Prabodhanm Weekly

Pages

Search

2019 ആഗസ്റ്റ് 02

3112

1440 ദുല്‍ഖഅദ് 29

സാമൂഹിക സുരക്ഷ അവകാശമാണ്

റാശിദുല്‍ ഗന്നൂശി

പാശ്ചാത്യര്‍ സാമൂഹിക സുരക്ഷിതത്വത്തെ തങ്ങളുടെ ഭരണഘടനകളിലും മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലും ഉള്‍പ്പെടുത്തിയത് വളരെ വൈകിയാണ്; അതും സാമൂഹിക സമ്മര്‍ദങ്ങളുടെ ഫലമായി. (പഴയ) തുനീഷ്യന്‍ ഭരണഘടനയിലും ഇത് സൂചിപ്പിച്ചിട്ടേയുള്ളൂ. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയവ ഓരോ പൗരന്റെയും അവകാശമാണെന്ന നിലയില്‍ ഒരു സാമൂഹിക ബാധ്യതയായി അത് പ്രഖ്യാപിക്കുന്നില്ല. പക്ഷേ പുതുതായി രൂപം കൊടുത്ത പാശ്ചാത്യ ഭരണഘടനകളില്‍, സോഷ്യലിസ്റ്റ് നാടുകളുടെ ഭരണഘടനകളില്‍ വരെ സാമൂഹിക സുരക്ഷിതത്വം രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമായി എണ്ണിപ്പറഞ്ഞിട്ടുണ്ട്. 'തന്റെയും തന്റെ കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കുകയും ഉപജീവന മാര്‍ഗം ഉറപ്പു വരുത്തുകയും ചെയ്യുക എന്നത് ഓരോ പൗരന്നും ലഭിക്കേണ്ട അവകാശമാണ്. തൊഴിലില്ലായ്മ, രോഗം, അവശത, വൈധവ്യം, വാര്‍ധക്യം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഓരോ വ്യക്തിക്കും പരിരക്ഷ ലഭിക്കുകയും വേണം' എന്ന് ലോക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.1 പുതിയ കാലത്തുണ്ടായ ഈ പ്രഖ്യാപനങ്ങളെല്ലാം തന്നെ രാഷ്ട്രീയവും മറ്റുമായ സമ്മര്‍ദങ്ങളുടെ ഫലമാണെന്നു കാണാന്‍ കഴിയും. മനുഷ്യന് ആദരവ് നല്‍കാം എന്ന ചിന്തയില്‍നിന്നല്ല അത്തരം പ്രഖ്യാപനങ്ങളൊന്നും സംഭവിച്ചിട്ടുള്ളത് എന്നര്‍ഥം. ഇങ്ങനെ നോക്കുമ്പോള്‍, ഇതു സംബന്ധമായ ഇസ്‌ലാമിക പ്രഖ്യാപനവും അതിന്റെ പ്രയോഗവത്കരണവും കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നു കാണാന്‍ കഴിയും.

ഇസ്‌ലാമിക സമൂഹം സ്ഥാപിതമായിരിക്കുന്നതു തന്നെ സാഹോദര്യം, സമത്വം, നീതി എന്നിവയുടെ അടിസ്ഥാനത്തിലാണ്. പരസ്പര സഹായവും സഹകരണവും പരക്ഷേമ തല്‍പരതയും ഇതിന്റെ അനിവാര്യ താല്‍പര്യങ്ങളാണ്. 'വിശ്വാസികള്‍ സഹോദരന്മാര്‍ മാത്രമാണ്' എന്ന് ഖുര്‍ആന്‍ (49:10). ഒരു നബിവചനത്തില്‍ വന്നിരിക്കുന്നു: ''മുസ്‌ലിം മുസ്‌ലിമിന്റെ സഹോദരനാണ്. അവര്‍ പരസ്പരം അക്രമിക്കുകയോ അപമാനിക്കുകയോ ഇല്ല.'' ഈ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹസം എഴുതുന്നു: ''കഴിക്കാന്‍ ആഹാരമില്ലാതെ, ധരിക്കാന്‍ വസ്ത്രമില്ലാതെ ഒരാള്‍ തന്റെ സഹോദരനെ ഉപേക്ഷിക്കുന്ന പക്ഷം അയാള്‍ തന്റെ ഇസ്‌ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു.'' സാഹോദര്യം എന്നത് കേവല വികാരമല്ല, പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും ശക്തിപ്പെടുത്തലിന്റെയും ഒരു കരാറാണത്. ആ കരാറിലെ അടിസ്ഥാന പങ്കാളി എപ്പോഴും മുസ്‌ലിം സമൂഹം തന്നെയായിരിക്കും. ആ കരാറിലെ ഒന്നാമത്തെ ഇനം കുടുംബത്തിന്റെ രൂപവത്കരണമാണ്. അനന്തരാവകാശത്തിലൂടെയും വസ്വിയ്യത്തിലൂടെയും ചെലവിന് നല്‍കിയുമെല്ലാം സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അത് ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നു. ''രക്തബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു'' (ഖുര്‍ആന്‍ 8:75). പിന്നെ അയല്‍വാസികളെ പരസ്പരം ബന്ധപ്പെടുത്തുന്നു. അവരില്‍ 'ബന്ധുക്കളും ബന്ധുക്കളല്ലാത്തവരുമായ അയല്‍വാസികള്‍' (4:36) ഉള്‍പ്പെടും. 'അയല്‍വാസികളെക്കുറിച്ച് ജിബ് രീല്‍ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു, അവര്‍ക്ക് അനന്തരാവകാശം കൊടുക്കേണ്ടിവരുമോ എന്ന് പോലും ഞാന്‍ കരുതിപ്പോയി' എന്ന് പ്രവാചകനും പറഞ്ഞിട്ടുണ്ടല്ലോ. 'അയല്‍വാസി പട്ടിണി കിടക്കുകയാണെന്ന് അറിഞ്ഞിട്ടും വയര്‍ നിറച്ചുണ്ട് രാത്രി കിടക്കാന്‍ പോയവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന് മറ്റൊരു പ്രവാചക വചനം. പിന്നെ ഒരാള്‍ താമസിക്കുന്ന തെരുവിനെയും ഒടുവില്‍ സമൂഹത്തെ മൊത്തമായി തന്നെയും ബന്ധിപ്പിക്കുന്നു. നിര്‍ബന്ധ ദാനമായ സകാത്തിലൂടെയും മറ്റു ഐഛിക ദാനധര്‍മങ്ങളിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്. 'സകാത്ത് അല്ലാത്ത ബാധ്യതകളും ധനത്തില്‍ ഉണ്ട്' എന്ന് പ്രവാചകന്‍. സാമ്പത്തിക പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും നായകനായ ആ പ്രവാചക വര്യന്‍ നമ്മെ പഠിപ്പിച്ചു. ''എത്ര നല്ലവരാണ് അശ്അരി ഗോത്രക്കാര്‍! യുദ്ധത്തില്‍ അവര്‍ക്ക് സകലതും നഷ്ടപ്പെട്ടാലോ, അല്ലെങ്കില്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണം വളരെ കുറഞ്ഞുപോയാലോ, അവര്‍ തങ്ങളുടെ പക്കലുള്ള ഭക്ഷണമെല്ലാം ഒരൊറ്റ തുണിയിലാക്കി കൊണ്ടുവെക്കും. എന്നിട്ട് ഭക്ഷണം തുല്യമായി പങ്കിട്ടെടുക്കും. അറിയുക, അവര്‍ എന്നില്‍ പെട്ടവരാണ്; ഞാന്‍ അവരില്‍ പെട്ടവനും'' (ബുഖാരി, മുസ്‌ലിം). ഇവിടെ ഈ സമൂഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നബി. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമുന്നതമായ സാമൂഹികത പിന്തുടരാന്‍ തന്റെ അനുയായികളെ ഉപദേശിക്കുകയും ചെയ്യുന്നു. സാഹോദര്യം എന്ന ആശയം പ്രയോഗവത്കരിക്കാനും തന്റേത് എന്ന ചിന്ത ഇല്ലാതാക്കി ഒത്തൊരുമയോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഇതൊരു നല്ല വഴിയാണ്. 'ആര്‍ക്കെങ്കിലും അധിക വാഹനമുണ്ടെങ്കില്‍ അതവന്‍ വാഹനമില്ലാത്തവന് നല്‍കട്ടെ, ആര്‍ക്കെങ്കിലും അധിക ധനമുണ്ടെങ്കില്‍ അത് ധനമില്ലാത്തവനും നല്‍കട്ടെ' എന്ന് നബി തിരുമേനി പറയുമ്പോള്‍, അത് കേവല വര്‍ത്തമാനമല്ല, നിയമാവിഷ്‌കാരം തന്നെയായി മാറുകയാണ്. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത അബൂ സഈദില്‍ ഖുദ്‌രി പറയുന്നത്, നബിതിരുമേനി ധനത്തിന്റെ ഇനങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞപ്പോള്‍, അധിക ധനത്തില്‍ ഞങ്ങള്‍ക്ക് ഒരവകാശവും ഇല്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത് എന്നാണ് (നാം നമ്മുടെ വീടുകള്‍, വാഹനങ്ങള്‍, ഫാക്ടറികള്‍, എസ്റ്റേറ്റുകള്‍ തുടങ്ങിയവയുടെ ഒരു കണക്കെടുപ്പ് നടത്തിയാല്‍ എന്തായിരിക്കും ഫലം!).

'ആര്‍ക്കെങ്കിലും ഭൂമിയുണ്ടെങ്കില്‍ അവനതില്‍ കൃഷി ചെയ്യണം, അല്ലെങ്കില്‍ തന്റെ സഹോദരന് കൈമാറണം, അവന്‍ വിസമ്മതിക്കുന്നുവെങ്കില്‍ ഭൂമി പിടിച്ചെടുക്കണം' എന്നാണ് നബിവചനം. മൂന്ന് വര്‍ഷത്തിലധികം ഭൂമി, കൃഷി ചെയ്യാതെ ഒഴിച്ചിടാന്‍ അനുവാദമില്ല. 'ഭൂമി ഉപയോഗിക്കാതെ പിടിച്ചുവെക്കുന്നവന് മൂന്നു വര്‍ഷത്തിനു ശേഷം അതില്‍ അവകാശമില്ല' എന്നും നബി പറഞ്ഞിട്ടുണ്ട്. ഈ പ്രവാചകവചനങ്ങളുടെ ആത്മാവ് ഉള്‍ക്കൊണ്ടു തന്നെയായിരുന്നു സച്ചരിതരായ ഖലീഫമാര്‍ പ്രവര്‍ത്തിച്ചത്. ജയിച്ചടക്കിയ ഭൂമിയില്‍ വിജയികള്‍ ഫ്യൂഡലിസ്റ്റുകള്‍ ആകാതിരിക്കാന്‍ അവര്‍ക്കിടയില്‍ ഭൂമി വിഭജിച്ചുകൊടുക്കുന്നത് ഉമറുബ്‌നുല്‍ ഖത്ത്വാബ് നിര്‍ത്തലാക്കി. അന്ത്യനാള്‍ വരേക്കും അത് പൊതു ഉടമയില്‍ നിലനിര്‍ത്തുകയും ചെയ്തു.2  തന്റെ ജീവിതാന്ത്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിവരുന്നതായി ഉമറിന് തോന്നി. അവ ഉന്മൂലനം ചെയ്യാനും അദ്ദേഹം ഉറച്ചു. ഇങ്ങനെ പറയുകയും ചെയ്തു: ''എനിക്ക് പിന്നെ മനസ്സിലായ കാര്യം ആദ്യം മനസ്സിലായിരുന്നെങ്കില്‍ ഞാന്‍ ധനികരുടെ അധിക ധനം പിടിച്ചെടുക്കുകയും അത് മുഹാജിറുകളായ പാവങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്യുമായിരുന്നു.'' വിപ്ലവകാരിയായ നാലാം ഖലീഫ അലിയ്യുബ്‌നു അബീത്വാലിബിന് ദാരിദ്ര്യം എങ്ങനെ കടന്നുവരുന്നു എന്നതിനെക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അത് ധനികരുടെ തന്നിഷ്ടത്തിന്റെ സന്തതിയാണ്. അദ്ദേഹം പറഞ്ഞു: ''ദരിദ്രര്‍ പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അത് ധനികര്‍ തടഞ്ഞതുകൊണ്ടാണ്.''

ഫ്യൂഡലിസത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ റോമന്‍-പേര്‍ഷ്യന്‍ സംസ്‌കാരങ്ങള്‍, ഖുര്‍ആനും സുന്നത്തും ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെയും നീതിയുടെയും ഇസ്‌ലാമിന്റെ ആദ്യഘട്ടത്തിലെ അതിന്റെ ജീവിതാവിഷ്‌കാരങ്ങളുടെയും വിളക്കുകള്‍ക്കു മേല്‍ ഒരുപാട് പൊടിപടലം ചാര്‍ത്തിയിട്ടുണ്ട്; ജാഹിലിയ്യത്തിന്റെ പൊടിപടലങ്ങള്‍. ഫിഖ്ഹീ ചിന്തകള്‍ക്കും ഏറിയോ കുറഞ്ഞോ അളവില്‍ ആ ബാധയേറ്റു. അട്ടിപ്പേറായി കിടക്കുന്ന ഈ പൊടിപടലങ്ങളും മാലിന്യങ്ങളും തൂത്തുമാറ്റാന്‍ പരിഷ്‌കര്‍ത്താക്കള്‍ വന്നുകൊണ്ടേയിരുന്നു ഇസ്‌ലാമിക ചരിത്രത്തില്‍. വെളിച്ചം മങ്ങിപ്പോയിരുന്ന ആ വിളക്കുകളെ അവയുടെ പൂര്‍വ വിശുദ്ധിയില്‍ അവര്‍ വീണ്ടും വീണ്ടും ജ്വലിപ്പിച്ചുനിര്‍ത്തി. ആ പരിഷ്‌കര്‍ത്താക്കളില്‍ മുമ്പനത്രെ മഗ്‌രിബിലെ പണ്ഡിത വിപ്ലവകാരിയായ ഇബ്‌നുഹസം. പക്ഷേ അദ്ദേഹം പലപ്പോഴും നമുക്ക് അക്ഷര വായനയുടെ ആശാനാണ്! പക്ഷേ, അദ്ദേഹം പറഞ്ഞതു നോക്കൂ: ''ഓരോ നാട്ടിലെയും ധനികരുടെ ബാധ്യതയാണ് അവിടെയുള്ള പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുക എന്നത്. സകാത്തും മറ്റു വരുമാനങ്ങളും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മതിയായതല്ലെങ്കില്‍ പണക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തണം ഭരണകൂടം. അങ്ങനെ പാവപ്പെട്ടവരുടെ ഭക്ഷണം, ഉഷ്ണ-ശൈത്യകാലങ്ങളിലേക്കുള്ള വസ്ത്രം, മഴയില്‍നിന്നും വെയിലില്‍നിന്നും വഴിപോക്കരുടെ ദൃഷ്ടിയില്‍നിന്നും സംരക്ഷണം നല്‍കുന്ന ഭവനം എന്നിവ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇനിയൊരാള്‍ക്ക് അധിക ധനമുണ്ട്, അല്‍പ വസ്ത്രധാരിയായ തന്റെ വിശന്നൊട്ടിയ സഹോദരനെ അയാള്‍ കാണുന്നുമുണ്ട്. പക്ഷേ സഹായിക്കുന്നില്ല. തീര്‍ച്ച, അയാള്‍ക്കൊരു കരുണയുമില്ല.'' മറ്റൊരു കാര്യം കൂടി ഇബ്‌നുഹസം പറയുന്നുണ്ട്; വിശക്കുന്നവന് വിശപ്പ് എങ്ങനെയും മാറ്റാം, അത് ബലം പ്രയോഗിച്ചാണെങ്കിലും!3

മഹാനായ സലഫി പണ്ഡിതന്‍ ഇബ്‌നുതൈമിയ്യയും തന്റെ 'അല്‍ ഹസ്ബഃ ഫില്‍ ഇസ്‌ലാം' എന്ന കൃതിയില്‍ ഇതേ നിഗമനത്തില്‍ എത്തിച്ചേരുന്നുണ്ട്: ''ഒരുപറ്റമാളുകള്‍ ഒരാളുടെ വീട്ടില്‍ എത്തിപ്പെട്ടു എന്നു കരുതുക. അവര്‍ക്ക് പാര്‍ക്കാന്‍ മറ്റൊരു വീടും അവിടെയില്ല. എങ്കില്‍ ഈ ഗൃഹനാഥന്‍ തന്റെ വീട്ടില്‍ ഇവരെ പാര്‍പ്പിച്ചിരിക്കണം. തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള പുതപ്പുകളും പാചകം ചെയ്യാനുള്ള പാത്രങ്ങളും വെള്ളം പിടിച്ചുവെക്കാനുള്ള തൊട്ടിയും മഴു പോലുള്ളത് ആവശ്യമെങ്കില്‍ അതും നല്‍കണം. ഇതൊക്കെ എന്തെങ്കിലും പ്രതിഫലം പറ്റിയാണോ നല്‍കേണ്ടത് എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ട് ഹമ്പലി മദ്ഹബില്‍. ഈ ഉപകരണങ്ങളൊന്നും ഗൃഹനാഥന് അവശ്യവസ്തുക്കള്‍ അല്ലെങ്കില്‍ അവ  സൗജന്യമായിത്തന്നെ നല്‍കണം എന്നാണ് ഖുര്‍ആനും സുന്നത്തും പരിശോധിച്ചാല്‍ വ്യക്തമാവുക. ചെറിയ സഹായങ്ങള്‍ പോലും നല്‍കാന്‍ മടിക്കുന്നവരെ ഖുര്‍ആന്‍ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചിട്ടുണ്ടല്ലോ (അല്‍മാഊന്‍ അധ്യായം).''

