Prabodhanm Weekly

Pages

Search

2019 സെപ്റ്റംബര്‍ 13

3117

1441 മുഹര്‍റം 13

അസം പൗരത്വപ്രശ്‌നം ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ലക്ഷ്യബോധത്തോടെ, കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് അസമിലെ പൗരത്വ രജിസ്റ്റര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. സങ്കുചിത ദേശീയതയും വംശീയ പക്ഷപാതിത്വവും സ്വാധീനം ചെലുത്തുന്ന പൗരത്വ പ്രശ്‌നത്തെ, മനുഷ്യാവകാശങ്ങളുടെയും ദേശസുരക്ഷയുടെയും സാമൂഹിക ഭദ്രതയുടെയും ഗുണാത്മക തലങ്ങളില്‍ നിന്നുകൊണ്ട് സമീപിക്കാനും നിയമപരവും സമാധാനപൂര്‍ണവുമായ വഴികളിലൂടെ ലഘൂകരിക്കുവാനുമാണ് ജമാഅത്തെ ഇസ്‌ലാമി ശ്രദ്ധിച്ചത്. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആപത്തിലേക്ക് രാജ്യം വഴുതിവീഴാതെ വേണം പ്രശ്‌നത്തില്‍ ഇടപെടാനെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രശ്‌നത്തില്‍ തല്‍പരകക്ഷികളുടെ അജണ്ടകളില്‍ അകപ്പെടാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഇസ്‌ലാമിക പ്രസ്ഥാനം പ്രതിജ്ഞാബദ്ധമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കും പോഷക സംഘടനകള്‍ക്കും പുറമെ, ബ്രഹ്മപുത്ര വാലീ സിവില്‍ സൊസൈറ്റി, ആള്‍ അസാം മൈനോറിറ്റി സ്റ്റുഡന്‍സ് യൂനിയന്‍, ടീസ്റ്റ സെറ്റല്‍വാദിന്റെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്നിവയാണ് പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ട സംഘടനകള്‍. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് നിയമപോരാട്ടങ്ങളിലാണ് ശ്രദ്ധിച്ചത്.

സുദീര്‍ഘമായ ചരിത്ര ഘട്ടങ്ങള്‍

അസമിലെ ശരിയായ ഇന്ത്യക്കാരെ രേഖപ്പെടുത്തുന്ന ഔദ്യോഗിക റജിസ്റ്ററാണ് ദേശീയ പൗരത്വ രേഖ (The National Register of Citizens). 1951-ലാണ് അസമില്‍ ആദ്യമായി ഇത്തരമൊരു പൗരത്വ രജിസ്റ്റര്‍ തയാറാക്കപ്പെടുന്നത്. അന്നത്തെ റജിസ്റ്ററില്‍ ഉള്‍പ്പെട്ടവരും, 1971 മാര്‍ച്ച് 24-ന് അര്‍ധരാത്രി വരെ ഏതെങ്കിലും തെരഞ്ഞെടുപ്പ് രേഖയില്‍ (Electoral Rolls)  ഉള്ളവരും, 1971 മാര്‍ച്ച് 24-നു അര്‍ധരാത്രി വരെ മറ്റു അംഗീകൃത രേഖകള്‍ കൈവശമുള്ളവരുമായ, ഇതേ തീയതിക്ക് അസമിലോ, ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്തോ ജീവിച്ചിരുന്നുവെന്ന് തെളിയിക്കപ്പെട്ടവരുമാണ് ഇപ്പോള്‍ നവീകരിച്ച് പുറത്തിറക്കിയ പൗരത്വ രേഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രേഖകളിലെ പ്രശ്‌നങ്ങളും മറ്റും കാരണം 19,06,657 പേര്‍ പട്ടികയില്‍നിന്ന് പുറത്താണ്. അവര്‍ക്ക് ഇനിയും പരാതികള്‍ നല്‍കാനും രേഖകള്‍ സമര്‍പ്പിക്കാനും കോടതികളെ സമീപിക്കാനും അവസരമുണ്ട്. 
സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 2015-ലാണ് ഇപ്പോള്‍ ചര്‍ച്ചയായ എന്‍.ആര്‍.സി പരിഷ്‌കരണം ആരംഭിച്ചത്. ഇതിനായി സുപ്രീം കോടതി പ്രൊജക്ട് ഓഫീസറെയും നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കുകയുണ്ടായി. പൗരത്വ റജിസ്റ്റര്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ പ്രഖ്യാപനത്തോടു കൂടിത്തന്നെ ദേശീയ ശ്രദ്ധ അസമിലേക്ക് തിരിഞ്ഞിരുന്നു. 1955-ലെ പൗരത്വ നിയമം (ഇശശ്വേലിവെശു അര)േ, 2003-ലെ പൗരത്വ ചട്ടങ്ങള്‍ (ഇശശ്വേലിവെശു ഞൗഹല)െ എന്നിവയനുസരിച്ചാണ് പൗരത്വ ലിസ്റ്റില്‍  പരിഷ്‌കരണങ്ങള്‍ നടക്കുന്നത്. 2003-ലെ പൗരത്വ ചട്ടങ്ങളില്‍ 2009-ലും 2010-ലും ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2017 ഡിസംബര്‍ 31-ന് എന്‍.ആര്‍.സി ഭാഗികമായും 2018 ജൂലൈ 30-നു പൂര്‍ണമായും പ്രസിദ്ധീകരിക്കപ്പെട്ടു. 3.29 കോടി അപേക്ഷകരില്‍നിന്ന്  1,90,10,932 പേരാണ് ഭാഗിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. സമ്പൂര്‍ണ ലിസ്റ്റില്‍ 2,89,83,677 ഉള്‍പ്പെടുകയും 40,70,707 പേര്‍ പുറത്താവുകയും ചെയ്തു. ഈ പ്രാഥമിക പൗരത്വ പട്ടിക പുറത്ത് വന്നതുമുതലാണ് ഇത് അതീവ ഗൗരവമുള്ള പ്രശ്‌നമായി വളര്‍ന്നത്.  2019 ആഗസ്റ്റ് 31-നു പ്രസിദ്ധീകരിക്കപ്പെട്ട അന്തിമ ലിസ്റ്റ് പ്രകാരം 19,06,657 പേരാണ് പൗരത്വ രേഖയില്‍നിന്ന് പുറത്ത് നില്‍ക്കുന്നത്. പുറത്തായവരില്‍ പല മതവിഭാഗക്കാരുമുണ്ട്.
അന്തിമ പൗരത്വ റജിസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ഒരര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്ക് ആശ്വാസവും സമാധാനവും ലഭിക്കുകയാണുണ്ടായത്; ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെ വേദനകളും വേവലാതികളും നിലനില്‍ക്കെത്തന്നെ. അസം, ബംഗ്ലാദേശി മുസ്‌ലിം കുടിയേറ്റക്കാരാല്‍  നിറഞ്ഞിരിക്കുന്നു, വിഭവങ്ങളുടെ വലിയൊരു പങ്കും അവരാണ് ഉപയോഗിക്കുന്നത്, അവരുടെ ജനസംഖ്യാ വര്‍ധനവ് വോട്ടിംഗിലും മറ്റു പല നിലക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, അനധികൃത കുടിയേറ്റക്കാരായ അരക്കോടി മുസ്‌ലിംകളെയെങ്കിലും ഇന്ത്യയില്‍നിന്ന് പുറത്താക്കാനുണ്ടാകും തുടങ്ങിയ ദുഷ്പ്രചാരണങ്ങള്‍ നടത്തി വര്‍ഗീയത വളര്‍ത്തിയവര്‍ക്ക്  അന്തിമ ലിസ്റ്റ് കനത്ത തിരിച്ചടിയാണ്. മല മുഴുവന്‍ ഇളക്കി മറിച്ചിട്ടും കിട്ടിയത് ഒരു എലിയെ എന്ന് പറയും പോലെ, ലിസ്റ്റില്‍നിന്ന് പുറത്തായത് 19,06,657 പേര്‍ മാത്രം. ഇതില്‍ ഭൂരിപക്ഷവും മുസ്‌ലിംകളല്ല. അവശേഷിക്കുന്നവര്‍ക്ക് പലതരം നിയമവഴികള്‍ ഇനിയും തുറന്ന് കിടപ്പുമുണ്ട്. അതുവഴി കുറേ പേര്‍ ഇനിയും ലിസ്റ്റില്‍ ഉള്‍പ്പെടാവുന്നതാണ്. പക്ഷേ, ഇന്ത്യയെന്ന നമ്മുടെ രാജ്യത്ത് പാരമ്പര്യമായിത്തന്നെ ജനിച്ചു വളര്‍ന്നവര്‍, ഒരുനാള്‍ ഇന്ത്യക്കാരനല്ലാതാവുകയും സ്വന്തം രാജ്യം എന്ന മണ്ണ് ഇല്ലാതാവുകയും ചെയ്യുന്ന ദുരന്തം ചിലപ്പോള്‍ മരണത്തേക്കാള്‍ ഭയാനകമായേക്കും.

ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുകള്‍

മൗലികാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അഖിലേന്ത്യാ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി,  സുപ്രീം കോടതി ഉത്തരവ് വന്നതുമുതല്‍ തന്നെ വിഷയം ഗൗരവത്തില്‍ എടുക്കുകയുണ്ടായി. അസമിലെ മനുഷ്യാവകാശ കൂട്ടായ്മകള്‍, നിയമവിദഗ്ധര്‍, സന്നദ്ധ സംഘങ്ങള്‍ തുടങ്ങിയവരുമായി ഇതു സംബബന്ധിച്ച് ജമാഅത്ത് കൂടിയാലോചനകള്‍ നടത്തി. ദല്‍ഹി ആസ്ഥാനമായി, വിഷന്‍ 2016-2026 സാമൂഹിക ശാക്തീകരണ പദ്ധതികള്‍ക്ക് നേത്യത്വം നല്‍കുന്ന ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ അനുബന്ധ വേദിയായ എ.പി.സി.ആറുമായി സഹകരിച്ചു കൊണ്ടാണ് പ്രയോഗതലത്തില്‍ ഇടപെടലുകള്‍ നടത്തിയത്. ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒയും സജീവ പങ്കാളികളാവുകയുണ്ടായി. നിയമപരമായ രേഖകള്‍ ശരിപ്പെടുത്തല്‍, വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി രംഗത്തിറക്കല്‍, ജനങ്ങളുടെ സംശയ നിവാരണം, ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളില്‍ രേഖകള്‍ സമര്‍പ്പിക്കല്‍, ദേശീയ പൗരത്വ റജിസ്റ്റര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ തുടങ്ങി ബഹുമുഖ സ്വഭാവത്തിലുള്ളതായിരുന്നു ജമാഅത്ത് ആവിഷ്‌കരിച്ച പ്രവര്‍ത്തനങ്ങള്‍. നിയപരമായ ഉപദേശങ്ങളും സഹായങ്ങളുമായിരുന്നു ഇതില്‍ പ്രധാനം. പ്രാഥമിക പൗരത്വ പട്ടികയില്‍നിന്ന് 40 ലക്ഷത്തിലേറെ പേര്‍ പുറത്തായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കുറേക്കൂടി ഗുരുതരമാണെന്ന് മനസ്സിലാക്കി ഇടപെടലുകള്‍ക്ക് വേഗതയും ജാഗ്രതയും വര്‍ധിപ്പിക്കുകയും ചെയ്തു. 
'യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാര്‍ മുഴുവനായും മതം, സമുദായം, ജാതി വിവേചനമില്ലാതെ പൗരത്വ രേഖയില്‍ ഉള്‍പ്പെടാനാവശ്യമായ നടപടികളും സഹായങ്ങളുമാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്തിട്ടുള്ളത്. എല്ലാ മതവിഭാഗക്കാര്‍ക്കും ജമാഅത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇതൊരു സാമുദായിക പ്രശ്‌നമല്ല, എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. പക്ഷേ, ബി.ജെ.പിയും തല്‍പരകക്ഷികളും ഇതിനെ സാമുദായികമാക്കി മാറ്റുകയാണുണ്ടായത്. അതിര്‍ത്തി കടന്ന് വരുന്നവരിലും പോകുന്നവരിലും എല്ലാ മതക്കാരുമുണ്ട്. പക്ഷേ, ഇങ്ങോട്ട് വന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇവിടെ പൗരത്വം നല്‍കാമെന്നും മുസ്‌ലിംകള്‍ക്ക് മറ്റനവധി രാജ്യങ്ങളുണ്ടല്ലോ എന്നും ബി.ജെ.പി പറയുമ്പോള്‍ പൗരത്വം മതപരമായിത്തീരുന്നു. സിറ്റിസണ്‍ അമന്റ്‌മെന്റ് ബില്ല് തലക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന സാഹചര്യവുമുണ്ട്. ഒരു ദേശീയ പ്രശ്‌നത്തെ സാമുദായികമാക്കി ധ്രുവീകരണമുണ്ടാക്കുകയാണ് ബി.ജെ.പിയും അവരുടെ ഗവണ്‍മെന്റും ചെയ്യുന്നത്. അപ്പോള്‍ പ്രശ്‌നത്തെ അങ്ങനെത്തന്നെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാക്കിത്തീര്‍ക്കുകയാണ്. പൗരത്വ പ്രശ്‌നം പരമാവധി  നീതിപൂര്‍വം പരിഹരിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി തന്നെ നേരിട്ട് ഇത് കൈകാര്യം ചെയ്യുന്നത് എന്നു വേണം മനസ്സിലാക്കാന്‍. സുപ്രീം കോടതി ഇക്കാര്യം നിര്‍വഹിക്കുക സ്വാഭാവികമായും എക്‌സിക്യൂട്ടീവിനെ ഉപയോഗിച്ചുകൊണ്ടായിരിക്കും. പൗരത്വ റജിസ്റ്റര്‍ നവീകരണ പ്രൊജക്ടിന്റെ ഉയര്‍ന്ന തസ്തികകളില്‍ കോടതി നിയമിച്ചിട്ടുള്ളതും പൊതുവില്‍ പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുന്നവരെയാണ്. എന്നാല്‍, ട്രൈബ്യൂണലുകള്‍ ഉള്‍പ്പെടെയുള്ള താഴെ തട്ടുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും അവസ്ഥ ഇതാകണമെന്നില്ല. ബോധപൂര്‍വം തെറ്റുകള്‍ വരുത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടാകും. ലിസ്റ്റില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. എങ്കിലും സുപ്രീം കോടതിയുടെ മേല്‍നോട്ടവും വ്യവസ്ഥകളും പ്രശ്‌നങ്ങള്‍ പരമാവധി കുറക്കാന്‍ സഹായകമായിത്തീര്‍ന്നിട്ടുണ്ട്'- ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറയുന്നു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതൃത്വം, എ.പി.സി.ആര്‍ കേന്ദ്ര നേതൃത്വവും അസം ചാപ്റ്ററും, ജമാഅത്തിന്റെ അസം- കേരള സംസ്ഥാന ഘടകങ്ങള്‍, നിയമവിദഗ്ധര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളിലൂടെയും ആസൂത്രണങ്ങളിലൂടെയും ഇടപെടലുകളില്‍ നേതൃപരമായ പങ്ക് വഹിക്കുകയുണ്ടായി. അന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വൈസ് പ്രസിഡന്റും എ.പി.സി.ആറിന്റെ സെക്രട്ടറിയുമായിരുന്ന ടി. ആരിഫലിയുടെ നേത്യത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് തയാറാക്കിയതും നടപടികള്‍ സ്വീകരിച്ചതും. എന്‍.ആര്‍.സിക്ക് വേണ്ടിയുള്ള എ.പി.സി.ആര്‍ പ്രൊജക്ട്് കോഡിനേറ്റര്‍ ബസ് ലുല്‍ ബാസിത് ചൗധരി, അസം ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവരാണ്  പദ്ധതി നടത്തിപ്പിന് നേതൃത്വം നല്‍കിയത്. 

കര്‍മരംഗത്ത് എ.പി.സി.ആര്‍ 

ശ്രമകരമായ ദൗത്യമാണ് പൗരത്വ രേഖയുടെ കാര്യത്തില്‍ എ.പി.സി.ആര്‍ നിര്‍വഹിച്ചത്. തെരുവ് ബഹളങ്ങള്‍ കൊണ്ടോ, പ്രസംഗ പരിപാടികള്‍ കൊണ്ടോ നേടിയെടുക്കാവുന്ന കാര്യമായിരുന്നില്ല ഇത്. പ്രഥമ പൗരത്വ രേഖയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ നിരക്ഷരരും ദരിദ്രരും ഉള്‍നാടന്‍ ഗ്രാമീണരുമൊക്കെ ധാരാളം ഉണ്ടായിരുന്നു. ഇവരുടെയെല്ലാം രേഖകള്‍ ശരിപ്പെടുത്തുകയെന്ന അതീവ ദുഷ്‌കരമായ ഉത്തരവാദിത്തമാണ് എ.പി.സി.ആറിന്റെ നേതൃത്വത്തില്‍ നിര്‍വഹിച്ചത്. എ.പി.സി. ആറിന്റെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ട പതിനൊന്ന് ജില്ലകള്‍ തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തി. വിഷയത്തിന്റെ നാനാവശങ്ങള്‍ പഠിച്ച ശേഷം, മുന്നൂറോളം അംഗങ്ങളുള്ള മികച്ച ഒരു വളണ്ടിയര്‍ ടീമിനെ തയറാക്കുകയായിരുന്നു പ്രധാനപെട്ട ഒരു ചുവടുവെപ്പ്. ഈ വളണ്ടിയര്‍മാര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ പരിശീലന പരിപാടികളും വര്‍ക് ഷോപ്പുകളും സംഘടിപ്പിച്ചു. ഇത് മൂന്ന് ഘട്ടങ്ങളുള്ള  തുടര്‍പ്രക്രിയയായിരുന്നു. ആദ്യഘട്ടത്തില്‍ ഗുവാഹത്തിയിലും ബാദര്‍പൂരിലും, രണ്ടാം ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍, ഗുവാഹത്തി, ബാര്‍പ്പേട്ട, നാഗോണ്‍, ബാദര്‍പൂര്‍ എന്നിവിടങ്ങളില്‍ നടന്ന വര്‍ക്‌ഷോപ്പുകളില്‍ ക്ലാസ്സെടുക്കാന്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെത്തന്നെ സേവനം ലഭ്യമാക്കാന്‍ എ.പി.സി.ആറിന് കഴിഞ്ഞു. അസമിലെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനും ഗുവാഹത്തി ഹൈക്കോടതിയിലെ മുന്‍ ന്യായാധിപന്യമായ ജസ്റ്റിസ് ടി. ഭായ്പി, മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും എ.പി.സി.ആര്‍ പ്രസിഡന്റുമായ അഡ്വ. യൂസുഫ് ഹാതിം മുച്ചാല, എ.പി.സി.ആര്‍ നാഷ്‌നല്‍ കോഡിനേറ്ററും സുപ്രീം കോടതി അഭിഭാഷകനുമായ അബൂബക്കര്‍ സബ്ബാക്ക്, ഗുവാഹത്തി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ എച്ച്.ആര്‍.എ ചൗധരി, റിട്ട. പ്രഫസര്‍ ഡോ. അതാഉര്‍റഹ്മാന്‍, അഡ്വ. അബ്ദുര്‍റഹ്മാന്‍ സിക്ദര്‍, സാമൂഹിക പ്രവര്‍ത്തക റോസന്ന ലിങ്ങ്‌ദോ, ആര്‍.ടി.ഐ ആക്റ്റിവിസ്റ്റ് ഐ.എച്ച്. ബര്‍ബോറ, അസോസിയേഷന്‍ ഫോര്‍ സിറ്റിസണ്‍സ് റൈറ്റ്‌സ് പ്രസിഡന്റ് അബ്ദുല്‍ ബാതിന്‍ ഖണ്ടാകര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെ പരിശിലനപരിപാടികളില്‍ ക്ലാസുകള്‍ നയിക്കുകയുണ്ടായി. ഈ വര്‍ക് ഷോപ്പുകള്‍ വഴി, നിയമപ്രശ്‌നങ്ങളും ആവശ്യമായ രേഖകളുടെ ശേഖരണവും മുതല്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും വളണ്ടിയര്‍മാരെ പഠിപ്പിക്കാന്‍ സാധിച്ചു. 
