മുഹര്‍റം ചരിത്രസ്മരണയും ഇന്ത്യന്‍ മുസ്‌ലിംകളും
ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ല എന്നതാകുന്നു. ചരിത്രം തനിയെ ഉണ്ടാവുകയല്ല. ചരിത്രം മുന്നോട്ടു ഗമിക്കുന്നത് നേരത്തേ എഴുതി വെച്ച തിരക്കഥയനുസരിച്ചുമല്ല. ഒരു സംഭവം ഉണ്ടായ ശേഷമാണ് അത് ചരിത്രമാകുന്നത്. ഇതാണ് സാമാന്യ തത്ത്വം. സംഭവമാണ് ആദ്യം ഉണ്ടാകുന്നത്. അതിനാല്‍ ചരിത്രത്തെ രൂപപ്പെടുത്തുന്ന സംഭവങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണ്. മനുഷ്യാധ്വാനവും ത്യാഗവുമാണ് ചരിത്രത്തെ നിര്‍മിക്കുന്നത്. അവയെ ദൈവവിധിക്കു വിട്ടുകൊടുത്ത് നിസ്സംഗ കാഴ്ചക്കാരായി മാറിനില്‍ക്കുന്നത് വലിയ തിന്മയാണ്. മനുഷ്യശ്രമങ്ങളും ദൈവവിധിയുമാണ് സംഭവങ്ങളായി രൂപപ്പെടുന്നത്. അവയെ പരസ്പരം വേര്‍പ്പെടുത്തി വായിക്കുന്ന പ്രവണത പ്രവാചക വിയോഗാനന്തരം മുസ്ലിം സമൂഹത്തില്‍ തലപൊക്കിയിരുന്നു. അതിനെതിരില്‍ ചിന്താപരവും കര്‍മപരവുമായ നടപടികള്‍ ആദ്യ നൂറ്റാണ്ടില്‍തന്നെ രൂപപ്പെടുകയും ചെയ്തിരുന്നു. ചരിത്രത്തിന്റെ പ്രയാണഗതിയെ നിയന്ത്രിച്ച സംഭവങ്ങള്‍ പില്‍ക്കാലക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ആവേശം ചെറുതൊന്നുമല്ല. ഈ ആവേശാഗ്നിയെ ആളിക്കത്തിച്ച ബഹുലമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം കുറിച്ച മാസമാണ് ഹിജ്റ വര്‍ഷാരംഭത്തിലെ പ്രഥമ മാസമായ മുഹര്‍റം. പ്രവാചക വിയോഗാനന്തരം ഇസ്ലാമിക സമൂഹത്തില്‍ രൂപപ്പെട്ടതും ഇന്നും നിലനില്‍ക്കുന്നതുമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി മുഹര്‍റമിന്റെ ചരിത്രത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കാനാവും.
ആദര്‍ശരാഹിത്യവും മതപരവും രാഷ്ട്രീയവുമായ ശൈഥില്യങ്ങളും ഇസ്ലാമിക ധാര്‍മികതയില്‍ നിന്നും ആത്മീയ മൂല്യങ്ങളില്‍നിന്നുമുള്ള വ്യതിചലനവും മുസ്‌ലിം ഉമ്മത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ സുപ്രധാനമായതാണ്. പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ വരെ ഏറിയോ കുറഞ്ഞതോ ആയ അളവില്‍ ഈ പ്രവണതകള്‍ കണ്ടെത്താനാകും. മുഹര്‍റമിന്റെ ചരിത്രം ഇത്തരം പ്രവണതകള്‍ക്കെതിരായ സമരത്തിന്റേതാണ്. ആ ചരിത്രമുഹൂര്‍ത്തങ്ങളെ വര്‍ത്തമാന പരിസരത്തേക്ക് പുനര്‍വ്യന്യസിക്കാന്‍ നിങ്ങള്‍ക്കാകുമോ എന്ന ചോദ്യമാണ് മുഹര്‍റം ഉന്നയിക്കുന്നത്. സാധിക്കും എന്ന് കര്‍മം കൊണ്ട് തെളിയിക്കാനാവാത്തേടത്തോളം ഈ ചോദ്യം ചക്രവാളത്തില്‍ മുഹര്‍റം മുഴക്കിക്കൊണ്ടിരിക്കും.
മൂസാ നബി(അ)യുടെ ധീരോദാത്തമായ ജീവിതവും സമരവും മുഹര്‍റം ചിന്തകളില്‍ വളരെ സുപ്രധാനമായതാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനം എന്ന മതത്തിന്റെ തന്നെ രാഷ്ട്രീയ ഭാവം അവതരിപ്പിക്കുന്നതാണ് മൂസാ നബിയുടെ ചരിതം. അദ്ദേഹത്തിന്റെ നിയോഗ സന്ദര്‍ഭവും ജീവിത സമരങ്ങളുടെ വികാസവും എത്ര വിശദമായിട്ടാണ് ഖുര്‍ആന്‍ വിവരിച്ചത്! ഖുര്‍ആനില്‍ ഇത്രയധികം വിശകലനവിധേയമായ മറ്റൊരു പ്രവാചകചരിതവും ഇല്ല എന്നുതന്നെ പറയാം. ഫറോവയുടെ മര്‍ദക ഭരണകൂടവും അതിന്റെ തകര്‍ച്ചയും അടിമകളാക്കപ്പെട്ട ഇസ്രാഈല്യരും അവരുടെ വിമോചനവും വിമോചനാനന്തര ഇസ്രാഈല്യരുടെ സാമൂഹിക അവസ്ഥകളും എല്ലാം വര്‍ത്തമാനകാലത്തോട് ചേര്‍ത്തു വായിക്കാനാകും. മുഹമ്മദ് നബി (സ)യുടെയും അനുയായികളുടെയും മദീനാ ഹിജ്‌റ, ഹിജ്‌റാനന്തരം മദീനയില്‍ നിലവില്‍വന്ന രാഷ്ട്രം, പ്രവാചക വിയോഗാനന്തരം ഖിലാഫത്തുര്‍റാശിദയുടെ ശേഷം ആ രാഷ്ട്രം പ്രവാചക മാര്‍ഗദര്‍ശനത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നു വന്ന പ്രതിരോധങ്ങള്‍ ഇവയെല്ലാം ഇസ്ലാമിന്റെ തനതുപ്രകൃതം എന്താണെന്നത് അടിവരയിടുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഒരുപാട് തുറവുകള്‍ പകര്‍ന്നുതരാനാകും ആ വായനക്ക്. മൂസാ (അ), മുഹമ്മദ് (സ), ഹുസൈന്‍ (റ) തുടങ്ങിയവരുടെ പുറപ്പാടുകളാണല്ലോ മുഹര്‍റമിന്റെ ചരിത്രാനുഭവങ്ങള്‍. മതമീമാംസയുടെയും മത ചരിത്രത്തിന്റെയും വികാസത്തിന്റെ തലം ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ശക്തിയോടെയും ശബ്ദത്തോടെയും ഉന്നയിക്കേണ്ടതുണ്ട്. ഈ ചരിത്ര സ്മരണകളും വിശകലനങ്ങളും ഇതിന് ഏറെ സഹായകവുമാണ്.
മൂസാ(അ)യുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി സമകാലീന സമൂഹത്തെ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന ചിന്ത വളരെ പ്രസക്തമാണ്. മൂസാ(അ)യുടെ നിയോഗലക്ഷ്യങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വം ഖുര്‍ആന്‍ ഉദ്ധരിച്ചത് ഇസ്‌റാഈല്‍ ജനതയുടെ വിമോചനമാണ്. ''മൂസായുടെയും ഫിര്‍ഔന്റെയും ചില വൃത്താന്തങ്ങള്‍ നാം നിന്നെ വസ്തുനിഷ്ഠമായി ഓതിക്കേള്‍പ്പിക്കാം. വിശ്വസിക്കുന്ന ജനത്തിനു വേണ്ടിയാണിത്. ഫിര്‍ഔന്‍ നാട്ടില്‍ അഹങ്കരിച്ചു നടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫിര്‍ഔനും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും'' (അല്‍ ഖസ്വസ്വ്: 3-8).
