Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

വംശീയ ഉന്മൂലനത്തിന്റെ വക്കില്‍ താതാരി മുസ്‌ലിംകള്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ക്രിമിയയിലെ താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂട ഭീകരത രൂക്ഷമാകുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതല്‍  ക്രിമിയയില്‍ താമസിക്കുന്ന താതാരീ മുസ്‌ലിംകള്‍ക്കെതിരെ റഷ്യന്‍ ഭരണകൂടം ക്രൂരമായ മര്‍ദനമുറകളാണ് സ്വീകരിക്കുന്നത്. 2014-ല്‍ ഉക്രയ്‌നിലെ ക്രിമിയന്‍ പ്രവിശ്യ റഷ്യ പിടിച്ചെടുക്കുകയും റഷ്യയുടെ ഭാഗമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് താതാരി മുസ്‌ലിംകള്‍ ഭവനരഹിതരാവുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു.
ക്രിമിയയിലെ പ്രമുഖ എന്‍.ജി.ഒ ക്രിമിയന്‍ താതാര്‍ റിസോഴ്‌സ് സെന്റര്‍ (സി.ടി.ആര്‍.സി) പോലും റഷ്യന്‍ കൈയേറ്റത്തിനിടയില്‍ താതാരി മുസ്‌ലിംകള്‍ നേരിടേണ്ടിവന്ന ആക്രമണങ്ങളെക്കുറിച്ച് ഒരു ചെറുചിത്രം മാത്രമാണ് നല്‍കുന്നത്. ദിവസവും പോലീസ് അന്വേഷണവും അറസ്റ്റും ഇവര്‍ നേരിടുന്നതായി സി.ടി.ആര്‍.സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്രിമിയന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ജന്മദേശത്ത് സുരക്ഷയും സമാധാനവും ലഭിക്കുന്നില്ല. അവരുടെ സംസ്‌കാരവും ചരിത്രവും മായ്ച്ചുകളയാനാണ് റഷ്യന്‍ അധിനിവേശ ഭരണകൂടങ്ങള്‍ എന്നും ശ്രമിച്ചു വന്നിട്ടുള്ളത്. 
1991-ല്‍ യു.എസ്.എസ്.ആറിന്റെ പതനശേഷം താതാരികള്‍ പുനഃസംഘടിക്കുകയും മജ്‌ലിസ് എന്ന ഉന്നത പ്രതിനിധി സഭ രൂപീകരിക്കുകയും ചെയ്തിരുന്നു. ഉക്രയ്ന്‍-ക്രിമിയന്‍ ഭരണകൂടങ്ങളോടും അന്താരാഷ്ട്ര സഭകളോടും മുസ്‌ലിംകളുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടണമെന്ന് മജ്‌ലിസ് അഭ്യര്‍ഥിക്കാറുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിക്കാറില്ല. 2014 മുതല്‍ മജ്‌ലിസ് മേധാവി മുസ്ത്വഫ ഷെമിലേവിനെ ക്രിമിയയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കിയിരിക്കുകയാണ്. 
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് 2016-ല്‍ റഷ്യന്‍ സുപ്രീം കോര്‍ട്ട് മജ്‌ലിസിനെ നിരോധിക്കുകയുായി. 1991-ല്‍ യു.എസ്.എസ്.ആറിന്റെ തകര്‍ച്ചക്കു ശേഷം ക്രിമിയന്‍ മുസ്‌ലിംകള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുവരാന്‍ സാധിച്ചുവെങ്കിലും സ്വതന്ത്രമായ സാമൂഹിക, രാഷ്ട്രീയ ഇടപെടലുകള്‍ക്ക് റഷ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത പലായനത്തെ സ്മരിക്കാനായി മെയ് 18-ന് ക്രിമിയന്‍ മുസ്‌ലിംകള്‍ നടത്തിവന്ന പരിപാടികളും റഷ്യ നിരോധിക്കുകയുണ്ടായി.
ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ക്രിമിയയില്‍ ഹിതപരിശോധന നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും മുസ്‌ലിംകള്‍ ബഹിഷ്‌കരിക്കുകയാണുണ്ടായത്. യൂറോപ്യന്‍ യൂനിയന്‍, നാറ്റോ തുടങ്ങിയ അന്താരാഷ്ട്ര വേദികളും യു.എസ്, തുര്‍ക്കി പോലുള്ള നൂറിലധികം രാഷ്ട്രങ്ങളും ഹിതപരിശോധന നിയമ വിരുദ്ധമാണെന്ന് പ്രസ്താവനയിറക്കുകയും കൂട്ടിച്ചേര്‍ക്കലിന്റെ നിയമസാധുത ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഉസ്മാനി ഖിലാഫത്തിന്റെ ഭാഗമായിരുന്ന ക്രിമിയ 1770 -കളില്‍ റഷ്യന്‍ രാജ്ഞി കാതറിന്‍ കൈയേറിയത് മുതല്‍ക്കാണ് പ്രശ്‌നത്തിന്റെ തുടക്കം. 1853-'55 കാലത്തു നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ ഉസ്മാനി ഖലീഫയോട് പരാജയപ്പെട്ട സാര്‍ സാമ്രാജ്യം തങ്ങളുടെ അധികാര പരിധിയിലുള്ള തുര്‍ക്കി വംശജരോട് പ്രതികാര നടപടികള്‍ സ്വീകരിച്ചു. കമ്യൂണിസ്റ്റ് ഭരണകാലത്തും താതാരീ മുസ്‌ലിംകള്‍ ധാരാളം പീഡനങ്ങള്‍ക്ക് വിധേയരായി. 1927-ല്‍ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്‍ 40,000 താതാരികളെ സൈബീരിയന്‍ ലേബര്‍ ക്യാമ്പുകളിലേക്ക് തള്ളിവിട്ടു. 1944-ല്‍ നാസി ജര്‍മനിയുമായി സഹകരിച്ചെന്നാരോപിച്ച് താതാരി മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ക്രിമിയന്‍ പ്രവിശ്യയില്‍നിന്നും അവരെ പുറത്താക്കാന്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. 230,000-ലധികം മുസ്‌ലിംകളാണ് മധ്യേഷ്യന്‍ പ്രദേശങ്ങളിലേക്ക് നാടുകടത്തപ്പെട്ടത്. 1960-കളില്‍ നടന്ന സര്‍വേകളനുസരിച്ച് നാടുകടത്തപ്പെട്ടവരില്‍ 45 ശതമാനത്തിലധികവും പട്ടിണിയും രോഗവും കാരണത്താല്‍ മരണപ്പെടുകയാണുണ്ടായത്.
ക്രിമിയന്‍ താതാര്‍ എന്ന വംശീയ നാമത്തിനു പകരം താതാര്‍ എന്നു മാത്രം റഷ്യന്‍ ഭരണകൂടം  ഉപയോഗിക്കുന്നത് അപരവല്‍ക്കരണത്തിന്റെ ഉദാഹരണമാണെന്ന് സി.ടി.ആര്‍.സി മേധാവി എസ്‌കെന്ദര്‍ ബാരീവ് പറയുന്നു. തീവ്രവാദത്തിനു പ്രചോദനം നല്‍കുന്നു എന്ന പേരില്‍ നിരവധി ഇസ്‌ലാമിക പുസ്തകങ്ങള്‍ നിരോധിക്കുകയും താതാരി മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന ചരിത്ര പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണിപ്പോള്‍. തീവ്രവാദ കുറ്റം ചാര്‍ത്തി മസ്ജിദുകള്‍ അടക്കുകയും മുസ്‌ലിംകളെ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളുകയുമാണെന്ന് ഉക്രയ്‌നിലെ ഇസ്‌ലാമിക കൂട്ടായ്മയായ 'ഉമ്മ'യുടെ നേതാവും മുഫ്തിയുമായ സഈദ് ഇസ്മാഗിലോവ് വ്യക്തമാക്കുന്നു.  ഖിലാഫത്ത് സ്ഥാപനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുത്തഹ്‌രീറുമായി ബന്ധപ്പെട്ടു എന്ന പേരിലും നിരവധി പേര്‍ തടവിലടക്കപ്പെടുന്നുണ്ട്.
മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പാശ്ചാത്യ രാഷ്ട്രങ്ങളും തുര്‍ക്കി വംശജരായ താതാരി മുസ്‌ലിംകള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും  റഷ്യ എല്ലാം അവഗണിക്കുകയാണ്. തൊഴില്‍ മേഖലയിലെ അസമത്വം, അവരുടെ ഭാഷക്കെതിരെയുളള നിയമ നടപടികള്‍, പത്രപ്രസിദ്ധീകരണങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ ഇവയെല്ലാം ഈ മുസ്‌ലിം വിഭാഗത്തിനെതിരെ നടക്കാനിരിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ ആദ്യപടികള്‍ മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി