ഗൃഹാതുര സ്മരണകള്‍ ബാക്കിവെച്ച് 'ദഅ്‌വത്ത്' വിടവാങ്ങി
2019 ആഗസ്റ്റ് നാലിലെ ദഅ്‌വത്ത് ത്രൈദിന പത്രത്തിന്റെ കോപ്പിയാണ് ഇതെഴുതുമ്പോള്‍ മുന്നില്‍. 1953-ല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഔദ്യോഗിക ജിഹ്വയായി ആരംഭിച്ച ഈ ഉര്‍ദു ആനുകാലികം ആഗസ്റ്റ് ഏഴിന്റെ ലക്കത്തോടെ രംഗം വിടുമെന്ന അതിലെ അറിയിപ്പാണ് ഈ കുറിപ്പിന്റെ ഹേതു. 66 സംവത്സരങ്ങളായി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ജിഹ്വയെന്ന നിലയില്‍ മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നേരായ വഴിയില്‍ സമുദായത്തെ നയിക്കാനുതകുന്ന ചിന്തകളും നിര്‍ദേശങ്ങളും സമയാ സമയങ്ങളില്‍ അവതരിപ്പിക്കുക കൂടി ചെയ്ത ഒരു പ്രസിദ്ധീകരണത്തിന്റെ വിടവാങ്ങല്‍ തീര്‍ച്ചയായും നഷ്ടമാണ്; അത്തരമൊരു പ്രസിദ്ധീകരണം വേറെയില്ലാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. ജേര്‍ണലിസ്റ്റും എഡിറ്ററും സാമൂഹിക പ്രശ്‌നങ്ങളില്‍ അവധാനപൂര്‍വമായ ഇടപെടലുകള്‍ക്ക് മഹനീയ മാതൃകയും മുസ്‌ലിം മജ്‌ലിസെ മുശാവറ എന്ന പൊതുവേദിയുടെ അണിയറ ശില്‍പിയുമെന്ന നിലയില്‍ അവിസ്മരണീയനായ മുഹമ്മദ് മുസ്‌ലിം സാഹിബ് (1920-1986) ആയിരുന്നു പതിറ്റാണ്ടുകളോളം ദഅ്‌വത്തിന്റെ സാരഥി. വിമര്‍ശനത്തില്‍ പരമാവധി സംയമനവും വിശാല വീക്ഷണവും പ്രകടമാക്കിയ മറ്റൊരു എഡിറ്ററെ ഉര്‍ദു പത്രലോകത്ത് കാണാന്‍ പ്രയാസം. മൂന്നു നാളുകളിലൊരിക്കല്‍ പുറത്തിറങ്ങുന്ന-സഹ്‌റോസ-പത്രം അതിനാല്‍തന്നെ അനുപമമായിരുന്നെന്നു പറയണം. രണ്ടു നാളിലെ പ്രധാന വാര്‍ത്തകളുടെ സംക്ഷേപവും ആനുകാലിക വിഷയങ്ങളെക്കുറിച്ച കുറിപ്പുകളും മുസ്‌ലിം ലോക വിശേഷങ്ങളും മതപരമായ ലേഖനങ്ങളുമെല്ലാമായിരുന്നു ദഅ്‌വത്തിന്റെ ഉള്ളടക്കം. പാകിസ്താനിലെ രാഷ്ട്രീയ ചലനങ്ങള്‍ ഇന്ത്യന്‍ വായനക്കാരിലെത്തിക്കുക എന്ന സേവനവും അത് നിറവേറ്റി. സര്‍വോപരി എടുത്തുപറയേണ്ടതാണ് മുസ്‌ലിം സാഹിബിന്റെ 'ഖബര്‍ വ നസര്‍' (വാര്‍ത്തയും വീക്ഷണവും) എന്ന സ്ഥിരം പംക്തി. ശ്രദ്ധേയമായ ചലനങ്ങളെയോ വാര്‍ത്തകളെയോ ആസ്പദമാക്കി ലളിതസുന്ദരമായ ശൈലിയില്‍ അദ്ദേഹം എഴുതുന്ന കുറിപ്പുകള്‍ ഒന്നാം പേജിലെ ബോക്‌സില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ ഞാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സാമൂഹിക ക്ഷേമ മന്ത്രാലയം പുറത്തിറക്കുന്ന ഇംഗ്ലീഷ് മാഗസിനിലെ ഒരു കട്ടിംഗ് എടുത്ത് മുസ്‌ലിം സാഹിബിന് അയച്ചുകൊടുത്തു. ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നതായിരുന്നു കുറിപ്പ്. അദ്ദേഹമതിനെ അടിസ്ഥാനമാക്കി എഴുതിയ കുറിപ്പ് ഖബര്‍ വ നസറില്‍ വന്നത് ഞാനിപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്നു. 1964-ല്‍ പഠനം പൂര്‍ത്തിയാക്കി പ്രബോധനത്തില്‍ സഹപത്രാധിപരായി ചാര്‍ജെടുക്കുന്നതിനു മുമ്പുതന്നെ ഞാന്‍ ദഅ്‌വത്തിന്റെ വായനക്കാരനായിരുന്നു. യോഗ്യരായ അധ്യാപകരുടെ അഭാവത്തില്‍ ക്ലാസ് മുറികളില്‍ വ്യവസ്ഥാപിത ഉര്‍ദു അധ്യാപനം കൃത്യമായി നടന്നിരുന്നില്ലെങ്കിലും ദഅ്‌വത്തിന്റെ സ്ഥിരമായ വായനയാണ് ഉര്‍ദു പത്രഭാഷ എനിക്ക് പരിചിതമാക്കിയത് (ഇപ്പോഴും ആരോഗ്യവാനായി കഴിയുന്ന എന്റെ നാട്ടുകാരന്‍ കൂടിയായ കെ.ടി.സി വീരാന്‍ സാഹിബ് മുതല്‍ കര്‍ണാടകക്കാരന്‍ അഹ്മദ് നൂരി, തിരൂരിലെ അബ്ദുര്‍ റഫീദ് സാഹിബ്, എന്‍.എം ശരീഫ് മൗലവി, ബഹുഭാഷാ പണ്ഡിതന്‍ എം.എന്‍ സത്യാര്‍ഥി വരെയുള്ളവര്‍ പലപ്പോഴായി ഉര്‍ദു അധ്യാപകരായിരുന്നിട്ടുണ്ട്).
എട്ടു വര്‍ഷത്തിലധികം നീണ്ട പ്രബോധനം ജീവിതത്തില്‍ ഏറെ അവലംബമായിരുന്നത് ദഅ്‌വത്താണ്. മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി, മുഹമ്മദ് യൂസുഫ് സാഹിബ്, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി മുതലായ പ്രസ്ഥാന നേതാക്കളുടെയും പണ്ഡിതന്മാരുടെയും പ്രസംഗങ്ങളും മുഖാമുഖങ്ങളും ദഅ്‌വത്തിലാണ് പ്രസിദ്ധീകരിക്കപ്പെടുക. അതൊക്കെ മൊഴിമാറ്റം നടത്തി പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കണമായിരുന്നു. ഉത്തരേന്ത്യയെ നിരന്തരം കലുഷമാക്കിക്കൊണ്ടിരുന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച വസ്തുനിഷ്ഠവും എന്നാല്‍ പക്ഷപാതരഹിതവുമായ വാര്‍ത്തകള്‍ക്ക് മുഖ്യാവലംബവും ദഅ്‌വത്ത് തന്നെയായിരുന്നു. പക്ഷേ ഒരിക്കല്‍പോലും മതസ്പര്‍ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന ആരോപണമോ കേസോ ദഅ്‌വത്തിന്റെ പേരില്‍ ചുമത്തപ്പെട്ടില്ല എന്നതാണ് മുസ്‌ലിം സാഹിബിന്റെ പത്രാധിപത്യത്തിനുള്ള പൊന്‍തൂവല്‍. പില്‍ക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്ന ഐ.കെ ഗുജ്‌റാളിനെപ്പോലുള്ള പ്രതിഭകളെ തന്റെ സുഹൃദ്‌വലയത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചതും ക്രിയേറ്റീവ് ജേര്‍ണലിസത്തിന്റെ വേറിട്ട മാതൃകയായിരുന്നു. മലയാള പത്രപ്രവര്‍ത്തന മേഖലയില്‍ ആ പാത ഒട്ടൊക്കെ പിന്തുടരാന്‍ സാധിച്ചത് പ്രബോധനത്തിന്റെ എഡിറ്ററായിരുന്ന ടി.കെ അബ്ദുല്ല സാഹിബിന് തന്നെ. ദഅ്‌വത്തുമായുള്ള ആത്മബന്ധവും ടി.കെയുടെ ശിക്ഷണവും ഒരു ഘട്ടത്തില്‍ ഉര്‍ദുവില്‍ ലേഖനമെഴുതാനുള്ള ആത്മധൈര്യം എനിക്ക് നല്‍കിയത് ഓര്‍ക്കാതെ വയ്യ. കേരളത്തില്‍ മുസ്‌ലിം ലീഗ്-എം.ഇ.എസ് വഴക്ക് ദേശീയതലത്തില്‍ വാര്‍ത്തയായപ്പോള്‍ അതേപറ്റിയുള്ള വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ദഅ്‌വത്ത് എന്നോടാവശ്യപ്പെട്ടു. ഞാനത് ഉര്‍ദുവില്‍ തയാറാക്കി അയച്ചുകൊടുത്തു. ദഅ്‌വത്ത് അത് ഒന്നാം പേജില്‍ അപ്പടി പ്രസിദ്ധീകരിച്ചത് എന്നെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ച്, ഉര്‍ദു മാതൃഭാഷയല്ലാത്തവരെ സ്ഥിരമായി അലട്ടുന്ന പ്രശ്‌നമാണ് വ്യാകരണത്തിലെ സ്ത്രീലിംഗ-പുല്ലിംഗ വ്യത്യാസം. കണിശമായ നിയമങ്ങളുടെ അഭാവത്തില്‍ 'നാട്ടുനടപ്പാ'ണ് പദങ്ങളുടെ ലിംഗഭേദം നിര്‍ണയിക്കുന്നതിന് അവലംബം. എന്റെ വാചകങ്ങളില്‍ പല വാക്കുകളും ആണ് പെണ്ണായും നേരെ തിരിച്ചും പ്രയോഗിച്ചിരിക്കും എന്നായിരുന്നു ആശങ്ക. വിദ്യാര്‍ഥിജീവിത കാലത്തെ ഒരു കുസൃതി ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. ഉര്‍ദു ഭാഷാ പണ്ഡിതനൊന്നുമല്ലെങ്കിലും ആ ഭാഷയില്‍ സാമാന്യ പരിജ്ഞാനമുണ്ടായിരുന്ന ഒരു മാന്യദേഹം അല്‍പകാലം ഞങ്ങളുടെ അധ്യാപകനായിരുന്നു. അദ്ദേഹം ഉര്‍ദുവില്‍ പ്രബന്ധമെഴുതാന്‍ ഞങ്ങളോടാവശ്യപ്പെടും. എന്തെഴുതിക്കൊടുത്താലും അതിലെ പുല്ലിംഗമൊക്കെ സ്ത്രീലിംഗമായും മറിച്ചും തിരുത്തിയാണ് അദ്ദേഹം നോട്ട് ബുക്ക് തിരിച്ചുതരിക. എനിക്ക് അദ്ദേഹത്തിന്റെ കറക്ഷനില്‍ സംശയമായി. ഒരിക്കല്‍ ദഅ്‌വത്തിന്റെ മുഖപ്രസംഗം അപ്പാടെ പകര്‍ത്തിയെഴുതി കൊടുത്തു ഞാന്‍. തിരുത്തിയാണദ്ദേഹം അതും തിരിച്ചുതന്നത്!
1974-ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ദഅ്‌വത്ത് ദിനപത്രമാക്കുകയെന്ന സാഹസത്തിനും മുതിരുകയുണ്ടായി മുഹമ്മദ് മുസ്‌ലിം സാഹിബ്. മതിയായ മുന്നൊരുക്കമില്ലാതെ നടത്തിയ ആ പരീക്ഷണം താമസിയാതെ അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടൊരിക്കല്‍ ദഅ്‌വത്തിന്റെ വീക്ക്‌ലി എഡിഷന്‍ പുറത്തിറക്കിയെങ്കിലും മികച്ച നിലവാരം പുലര്‍ത്തിയ അതും നിര്‍ത്തിക്കളയേണ്ടിവന്നു. 1979-ല്‍ മുഹമ്മദ് മുസ്‌ലിം സാഹിബ് ദോഹ സന്ദര്‍ശിച്ചപ്പോള്‍ ഒയാസിസ് ഹോട്ടലില്‍ ഞാനും വി.കെ അലി സാഹിബും അദ്ദേഹത്തെ ചെന്നു കണ്ടു; സംസാരമധ്യേ അദ്ദേഹം പറഞ്ഞു: ''ദഅ്‌വത്ത് ഒരു വിധം നഷ്ടമില്ലാതെ നടക്കുകയായിരുന്നു. അപ്പോഴാണ് 'ദോ ലാഷേ ഉസ്‌കെ ഊപ്പര്‍ ഡാല്‍തിയേ ഗയേ' (രണ്ട് മൃതദേഹങ്ങള്‍ അതിന്റെ മീതെ കൊണ്ടുവന്നിട്ടത്!).'' ഹിന്ദി വാരിക കാന്തിയും സിന്ദഗി മാസികയുമായിരുന്നു അവ! (മഹാ നഷ്ടങ്ങള്‍ വരുത്തിവെച്ചതുകൊണ്ടാണ് രണ്ടിനെയും അദ്ദേഹം മൃതദേഹങ്ങളായി വിശേഷിപ്പിച്ചത്). മുസ്‌ലിം സാഹിബിനു ശേഷം അദ്ദേഹത്തിന്റെ സഹ പത്രാധിപരായിരുന്ന പര്‍വേസ് റഹ്മാനി എഡിറ്ററായി ദഅ്‌വത്ത് ത്രൈദിനം കൃത്യമായി പുറത്തിറങ്ങി. പക്ഷേ യോഗ്യരായ ജേര്‍ണലിസ്റ്റുകളെ വളര്‍ത്തിയെടുക്കുന്നതിലുള്ള അലംഭാവവും കാലോചിതമായ പരിഷ്‌കാരത്തോടുള്ള വിമുഖതയും മാര്‍ക്കറ്റിംഗിലെ അനാസ്ഥയുമെല്ലാം ചേര്‍ന്ന് പത്രത്തെ സാമ്പത്തികമായി തളര്‍ത്തുകയായിരുന്നു. സംഘടനയുടെ മേല്‍ താങ്ങാനാവാത്ത ഭാരമാണ് അത് കെട്ടിയേല്‍പിച്ചത്. പലപ്പോഴും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അച്ചടി മാധ്യമങ്ങള്‍ പൊതുവെ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ത്രൈദിനം ഇനി തുടരേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കേണ്ടിവരികയായിരുന്നു. എന്നാല്‍ വാരികയോ മറ്റോ ആയി രൂപാന്തരം പ്രാപിച്ച് ദഅ്‌വത്ത് പുനഃപ്രസിദ്ധീകരിക്കുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് ത്രൈദിന പതിപ്പ് നിര്‍ത്താനുള്ള അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. പാകിസ്താനിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഉര്‍ദു പത്ര-മാഗസിനുകളോട് നിലവാരത്തില്‍ കിടപിടിക്കുന്ന ഒരു ദഅ്‌വത്ത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സര്‍വശക്തന്‍ തൗഫീഖ് ചെയ്യട്ടെ.
Comments