മൂസാ നബി(അ)യുടെയും ഇസ്രാഈലീ സമൂഹത്തിന്റെയും ചരിത്രത്തെ ആധാരമാക്കി വര്‍ത്തമാനകാല മുസ്ലിം സാമൂഹിക അവസ്ഥകളെ വിശകലനം ചെയ്യാനാകും. മുസ്ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന ബാഹ്യവും ആന്തരികവുമായ വെല്ലുവിളികള്‍ നേരിടാനാകുന്ന ചില സ്ട്രാറ്റജികള്‍ ആവിഷ്‌കരിക്കാനും അതുവഴി സാധിക്കും. വിശേഷിച്ചും ഇന്ത്യന്‍ മുസ്ലിം സാമൂഹികാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത് കൂടുതല്‍ പഠനവിധേയമാക്കേണ്ടതുമാണ്. മൂസായുടെ ജനം, ഫറോവയുടെ ജനം എന്ന രണ്ടു ചേരി അവിടെയുണ്ടായിരുന്നു. ഒന്ന് പ്രബലവും മറ്റൊന്ന് ദുര്‍ബലവുമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അധികാരമുള്ള ഖിബ്ത്വികള്‍, അടിച്ചമര്‍ത്തപ്പെട്ട അടിമകളായ ഇസ്രാഈല്യര്‍. തന്റെ കക്ഷിയില്‍പെട്ട ഒരാള്‍, ശത്രുവിഭാഗത്തില്‍പ്പെട്ട മറ്റൊരാള്‍. ഇത്തരം പ്രയോഗങ്ങള്‍ എന്താശയമായിരിക്കാം ഉള്‍ക്കൊള്ളുന്നത് എന്നതും അന്വേഷണവിധയമാക്കണം. ഇന്ത്യയിലും ഈ രീതിയില്‍ രണ്ടു ചേരികളിലേക്ക് മനുഷ്യര്‍ വേര്‍തിരിക്കപ്പെടുകയാണ്. മുമ്പത്തേക്കാള്‍ ആഴവും പരപ്പും ഈ ധ്രുവീകരണത്തിന് സംഭവിച്ചിട്ടുണ്ട്. വര്‍ഗീയമോ സാമുദായികമോ ആയ ധ്രുവീകരണം മാത്രമായി ഇതിനെ ന്യൂനീകരിക്കാന്‍ കഴിയില്ല. വര്‍ഗീയ ധ്രുവീകരണം എന്നതിനപ്പുറം മര്‍ദക ഏകാധിപത്യവും, സ്വാതന്ത്ര്യവും അധികാരാവകാശങ്ങളും നിഷേധിക്കപ്പെട്ട മര്‍ദിത ജനതയും എന്നതിലേക്ക് ഇന്ത്യന്‍ സാമൂഹികഘടന മാറിക്കൊിരിക്കുകയാണ്. ഏകശിലാ സംസ്‌കാരവും ഹിന്ദുത്വ വംശീയതയും ഹിംസാത്മക ദേശീയതയും ഒരു ഭാഗത്ത്. ഇതിന്റെ മറുഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടവര്‍ ദേശവിരുദ്ധര്‍ മാത്രമല്ല, ദേശമില്ലാത്തവര്‍ വരെയാകാന്‍ പോകുന്ന ഭീകരമായ അവസ്ഥയാണ് ഇന്നുള്ളത്.
മര്‍ദകരോടും മര്‍ദിതരോടും ഇസ്ലാമിന് ഒരു നിലപാടല്ല. രണ്ടിടത്തും ഒറ്റ ദൗത്യവും അല്ല. മര്‍ദകര്‍ക്കും മര്‍ദിതര്‍ക്കും ഇസ്ലാമില്‍ മോചനമുണ്ട്. പക്ഷേ രണ്ടിനും ഒരു വഴിയല്ല ഉള്ളത്. ഇസ്ലാമിന്റെ പൊതുവായ പ്രബോധന ഉളളടക്കം ഇരുകൂട്ടര്‍ക്കും ഒന്നാണെങ്കിലും, ശൈലിയും പ്രയോഗവും രണ്ട് വിധമാണ്. അതായത് മര്‍ദകനായ ഫറോവയോട് പറഞ്ഞതല്ല, മര്‍ദിതരായ ഇസ്രാഈല്‍ സമൂഹത്തോട് മൂസാ(അ) പറയുന്നത്.
മര്‍ദകരും മര്‍ദിതരും എന്ന രണ്ടു പക്ഷം നിലനില്‍ക്കുമ്പോള്‍ വിമോചകന്റെ ദൃഷ്ടി പ്രഥമമായും പതിയേണ്ടത് മര്‍ദിതരിലാവണം. അത് ദയയുടെയും അനുകമ്പയുടെയും നോട്ടമാകണം. ശകാരവും കുറ്റപ്പെടുത്തലും താങ്ങാനവര്‍ക്ക് കഴിയുകയില്ല. പ്രശ്‌ന പരിഹാരമാണ് അവര്‍ക്കാവശ്യം; പ്രശ്‌നങ്ങളല്ല. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കള്‍ വളരെ എളുപ്പമാണ്; അവ പരിഹരിക്കല്‍ വളരെ പ്രയാസമുള്ളതും. എന്നാല്‍ മര്‍ദകരോട് ഒരു വിട്ടുവീഴ്ചയും മൂസാ (അ) കാണിച്ചില്ല. അതേസമയം അവരോട് നയതന്ത്രപരമായ സംഭാഷണം നടത്തിയിട്ടുണ്ട്. ഖുര്‍ആന്‍ അത് ഉദ്ധരിക്കുന്നുമുണ്ട്: ''നീ ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു. എന്നിട്ട് അയാളോട് ചോദിക്കുക: നീ വിശുദ്ധി വരിക്കാന്‍ തയാറുണ്ടോ?ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?'' (അന്നാസിആത്: 17-19). ഇത് ഫറോവയിലുണ്ടാക്കിയ പ്രകോപനം ഊഹിക്കാം. മറ്റൊരു ഭാഗത്ത് ഖുര്‍ആന്‍ ഇത് വിവരിക്കുന്നത് കാണുക: ''നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭക്തിയുള്ളവനായെങ്കിലോ?' അവരിരുവരും പറഞ്ഞു: 'ഞങ്ങളുടെ നാഥാ! ഫിര്‍ഔന്‍ ഞങ്ങളോട് അവിവേകമോ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.' അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ പേടിക്കേണ്ട. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.' 'അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: 'തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക. സത്യത്തെ തള്ളിപ്പറയുകയും അതില്‍നിന്ന് പിന്തിരിഞ്ഞുപോവുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഉണ്ടാവുകയെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു'' (ത്വാഹാ: 43-48). മൂസായുടെ ദൗത്യത്തെ എതിര്‍വാദങ്ങളുന്നയിച്ച് പരാജയപ്പെടുത്താന്‍ ഫറോവ തുനിയുന്നതും ഖുര്‍ആന്‍ തുടര്‍ന്ന് അവതരിപ്പിക്കുന്നുണ്ട്:
''ഫിര്‍ഔന്‍ പറഞ്ഞു: കുട്ടിയായിരിക്കെ ഞങ്ങള്‍ നിന്നെ ഞങ്ങളോടൊപ്പം വളര്‍ത്തിയില്ലേ? നിന്റെ ആയുസ്സില്‍ കുറേകാലം ഞങ്ങളോടൊപ്പമാണല്ലോ നീ കഴിച്ചുകൂട്ടിയത്.'' (അശ്ശുഅറാഅ്: 10-18). ഇങ്ങനെ തുടരുന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഫറോവയോട് മൂസാ(അ) വെട്ടിത്തുറന്നു തന്നെ പറയുന്നു്: ''എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രാഈല്‍ മക്കളെ നീ അടിമകളാക്കിവെച്ചതിനാല്‍ സംഭവിച്ചതാണ്'' (അശ്ശുഅറാഅ്: 22). പൗരസമൂഹത്തിന്റെ സമസ്ത അവകാശങ്ങളും കവര്‍ന്നെടുത്ത് പാരതന്ത്ര്യത്തിന്റെ നുകം അവരുടെ ചുമലില്‍ ബന്ധിച്ചതിനു ശേഷം അവര്‍ക്ക് നല്‍കിയ ഔദാര്യത്തിന്റെ കണക്കു പറയുന്ന സകല ഏകാധിപതികളാടും ഇസ്ലാമിന് പറയാന്‍ ഇതില്‍പരം മറ്റൊന്നുമില്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കൂ. ഞങ്ങള്‍ ജീവിച്ചു കാണിച്ചുതരാം. കല്‍തുറുങ്കിലടച്ചിട്ടിട്ട്, 'നിങ്ങള്‍ എന്തിന് നിലവിളിക്കുന്നു? കഴിക്കാന്‍ ഭക്ഷണമുണ്ടല്ലോ?' എന്ന് ചോദിക്കുന്നത് എത്ര അപഹാസ്യമാണ്! അഭിനവ ഫറോവമാരായ ഭരണകൂടത്തോടും അതിന്റെ ഏജന്‍സികളോടും ഇങ്ങനെ പറയാനുള്ള നെഞ്ചുറപ്പ് മുസ്ലിം നേതൃത്വത്തിനുണ്ടോ?
ഫറോവയുടെ പതനത്തിനു മുമ്പ് മൂസാ (അ) ഇസ്രാഈല്യരുടെ വിമോചകന്‍ എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫറോവന്‍ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഫറോവക്ക് ഇത് മനസ്സിലായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടാതെ മതപരമായി അഭിമുഖീകരിക്കുകയായിരുന്നു ഫറോവ ചെയ്തത്. ഫിര്‍ഔന്‍ പറഞ്ഞു: ''അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു'' (അല്‍ ഖസ്വസ്വ്: 38). ഫിര്‍ഔന്‍ പറഞ്ഞു: ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുനോക്കട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു'' (അല്‍ ഗാഫിര്‍: 26).
ഇസ്രാഈല്യരില്‍ ചെറു ന്യൂനപക്ഷം മാത്രമായിരുന്നു മൂസാ(അ)യെ പിന്തുണച്ചതും വിശ്വസിച്ചതും. മഹാഭൂരിപക്ഷവും മൂസായോടൊപ്പം പരസ്യമായി രംഗത്തു വരാതിരുന്നത് ഭയം നിമിത്തമായിരുന്നു. മൂസായില്‍ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും ചെറുപ്പക്കാരല്ലാതെ ആരും വിശ്വസിച്ചില്ല. ഫറവോനും അവരുടെ പ്രമാണിമാരും തങ്ങളെ പീഡിപ്പിച്ചേക്കുമോയെന്ന പേടിയിലായിരുന്നു അവര്‍. ഫറവോന്‍ ഭൂമിയില്‍ ഔദ്ധത്യം നടിക്കുന്നവനായിരുന്നു; അതോടൊപ്പം പരിധി വിട്ടവനും. മൂസാ പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ മുസ്ലിംകളെങ്കില്‍! അപ്പോഴവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനത്തിന്റെ പീഡനങ്ങള്‍ക്കിരയാക്കരുതേ. നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ സത്യനിഷേധികളായ ഈ ജനതയില്‍നിന്ന് രക്ഷിക്കേണമേ'' (യൂനുസ്: 83-86). ഈ സന്ദര്‍ഭത്തില്‍ ഇസ്രാഈല്യര്‍ മുസ്ലിംകളായിരുന്നു എന്ന് മനസ്സിലാക്കാം. മൗലാനാ മൗദൂദി ഈ ഭാഗം വിശദീകരിക്കവെ എഴുതുന്നു: ''......ഈ സമയത്ത് ഇസ്രാഈല്യരെല്ലാം മുസ്ലിംകളായിരുന്നുവെന്ന് മൂസാ(അ)യുടെ ആ നിര്‍ദേശം വ്യക്തമാക്കുന്നു. എന്നിട്ടും മൂസാ (അ) അവരോട് പറഞ്ഞുകൊണ്ടിരുന്നു: നിങ്ങള്‍ വാദിക്കുന്നതുപോലെ യഥാര്‍ഥത്തില്‍ നിങ്ങള്‍ മുസ്ലിംകളാണെങ്കില്‍ ഫിര്‍ഔന്റെ ശക്തിയെ ഭയപ്പെടാതെ അല്ലാഹുവിന്റെ ശക്തിയില്‍ ഭരമേല്‍പിക്കുക'' (തഫ്ഹീമുല്‍ ഖുര്‍ആന്‍).
ദുര്‍ബലരും പതിതരുമായ ഇസ്രാ ഈല്യര്‍ക്ക് ഫറോവയെ കായികമായി നേരിടാനാവില്ലായിരുന്നു. ദൈവികമായ ശക്തിയും അത്ഭുതവും കൊണ്ട് മാത്രമേ അവരെ പരാജയപ്പെടുത്താനാവുകയുള്ളു. ദൈവിക നടപടിയില്‍ അങ്ങനെയും ഒരു വശമുണ്ട്. തന്റെ ജനതയിലെ നെല്ലും പതിരും വേര്‍തിരിക്കുക എന്നതായിരുന്നില്ല ഈ സന്ദര്‍ഭത്തില്‍ മൂസാ (അ)യുടെ ഊന്നല്‍. ഏതു വിധേനയും ഫറോവന്‍ ആധിപത്യത്തില്‍നിന്ന് ഇസ്രാഈല്യരെ മോചിപ്പിക്കുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും.
നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മര്‍ദിത ജനതയായ ഇസ്രാഈല്യരെ ഫറോവയില്‍നിന്ന് മൂസാ (അ) മോചിപ്പിച്ചു. ചെങ്കടലില്‍ അല്ലാഹു ഒരുക്കിയ രാജപാതയിലൂടെ സീനാ താഴ്‌വരയില്‍ എത്തിയവരില്‍ സാമിരിയും അയാളുടെ തെറ്റായ രീതികള്‍ പിന്തുടര്‍ന്നവരും ഉണ്ടായിരുന്നു. അക്രമിയും വിനാശകാരിയുമായ ഫറോവയെയും കൂട്ടാളി ഹാമാനെയും ഫറോവന്‍ മര്‍ദക വ്യവസ്ഥയുടെ സര്‍വ സന്നാഹങ്ങളെയും വിഴുങ്ങിയ ഭീകരമായ ചെങ്കടല്‍ തിരമാലകള്‍, സാമിരിക്കും സില്‍ബന്ധികള്‍ക്കും മൂസാ (അ)ക്കൊപ്പം രക്ഷപ്പെടാന്‍ എന്തിനാണ് അവസരം നല്‍കിയത്? അതല്ലേ സാമിരിയുടെ പ്രതിഷ്ഠക്ക് നിലമൊരുക്കിയത്?
ഫറോവയും ഹാമാനും അവരിരുവരുടെ സൈന്യവും ഖാറൂനും ഒരു ഭീകര യാഥാര്‍ഥ്യമായി എതിര്‍വശത്ത് ഇസ്രഈല്യരെ അടിച്ചമര്‍ത്തുന്ന വലിയ രാഷ്ട്രീയ ശക്തിയായി വളരുന്നു. ആ സമയത്ത് ആഭ്യന്തര അനൈക്യം മര്‍ദക വ്യവസ്ഥയെ മാത്രമേ സഹായിക്കൂ എന്നതിനാലാകാം സാമിരിയുടെ തിന്മകള്‍ സീനാ താഴ്‌വര വരെ അനുവദിക്കപ്പെടാന്‍ കാരണം. അതിനാല്‍ ഫാഷിസമെന്ന ഫസാദിനെതിരായ പോര്‍മുഖം മൂര്‍ച്ച കൂട്ടപ്പെടേണ്ട സമയത്ത്, ഒരു സീനാ താഴ്‌വര എത്തുംവരേക്ക് നമുക്ക് സാമിരിമാര്‍ക്ക് സാവകാശം കൊടുക്കാമെന്നാണ് ഇത് നല്‍കുന്ന പാഠം.
വിമോചിതരായ ഇസ്രാഈല്യര്‍ പിന്നീട് സീനായിലെത്തുകയാണ്. ഫലസ്ത്വീനിലെത്തും വരെയും അവര്‍ അവിടെയാണ് താമസിച്ചത്. അവിടെ അവരെത്തും മുന്നേ മൂസാ നബി അല്ലാഹുവിനെ കണ്ടുമുട്ടുന്ന രംഗം സൂറ ത്വാഹാ വിവരിക്കുന്നുണ്ട്: ''അല്ലാഹു ചോദിച്ചു: മൂസാ, നീ നിന്റെ ജനത്തെ വിട്ടേച്ച് ധൃതിപ്പെട്ട് ഇവിടെ വരാന്‍ കാരണം?