ഇസ്‌ലാമിന്റെ സാമൂഹിക സുരക്ഷാ പദ്ധതി കടബാധിതരെയും സംരക്ഷിക്കും. അവരുടെ കടങ്ങള്‍ വീട്ടും. അടിമകളുണ്ടെങ്കില്‍ അവരെ സ്വതന്ത്രരാക്കും. സ്വന്തം നാട്ടില്‍ എത്ര സ്വത്തുണ്ടെങ്കിലും അന്യദേശത്ത് കുടുങ്ങിപ്പോയ വഴിയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കും. ആരോരുമില്ലാത്ത കുട്ടികള്‍ക്ക് സംരക്ഷണകവചമൊരുക്കുമെന്നതും ഇസ്‌ലാമിന്റെ പ്രത്യേകതയാണ്. സഹായിക്കാനാരുമില്ലാത്തവരുടെ വിവാഹം നടത്തിക്കൊടുക്കാനുള്ള സംവിധാനമൊരുക്കും. ആവശ്യക്കാര്‍ക്ക് ധാന്യപ്പൊടികളും കാരക്കയും എണ്ണയുമെല്ലാം ലഭിക്കുന്ന ഡിപ്പോ തുറന്നിരുന്നു രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്.
ഈ ചെറു വിവരണത്തില്‍നിന്ന് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹിക സുരക്ഷയുടെ ആഴവും വ്യാപ്തിയും വ്യക്തമാണല്ലോ. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലക്ക് ഓരോ മനുഷ്യന്നും ലഭിക്കേണ്ട ആദരവുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷക്ക് ഇസ്‌ലാം ഒരുക്കിയിരിക്കുന്ന സ്ഥാപനങ്ങളും നിരവധിയാണ്. കുടുംബം, അയല്‍പക്കം, തെരുവ്, കുലം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ. രാഷ്ട്രവുമായുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും ബന്ധവും ഇവിടെ തെളിഞ്ഞുവരും. അടിമവൃത്തി സര്‍വലോക സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിനു മാത്രം എന്ന സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്ന ഇസ്‌ലാം, എല്ലാം രാഷ്ട്രത്തിന്റെ കൈപ്പിടിയിലൊതുങ്ങുകയും വ്യക്തിയും സമൂഹവും ദുര്‍ബലമാവുകയും ചെയ്യുന്ന അവസ്ഥ അംഗീകരിക്കുകയില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും ഭാഗധേയം അത് രാഷ്ട്രവുമായി കൂട്ടിക്കെട്ടുന്നില്ല. രാഷ്ട്രത്തില്‍ കഴിയുന്നത്ര സ്വതന്ത്രമായി വ്യക്തിയും സമൂഹവും നിലകൊള്ളണമെന്നു തന്നെയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അതുകൊാണ് അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്താതെ സ്വതന്ത്ര ജനകീയ സംവിധാനങ്ങള്‍ ധാരാളമായി കൊണ്ടുവരുന്നത്. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നടത്തുന്നത് ജനകീയ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും. വഖ്ഫുകള്‍ ഈ രീതിയിലാണ് വിനിയോഗിക്കപ്പെടുക. വ്യക്തിയെയും സമൂഹത്തെയും വലിയ തോതില്‍ സ്വതന്ത്രരാക്കിനിര്‍ത്താന്‍ ഈ സാമൂഹിക സ്ഥാപനങ്ങള്‍ക്ക് കഴിയും. മുസ്‌ലിം നാടുകളിലെത്തിയ പാശ്ചാത്യ ശക്തികള്‍ ആദ്യമായി ചെയ്തത് ഈ  ജനകീയ സ്ഥാപനങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെ തകര്‍ക്കുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയ 'നവ കൊളോണിയലിസ്റ്റുകള്‍' ഈ കടന്നാക്രമണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇത്തരം സകല ജനകീയ സ്ഥാപനങ്ങളെയും അവര്‍ തങ്ങളുടെ ചൊല്‍പ്പടിയിലാക്കി. ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തായി ഈ സ്ഥാപനങ്ങളുടെ ഭാവിയും ഭാഗധേയവും. ഭരണാധികാരി നന്നെങ്കില്‍ ഈ സ്ഥാപനങ്ങളും നന്നാവും. അവര്‍ക്കുള്ള സകല രോഗങ്ങളും ഈ സ്ഥാപനങ്ങളെയും ബാധിക്കും. 'സിവില്‍ സമൂഹം' എന്നൊക്കെപ്പറഞ്ഞുകൊണ്ടാണ് ജനകീയ സ്ഥാപനങ്ങളുടെ ഈ കൈയേറ്റത്തെ അവര്‍ മറച്ചുപിടിക്കുക.
ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താനാണ് ഇസ്‌ലാം ശ്രമിക്കുക. പണമോ അധികാരമോ രാഷ്ട്രത്തിന്റെയോ ചില വ്യക്തികളുടെയോ കൈകളില്‍ പരിമിതപ്പെട്ടുപോകുന്നതിനെ അത് ചെറുക്കുന്നു. അതിലൊക്കെയും പരമാവധി പേര്‍ക്ക് പങ്കാളിത്തം നല്‍കാന്‍ യത്‌നിക്കും. എങ്കിലേ രാഷ്ട്രത്തിന്റെ അധികാരപ്രയോഗം ചുരുക്കിക്കൊണ്ടു വരാനാവൂ.  'ആശ്രയമില്ലാത്തവന്റെ ആശ്രയമാണ് ഞാന്‍' എന്ന് പ്രവാചകന്‍ പറഞ്ഞത് ഈ അര്‍ഥത്തില്‍ മനസ്സിലാക്കണം. അതായത് മേല്‍പറഞ്ഞ തരത്തിലുള്ള സാമൂഹിക സന്തുലനം തകരുമ്പോള്‍ താന്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സംരക്ഷകനാകും എന്നര്‍ഥം.


കുറിപ്പുകള്‍
1. മുഹമ്മദ് ഫത്ഹി ഉസ്മാന്‍-ഉസ്വൂലുല്‍ ഫിക്‌രില്‍ ഇസ്‌ലാമി, പേജ് 294
2. അബൂഉബൈദ -കിതാബുല്‍ അംവാല്‍, യഅ്ഖൂബുബ്‌നു ഇബ്‌റാഹീം അബൂയൂസുഫ്- കിതാബുല്‍ ഖറാജ് എന്നീ കൃതികള്‍ കാണുക.
3. ഇബ്‌നുഹസം എഴുതുന്നു: ''ഒരാള്‍ ദാഹിച്ചു വലഞ്ഞു. മരിച്ചുപോകുമെന്ന് അയാള്‍ പേടിക്കുന്നുണ്ട്. എങ്കില്‍ എവിടെയാണോ വെള്ളമുള്ളത് അവിടെ നിന്നൊക്കെ അയാള്‍ക്കത് എടുക്കാം; അത് ഏറ്റുമുട്ടിയിട്ടാണെങ്കിലും ശരി. തന്റെ കൂട്ടുകാരന്റെ കൈയില്‍ അധിക ധനമുണ്ടെങ്കില്‍ ഒരു മുസ്‌ലിമും നിര്‍ബന്ധിതാവസ്ഥയില്‍ ശവമോ പന്നിയിറച്ചിയോ തിന്നുന്നത് ഹലാല്‍ ആവുകയില്ല. കാരണം ഭക്ഷണം കൈവശമുള്ളവന്റെ ബാധ്യതയാണ് വിശക്കുന്നവനെ ഊട്ടുക എന്നത്. അങ്ങനെയെങ്കില്‍ ശവമോ പന്നിയിറച്ചിയോ തിന്നേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാവുകയില്ലല്ലോ. ഇതിനു വേണ്ടി ഇല്ലാത്തവന് ഉള്ളവനുമായി ഏറ്റുമുട്ടാം. ഏറ്റുമുട്ടലില്‍ വിശന്നവനാണ് മരിച്ചതെങ്കില്‍ ഭക്ഷണം കൈവെച്ചിരുന്നവനോട് പ്രതിക്രിയ ചെയ്യണം. കൊല്ലപ്പെട്ടത് ഭക്ഷണം തടഞ്ഞവനാണെങ്കില്‍, അയാള്‍ക്ക് ദൈവശാപം ഉണ്ടാകട്ടെ! കാരണം അയാള്‍ അവകാശം തടഞ്ഞ അക്രമിയാണ്. അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ; 'ഇനി അവരിലൊരു വിഭാഗം മറ്റേ വിഭാഗത്തിനെതിരെ അതിക്രമം കാണിച്ചാല്‍, അക്രമം കാണിച്ചവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങും വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക' (അല്‍ഹുജുറാത്ത് 9). തന്റെ സഹോദരനുള്ള അവകാശം തടഞ്ഞുവെച്ചവന്‍ അതിക്രമി തന്നെയാണ്'' (ഇബ്‌നുഹസമിന്റെ 'മുഹല്ല').

Comments

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

മരിച്ചവരെ അപമാനിക്കരുത്
സുബൈര്‍ കുന്ദമംഗലം