Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

ഭരണം ഒരു സാമൂഹിക ഉത്തരവാദിത്തമാണ്

റാശിദ് ഗന്നൂശി

സത്യം മനസ്സിലാക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെ, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലൂടെയും അതിന്റെ ചരിത്രാനുഭവങ്ങളിലൂടെയും കടന്നുപോകുന്ന ഏതൊരു ഗവേഷകന്നും, സമഗ്ര ജീവിത വ്യവസ്ഥ എന്നതാണ് ഇസ്‌ലാമിന്റെ പ്രത്യേക പ്രകൃതം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാവുകയില്ല. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ഈ വസ്തുത ചൂണ്ടിക്കാട്ടിയിട്ടുണ്ട്: ഒരു ഭാഗത്ത് കൂടി നോക്കിയാല്‍ ഇസ്‌ലാം ഒരു മതമാണ്; മറുഭാഗത്ത് കൂടി നോക്കിയാല്‍ അതൊരു രാഷ്ട്രമാണ്.1 ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമാണ് ഉള്ളത്. നേതാവിനെ നിശ്ചയിക്കേണ്ടതും ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിന് രൂപം നല്‍കേണ്ടതും മതപരമായ ബാധ്യതയാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം പറഞ്ഞിട്ടുള്ളത് ഒരു മുഅ്തസിലി പണ്ഡിതനും ഖവാരിജുകളില്‍ ചെറിയൊരു വിഭാഗവും മാത്രമാണ്. അവരുടെ നോട്ടത്തില്‍ ഇമാമിനെ നിശ്ചയിക്കലും ഇസ്‌ലാമിക രാഷ്ട്ര സംവിധാനമുണ്ടാക്കലും മതപരമായ ബാധ്യതയല്ല. അതൊരു നിയമാനുസൃത താല്‍പര്യം മാത്രമാണ്. അതെത്രത്തോളം ആവശ്യമുണ്ട് എന്ന് നോക്കിയായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. നേതാവും നേതൃത്വവുമൊന്നും ഇല്ലാതെ തന്നെ നീതി പുലരുന്നുവെങ്കില്‍ പിന്നെ അതിന്റെയൊന്നും ആവശ്യമില്ല എന്ന നിലപാടാണ് അവര്‍ക്ക്. എന്നാല്‍ മുസ്‌ലിം നാടുകളില്‍ പാശ്ചാത്യ അധിനിവേശം നടന്നതിനു ശേഷമുള്ള ആധുനിക യുഗത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മുസ്‌ലിംകളില്‍ പലരും രാഷ്ട്രത്തെ മതത്തില്‍നിന്ന് വേര്‍പ്പെടുത്തി കാണുന്നവരാണ്. ഇസ്‌ലാമും അതിന്റെ രാഷ്ട്രീയവുമാണ് എല്ലാ പതനത്തിനും കാരണമെന്ന് അവര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നു മാത്രമല്ല, പരമ്പരാഗത ഇസ്‌ലാമിക സ്ഥാപനങ്ങളില്‍നിന്നു വരെ ഈ സെക്യുലര്‍ വീക്ഷണഗതി പുലര്‍ത്തുന്നവര്‍ രംഗത്തു വരികയുണ്ടായി. അവരിലൊരാളാണ് അല്‍ അസ്ഹറില്‍ പഠിച്ച ഈജിപ്തുകാരനായ അലി അബ്ദുര്‍റാസിഖ്. അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാല്‍ഭാഗത്തിനൊടുവില്‍ എഴുതിയ അല്‍ ഇസ്‌ലാമു വ ഉസ്വൂലുല്‍ ഹുകും (ഇസ്‌ലാമും ഭരണതത്ത്വങ്ങളും) എന്ന കൃതിക്ക് വലിയ പ്രചാരം സിദ്ധിക്കുകയുണ്ടായി. ഇസ്‌ലാമില്‍ രാഷ്ട്രസങ്കല്‍പം തന്നെയില്ല എന്നാണ് ആ കൃതി