Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

പ്രവാസികള്‍ക്കും ഇടപെടാം, പരിസ്ഥിതി സംരക്ഷണത്തിന്

നാസര്‍ ഊരകം, ദുബൈ

കേരളത്തിലുണ്ടായ രണ്ട് തുടര്‍പ്രളയങ്ങളുടെ കാരണങ്ങള്‍ ഏറക്കുറെ ഇന്ന് എല്ലാവര്‍ക്കുമറിയാം. ആകാശത്തു നിന്ന് പെയ്തിറങ്ങുന്ന പേമാരിയെ ഉള്‍ക്കൊള്ളാന്‍ ഭൂമിയിലിടമില്ല. അശാസ്ത്രീയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും പുഴകളുടെ വീതി കുറച്ചതും തോടുകളും കനാലുകളും മണ്ണിട്ട് മൂടിയതും മലകള്‍ തുരന്നതുമെല്ലാം പ്രളയത്തിന് കാരണമായിട്ടുണ്ടെന്ന് കണ്ടുപിടിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കേണ്ട ആവശ്യമില്ല. കൊച്ചുകേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറം കെട്ടിടങ്ങള്‍ നിര്‍മിച്ചു പ്രളയം സൃഷ്ടിച്ചതില്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് നല്ല പങ്കുണ്ട്. കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികള്‍ പങ്കു വഹിച്ചതുപോലെ, തകര്‍ച്ചയിലും അവര്‍ക്കുള്ള പങ്ക് നിഷേധിച്ചുകൂടാ.
കേരളത്തില്‍ പ്രവാസികള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മറുവശമുണ്ട്. ഗള്‍ഫ് പണം ഉപയോഗിക്കുന്നതിലെ ധാരാളിത്തവും ആശ്രിതരുടെ പൊങ്ങച്ചവും ദുരന്തങ്ങളിലേക്ക് നാടിനെ എത്തിച്ചിട്ടുണ്ട്. കാര്യമായി വരുമാനമില്ലാത്ത, രണ്ടോ മൂന്നോ കുട്ടികളുള്ള പ്രവാസി കുടുംബം പണിതീര്‍ക്കുന്നത് ആഡംബര ങ്ങളുള്ള ഇരുനില മാളികകളായിരിക്കും. വരുമാനം നോക്കിയും ആവശ്യങ്ങള്‍ കണക്കിലെടുത്തും വേണം വീടുകള്‍ നിര്‍മിക്കാനെന്ന ബോധം പ്രവാസികള്‍ക്ക് പൊതുവെ ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. കൊച്ചുമുറിയില്‍ ഇരുനില കട്ടിലില്‍ കിടന്നുറങ്ങുന്നവര്‍ തന്റെ അര്‍ബാബിന്റെയോ കഫീലിന്റെയോ വീടുകളും സൗകര്യങ്ങളും സ്വപ്‌നം കാണുന്നത് നിര്‍ത്തണം. ഈ ജാഗ്രതയും മുന്‍കരുതലും ഇല്ലാത്തതിന്റെ ദുരന്തങ്ങള്‍ നാട്ടില്‍ പ്രകടമാണ്. മലപ്പുറം, ചാവക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പണിതീര്‍ന്നതും തീരാനായതും ആളില്ലാത്തതുമായ ബഹുനില കെട്ടിടങ്ങള്‍ പ്രവാസികള്‍ ഗള്‍ഫ് നഗരങ്ങള്‍ കേരളത്തിലേക്ക് പറിച്ചുനടാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളാണ്. 
കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്ക് മാറി അഞ്ച് സെന്റിലും മൂന്ന് സെന്റിലും വീടുകള്‍ പണിത്, അല്ലെങ്കില്‍ ഒരു ഏക്കര്‍ കൃഷിഭൂമിയില്‍ ബംഗ്ലാവ് പണിത്  ജലത്തിന്റെ സഞ്ചാര പാത തിരിച്ചുവിട്ടതില്‍ ഗള്‍ഫുകാരന്റെ പങ്ക് വലുതാണ്. കേരളത്തില്‍ പണിത ഫഌറ്റ് സമുച്ചയങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയിലെല്ലാം പ്രവാസികള്‍ പ്രധാന പങ്കാളികളാണ്.  ഇത്തരം പദ്ധതികളധികവും മതിയായ സാധ്യതാ പഠനമില്ലാതെ പ്രവാസികളുടെ പോക്കറ്റ് കണ്ട് ഉണ്ടാക്കിയിട്ടുള്ളവയാണ്.  ആകെയുള്ള സമ്പാദ്യം ഇത്തരം പദ്ധതികളില്‍ മുടക്കിയ പ്രവാസികള്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിട്ടുള്ളത്.
പേമാരിയാണ് പ്രളയത്തിന്റെ  മൂലകാരണം എന്നു പറഞ്ഞ് വെറുതെ കൈയും കെട്ടിയിരിക്കാന്‍ കഴിയില്ല.  ഇനിയെങ്കിലും സ്ഥിതിഗതികള്‍ ഇത്രയും ഗുരുതരമാക്കിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണം. അത് ചെയ്യാതെ  പോയാല്‍  ഭാവിതലമുറയോട് ചെയ്യുന്ന  വലിയ പാതകമായിരിക്കുമത്. പരന്നൊഴുകാന്‍ ഇപ്പോള്‍ കേരളത്തിലെ നദികള്‍ക്ക്  ഇരുകരകളുമില്ല, വെള്ളത്തിന് ചെന്നിറങ്ങാന്‍  നീര്‍ത്തടങ്ങളില്ല.  കായലുകളെല്ലാം കൈയേറിയിരിക്കുന്നു. എവിടെയും അശാസ്ത്രീയമായ നിര്‍മാണങ്ങള്‍. ഇതൊക്കെയാണ് സാദാ വെള്ളപ്പൊക്കത്തെ മഹാ പ്രളയമാക്കുന്നത്.
ഇനിയൊരു കുന്നിനു മേല്‍ കൈവെക്കാന്‍ മലയാളി മൂന്നു വട്ടം ചിന്തിക്കണം. വയല്‍ നികത്തുന്നതില്‍, പരിസ്ഥിതിലോല മേഖലയില്‍ വീടു വെക്കുന്നതില്‍, നദി കൈയേറുന്നതില്‍ ഒക്കെ ഈ മൂന്നുവട്ട ചിന്ത വേണം. കാരണം ഇനി പരിസ്ഥിതിയുടെ മേലുള്ള കടന്നുകയറ്റം ഏതോ മാധവ് ഗാഡ്ഗിലിന്റെയോ കസ്തൂരിരംഗന്റെയോ പ്രശ്നമല്ല. ഇന്ന് വെള്ളം കയറിയത് ഗാഡ്ഗിലിന്റെ വീട്ടിലല്ല, എന്റെ വീട്ടിലാണ്, മണ്ണിടിഞ്ഞു വീണത് കസ്തൂരിരംഗന്റെ വീടിന്റെ മുകളിലേക്കല്ല, എന്റെ വീടിനു മുകളിലേക്കാണ്, എന്റെ ആയുഷ്‌കാല സമ്പാദ്യമാണ് ഒലിച്ചുപോയത്. എനിക്കെങ്ങനെ ഇനി പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകും? സര്‍ക്കാറിന്റെ വികസന ആസൂത്രണങ്ങളില്‍ പരിസ്ഥിതി ആഘാതങ്ങള്‍ അതീവ ഗൗരവമായി തന്നെ പരിഗണിക്കപ്പെടണം. അത് കീഴാറ്റൂരിലെ റോഡിന്റെ കാര്യത്തിലായാലും മൂക്കുന്നിമലയിലെ പാറപൊട്ടിക്കലിലായാലും  പശ്ചിമഘട്ട സംരക്ഷണത്തിലായാലും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിലായാലും. 
ഒരു കുഴി കുത്താന്‍ പോലും ബലദിയ്യ (മുനിസിപ്പാലിറ്റി)യുടെ അനുവാദം വാങ്ങിക്കേണ്ട ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന കേരളീയര്‍ക്ക് ഇതിന്റെയൊന്നും ഗൗരവവും പ്രാധാന്യവും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. വീടിനുള്ളില്‍ ഒരു മുറി അധികം നിര്‍മിക്കണമെങ്കില്‍ പോലും ഗള്‍ഫ് നാടുകളില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം. 
ഇന്ത്യയുടെ രണ്ടര ഇരട്ടി വലിപ്പമുള്ള ആസ്‌ത്രേലിയയില്‍ കേരളത്തിലെ അത്ര ജനസംഖ്യ പോലുമില്ല, എന്നിട്ടും ഒരു നിലയുള്ള കൊച്ചു വിടുകള്‍ക്കേ അനുമതി നല്‍കൂ. ജപ്പാനില്‍ ഇടക്കിടെ ഭൂകമ്പമുണ്ടാകാറുണ്ട്, എന്നാല്‍ ആള്‍നാശം കുറവാണ്. ആളപായത്തെ ചെറുക്കുന്ന വീടുകളാണവിടെ നിര്‍മിക്കാറ്. 
മലയാളിയുടെ വലിയ വീടെന്ന സങ്കല്‍പം മാറേണ്ടിയിരിക്കുന്നു. സ്വന്തം നാട്ടിലൊരു വീടിനു പുറമെ നഗരത്തില്‍ മറ്റൊരു വീടോ ഫഌറ്റോ ഉണ്ടാക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നുണ്ട്. ഈ ഭൂമി എല്ലാവര്‍ക്കുമുള്ളതാണ്. വരും തലമുറക്കും ബാക്കി വെക്കണം. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പാമ്പുകള്‍ക്കുമെല്ലാമുള്ള ഭൂമി തകര്‍ത്ത് പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകിടം മറിച്ചാല്‍ ദൈവത്തിന്റെ ഇടപെടലുണ്ടാകും. ''മനുഷ്യന്റെ ചെയ്തികളുടെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു. തങ്ങളുടെ കര്‍മഫലം, അവര്‍ തന്നെ അനുഭവിക്കേണ്ടതിന്. അവര്‍ പുനരാലോചനക്ക് തയാറെങ്കിലോ'' (അര്‍റൂം 41). ''നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തന്ന സന്ദര്‍ഭം ഓര്‍ക്കുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങള്‍ ഉണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് വീടുകള്‍ ഉണ്ടാക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ നാശകാരികളായി ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കരുത്'' (7: 74).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി