സ്വതന്ത്ര ചിന്ത ദാസ്യവും (അ)ധാര്‍മ്മികതയും
ഇസ്ലാം ഒരു മതമാണ് എന്ന പ്രസ്താവന നിര്‍വചനപരമായി അപൂര്‍ണ്ണമാണ്. ഇസ്ലാം എന്നാല്‍ പ്രാപഞ്ചികതയുടെയും പ്രാതിഭാസികതയുടെയും നൈസര്‍ഗ്ഗിക ഭാവമാണ്, തന്‍മയത്വമാണ്. പ്രകൃതിയുടെ പ്രകൃതം, പ്രപഞ്ചത്തിന്റെ അടിസ്ഥാന താളം, ജൈവിക പ്രക്രിയകളുടെ തനിമ എന്നിവയൊക്കെ ഉള്ളടങ്ങിയ വ്യവസ്ഥയാണപ്പോളത്. ഈ മഹാ കോസ്മോളജിക്കല്‍ ശൃംഖലയുടെ ഭാഗമായതിന്റെയെല്ലാം മതം ഇസ്ലാമാണ്. അതായത്, സൃഷ്ടി പ്രപഞ്ചങ്ങളുടെ ചെറിയൊരംശം മാത്രമായ, ഭൂമിയിലെ ചെറിയൊരു ജീവിവര്‍ഗമായ മനുഷ്യര്‍ക്കിടയിലെ ഒരു നിയമ വ്യവസ്ഥ മാത്രമല്ല ഇസ്ലാം എന്ന് സാരം. വാനഭുവനങ്ങള്‍, തരുതാരങ്ങള്‍, ശൃംഗഗര്‍ത്തങ്ങള്‍, ഉത്ഥാന പതനങ്ങള്‍ തുടങ്ങി മഞ്ഞാകട്ടെ, മലരാകട്ടെ, മധുവാകട്ടെ, ലതയാകട്ടെ, കതിരാവട്ടെ, അതിനകത്തെ സൂക്ഷ്മമായ ആറ്റമിക് ശൃംഖലകളാവട്ടെ എല്ലാം അവയുടെ നാഥനായ സ്രഷ്ടാവിനെ സങ്കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇസ്ലാമിന്റെ പ്രാപഞ്ചിക സങ്കല്‍പം. സര്‍വ്വം അവയുടെ നാഥന് സങ്കീര്‍ത്തനം ചൊരിയുന്നു; സര്‍വ്വതിനും അവയുടേതായ പ്രാര്‍ത്ഥനയും ദൈവ കീര്‍ത്തനവും അറിയാം, ദൈവഭയം കാരണത്താല്‍ പാറകള്‍ പിളര്‍ന്ന് അരുവികള്‍ പ്രവഹിക്കുന്നു തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ തുറന്നിടുന്നത് വിശാലമായ ഈ അര്‍ത്ഥതലങ്ങളാണ്.
ഊര്‍ജ്ജങ്ങളുടെ ഉറവിടം ഉണ്മകളാണ്. പദാര്‍ത്ഥ ബന്ധിതമായല്ലാതെ ഊര്‍ജ്ജങ്ങളെ മനസ്സിലാക്കുക അസാധ്യമാണ്. പദാര്‍ത്ഥങ്ങളുടെ മതം ഇസ്ലാമാണെങ്കില്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന അവയുടെ ഉപലബ്ധികളും നിഷ്പന്നിതങ്ങളും ഇസ്ലാമിക വൃത്തത്തിനകത്ത് തന്നെ വരും. അപ്പോള്‍ ധാര്‍മ്മികതയുടെ പ്രേരണകളായി മാറുന്നുവെന്ന് പറയപ്പെടുന്ന ഹോര്‍മോണുകള്‍ പോലും 'മുസ്ലിം' ആണ്. അചേതന വസ്തുക്കളും കണങ്ങളും കണികകളും തരംഗങ്ങളും ദൈവത്തെ സ്തുതിച്ച് കൊണ്ടാണ് നിലകൊള്ളുന്നത്.
'അവിശ്വാസം' ഈ പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയൊരംശമാണ്. ഭൂമിയുടെ മൂന്നിലൊന്നു വരുന്ന കരയിലെ മനുഷ്യരുടെ ഹൃദയത്തില്‍ മാത്രമുള്ള ഒരു ധാരണാ പിശകാണ് അവിശ്വാസം. സത്യത്തില്‍ ആ അവിശ്വാസി എന്ന ജഡിക പദാര്‍ത്ഥം-അവന്റെ ഉണ്‍മയും ഉടലും - മുസ്ലിമാണ് എന്ന് പറയാം. തന്റെ വിചാരവികാരങ്ങളുടെ ഉറവിടമായ ആത്മാവ്, തന്റെ ഉടലിന്നകത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ജൈവിക പ്രക്രിയകളുടെ ആസൂത്രണം, മജ്ജയിലും മാംസത്തിലും രക്തത്തിലും നടന്നുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ ദൈവിക സങ്കീര്‍ത്തനങ്ങള്‍ എന്നിവയെ ഒരു വ്യക്തി നിരാകരിക്കുന്നതാണ് അവിശ്വാസം; അങ്ങനെ അവിശ്വസിക്കുമ്പോഴും അയാള്‍ 'മുസ്ലിം' കോസ്‌മോസിന്റെ, പ്രപഞ്ചത്തിന്റെ അംശമാണ്. ഇസ്ലാം പ്രാപഞ്ചിക മതമായതു കൊണ്ടാണ് അതിന്റെ അഭിസംബോധന മാനവിക സമൂഹത്തോട് മൊത്തമായത് എന്നതിന്റെ ദാര്‍ശനിക തലം അതാണ്.
ദൈവനിഷേധികള്‍ ധാര്‍മികതയുടെ ഉറവിടത്തെ സംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ഇവിടെ വെച്ച് ഗ്രഹിച്ചെടുക്കാം. സഹജമായതോ, ആര്‍ജ്ജിതമായതോ ആയ മസ്തിഷ്‌ക പ്രക്രിയകളാണ് വ്യക്തിയുടെ ധാര്‍മിക ബോധം നിര്‍ണയിക്കുന്നത് എന്ന പ്രസ്താവനയെ ഇസ്ലാമികമായി നിര്‍ധാരണം ചെയ്യാനാവും. ധാര്‍മിക ബോധത്തിന്റെ ഉറവിടം ഏതാണ് എന്ന അന്വേഷണത്തിന്റെ അവസാനമാവാന്‍ മസ്തിഷ്‌കം കൊള്ളില്ല. ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകള്‍ വഴിയാണ് പ്രേരണകള്‍ ആവേഗങ്ങളായി പടര്‍ന്ന് കൃത്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും അവയവങ്ങള്‍ സജ്ജമാവുന്നതെന്നും ആത്യന്തികമായി മസ്തിഷ്‌കത്താല്‍ നിയന്ത്രിതമാവുന്ന നാഡീവ്യൂഹമാണ് ശാരീരിക സന്ധാരണങ്ങളുടെ ആധാരം എന്നും പറയുന്നത് ദൈവത്തെ, സൃഷ്ടാവിനെ നിരാകരിക്കാന്‍ കൊള്ളുന്ന ന്യായമല്ല. പ്രത്യുത, അലൗകികധാര്‍മ്മിക വ്യവസ്ഥയെ(Objective Morality) ശാക്തീകരിക്കുന്ന സാധൂകരണം തന്നെയാണ് ആ വാദം. അത്തരത്തില്‍-രക്ത വാഹിനികളിലൂടെ ഹോര്‍മോണുകളെ പ്രവഹിപ്പിക്കുന്നതും ബയോ-ഓര്‍ഗാനിക് സംവേദന വ്യവസ്ഥ സാധ്യമാക്കുന്നതും ആരാണ് എന്ന് ചിന്തിക്കാനാണ് മതം ആവശ്യപ്പെടുന്നത്.കാര്യകാരണ ബന്ധിതമാണ് ഈ ലോകക്രമം. ദൈവനിഷേധികള്‍ നിരത്തുന്ന ബദല്‍ ന്യായങ്ങള്‍ മുഴുവന്‍ ദൈവം ഇടപെടുന്ന കാരണങ്ങളാണ് എന്നതാണ് വാസ്തവം. രക്തവും അതിന്റെ ഉപോല്‍പ്പന്നങ്ങളും അടങ്ങിയ വ്യവസ്ഥക്ക് പിന്നിലാണ് ധാര്‍മ്മികബോധത്തിന്റെ ഉറവിടം .
മനുഷ്യന്‍ നന്നാവാന്‍ ഇസ്‌ലാമിലേക്ക് വരണം എന്നതല്ല കാര്യം. ഏത് മനുഷ്യനകത്തും കുടികൊള്ളുന്ന നന്മകളുടെ ഉറവിടം ഏതാണെന്ന് കണ്ടെത്തുമ്പോള്‍ അയാള്‍ ഇസ്‌ലാമിലെത്തുകയാണ് ചെയ്യുന്നത്. ആ നന്മകളുടെ ജനിതകഘടന സംവിധാനിച്ചവനെ ആരാധ്യനാക്കുകയാണ് ചെയ്യേണ്ടത്.
ജീവിച്ചു വരുന്ന സാഹചര്യങ്ങള്‍, മാനസികമായ ആനന്ദങ്ങളും ആഘാതങ്ങളും സവിശേഷമായ ജനിതകഘടന തുടങ്ങിയവ ധാര്‍മിക ബോധത്തെ മാറ്റിമറിച്ചേക്കാം എന്ന് പറയാറുങ്കെിലും 'മത ധാര്‍മ്മിക സങ്കല്‍പത്തെ' ഒരുവിധത്തിലും ബാധിക്കുന്നില്ല. മുഴുവന്‍ നവജാതപ്പിറവിയും പ്രകൃതിയുടെ നൈസര്‍ഗിക ഭാവത്തിലാണ്, പിന്നീട് സാഹചര്യങ്ങളാണ് അവനെ മാറ്റുന്നത് എന്ന പ്രവാചക വചനം സുവിദിതമാണ്. മറ്റൊരര്‍ത്ഥത്തില്‍, രക്തം സഞ്ചരിക്കുന്ന വഴികളിലൂടെയല്ലാം പിശാചും സഞ്ചരിക്കുന്നുണ്ട് എന്ന മതകീയ കാഴ്ചപ്പാടിന്റെ പ്രായോഗിക നിദാനങ്ങളാവാം ഈ പറയുന്ന ജനിതക ധാര്‍മ്മിക ഘടന.
പുതിയ പദാര്‍ത്ഥ വാദികളുടെ മനുഷ്യ നിര്‍മിതവും യുക്തി കേന്ദ്രീകൃതവുമായ, ധാര്‍മ്മികതയെ സംബന്ധിക്കുന്ന സിദ്ധാന്തങ്ങള്‍ മനുഷ്യജീവിതത്തിന് മഹാ ഭീഷണിയും ബൗദ്ധികമായി അപൂര്‍ണ്ണവുമാണ്. ഒരു അമൂര്‍ത്തമായ തത്വത്തെ കേന്ദ്രീകരിച്ച് ശരി തെറ്റുകള്‍ വിവേചിക്കുന്ന രീതിശാസ്ത്രമാണ് ധാര്‍മ്മിക സംശോധന. അവിടെ ബലാബലത്തില്‍ ഏര്‍പ്പെടുന്ന ന്യായങ്ങളും നിര്‍ണ്ണയങ്ങളും തുല്യ ബൗദ്ധിക ശക്തികളുടേതാവുമ്പോള്‍ പ്രാമുഖ്യവും മുന്‍ഗണനയും ഒന്നിനും ഇല്ലാതാവും. മനുഷ്യാതീത നിയമവ്യവസ്ഥയുടെ പ്രസക്തി പ്രായോഗികമായും താത്വികമായും നിഷേധിക്കാനാവില്ല.
ഉദാഹരണം നോക്കാം; വികസിത രാഷ്ട്രങ്ങളില്‍ ചിലര്‍ ദയാവധം അനുവദിക്കുന്നു, ചിലര്‍ അനുവദിക്കുന്നില്ല. മറ്റു ചിലയിടങ്ങള്‍ വധശിക്ഷകള്‍ നടപ്പിലാക്കുന്നു, ചിലര്‍ കുറ്റവിപാടനത്തിനുതകുന്ന മാനസിക ചികിത്സകള്‍ നല്‍കി വധശിക്ഷ ഒഴിവാക്കുന്നു. ഇത്തരം ദ്വിമാനന്യായങ്ങള്‍ ഉണ്ടാവുന്നത് മതവും മതേതരത്വവും എന്ന ദ്വന്ദത്തില്‍ നിന്നല്ല, വ്യത്യസ്ത മതേതര യുക്തികളാണവ. മൃഗരതിയും സ്വവര്‍ഗരതിയും നിയമപരമാക്കിയ രാഷ്ട്രങ്ങളും നിയമ പരിരക്ഷ നല്‍കുന്നത് ധാര്‍മ്മികമായി ശരിയല്ല എന്ന് പറയുന്ന രാഷ്ട്രങ്ങളും വികസിത യൂറോപ്പില്‍ തന്നെയുണ്ട്. ചില ഘട്ടങ്ങളില്‍ രണ്ടും ശരിയാവുന്നതും മറ്റു ചിലപ്പോള്‍ ഒരു വിഭാഗം കണ്ടെത്തുന്ന ശരി മറുവിഭാഗത്തിന് കടുത്ത അപരാധമാവുന്നതും കാണാം. ഇവിടെ അന്തിമ ശരി ഏതാണെന്ന് ആരു പറയും? അങ്ങനെയാണ് ശരി തെറ്റുകള്‍ നിര്‍ണയിക്കേണ്ടത് എന്ന നിലപാട് ധാര്‍മ്മികമായി ശരിയാണോ തെറ്റാണോ എന്ന് എങ്ങനെ കണ്ടെത്തും? മനുഷ്യ യുക്തി അന്തിമമവുന്ന ധാര്‍മിക സങ്കല്പം ശാസ്ത്രീയമാണെന്നോ അല്ലെന്നോ ആരു തീരുമാനിക്കും, തീരുമാനമായാല്‍ തന്നെ ആ സമീപനരീതി ധാര്‍മികമായി ശരിയാണോ തെറ്റാണോ എന്ന് ഏത് മാനദണ്ഡപ്രകാരം വിധി പറയും? കേവലം പ്രഹേളിക രൂപപ്പെടുത്താനല്ല ഇങ്ങനെ പറയുന്നത്. തീരാത്ത സന്ദേഹങ്ങളുടെ അനന്തസാധ്യതാ ദോഷങ്ങള്‍ മാത്രമാവും ബൗദ്ധികമായി അപ്പോള്‍ ബാക്കിയാവുക.
ഈയിടെ ദ ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പീറ്റര്‍ സിംഗന്റെ ചിന്തകള്‍ പരിശോധിക്കുക. മതാധിഷ്ഠിത ധാര്‍മികതയെ ചെറുത്തുനില്‍ക്കുന്ന അന്താരാഷ്ട്ര ഐക്കണുകളില്‍ ഏറ്റവും പ്രഗല്ഭനായ അദ്ദേഹം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മിത്രവും, ബയോ എത്തിക്സില്‍ രചിക്കപ്പെട്ട പത്തോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. അത്യന്തം 'അപകടകാരിയായ മനുഷ്യന്‍' എന്നാണ് ദ ഗാര്‍ഡിയന്‍ അദ്ദേഹത്തിന് നല്‍കിയ വിലാസം. മനുഷ്യരുടെ സന്തോഷ ജീവിതത്തിന് തടസ്സങ്ങള്‍ ആവുന്നതിനെയെല്ലാം വിപാടനം ചെയ്യണം എന്ന യൂട്ടിലിറ്റേറിയന്‍ ഫിലോസഫിയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഭിന്നശേഷിക്കാരായ കുട്ടികളെ വധിക്കാം, ബാധ്യതയായ മാതാപിതാക്കളെ വകവരുത്താം, സമ്മത ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും മൃഗങ്ങളെ ഭോഗിക്കാം, സങ്കര സന്താനങ്ങളെ ഉല്‍പാദിപ്പിക്കാം തുടങ്ങിയ നിലപാടുകളാണ് അദ്ദേഹത്തിന്റേത്. സന്തോഷം ലഭിക്കാത്തവര്‍ ആത്മഹത്യയില്‍ അഭയം തേടിക്കൊള്ളട്ടെ എന്ന സ്‌കാന്റിനേവിയന്‍ ഫിലോസഫിയുടെ പരിഷ്‌കൃത രൂപമായ ഇത്തരം വാദഗതികളാണ് പുകള്‍പെറ്റ സ്വതന്ത്ര ചിന്തകള്‍!
Comments