2018 ജൂലൈ 30-നു പ്രസിദ്ധീകരിച്ച ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക്, അന്തിമ രേഖയില്‍ ഉള്‍പ്പെടുത്താനാവശ്യമായ വാദങ്ങളും രേഖകളും സമര്‍പ്പിക്കുന്നതില്‍ സഹായിക്കുകയാണ് ഈ വളണ്ടിയര്‍മാര്‍ പ്രധാനമായും ചെയ്തത്. 'ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വലിയ ശ്രദ്ധ കൊടുത്തുകൊണ്ട്, വീടുകള്‍ തോറും കയറിയിറങ്ങി ജനങ്ങളെ സമീപിക്കുക, കൈവശമുള്ള രേഖകള്‍ പരിശോധിക്കുക, ആവശ്യമായ മറ്റു രേഖകള്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങി തയാറാക്കുക, ഉള്ളവയുടെ തെറ്റുകള്‍ തിരുത്തി ഏകീകരിക്കുക, അപേക്ഷാഫോമുകള്‍ പൂരിപ്പിച്ച് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുക തുടങ്ങിയ ഭാരിച്ച ജോലി ഈ വളണ്ടിയര്‍മാര്‍ നിര്‍വഹിച്ചു. ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി പലതവണ വില്ലേജ് ഓഫീസിലും മറ്റും കയറിയിറങ്ങേണ്ട സാഹചര്യം എത്രയോ ഉണ്ടായിട്ടുണ്ട്! പൊതുജനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളും രേഖകളും ശേഖരിക്കലായിരുന്നു ഏറെ പ്രയാസമുണ്ടാക്കിയത്. എ.ആര്‍.എന്‍ (Application Reference Number) എന്ന ഒരു രഹസ്യ നമ്പറുണ്ട് ഓരോ അപേക്ഷകന്നും. ഇത് എ.പി.സി.ആറിന് തരാന്‍ പലരും വിസമ്മതിച്ചു. ആശങ്കകളും സംശയങ്ങളുമായിരിക്കാം കാരണം. ഈ നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് പൗരത്വം നല്‍കുന്നതിനെതിരെ പരാതി നല്‍കാനും പ്രയാസങ്ങള്‍ സൃഷ്ടിക്കാനും സാധിക്കും. അതത് പ്രദേശത്തെ പള്ളി ഇമാമുമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണവും കൗണ്‍സലിംഗും നടത്തിയാണ് ജനങ്ങളെ ഇതിന് സമ്മതിപ്പിച്ചത്. ഈ കടമ്പകളെല്ലാം എ.പി.സി.ആര്‍ വളണ്ടിയര്‍മാര്‍ ക്ഷമാപൂര്‍വം മറികടന്നു. ധാരാളം ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ആക്റ്റിവിസ്റ്റുകളും ഇക്കാര്യങ്ങളില്‍ എ.പി.സി.ആറുമായി സഹകരിക്കുകയുമുണ്ടായി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഫലം ലഭിച്ചത്'- പ്രൊജക്ട് കോഡിനേറ്റര്‍ ബസ്‌ലുല്‍ ബാസിത് ചൗധരി പറയുന്നു.
പതിനൊന്ന് ജില്ലകളിലായി 215 സഹായ കേന്ദ്രങ്ങള്‍ എ.പി.സി.ആര്‍ സ്ഥാപിക്കുകയുണ്ടായി. എന്‍.ആര്‍.സി സേവാ കേന്ദ്രങ്ങളുടെയും ചായക്കടകളുടെയും മറ്റും മുന്നിലും പൊതു സ്ഥലങ്ങളിലുമാണ് ബാനറുകള്‍ സഹിതം ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറന്നത്. ഇവിടെ സഹായം തേടിയെത്തിയത് പതിനായിരങ്ങളാണ്. പൊതുജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികളാണ് മറ്റൊന്ന്. എന്‍.ആര്‍.സിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പേടിയും നിരാശയും അകറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിപാടികള്‍ ബ്രഹ്മപുത്രയുടെ താഴ്‌വരകളിലും മറ്റും നടക്കുകയുണ്ടായി. സമൂഹ, അച്ചടി മാധ്യമങ്ങള്‍ക്ക് പുറമെ ക്ലബുകള്‍, ലൈബ്രറികള്‍, കമ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയവ ഇതിനു വേണ്ടി പ്രയോജനപ്പെടുത്തി. 2018 ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍, എന്‍.ആര്‍.സിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ മൗലികാവകാശങ്ങളെക്കുറിച്ച ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
എന്‍.ആര്‍.സി സംസ്ഥാന കോഡിനേറ്റര്‍ പരീക് ഹസേലയെ സന്ദര്‍ശിച്ച എ.പി.സി.ആര്‍ സംഘം അദ്ദേഹത്തിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയുണ്ടായി. പ്രയോഗതലത്തില്‍ അനുഭവപ്പെടുന്ന പല പ്രശ്‌നങ്ങളും സംഘം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എ.പി.സി.ആര്‍ അസം ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അഡ്വ. നസ്മുല്‍ ഇസ്ലാം മസര്‍ഭുയ, പ്രവര്‍ത്തകരായ അബ്ദുര്‍റഹ്മാന്‍, ഷഫീഖുല്‍ ഇസ്‌ലാം, ഉമര്‍ അലി അഹ്മദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ആക്റ്റിവിസ്റ്റും സംവിധായകനുമായ സുമിത്ര ദോസ്തിദാറിനെയും എ.പി.സി.ആര്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കുകയുണ്ടായി. എന്‍.ആര്‍.സി വിഷയം പ്രമേയമാക്കി സുമിത്ര ദോസ്തിദാ ഒരു ഫിലിം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
എ.പി.സി.ആര്‍ ഒരുക്കിയ എന്‍.ആര്‍.സി ഹെല്‍പ്പ് ലൈന്‍ വാട്‌സാപ്പ് ഗ്രൂപ്പ് വളണ്ടിയര്‍മാര്‍ക്ക് ഏറെ പ്രയോജനം ചെയ്തു. ഫീല്‍ഡില്‍ വെച്ചുണ്ടാകുന്ന ഏത് സംശയത്തിനും വിദഗ്ധര്‍ വഴി പെട്ടന്നു തന്നെ നിവാരണം വരുത്തുന്നതിനുള്ള സംവിധാനം ഗ്രൂപ്പില്‍ ഒരുക്കിയിരുന്നു. നിരപരാധികളായ പൗരന്മാരെ പൗരത്വ റജിസ്റ്ററിന്റെ പേരില്‍ വേട്ടയാടുന്നതിനും ഉദ്യോഗസ്ഥരില്‍ ചിലര്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനും മറ്റുമെതിരെ എ.പി.സി.ആര്‍ വിവിധ ഘട്ടങ്ങളില്‍ പത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി വിവിധ ഘട്ടങ്ങളില്‍ വിലയിരുത്തല്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ഗുവാഹത്തിയില്‍ നടന്ന ഒരു പ്രധാന വിലയിരുത്തല്‍ യോഗത്തില്‍ എ.പി.സി.ആര്‍ സെക്രട്ടറി ജനറല്‍ ടി. ആരിഫലി, ഹ്യൂമണ്‍വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ. മമ്മുണ്ണി മൗലവി, എ.പി.സി.ആര്‍ സെക്രട്ടറി മുഹമ്മദ് അഹ്മദ് , എ.പി.സി.ആര്‍ അസം ചാപ്റ്റര്‍ പ്രസിഡന്റ് ശംസ് അഹ്മദ്, ജമാഅത്തെ ഇസ്‌ലാമി നോര്‍ത്ത് ഈസ്റ്റ് സോണ്‍ ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്, എ.പി.സി.ആറിന്റെ എന്‍.ആര്‍.സി പ്രൊജക്ട് ചെയര്‍മാന്‍ അഹ്മദ് അലി തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുടെയും വളണ്ടിയര്‍മാരുടെ വിലയിരുത്തല്‍ യോഗങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു.

ഭാവി പദ്ധതികള്‍
അന്തിമ ലിസ്റ്റില്‍ വിട്ടുപോയവരെ പരിശോധിക്കുകയാണ് ഇനി പ്രധാനമായും ചെയ്യാനുള്ളത്. ഇതിനു വേണ്ടി 'പോസ്റ്റ് എന്‍.ആര്‍.സി പ്രൊജക്ട്' നേരത്തേ തന്നെ ജമാഅത്ത് തയാറാക്കിയിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരനായ ഒരാളും സാങ്കേതികവും മറ്റുമായ കാരണങ്ങളാല്‍ എന്‍.ആര്‍.സിയില്‍നിന്ന് ഒഴിവാക്കപ്പെടരുതെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് നിര്‍ബന്ധമുണ്ട്. അതിനായി, അബദ്ധങ്ങള്‍ തിരുത്തിക്കാനുള്ള  ശ്രമങ്ങളാണ് ഇനി നടക്കേണ്ടത്. ഇതിന് നിയമ പോരാട്ടം വലിയ തോതില്‍ വേണ്ടി വരും. പുറത്തായവരുടെ കൃത്യമായ വിവരശേഖരണവും എന്തുകൊണ്ട് പുറത്തായി എന്ന പരിശോധനയുമാണ് ഇതിന്റെ പ്രഥമ പടി. പലരും ലിസ്റ്റില്‍ പെടാതെ പോയത് സാങ്കേതിക കാരണങ്ങളാലാണ്.  ഇനിയും ശേഷിക്കുന്ന അവസരങ്ങളിലൂടെ അത്തരം അബദ്ധങ്ങള്‍ തിരുത്തിക്കാനാകുമെന്നാണ് ജമാഅത്തിന്റെ പ്രതീക്ഷ. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി  മലിക് മുഅ്തസിം ഖാന്‍ വരുംനാളുകളില്‍ അസം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ഭാവി പരിപാടികള്‍ ആലോചിക്കുകയും ചെയ്യുന്നു്. ഏതായിരുന്നാലും എ.പി.സി.ആര്‍ ഓഫീസിനും പ്രവര്‍ത്തകര്‍ക്കും ഇനിയും വിശ്രമമില്ലാത്ത നാളുകള്‍ തന്നെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (18-19)
ടി.കെ ഉബൈദ്‌

ഹദീസ്‌

വ്യക്തിത്വ വികാസം
അബ്ദുര്‍റശീദ് നദ്‌വി