാജ്യങ്ങളായി മാറാതിരിക്കാനാണ് ഫെഡറലിസം നിലവില്‍ വന്നത്. ഭൂമിശാസ്ത്രത്തിനു പുറമെ മറ്റു പല മാനങ്ങളും ഫെഡറലിസത്തിനുണ്ട്. നമ്മുടെ രാജ്യത്ത് ഭാഷാ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ അവയിലൊന്നു കൂടി അംഗീകരിക്കപ്പെടുകയായിരുന്നു. വേറെയും തലങ്ങള്‍ ഫെഡറലിസത്തിനുണ്ട്. അമേരിക്കയിലെ അഫര്‍മെറ്റീവ് ആക്ഷന്‍, ഇന്ത്യയിലെ സംവരണം തുടങ്ങിയവ അവയെ അഭിസംബോധന ചെയ്യുന്നു. യുക്തിവാദികളെന്നവകാശപ്പെടുന്നവര്‍ ആധുനീകരണത്തിന്റേതായ ഈ വഴികളെ നിഷേധിക്കുമ്പോള്‍ സംഭവിക്കുന്നത് സ്വന്തം ഡോഗ്മകളില്‍/സിദ്ധാന്തശാഠ്യങ്ങളില്‍ അഭിരമിച്ചുകൊണ്ട് കിണറ്റിലെ തവളകളായി മാറുന്നു എന്നതാണ്.
സവര്‍ക്കറുടെ 'ജാതിവിരോധ'ത്തിന്റെ അന്തര്‍ധാരകള്‍ മനസ്സിലാവാത്ത വിധത്തില്‍ മന്ദബുദ്ധികളല്ല യുക്തിവാദികള്‍. യുക്തിവാദത്തിന്റെ മേല്‍വിലാസത്തിലുള്ള ഈ ചര്‍ച്ചയുടെ ഓരം പറ്റി ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. യുക്തിവാദത്തിന്റെ പേരിലാണ് ഈ ചര്‍ച്ച നടക്കുന്നത് എന്നതുതന്നെയാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്‍.എസ്.എസ്സിന്റെയും ആര്‍.എസ്.എസ്സിന്റെയും യോഗക്ഷേമ സഭയുടെയും വേദികളില്‍ ഈ വാദം മുഴങ്ങിക്കേള്‍ക്കുന്നത് ഒരു അത്ഭുതമല്ല. യുക്തിവാദ സദസ്സുകളില്‍ ഈ വാദമുയരുന്നുവെന്നതു തന്നെ എല്ലാ സദസ്സുകളെയും നിയന്ത്രിക്കാന്‍ പാകത്തില്‍ മനുവാദികള്‍ മുന്നേറുന്നുവെന്നതിന്റെ തെളിവാണ്. സവര്‍ക്കറും സഹോദരന്‍ അയ്യപ്പനും തമ്മില്‍ ഒരു താരതമ്യം തന്നെ ഒരുകാലത്ത് കേരളത്തിലെ പുരോഗമന മനസ്സിനു സങ്കല്‍പിക്കാന്‍ പറ്റാത്തതായിരുന്നു. ഇപ്പോഴാവട്ടെ അവര്‍ താരതമ്യം ചെയ്യപ്പെട്ടുവെന്നു മാത്രമല്ല സവര്‍ക്കര്‍ വാനോളം ഉയര്‍ത്തപ്പെടുകയും സഹോദരന്‍ അയ്യപ്പന്‍ പാതാളത്തോളം താഴ്ത്തപ്പെടുകയും ചെയ്തിരിക്കുന്നു.
സവര്‍ക്കറും സഹോദരന്‍ അയ്യപ്പനും താരതമ്യം ചെയ്യപ്പെട്ട രീതിക്കും ചില പ്രത്യേകതകളുണ്ട്. ജാതിയെക്കുറിച്ചുള്ള സഹോദരന്‍ അയ്യപ്പന്റെ സമീപനം അപലപിക്കപ്പെട്ടത്, ജാതികളായി വേര്‍തിരിഞ്ഞുനിന്ന ഒരു സമൂഹത്തില്‍ ജീവിതത്തിന്റെ പുറംപോക്കുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട ജാതികളില്‍ പിറന്നവരെ മറ്റുള്ളവരോടൊപ്പം എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ്. എന്നാല്‍ ഏറെ പുകഴ്ത്തപ്പെട്ട സവര്‍ക്കറുടെ ജാതിസമീപനം ഏതു തരത്തിലുള്ളതായിരുന്നുവെന്ന അന്വേഷണം കാര്യങ്ങളെ വിലയിരുത്തുന്നതില്‍ നമ്മുടെ യുക്തിവാദികള്‍ സ്വീകരിക്കുന്ന മാനദണ്ഡത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കും.
സവര്‍ക്കറുടെ 'ജാതിവിരോധ'ത്തെ അദ്ദേഹത്തിന്റെ മറ്റുള്ള നിലപാടുകളില്‍നിന്ന് വേര്‍പ്പെടുത്താനാവില്ല. 1947-ല്‍ സിറില്‍ റാഡ്ക്ലിഫാണ് ഭൂപടങ്ങളുടെ സഹായത്തോടെ ഇന്ത്യയുടെ വിഭജനരേഖ വരച്ചതെങ്കിലും ജെയിംസ് മില്ലും ജോണ്‍ ഗില്‍ക്രൈസ്റ്റും മാക്‌സ് മുള്ളറും ആനി ബസന്റും ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു അത്. ഇന്ത്യയില്‍ പഴമയുടെ പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വൈദേശിക സഹായം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സഹായങ്ങളോടെ തഴച്ചുവളര്‍ന്ന ആശയങ്ങള്‍ തന്നെയാണ് വിഘടനവാദികള്‍ ആയുധമാക്കിയത്.
ഇന്നലെയും ഇന്നും തമ്മിലുള്ള ഇന്ത്യയിലെ സംഘര്‍ഷങ്ങളുടെ ചരിത്രം തുടങ്ങുന്നത് ഏറക്കുറെ ബ്രിട്ടീഷ് ഭരണത്തോടു കൂടിയാണെന്നു പറയാം. ബംഗാളിലെ നവാബായിരുന്ന സിറാജുദ്ദൗലയെ 1757-ല്‍ റോബര്‍ട്ട് ക്ലൈവ് തോല്‍പിച്ചതോടു കൂടിയാണ് ഇന്ത്യയുടെ മണ്ണില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യം ആരംഭിക്കുന്നത്. അങ്ങനെ ബംഗാള്‍ ബ്രിട്ടീഷുകാരുടെ തട്ടകമായി മാറി. 1799-ല്‍ ദക്ഷിണേന്ത്യയില്‍ ടിപ്പു സുല്‍ത്താനെ തോല്‍പിച്ചതിന്റെ ഒന്നാം വാര്‍ഷികം തൊട്ടടുത്ത വര്‍ഷം ഈസ്റ്റ് ഇന്ത്യാ കമ്പനി ആഘോഷിച്ചത് ഈ നാടിന്റെ രാഷ്ട്രീയത്തില്‍ മാത്രമല്ല, സംസ്‌കാരത്തില്‍ കൂടി ഇടപെടാനുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടാണ്. ഫോര്‍ട്ട് വില്യം കോളേജ് സ്ഥാപിക്കപ്പെടുന്നത് അതിന്റെ ഭാഗമായാണ്. ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ലക്ഷ്യത്തോടെ ഫോര്‍ട്ട് വില്യം കോളേജില്‍ നടപ്പിലാക്കപ്പെട്ട പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാഷ്ട്ര വിഭജനത്തിന്റെ രൂപരേഖയെന്നു തന്നെ പറയാവുന്ന ഭാഷാ വിഭജനം. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ നടന്ന ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനമാണോ പുനരുത്ഥാനമാണോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത വിധത്തില്‍ സന്ദിഗ്ധമാവുന്നത് അവ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ മിശ്രസ്വഭാവം കൊണ്ട് മാത്രമല്ല, വൈദേശിക ശക്തികളുടെ ഇടപെടല്‍ കൊണ്ടു കൂടിയാണ്.
മാക്‌സ് മുള്ളറുടെ പൗരസ്ത്യാഭിമുഖ്യവും തിയോസഫിക്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ആനി ബസന്റ് നടത്തിയ പ്രവര്‍ത്തനങ്ങളുമൊക്കെ ഇന്ത്യയില്‍ മതതീവ്രവാദത്തെ ശക്തിപ്പെടുത്തുന്നതില്‍ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ജോണ്‍ ഗില്‍ക്രൈസ്റ്റിന്റെ ഭാഷാ വിഭജനത്തേക്കാള്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കിയിട്ടുണ്ട് ജെയിംസ് മില്ലിന്റെ ചരിത്ര വിഭജനം. രാഷ്ട്രത്തെ രണ്ടായി മുറിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചത് അതാണ്. ജെയിംസ് മില്‍ നടപ്പിലാക്കിയ ചരിത്ര വിഭജനപദ്ധതി വ്യാപകമായ തലത്തില്‍ ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യാ ചരിത്രത്തെ തന്നെ അത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. ഇന്ത്യക്കാരെ ഭിന്നിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണം പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് അതിനു പിന്നിലുണ്ടായിരുന്നത്. ഇന്ത്യക്കാര്‍ക്കിടയിലെ മറ്റുള്ള വൈവിധ്യങ്ങളെല്ലാം തമസ്‌കരിച്ചുകൊണ്ട് രണ്ട് മതങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കുകയെന്ന ജെയിംസ് മില്‍ ദൗത്യത്തിന്റെ അനുബന്ധം തന്നെയാണ് സവര്‍ക്കറുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'ജാതിവിരോധം.' ഇന്ത്യയെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചതും ഇന്നും വര്‍ഗീയകലാപങ്ങളുടെ പേരില്‍ രക്തപ്പുഴകളൊഴുക്കുന്നതും ഈ 'ജാതിവിരോധം' തന്നെയാണ്.
ഇതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത മന്ദബുദ്ധികളല്ല യുക്തിവാദികളെന്നിരിക്കെ ജാതിയെക്കുറിച്ചുള്ള സവര്‍ക്കറുടെ നിലപാട് പുകഴ്ത്തപ്പെടുകയും സഹോദരന്‍ അയ്യപ്പന്റെ നിലപാട് ഇകഴ്ത്തപ്പെടുകയും ചെയ്യുന്നത് മനുവാദികളുടെ നുഴഞ്ഞുകയറ്റത്തിന് നമ്മുടെ യുക്തിവാദി പ്രസ്ഥാനങ്ങളും വിധേയമാണെന്നതിന്റെ സൂചനയാണ്.
Comments