വാദിച്ചത്. മുഹമ്മദ് നബി, മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരെ പോലെ കേവലം സന്ദേശപ്രചാരകന്‍ മാത്രമായിരുന്നു എന്നും വാദിച്ചു. ഖിലാഫത്ത്, ഭരണം എന്നൊക്കെപ്പറയുന്നത് അതത് സന്ദര്‍ഭങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉണ്ടായിവന്നതാണ്. അതിന് ദീനുമായി യാതൊരു ബന്ധവുമില്ല. അങ്ങനെയൊരു ആവശ്യവും ഉയര്‍ന്നുവരുന്നില്ല.2
പുസ്തകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രശംസിച്ചും നൃശംസിച്ചുമൊക്കെ ധാരാളം പേര്‍ രംഗത്തെത്തി. പുസ്തകത്തെ ചുറ്റിപ്പറ്റിയുള്ള ഈ ബഹളങ്ങള്‍ പിന്നീട് കെട്ടടങ്ങുകയുണ്ടായി. പൊലിമ നഷ്ടപ്പെടുകയും ചെയ്തു ആ പുസ്തകത്തിന്. കാരണം അത്രക്ക് രൂക്ഷമായിരുന്നു ഔദ്യോഗിക മതസ്ഥാപനങ്ങളില്‍നിന്ന് അതിനെതിരെയും അതിന്റെ കര്‍ത്താവിനെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
എന്നാല്‍ വിമര്‍ശനത്തില്‍ പങ്കാളികളായ പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവയെ നയിക്കുന്ന ചിന്തകരും പുസ്തക വിമര്‍ശത്തിലും അത് മുന്നോട്ടുവെക്കുന്ന തെളിവുകളെ പൊളിച്ചടുക്കുന്നതിലും ഉസ്മാനിയ ഖിലാഫത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങളെക്കൂടി ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഗൂഢനീക്കങ്ങളിലൊന്നായി ഈ പുസ്തക രചനയെ കാണുന്നതിലും ഒതുങ്ങിനിന്നില്ല. അവിടെ നിന്നും മുന്നോട്ടു പോയി, ഇസ്‌ലാമിക ഭരണവ്യവസ്ഥയുടെ മേന്മകളും മറ്റു വ്യവസ്ഥകളേക്കാള്‍ അതിനുള്ള പ്രത്യേകതകളും അവര്‍ എടുത്തുകാട്ടി. മറുവശത്ത്, ഇസ്‌ലാമിക രാഷ്ട്ര പുനഃസ്ഥാപനം ലക്ഷ്യം വെക്കുന്ന സംഘങ്ങളും സംഘടനകളും ഉയര്‍ന്നുവരികയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ ഈജിപ്തിലും അതേ മാതൃകയില്‍ മറ്റിടങ്ങളിലുമുണ്ടായ ഇസ്‌ലാമിക നവോത്ഥാന യത്‌നങ്ങള്‍ അബ്ദുര്‍റാസിഖിന്റെ ചിന്തകളില്‍നിന്ന് ഊര്‍ജം വലിച്ചെടുത്ത ലിബറല്‍, അള്‍ട്രാ സെക്യുലര്‍, മാര്‍ക്‌സിയന്‍, ദേശീയവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ കൂടിയായിരുന്നു. പാശ്ചാത്യരുമായി ബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ തുനീഷ്യയിലും ഇന്ത്യയിലുമൊക്കെ ഈ മത-രാഷ്ട്രീയ വിഭജനത്തെ സഹായിക്കുന്ന കൂട്ടാളികളും ഉണ്ടായിരുന്നു. പശ്ചിമേഷ്യയിലും മറ്റും അധികാരത്തില്‍ വന്ന ഏതാണ്ടെല്ലാ ഭരണകൂടങ്ങളും ഈ അബ്ദുര്‍റാസിഖിയന്‍ ചിന്തകളാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്തിരുന്നു. അത്തരം അള്‍ട്രാ സെക്യുലര്‍ വ്യാഖ്യാനങ്ങളില്‍നിന്ന് ഇസ്‌ലാമിന് സംരക്ഷണമൊരുക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മറുവശത്തും അണിനിരന്നു. പാശ്ചാത്യ ആശയങ്ങള്‍ക്ക് വിധേയപ്പെട്ടവരും, ഇസ്‌ലാമിക സമൂഹത്തിന് സ്വതന്ത്രമായ അസ്തിത്വവും നിലപാടുകളുമുണ്ടെന്ന് വാദിക്കുന്നവരും തമ്മിലുള്ള ആശയസമരം. ഇതില്‍, ഇസ്‌ലാമും രാഷ്ട്രീയവും അവിഭാജ്യമാണ് എന്ന് വാദിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി സമര്‍പ്പിച്ച തെളിവുകള്‍ ഇവയായിരുന്നു:

1. ചരിത്ര സാക്ഷ്യം
മക്കയില്‍നിന്ന് പലായനം ചെയ്ത് പ്രവാചകന്‍ മദീനയിലെത്തിയ ശേഷം, അദ്ദേഹം അവിടെ ഒരു രാഷ്ട്രീയ സമൂഹത്തിന് രൂപം നല്‍കുകയും ഏക നേതൃത്വത്തിനു കീഴില്‍ സ്വന്തമായ നിയമവ്യവസ്ഥകള്‍ പുലരുന്ന വിധത്തില്‍ ഒരു ഭൂപ്രദേശത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്തു എന്ന വസ്തുത ഒരാള്‍ക്കും നിഷേധിക്കാനാവുകയില്ല. പൊതുവായ കരാറുകളാലും ലക്ഷ്യങ്ങളാലും ബന്ധിതമായിരുന്നു ആ സമൂഹത്തിലെ വ്യക്തികള്‍.  പ്രതിരോധം, നീതിന്യായം, കരാറുകളില്‍ ഒപ്പിടല്‍, മറ്റു നാടുകളിലേക്ക് അംബാസഡര്‍മാരെ അയക്കല്‍ തുടങ്ങി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ എല്ലാ ധര്‍മങ്ങളും ആ ഭരണസംവിധാനവും നിറവേറ്റിയിരുന്നു. ആ രാഷ്ട്ര സംവിധാനത്തിന്റെ പരമാധികാരം അല്ലാഹുവിനും അവന്റെ ദൂതന്നും (ഖുര്‍ആനിനും നബിചര്യക്കും) ആണെന്ന കാര്യത്തില്‍ ആ സമൂഹത്തിലെ ഒരാള്‍ക്കും സംശയമുണ്ടായിരുന്നില്ല. നിയമാവിഷ്‌കാരത്തിന്റെ മൂന്നാമത്തെ സ്രോതസ്സ് ഇജ്തിഹാദുമായിരുന്നു. ആ ഇജ്തിഹാദ്/ ഗവേഷണം മേല്‍കൊടുത്ത ര് മൗലിക പ്രമാണങ്ങളെ ആസ്പദിച്ചും ആയിരുന്നു.

2. സമവായ സാക്ഷ്യം
സമവായം എന്നാല്‍ ഇജ്മാഅ്, ഓരോ കാലത്തെയും പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം. നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലോ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന കാര്യത്തിലോ ഒരുകാലത്തും പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ല. 'ഏതൊന്നിനാല്‍ ഒരു നിര്‍ബന്ധ ബാധ്യത പൂര്‍ത്തീകരിക്കപ്പെടുന്നില്ലയോ, അതും നിര്‍ബന്ധമാണ്' എന്നാണ് അവര്‍ ആവിഷ്‌കരിച്ച തത്ത്വം. അല്ലാഹു ഒരു നിയമവ്യവസ്ഥ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കലും അവരുടെ ബാധ്യതയാണല്ലോ. അതിന് ശ്രമിച്ചില്ലെങ്കില്‍ അവര്‍ കുറ്റക്കാരാവും. സ്വതന്ത്ര ഭൂമിയില്‍, സ്വതന്ത്ര ഭരണത്തില്‍ കഴിയുന്ന ഒരു രാഷ്ട്രീയ സമൂഹത്തിനു മാത്രമേ ആ നിയമവ്യവസ്ഥ നടപ്പാക്കാന്‍ കഴിയൂ. ഇങ്ങനെയൊരു ഇസ്‌ലാമിക ഭരണസംവിധാനത്തിന് വേണ്ടി തങ്ങള്‍ക്കാവുംവിധം പ്രയത്‌നിച്ചില്ലെങ്കില്‍ മൊത്തം മുസ്‌ലിം സമൂഹവും കുറ്റക്കാരായിത്തീരും.
ഇത് മനസ്സിലാവണമെങ്കില്‍ ശരീഅത്ത് എന്താണെന്ന ധാരണ വേണം. അത് മനുഷ്യജീവിതത്തിന്റെ സാമ്പത്തികവും സാമൂഹികവും ധാര്‍മികവും രാഷ്ട്രീയവും മറ്റുമായ സകല മേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ഒന്നാണ്. അതില്‍ അന്താരാഷ്ട്ര ബന്ധങ്ങളു്, ശിക്ഷാ നിയമങ്ങളുണ്ട്. സമത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നും കൂടിയാലോചനയിലൂടെ മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ എന്നും അത് ആജ്ഞാപിക്കുന്നു. ദുര്‍ബലരെ സംരക്ഷിക്കാനും വിതരണ നീതി ഉറപ്പാക്കാനും ആ ശരീഅത്തില്‍ സംവിധാനമുണ്ട്. ഭരണാധികാരി നീതിക്കു വേണ്ടി നിലകൊള്ളുമ്പോള്‍ അദ്ദേഹത്തെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് പൊതുസമൂഹം. അവര്‍ നന്മക്കു വേണ്ടി നിലകൊള്ളുകയും തിന്മകളെ തടയുകയും വേണം. സകല അഴിമതി-കുംഭകോണങ്ങളും തടയാന്‍ അതില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇസ്‌ലാമിക സമൂഹത്തെ ശത്രുക്കളില്‍നിന്ന് രക്ഷിക്കാനുള്ള പ്രതിരോധ മുന്നൊരുക്കങ്ങളുണ്ട്. ഏതു മാര്‍ഗം തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം ആ നിയമവ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും നല്‍കും. ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ഈ മേന്മകള്‍ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും. കുടുംബം ചിട്ടപ്പെടുത്താന്‍ ഇതിനോളം മെച്ചമായ മറ്റൊന്നുമില്ല. അതിനൊരു അന്താരാഷ്ട്ര നിയമവ്യവസ്ഥയുണ്ട്, വിദ്യാഭ്യാസ സംവിധാനമുണ്ട്, ശിക്ഷാ വിധികളുണ്ട്. യാതൊരു ധാര്‍മിക ബോധവുമില്ലാത്ത ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ആധിപത്യം വാഴുന്ന ഒരു രാഷ്ട്രീയ ക്രമത്തില്‍ ഈ ഇസ്‌ലാമിക നിയമവ്യവസ്ഥ സ്വയം നടപ്പായിക്കൊള്ളും എന്ന് വിശ്വസിക്കുന്നവനെ പടുവിഡ്ഢി എന്നല്ലാതെ മറ്റെന്താണ് പറയുക! ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത് പാശ്ചാത്യ ധൈഷണിക യുദ്ധത്തിന്റെ ഇരകളുടെ മനസ്സിലാണ്. ഇവര്‍ പിശാചിന്റെ മറിമായങ്ങളില്‍ പെട്ടിരിക്കുന്നു. നവ പരിത്യാഗം എന്നേ ഇതിനെപ്പറ്റി പറയാനാകൂ.3

3. സാമൂഹികാധികാരം
സംഘവും സംഘബോധവുമുണ്ടെങ്കിലേ മനുഷ്യന്റെ നിലനില്‍പും പുരോഗതിയും സാധ്യമാവുകയുള്ളൂ. ആ സാമൂഹികത യാഥാര്‍ഥ്യമാവണമെങ്കില്‍ നീതി സ്ഥാപിക്കാനുള്ള അധികാരം സമൂഹത്തിന് ലഭ്യമായിരിക്കണം. നീതി സ്ഥാപിക്കാനുള്ള നിയമസംവിധാനത്തിന്റെ പേരാണല്ലോ ശരീഅത്ത്. പക്ഷേ ഈ അധികാരം നിങ്ങള്‍ നേടിയെടുക്കണം എന്ന മട്ടിലുള്ള വ്യക്തമായ ശാസനകളൊന്നും നിങ്ങള്‍ കണ്ടില്ലെങ്കില്‍ അത് നേടിയെടുക്കുക ഇസ്‌ലാമിന്റെ ലക്ഷ്യമല്ല എന്ന് മനസ്സിലാക്കിപ്പോകരുത്. അതങ്ങനെ എടുത്തു പറയേണ്ട കാര്യമില്ല എന്നതാണ് സത്യം. കാരണം ഏതൊരു തരത്തിലുള്ള സാമൂഹിക സംവിധാനവും നിലനില്‍ക്കണമെങ്കിലും അധികാരം ഉണ്ടായേ പറ്റൂ. അതൊരു പ്രകൃതി നിയമമാണ്. ഈ അധികാരം അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ധര്‍മങ്ങളില്‍നിന്ന് -നീതി സംസ്ഥാപനം, ശൂറാ സംവിധാനം, സമഭാവന, നന്മ കല്‍പിക്കലും തിന്മ തടയലും, ധനം എല്ലാവരിലുമെത്തല്‍, ഭരണാധികാരിയുടെ അന്യായമായ ധനവിനിയോഗം തടയല്‍ പോലുള്ളവ- വഴിതെറ്റുന്നില്ലെന്ന് ഉറപ്പു വരുത്താനാണ് നിയമനിര്‍മാണം ആവശ്യമായി വരിക. പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം എല്ലാ തരത്തിലുമുള്ള ധ്വംസനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.
ഭരണ സ്ഥാപനത്തിന് ഇസ്‌ലാം കൃത്യമായ നിര്‍ദേശം നല്‍കുന്നില്ലല്ലോ എന്ന് പറയുന്നവര്‍, അതൊരു സാമൂഹികമായ അനിവാര്യതയാണെന്ന് മനസ്സിലാക്കണം. അതങ്ങനെ പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെയില്ല. ഏതെങ്കിലും തരത്തിലുള്ള ഒരു ഭരണം സമൂഹത്തില്‍ ഉണ്ടാകാതിരിക്കില്ല. അത് ചിലപ്പോള്‍ നീതിപൂര്‍വകമായിരിക്കും, ചിലപ്പോള്‍ അക്രാമകവും ഹിംസാത്മകവുമായിരിക്കും. നിങ്ങള്‍ ശ്വാസോഛ്വാസം നടത്തണം, ഭക്ഷണം കഴിക്കണം, വെള്ളം കുടിക്കണം, വിശ്രമിക്കണം എന്നൊന്നും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നില്ലല്ലോ. കാരണം അതിന്റെ ആവശ്യമില്ല. അവയൊക്കെയും പ്രകൃതിപരമായ അനിവാര്യതകളാണ്. ഇത്തരം പ്രകൃതിപരമായ അനിവാര്യതകള്‍ നിറവേറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന വഴിതെറ്റലുകള്‍ തടയുന്നതിനുള്ള നിയമാവിഷ്‌കാരങ്ങളേ വേണ്ടതുള്ളൂ. ധൂര്‍ത്ത്, പിശുക്ക്, കൈയേറ്റം, പൂഴ്ത്തിവെപ്പ് തുടങ്ങിയ തിന്മകളൊക്കെ കയറിവരാന്‍ സാധ്യതയുണ്ടല്ലോ. അതുപോലുള്ള ഒരു സാമൂഹിക അനിവാര്യതയാണ് ഭരണവും അധികാരവും. അത് നേടിയെടുക്കൂ എന്ന് പ്രത്യേകം പറയേണ്ടതായിട്ടില്ല. അധികാര ദുര്‍വിനിയോഗമുണ്ടാകുമ്പോഴാണ് ശരീഅത്ത് ഇടപെടുക.
ഭരണത്തെക്കുറിച്ച ഈ സങ്കല്‍പമാണ് സന്തുലിതമായിട്ടുള്ളത്. അതായത് അതൊരു ഒഴിച്ചുകൂടാനാവാത്ത സാമൂഹിക ബാധ്യതയാണ്. എന്നാല്‍ ഭൗതികന്മാരായ അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ പറയുക, മതത്തിനോ മുസ്‌ലിം സമൂഹത്തിനോ അങ്ങനെയൊരു സാമൂഹിക ബാധ്യത തന്നെ ഇല്ലെന്നാണ്. മറ്റൊരു തരം ആത്യന്തികവാദവുമുണ്ട്. അതു പ്രകാരം അധികാരമെന്നത് ദിവ്യ വെളിപാടുകളാല്‍ നിര്‍ണിതമായ മതകീയ ബാധ്യതയാണ്; നമസ്‌കാരം, നോമ്പ് പോലെ. ആ അധികാരവും ഭരണവും പ്രവാചക വിയോഗത്തിനു ശേഷം ആര് കൈയാളണമെന്ന ഒരു ലിസ്റ്റും അവര്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ ലിസ്റ്റ് പ്രകാരമുള്ള ആളുകളെ അധികാരികളായി കാണുക എന്നത് മതത്തിലെ മൗലിക വിശ്വാസപ്രമാണം തന്നെയാണ്; അല്ലാഹുവിലും പ്രവാചകനിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം പോലെത്തന്നെ. അധികാരം കൈയാളേണ്ടവരുടെ ഈ പട്ടിക അംഗീകരിക്കുകയല്ലാതെ മുസ്‌ലിംകള്‍ക്ക് വേറെ മാര്‍ഗമില്ല. പക്ഷേ പാരമ്പര്യമനുസരിച്ച് അധികാരം കൈയാളേണ്ടവരുടെ ലിസ്റ്റിലെ ക്രമവും ശ്രേണിയുമൊക്കെ സംബന്ധിച്ച് അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.4 അഹ്‌ലുബൈത്തിനോട്/നബി കുടുംബത്തോടുള്ള സ്‌നേഹവികാരങ്ങള്‍ പരിധികടന്ന് ഇങ്ങനെ പറയുന്ന ആളുകള്‍ വരെ അവരുടെ കൂട്ടത്തിലുണ്ട്: ''നമ്മുടെ നേതാക്കള്‍ എത്തിയ ദൈവസാമീപ്യം ദൈവദൂതനായ നബിക്കോ അല്ലാഹുവിന്റെ അടുപ്പക്കാരനായ മലക്കിനു പോലുമോ അപ്രാപ്യമാണ്.''5
ഇത്തരം ആത്യന്തികതകള്‍ നമുക്ക് മാറ്റിനിര്‍ത്താം. ഇപ്പോഴത്തെയും മുന്‍കാലങ്ങളിലെയും മുഖ്യധാരാ മുസ്‌ലിം സമൂഹം പുലര്‍ത്തിപ്പോന്ന നിലപാടാണ് സന്തുലിതവും സ്വീകാര്യവുമായിട്ടുള്ളത്. അതായത് അധികാരമെന്നത് ദീനിനും ദുന്‍യാവിനും പരിരക്ഷയാകുംവിധത്തിലുള്ള ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവര്‍ ഉദ്യോഗസ്ഥരും സമുദായത്തിന്റെ സേവകരുമായിരിക്കും.6 'ദീന്‍ അടിത്തറയും അധികാരം അതിന്റെ പാറാവുകാരനുമാണ്.'7 എല്ലാ അര്‍ഥത്തിലും അതൊരു സിവില്‍ അധികാരമായിരിക്കും. ആധുനിക ജനാധിപത്യ സംവിധാനങ്ങളില്‍നിന്ന് അത് വ്യത്യാസപ്പെടുന്നത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനായിരിക്കും എന്ന കാര്യത്തില്‍ മാത്രമാണ്. ബാക്കിയുള്ളതൊക്കെ, ഈ ദൗത്യം ഭംഗിയായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ എന്തൊക്കെ വേണോ അവയെയെല്ലാം സ്വാംശീകരിച്ചുകൊണ്ടുള്ളതായിരിക്കും.
അപ്പോള്‍ ഇസ്‌ലാം കൊണ്ടുവന്ന പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ശരീഅത്ത് എന്ന ഈ നിയമവ്യവസ്ഥയനുസരിച്ച് ഒരാള്‍ക്ക് ജീവിക്കാന്‍ (മനുഷ്യന്‍ സാമൂഹിക ജീവിയും ഇസ്‌ലാം സമഗ്ര സമ്പൂര്‍ണ ജീവിത വ്യവസ്ഥയും ആയതിനാല്‍ പ്രത്യേകിച്ചും) ഈ ഇസ്‌ലാമിക രാഷ്ട്ര സംവിധാനം കൂടാതെ കഴിയില്ല എന്നു വരുന്നു. നന്മക്കും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിന്റെ മികവുറ്റ രൂപം ആവിഷ്‌കരിക്കുക മാത്രമായിരിക്കും ഈ രാഷ്ട്രീയ സംവിധാനത്തിന്റെ ധര്‍മം. അത് ഭൂമുഖത്തുനിന്ന് തിന്മകളെ ഉന്മൂലനം ചെയ്യുകയും ചെയ്യും.8 സെക്യുലരിസത്തിന്റെ ബാനറില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ പിടിമുറുക്കിയിരിക്കുന്ന മുസ്‌ലിം ലോകത്ത് നീതിക്കു വേണ്ടി നിലകൊള്ളുന്ന, അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇത്തരമൊരു ഭരണകൂടം കൊണ്ടുവരിക എന്നത് അവരുടെ മതപരമായ ബാധ്യതയാണ്, ദേശീയവും മാനുഷികവും തന്ത്രപരവുമായ താല്‍പര്യവുമാണത്. കാരണം അത്തരമൊരു ഭരണകൂടം നിലവില്‍വന്നില്ലെങ്കില്‍ നീതി, സ്വാതന്ത്ര്യം, ഐക്യം, സുരക്ഷ, പുരോഗതി, സമാധാനം തുടങ്ങി അതിന്റെ സകല നന്മകളുമാണ് സമൂഹത്തിന് നിഷേധിക്കപ്പെടുക.


കുറിപ്പുകള്‍
1. മുഹമ്മദ് ഇഖ്ബാല്‍- തജ്ദീദുത്തഫ്കീരിദ്ദീനി ഫില്‍ ഇസ്‌ലാം (ഇംഗ്ലീഷില്‍നിന്ന് അബ്ബാസ് മഹ്മൂദ് പരിഭാഷപ്പെടുത്തിയത്) ബൈറൂത്ത്, ദാറു ആസിയ, 1985.
2. മുഹമ്മദ് ഇമാറ- അലി അബ്ദുര്‍റാസിഖ്, അല്‍ ഇസ്‌ലാമു വ ഉസ്വൂലുല്‍ ഹുകും, ദിറാസതുന്‍ വ വസാഇഖ് (ബൈറൂത്ത്-1988), മുഹമ്മദ് ഇമാറ- മഅ്‌റകത്തുല്‍ ഇസ്‌ലാം വ ഉസ്വൂലുല്‍ ഹുകും (കയ്‌റോ, 1989).
3. ഈ വിഷയത്തില്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്‌വി ചെറിയൊരു പുസ്തകം എഴുതിയിട്ടുണ്ട്, 'രിദ്ദതുന്‍ വലാ അബാബകറ ലഹാ' എന്ന പേരില്‍. അതില്‍ അദ്ദേഹം എഴുതുന്നു: ''അപ്പോള്‍ ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് രംഗത്തു വന്ന മതപരിത്യാഗികളില്‍ മഹാ ഭൂരിപക്ഷവും ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെയോ ആരാധനാ ക്രമങ്ങളെയോ നിരാകരിക്കുന്നവരായിരുന്നില്ല. ഒരു കേന്ദ്ര ഭരണത്തിനു വിധേയപ്പെടണം എന്ന രാഷ്ട്രീയമായ സാമൂഹിക വശത്തെയാണ് അവര്‍ നിരാകരിച്ചത്. സകാത്ത് പിരിച്ചെടുക്കലൊക്കെ ആ കേന്ദ്രാധികാരത്തില്‍പെട്ടതാണ്. ഇസ്‌ലാമിക വിശ്വാസത്തെ ചോദ്യം ചെയ്യാത്ത, നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്ന ഇവരോട് യുദ്ധം ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിനു വരെ സംശയമുണ്ടായി. പക്ഷേ അബൂബക്ര്‍ സിദ്ദീഖിന്റെ നിലപാട് വളരെ കൃത്യവും വ്യക്തവുമായിരുന്നു: നമസ്‌കാരം പോലെ സകാത്തും വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. സകാത്ത് നല്‍കില്ലെന്ന് പറഞ്ഞാലും അത് വിശ്വാസത്തെ തള്ളിപ്പറയലാകും... 'നമസ്‌കാരത്തെയും സകാത്തിനെയും വേര്‍പ്പെടുത്തുന്നവരോട് ഞാന്‍ യുദ്ധം ചെയ്യും' എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ആയുധമെടുത്ത ആദ്യത്തെ 'സെക്യുലര്‍' കലാപത്തിനാണ് അങ്ങനെ അദ്ദേഹം അന്ത്യം കുറിച്ചത്. ഇവരുയര്‍ത്തിയ ആശയത്തിനെതിരായല്ല (അതിനെ ആശയപരമായിത്തന്നെ നേരിടാന്‍ കഴിയുമായിരുന്നു), നിയമാനുസൃത ഭരണകൂടത്തിനെതിരെ അവരുയര്‍ത്തിയ കലാപത്തിനെതിരെയാണ് ഒന്നാം ഖലീഫ ആയുധമെടുത്തത്.''
4. ഈ പട്ടിക തയാറാക്കുന്നതില്‍ മാത്രമല്ല, അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്ന കാര്യത്തിലും ശീഈകളിലെ ഇമാമി, സൈദി, ഇസ്മാഈലി വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ട്.
5. ഇമാം പാപസുരക്ഷിതനാണ് (വിലായത്തുല്‍ ഫഖീഹ്) എന്ന വാദം ശീഈ ചിന്താ മേഖലയില്‍ പ്രബലമാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരും അവരില്‍ തന്നെയുണ്ട്. ഇമാമിന്/ നേതാവിന് പാപസുരക്ഷിതത്വം അനുവദിച്ചുകൊടുക്കുന്നതിലൂടെ സമൂഹത്തിനുള്ള അധികാരമാണ് റദ്ദു ചെയ്യപ്പെടുന്നത്. അത് സ്വേഛാധിപത്യത്തെ ന്യായീകരിക്കുന്നതില്‍ വരെ ചെന്നെത്താം. ഇസ്‌ലാമിലെ അധികാര ഘടന ഇങ്ങനെയുള്ള ഒരു വിശുദ്ധിയും ഇമാമുകള്‍ക്ക് അനുവദിച്ചുകൊടുക്കുന്ന തരത്തിലുള്ളതല്ല.
6. ഇമാം എന്നു പറഞ്ഞാലും ഖലീഫ എന്നു പറഞ്ഞാലും ഒരു തരത്തിലുള്ള സവിശേഷ പരിശുദ്ധിയും ഇസ്‌ലാം ആ വ്യക്തിക്ക് പതിച്ചുനല്‍കുന്നില്ല. മുസ്‌ലിം സമൂഹത്തിലാണ് വിശുദ്ധിയും എല്ലാ നിയമാനുസൃത അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത്. രിദ്‌വാന്‍ സയ്യിദിന്റെ 'റുഅ്‌യതുല്‍ ഖിലാഫ വ ബുന്‍യതുദ്ദൗല ഫില്‍ ഇസ്‌ലാം' എന്ന കൃതി കാണുക.
7. ഇമാമത്തിന്റെ നിര്‍വചനവും പൊരുളും അറിയാന്‍ പൂര്‍വികരായ മാവര്‍ദി, അബൂയഅ്‌ല, ഇബ്‌നുതൈമിയ്യ എന്നിവരുടെയും പില്‍ക്കാലക്കാരായ ളിയാഉദ്ദീന്‍ രീസ്, ഫത്ഹി ഉസ്മാന്‍, മുഹമ്മദ് സലീം അല്‍ അവാ, മൗലാനാ മൗദൂദി എന്നിവരുടെയും കൃതികള്‍ പരിശോധിക്കുക. ഇമാം ഗസ്സാലിയുടെ ഈ പരാമര്‍ശം വന്നിട്ടുള്ളത് ഇഹ്‌യാ ഉലൂമിദ്ദീനില്‍: 'ദീന്‍ അടിത്തറയാണ്, അധികാരം കാവല്‍ക്കാരനും. അടിത്തറയില്ലാത്തത് തകരും, കാവല്‍ക്കാരനില്ലാത്തത് നഷ്ടപ്പെടും.'
8. മുഹമ്മദ് അസദ്- മിന്‍ഹാജുല്‍ ഇസ്‌ലാമി ഫില്‍ ഹുകും (മന്‍സ്വൂര്‍ മുഹമ്മദ് മാളിയുടെ അറബി പരിഭാഷ), ദാറുല്‍ ഇല്‍മ് ലില്‍ മലായീന്‍, ബൈറൂത്ത് (1975), പേജ് 70-72

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി