ജുമുഅ ഖുത്വ്ബയുടെ സംസ്‌കരണ-സാമൂഹിക ദൗത്യങ്ങള്‍
ജുമുഅ ഖുത്വ്ബയുടെ മാതൃക നബി (സ) നടത്തിയ ഖുത്വ്ബകള്‍ തന്നെയാണ്. അവിടുന്ന് ഖുത്വ്ബയിലൂടെ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം സാമൂഹിക പ്രശ്‌നങ്ങള്‍ വിശദീകരിക്കാനും രാഷ്ട്രാന്തരീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും യുദ്ധത്തിന്റെയും സമാധാനത്തിന്റെയും നിയമങ്ങളും തത്ത്വങ്ങളും പഠിപ്പിച്ചുകൊടുക്കാനുമൊക്കെ അതിനെ ഉപയോഗപ്പെടുത്തിയിരുന്നു. തന്റെ അനുയായികളുടെ മനഃസംസ്‌കരണത്തിന് തിരുമേനി തെരഞ്ഞെടുത്ത പ്രധാന വേദികളിലൊന്ന് പള്ളി മിമ്പറായിരുന്നു. അവിടെനിന്ന് ലഭിച്ച ശിക്ഷണങ്ങള്‍ ശിരസ്സാ വഹിച്ച് വിശ്വാസിസമൂഹം വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും മഹത്തായ മാതൃക ലോകത്തിന് കാഴ്ചവെച്ചു. മുസ്ലിംകളില്‍ ഈ സംസ്‌കരണ പ്രക്രിയ നിലക്കാതെ ലോകാവസാനം വരെ നിലനിര്‍ത്താനുള്ള ഉപാധിയാണ് വെള്ളിയാഴ്ച തോറും നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കേ ജുമുഅ പ്രസംഗം.
അതിമഹത്തായ, അത്യന്തം ഫലപ്രദമായ മാര്‍ഗദര്‍ശനമാണ് ജുമുഅ ഖുത്വ്ബയിലൂടെ നല്‍കിക്കൊിരിക്കുന്നത്. ആഴ്ചതോറും വ്യവസ്ഥാപിതമായി നല്‍കപ്പെടുന്ന ഉപദേശങ്ങള്‍ ജനങ്ങള്‍ക്ക് ദിശാബോധം ഉണ്ടാക്കാനും അവരെ സംസ്‌കരിക്കാനും ഉതകണം. ഖുത്വ്ബയുടെ അതിപ്രധാന ലക്ഷ്യം ജനഹൃദയങ്ങളില്‍ വിശ്വാസവും ദൈവഭയവും രൂഢമൂലമാക്കുകയും ദൈവസ്മരണ നിലനിര്‍ത്തുകയും സംസ്‌കരണം സാധിക്കുകയുമാണ്. സമൂഹത്തെ മാര്‍ഗഭ്രംശത്തില്‍നിന്ന് രക്ഷിക്കാനും ചിന്താശൈഥില്യങ്ങളില്‍നിന്ന് മോചിപ്പിക്കാനും അരക്ഷിത ബോധവും ഭീതിയും അന്യതാബോധവും അകറ്റാനും ആഴ്ചതോറുമുള്ള ഉപദേശനിര്‍ദേശങ്ങള്‍ സഹായകമാണ്. വ്യവസ്ഥാപിത സംഗമവും നിരന്തര ആശയവിനിമയവും, വിശ്വാസികള്‍ക്കിടയില്‍ പരസ്പര ബന്ധവും സ്‌നേഹവും ചിന്താപരമായ ഐക്യവും നിലനിര്‍ത്താന്‍ സഹായകമാവും. വൈജ്ഞാനികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ വിജ്ഞാനവും വിശ്വാസവും ശ്രോതാക്കളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നു ഖുത്വ്ബയിലൂടെ. അതത് സാഹചര്യങ്ങളിലെ പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും അവര്‍ ശാസ്ത്രീയമായി അവലോകനം ചെയ്യുന്നു. വിശ്വാസി സമൂഹത്തിന് മനസ്സമാധാനം നല്‍കുന്നതോടൊപ്പം അവരില്‍ വൈജ്ഞാനിക വളര്‍ച്ചയും ഉന്നത മാനവിക ചിന്തയും സന്മാര്‍ഗബോധവും വളര്‍ന്നുവരാനും ഖുത്വ്ബ നിമിത്തമാകുന്നു.
സങ്കീര്‍ണ പ്രശ്‌നങ്ങളില്‍പെട്ട് വ്യക്തമായ കാഴ്ചപ്പാടില്ലാതെ സമൂഹം ദിശാബോധം നഷ്ടപ്പെട്ട് അലയുമ്പോള്‍ വഴികാട്ടിയായി ഖത്വീബ് അവര്‍ക്കു മുമ്പില്‍ ഉണ്ടാകും. ഇതാണ് ഖുത്വ്ബയുടെ അതിപ്രധാന നേട്ടം. മനുഷ്യമനസ്സ് ചിന്താപരമായി അപഥസഞ്ചാരം നടത്തുമ്പോള്‍ അതിനെ സല്‍ പന്ഥാവിലേക്ക് തിരിച്ചുവിടാന്‍ അനിവാര്യമായ തത്ത്വോപദേശം നല്‍കാനും നേര്‍വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനും പ്രാപ്തനായ മാര്‍ഗദര്‍ശി അനിവാര്യമാണ്. സമൂഹത്തിന്റെ സംസ്‌കരണത്തിന്, പെരുമാറ്റമര്യാദകള്‍ പഠിപ്പിക്കുന്നതിന്, ഭക്തിയും ദൈവബോധവും കത്തെുന്നതിന്, ചിന്താപരമായ അനാരോഗ്യം നിര്‍ണയിക്കുന്നതിന്, ഫലപ്രദമായ ചികിത്സ നിശ്ചയിക്കുന്നതിന് ഒരു ഗുരു ഉാവണം. ജനങ്ങളെ കൈപിടിച്ച് സമാധാനപൂര്‍ണമായ, വിശ്വാസവും നിര്‍ഭയത്വവും നിറഞ്ഞ, സ്‌നേഹവും കാരുണ്യവും മുറ്റിനില്‍ക്കുന്ന, ഗുണകാംക്ഷയും ആത്മാര്‍ഥതയുമുള്ള ഒരു ലോകത്തിലേക്ക് വഴി നടത്താനും, അതിലൂടെ സമൂഹത്തിന് നിത്യ പുരോഗതി ഉറപ്പുവരുത്താനും ജുമുഅ ഖുത്വ്ബ നല്ലൊരു ഉപാധിയാണ്.
എന്നാല്‍ ഇക്കാര്യം മുസ്‌ലിം സമുദായം എന്നോ വിസ്മരിച്ചിരിക്കുന്നു. ജുമുഅ പ്രസംഗം അവരുടെ മനസ്സില്‍ ഒരു ആചാരമാണ്. അതിന് സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനമുണ്ടാവണമെന്ന ബോധം അവര്‍ക്കില്ല. ആചാരം നിര്‍വഹിക്കുന്നതില്‍ വീഴ്ച സംഭവിക്കാന്‍ പാടില്ല എന്നു മാത്രം അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്നു. വെള്ളിയാഴ്ച തോറും മിമ്പറില്‍നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരോ എഴുതിവെച്ച ഏടുകള്‍ ശ്രവണമധുരമായി പാരായണം ചെയ്യുകയാണ് ഖുത്വ്ബ എന്ന ധാരണയിലാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷവുമുള്ളത്.
നവോത്ഥാന പ്രവര്‍ത്തകര്‍ ദീര്‍ഘകാലം മലയാളക്കരയില്‍ വാദപ്രതിവാദങ്ങള്‍ നടത്തിയ വിഷയങ്ങളില്‍ ഒന്നായിരുന്നു മാതൃഭാഷയിലുള്ള ഖുത്വ്ബ. നിലവിലുള്ള പള്ളികളില്‍ ഇതനുവദിക്കപ്പെടാതിരുന്നപ്പോള്‍ പുതിയ പള്ളികള്‍ പണിതാണ് പ്രശ്‌നം പരിഹരിച്ചത്. ഭൂരിപക്ഷം വരുന്ന പരമ്പരാഗത സമൂഹം മാറ്റം അംഗീകരിക്കാന്‍ സന്നദ്ധരായില്ല എന്നാണല്ലോ ഇതിന്റെ അര്‍ഥം. ദുഃഖകരമെന്നു പറയട്ടെ, ഖുത്വ്ബ മേല്‍വിവരിച്ച വിധം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ക്കും സാധിക്കുകയുണ്ടായില്ല. ആഴ്ചതോറും ലഭിക്കുന്ന സുവര്‍ണാവസരം മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണത്തിനും ഉന്നമനത്തിനും വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നതില്‍ അവരും പരാജയപ്പെട്ടു. അതിനാല്‍ ഭാഷ മാറിയിട്ടും ഖുത്വ്ബയുടെ അടിസ്ഥാനോദ്ദേശ്യങ്ങള്‍ അപ്രാപ്യമായി തുടരുന്നു.
കേരളത്തിലെ മലയാള ഖുത്വ്ബയുടെ പ്രായം സാധാരണ മനസ്സിലാക്കിവരുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ്. ഇസ്‌ലാഹീ പ്രസ്ഥാനം ജുമുഅ ഖുത്വ്ബ ഒരു ചര്‍ച്ചാവിഷയമാക്കുന്നതിന് എത്രയോ മുമ്പ് ഖുത്വ്ബയുടെ അടിസ്ഥാന ഭാഗങ്ങള്‍ അറബിയില്‍ പറഞ്ഞ് ബാക്കി മാതൃഭാഷയില്‍ പൂര്‍ത്തിയാക്കുന്ന പതിവ് പല പള്ളികളിലും ഉണ്ടായിരുന്നു. അന്നൊന്നും ഇതൊരു തര്‍ക്ക വിഷയമായിരുന്നില്ല. വിഷയം വിവാദമാകുന്നതിനു മുമ്പ് രചിക്കപ്പെട്ട ഖുത്വ്ബ പരിഭാഷകള്‍ അറബി മലയാളത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചത് ഇപ്പോഴും ഗ്രന്ഥശാലകളില്‍ കാണാം. കേരളത്തിനു പുറത്ത് പൊതുവെ എല്ലാവരും മാതൃഭാഷയിലുള്ള ഖുത്വ്ബ അംഗീകരിച്ചവരാണ്. ഇന്ത്യക്കു പുറത്തുള്ള രാഷ്ട്രങ്ങളിലും ഖുത്വ്ബ മാതൃഭാഷയില്‍ നടത്തുന്നതായി നമുക്കു കാണാം. ശാഫിഈ മദ്ഹബ് പിന്തുടരുന്ന ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ നാടുകളിലെല്ലാം ഇതാണ് പതിവ്. മദ്ഹബിലെ ഗ്രന്ഥങ്ങള്‍ പരിഭാഷക്കെതിരല്ല എന്നത് പണ്ഡിതന്മാര്‍ക്ക് നന്നായറിയാം. ചില ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ അനറബികള്‍ക്കായി അവരുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ഖുത്വ്ബ നടത്താന്‍ സൗകര്യം ചെയ്തിട്ടുണ്ട്.
അറബിയില്‍ ഖുത്വ്ബ നടത്താന്‍ നിര്‍ബന്ധം പിടിക്കുന്നതില്‍ ന്യായമില്ല എന്ന് സൂചിപ്പിക്കുക മാത്രമാണിവിടെ. എന്നാല്‍ മാതൃഭാഷയില്‍ പ്രസംഗം നടക്കുന്ന പള്ളിമഹല്ലുകളില്‍ മുസ്‌ലിംകളെ ആത്മീയമായും സാമൂഹികമായും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ മതനേതൃത്വം എത്രകണ്ട് വിജയിച്ചു? ഇങ്ങനെ ഒരു ലക്ഷ്യം അവരുടെ മനസ്സിലുണ്ടോ? അതിനാവശ്യമായ ഗൃഹപാഠം നടത്താന്‍ പള്ളിക്കമ്മിറ്റിയും ഖത്വീബുമാരും മുന്നോട്ടു വരാറുണ്ടോ?
ഖുത്വ്ബ ദുരുപയോഗം ചെയ്യുന്നു
ദൗര്‍ഭാഗ്യവശാല്‍ കേരള മുസ്‌ലിംകള്‍ ഇന്ന് പല കക്ഷികളാണ്. ഓരോ കക്ഷിയും തങ്ങളുടെ പ്രത്യേകതകള്‍ പുകഴ്ത്തിപ്പറയാനും, അതോടൊപ്പം പ്രതിയോഗികളുടെ ന്യൂനതകള്‍ പര്‍വതീകരിച്ചു കാണിക്കാനുമാണ് ഇപ്പോള്‍ ജുമുഅ ഖുത്വ്ബ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. കഥയറിയാതെ ആ പള്ളിയില്‍ കയറി വരുന്ന പല വിശ്വാസികളും നിരാശരായി പിരിഞ്ഞു പോകേണ്ടി വരുന്നു. സ്വന്തം കക്ഷിയില്‍പെട്ടവര്‍ക്ക് ഹരവും ആവേശവുമാണ് ഇത്തരം ഖുത്വ്ബകള്‍. അതിനാല്‍ ഈ രീതി എതിര്‍പ്പില്ലാതെ തുടര്‍ന്നുപോരുന്നു. ഓരോ വിഭാഗവും പള്ളിക്കു പുറത്ത് തങ്ങളുടെ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടാവും. ചുരുക്കത്തില്‍, സമൂഹത്തിന് ഖുത്വ്ബയിലൂടെ ലഭിക്കേണ്ട ശിക്ഷണമോ സംസ്‌കരണമോ ലഭിക്കാതെ വെള്ളിയാഴ്ചകള്‍ കടന്നുപോകുന്നു.
അടിസ്ഥാന സംസ്‌കരണം
ആരാധനാ കര്‍മങ്ങളുടെ ഉദ്ദേശ്യവും ചൈതന്യവും മനഃസംസ്‌കരണത്തിലാണ് ഊന്നുന്നത്. ഇത് ഖുത്വ്ബയില്‍ സാധാരണ വിഷയമാകാറില്ല. ഉദാഹരണത്തിന് നമസ്‌കാരത്തിന്റെ ചൈതന്യമെന്തെന്ന് നന്നായി പഠിപ്പിച്ചാല്‍ സ്വയം സംസ്‌കരണത്തിന്റെ ഒരു പ്രധാന പങ്ക് ശരിയായ നമസ്‌കാരത്തിലൂടെ ശ്രോതാക്കള്‍ക്ക് നേടാനാവുമായിരുന്നു. നോമ്പും ഹജ്ജുമെല്ലാം അവയുടെ ചൈതന്യം ഗ്രഹിച്ച് നിര്‍വഹിച്ചാല്‍ അവയുടെ സല്‍ഫലം നിത്യജീവിതത്തില്‍ പ്രകടമാവാതെ പോവില്ല. ജീര്‍ണത നിര്‍മാര്‍ജനം ചെയ്ത് ഉത്തമ സമുദായത്തെ പുനഃസൃഷ്ടിക്കാന്‍ പ്രതിജ്ഞയെടുത്ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഈ പോരായ്മ പരിഹരിക്കാന്‍ കഴിയാത്തതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്. ഖുത്വ്ബയും ഇമാമത്തും ഒരു തൊഴിലും, അത് നിര്‍വഹിക്കുന്നവന്‍ വേതനത്തിന് കണക്കു പറയുന്ന തൊഴിലാളിയുമാണ് ഇന്ന്. ഈ അവസ്ഥ മാറിയാല്‍ മാത്രമേ അതിപ്രധാനമായ ഈ ആരാധനാ കര്‍മം പ്രയോജനപ്രദമാവൂ.
ഖത്വീബിന്റെ സ്ഥാനം
ഖത്വീബ് സംസ്‌കരണച്ചുമതലയുള്ള ഗുരുവാണ്. ഈ സ്ഥാനം സമൂഹം അദ്ദേഹത്തിനു വകവെച്ചു നല്‍കണം. ഓരോ ഖുത്വ്ബക്കും പ്രതിഫലം കണക്കാക്കി ഒരുശിരന്‍ പ്രസംഗം നടത്തി സ്ഥലം വിടുന്ന ഖത്വീബിന് സംസ്‌കരണച്ചുമതല ഉാവുകയില്ല. പ്രസംഗത്തിന് എത്ര മാര്‍ക്ക് ലഭിച്ചു എന്നതാണ് അദ്ദേഹത്തെ മഥിക്കുന്ന ചിന്ത. ഈ വിഷയത്തില്‍ നിലവിലുള്ള എല്ലാ കാഴ്ചപ്പാടുകളും പൊളിച്ചെഴുത്തിന് വിധേയമാകണമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. സമൂഹത്തിന് ആത്മീയനേതൃത്വം നല്‍കാന്‍ ആവശ്യമായ പാണ്ഡിത്യവും പരിശീലനവും നേടിക്കഴിഞ്ഞ വ്യക്തികളെ മാത്രമേ ഖത്വീബുമാരായി നിയമിക്കാന്‍ പാടുള്ളൂ. മിമ്പറില്‍നിന്നുള്ള അവരുടെ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണെന്ന് ഗ്രഹിക്കുന്ന, അവ ജീവിതത്തില്‍ പകര്‍ത്താനുള്ളതാണെന്ന് ബോധ്യമുള്ള ശ്രോതാക്കളാണ് പള്ളികളില്‍ ഉണ്ടാവേണ്ടത്.
ആത്മീയ നേതൃത്വത്തെക്കുറിച്ച ധാരണകളും വികലമാക്കപ്പെട്ടിരിക്കുന്നു. അവരെ പുരോഹിതരെന്ന് വിശേഷിപ്പിച്ച് അവഗണനയോടെ കാണുന്നത് നവോത്ഥാന ചിന്തകരില്‍ പൊതുവെ കാണുന്ന ശീലമാണ്. ഇതില്‍നിന്ന് മാറി അവരെ ആദരവോടെ കാണാനും അവരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശിരസ്സാ വഹിക്കാനും സന്നദ്ധമാകുന്ന ഒരു മനസ്സ് പുരോഗമനവാദികളില്‍ ഉണ്ടായിവരണം. അതോടൊപ്പം തന്നെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് ഏറ്റവും നല്ല പരിഹാരം നിര്‍ദേശിക്കേണ്ട ബാധ്യത ഖത്വീബിനുണ്ട്. അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്ത ശേഷമാണ് മിമ്പറില്‍ കയറേണ്ടത്.
ഈ വിഷയം അല്‍പം വിശദമായി വിശകലനം ചെയ്യുകയാണ് ഇനിയുള്ള വരികളില്‍.
പൂര്‍വിക മാതൃക
നബി (സ) ജുമുഅ ഖുത്വ്ബയിലൂടെ ഒരു തലമുറയെ സംസ്‌കരിച്ച് വളര്‍ത്തിയെടുക്കുകയായിരുന്നു. ഖുലഫാഉര്‍റാശിദുകളും ഇതേ സംസ്‌കരണ പ്രക്രിയ തുടര്‍ന്നു. വളരെ കണിശക്കാരനായ ഖലീഫ ഉമര്‍ (റ) ഖുത്വ്ബ നിര്‍വഹിക്കുമ്പോള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നു പോലും നിരൂപണങ്ങള്‍ ഉണ്ടാകുമായിരുന്നു. ശ്രോതാക്കള്‍ക്ക് ഉയര്‍ന്ന ഇസ്‌ലാമിക ബോധമുണ്ടായിരുന്നതിന്റെ തെളിവാണിത്. രാഷ്ട്രത്തില്‍ പല നിയമങ്ങളും നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം മിമ്പറില്‍നിന്നായിരുന്നു അക്കാലത്തെല്ലാം. മതവിധികള്‍ പഠിക്കണമെന്ന് ഉദ്‌ബോധിപ്പിക്കലും മിമ്പറില്‍നിന്നുതന്നെ. സമൂഹത്തിലെ സംസ്‌കരണ- വൈജ്ഞാനിക ചര്‍ച്ചകള്‍ ഖുത്വ്ബയിലൂടെ നടന്നുവന്നിരുന്ന ആ നല്ല കാലത്തിന്റെ ഓര്‍മകള്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. ഇതിലേക്ക് തിരിച്ചുപോയി ഖുത്വ്ബയിലൂടെയുള്ള സംസ്‌കരണം ഒരു യാഥാര്‍ഥ്യമാക്കി മാറ്റാന്‍ എങ്ങനെ സാധിക്കും?
ഖുത്വ്ബയുടെ ചില പ്രധാന ദൗത്യങ്ങള്‍
ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുമ്പോള്‍ ലക്ഷ്യമാക്കേണ്ട കാര്യങ്ങള്‍ വിശദമായ പഠനമര്‍ഹിക്കുന്നു. ദൈവ സ്മരണ, ബോധവല്‍ക്കരണം, ആത്മസംസ്‌കരണം, ശിക്ഷണം, മാര്‍ഗദര്‍ശനം, സദുപദേശം, ഉദ്‌ബോധനം എന്നിവ ഇതില്‍ പ്രധാനമാണ്.
ദൈവസ്മരണ
വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിനും ഖുത്വ്ബക്കുമായി പള്ളിയില്‍ പോകുമ്പോള്‍ നിങ്ങള്‍ 'ദൈവസ്മരണയിലേക്ക് ഒരുങ്ങിപ്പുറപ്പെടുക' എന്നാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ജുമുഅയുടെ പൊരുളും പ്രാര്‍ഥനകളുടെ ആന്തരികാര്‍ഥങ്ങളും നന്നായി ഗ്രഹിച്ചാല്‍ ദൈവസ്മരണ വര്‍ധിപ്പിക്കാന്‍ അവ എത്രമാത്രം ഫലപ്രദമാണെന്ന് ബോധ്യം വരും. ഖുത്വ്ബ കേട്ടു കഴിഞ്ഞാല്‍ ദൈവഭയവും ഭക്തിയും വര്‍ധിക്കണം. ഇതിന് സഹായകമാവുന്ന വിഷയാവതരണമാണ് ഖുത്വ്ബയിലൂടെ നടത്തേണ്ടത്. ഏതൊരു വിഷയത്തിന്റെയും ഉദ്‌ബോധനപ്രധാനമായ വശത്തിന് വേണ്ടത്ര ഊന്നല്‍ നല്‍കാനായാല്‍ അനായാസം സാധിക്കുന്ന കാര്യമാണിത്.
ഖുത്വ്ബയുടെ നിര്‍ബന്ധ ഘടകങ്ങള്‍ അഞ്ചെണ്ണമാണ്. ദൈവ സ്തുതി, പ്രവാചകനു വേണ്ടിയുള്ള കാരുണ്യാര്‍ഥന, ഭക്തി കൈക്കൊള്ളാനുള്ള ഉപദേശം, വിശുദ്ധ ഖുര്‍ആനില്‍നിന്നൊരു സൂക്തം, സത്യവിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന. ഇവ അറബി ഭാഷയില്‍ നിര്‍വഹിക്കുന്നു. ഇതില്‍ ഭക്തി ഉപദേശിക്കുക എന്ന മൂന്നാമത്തെ നിര്‍ബന്ധ ഘടകമാണ് മാതൃഭാഷയില്‍ വിശദീകരിക്കുന്നത്. അതില്‍ ശ്രോതാക്കളില്‍ ഭയഭക്തിയും ദൈവസ്മരണയും ഊട്ടിയുറപ്പിക്കാന്‍ ഖത്വീബ് പ്രത്യേകം ശ്രദ്ധിക്കണം. വിഷയാവതരണത്തിന്റെ ബാഹ്യ സൗന്ദര്യത്തില്‍ ഒതുങ്ങിപ്പോവരുത് ഖുത്വ്ബയുടെ ഇതിവൃത്തം. വിഷയത്തിന്റെ മര്‍മം കണ്ടെത്തി അതിനെ ആത്മീയ ചിന്തയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന പ്രസംഗകനാണ് ശരിയായ ഖത്വീബ്.
പരിശുദ്ധ ഖുര്‍ആനില്‍ പൂര്‍വ സമുദായങ്ങളുടെ ചരിത്രവും കഥകളും ധാരാളമായി കാണാം. അവ നല്‍കുന്ന പാഠങ്ങളും ഖുര്‍ആനില്‍ പിന്നീട് വരുന്നു. ഇത് ഖുത്വ്ബയില്‍ സ്വീകരിക്കാവുന്ന ഒരു നല്ല മാതൃകയാണ്. ഇങ്ങനെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം ഖുത്വ്ബയുടെ വിഷയമാക്കാം. പക്ഷേ ഉദ്‌ബോധനം വിട്ടു പോകരുത്. ഖുത്വ്ബയും സാധാരണ പ്രസംഗവും വേര്‍തിരിയുന്നത് ഇവിടെയാണ്.
നമ്മുടെ മിക്ക ഖത്വീബുമാരും ഈ അടിസ്ഥാനപരമായ വസ്തുത പാടേ വിസ്മരിക്കുന്നു. അതിനാല്‍ പള്ളി മിമ്പറും പൊതു സ്റ്റേജുകളും അവര്‍ക്ക് ഒരു പോലെയാണ്. ഖുത്വ്ബ കേട്ടവരില്‍ ദൈവസ്മരണയും ഭക്തിയും വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. വിജ്ഞാനം വര്‍ധിപ്പിക്കാന്‍ മാത്രമേ അവരുടെ പ്രസംഗം സഹായകമാവുന്നുള്ളു.
ഖുത്വ്ബ കേള്‍ക്കാന്‍ തയാറായി വരുന്ന വിശ്വാസിസമൂഹം ബാങ്കുവിളി കേള്‍ക്കുന്നതോടെ ഭൗതികമായ എല്ലാ ഇടപാടുകളില്‍നിന്നും മനസ്സിനെ സ്വതന്ത്രമാക്കണം. പള്ളിയിലേക്കുള്ള വഴിമധ്യേ നടക്കുന്ന ചര്‍ച്ചകള്‍ ആത്മീയ വിഷയങ്ങളിലായിരിക്കണം. സൗകര്യമുള്ളവരെല്ലാം അംഗശുദ്ധി വരുത്തിയ ശേഷമാണ് ജുമുഅക്ക് പുറപ്പെടേണ്ടത്. യാത്രയില്‍ ദിക്‌റുകളും ദുആകളും ഉരുവിട്ടുകൊണ്ടിരിക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്താല്‍ ഓരോ കാലടി എടുത്തു വെക്കുമ്പോഴും പ്രതിഫലവും പാപമോചനവും ലഭിക്കുമെന്ന് നബി തിരുമേനി പഠിപ്പിച്ചിരിക്കുന്നു. പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ ദൈവാനുഗ്രഹം തേടി കാലെടുത്തുവെക്കാനാണ് നിര്‍ദേശം. 'അല്ലാഹുവേ, നിന്റെ അനുഗ്രഹത്തിന്റെ കവാടം എനിക്ക് തുറന്നു തരേണമേ. എന്റെ പാപങ്ങള്‍ എനിക്ക് നീ പൊറുത്തുതരേണമേ' എന്ന പ്രാര്‍ഥനയാണ് നബി തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണയും ഭക്തിയും വര്‍ധിപ്പിക്കാന്‍ ഇതെല്ലാം ഏറെ സഹായകമാണ്.
ശ്രോതാക്കള്‍ പൊതുവെ ഈയൊരു ആത്മീയ വിതാനത്തിലായിരിക്കില്ല എന്നതാണ് ദൈവസ്മരണയിലേക്ക് അവരുടെ മനസ്സുകളെ നയിക്കുന്നതിന് പ്രധാന തടസ്സം. അനേകം ചിന്തകളുമായി പള്ളിയില്‍ കയറുന്നവര്‍ പള്ളിയില്‍നിന്നിറങ്ങും വരെ ആ ചിന്തകളുടെ പിറകെത്തന്നെയായിരിക്കും. അതിനാല്‍ ഖത്വീബിന്റെ ശ്രമങ്ങളോടൊപ്പം ശ്രോതാക്കളുടെ മാനസിക സന്നദ്ധത കൂടി ചേരുമ്പോഴാണ് വിശുദ്ധ ഖുര്‍ആന്‍ കല്‍പിച്ച ദൈവസ്മരണയിലേക്കുള്ള പ്രയാണം സാധ്യമാവുക. സൂക്തത്തിലെ 'ഫസ്ഔ' എന്ന പദത്തിന് വേഗം പോവുക എന്ന അര്‍ഥമല്ല, മാനസികമായി ഒരുങ്ങി പോവുക എന്നാണര്‍ഥം കല്‍പിക്കേണ്ടതെന്ന് പ്രഗത്ഭരായ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ബോധവല്‍ക്കരണം
മുഹമ്മദ് നബി(സ) അക്ഷരജ്ഞാനമില്ലാത്ത ജനതയിലാണ് പ്രബോധന ദൗത്യം നിര്‍വഹിച്ചിരുന്നത്. ''നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നുതന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതി കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്ത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തേ അവര്‍ വ്യക്തമായ വഴികേടിലായിരുന്നുവെങ്കിലും'' (62:2). നിരക്ഷരര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി പ്രഭാഷണങ്ങളിലൂടെ ബോധവല്‍ക്കരിക്കുക എന്നതാണ്. ഓരോ ആഴ്ചയിലും തന്റെ സമൂഹത്തില്‍ പ്രധാനമായും ഉണ്ടാക്കിയെടുക്കേണ്ട മാറ്റത്തെ കുറിച്ച് വ്യക്തമായ ഒരു രൂപരേഖ തിരുമേനി തയാറാക്കുമായിരുന്നു. തദടിസ്ഥാനത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അവയുടെ ഗൗരവം ഉള്‍ക്കൊണ്ട് അവിടുത്തെ അനുയായികള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമായിരുന്നു. പല കാര്യങ്ങളും അവര്‍ ഹൃദിസ്ഥമാക്കുകയായിരുന്നു പതിവ്. ഇത് പിന്‍ഗാമികള്‍ക്ക് തിരുമേനിയുടെ നിര്‍ദേശങ്ങള്‍ ലഭ്യമാകാന്‍ സഹായകമായി. വിശ്വാസം ഹൃദയങ്ങളില്‍ രൂഢമൂലമാകാന്‍ വേ ശിക്ഷണങ്ങളായിരുന്നു തിരുമേനി തുടക്കത്തില്‍ നല്‍കിയിരുന്നത്. പിന്നീട് കര്‍മരംഗത്ത് വിശ്വാസത്തിന്റെ പ്രതിഫലനം എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കും. നമ്മുടെ സമൂഹത്തില്‍ എക്കാലത്തും ആവശ്യമുള്ള ഒന്നാണ് വിശ്വാസപരമായ ബോധവല്‍ക്കരണം. യഥാര്‍ഥ ഈമാനില്‍നിന്നുള്ള വ്യതിയാനമാണ് ഇസ്‌ലാമിക സമൂഹത്തിന്റെ തകര്‍ച്ചക്ക് കാരണമെന്നത് നിസ്തര്‍ക്കമാണ്.
ഈയുള്ളവന്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ചില ആദ്യകാല ജുമുഅ പ്രസംഗങ്ങള്‍ ഈ വിഷയം വേണ്ടരൂപത്തില്‍ ഗൗനിച്ച് പഠിച്ച് തയാറാക്കി നിര്‍വഹിച്ചവയായിരുന്നു. അന്നെല്ലാം ഖുത്വ്ബയില്‍ ശ്രോതാവിന് പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും വേണ്ടത്ര നിര്‍ദേശങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലം കോഴിക്കോട് പട്ടാളപ്പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിച്ചിരുന്ന മര്‍ഹൂം എ.കെ അബ്ദുല്ലത്വീഫ് മൗലവി ഇതിന് മാതൃകയായി എടുത്തുപറയാവുന്ന ഒരു വ്യക്തിത്വമാണ്. എന്റെ ചെറുപ്പത്തില്‍ ദൂരസ്ഥലങ്ങളില്‍നിന്ന് സ്ഥിരമായി വെള്ളിയാഴ്ച കോഴിക്കോട്ടേക്കു പോയി പട്ടാളപ്പള്ളിയില്‍ ജുമുഅ നമസ്‌കരിച്ച് തിരിച്ചുവരുന്ന ചില വ്യക്തികള്‍ ഉണ്ടായിരുന്നു. ഓരോ ആഴ്ചയിലും മൗലവി പറഞ്ഞ കാര്യങ്ങള്‍ അവര്‍ അന്യോന്യം ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒരു സമൂഹത്തിന്റെ വിശ്വാസവും ആചാരങ്ങളും മാറ്റിയെടുക്കാന്‍ ജുമുഅ ഖുത്വ്ബ വളരെയേറെ പ്രയോജനകരമാണെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയും ഖുത്വ്ബയില്‍ ബോധവല്‍ക്കരണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. ഈ മാതൃക പിന്തുടര്‍ന്ന ചുരുക്കം ചില പണ്ഡിതന്മാര്‍ മാത്രമേ പില്‍ക്കാലത്ത് ഉണ്ടായുള്ളൂ. ആദ്യകാലത്ത് ഉല്‍പതിഷ്ണുക്കള്‍ ഏകസ്വരത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തിയായി ശബ്ദിച്ചു. അവരുടെ വിവരണവും വിശദീകരണവും സാധാരണക്കാരെ ഏറെ ആകര്‍ഷിക്കുന്ന ശൈലിയിലും ഭാഷയിലുമായിരുന്നു. കേരള മുസ്‌ലിംകള്‍ വിശ്വാസപരമായ സംസ്‌കരണവും ബോധവല്‍ക്കരണവും നേടുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അക്കാലത്തെ അവരുടെ പ്രഭാഷണങ്ങളും ജുമുഅ ഖുത്വ്ബകളും തന്നെയാണ്. ആ നല്ല കാലത്താണ് ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ശക്തമായ എതിര്‍പ്പ് നേരിട്ടതോടൊപ്പം തന്നെ അതിവേഗം പ്രചരിച്ചത്. ആഴ്ചതോറും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലഭിക്കുന്ന വിലപ്പെട്ട അവസരമായി വെള്ളിയാഴ്ച തോറും നടത്തുന്ന ലഘു പ്രഭാഷണങ്ങള്‍ കണക്കാക്കപ്പെട്ടു.
ഭൂതകാല കഥകള്‍ ആശാവഹമായിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ഇന്ന് കേരളത്തില്‍ ആയിരക്കണക്കിന് മിമ്പറുകളില്‍ മാതൃഭാഷയില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഗൗരവമായി ചിന്തിക്കാം.
പുതിയ തലമുറക്ക് ആദര്‍ശപരമായ ബോധവല്‍ക്കരണം വളരെ ചെറിയ തോതില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. മതവിദ്യാഭ്യാസം വളരെയേറെ ശുഷ്‌കമാവുകയും ഭൗതിക വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികളുടെ സമയം കാര്യമായി വിനിയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആദര്‍ശപഠനത്തിന് യുവതക്ക് അവസരം വളരെ കുറഞ്ഞുപോകുന്നു. അതിനാല്‍ ജുമുഅ ഖുത്വ്ബകളില്‍ ആദര്‍ശ വിശദീകരണം അനിവാര്യമാണ്. ഓരോ പള്ളിയിലും സ്ഥിരമായി വന്നെത്തുന്ന ശ്രോതാക്കളെ പടിപടിയായി വിശ്വാസകാര്യങ്ങളില്‍ ബോധവാന്മാരാക്കാന്‍ ഒരു വിഷയക്രമം ഖത്വീബ് സ്വീകരിക്കണം. വിശ്വാസകാര്യങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്നത് അഭ്യസ്തവിദ്യരായ ശ്രോതാക്കളില്‍ താല്‍പര്യം ജനിപ്പിക്കും. വിഷയത്തിന്റെ ആവര്‍ത്തന വിരസത ഒഴിവാക്കാനും ഇത്തരം ശാസ്ത്രീയ അവതരണങ്ങള്‍ സഹായകമാണ്; മതവും വിശ്വാസവും നിശിതമായി നിരൂപണത്തിന് വിധേയമാകുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ വഴിഞ്ഞൊഴുകുന്ന അവിശ്വാസത്തിന്റെയും വിശ്വാസ നിരാസത്തിന്റെയും സന്ദേശങ്ങള്‍ ആശയക്കുഴപ്പത്തിലാക്കുന്ന യുവതലമുറയെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരായി വളര്‍ത്തിയെടുക്കാന്‍ ഈ ബോധവല്‍ക്കരണം ഏറെ അനിവാര്യമാണ്. ഇസ്‌ലാം ആദര്‍ശപരമായി നേരിടുന്ന വെല്ലുവിളികളെ ശാസ്ത്രീയമായി നിരൂപണം നടത്തുന്ന ജുമുഅ ഖുത്വ്ബകള്‍ ധാരാളമായി ഉണ്ടാകേണ്ടതുണ്ട്. ഖത്വീബ് നല്ലപോലെ പഠിച്ച് തയാറായി അവതരിപ്പിക്കുമ്പോള്‍ ശ്രോതാക്കളുടെ സന്ദേഹങ്ങളെ മുന്നില്‍കണ്ട് അവര്‍ക്ക് ബോധ്യം വരുന്ന മറുപടികള്‍ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിക്കാനാവും. ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി തന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന ശ്രോതാക്കളുടെ ചിന്തയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിരിക്കണമെന്ന് കൃത്യമായി കണക്കുകൂട്ടിക്കൊണ്ടായിരിക്കണം ഖത്വീബ് പ്രഭാഷണങ്ങള്‍ തയാറാക്കേണ്ടത്. ക്രമപ്രവൃദ്ധമായി ഇസ്‌ലാമിനെക്കുറിച്ച ഒരു സമ്പൂര്‍ണ ചിത്രം പ്രസംഗങ്ങളിലൂടെ ശ്രോതാക്കളുടെ മനസ്സില്‍ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിക്കണം.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
Comments