അദ്ദേഹം പറഞ്ഞു: 'അവരിതാ എന്റെ പിറകില്‍തന്നെയുണ്ട്. ഞാന്‍ നിന്റെ അടുത്ത് ധൃതിപ്പെട്ടു വന്നത് നാഥാ, നീയെന്നെ തൃപ്തിപ്പെടാന്‍ വേണ്ടി മാത്രമാണ്'' (ത്വാഹാ: 84). സാമിരി അവരെ വഴിപിഴപ്പിച്ചു. വിഗ്രഹാരാധനയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് അവരുടെ മേല്‍നോട്ടക്കാരനായിരുന്ന ഹാറൂനി(അ)നോട് മൂസാ(അ) ചോദിക്കുന്നതും അതിന് ഹാറൂന്‍ (അ) നല്‍കുന്ന മറുപടിയും ശ്രദ്ധിക്കുക:
''മൂസാ ചോദിച്ചു: 'ഹാറൂനേ, ഇവര്‍ പിഴച്ചുപോകുന്നതു കണ്ടപ്പോള്‍ എന്നെ പിന്തുടരുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്? നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ?' (ഹാറൂന്‍) പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചുവലിക്കല്ലേ? 'നീ ഇസ്രാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി; എന്റെ വാക്കിനു കാത്തിരുന്നില്ല' എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു'' (ത്വാഹാ: 92-94).
തുടര്‍ന്ന് സാമിരിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മൂസാ(അ)യായിരുന്നു: ''മൂസാ ചോദിച്ചു: 'സാമിരി, നിന്റെ നിലപാടെന്താണ്?' സാമിരി പറഞ്ഞു: 'ഇവര്‍ കാണാത്ത ചിലത് ഞാന്‍ കണ്ടു. അങ്ങനെ ദൈവദൂതന്റെ കാല്‍പ്പാടില്‍നിന്ന് ഞാനൊരു പിടി മണ്ണെടുത്തു. എന്നിട്ട് ഞാനത് താഴെയിട്ടു. അങ്ങനെ ചെയ്യാനാണ് എന്റെ മനസ്സെന്നോട് മന്ത്രിച്ചത്.' മൂസാ പറഞ്ഞു: എങ്കില്‍ നിനക്കു പോകാം. ഇനി ജീവിതകാലം മുഴുവന്‍ നീ 'എന്നെ തൊടരുതേ' എന്ന് വിലപിച്ചു കഴിയേണ്ടിവരും. ഉറപ്പായും നിനക്കൊരു നിശ്ചിത അവധിയുണ്ട്. അതൊരിക്കലും ലംഘിക്കപ്പെടുകയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്റെ ദൈവത്തെ നോക്കൂ. നിശ്ചയമായും നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യും. പിന്നെ നാമതിനെ ചാരമാക്കി കടലില്‍ വിതറും. നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. അവന്റെ അറിവ് സകലതിനെയും ഉള്‍ക്കൊള്ളുംവിധം വിശാലമാണ്'' (ത്വാഹാ: 95-98). സമുദായ സംസ്‌കരണത്തിനുള്ള മികച്ച രീതിശാസ്ത്രം ഈ ചരിത്രത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കാം.
നാഥനില്ലാത്ത ജനമാണ് രാജ്യത്തെ മുസ്‌ലിംകള്‍. അതിന്റെ മതപരവും രാഷ്ട്രീയവുമായ പ്രതിസന്ധി വേണ്ടുവോളം സമുദായം അനുഭവിക്കുന്നുണ്ട്. ഫാഷിസം സമുദായത്തെ നശിപ്പിക്കാന്‍ സര്‍വ സന്നാഹങ്ങളുമൊരുക്കുമ്പോള്‍ അകത്തുനിന്നും സമുദായത്തെ പുറത്താക്കുന്നതാകരുത് സമുദായ പരിഷ്‌കരണം.
പുതിയ കാലത്തെ വെല്ലുവിളികളെ ആശയവ്യക്തതയോടെയും രാഷ്ട്രീയ ഉള്ളടക്കത്തോടെയും അഭിമുഖീകരിക്കാനുള്ള പ്രകാശം പ്രസരിപ്പിക്കുന്നു് മുഹര്‍റം ഓര്‍മകള്‍.
Comments